കണ്ണുകൂര്‍പ്പിച്ചുറ്റുനോക്കുന്നു
നീയെന്റെ-
കണ്ണിലേക്കീമരച്ചോട്ടിലിരിക്കവേ
മിണ്ടുന്നതില്ലൊന്നുമീനോട്ടമലാതെ
പുല്കുന്നതില്ലൊന്നുമീമൗനമല്ലാതെ.
ഏറുന്നു
നേരം, പടിഞ്ഞാട്ടുസൂര്യനും
നീരവയാമൊരീ
സന്ധ്യയും പോവുന്നു.
എന്നിട്ടുമെന്റെ
കരളിലേക്കുറ്റുറ്റു
നോക്കിയിരിക്കുകയാണു
നീയിപ്പൊഴും
ചൊല്ലുവനുണ്ടേറെത്തങ്ങളില്‍തങ്ങളില്‍
പങ്കിട്ടിടാനുണ്ടു വര്‍ണ്ണക്കിനാവുകള്‍
നീലത്തിരകളിളക്കിക്കഥകളൊ-
രായിരം ചൊല്ലുന്നു നിന്നുടെ കണ്ണുകള്‍
കൃഷ്ണമണിത്തിരശീലനീക്കിക്കിനാ-
വെട്ടമെന്‍കണ്ണിലേക്കിറ്റിറങ്ങീടുന്നു.
നീതിരക്കൊള്ളുന്ന ശബ്ദമേകേള്‍പ്പുഞാന്‍
നിന്റെകിരണങ്ങള്‍ മാത്രമായ് കാണുന്നു.
നേരമിരുളുന്നു രാവിന്‍ നഖം നീണ്ടു
ചോരയൂറ്റുംമുമ്പുനമ്മള്‍ക്കുപോയിടാം.
ചൊല്ലിയതില്ല നാമൊന്നുമിന്നെങ്കിലും
ചൊല്ലിക്കഴിഞ്ഞു നാമേറെ മിഴികളാല്‍
പങ്കിട്ടതില്ല നാമൊന്നുമിന്നെങ്കിലും
പങ്കിട്ടു നമ്മുടെ വിങ്ങും കരളുകള്‍.
ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയഞ്ചിലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ ആദ്യമായി ഒരു കവിത അച്ചടിച്ചു വന്നത്. ' കറുത്തപക്ഷിയെത്തേടി' എന്നായിരുന്നു പേര്. അതുകഴിഞ്ഞതോടെ നിരന്തരം കവിതകള്‍ ബാലപ്ംക്തിയിലേക്കയക്കാന്‍ തുടങ്ങി. കുട്ടേട്ടന്റെ നിര്‍ദ്ദേശങ്ങളോടെ കവിത താമസിയാതെ മടങ്ങി വരും. കവിതയിലെ ചെറിയ കുറവുകളെയും കുറ്റങ്ങളെയും പോലും ചൂണ്ടിക്കാട്ടി തിരുത്തുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടായിരിക്കും ആ കുനുകുനുത്ത അക്ഷരത്തിലുള്ള കുറിപ്പ്. അങ്ങനെ കുട്ടേട്ടന്‍ തിരിച്ചയച്ച ഒരു കവിതയാണിത്. 17-10-86 ആണു തീയതി കുറിച്ചിരിക്കുന്നതെന്നു തോന്നുന്നു.
കുട്ടേട്ടന്റെ കുറിപ്പുകള്‍ എഴുത്തിന്റെ രീതിയെയും ഭാഷാ ശൈലിയെയും എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നായിരുന്നു, ഈയിടെ പഴയകടലാസുകളും പ്രസിദ്ധീകരണങ്ങളും അടുക്കിപ്പെറുക്കുന്നതിനിടയില്‍ ഈ കവിത ലഭിച്ചപ്പോള്‍ ആദ്യം തോന്നിയ അത്ഭുതം. ചില കവിതകളാവട്ടെ ഇന്നയിന്ന ഭാഗങ്ങള്‍ തിരുത്തി തിരിച്ചയക്കുക എന്നായിരിക്കും കുറിപ്പ്. അങ്ങനെ തിരിച്ചയച്ചാലും അതില്‍ വേറെയെന്തെങ്കിലും ഒരു തിരുത്തല്‍ നിര്‍ദ്ദേശിച്ച് വീണ്ടും തിരിച്ചയക്കും. അങ്ങനെ നാലോ അഞ്ചോതവണ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച്, രൂപവും ഭാവം തന്നെയും പാടേ മാറിപ്പോയ കവിതകളും ഒന്നുരണ്ടെണ്ണമുണ്ട്.
പഴയകടലാസുകൂട്ടത്തില്‍ നിന്നു കിട്ടിയ ഈ കവിതയില്‍ കുട്ടേട്ടന്‍ നിര്‍ദ്ദേശിച്ച ഭാഗങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ഠ്. മാറ്റം വരുത്തിയത്, ഇപ്പോളാണെന്നു മാത്രം. കൗമാരത്തില്‍ നിന്നും യൗവനത്തിലേക്കു കടക്കുന്ന കാലത്ത് എഴുതിയത് എന്നതിലേറെ ഇതിന് എടുത്തുപറയാവുന്ന ഗുണങ്ങളൊന്നുമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ പുരാവസ്തുകൗതുകം ഒന്നുകൊണ്ടുമാത്രം ഇതിവിടെ ചേര്‍ക്കുന്നു.
No comments:
Post a Comment