Friday, June 21, 2013

മലകള്‍ കോപിച്ചപ്പോള്‍

ഹിമാലയനിരകളില്‍ ചതുര്‍ധാമങ്ങള്‍ ഇനി പഴയപടി തീര്‍ഥാടകര്‍ക്ക് എത്തിപ്പെടാവുന്ന നിലയിലാവണമെങ്കില്‍ മൂന്നുവര്‍ഷമെങ്കിലും കഴിയണമത്രേ. മഴയേതാണ്ട് അടങ്ങിയിട്ടും മഞ്ഞുമലകള്‍ ചൂഴ്ന്നു നില്ക്കുന്ന ദേവഭൂമിയിലകപ്പെട്ടുപോയ പതിനായിരക്കണക്കിനാള്‍ക്കാരെ ഇനിയും പൂര്‍ണ്ണമായി സുരക്ഷിതസ്ഥലങ്ങളിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. ഏതൊക്കെ നാട്ടുകാരുണ്ടാവും?? എത്രപേര്‍ മലകളുടെ രുദ്രതാണ്ഡവത്തില്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടാവും? എത്രപേര്‍ എന്നെന്നേക്കുമായി അപ്രത്യക്ഷരായിക്കാണും??? ഒന്നും പറയാന്‍ കഴിയില്ല. കേദാരനാഥന്റെയും ബദരിനാരായണന്റെയും തട്ടകങ്ങളില്‍ നടന്ന മനുഷ്യദുരന്തത്തിന്റെ വ്യാപ്തി ഇത്രത്തോളമാവാന്‍ കാരണമെന്താണെന്നതു പക്ഷേ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? ഈ ചിത്രങ്ങള്‍ 1882-ലെടുത്തതാണ്. ജിയോളജിക്കല്‍ സര്‍‌വേ ഓഫ് ഇന്ത്യയുടെ സൈറ്റില്‍ ഇവ ലഭ്യമാണ്.
എത്രമാത്രം നിര്‍ജ്ജനവും ശാന്തഗംഭീരവുമാണ് കേദാരശൈലത്തിന്റെ താഴ്വര. ഇതേ സ്ഥലത്തിന് നൂറ്റിമുപ്പതുകൊല്ലങ്ങള്‍ കൊണ്ട് വന്ന മാറ്റം മനസ്സിലാക്കാനായാല്‍ ആ ദുരന്തം വരുത്തിവച്ചതിന്റെ വഴികള്‍ മനസ്സിലാവും.
( ഇക്കാലയളവിനുള്ളില്‍ ഭൂമുഖത്തെ ഏതാണ്ടെല്ലാ സ്ഥലങ്ങള്‍ക്കും ഇതേനിലയിലോ, ഇതിന്റെ പതിന്മടങ്ങോ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നതു നേര്. പക്ഷേ അതിലോലപ്രകൃതിയുള്ള, ഒരു ദേവാലയത്തിന്റെ സാന്നിധ്യമൊന്നുകൊണ്ടുമാത്രം മനുഷ്യനു വല്ലപ്പോഴും വഴങ്ങുന്ന കേദാരത്തില്‍ നടന്ന മാറ്റങ്ങള്‍ അങ്ങനെ എഴുതിത്തള്ളാനാവില്ല.)1992 ലെ ഓണക്കാലത്ത് തുടങ്ങിയ ഒരു യാത്രയില്‍ ഹിമവദ്ഭൂമിയുടെ സൗന്ദര്യവും ക്രൗര്യവും മനസ്സിലാക്കേണ്ടി വന്നതാണ് എനിക്ക്. അന്ന് കേദാറിലേക്കുള്ള യാത്രയ്ക്കിടയില്‍ രുദ്രപ്രയാഗയിലും ഏതാനും ദിവസത്തിനുശേഷം ബദരിയാത്രയ്ക്കിടയില്‍ ഹനുമാന്‍ചട്ടിയില്‍ വച്ചും വീണ്ടും രണ്ടുമൂന്നു ദിവസത്തിനു ശേഷം ഗോമുഖിലേക്കു കയറുന്നതിനിടയില്‍ ചീഡ്ബാസയില്‍ വച്ചും ഹിമവാന്റെ വിശ്വരൂപത്തിന്റെ മിന്നലാട്ടം കണ്ടതിന്റെ അങ്കലാപ്പ് ജീവിതത്തിലെ ഏറ്റവും വലിയ അനുഭവങ്ങളുടെ മുന്പന്തിയിലാണ്. മലയിടിച്ചിലും മലവെള്ളപ്പാച്ചിലും. മനുഷ്യന്‍ എത്രമാത്രം നിസ്സാരനാണെന്നു പഠിപ്പിച്ച ഒരു യാത്ര. ആ യാത്രയ്ക്കിടയില്‍ ഇരുണ്ട ഒരു അപരാഹ്നത്തില്‍ ഗോവിന്ദഘട്ടിലൂടെ കടന്നുപോയി. ഒന്നോ രണ്ടോ പീടികകള്‍ മാത്രമുള്ള ചെറിയ ഒരു കവല. ഹേമകുണ്ഡ് സാഹിബിലേക്കും പൂക്കളുടെ താഴ്വരയിലേക്കും വഴിപിരിയുന്നിടം. കഴിഞ്ഞ ദിവസങ്ങളില്‍ ദുരന്തഭൂമിയായി മാറിയ ഗോവിന്ദഘട്ടിന്റെ ചിത്രങ്ങള്‍ ഞെട്ടിച്ചത് ആ ഇരുണ്ട സ്ഥലം നാലും അഞ്ചും നിലക്കെട്ടിടങ്ങളനവധിനിറഞ്ഞ ഒരു ചെറുപട്ടണമായി ഈ ഇരുപതുകൊല്ലം കൊണ്ടു മാറിയിരുന്നു എന്നു മനസ്സിലായപ്പോളാണ്. കേദാരത്തിന്റെ കാര്യവുമ് അതു തന്നെ. വളരെ ഭയാനകമായ രീതിയിലാണെങ്കിലും കേദാരഭൂമി മനുഷ്യന്റെ ദുര്‍മോഹങ്ങള്‍ കൊണ്ടുകെട്ടിപ്പടുത്തതെല്ലാം തകര്‍ത്തെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. വിശ്വാസത്തിന്റെയും വിനോദത്തിന്റെയുമൊക്കെപ്പേരില്‍ പ്രകൃതിയുടെ മടിത്തട്ടില്‍ അതിന്റെ സ്വാഭാവികത മുറിക്കാതെ പുരാതനര്‍ പണികഴിച്ച വിനീതമായ തീര്‍ഥങ്ങളെപ്പോലും കച്ചവടക്കണ്ണോടെ സപ്തനക്ഷത്രപ്രൗഢിയിലേക്ക് വളര്‍ത്തിയെടുക്കുമ്പോള്‍ ജാഗ്രതൈ.....
ഇതാവും കേദാരനാഥനും ബദരിനാരായണനും പുണ്യകാംക്ഷികളെ ഈ ദിനങ്ങളില്‍ ദൃഷ്ടാന്തപ്പെടുത്തിയത്.

