Sunday, September 02, 2012

ഭൂതജാലകം

മക്കളുമൊത്ത് തൃക്കക്കുടിയില്‍ ചെന്നത് ഇന്നലെ. തെളിഞ്ഞു നില്ക്കുന്ന അന്തരീക്ഷമായിരുന്നു രാവിലെ. എങ്കിലും പുത്തന്‍കൂറ്റു മഴയുടെ ചടുലഗതികള്‍ നിര്‍വചിക്കാന്‍ കെല്പില്ലാത്തതിനാല്‍ എത്രയും വേഗം കുറെ ചിത്രങ്ങളുമെടുത്ത് സ്ഥലം വിടാനായിരുന്നു ഉദ്ദേശം. ചെന്നയുടനെ തന്നെ കുറെ ചിത്രങ്ങളെടുത്തു.ഭൂതങ്ങള്‍ ആയുധമുപേക്ഷിച്ചതെന്നു പറയപ്പെടുന്ന ചെറുകുളത്തിന്റെ പടമെടുത്തുകൊണ്ടിരിക്കുമ്പോളാണ് മകന്‍ അത്ഭുതത്തോടെ പറഞ്ഞത്, ഒരിളക്കവുമില്ലല്ലോ ഈ വെള്ളത്തിന്. ശരിയാണ്, ഞാനിത്രയും കാലം അതു ശ്രദ്ധിച്ചിട്ടില്ലെന്നു മാത്രം. ചേരുമരത്തിന്റെയും അരയാലിലകളുടെയും കനത്ത പച്ചമറകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെയിലും നീലാകാശത്തിന്റെ നേര്‍ത്ത തുണ്ടും പ്രതിഫലിക്കുന്ന തെളിജലത്തിനെ അടിത്തട്ടിലെ ചവറ്റിലകളും കൂടിച്ചേര്‍ന്ന് വിചിത്രമായ ഒരു ദൃശ്യമാക്കുന്നു. ഈ കുളത്തില്‍ നല്ല മഴക്കാലത്തു മാത്രമേ വെള്ളം കാണൂ; അതും മുട്ടറ്റം. കുട്ടിക്കാലത്ത് തൃക്കക്കുടിയിലേക്കു പോകുന്നതിന് അനുവാദം ചോദിച്ചാല്‍ കുളത്തിലെങ്ങും ഇറങ്ങിയേക്കരുത് എന്നൊരു ശാസനയോടെയേവിടുമായിരുന്നുള്ളു. കാരണം കുളത്തിലിറങ്ങുന്നവരെ ഭൂതങ്ങള്‍ പിടിച്ചു താഴ്ത്തിക്കളയും. എങ്കിലും ആറാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോള്‍ സേവനവാരത്തില്‍ കിട്ടിയസ്വാതന്ത്ര്യമുപയോഗിച്ച് കൂട്ടുകാരുമൊത്ത് ഗുഹകാണാന്‍ പോയപ്പോള്‍ അതിലിറങ്ങിനോക്കി. അന്ന് കുളത്തില്‍ മരുന്നിനുപോലും വെള്ളമുണ്ടായിരുന്നില്ല. കരിയിലകള്‍ നിറഞ കുളത്തിലൂടെ നടന്ന് അങ്ങേപ്പാറയിലേക്കു കയറിക്കൂടും വരെയും ഭയമായിരുന്നു. പക്ഷേ ഭൂതങ്ങള്‍ അന്നാരെയും പിടിച്ചു താഴ്ത്തിയതുമില്ല.
പിന്നെത്രയോ തവണ അതിലെയിറങ്ങിക്കയറി. അന്നൊക്കെ പാറയുടെ മുകളിലെത്താന്‍ രണ്ടുമാര്‍ഗങ്ങളേ ഉണ്ടായിരുന്നുള്ളു. ഒന്ന് നേരെ പടിഞ്ഞാരുവശത്തുകൂടി നടന്ന് തോട് ചാടിക്കടന്ന് കണ്ടത്തിന്റെയിറമ്പിലൂടെ വടക്കേപ്പാറയുടെ മുകളിലേക്കു കയാറാം. രണ്ടാമത്തേത് ഒന്നുകില്‍ കുളത്തിന്റെ ഇറമ്പിലൂടെ നടുക്കത്തെ പരച്ചരിവില്‍ അള്ളിപ്പിടിച്ച് കയറിയോ കുളത്തിലിറങ്ങിക്കയറിയോ കിഴക്കുവശത്തേക്ക് എത്താം. അവിടെനിന്ന് മൂന്നു പാറകളുടെയും മുകളിലെത്താം. എളുപ്പ വഴി അതായിരുന്നു എങ്കിലും അതിത്തിരി സാഹസികമായിരുന്നു എന്നു മാത്രം. ഇപ്പോളേതായാലും പടിഞാറുവശത്തുകൂടിയുള്ള വഴി അടഞ്ഞ മട്ടാണ്. പാറയുടെ പടിഞ്ഞാറു വശത്ത് അനവധി വീടുകളും വേല്കളും പൊട്ടിമുളച്ചിരിക്കുന്നു. എന്നാല്‍ തെക്കു വശത്തായി പുതുതായി ഒരു വഴി രൂപപ്പെട്ടിട്ടുണ്ട്. അതിലെ പോയാല്‍ തെക്കുവശത്തെ പാറപ്പുറത്തേക്ക് കയറാനാവും.
