Thursday, October 30, 2014

അവിചാരിതം

ഒരു സാധാരണ പ്രവൃത്തിദിവസത്തിന്റെ ചായപ്പാച്ചിലിനിടയില്‍ അടുത്തൊരു സെക്‍ഷന്റെ ഉള്ളില്‍ നില്ക്കുന്ന ഒരു മുഖം ഏതോ പഴയ മുഖത്തിന്റെ ച്ഛായ പേറുന്നില്ലേ എന്നു തോന്നി. പണ്ടു കണ്ടു മറന്നതിനോട് വളരെയധികം സാമ്യം തോന്നുന്ന മുഖമാകയാല്‍ അതവളല്ല എന്ന് അതേ നിമിഷം തന്നെ മനസ്സില്‍ കുറിക്കുകയും ചെയ്തു. ഇരുപത്തിയാറു വര്‍ഷം കടന്നു പോയതിന്റെ മാറ്റങ്ങള്‍ അതിലേതായാലും വായിച്ചെടുക്കാനായില്ല. എങ്കിലും ശക്തമായ ആ സാമ്യം കാരണം ചായകഴിഞ്ഞു തിരിച്ചുവരുമ്പോള്‍ ആ സെക്‍ഷനിലെ സുഹൃത്ത് ആന്റണിയോട് ആ വന്നുപോയ സ്ത്രീയുടെ പേരെന്താണെന്നു തിരക്കി. ബീന എന്നു പറഞ്ഞതോടെ, ആള്‍ അതുതന്നെയാണെന്ന് ഏതാണ്ട് ഉറപ്പിച്ചു. അക്കാലത്തിന്റെ പ്രതിനിധികളില്‍ ഏറ്റവും ഏറെ കാണലും വിളിക്കലുമുള്ള ഇന്ദുവിനോട് അന്നേരം തന്നെ വിളിച്ചുപറഞ്ഞു, നമ്മുടെ കൂടെ പഠിച്ച ഒരു സ്ത്രീ ഈ പരിസരത്തൊക്കെ കറങ്ങി നടക്കുന്നതായി തോന്നി. ബീനയ്ക്കു മാറ്റമൊന്നും കാര്യമായില്ല എന്നത് ഇന്ദുവിനെ അത്ഭുതപ്പെടുത്തിയില്ല. ഇടയ്ക്കെപ്പോഴോ, അവര്‍തമ്മില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടുപോലും. ആള്‍ ബീനതന്നെ എന്ന് ഏതാണ്ട് ഉറപ്പായതിനാല്‍ ഇനി വരുമ്പോള്‍ ( തൊട്ടടുത്ത ദിവസം തന്നെ അവള്‍ക്ക് വന്നേ കഴിയൂ  എന്ന് ആന്റണി പറഞ്ഞിരുന്നു) ചെന്ന് പരിചയപ്പെടാം എന്ന് ഇന്ദുവിനോട് പറഞ്ഞു.

അവിടം കൊണ്ടവസാനിച്ചില്ല അന്നത്തെ പുകില്‍. ഉണ്ണാനായി പുറത്തിറങ്ങിയപ്പോളാണ് സതീശ് എന്ന സുഹൃത്തിനെ കണ്ടത്. ജോലിയില്‍ പ്രവേശിച്ച സമയത്ത് പരിചയപ്പെടാന്‍ വന്ന സീനിയേഴ്സില്‍ ഒരാളാണദ്ദേഹം. ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളേജ്, എം. എ. മലയാളം എന്നൊക്കെ കേട്ടപ്പോള്‍ അന്ന് അദ്ദേഹം ചോദിച്ചു, എന്റെയൊരു ബന്ധു കഴിഞ്ഞകൊല്ലം എന്‍ എസ് എസില്‍ മലയാളം എമ്മേയ്ക്കു പഠിക്കുന്നുണ്ടായിരുന്നല്ലോ, ബീന, നിനക്കറിയാമോ, എന്ന്. അതുകൊണ്ടുതന്നെ കണ്ടതും അദ്ദേഹത്തോടുപറഞ്ഞു,അണ്ണാ, നിങ്ങളുടെയൊരു ബന്ധു ബീനയില്ലേ, അവരാണെന്ന് ഏതാണ്ടുറപ്പാണ്, ഇവിടെ വന്നിരുന്നു, എന്നെ ഏതായാലും കണ്ടിട്ടു തിരിച്ചറിഞ്ഞില്ല. ഒന്നോ രണ്ടോ വാക്കുകള്‍ കൈമാറി ഞങ്ങള്‍ പിരിഞ്ഞു, ഞാനുണ്ണാന്‍ പോയി, തിരിയെ വന്ന് ഒരു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് ഒരു ഫോണ്‍. ' നിനക്കെന്നെ മനസ്സിലായിട്ടും എന്താടാ മിണ്ടാതിരുന്നത്, ഞാന്‍ ബീനയാ, സതീശണ്ണന്‍ എന്നെ വിളിച്ചു പറഞ്ഞപ്പോഴാ നീ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു എന്നൊക്കെ ഞാനറിഞ്ഞത് ' എന്നു പറഞ്ഞ് തോരാതെ ശകാരം. അതടങ്ങിയപ്പോള്‍ പിറ്റേന്ന് വരുമെന്നും കാണാമെന്നും പറഞ്ഞു.

