Tuesday, December 02, 2014

ഗുരുവിനുനമോവാകം.


ഗുരു എന്ന സങ്കല്പത്തിന് ഒരുപര്യായമായി ടി. ജി. പുരുഷോത്തമന്‍ നായര്‍ സാര്‍ അവതരിച്ചത് പ്രീഡിഗ്രീ ക്ലാസ്സിലായിരുന്നു. ആവലാതികളെയും പരിദേവനെങ്ങളെയും കണക്കിലെടുത്ത് എല്ലാവരെയും ഒരു ചിരിമുഖവും സൗമ്യവചനങ്ങളും കൊണ്ട് ആശ്വസിപ്പിച്ച് സാറിന്റെ ക്ളാസ്സ് മുന്നേറി. പ്രത്യേകിച്ചും മലയാളം മീഡിയത്തില്‍ പത്താം ക്ലാസ്സ് വരെ പഠിച്ച എന്നെ പ്പോലുള്ളവര്‍ക്ക് സാറിന്റെ ക്ലാസ്സ് വലിയൊരു ആശ്വാസമായിരുന്നു 1981-83 കാലത്തെ പ്രീഡിഗ്രീ ക്ലാസ്സില്‍. പിന്നെ മലയാള്ം ഐഛിക വിഷയമായി എം എയ്ക്കുചേരുമ്പോള്‍ സാറിന്റെ വ്യത്യസ്തമായ മുഖം ദൃശ്യമായി. പൗരസ്ത്യകാവ്യമീമാംസയായിരുന്നു സാര്‍ എടുത്തത്. ആ ക്ലാസിന്റെ ഗൗരവം മനസ്സിലായത് സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എമ്ഫിലിനു ചേര്‍ന്നപ്പോളായിരുന്നു. ഡോ. ടി. ഭാസ്കരന്റെ പൗരഷ്ട്യ കാവ്യമീമാംസ എന്ന പുസ്തകം അടിസ്ഥാനമാക്കി സാര്‍ പിജി ക്ലാസ്സില്‍ പഠിപ്പിച്ചതിനപ്പുറത്തൊന്നും, ആ തലത്തില്‍പ്പോലും എംഫിലിന് ഇംഗ്ലീഷ് വിദ്യാര്‍ഥികളടക്കമുള്ള ആ ക്ലാസ്സില്‍ നിന്നു ലഭിച്ചില്ല. അതായിരുന്നു സദാ വെറുമൊരു മലയാളം മുന്‍ഷി സ്റ്റൈലില്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് സ്വതേ ലളിതനായി പ്രത്യക്ഷപ്പെടുന്ന സാറിന്റെ മഹത്വം.
മലയാളം എംഎ ആദ്യക്ലാസ്സുകളിലൊന്നില്‍ ടിജിപി സാര്‍ പൗരസ്ത്യ കാവ്യമീമാംസ അവതരിപ്പിച്ചുകൊണ്ട് ചോദിച്ച ആദ്യചോദ്യങ്ങളിലൊന്ന് പ്രസിദ്ധമായ രഘുവംശതുടക്കശ്ലോകമായ വാഗര്‍ഥാവിവ സംപൃക്തൗ എന്നതിന്റെ വിഭ്ക്തിപ്രത്യേകതകളായിരുന്നു എന്നതും ഓര്‍ക്കാതെ വയ്യ. കുട്ടികൃഷ്ണമാരാരുടെ രഘുവംശ വ്യാഖ്യാനം കണ്ടിരുന്ന എന്റെ ഉത്തരത്തെ സാര്‍ നേരിട്ട ചിരി മറക്കാനാവില്ല. വാഗര്‍ഥാവിവ എന്ന പ്രയോഗത്തിന്റെ അര്‍ഥമായിരുന്നു സാര്‍ ചോദിച്ചത്. വിഗ്രഹിച്ചപ്പോള്‍ എനിക്കു പിഴച്ചു. വാഗര്‍ഥൗ ഇവ എന്ന് സാര്‍ ക്ലാസ്സിനാകെ മനസ്സിലാക്കിക്കൊണ്ട് സംസ്കൃതം ക്ലാസ്സില്‍ മനസ്സിലാവുന്നതരത്തില്‍ വാഗര്‍ഥൗ ഇവ എന്ന ദ്വിതീയ വിഭക്തിയുടെ സംസ്കൃതഭാഷയിലെ പ്രയോഗ സാധുതകകള്‍ വ്യക്തമാക്കിത്തന്നു. ജോലികിട്ടിയിട്ടും സാര്‍ പലരൂപങ്ങളില്‍ മുന്പില്‍ത്തന്നെയുണ്ടായിരുന്നു. റിട്ടയര്‍ ചെയ്തശേഷം തോട്ടയ്ക്കാട് ബി എഡ് സെന്ററിന്റെ പ്രിന്സിപ്പ്ലായി മാരിയ സാര്‍ സര്‍വകലാശാലയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. സ്ഥിരം കാണുന്ന എന്നെ ഒരു പ്രീഡിഗ്രീ വിദ്യാര്ഥിയെന്ന നിലയില്‍ നല്കിയ സ്നേഹമയമായ പരിഗണനയോടെ വാത്സല്യത്തോടെ കണ്ടു. ഗുരുചൈതന്യത്തെ അതേ തീക്ഷ്ണതയോടെ അംഗീകരികുവാനും അതറിഞ്ഞു ബഹുമാനിക്കുവാനും കഴിഞ്ഞിട്ടുണ്ടോ എന്ന സന്ദിഗ്ധതയേ ഞാന്‍ നേരിട്ടിട്ടുള്ളു. ഇന്നും. എന്നോ ഒരിക്കല്‍ ആ മനോഭാവത്തോടെ കുറിച്ചിട്ട വരികള്‍ ഇന്നും പഴയ കടലാസുകെട്ടുകള്‍ക്കിടയില്‍ വിശ്രമിക്കുന്നുണ്ടാവണം.
ഗുരവേ നമഃ!
ടിജിപി സാറിന് ഹൃദയം കവിഞ്ഞ ആദരാജ്ഞലികള്‍ കുറിക്കാന്‍ മാത്രമേ എനിക്കാവതുള്ളു.
ഗുരു എന്ന പദത്തിന്റെ ഗൗരവും അതിന്റെ സൗഹൃദാത്മകമായ തലവും ഗുരുവില്‍ നിന്നു ലഭികുന്ന വാത്സല്യവും എന്നെന്നും കരുതിയ, ആവോളം അനുഗ്രഹിച്ചരുളിയ ആ മഹദ് വ്യക്തിത്വത്തിന്റെ സദാപ്രസന്നമായ ലാളിത്യത്തെ എക്കാലവും ഹൃദയത്തില്‍ കരുതിക്കൊണ്ട്.......................
മറക്കാനാവില്ല, അങ്ങയെ ഒരിക്കലും!!!!!