Tuesday, June 11, 2013

ദൈവത്തിന്റെ ഫോട്ടോ അച്ചടിച്ച ആഴ്ചപ്പതിപ്പ്‌

എൺപതുകളുടെ പകുതിയിലെ ഒരു രാത്രി അക്കാലത്തെ അനേകം രാത്രികളെപ്പോലെ മറക്കാനാവാത്ത ഒന്നായി മനസ്സിൽ പതിഞ്ഞുനിൽക്കുന്നുണ്ട്‌. ഷാജിയോടൊപ്പം 'അമ്മ അറിയാൻ' പ്രദർശ്ശിപ്പിക്കുന്നതിന്റെ പോസ്റ്റർ ഒട്ടിക്കാനായി ഇറങ്ങിയ രാത്രി. പോസ്റ്റർ തയ്യാറാക്കി, പശ ഉണ്ടാക്കി അതൊട്ടിക്കാനായി ഉള്ള രാത്രി നടപ്പ്‌. ഇടയ്ക്കിടെ ഷാജി ഒരു ബീഡി പുകയ്ക്കും. ഞാനും ചിലപ്പോൾ ഒന്നുരണ്ടു പുകയെടുക്കും. വർത്തമാനം പറഞ്ഞുകൊണ്ട്‌, ആദ്യം തോട്ടഭാഗം വരെ നടന്ന്‌ അവിടെ ഒന്നോ രണ്ടോ പോസ്റ്റർ ഒട്ടിച്ച ശേഷം തിരിയെ വന്ന തുടർന്ന്‌ കമ്മാളത്തകിടി വരെ പോയി അവിടെയും പോസ്റ്റർ ഒട്ടിച്ചു. ഒരു രാഷ്ട്രീയപ്പാർട്ടിയുടെയോ കലാസാംസ്കാരികസംഘടനയുടെയോ മേല്വിലാസമില്ലാതെ, വിരലിലെണ്ണാവുന്ന കൂട്ടായ്മമാത്രം അവകാശപ്പെടാനാവുന്ന ഒരു കൈയ്യെഴുത്തുമാസികയുടെ പ്രവർത്തകരാണ്‌ ഇത്ര ഔദ്ധത്യത്തോടെ പാതിരാത്രിയിൽ ഒരുഗ്രാമത്തിന്റെ അങ്ങേത്തലമുതൽ ഇങ്ങേത്തലവരെ നടന്ന്‌ പരസ്യം പതിക്കുന്നത്‌. എട്ടോ പത്തോ പോസ്റ്ററുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും മഹത്തായ ഒരു ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ നടപ്പ്‌. കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക്‌ കുതിക്കുകയാണെന്നു വിളിച്ചറിയിക്കുന്ന ഒരു അദമ്യമായ പ്രക്ഷേപണം ആ പ്രവൃത്തിയിലുണ്ടായിരുന്നു. കവിയൂർ ഞാലിയിൽ ഭഗവതിക്ഷേത്രത്തിന്റെ മൈതാനത്ത്‌ 'അമ്മ അറിയാൻ' പ്രദർശ്ശിപ്പിക്കപ്പെട്ടതും ഈ അവേശപ്പെരുക്കത്തിന്‌ ലഹരിപകർന്നു. ആ ചെറുമൈതാനം നിറയെ പലപ്രായവും മാനസികനിലയും വിശ്വാസവുമുള്ള ആൾക്കാർ, ക്ഷമയോടെ ചിത്രം കണ്ടു. ഞങ്ങളുടെ പാട്ടയിൽ കൈക്കരുത്തനുസരിച്ച്‌ സംഭാവന ഇടുകയും ചെയ്തു. പിറ്റേന്ന്‌ അതേ സ്ഥലത്ത്‌ 'അഗ്രഹാരത്തിൽ കഴുതൈ' പ്രദർശ്ശിപ്പിച്ചപ്പോളാവട്ടെ, കാഴ്ച്ചക്കാരുടെ പ്രതികരണം ഞങ്ങളെ അഭിമാനിപ്പിക്കുന്നതായി. അതായിരുന്നു അക്കാലത്തിന്റെ ലഹരി. ജോൺ എന്റെ തലമുറയുടെ സ്വപ്നങ്ങൾക്ക്‌ ചിറകു തുന്നിയകാലം. 'അമ്മ അറിയാൻ' ഒരു സംഭവമായത്‌ അതിന്റെ അനുകരിക്കാനാവാത്ത അരാജകത്വംകൊണ്ടാണ്‌. ഇന്ന്‌ ജോണിന്റെ മരണത്തിന്റെ കാൽനൂറ്റാണ്ടുപ്രമാണിച്ച്‌ പ്രത്യേക പതിപ്പിന്റെ പകിട്ടുമായിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ കണ്ടപ്പോൾ ആ പഴയ സ്വപ്നങ്ങളുടെ മുഴക്കം വീണ്ടും കേൾക്കായി. മഴനനഞ്ഞുതൂങ്ങിനിൽക്കുന്ന നഗരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന ബസ്സിലിരുന്ന്‌ അത്‌ എല്ലാപ്പേജും മറിച്ചുനോക്കുമ്പോൾ ആ കാലത്തിന്റെ നിറങ്ങൾ വിരലിൽ വീണ്ടും മിന്നി. അത്രമാത്രം അനുഭവിപ്പിക്കാൻ മാത്രം മാന്ത്രികപ്രഭാവമുണ്ട്‌ അരാജകതയുടെ ദൈവത്തിന്റെ തൂവൽ മുനയ്ക്ക്‌..

Sunday, June 09, 2013

നാട്ടുവഴികളിലെ മുന്‍നടത്തക്കാര്‍ക്ക്

അയ്യരുസാര്‍ കടന്നുപോയിട്ട് ഒരാഴ്ചയിലേറെയായി.
ഈ നാട്ടിന്‍പുറത്തിന്റെ ചരിതത്തില്‍ കവിയൂര്‍ശിവരാമയ്യര്‍ എന്ന പേര് എഴുതിച്ചേര്‍ക്കപ്പെട്ടത് പതിറ്റാണ്ടുകള്‍ക്കപ്പുറത്തെപ്പോഴോ. കുഞ്ഞിലേ മുതലേ ഈ നാമം കേട്ടിരുന്നു എന്നത് എന്റെയോര്‍മ്മ. ഉത്സവകാലത്തെ ആധ്യാത്മികപ്രഭാഷണങ്ങള്‍ക്കും സ്കൂളിലെ ചടങ്ങുകള്‍ക്കുമൊക്കെ ഒരു സ്ഥിരം ക്ഷണിതാവ് എന്നതിലുപരി, ഞാനൊക്കെ പത്താംക്ലാസ്സിലെത്തിയപ്പോഴേക്കും റിട്ടയര്‍ ചെയ്ത അദ്ദേഹം അയ്യേഴ്സ് കോളേജ് എന്ന ട്യൂഷന്‍ഹോം തുടങ്ങുകയും ചെയ്തിരുന്നു. ഞാന്‍ അയ്യേഴ്സ് കോളേജില്‍ ഒരു വിദ്യാര്‍ഥിയായിരുന്നില്ല എന്നതിനാല്‍ത്തന്നെ എന്റെ തലമുറയിലെ ബഹുഭൂരിപക്ഷത്തിനുമൊപ്പം അയ്യരുസാരിന്റെ ശിഷ്യന്‍ എന്ന പദവി എനിക്കുണ്ടായില്ല, നേരിട്ട്.
പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹവുമായി അടുത്ത ബന്ധം ഉണ്ടാവുന്നത്, പഠനമൊക്കെ പൂര്‍ത്തിയാക്കി ഞാനൊരു ജോലിക്കാരനായ ശേഷം. കവിയൂര്‍മഹാക്ഷേത്രവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് എന്നെ അദ്ദേഹത്തിന്റെ അരികിലെത്തിച്ചത്. ആ ബന്ധം ആ നിലയില്‍ വളര്‍ന്നു. പില്കാലത്ത് ക്ഷേത്രചരിത്രസംബന്ധമായ ഒരു കൈപ്പുസ്തകം ഇറക്കുന്നതിന് അദ്ദേഹം എനിക്കു പ്രേരണയും വഴികാട്ടിയുമായി. എന്റേതായ എഴുത്തുകളെക്കുറിച്ച് ഞാന്‍ നേരിട്ട് ഒന്നും പറയാതിരുന്നിട്ടും അദേഹം തേടിപ്പിടിച്ചു.

ആ യൗവനമായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും മഹത്വം എന്നെനിക്കു തോന്നുന്നു. പുതിയതായി ഒരു പുസ്തകത്തെക്കുറിച്ചു കേട്ടാല്‍ അത് വായിക്കാനുള്ള ആഗ്രഹം തൊണ്ണൂറാം വയസ്സിലും അദ്ദേഹം കാത്തു. പഴയ ആചാരങ്ങളെ നിസ്സംഗതയോടെ ചവിട്ടിമാറ്റാന്‍ ഉത്സാഹവുമുണ്ടായിരുന്നു. അയ്യരുസാര്‍ കവിയൂര്‍ക്ഷേത്രോപദേശകസമിതി പ്രസിഡന്റായിരിക്കുന്ന സമയത്താണ് പ്രസിദ്ധ വാസ്തുശില്പിയായ രാമുകടകവും പ്രസിദ്ധ ഫോട്ടോഗ്രാഫറായ ജോഗീന്ദര്‍സിംഗും ഫോട്ടോയെടുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ അനുമതിയുമായി കവിയൂര്‍ക്ഷേത്രത്തിലെത്തുന്നത്. കേരളീയക്സഹെത്രങ്ങളുടെയും കൊട്ടരങ്ങളുടെയും ശില്പചാതുരിയിലേക്കെത്തിനോക്കുന്ന ഒരു ഗ്രന്ഥരചനയുടെ ഭാഗമായുള്ള വരവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള വര്‍ക്കല, തിരുവല്ലം, ഹരിപ്പാട്, തിരുവല്ല, കവിയൂര്‍, വാഴപ്പള്ളി, ഏറ്റുമാനൂര്‍, വൈക്കം എന്നീക്ഷേത്രങ്ങളില്‍ ചിത്രമെടുക്കുന്നതിനായിരുന്നു ദേവസ്വം ബോര്‍ഡ് അനുമതി നല്കിയത്. ആദ്യത്തെ സ്ഥലങ്ങളിലൊക്കെ വലിയ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിലും തിരുവല്ലയില്‍ നാലമ്പലത്തിനകത്ത് ചിത്രമെടുക്കുന്നതിന് എന്തൊക്കെയോ എതിര്‍പ്പുകളുണ്ടായി. കവിയുരില്‍ ആദ്യമൊന്നും കാര്യമായ എതിര്‍പ്പ് ഉണ്ടായില്ലെങ്കിലും ചിത്രങ്ങളെടുത്ത് രാമുകടകവും സംഘവും അടുത്തകേന്ദ്രത്തിലേക്കു പോകാന്‍ തയ്യാറെടുക്കുന്ന സമയത്ത്, നമസ്കാരമണ്ഡപത്തില്‍ കയറി ചിത്രങ്ങളെടുത്തു എന്നതിന്റെ പേരില്‍ വന്‍ പ്രതിഷേധം തന്നെയുയര്‍ന്നു. ( കവിയൂര്‍ക്ഷേത്രത്തിലെ ദാരുശില്പങ്ങളുടെ മാഹാത്മ്യം വിശദമായി പകര്‍ത്തിയിട്ടുള്ള ഡോ. റോണാള്‍ഡ് ബെര്‍ണ്ണിയറുടെ Temple arts of Kerala എന്ന ഗ്രന്ഥത്തില്‍ നമസ്കാരമണ്ഡപത്തിലേതടക്കം അനേകം ശില്പങ്ങളുണ്ട്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ ഡോ. ബെര്‍ണ്ണിയര്‍ക്ക് നമസ്കാരമണ്ഡപത്തില്‍ കയറി നിര്‍ബാധം ചിത്രങ്ങളെടുക്കനായെങ്കില്‍ രണ്ടായിരത്തി അഞ്ചായപ്പോഴേക്കും കവിയൂരിലെ/ കേരളത്തിലെ സാംസ്കാരികാന്തരീക്ഷം അതിനെ ആചാരധ്വംസനവും തീണ്ടലുമായി മാറ്റി എന്നോര്‍ക്കുക)ഏതായാലും പ്രതിഷേധം തിരിഞ്ഞത് അയ്യരുസാറിന്റെ നേര്‍ക്കാണ്. ക്ഷേത്രത്തിന്റെ ചരിത്രവും പ്രത്യേകതകളും വിവരിച്ച് രാമുകടകത്തെയും സംഘത്തെയും വഴികാണിച്ചു നയിച്ചത് സാറായിരുന്നല്ലോ. ഒന്നുകില്‍ ശുദ്ധികലശം അല്ലെങ്കില്‍ ക്ഷേത്രോപദേശകസമിതിയുടെ രാജി എന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന നിലപാടില്‍ അന്ന് അയ്യരുസാര്‍ ഉരച്ചു നിന്നു. ക്ഷേത്രം മാനേജര്‍ അന്ന് ശുദ്ധികലശം നടത്തി ഈ പ്രതിഷേധം തണുപ്പിച്ചെന്നു തോന്നുന്നു, പക്ഷേ സാറിന്റെ അചഞ്ചലമായ നിലപാട് ശ്രദ്ധേയമായി. ഏതാനും മാസങ്ങള്‍ക്കുശേഷം, കവിയൂര്‍മഹാക്ഷേത്രത്തിന്റെ നമസ്കാരമണ്ഡപത്തിന്റെയും വാതില്മാടത്തിന്റെയും മനോഹരമായ ചിത്രം മുഖപടമാക്കി ഇറങ്ങിയ Glimpses of Architecture in Kerala എന്ന പുസ്തകം സാറിനു കോംപ്ളിമെന്ററി കോപ്പികിട്ടിയത് ഈ സമരനായകരെക്കാണിച്ചപ്പോള്‍ അവര്‍ മിണ്ടാട്ടമില്ലാതെ ചിരിച്ചു നിന്നത് ഞാനോര്‍ക്കുന്നു.
ആ നിത്യയൗവനത്തിന്റെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചാണ് സാര്‍ കടന്നു പോയിരിക്കുന്നത്. ഒരിക്കലും തളരാത്ത യൌവനതീക്ഷ്ണതയോടെ ലോകത്തെ തെളിമയോടെ കാണുകയും ചിരിയോടെ നേരിടുകയും ചെയ്ത ഒരു മനുഷ്യന്‍. വായനയും എഴുത്തും വ്രതമാക്കിയ ഒരാള്‍. ഹിന്ദിയിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും മലയാളത്തിലും ഒരേപോലെ പാണ്ഡിത്യം. പുതുമകളെ സുമനസ്സോടെ സ്വീകരിക്കുവാനും പഴമകളുടെ ജീര്‍ണ്ണമുഖത്തെ കുപ്പയിലെറിയാനുമുള്ള ഔദ്ധത്യം അയ്യരുസാറിന് എന്നുമുണ്ടായിരുന്നു.
ജലരേഖകളാല്‍ ഭ്രംശിക്കപ്പെട്ട് എന്ന എന്റെ നോവലിന്റെ കോപ്പി ഗുരുദക്ഷിണയായി സാറിനു സമര്‍പ്പിക്കുമ്പോള്‍ അതിന്റെ ഒരു പേജിനപ്പുറം അദ്ദേഹം വായിക്കുമെന്ന് എനിക്കൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. കാഴ്ചക്കുറവുകാരണം ഒരു ലെന്‍സ് ചേര്‍ത്തുപിടിച്ച് പത്രം വായിക്കാന്‍ അദ്ദേഹം കഷ്ടപ്പെടുന്നതു കണ്ടിട്ടുമുണ്ടായിരുന്നു.എന്നാല്‍, ഒന്നുരണ്ടാഴ്ചയ്ക്കുശേഷം അമ്പലത്തില്‍ വച്ചുകണ്ടപ്പോള്‍ അദ്ദേഹം ഉറക്കെപ്പറഞ്ഞ വാക്കുകള്‍ ആ പുസ്തകത്തിനുകിട്ടിയ ഏറ്റവും വലിയ നിരൂപണവുമായി- 'ഞാനതു മുഴുവന്‍ വായിച്ചു. അയ്യോ, അതിസുന്ദരിയായ ഒരു യുവതിയെ കഷണം കഷണമായി മുറിച്ചിട്ടിരിക്കുന്ന ഒരു പ്രതീതിയാണ് ഉണ്ടായത്. എനിക്കൊട്ടുമിഷ്ടപ്പെട്ടില്ല.'