പിറ്റേന്നു ബീന വന്നു. കണ്ടു. ബീന വന്ന കാര്യത്തിനൊരു നീക്കുപോക്കായി.  പഴയക്ലാസ്സിലെ ആള്‍ക്കാരെ ആരെയെങ്കിലുമൊക്കെ കാണുകയോ ബന്ധപ്പെടുകയോ ചെയ്യുന്നുണ്ടോ എന്നു ചോദിച്ചു. പല വഴികളിലായി പലപ്പോഴായി വീണ്ടും മുന്‍പിലെത്തിയ ആറുപേരെക്കുറിച്ച് ഞാന്‍ പറഞ്ഞു. കൈവശമുണ്ടായിരുന്ന നാലുനമ്പരുകള്‍ കൈമാറി. ഞാനതേ ചോദ്യം അങ്ങോട്ടു ചോദിച്ചു. അവിടെ അത്രമാത്രം പേരുകള്‍ ഉണ്ടായിരുന്നില്ല. ബീനയുടെ നാട്ടിനടുത്തുനിന്ന് അന്നു വന്നിരുന്ന നമ്പൂതിരിയെക്കുറിച്ച് ചോദിച്ചു. ഒത്തിരിക്കാലത്തിനു ശേഷം നമ്പൂതിരിയെ ഇതിലും യാദൃച്ഛികമായി കണ്ട കഥ പറഞ്ഞു. നമ്പൂതിരി വലിയ ജ്യോത്സ്യനും മാന്ത്രികനുമൊക്കെയാണെന്നു പറഞ്ഞു. പറഞ്ഞു തീരും മുന്പ് നമ്പൂതിരിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. ഒരാളിന്റെ കൈയ്യില്‍ ഫോണ്‍ കൊടുക്കാം എന്ന് അദ്ദേഹത്തോടു പറഞ്ഞ് ഫോണ്‍ എന്റെ കൈയ്യില്‍ തന്നു. എന്നെ തിരിച്ചറിഞ്ഞപ്പോള്‍ ഏതോ സ്ഥലത്ത് പൂജയ്ക്കു തയ്യാറെടുക്കുകയായിരുന്ന നമ്പൂതിരിക്കും വലിയ സന്തോഷം..... ഞങ്ങളും നമ്പര്‍ കൈമാറി. കവിയൂരമ്പലത്തില്‍ ഇനി വരുമ്പോള്‍ വീട്ടില്‍ വരാമെന്നു പറഞ്ഞു.....

പഴയക്ലാസ്സിലെ എല്ലാവരും ഒന്നു കൂടിച്ചേരണ്ടതാണെന്നു പറഞ്ഞാണ് ബീന പിരിഞ്ഞത്.