എത്രമാത്രം മാറ്റങ്ങളാണ് തൃക്കക്കുടിക്കുണ്ടായിരിക്കുന്നത്? ഗുഹ കൂടുതല്‍ ജീര്‍ണ്ണമായിരിക്കുന്നു. ശിവലിംഗത്തിനു മുന്പില്‍ വിളക്കുകള്‍ പെരുകിയിരിക്കുന്നു. എപ്പോള്‍ ചെന്നാലും അവിടെയുമിവിടെയുമായി ആരെങ്കിലും പണം കാണീക്ക വച്ചിരിക്കുന്നതു കാണാം. പുരാവസ്തു വകുപ്പ് പണ്ടെങ്ങോ വച്ച ബോര്‍ഡു തന്നെ ഗുഹയെക്കാളേറെ പഴക്കം തോന്നിക്കുന്നതായിരിക്കുന്നു. പാറകള്‍ക്കു ചുറ്റുമുള്ള പ്രദേശത്തിന്റെ പരണാമം പക്ഷേ നേരെ എതിര്‍ദിശയിലാണ്. എഴുമ്പുല്ലുകള്‍ നിറഞ്ഞ കാടുകള്‍ ഇപ്പോളില്ല. മുണ്ടകപ്പാടം തരിശുകിടക്കുന്നു. ചുറ്റുപാടും വീടുകള്‍ പെരുകി. പാറയും അതിന്റെ പരിസരവും ചുരുങ്ങി. ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു.

ഗുഹാക്ഷേത്രത്തിന്റെയും അതിലെ ശില്പങ്ങളുടെയും അവസ്ഥയാണ് കഷ്ടം. ആയിരത്തി ഇരുനൂറുവര്‍ഷത്തിലേറെ പഴക്കമുള്ള, കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മനുഷ്യനിര്‍മിതശിലാഗുഹയാണ് തൃക്കക്കുടി.  പല്ലവശില്പശൈലി എന്ന് ഏതാണ്ടെല്ലാ ചരിത്രകാരന്മാരും സമ്മതിക്കുന്ന രീതിയില്‍ പണിതിട്ടുള്ള ഗര്‍ഭഗൃഹവും അര്‍ദ്ധമണ്ഡപവും ഉള്ള ഗുഹാക്ഷേത്രം. ഗര്‍ഭഗൃഹത്തില്‍ ഒരു കാലത്തും നിരന്തരമായി പൂജിക്കപ്പെടാത്ത വലിയ ശിവലിംഗം. അര്‍ദ്ധമണ്ഡപത്തില്‍ നാലു ശില്പങ്ങള്‍. ഗര്‍ഭഗൃഹ വാതിലിനിരുവശത്തുമായി രണ്ടു ദ്വാരപാലകരും കിഴക്കേ ചുവരില്‍ ഗണപതിയും പടിഞ്ഞാറേ ചുവരില്‍ കമണ്ഡലം ഏന്തിയ ഒരു മഹര്‍ഷിയും. ഗര്‍ഭഗൃഹവാതിലിന്റെ പടിഞാരുവശത്തുള്ള നിരായുധനായി കൈകെട്ടി നില്ക്കുന്ന ഗംഭീരനായ ദ്വാരപാലകന്‍ ദക്ഷിണേന്ത്യന്‍ ശില്പകലയുടെ പ്രതീകമാണെന്ന് കൃഷ്ണചൈതന്യ വാഴ്തിയിട്ടുണ്ട്. പന്ത്രണ്ടിലേരെ നൂറ്റാണ്ടുകള്‍ വെയിലും മഴയും തരണം ചെയ്ത തൃക്കക്കുടിയിലെ ശില്പങ്ങള്‍ കഴിഞ്ഞ പത്തു മുപ്പതു വര്‍ഷം കൊണ്ട് പെട്ടെന്നു കൂടുതല്‍ വികൃതമായി. ഗുഹാപാര്‍ശ്വത്തിലെവിടെയോ ഉള്ള