Sunday, June 02, 2013

നനവ്

ഒരുമഴയ്ക്കെന്തൊക്കെച്ചെയ്യാനാവും??
മറുപടി മലയാളിക്കു പറയാനാവുന്നതുപോലെ ലോകത്തൊരു മനുഷ്യവംശത്തിനും പറയാന്‍ സാധിച്ചേക്കില്ല. അത്രയ്ക്കു കൊതിച്ചുപോയീ മഴയെ ഇക്കൊല്ലം.
എന്തുകൊണ്ടു മഴ,
എങ്ങനെ മഴ,
എപ്പോളൊക്കെ മഴ,
എത്രകണ്ടുമഴ
എന്നിത്യാദി
നൂറായിരം ചോദ്യങ്ങളെയും അവയ്ക്കൊക്കെയുണ്ടാകാവുന്ന നൂറുനൂറായിരം ഉത്തരങ്ങളെയും ഈ മഴയില്‍ ഒതുക്കാം.( അതേ, ഇപ്പോഴും മഴയാണ്. നിര്‍ത്താത്ത മഴയിരമ്പത്തിന്റതാണീ രാത്രി.)
എന്തായിരുന്നു ഒരാഴ്ചമുന്പുവരെയുള്ള പുകച്ചിലും പരവേശവും? ഇന്നു രാവിലെ കിണറ്റിലേക്കു കണ്ണയച്ചപ്പോളാണ് ആശ്വാസമായത്, അരഞ്ഞാണമായ അരഞ്ഞാണത്തിനെല്ലാം ഋതുവുണര്‍ന്നിട്ടുണ്ട്. മിനിയാന്നുവരെ ഊഷരമായിക്കിടന്നവയ്ക്കൊക്കെ ജീവന്‍ വച്ചിട്ടുണ്ട്.
ഇതാണെക്കാലവും മഴയുടെ ലക്ഷ്യവും.
മഴ, കനിഞ്ഞനുവദിച്ച വൈദ്യുതിത്തകരാറിലൂടെ, മഴയിലേക്ക് മുറിഞ്ഞു നില്ക്കുന്ന ഈ കുറിപ്പ് നനയുമ്പോള്‍.........................................
നനവ്......
നനവ് നിറയുമ്പോള്‍, നനവുമാത്രം
സത്യമാവുമ്പോള്‍
വേനലിനെ മറന്നേപോകുന്നു.
മനുഷ്യന്‍,
ഹാ,
ഓര്‍മ്മകളെപ്പിടിച്ചാണയിടാരുണ്ടെങ്കിലും
മനുഷ്യന്‍ യഥാര്‍ഥത്തില്‍
മറവിയുടെ സന്തതിയാണല്ലോ.