പഴയക്ലാസ്സ്. കാലം എത്ര മാറിപ്പോയി എന്ന് ഞാനോര്‍ത്തു പിന്നീട്. ഒരുപാടായി കാലം. എല്ലാം ഇന്നലെ കഴിഞ്ഞതേയുള്ളു എന്നു തോന്നും. ഇരുപത്തിയഞ്ചു കൊല്ലം എന്നെണ്ണുമ്പോള്‍ അതെത്ര നിസ്സാരമായ സംഖ്യയാണെന്നു തോന്നും. പക്ഷേ, ഓര്‍മകളെയും മുഖങ്ങളെയും പോലും പരതിയെടുക്കുവാനാവാത്തത്ര എത്രയോ അകലത്തിലാണാക്കാലം എന്നറിയുന്നത്, അതിനു ശ്രമിക്കുമ്പോഴാണ്. എന്നാല്‍ അകലും തോറുമാണ് നാമതിലേക്കു തിരിച്ചുചെല്ലുവാന്‍ കൂടുതല്‍ ശ്രമിക്കുക എന്നതാണു സത്യം. അകലും തോറും പഴയകാലത്തിന്റെ പ്രതിനിധിയായി എന്തെങ്കിലുമൊന്ന് അവിചാരിതമായി മുന്പില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ ഇടവേളകള്‍ ചുരുങ്ങും എന്നതാണ് വിചിത്രമായ സംഗതി. അല്ലെങ്കില്‍ അപ്പോള്‍ മാത്രമാവും നാമതു ശ്രദ്ധിക്കുക. വൈകിട്ട് ഓഫീസില്‍ നിന്നു മടങ്ങി വരുന്നതിനിടെ അല്ലെങ്കില്‍ കവലയില്‍ വെറുതെ നടക്കുന്നതിനിടയില്‍ പള്ളിപ്പുറം എല്‍പി സ്കൂളിലോ കമ്മാളത്തകിടി ഹൈസ്കൂളിലോ ഒന്നിച്ചു പഠിച്ച ഒരു മുഖം പെട്ടെന്നു പ്രത്യക്ഷപ്പെടുക, ട്രെയിനിലോ ബസ്സിലോ ഓഫീസിലോ പൂരപ്പറമ്പിലോ വച്ച് കോളേജില്‍ കൂടെ പഠിച്ച ഒരാളെ കാണുക,  എന്തുണ്ടെടാ വിശേഷം എന്ന് ചോദിച്ച് വളരെ സ്വാഭാവികമായി സംഭാഷണത്തിലേക്കു കൊട്ടിക്കയറുക, അവരുടെയും ഇവരുടെയും വിവരം എന്തുണ്ടെന്നു പരതിത്തളരുക എന്നിങ്ങനെ.

എല്ലാം അവിചാരിതമായി.... അവിചാരിതമായിത്തന്നെ വേണം . അതാണ് ജീവിതത്തിന്റെ ഒരു ത്രില്ല്. കടന്നുപോയ വര്‍ഷങ്ങള്‍ ഓര്‍മ്മിപ്പിക്കുക. അകലേക്കുപോയതിനെ വിചിത്രമായ വര്‍ണ്ണങ്ങളില്‍ പുനര്‍ജ്ജനിപ്പിക്കുക. അങ്ങനെ കൊതിപ്പിക്കുക.

നൊസ്റ്റാള്‍ജിയ എന്നത് അത്ര പോസിറ്റീവായ ഒന്നാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പഴയ കാലത്തിന്റെ മണങ്ങള്‍ക്കും നിറങ്ങള്‍ക്കും ഒക്കെ ഒരു സുഖമുണ്ട്. നിറം മങ്ങി പൂതലിച്ച ചിത്രങ്ങളായി അതു മനസ്സില്‍ നിന്നു പരതിയെടുക്കുമ്പോള്‍ ഉള്ള സുഖം. പക്ഷേ അതില്‍ അഭിരമിച്ച് മയങ്ങിപ്പോവുന്നത് ഒരു നല്ല പ്രവണതയല്ലെന്നു മാത്രം. 

കോളേജിലെ പഴയക്ലാസ്സ് ചങ്ങാത്തങ്ങള്‍ക്കെല്ലാം കൂടി വീണ്ടും ഒന്നിച്ചു കൂടാന്‍ കഴിഞ്ഞേക്കാം. വീണ്ടും വേറെ ചില മുഖങ്ങള്‍ പഴയ ഏതെങ്കിലുമൊരു കാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഏതെങ്കിലുമൊരു വളവുതിരിയുമ്പോള്‍ കടന്നു വന്നേക്കാം....

സംരക്ഷിക്കപ്പെട്ട പാത- ക്ലോദ് മോനെ (1873)
വഴിയൊത്തിരി താണ്ടിയിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലുമായി..

No comments: