Monday, February 23, 2015

ഊട്ടുപുരകളും കച്ചവടമാകുമ്പോള്‍

ഇതൊരു ഊട്ടുപുരയില്‍ നിന്നുള്ള കാഴ്ചയാണ്. ഒരു വിവാഹകോലാഹലം കഴിഞ്ഞ് വധൂവരന്മാരും ബന്ധിമിത്രാദികളും സദ്യനടത്തിപ്പുകാരും എല്ലാം ഒഴിഞ്ഞതിനു ശേഷം ഉള്ളത്. നമ്മുടെ വര്‍ത്തമാനകാല അവസ്ഥയുടെ പ്രതീകമാണിത്. ആകാവുന്നതിലേറെ ആഡംബരം പേറുന്ന സദ്യവട്ടങ്ങളും അലങ്കാരങ്ങളും, അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍, മലിനമാകുന്ന പൊതുസ്ഥലങ്ങള്‍ ഇതൊക്കെ. ഞാനടക്കം നമ്മുടെ സമൂഹത്തിലെല്ലാവരും ഏതെങ്കിലുമൊക്കെ തരത്തില്‍ ഈ അതിധൂര്‍ത്തിനും മിച്ചം വരുത്തലിനും പെരുവഴിയില്‍ അവശിഷ്ടം വീഴ്തലിനുമൊക്കെ കാരണവും കാരകവുമൊക്കെയാവുന്നു. എല്ലാവരും ഇങ്ങനെയൊക്കെയാകാന് വിധിക്കപ്പെടുന്നു. സമൂഹത്തിന്റെ രോഗാതുരത നമ്മെയെല്ലാം ബാധിച്ചിരിക്കുന്നു. അഥവാ നാമൊക്കെ സമൂഹശരീരത്തിലെ രോഗബാധിതമായ കോശങ്ങളാണ്.
വിചിത്രമായ സംഗതി, ഇതൊരു ക്ഷേത്രത്തിലെ ഊട്ടുപുരയാണെന്നുള്ളതാണ്. വിവാഹമടക്കം എല്ലാചടങ്ങുകളുടെയും ഭാഗമായ എല്ലാ വിധ കോപ്രായങ്ങള്‍ക്കും നാം കൂട്ടുപിടിക്കാറുള്ളത് വിശ്വാസങ്ങളെയാണ്. കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടിനുള്ളില്‍ വിവാഹമടക്കമുള്ള ചടങ്ങുകളുടെ നടത്തിപ്പില്‍ വന്നിട്ടുള്ള വ്യതിയാനങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പഠിക്കേണ്ടുന്ന വിഷയം തന്നെയാണ്. വീടുകളില്‍ നടന്നുകൊണ്ടിരുന്ന വിവാഹം സൗകര്യം പ്രമാണിച്ച് ക്ഷേത്രങ്ങളിലേക്കും അവിടുന്ന് കല്യാണമണ്ഡപങ്ങളിലേയ്ക്കും ഇപ്പോള്‍ വന്‍കിട റിസോര്‍ട്ടുകളിലേക്കുമൊക്കെ പറിച്ചുനടപ്പെട്ടിരിക്കുന്നു. അതിനനുസരിച്ച് ചടങ്ങുകള്‍ മാറിമറിയുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അനാചാരം എന്നമട്ടില്‍ കുടിയിറക്കപ്പെട്ട ദിവസങ്ങള്‍ നീളുന്ന വിവാഹ ചടങ്ങുകളും കലാപ്രകടനങ്ങളും ആഘോഷച്ചമയങ്ങളുമൊക്കെ തിരിച്ചുവരികയാണ്. ഈ പുതുപുത്തന്‍ ചടങ്ങുകളെല്ലാം വിശ്വാസമെന്ന പേരില്‍ത്തന്നെയാണ് വേരിറക്കുന്നത്. എന്നാല്‍ പഴയ പല നല്ലവിശ്വാസങ്ങളെയും