Thursday, November 27, 2014

ക്ളോസപ്പ് ഒഴിവാക്കണം

( ബാല്യത്തിലെയും കൗമാരത്തിലെയും സങ്കല്പസഞ്ചാരങ്ങളുടെ കൂട്ടാളിയ്ക്ക്, ഹരിയ്ക്ക്)

കാണുന്ന പലതും നേരല്ലാത്തതുപോലെ ഇതുമൊരു പൊയ്ക്കാഴ്ചയാണ്. മുഖമെന്റേതെങ്കിലും അതെന്റെമുഖമല്ലതന്നെ. മിനുക്കുവാനൊന്നും മിനക്കെട്ടില്ലെങ്കിലും ചെറിയൊരു തട്ടിപ്പ്. തനിപ്പടംപിടിയ്ക്കുമ്പോള്‍ മാത്രം പടത്തില്‍ വരുത്താനാവുന്ന ഒരു കൃത്രിമം: കൈ അകലേയ്ക്കു പിടിച്ച്, കഴിയുന്നത്ര ശരീരത്തില്‍ നിന്നകറ്റിപ്പിടിച്ച്, ഒരു ക്ളിക്ക്. ഭദ്രം. സൂപ്പര്‍!!

കറുത്തപാടുകളുണ്ട് കവിളത്ത്. കണ്ണിനടിയില്‍ നേര്‍ത്ത ചുളിവുകളും. വകഞ്ഞൊതുക്കിവച്ചിരിക്കുന്ന മുടി വെറും പടമാണ്, ഉള്ളേയില്ല. അരനൂറ്റാണ്ടോളംകാലം നടന്നതിന്റെയും കൊണ്ടതിന്റെയും, കൊടുത്തതിന്റെയും തടുത്തതിന്റെയും അടയാളങ്ങളതേപടി കുറിക്കപ്പെട്ടിട്ടുണ്ട്. അതറിയണമല്ലോ നാം തന്നെ. തനിപ്പിടി പിടിക്കുമ്പോളെങ്കിലും ക്ളോസപ്പ് ഒഴിവാക്കി, മുഖത്തെ തളര്‍ച്ചകള്‍ കഴിയുന്നത്ര അവ്യക്തമാക്കുവാന്‍ ശ്രമിക്കണം.

അല്ലെങ്കില്‍ത്തന്നെ എല്ലാം വിശദമായിക്കാണണമെന്ന് നാം പലപ്പോഴും എന്തിനാണിത്ര ശാഠ്യം പിടിക്കുന്നത്? അങ്ങനെ ആവശ്യപ്പെട്ടുശീലമായിപ്പോയി എന്നതൊഴിച്ചാല്‍ എന്താണതിന്റെ യുക്തി? അടുത്തെത്തുമ്പോള്‍ പല യാഥാര്‍ഥ്യങ്ങളും ഭയം വരുത്തുകയേയുള്ളു എന്നതറിയാഞ്ഞല്ലല്ലോ. പടക്കളത്തിന്റെഅലര്‍ച്ചകള്‍ ചോരപ്പാടുകള്‍ ചിതറിയ കബന്ധങ്ങള്‍ ഒന്നും നല്ല കാഴ്ചകളല്ല. കുഴഞ്ഞുനനഞ്ഞ നിലം ചതുപ്പിന്റെയാഴം കാണാവുന്നത്ര വ്യക്തമായിക്കഴിഞ്ഞാല്‍ നടക്കാന്‍ മടിയ്ക്കുകയല്ലേയുള്ളു! അപ്പോള്‍ ഒന്നും വ്യക്തമാവരുത്. കഴിവതും അതിനാല്‍ ക്ളോസപ്പ് ഒഴിവാക്കണം.