വിള്ളലിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളം ഗണപതി ശില്പത്തിനെ വികലമാക്കിക്കഴിഞ്ഞു. മറ്റുമൂന്നു ശില്പങ്ങള്‍ ഞാന്‍ കാണുമ്പോഴൊക്കെ പറയത്തക്ക കേടുപാടില്ലാത്തവയായിരുന്നു. എന്നാല്‍ ഇത്തവണ കണ്ടപ്പോള്‍ അവയിലാകമാനം ചന്ദനവും കുങ്കുമവും ചാര്‍ത്തി വികൃതമാക്കിയിരിക്കുന്നു. ആരോ ദിവസവും വിളക്കുമ് സാമ്പ്രാണിയുമൊക്കെ കൊളുത്തുന്നുണ്ടെന്നു തോന്നുന്നു. ചന്ദനം ചാര്‍ത്തലും അവരുടെ വകതന്നെയാണോ ആവോ?
ക്ഷേത്രങ്ങളെ ശില്പാലങ്കൃതമാക്കിയ പൂര്‍വികര്‍ക്ക് എന്തു ധാരണയുണ്ടായിരുന്നോ അതാണ് നാം ആദ്യം ഉപേക്ഷിച്ചതെന്നു തോന്നുന്നു. അതോ അന്നത്തെയാള്‍ക്കാര്‍ക്ക് ഭക്തിയില്ലായിരുന്നോ???
 എന്താണു ഭക്തി?  ഈശ്വരന്‍ സൗന്ദര്യസ്വരൂപനാണെങ്കില്‍ ഭക്തി സൗന്ദ്ര്യാരാധനയല്ലേ. അതൊകൊണ്ടല്ലേ, ക്ഷേത്രങ്ങള്‍ ശില്പപൂര്ണ്ണങ്ങളായത്. ഇന്ന് മാധ്യമങ്ങളും ആധ്യാത്മികവ്യാപാരികളും ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത നവീന ഭക്തിയുടെ നിര്‍വചനത്തില്‍ സൗന്ദര്യാത്മകത ബോധപൂര്‍വം തമസ്കരിക്കപ്പെട്ടിരിക്കുന്നു എന്നു സാരം. ഏതെങ്കിലും ഒരു രൂപം കണ്ടാല്‍ അതിലെല്ലാം ചന്ദനവും കുങ്കുമവും ദിവ്യമെന്നു കരുതുന്ന മറ്റുപലതും വാരിപ്പൂശിയാല്‍ അതൊരു പുണ്യകര്‍മമാവും.


പക്ഷേ തൃക്കക്കുടി! ഇത് പ്രാഥമികമായും ഒരു പുരാവസ്തുസ്മാരകമാണ്. അത് ഒരു കാലഘട്ടത്തിന്റെ ശില്പ സംസ്കൃതിയുടെ പ്രതീകമാണ്.  തൃക്കക്കുടിയുടെ ഉടമ്സ്ഥാവകാശത്തെച്ചൊല്ലി റെവന്യൂ, ദേവസ്വം പുരാവസ്തു വകുപ്പുകള്‍ ചിലപ്പോള്‍ തര്‍ക്കിക്കാറുണ്ടത്രേ. പക്ഷേ ആരെങ്കിലും അതു സംരക്ഷിക്കാന്‍ തുനിഞ്ഞങ്ങിറങ്ങിയിരുന്നെങ്കില്‍. അല്ലെങ്കില്‍ ഒരു വശത്തുനിന്ന് വസ്തുക്കയ്യേറ്റവും മടൊരു വശത്തുനിന്ന് സാമൂഹ്യവിരുദ്ധരും വേറെയെവിടെയെങ്കിലും നിന്ന് പുത്തന്‍ ആരാധകരും കൂടി ഈ ചരിത്രഭൂമിയെ തുണ്ടുതുണ്ടായി പകുത്തെടുക്കും. പിന്നെയിവിടെ ഈ ഭീമന്‍ പാറ് പോലും അവശേഷിച്ചെന്നുമിരിക്കില്ല.