കടപുഴക്കിക്കൊണ്ടാണ് ഈ പുത്തന്‍ വിശ്വാസങ്ങള്‍ തഴയ്ക്കുന്നതെന്നതിനു തെളിവാണ് മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രം. അന്നം ദൈവമാണെന്നും അത് നിന്ദിക്കപ്പെടരുതാത്തതാണെന്നുമുള്ള സങ്കല്പം നമ്മെ നയിക്കുന്നുണ്ടെങ്കില്‍  എങ്ങനെ അത്തരമൊരു രംഗം സംജാതമാകും. അങ്ങനെ ഒരു ദൈവികതയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ എങ്ങനെ ഒരു ക്ഷേത്രമതില്ക്കകത്ത് ഇങ്ങനെ മാലിന്യം തള്ളപ്പെടും? വിവാഹപ്രളയം കാരണം പല മഹാക്ഷേത്രങ്ങളുടെയും പരിസരങ്ങള്‍ എച്ചില്‍ക്കൂമ്പാരം കൊണ്ട് അത്യന്തം മലീമസമായിരിക്കുകയാണ്. അതും പോരാഞ്ഞ് അമ്പലങ്ങളിലും പള്ളികളിലും നടന്ന കല്യാണസദ്യകളുടെ അവശിഷ്ടങ്ങള്‍ പാതിരാത്രിയില്‍ വഴിയരികില്‍ത്തള്ളുന്നതുമൂലമുള്ള സാമൂഹിക വിപത്ത് നമ്മെ വിഴുങ്ങാന്‍ പാകത്തില്‍ വലുതാണ്( ഹോട്ടലുകളില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും അറവുശാലകളില്‍ നിന്നും ഒക്കെയുള്ള മാലിന്യ നിക്ഷേപങ്ങള്‍ ഇതിലും വലുതാണെന്നതു മറക്കുകയല്ല). സത്യത്തില്‍ നമ്മുടെ ജീവിതത്തിന്റെ നന്മകളുടെയും ചടുലതയുടെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളും നമ്മുടെ സമൂഹത്തിന്റെ വിനാശത്തിലേക്കുള്ള വഴിവിളക്കു തെളിക്കുന്നവയായി തീര്‍ന്നിരിക്കുന്നു. ഇതു തിരിച്ചറിയാഞ്ഞിട്ടാണോ എന്നറിയില്ല, കച്ചവടം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ് ചിലര്‍.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള' ലാഭകരമല്ലാത്ത ഊട്ടുപുരകള്‍' സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്തുകൊടുക്കുന്ന നടപടി ആരംഭിച്ചുകഴിഞ്ഞു. വടക്കുള്ള ഗ്രൂപ്പുകളിലെ ലാഭകരമല്ലാത്ത ഊട്ടുപുരകളുടെ കൂട്ടത്തില്‍ ഏറ്റുമാനൂര്‍ അടക്കമുള്ളവ ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന രേഖ പറയുന്നത്. തിരുവാര്‍പ്പ് , മൂഴിക്കുളം അടക്കം മറ്റനവധി പ്രധാനക്ഷേത്രങ്ങളുടെ ഊട്ടുപുരകളും ലേലത്തിനു വയ്ക്കുന്നതായി പ്രസ്തുതരേഖയില്‍ നിന്നറിയാം.
അനേക കോടി രൂപ വാര്‍ഷികവരുമാനമുള്ള ഏറ്റുമാനൂര്‍ പോലൊരു ക്ഷേത്രത്തിന്റെ ഊട്ടുപുര ലാഭകരമല്ല എന്നു കണക്കാക്കി 324000 രൂപയ്ക്കു രണ്ടുവര്‍ഷത്തേയ്ക്കു പാട്ടത്തിനു കൊടുക്കുന്നതിന്റെ പിന്നിലെ കച്ചവട മനഃസ്ഥിതിയോര്‍ക്കുക! ഈ പരസ്യം ചെയ്യുമ്പോള്‍ അത് ലഭിക്കുന്നവര്‍ അതേതൊക്കെ രീതിയില്‍ ദുരുപയോഗപ്പെടുത്തുവാന്‍ സാധ്യതയുണ്ടെന്നും അതിന്റെ പേരില്‍ ഏതൊക്കെ പുതിയ ചൂഷണസംവിധാനങ്ങള്‍ നിലവില്‍ വരുമെന്നുമൊക്കെയുള്ളത് അല്പമെങ്കിലും പരിഗണിച്ചിട്ടുണ്ടോ എന്ന ചോദ്യം ഒരു വശത്ത്. ഊട്ടുപുരകളുടെ പരസ്യങ്ങള്‍ വരുന്ന കാലം അകലെയല്ല എന്നു വ്യക്തം.ഇന്നത്തെ സാഹചര്യത്തില്‍ മക്കളുടെ വിവാഹനടത്തിപ്പിനായിക്ഷേത്രങ്ങളെ ആശ്രയിക്കുന്നത് സാമ്പത്തികമായി അല്പം പിന്നില്‍ നില്ക്കുന്ന മാതാപിതാക്കളാണ് ഏറെയും. അല്ലാത്തവരില്‍ ഭൂരിഭാഗവും വന്‍കിട ആഡിറ്റോറിയങ്ങളോ റിസോര്‍ടുകളോ ഒക്കെ സംഘടിപ്പിക്കും. അങ്ങനെയിരിക്കെ, സാധാരണക്കാരനു പ്രയോജനപ്പെടുന്ന ക്ഷേത്രഊട്ടുപുരകള്‍ സ്വകാര്യവ്യക്തികള്‍ നടത്താന്‍ തുടങ്ങിയാല്‍ആ ചുമതല ഏറ്റെടുക്കുന്നതിനുപിന്നിലെ ലാഭക്കൊതി ആരെയാണു ബാധിക്കുന്നത്?
ആഡംബരങ്ങള്‍ അവസാനിപ്പിക്കാനും ചടങ്ങുകള്‍ ലളിതമാക്കാനും മുന്‍കൈ എടുക്കേണ്ടുന്ന പൊതുസ്ഥാപനങ്ങള്‍ തന്നെ അതിനു പിന്നിലെ കച്ചവടക്കെണിയില്‍ പൂര്‍ണ്ണമായും വവീണാല്‍............

Tuesday, February 17, 2015

കുടഞ്ഞെറിഞ്ഞത് ഒരു കാലത്തെ....

1982ലാണ്എനിക്കായി മാതൃഭൂമി ആഴ്ചപ്പതിപ്പുവരുത്തുന്നത്. രണ്ടാം വര്‍ഷപ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോള്‍.കുഞ്ഞമ്മാവന്‍ അതു സ്ഥിരം വരുത്തുന്നതിനാല്‍ കൊച്ചിലേമുതലേ പരിചിതമായ പ്രസിദ്ധീകരണം. 1976ല്‍ കുഞ്ഞമ്മാവന്‍ പുതിയവീടുവച്ചുമാറിയശേഷം അവിടെച്ചെന്നിരുന്നായിരുന്നു ഓരോ ലക്കവും നോക്കുക. എനിക്കു സ്വന്തമായി സൂക്ഷിക്കുവാന്‍ വാരിക വരുത്തണമെന്നു പറഞ്ഞതനുസരിച്ച് അമ്മ അതിനുള്ള പണം തരികയായിരുന്നു. അന്ന് ഒരു ലക്കത്തിന്റെ വില ഒരു രൂപ ഇരുപതുപൈസ.
ആദ്യലക്കം മുതല്‍ നമ്പറിട്ടു സൂക്ഷിക്കുവാന്‍ തുടങ്ങി. പത്തോളമെണ്ണമെത്തിയപ്പോഴാണ്, ബി എഡിനു പഠിക്കുന്ന അയല്‍പക്കത്തെ ലൈലച്ചേച്ചി റെക്കോര്‍ഡ് ഉണ്ടാക്കുവാനായി അവ ചോദിച്ചത്. അന്നു കൊടുത്തതിനു ശേഷം വന്നവ വീണ്ടും എണ്ണം ഒന്നേ എന്നു തുടങ്ങി. ഒരു ലക്കവും വിട്ടുപോകാതെ ആയിരത്തി ഒരുനൂറെണ്ണമെങ്കിലും ഞാന്‍ സൂക്ഷിച്ചു. 1985 ആയപ്പോഴേക്കും കലാകൗമുദിയും ക്രമമായി വരുത്തി സൂക്ഷിച്ചുതുടങ്ങി. പിന്നെ എത്രയോ പ്രസിദ്ധീകരണങ്ങള്‍. പത്രങ്ങള്‍, ലിറ്റില്‍ മാഗസിനുകള്‍, പലയിടത്തുനിന്നും കിട്ടുന്ന പഴയ ലക്കങ്ങള്‍ ഒക്കെ. വീട്ടിലെ തെക്കേ ഷോവാളിനകം നിറയെ മാഗസിനുകള്‍. ഇടയ്ക്കിടയ്ക്ക് അതെല്ലാം കൃത്യമായി അടുക്കിവയ്ക്കും. തൊണ്ണൂറുകളുടെ അവസാനം വാരികകള്‍ നിറം കെട്ടതായി തോന്നിയ ഒരു ഘട്ടത്തില്‍ വരുത്തുന്നതു നിര്‍ത്തി, എന്തെങ്കിലും കൗതുകം തോന്നുന്ന ലക്കങ്ങള്‍ മാത്രം വാങ്ങലായി. എങ്കിലും പഴയവയെല്ലാം കൃത്യമായി പരിപാലിച്ചു. ഇടയ്ക്ക് പഴയ മാതൃഭൂമികള്‍ പത്തെണ്ണം വീതം അനുജന്റെ സഹായത്തോടെ പത്തെണ്ണം വീതം അടുക്കി തയ്ച്ചുകെട്ടി.
പക്ഷേ, രണ്ടായിരത്തിനുശേഷമൊരിക്കല്‍ പെങ്ങള്‍ ബി എഡിനു പഠിക്കുന്ന സമയത്ത് ആ കുത്തിക്കെട്ടിയ പുസ്തകങ്ങളിലും കൈവയ്ക്കേണ്ടിവന്നു. ചില ലക്കങ്ങളില്‍ നിന്ന് പേജുകള്‍ കീറപ്പെട്ടു. പരിപാലനത്തിലുള്ള എന്റെ കൃത്യത അതെത്തുടര്‍ന്നു കുറഞ്ഞു. വര്‍ഷത്തിലൊരിക്കല്‍ അതൊക്കെയൊന്നടുക്കിപ്പെറുക്കിയാലായി. ഏതാനും വര്‍ഷമായി അതുതന്നെ ഇല്ലാതായി. മഴക്കാലത്ത് ഷോവാളിന്റെ നനവ് അവയിലേക്കും പടര്‍ന്നു. പൊടിമൂടി പഴകിയിരിക്കുന്ന കടലാസു മലയില്‍ തൊടാന്‍ പേടിയായിത്തുടങ്ങി.
അച്ഛന്‍ പലതവണ നിര്‍ബന്ധിച്ചു ആര്‍ക്കെങ്കിലും വില്ക്കാന്‍. തോന്നിയില്ല.
പുതിയ വീടുവച്ചു മാറിയതോടെ ഈ കടലാസുകുന്ന് എന്തുചെയ്യണമെന്നറിയാതായി. പഴവീട്ടില്‍ പ്രായമായ അച്ഛനമ്മമാര്‍ക്ക് ഈ പഴയകടലാസിന്റെ പൊടിക്കൂമ്പാരം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു തോന്നി. എന്നാല്‍ പുതിയ വാസസ്ഥാനത്ത് അത്രയും വലിയൊരു കടലാസ് സമ്പാദ്യം ഒതുക്കാനുള്ള നിര്‍വാഹവുമില്ല. പ്രിയപ്പെട്ട ഒരു നിധി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. വില്ക്കാന്‍ മനസ്സുവന്നില്ല. ഒരിക്കല്‍ വീട്ടില്‍ വന്ന പ്രസക്തി ബുക്സിന്റെ സജുവിനോട് സൂചിപ്പിച്ചതും അയാള്‍ എടുത്തോളാമെന്നു പറഞ്ഞു. കൊടുക്കാം എന്നു ഞാന്‍ വാക്കുകൊടുത്തില്ല, അപ്പോള്‍. പിന്നൊരിക്കല്‍ സംഭാഷണമദ്ധ്യേ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ സുഹൃത്ത് ജീവന്‍( കെ. ജീവന്‍കുമാര്‍) ആണ് അത് സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ കൊടുക്കരുതോ എന്നുപദേശിച്ചത്. അതനുസരിച്ച് ഹാരിസ് സാറിനോടും കൃഷ്ണന്‍ സാറിനോടും ഡോ. പി. എസ്. രാധാകൃഷ്ണനോടും വിവരം സൂചിപ്പിച്ചു. ലെറ്റേഴ്സിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ ഡോ. പി. എസ്. രാധാകൃഷ്ണന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്തുകൊണ്ടോ അതു നടപ്പായില്ല. സജു അതിനിടയില്‍ പലവട്ടം സംഭവം തന്നുകൂടേ എന്നു ചോദിക്കുകയും ചെയ്തു. സജുവിനോട് സമ്മതം മൂളി. ഏതാനും മാസം മുന്പ് അയാള്‍ കുറെച്ചക്കുമായി വന്ന് എല്ലാം അടുക്കി ചാക്കിലാക്കി. എനിക്കുവേണ്ട, ഒന്നു രണ്ടെണ്ണം മാത്രം മാറ്റിവച്ചു. മാസങ്ങള്‍ പലതങ്ങനെ കടന്നുപോയി. വണ്ടിയുമായി വരാമെന്നു പറഞ്ഞ സജു വന്നില്ല. വീടിന്റെ ഹാളിന്റെ തെക്കേയരികില്‍ ആ ചാക്കുകള്‍ അങ്ങനെയിരുന്നു. സുഹൃത്തായ ഷിബു വിവരം അറിഞ്ഞ് കുറെയെണ്ണമെങ്കിലും നോക്കിയെടുത്തുവയ്ക്കാമോ എന്നു ചോദിച്ചെങ്കിലും സജു അടുക്കിക്കെട്ടി വച്ചതില്‍ നിന്ന് പിന്നെത്തിരയാന്‍ തോന്നിയില്ല. പുസ്തകം  എടുക്കാത്തത് എന്താണെന്ന് പലതവണ അച്ഛന്‍ ആരാഞ്ഞു.....
ഇന്ന് രാവിലെ തന്നെ സജുവന്നു. ചാക്കുകള്‍ തുന്നിക്കെട്ടി. ഓട്ടോയില്‍ എല്ലാം കൊണ്ടുപോയി. ബൈന്ഡുചെയ്ത് സൂക്ഷിക്കുമെന്നാണ് അയാള്‍ പറഞ്ഞത്.
വൈലോപ്പിള്ളിയുടെ കൃഷ്ണമൃഗങ്ങള്‍ പ്രസിദ്ധീകരിച്ച ഓണപ്പതിപ്പുണ്ട് അതില്‍. ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി എന്നീ നോവലുകളുടെ മുഴുവന്‍ ലക്കങ്ങളും കടല്‍ത്തീരത്തടക്കമുള്ള അനവധിക്കഥകളും നൂറുകണക്കിനു ലേഖനങ്ങളും ഒ.വി. വിജയന്റേതായിട്ടുണ്ട്. നിക്കോലാസ് ഗിയെന്റെ കവിതകളുടെ വിവര്‍ത്തനങ്ങളടക്കം അയപ്പപ്പണിക്കരുടെ അനവധികൃതികള്‍. വി.കെ.എന്നിന്റെ അധികാരം, കോവിലന്റെ തട്ടകം, കുഞ്ഞബ്ദുള്ളയുടെ മരുന്ന് , കന്യാവനങ്ങള്‍, മാധവിക്കുട്ടിയുടെ ചന്ദനമരങ്ങള്‍ എന്നിങ്ങനെ എത്രയോ തുടര്‍ക്കഥ/നോവലുകള്‍. ടി പദ്മനാഭന്റെ കാലഭൈരവന്‍, സേതുവിന്റെ ദൂത്, സക്കറിയായുടെ കുഴിയാനകളുടെ ഉദ്യാനം എന്നിങ്ങനെ എത്രയോ മികച്ചകഥകള്‍ പ്രസിദ്ധീകരിച്ച ലക്കങ്ങള്‍. സച്ചിദാനന്ദന്റെ ഇവനെക്കൂടി, വിനയചന്ദ്രന്റെ വിനയചന്ദിക, കെ.ജി.എസ്സിന്റെ കൊച്ചിയിലെ വൃക്ഷങ്ങള്‍, ചുള്ളിക്കാടിന്റെ ഗസല്‍ എന്നിങ്ങനെ ശ്രദ്ധേയമായ എത്രയോ കവിതകള്‍. എ. പി. ഉദയഭാനു, സുകുമാര്‍ അഴീക്കോട്, കെ.പി അപ്പന്‍, പ്രസന്നരാജന്‍ എന്നിവരെഴുതിയ ലേഖനങ്ങളും അതിന്റെ ചര്‍ച്ചകളുമൊക്കെ സമ്പന്നമാക്കിയ ലക്കങ്ങള്‍. നരേന്ദ്രപ്രസാദിന്റെ സൗപര്‍ണ്ണികപോലുള്ള നാടകങ്ങള്‍.... ഇ. എം. എസ്, പി. ഗോവിന്ദപ്പിള്ള, കെ. എന്‍. രാജ്, പവനന്‍, പി. പരമേശ്വരന്‍ എന്നിങ്ങനെ അനവധി പ്രമുഖര്‍ ലേഖനങ്ങളിലൂടെ ഓരോ വിഷയത്തെ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവച്ച സമൃദ്ധമാക്കിയ വാരികത്താളുകള്‍. ബാലപംക്തിയില്‍ ഇന്നെഴുതുന്ന പലരുടെയും തുടക്കങ്ങള്‍......
സജു അവയെല്ലാം ഭദ്രമായി സൂക്ഷിക്കട്ടെ!Wednesday, February 04, 2015

പാട്ടയില്‍ തലകുടുങ്ങിയ പട്ടി


തലയില്‍ അതിവേഗത്തില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രം തലയില്‍പ്പേറി നില്ക്കേണ്ടി വന്ന ജാതകകഥയിലെ കഥാപാത്രത്തെപ്പോലെ, തലയില്‍ക്കുടുങ്ങിയ പാട്ടയുമായി വഴിയിലൂടെ വരുന്ന പട്ടിയെക്കണ്ടത് വൈകുന്നേരത്ത് വരുമ്പോഴാണ്. ഉഷ്ണം പെരുകിയ ഒരു പകല്‍ ജോലിസ്ഥലത്ത് ചിലവഴിച്ച്, പത്തമ്പതുകിലോമീറ്റര്‍ യാത്രയും കഴിഞ്ഞ് എങ്ങനെയെങ്കിലും കുറെ വെള്ളം തലയില്‍ വീഴ്ത്താമെന്നു പകച്ച് സ്കൂട്ടറില്‍ പായുമ്പോഴത്തെ കാഴ്ചയായതുകൊണ്ട്, അത് യാത്രയ്ക്കിടയില്‍ പിന്നിലേക്കു മാഞ്ഞുപോകുന്ന ഒരു കാഴ്ചമാത്രമായിപ്പോയി. കിഴക്കേനടയിലൂടെ കിഴക്കോട്ട് വരുമ്പോള്‍, എന്റെ നേരെവരുന്ന ഒരാള്‍ പിന്നില്‍ വന്നുകൊണ്ടിരിക്കുന്ന പട്ടിയെച്ചൂണ്ടി ചിരിക്കുന്നതുകൊണ്ടാണ് അത്രയുമെങ്കിലും ശ്രദ്ധിക്കാനായത്. വഴിയരികില്‍ മറ്റുചിലരും ഈ കാഴ്ച കൗതുകത്തോടെ കാണുന്നുണ്ടായിരുന്നു. 

കാഴ്ചയെമറച്ചുകൊണ്ട്, സ്വാതന്ത്ര്യത്തെയാകെ കവര്‍ന്നുകൊണ്ട് തലമൂടി ഒരു പാട്ടയുണ്ടെന്നുള്ള പകപ്പൊന്നും ഉണ്ടെന്നു തോന്നാത്തവിധത്തില്‍ സാവകാശത്തില്‍ ഓട്ടം തുടരുകയായിരുന്നു അത്. ഒരു പക്ഷേ, ജാതകകഥയിലെ മരുഷ്യനെപ്പോലെ സ്വന്തം സാഹചര്യത്തോടു നിര്‍മ്മമമായി പൊരുത്തപ്പെടുവാന്‍ അതു വിധിക്കപ്പെട്ടുപോയതായിരിക്കാം. അല്ലെങ്കില്‍ തല കുടുക്കില്‍ നിന്നു വിമുക്തമാക്കുവാനുള്ള പ്രജ്ഞപോലും ഇല്ലാതായിപ്പോയതാവാം. പട്ടിയേതായാലും റോഡരികിലൂടെ സാവകാശം പടിഞ്ഞാറേക്ക് നേര്‍രേഖയിലൂടെ ഓടിക്കൊണ്ടിരുന്നു. രേഖയൊന്നു വളഞ്ഞ് വഴിനടുക്കുപെട്ട് ഏതെങ്കിലും വാഹനത്തില്‍ അടിയില്‍പ്പെടുയോ അല്പം അകലെ അലങ്കാരഗോപുരത്തിനു സമീപത്തെ കവലയില്‍ എത്തി ആരുടെയെങ്കിലും കരുണാപൂര്‍വമുള്ള ഇടപെടലില്‍ പാട്ടക്കുരുക്കില്‍ നിന്നു വിമുക്തമാവുകയോ, ഒന്നും സംഭവിക്കാതെ തളര്‍ച്ചയോടെ ഇരുന്ന് പാട്ടയില്‍ നിന്നും രക്ഷപ്പെടുന്നതിനെ കിനാവുകാണുകയോ ചെയ്യുന്നുണ്ടാവണം അത്.

ഏതായാലും അതിന്നത്തെ സായാഹ്നക്കാഴ്ചയായിരുന്നു.