സൂക്ഷ്മമായി അറിഞ്ഞാലേ എന്തിനും പരിഹാരം കാണാനാവു എന്ന് പറയുമല്ലോ എന്നല്ലേ? പരിഹാരം എന്നൊന്നുണ്ടെങ്കിലല്ലേ ആ വാദത്തിനു പ്രസക്തിയുള്ളു? ചിലതൊന്നും ആര്‍ക്കും നേരെയാക്കാനാവില്ല. ഒന്നും ആര്‍ക്കും നേരെയാക്കാനാവില്ല. കണ്‍തടത്തില്‍ കടന്നുപോയദിനങ്ങള്‍ ചാര്‍ത്തിത്തന്ന വരകള്‍ മായ്ക്കുവാന്‍ ഒരു വൈദ്യനും കഴിയില്ല, മറയ്ക്കുവാനേ കഴിയൂ. കൊലവിളിച്ചു നില്ക്കുന്ന ജ്യേഷ്ഠാനുജന്മാരുടെ പക അണയ്ക്കുവാനാവില്ല ഒരു ദിവ്യമാതാവിനും, തത്കാലത്തേയ്ക്കു പിടിച്ചുമാറ്റാനേ കഴിയൂ. അത്രയ്ക്കേ ഉണ്ടാകാവു അടുപ്പം.

നടന്നവഴികളൊന്നും മറന്നിട്ടല്ല, കൂട്ടുകാരാ, സ്വയം മൂടിവച്ചിങ്ങനെ വഞ്ചനയ്ക്കൊരുങ്ങുന്നത്. നാംതന്നെ എന്താണെന്നറിയാത്തതിന്റെ അമ്പരപ്പുമൂലമാണ്............

അല്ലെങ്കിലുമൊന്നോര്‍ത്തുനോക്കൂ, അടുപ്പിച്ചടുപ്പിച്ച്, മുഖത്തെയുമ്മവയ്ക്കുന്നത്രയടുപ്പിച്ചാല്‍ ആ ഛായയുടെ അവസ്ഥ!

അതിനാല്‍ ഒഴിവാക്കണം
എപ്പോഴും
ക്ലോസ് അപ്.
ഡാലിയുടെഒരു പെയിന്റിംഗ്

Saturday, November 22, 2014

മഞ്ഞോര്‍മകള്‍

കുന്നിന്നുച്ചിയില്‍ മഞ്ഞുപെയ്യുന്ന നേരം കട്ടി-
ക്കമ്പിളിത്തുണിപ്പുതപ്പൊന്നുമേ ധരിക്കാതെ
അസ്ഥിയെത്തുളയ്ക്കുന്ന കാറ്റിനെ നേരിട്ടന്തി
വെട്ടത്തില്‍ മിഴിനട്ടു നിന്നകാലവുമുണ്ട്.....

മറ്റൊരോര്‍മ്മയില്‍,ത്തലക്കാവേരിക്കുന്നിന്‍മേലെ
മുറ്റിയപുകമഞ്ഞില്‍ കണ്ണുഴന്നറിയാതെ-
യൊറ്റയ്ക്ക് കൈയ്യില്‍ക്കോര്‍ത്ത പുല്ലിനെച്ചുറ്റിപ്പിടി-
ച്ചെത്രമേല്‍ നിമിഷങ്ങള്‍ തള്ളിനീക്കിയിട്ടുണ്ട്

ഉത്സവക്കാലം ധനുമാസത്തില്‍ മഞ്ഞില്‍ക്കുളി-
ച്ചെത്രയോ രാവോര്‍മ്മകള്‍, പിന്നെത്ര നിലാശയ്യ
ബസ്സിന്റെജനല്‍ഷട്ടര്‍താഴ്താതെ കിലോമീറ്റ-
റെത്രയോ പിന്നിട്ടൂയലാടുന്ന സഞ്ചാരങ്ങള്‍...

വൃശ്ചികം പിറന്നിട്ടേയുള്ളു രാവിനും കരു-
ത്തിത്രയേയായിട്ടുള്ളു, പതിരാവായേയുള്ളു.
ജന്നലില്‍ക്കൂടിച്ചിന്നിയെത്തുന്ന തണുപ്പിന്റെ
കുഞ്ഞുനാവാടുമ്പോഴേയിന്നിതാവിറയ്ക്കുന്നു!


Friday, November 21, 2014

പറമ്പില്‍ പലതും നടക്കുന്നുണ്ട്

മുറ്റത്ത് മന്ദാരം നട്ടപ്പോള്‍
അവന്‍ സ്ഥാനമൊന്നും നോക്കിക്കാണുകില്ല.
കിളികളെ ഊട്ടിയിരുന്നതിനും
നേരം കാലം ശ്രദ്ധിച്ചിരിക്കില്ല.
നടന്നുപോയവഴികളില്‍
കാല്പാടുകള്‍ പതിഞ്ഞിടുണ്ടോ എന്ന്
പിന്തിരിഞ്ഞു നോക്കിയ ചരിത്രമില്ല
അവന്.


സ്വന്തം കാല്പാടുകള്‍
നന്നായി പതിഞ്ഞിട്ടുണ്ടോ എന്ന്,
നിഴല്‍ പിന്നില്‍ത്തന്നെയുണ്ടോ എന്ന്
ശങ്കിക്കുന്നവരുണ്ടാവാം
പാറപ്പുറത്തു പാടുവീണില്ലല്ലോ എന്ന്
വിഷമിച്ച്
ദേവശില്പിയെ വരുത്തി
സ്വന്തം പാദം കൊത്തിവയ്പ്പിക്കുന്നവരുണ്ടാവാം
എവിടെയെങ്കിലും
മറ്റാരുടെയെങ്കിലും കാല്പാടൊന്നു തെളിഞ്ഞതുകണ്ടാല്‍
കലിയോടെ അതു മായ്ക്കുന്നവരും

അവന്‍ അക്കൂട്ടത്തിലൊരാളായിരുന്നില്ല.

തെച്ചിയും തുളസിയും
ആരാണു തങ്ങളെ നട്ടതെന്നതിനെക്കുറിച്ച്
തലപുകയാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.
അതില്‍ച്ചേക്കേറുന്ന കിളികള്‍ക്ക്
ചെടികള്‍ വളര്‍ന്നതുകണക്കാക്കാതെ
തരം കിട്ടമ്പോഴൊകെ വെള്ളം പകരുകയും
നിഴല്‍പറ്റിനിന്ന്
അവയോടു സംസാരിക്കുകയും ചെയ്യുന്നവന്റെ
ചരിതത്തില്‍ വലിയ താത്പര്യം കാണില്ല.
മഴുവുമായി വരുന്നവന്റെ
മുഖം
ഇവയൊന്നും മറക്കില്ല.

ഭിത്തിചിത്രങ്ങള്‍
മായിച്ചു
കളിച്ച് പായുന്നതിനിടയില്‍
കുറുമ്പന്‍ കുട്ടി
ആകാശത്തേക്കു കൈയാഞ്ഞു വീശിക്കൊണ്ട് പലകുറി
ചാടിനോക്കി.
കുരുവിയുടെ രൂപമുള്ള
മേഘം
കിഴക്കോട്ട് ഒഴുകിനീങ്ങിക്കൊണ്ടേയിരുന്നു.............

Tuesday, November 11, 2014

നദിയിലെ ഇളക്കങ്ങള്‍

വീട്ടിലേക്കുള്ള വാട്ടര്‍കണക്‍ഷനെടുക്കാന്‍ വഴി തുരക്കാനുള്ള അനുമതിയ്ക്കു വേണ്ടി, പിഡബ്ള്യു ഡി ഓഫീസില്‍ച്ചെന്ന് മുദ്രപ്പത്രമൊപ്പിടാന്‍ വേണ്ടിയാണ് അര ദിവസത്തെ കാഷ്വല്‍ ലീവെടുത്ത് ഉച്ചയ്ക്കുതന്നെ യാത്രതിരിച്ചത്. ഊണ് കോട്ടയത്തെവിടെയെങ്കിലും ചെന്നിട്ടാവാമെന്നു കരുതി. നീലിമംഗലം പാലം കടക്കുമ്പോള്‍ വെറുതെ ആറ്റിലേക്കൊന്നു കണ്ണയച്ചു. രണ്ടോ മൂന്നോ ദിവസം മഴ മാറി നിന്നപ്പോഴത്തേയ്ക്കും പുഴ ചൊട്ടി, ഒഴുക്കു നിലച്ച്, വെള്ളത്തിനു പച്ചനിറം വച്ചു തുടങ്ങിയിരിക്കുന്നു. ഓളമില്ലാതെ കിടക്കുന്ന വെള്ളത്തില്‍ പെട്ടെന്നൊരിളക്കം ഉണ്ടായത് വണ്ടിയിലിരുന്നു കാണാനായി. ഓളങ്ങളുടെ ഒരു ചെറുവൃത്തം. ഏതോ മീന്‍ ഇരപിടിച്ചു മുങ്ങിയതാവാം.

എത്ര ലളിതമാവാം അതിന്റെ ജീവിതം എന്നാണാദ്യം തോന്നിയത്. കാഷ്വല്‍ ലീവിനപേക്ഷിക്കാതെ, അനുമതിയ്ക്കു കാക്കാതെ, മുദ്രപ്പത്രങ്ങളിലൊന്നുമൊപ്പിടാന്‍ പോവാതെ അതിനു യഥേഷ്ടം നീന്തിത്തുടിച്ചു നടന്നാല്‍ മതി. വെള്ളത്തിന്റെ മുകള്‍പ്പാടയില്‍ എന്തെങ്കിലുമനങ്ങിയാല്‍ ഉന്നം നോക്കിക്കുതിച്ചാല്‍ മതി. പുകയുന്ന കരയില്‍, വെയിലില്‍ പുളച്ചോടുന്ന വണ്ടിയിലിരുന്ന് ആ മീനിന്റെ ജലകുടീരത്തിലെക്കുളിര്‍മ്മയും അതിന്റെ ജീവിതത്തിന്റെ ലാളിത്യവുമോര്‍ത്ത് ഞാന്‍ അസൂയക്കൊണ്ടു ഒരു നിമിഷത്തേക്ക്.

ഒരുപക്ഷേ, നമ്മുടെ ജീവിതത്തിലുണ്ടെന്നു പറയുന്ന സങ്കീര്‍ണതകളും ഇതേ പടി ലളിതമാവാം. അതൊക്കെ ഗഹനമായുള്ളതാണെന്നു നാം കരുതിപ്പോവുന്നതിന്റെ ഫലങ്ങളാവാം നമ്മുടെ ആശങ്കകള്‍. മനുഷ്യന്റെ കണ്ണിലെ ഏറ്റവും വലിയ നേട്ടത്തിനൊപ്പമാവാം, ഇന്നെന്റെ കാഴ്ച്ചവട്ടത്തില്‍ ജലപാളികള്‍ക്കിടയില്‍ എനിക്കു വെളിപ്പെടാതെ, ഓളങ്ങളിലൂടെ മാത്രം സാന്നിധ്യം അറിയിച്ച് പുളച്ചു താണു പോയ ആ മീനിനെ സംബന്ധിച്ചിടത്തോളം ആ കുതിപ്പിലൂടെ അതിനു ലഭിച്ച ഇര/ സംതൃപ്തി.

കോട്ടയത്തെത്തുമ്പോഴേക്കും വിശപ്പ് ഒരു മൃഗമായി അകം കാര്‍ന്നു തുടങ്ങിയിരുന്നു. നാഗമ്പടത്തെ അര്‍ക്കാദിയയില്‍ നിന്ന് മീന്‍കറികൂട്ടി ഒരൂണും കഴിഞ്ഞ്, സ്റ്റാന്‍ഡില്‍ നിന്നേതെങ്കിലും പ്രൈവറ്റ് ബസ്സില്‍ക്കയറി മല്ലപ്പള്ളിയാത്രയാവാമെന്നുമായിരുന്നു ആദ്യത്തെ ഉദ്ദേശം. അര്‍ക്കാദിയയിലെ ഊണിനു വേണ്ടി വയറിനെ പാകപ്പെടുത്തിക്കഴിഞ്ഞിരുന്നു. എന്നാല്‍ നാഗമ്പടത്തെത്തിയപ്പോഴാണ് ഇന്നു ചൊവ്വാഴ്ചയാണല്ലോ എന്നോര്‍ത്തത്. ചൊവ്വഴ്ചകള്‍ നാഗമ്പടത്തെ സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള പള്ളിയിലെ വിശേഷദിവസമാണ്. കുറെ നാളേ ആയിട്ടുള്ളുവെങ്കിലും അവിടുത്തെ ചൊവ്വാഴ്ചത്തിരക്ക് നഗരത്തെയാകെ നിറച്ചുതുടങ്ങിയിട്ടുണ്ട്. ഊഹം തെറ്റിയില്ല, അര്‍ക്കാദിയയ്ക്കു മുന്പിലും തീര്‍ഥാടകരുടെ തിരക്കാണ്. അവിടെയിറങ്ങേഠെന്നു തീരുമാനിച്ചു. ട്രാന്‍സ്പോര്‍ട്ടു സ്റ്റാന്‍ഡിന്റെ അടുത്ത് ബസ്സിറങ്ങി. എവിടെയുണ്ണണമെന്നു നിശ്ചയമില്ലാതെ കഷ്ടപ്പെട്ടു റോഡ് മുറിച്ചുകടന്നു. കോഫീ ഹൗസ് വേണോ ആര്യാസ് വേണോ എന്നു നിശ്ചയമില്ലാതെ ആര്യാസിന്റെ മുന്പിലെത്തിയപ്പോള്‍ അങ്ങോട്ടുതന്നെ കയറിയേക്കാമെന്നു തോന്നി. അവിടെ കൂപ്പണെടുക്കാന്‍ ചെന്നപ്പോഴേ മുന്നറിയിപ്പുകിട്ടി, കുത്തരിച്ചോറു തീര്‍ന്നിരിക്കുന്നു. വെള്ളയരിച്ചോറിനു കൂപ്പണെടുത്തു. കഴിച്ചു തുടങ്ങിയപ്പോഴേക്കും അതെത്ര പെട്ടെന്നു വയറു നിറയ്ക്കുന്നുണ്ടെന്നു മനസ്സിലായി. നിറവയറോടെ ബസ് സ്റ്റാന്‍ഡിലേക്കു നടക്കുമ്പോള്‍ മലയാളിയുടെയും തമിഴന്റെയും ഊണിന്റെ ശൈലികള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചോര്‍ത്തു. അപ്പോള്‍ തമിഴന്‍ വിഷം നിറഞ്ഞ പച്ചക്കറികളാണ് മലയാളിക്കു കഴിക്കാനായി ദിവസേന ലോറികള്‍ നിറച്ചുവിടുന്നതെന്ന ആരോപണത്തെക്കുറിച്ചായി വിചാരം.

അതെ, വിഷമാണ് പച്ചക്കറികളിലെല്ലാം എന്ന പുതിയപുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് ഒരു മറുവശമില്ലേ?

തമിഴ്‌നാട്ടിലെ കൃഷിക്കാര്‍ മലയാളിയുടെ ഭ്രമങ്ങള്‍ പൂര്‍ണ്ണമായി സംതൃപ്തിപ്പെടുത്താനായി സ്വന്തം പാടങ്ങളില്‍ വിളവു പതിന്മടങ്ങിരട്ടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടാവാം. ആ ഉദ്ദേശത്തോടെ മണ്ണിനു താങ്ങാനാവാത്തത്ര രാസവളങ്ങള്‍ ചൊരിയുന്നുണ്ടാവാം. വിളകള്‍ പുഴുവരിക്കാതിരിക്കാന്‍ വിഷം തളിക്കുകയോ കുത്തിവയ്ക്കുകയോ ചെയ്യുന്നുണ്ടാവാം. മലയാളിയുടെ സൗന്ദര്യബോധത്തിനിണങ്ങുന്നത്ര പൊലിപ്പും തിളക്കവും നല്കാന്‍ പലജാതി രാസവസ്തുക്കള്‍ പ്രയോഗിക്കുന്നുണ്ടാവാം. എല്ലാം നമ്മള്‍ക്കു വേണ്ടിയാണ്. അങ്ങിനെ തരുന്നവന്റെ മനസ്സിലെ വിഷത്തെ വര്‍ണ്ണിച്ച് വാര്‍ത്തയോടുവാര്‍ത്തകള്‍ വരുമ്പോള്‍ നാം അതിന്റെ ഗുണപരമായ അര്‍ഥത്തില്‍ത്തന്നെയെടുക്കുമോ? തരിശായിക്കിടക്കുനിടത്തെല്ലാം വിത്തെറിഞ്ഞ്, ഒരുതുള്ളി രാസവസ്തുവും പ്രയോഗിക്കാതെ നമുക്കും നമ്മുടെ മക്കള്‍ക്കും അയല്ക്കാര്‍ക്കും സമൂഹത്തിനുമായി ഓരോ മലയാളിയും മണ്ണില്‍ വിയര്‍പ്പൊഴുക്കുമോ? അങ്ങനെ പ്രതീക്ഷിക്കാനാവുമോ? എങ്കില്‍ ഈ വാര്‍ത്തകള്‍ ലക്ഷ്യത്തെത്തി എന്നു വിശ്വസിക്കാം.

എന്നാല്‍ ഒരു മറുവശം കൂടി ആലോചിക്കേണ്ടതുണ്ട്

ഭക്ഷ്യവസ്തുക്കളില്‍ വിഷം ചേര്‍ക്കുന്നതുള്‍പ്പെടെ എല്ലാ മായം ചേര്‍ക്കലുകളെയും നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ ചില പുതിയ മാനദണ്ഡങ്ങള്‍ നിര്‍ബന്ധിതമാക്കുവാന്‍ തയ്യാറാവുന്നു എന്നു സങ്കല്‍പ്പിക്കുക.( സങ്കല്പമേ ആകാവു. ഇതൊരു തലതിരിഞ്ഞ ചിന്തയാണെന്ന അറിവോടെ അങ്ങനെ ഒന്നു സങ്കല്പിച്ചു നോക്കി ഞാന്‍. ഒരു തരം ഉച്ചക്കിറുക്കാവാം) എല്ലാവര്‍ക്കും കഴിയുന്നത്ര ശുദ്ധമായ ഭക്ഷണം ലഭ്യമാക്കാന്‍ നിലവാര പരിശോധന കര്‍ശനമാക്കുന്നു. വിഷം പാടില്ല. കേടുപാടില്ല. ചീയരുത്. കാഴ്ചയിലും, മണത്തിലും, രുചിയിലുമൊക്കെ ഉന്നത നിലവാരം വേണം. അങ്ങനെ വിശദപരിശോധനയും ഗുണനിലവാര സര്‍ട്ടിഫിക്കറ്റു നല്കലും വന്നാല്‍ ആരാവും ആ പരിഷ്കാരത്തിന്റെ ഗുണഭോക്താക്കള്‍?

തേനിയിലോ, മധുരയിലോ, തഞ്ചാവൂരോ ഉല്പാദിപ്പിച്ച്, കേരളത്തിലങ്ങോളമുള്ള ചന്തകളില്‍ ചീയലോ, ദുര്‍ഗന്ധമോ, രുചിക്കുറവോ, വാട്ടമോ ബാധിക്കാത്ത 'ഫ്രെഷ്' 'നാച്ചുറല്‍' പച്ചക്കറികള്‍ നല്കാന്‍ തമിഴകത്തെ എത്ര ചെറുകിട/ ഇടത്തരം കര്‍ഷകര്‍ക്കു കഴിയും. അനുദിനം, പുതുപുത്തന്‍, വാട്ടമില്ലാത്ത ഒന്നാന്തരം പച്ചക്കറി?

അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കോ, ഇന്ത്യയിലെതന്നെ ഭീമന്‍മാര്‍ക്കോ അത് നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. നാം കേട്ടിട്ടുള്ളതോ, ഭയപ്പെടുന്നതോ ആയ വിഷങ്ങളൊന്നും പുരട്ടാത്ത, നാമറിഞ്ഞ രാസവളങ്ങളൊന്നും ഉപയോഗിക്കാത്ത, ചീയാത്ത, വാടാത്ത, കൃമികീടങ്ങളൊന്നും തുരക്കാത്ത ഒന്നാംതരം പച്ചക്കറി. വേണമെങ്കില്‍ ഓരോ പച്ചമുളകിലും ലോകം മതിക്കുന്ന ആ ബ്രാന്‍ഡ് മുദ്ര പതിച്ചുതന്നെ! ആകര്‍ഷകമായ പായ്ക്കറ്റില്‍!

നമ്മുടെ പത്രലേഖകരും പത്രങ്ങളും തികച്ചും ഉത്തരവാദിത്തബോധത്തോടെ തന്നെയാണ് ഈ വാര്‍ത്തകള്‍ പൊതുശ്രദ്ധയിലെത്തിക്കുന്നതെന്നു സംശയമല്ല. പക്ഷേ, ആ ഉത്തരവാദിത്തമാര്‍ന്ന സേവനത്തിനും എന്തിനെയും ഏതിനെയും കണക്കുകൂട്ടി ശ്രദ്ധയോടെയും നൂറുതലമുറകളുടെ കാര്യം ആലോചിച്ചും മാത്രം സമീപിക്കുന്ന മലയാളിയുടെ ഉത്കൃഷ്ടബോധത്തെയും മറയാക്കി, ഏതുനിമിഷവും ചാടിവീഴാന്‍ കഴുകന്‍ കണ്ണൂകള്‍ ആര്‍ത്തിയോടെ നില്ക്കുന്നുണ്ടാവില്ലേ? ഫോബിയാകളുടെ സ്വന്തം നാട്ടിലേക്ക് പറന്നിറങ്ങാന്‍ മറ്റൊരു മാര്‍ഗം!

മീനച്ചിലാറ്റിന്റെ പച്ചനിറം കലര്‍ന്ന വെള്ളത്തിനകത്ത് എന്താണു ജലോപരിതലത്തില്‍ വന്നതെന്ന് ആലോചിക്കാതെ, കൊത്തിവിഴുങ്ങാന്‍ കുതിച്ചുയര്‍ന്ന മീനില്‍ നിന്ന് നമുക്കുള്ള വ്യത്യാസം ഇവിടെയാണ്. ചൂണ്ടയാണോ നഞ്ഞാണോ തോട്ടയാണോ അരിമണിയാണോ എന്നാലോചിച്ചറിയാനുള്ള സാവകാശം അവന്‍ കാക്കുന്നില്ല. കഴിച്ചതെന്താണെന്നോര്‍ത്ത് വേവലാതിപ്പെടുന്നില്ല. 
അവന്‍ നദിയിലെ ഇളക്കങ്ങളെ മാത്രം അറിയുന്നു. അതിലൊരിളക്കമായി ജീവിച്ചുകൊണ്ടിരിക്കുന്നു..........
ജോസെഫ് റഫേലിന്റെ മൂന്ന് ദുരൂഹതകള്‍ എന്ന പെയിന്റിംഗ്

Wednesday, November 05, 2014

വര


ഒരുകാലത്തും
വരകളൊന്നും വ്യക്തമായിരുന്നില്ല.

അമ്മൂമ്മ പറഞ്ഞത് വരകളെക്കുറിച്ചായിരുന്നു-
ഭാഗ്യവന്തം പ്രസൂയേഥാ എന്ന് ഉച്ചരിക്കാന്‍
അവര്‍ക്ക് അറിയില്ലായിരുന്നു.
എന്നിരിക്കിലും എന്തിനും ഒരു വര വേണമെന്ന്
അമ്മൂമ്മ പറയുമായിരുന്നു.

അമ്മൂമ്മയെ
അമ്മച്ചിയമ്മ എന്ന്'
വിളിച്ചതു ഞാനാണത്രേ
(കുടുംബ ചരിത്രത്തിലെ ഒരു ഏടാണത്)

വരകള്‍ ഒരിക്കലും തെറ്റാറില്ല.
(അതും അമ്മച്ചിയമ്മ പറഞ്ഞതാണ്).

അവസാനം
ഒരുച്ചക്കിറുക്ക്
മുഴുക്കിറുകും
കിറുക്കിനുമപ്പുറത്തുള്ള
എന്തോ ഒന്നുമാക്കി
പരിണമിപ്പിച്ചുകൊണ്ട്
പുതുതായി പണിത
ഡൈനിംഗ് ടേബിളിനു മേലേ
കയറിയിരുന്ന്
അവര്‍
അയല്‍പക്കം കിടുങ്ങുമാറ്
പാതിരാത്രിയില്‍
വിളിച്ചു കൂവിയതും
വരകളുടെ ചരിതമായിരുന്നു.
( കുടുംബചരിത്രം എന്ന് ഞാന്‍ പറയും)

എന്റെ അമ്മച്ചിയമ്മയ്ക്ക്
അക്ഷരം കഷ്ടിയെഴുതാനേ
അറിയുമായിരുന്നുള്ളു.
വരച്ച വരകളൊന്നും
വ്യക്തമാവണമെന്ന്
അവരൊരിക്കലും
നിര്‍ബന്ധിച്ചില്ല( വരയൊന്നും തന്നെ വരച്ചുമില്ല)

എന്റെ അമ്മച്ചിയമ്മയ്ക്ക്
കിറുക്കൊട്ടുമില്ലായിരുന്നു.

പൂജയെടുപ്പിന്
അരിപകര്‍ന്ന
കിണ്ണം വച്ച് പകച്ചിരിക്കുമ്പോള്‍
മരിക്കുവോളം
അവര്‍ എന്നെ ശാസിച്ചത്
ഹരിശ്രീഗണപതായേ നമ
അവിക്കുന്ന വസ്തു എന്നെഴുതെടാ എന്നായിരുന്നു.


അവിക്കുന്ന വസ്തു
കണ്ടെടുക്കാന്‍
എനിക്കിതുവരെയുമായതുമില്ല.

എന്റെയമ്മച്ചിയമ്മയ്ക്ക്
ഒരിക്കലും
ഒട്ടും കിറുക്കില്ലായിരുന്നു.

ഒരു വരപോലും
നേരെ വരയ്ക്കുവാന്‍ അറിയുകയുമില്ലായിരുന്നു.

എന്തിനും ഒരു വരവേണം
എന്ന്
പിറുപിറുക്കുന്നപോലെ
അവര്‍ പറയുമായിരുന്നു.

Saturday, November 01, 2014

ഇപ്പോള്‍............

ഇപ്പോളിരമ്പിവരുംകരുത്താല്‍
ചുറ്റിയടിക്കുന്ന കാറ്റൊരെണ്ണം.

ഒറ്റയ്ക്കുനേരിടാനാവതല്ല
കച്ചിത്തുരുമ്പില്‍ പിടിക്കരുത്

ജന്നലടച്ചു തഴുതിട്ടാലും
ഉള്‍മുറിയൊന്നിലൊളിച്ചെന്നാലും
രക്ഷപ്പെടുമെന്ന തോന്നല്‍ വേണ്ട
ഒക്കെയും തീര്‍ക്കുന്ന ശക്തിയാണ്.

ഇപ്പോള്‍ വരുന്നുണ്ട് കാറ്റൊരെണ്ണം.

