Thursday, January 31, 2013

കമ്പങ്ങള്‍

എന്തൊക്കെയാണു കമ്പങ്ങള്‍ ആളുകള്‍ക്ക്!
(കഥ)കളിക്കമ്പം, പൂരക്കമ്പം, ആനക്കമ്പം, വെടിക്കമ്പം എന്നിങ്ങനെ പലകമ്പങ്ങളും ഈ കേരളക്കരയില്‍ നടപിലുണ്ടായിരുന്നു. കാലദേശങ്ങള്‍ക്കനുസരിച്ച് കമ്പങ്ങളും മാറിക്കൊണ്ടിരുന്നു. ഇന്നത്തെ ആഗോളവത്കൃതജീവിതത്തില്‍ ആളുകളുടെ കമ്പങ്ങളും മാറി....
കമ്പങ്ങള്‍ സ്വകാര്യമായിരിക്കുമ്പോള്‍ അതിനോരു സുഖവും ഭദ്രതയുമുണ്ട്. പക്ഷേ സ്വന്തം കമ്പങ്ങള്‍ സമൂഹത്തിലേക്ക് അടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഗതിമാറി. നിര്‍ഭാഗ്യവശാല്‍ ഇന്ന് നാം കാണുന്നത് അതാണ്. പത്രങ്ങളില്‍ നിറയുന്ന പല ദുര്‍വാര്‍ത്തകളുടെയും ഉറവിടം അതാണ്. പീഡനകഥകള്‍ മുതല്‍ ഉത്സവപ്പറമ്പിലെ ആനയിടച്ചിലുകള്‍ക്കു വരെ വഴിവയ്ക്കുന്നത് ചിലരുടെ കമ്പങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കാനുള്ള പ്രവണതയുടെ പരിണതഫലമാണ്.
ഉത്സവങ്ങളും എഴുന്നള്ളിപ്പുകളും മേളങ്ങളും കമ്പമാണെങ്കിലും ആനക്കമ്പം എനിക്കില്ല. ചിലരെങ്കിലും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലും. തലയെടുപ്പുള്ള അനേകം ഗജരാജന്മാരെക്കണ്ടിട്ടുണ്ടെങ്കിലും തിടമ്പെടുത്തുനില്കുമ്പോഴൊഴിച്ച് അവയോട് അമിതമായ കൗതുകം തോന്നിയിട്ടില്ല. ഒത്ത വലിപ്പമുള്ള നെറ്റിപ്പട്ടമണിഞ്ഞ് വലിപ്പമുള്ള ചട്ടം കയറ്റി നില്കുമ്പോള്‍ ആന ഒരു കൗതുകമാവും, എന്റെ നോട്ടത്തില്‍. തിരുവല്ല ജയചന്ദ്രന്‍, ആറന്മുള രഘുനാഥന്‍, കരുനാഗപ്പള്ളി മഹാദേവന്‍ എന്നീ ലക്ഷണമൊത്ത ഗജവീരന്മാരുടെ തലയില്‍ പാര്‍വതീപരമേശ്വരന്മാരുടെ ഗംഭീരമായ തിടമ്പെഴുന്നള്ളിക്കുന്നത് കണ്ടു പരിചയിച്ച ഒരു ശീലം അതിനു കാരണമാവാം. അങ്ങനെയൊരു എഴുന്നള്ളിപ്പിനു സാക്ഷ്യം വഹിക്കുമ്പോള്‍ ആ തിടമ്പിന്റെ ഭംഗി/പ്രൗഢി ആ ആനയുടെ മുതുകിലേറുമ്പോള്‍ എത്രമാത്രം പൂര്‍ണ്ണമാവുന്നു എന്നതാണ് അധികവും ശ്രദ്ധിക്കുക. തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ ഏറ്റുമാനൂരെ ഉത്സവം ആദ്യമായി കാണുമ്പോള്‍ ആ മനോഹരമായ തിടമ്പ് അല്പം കൂടി ലക്ഷണയുക്തനായ ആനയുടെ പുറത്തായിരുന്നെങ്കില്‍ നല്ലതായിരുന്നു എന്ന് തോന്നിയിട്ടുമുണ്ട്. അക്കാലത്ത് ആനക്കമ്പം ഈ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരുന്നില്ല. ആ കാലത്തു തന്നെ അകമ്പടിയെഴുന്നള്ളിച്ച ഒരാനയുടെ ലക്ഷണക്കുറവുകാരണം കവിയൂരില്‍ നല്ല ഒരാനയെ പള്ളീവേട്ടദിവസത്തേക്ക് സംഘടിപ്പിക്ക്കുവാന്‍ ശ്രമിച്ചതിന്റെ ഭീകരസ്മൃതികളും ഉണ്ട്. ഇവിടം കൊണ്ടവസാനിക്കുന്നു എന്റെ ആനക്കമ്പം.
കോങ്ങാടുകുട്ടിശ്ശങ്കരനെ ശ്രദ്ധിക്കുന്നത് കൈരളിയിലെ ഇ ഫോര്‍ എലിഫന്റിന്റെ ഒരെപ്പിസോഡ് അവിചാരിതമായി കണ്ടപ്പോളാണ്. ആ സമയമായപ്പോഴേക്കും നല്ല ആനകള്‍ കവിയൂരുത്സവത്തിനും ഏതാണ്ടൊക്കെ അന്യമായിക്കഴിഞിരുന്നു. ദേവസ്വം ആനകള്‍ കുറവായതുകാരണം കൂലിയാനകളെ തിടമ്പെടുക്കാന്‍ പോലും വിളിക്കേണ്ടി വന്നുതുടങ്ങിയിരുന്നു.
കുട്ടിശ്ശങ്കരന്റെ നടപ്പാണ് ശ്രദ്ധയാകര്‍ഷിച്ചത്. അത്തരമൊരാനയുടെ പുറത്ത് എഴുന്നള്ളിപ്പ് കാണാനുള്ള കൗതുകം ഉണര്‍ന്നു എന്നതാണ് സത്യം. പിന്നീട് തികഞ്ഞ ആനക്കമ്പക്കാരനായി മാറിയ ഉണ്ണിയോട്, ( തേവരുടാന എന്ന ബ്ളോഗന്‍) കോങ്ങാടുകുട്ടിശ്ശങ്കരനെക്കുറിച്ച് സൂചിപ്പിച്ചു. അവന്‍ പിറ്റേയാഴ്ചതന്നെ കോങ്ങാട്ടുപോയി മദപ്പാടില്‍ തളച്ചിരുന്ന കുട്ടിശ്ശങ്കരന്റെ ഒത്തിരിപ്പടങ്ങളുമെടുത്തു.
എപ്പോഴോ ആനക്കമ്പം ബാധിച്ച ഒരു സ്ത്രീയെ കേന്ദ്രീകരിച്ച് ഒരു നോവല്‍ പോലെന്തെങ്കിലും എഴുതണമെന്ന കമ്പവുമുദിച്ചു.
തുടര്‍ന്ന് കുട്ടിശ്ശങ്കരന്റെ എഴുന്നള്ളിപ്പുകാണാനാഗ്രഹിച്ച് തൃപ്പൂണിത്തുറയുത്സവത്തിനു പോയെങ്കിലും അന്ന് അദ്ദേഹത്തെ എഴുന്നള്ളിച്ചില്ല. എങ്കിലും എഴുതാനുദ്ദേശിക്കുന്ന സംഭവത്തിന് ബലം കിട്ടാന്‍ കുട്ടിശ്ശങ്കരന്റെ അത്യാവശ്യവിവരങ്ങള്‍ മോഹനേട്ടന്റെ( ഒന്നാം പാപ്പാന്‍) യും ആനകളുടെ ഉസ്താദായിരുന്ന (കടുവാ)വേലായുധന്റെയും പക്കല്‍ നിന്നു കരസ്ഥമാക്കി, ജീവിതത്തിലാദ്യമായി ഒരു ആനയുടെ കൊമ്പു പിടിച്ചു ഫോട്ടോയ്ക്ക് പോസുചെയ്തതിന്റെ അമ്പരപ്പോടെ തിരിയെപ്പോന്നു. കഥ എങ്ങനെ ഉരുത്തിരിച്ചെടുക്കാമെന്നു കുറെയാലോചിച്ചെങ്കിലും നടന്നില്ല. എഴുതിത്തുടങ്ങുമ്പോള്‍ത്തന്നെ നിന്നുപോകുന്ന അവസ്ഥ. അതിനിടയിലെപ്പോഴോ നായികയ്ക്ക് ആനക്കമ്പം തുടങ്ങുന്നത് കുട്ടിശ്ശങ്കരനെ കവിയൂരില്‍ എഴുന്നള്ളിക്കുന്നത് കാണുമ്പോഴാണെന്നും സങ്കല്പിച്ചുപോയി. എഴുത്ത് സംഭവിച്ചില്ലെങ്കിലും അതിനോടനുബന്ധിച്ചുണ്ടായ സങ്കല്പം യാഥാര്‍ഥ്യമായി. കോങ്ങാട് കവിയൂരിലെത്തി, പത്തോളം മറ്റ് ആന സൂപ്പര്‍താരങ്ങള്‍ക്കൊപ്പം. ആറാട്ടിനെഴുന്നള്ളിച്ചപ്പോള്‍ തിടമ്പു വഹിക്കുകയും ചെയ്തു.
എഴുതാനുള്ള ശ്രമം ഉപേക്ഷിച്ചില്ലെങ്കിലും അത് അസാധ്യമായിത്തന്നെ തുടര്‍ന്നു. കവിയൂരിനെയാണെങ്കില്‍ ആനക്കമ്പം വിഴുങ്ങുകയും ചെയ്തു.
ഇതിനിടയില്‍ ഒരു കാര്യം കൂടിശ്രദ്ധിച്ചു. തെച്ചിക്കോട്ടുകാവു രാമചന്ദ്രന്‍, പാമ്പാടി രാജന്‍, ഗുരുവായൂര്‍ വലിയകേശവന്‍ എന്നീ താരങ്ങളെ അപേക്ഷിച്ച് കുട്ടിശ്ശങ്കരന് ആരാധകര്‍ തുലോം കുറവാണെന്ന്. ഒരു പക്ഷേ ആനയുടെ തലപ്പൊക്കം കാട്ടാനുള്ള വിമുഖതയോ, ശരീരത്തിന്റെ മാംസളതക്കുറവോ ആവാം കാരണമെന്നും തോന്നി.
രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ കുട്ടിശ്ശങ്കരനെ വീണ്ടും കാണാനിടവന്നു. ആനക്കമ്പക്കാരിയുടെ കഥ എഴുതാനുള്ള ഭ്രമം വീണ്ടും ശക്തമായ സമയത്ത് അപ്രതീക്ഷിതമായി വളരെ ഉള്‍നാടന്‍ പ്രത്യേകതകളുള്ള കടയനിക്കാടിലെ ചെറുക്ഷേത്രത്തില്‍. കടയനിക്കാടും എന്റെ സ്ഥലമാണ്. ഞാന്‍ വിവാഹം കഴിച്ചു ചെന്ന സ്ഥലം. അല്പം കാനനച്ഛായയുള്ള സ്വതേ ഉറക്കച്ചടവുള്ള ആ ദേശത്തും കോങ്ങാടു കുട്ടിശങ്കരന് ആരാധകരുണ്ടെന്നുള്ള അറിവ് അല്പം അമ്പരപ്പിച്ചുതാനും.
കടയനിക്കാട് ശാസ്താം കാവില്‍ കോങ്ങാടു കുട്ടിശങ്കരനെ എഴുന്നള്ളിപ്പിനു വിളിക്കുകമാത്രമല്ല ചെയ്തത്. ഗജരാജന്‍, ഗജരാജപ്രജാപതി എന്നീ പട്ടങ്ങള്‍ ലഭിച്ചിട്ടുള്ള ആ ഗജവീരന് ഗജശ്രേഷ്ഠകുലപതി എന്നൊരു ബിരുദവും സമ്മാനിച്ചു കടയനിക്കാടു ഗ്രാമം.
നഗരത്തിലെ ക്ഷേത്രങ്ങളെപ്പോലും അതിശയിക്കുന്ന രീതിയില്‍ ആള്‍ത്തിരക്കനുഭവപ്പെടുന്ന കവിയൂരിന്റെ അനുഭവങ്ങള്‍ നിറഞ്ഞതുകൊണ്ടാവാം പൊതുവേ കടയനിക്കാടിന്റെ ഗ്രാമീണ ഉത്സവത്തില്‍ കുട്ടിശ്ശങ്കരന്‍ വിരലിലെണ്ണാവുന്ന ആളുകള്‍ക്കു മുന്പില്‍ ശാസ്താവിന്റെ തിടമ്പേറ്റിനില്കുന്നത് ഒരു കാഴ്ചയൊരുക്കിയില്ല. എങ്കിലും ഒരു ഗ്രാമീണ ഉത്സവത്തിന്റെ ലാളിത്യത്തില്‍ ആ ഗജരാജപ്രഭാവം തലയെടുത്തു നിന്നു.
സൗമ്യനായ ഗജരാജന്‍. നേര്‍ത്തവനകാന്തിയുടെ ഉടമയായി എഴുന്നള്ളുന്ന ശാസ്താവ്....





ആനക്കമ്പക്കാരിയുടെ കഥ എഴുതണം എന്ന ആഗ്രഹം വീണ്ടും ചിറകുകുടയുന്നുണ്ട്, എന്റെയുള്ളില്‍!

No comments: