ഗുരു എന്ന സങ്കല്പത്തിന് ഒരുപര്യായമായി ടി. ജി. പുരുഷോത്തമന്‍ നായര്‍ സാര്‍ അവതരിച്ചത് പ്രീഡിഗ്രീ ക്ലാസ്സിലായിരുന്നു. ആവലാതികളെയും പരിദേവനെങ്ങളെയും കണക്കിലെടുത്ത് എല്ലാവരെയും ഒരു ചിരിമുഖവും സൗമ്യവചനങ്ങളും കൊണ്ട് ആശ്വസിപ്പിച്ച് സാറിന്റെ ക്ളാസ്സ് മുന്നേറി. പ്രത്യേകിച്ചും മലയാളം മീഡിയത്തില്‍ പത്താം ക്ലാസ്സ് വരെ പഠിച്ച എന്നെ പ്പോലുള്ളവര്‍ക്ക് സാറിന്റെ ക്ലാസ്സ് വലിയൊരു ആശ്വാസമായിരുന്നു 1981-83 കാലത്തെ പ്രീഡിഗ്രീ ക്ലാസ്സില്‍. പിന്നെ മലയാള്ം ഐഛിക വിഷയമായി എം എയ്ക്കുചേരുമ്പോള്‍ സാറിന്റെ വ്യത്യസ്തമായ മുഖം ദൃശ്യമായി. പൗരസ്ത്യകാവ്യമീമാംസയായിരുന്നു സാര്‍ എടുത്തത്. ആ ക്ലാസിന്റെ ഗൗരവം മനസ്സിലായത് സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എമ്ഫിലിനു ചേര്‍ന്നപ്പോളായിരുന്നു. ഡോ. ടി. ഭാസ്കരന്റെ പൗരഷ്ട്യ കാവ്യമീമാംസ എന്ന പുസ്തകം അടിസ്ഥാനമാക്കി സാര്‍ പിജി ക്ലാസ്സില്‍ പഠിപ്പിച്ചതിനപ്പുറത്തൊന്നും, ആ തലത്തില്‍പ്പോലും എംഫിലിന് ഇംഗ്ലീഷ് വിദ്യാര്‍ഥികളടക്കമുള്ള ആ ക്ലാസ്സില്‍ നിന്നു ലഭിച്ചില്ല. അതായിരുന്നു സദാ വെറുമൊരു മലയാളം മുന്‍ഷി സ്റ്റൈലില്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് സ്വതേ ലളിതനായി പ്രത്യക്ഷപ്പെടുന്ന സാറിന്റെ മഹത്വം.
മലയാളം എംഎ ആദ്യക്ലാസ്സുകളിലൊന്നില്‍ ടിജിപി സാര്‍ പൗരസ്ത്യ കാവ്യമീമാംസ അവതരിപ്പിച്ചുകൊണ്ട് ചോദിച്ച ആദ്യചോദ്യങ്ങളിലൊന്ന് പ്രസിദ്ധമായ രഘുവംശതുടക്കശ്ലോകമായ വാഗര്‍ഥാവിവ സംപൃക്തൗ എന്നതിന്റെ വിഭ്ക്തിപ്രത്യേകതകളായിരുന്നു എന്നതും ഓര്‍ക്കാതെ വയ്യ. കുട്ടികൃഷ്ണമാരാരുടെ രഘുവംശ വ്യാഖ്യാനം കണ്ടിരുന്ന എന്റെ ഉത്തരത്തെ സാര്‍ നേരിട്ട ചിരി മറക്കാനാവില്ല. വാഗര്‍ഥാവിവ എന്ന പ്രയോഗത്തിന്റെ അര്‍ഥമായിരുന്നു സാര്‍ ചോദിച്ചത്. വിഗ്രഹിച്ചപ്പോള്‍ എനിക്കു പിഴച്ചു. വാഗര്‍ഥൗ ഇവ എന്ന് സാര്‍ ക്ലാസ്സിനാകെ മനസ്സിലാക്കിക്കൊണ്ട് സംസ്കൃതം ക്ലാസ്സില്‍ മനസ്സിലാവുന്നതരത്തില്‍ വാഗര്‍ഥൗ ഇവ എന്ന ദ്വിതീയ വിഭക്തിയുടെ സംസ്കൃതഭാഷയിലെ പ്രയോഗ സാധുതകകള്‍ വ്യക്തമാക്കിത്തന്നു. ജോലികിട്ടിയിട്ടും സാര്‍ പലരൂപങ്ങളില്‍ മുന്പില്‍ത്തന്നെയുണ്ടായിരുന്നു. റിട്ടയര്‍ ചെയ്തശേഷം തോട്ടയ്ക്കാട് ബി എഡ് സെന്ററിന്റെ പ്രിന്സിപ്പ്ലായി മാരിയ സാര്‍ സര്‍വകലാശാലയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. സ്ഥിരം കാണുന്ന എന്നെ ഒരു പ്രീഡിഗ്രീ വിദ്യാര്ഥിയെന്ന നിലയില്‍ നല്കിയ സ്നേഹമയമായ പരിഗണനയോടെ വാത്സല്യത്തോടെ കണ്ടു. ഗുരുചൈതന്യത്തെ അതേ തീക്ഷ്ണതയോടെ അംഗീകരികുവാനും അതറിഞ്ഞു ബഹുമാനിക്കുവാനും കഴിഞ്ഞിട്ടുണ്ടോ എന്ന സന്ദിഗ്ധതയേ ഞാന്‍ നേരിട്ടിട്ടുള്ളു. ഇന്നും. എന്നോ ഒരിക്കല്‍ ആ മനോഭാവത്തോടെ കുറിച്ചിട്ട വരികള്‍ ഇന്നും പഴയ കടലാസുകെട്ടുകള്‍ക്കിടയില്‍ വിശ്രമിക്കുന്നുണ്ടാവണം.
ഗുരവേ നമഃ!
ടിജിപി സാറിന് ഹൃദയം കവിഞ്ഞ ആദരാജ്ഞലികള്‍ കുറിക്കാന്‍ മാത്രമേ എനിക്കാവതുള്ളു.
ഗുരു എന്ന പദത്തിന്റെ ഗൗരവും അതിന്റെ സൗഹൃദാത്മകമായ തലവും ഗുരുവില്‍ നിന്നു ലഭികുന്ന വാത്സല്യവും എന്നെന്നും കരുതിയ, ആവോളം അനുഗ്രഹിച്ചരുളിയ ആ മഹദ് വ്യക്തിത്വത്തിന്റെ സദാപ്രസന്നമായ ലാളിത്യത്തെ എക്കാലവും ഹൃദയത്തില്‍ കരുതിക്കൊണ്ട്.......................
മറക്കാനാവില്ല, അങ്ങയെ ഒരിക്കലും!!!!!