അലഞ്ഞുതിരിഞ്ഞുനടക്കുന്ന പട്ടികളും വഴിയിലേക്കു ചിതറിവീഴുന്ന ചപ്പുചവറുകളും നിത്യക്കാഴ്ചയായ ഒരു ഗ്രാമപ്രദേശത്ത് വെറുമൊരു കൗതുകക്കാഴ്ച! തീവണ്ടിയിറങ്ങി നടക്കുന്നതിനിടയില്‍, തിരുവല്ലാ (താത്കാലിക)ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡുപരിസരത്തെ മനം മടുപ്പിക്കുന്ന വാടയെക്കുറിച്ച് പറഞ്ഞ് മടുത്ത് അരമണിക്കൂര്‍ കഴിയും മുന്പായിരുന്നു ഈ കാഴ്ചയെന്നതും സത്യം. പട്ടണത്തിലെ അത്ര ദുര്‍ഗന്ധക്കൂനകള്‍ ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഈ ഗ്രാമത്തിലെയും വഴിയോരങ്ങളുടെയും ജലാശയങ്ങളുടെയും പുറമ്പോക്കുപ്രദേശങ്ങളുടെയും അവസ്ഥ ഒട്ടും നല്ലതല്ല. വെറും പ്ലാസ്റ്റിക്കു കൂടുകള്‍ മുതല്‍ ഹോട്ടല്‍/ സദ്യ അവശിഷ്ടങ്ങള്‍ വരെ. ( ഹോട്ടല്‍ അവശിഷ്ടങ്ങളും തെരുവുപട്ടികളും വാഹനങ്ങളില്‍ കൊണ്ടുവന്നു നിക്ഷേപിക്കപ്പെടുകയാണെന്നു പറയപ്പെടുന്നു). പ്ലാസ്റ്റിക്ക്, വേസ്റ്റ് എന്നൊക്കെ അലറിവിളിക്കുന്നതല്ലാതെ നാമാരും അതെങ്ങനെയുണ്ടാവുന്നു, എങ്ങനെ വഴിയോരങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു, എങ്ങനെ നമ്മുക്കാവുന്ന രീതിയില്‍ അവയെ പെരുകാതെ ശ്രദ്ധിക്കാം എന്നൊന്നും ചിന്തിക്കാറില്ല. ചിന്തിക്കുന്നുണ്ടെങ്കില്‍ത്തന്നെ അതൊന്നും നടപ്പാവുന്നില്ല. അങ്ങനെ നമ്മുടെ ആവാസകേന്ദ്രങ്ങള്‍ മാലിന്യങ്ങള്‍ നിറഞ്ഞതാവുന്നു. പത്തോ മുപ്പതോ കൊല്ലം മുന്പുവരെ തമിഴ്‌നാട്ടിലെയും ഉത്തരേന്ത്യയിലെയും വഴിയോരമാലിന്യങ്ങളെയും ദുര്‍ഗന്ധങ്ങളെയും ഒക്കെ പരിഹസിച്ചിരുന്നവരാണ് മലയാളികള്‍ എന്നോര്‍ക്കണം.( അന്യനെയും, നമുക്കു മനസ്സിലാവാത്ത എന്തിനെയും അടിമുടി പരിഹസിക്കുകയെന്നതാണല്ലോ മലയാളി എന്ന വ്യക്തിത്വത്തിന്റെ കൈയൊപ്പ്) ഏതായാലും ഇന്നത്തെ അവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തിനു നടുക്കു പുളയ്ക്കുന്ന ഒരു ജീവിയാണ് മലയാളി. ആ ചവറ്റുകൂനകളും മലിനഗന്ധവും നമ്മുടെ ജീവിതാവസ്ഥയും! പാട്ടയില്‍ തലകുടുങ്ങിപ്പോയ പട്ടിയെപ്പോലെ നിസ്സഹായതയില്‍പ്പെട്ടുപോയ ഒരു സമൂഹം.

തല പാട്ടയ്ക്കുള്ളില്‍ കുടുങ്ങിപ്പോയെങ്കിലും ആ സാഹചര്യം മനസ്സിലാക്കി കഴിയുന്നടത്തോളം ദൂരം പ്രയാണം തുടരാനായിരുന്നു പട്ടിയുടെ ത്വരയെങ്കില്‍, പെട്ടുപോയ ചവറ്റുകുന്നില്‍ പുളഞ്ഞു പുളഞ്ഞു വെപ്രാളം കൊള്ളുന്നതിലാണ് നമ്മുടെ ശ്രദ്ധയെന്ന ഒരു വ്യത്യാസമുണ്ടെന്നു മാത്രം.