തെക്കൂന്നിരുട്ടിന്റെ തോറ്റമായി
വടക്കൂന്നുപൊള്ളുന്ന കാഴ്കയായി
കിഴക്കൂന്നു മലമറിക്കുന്ന പേയായ്
പടിഞ്ഞാറെക്കടലിന്നിളക്കംവരും

ഒക്കെയും ഭദ്രമെന്നോര്‍ത്തിരിക്കെ
മുറ്റത്തെമാവിന്നിലയിളക്കി
കട്ടിലില്‍ ദുസ്വപ്നഭീതിയായി
ഒക്കെയും തീര്‍ക്കുന്ന രൗദ്രമോടെ
പത്തുദിക്കീന്നുമതുത്ഭവിക്കും

ഇപ്പോളിരമ്പിവരുന്നതുണ്ട്
ചുറ്റിയടിക്കും ചുഴലിവാതം
ജന്നല്‍തുറന്നിട്ടുകാത്തിരിക്ക

ഇപ്പോളിരമ്പിക്കുതിച്ചുവരും



കൊടുങ്കാറ്റിന്റെ വരവ്- ചാള്‍സ് കോഡ്‌മാന്‍

Friday, October 31, 2014

പ്രണയസന്ധ്യ( ഒരു പഴയകവിത, കുട്ടേട്ടന്‍ തിരിച്ചയച്ച കവിത.)

-->
കണ്ണുകൂര്‍പ്പിച്ചുറ്റുനോക്കുന്നു നീയെന്റെ-
കണ്ണിലേക്കീമരച്ചോട്ടിലിരിക്കവേ
മിണ്ടുന്നതില്ലൊന്നുമീനോട്ടമലാതെ
പുല്കുന്നതില്ലൊന്നുമീമൗനമല്ലാതെ.
ഏറുന്നു നേരം, പടിഞ്ഞാട്ടുസൂര്യനും
നീരവയാമൊരീ സന്ധ്യയും പോവുന്നു.
എന്നിട്ടുമെന്റെ കരളിലേക്കുറ്റുറ്റു
നോക്കിയിരിക്കുകയാണു നീയിപ്പൊഴും


ചൊല്ലുവനുണ്ടേറെത്തങ്ങളില്‍തങ്ങളില്‍
പങ്കിട്ടിടാനുണ്ടു വര്‍ണ്ണക്കിനാവുകള്‍
നീലത്തിരകളിളക്കിക്കഥകളൊ-
രായിരം ചൊല്ലുന്നു നിന്നുടെ കണ്ണുകള്‍
കൃഷ്ണമണിത്തിരശീലനീക്കിക്കിനാ-
വെട്ടമെന്‍കണ്ണിലേക്കിറ്റിറങ്ങീടുന്നു.

നീതിരക്കൊള്ളുന്ന ശബ്ദമേകേള്‍പ്പുഞാന്‍
നിന്റെകിരണങ്ങള്‍ മാത്രമായ് കാണുന്നു.

നേരമിരുളുന്നു രാവിന്‍ നഖം നീണ്ടു
ചോരയൂറ്റുംമുമ്പുനമ്മള്‍ക്കുപോയിടാം.
ചൊല്ലിയതില്ല നാമൊന്നുമിന്നെങ്കിലും
ചൊല്ലിക്കഴിഞ്ഞു നാമേറെ മിഴികളാല്‍
പങ്കിട്ടതില്ല നാമൊന്നുമിന്നെങ്കിലും
പങ്കിട്ടു നമ്മുടെ വിങ്ങും കരളുകള്‍.


ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയഞ്ചിലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ ആദ്യമായി ഒരു കവിത അച്ചടിച്ചു വന്നത്. ' കറുത്തപക്ഷിയെത്തേടി' എന്നായിരുന്നു പേര്. അതുകഴിഞ്ഞതോടെ നിരന്തരം കവിതകള്‍ ബാലപ്ംക്തിയിലേക്കയക്കാന്‍ തുടങ്ങി. കുട്ടേട്ടന്റെ നിര്‍ദ്ദേശങ്ങളോടെ കവിത താമസിയാതെ മടങ്ങി വരും. കവിതയിലെ ചെറിയ കുറവുകളെയും കുറ്റങ്ങളെയും പോലും ചൂണ്ടിക്കാട്ടി തിരുത്തുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടായിരിക്കും ആ കുനുകുനുത്ത അക്ഷരത്തിലുള്ള കുറിപ്പ്. അങ്ങനെ കുട്ടേട്ടന്‍ തിരിച്ചയച്ച ഒരു കവിതയാണിത്. 17-10-86 ആണു തീയതി കുറിച്ചിരിക്കുന്നതെന്നു തോന്നുന്നു.
കുട്ടേട്ടന്റെ കുറിപ്പുകള്‍ എഴുത്തിന്റെ രീതിയെയും ഭാഷാ ശൈലിയെയും എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നായിരുന്നു, ഈയിടെ പഴയകടലാസുകളും പ്രസിദ്ധീകരണങ്ങളും അടുക്കിപ്പെറുക്കുന്നതിനിടയില്‍ ഈ കവിത ലഭിച്ചപ്പോള്‍ ആദ്യം തോന്നിയ അത്ഭുതം. ചില കവിതകളാവട്ടെ ഇന്നയിന്ന ഭാഗങ്ങള്‍ തിരുത്തി തിരിച്ചയക്കുക എന്നായിരിക്കും കുറിപ്പ്. അങ്ങനെ തിരിച്ചയച്ചാലും അതില്‍ വേറെയെന്തെങ്കിലും ഒരു തിരുത്തല്‍ നിര്‍ദ്ദേശിച്ച് വീണ്ടും തിരിച്ചയക്കും. അങ്ങനെ നാലോ അഞ്ചോതവണ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച്, രൂപവും ഭാവം തന്നെയും പാടേ മാറിപ്പോയ കവിതകളും ഒന്നുരണ്ടെണ്ണമുണ്ട്.
പഴയകടലാസുകൂട്ടത്തില്‍ നിന്നു കിട്ടിയ ഈ കവിതയില്‍ കുട്ടേട്ടന്‍ നിര്‍ദ്ദേശിച്ച ഭാഗങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ഠ്. മാറ്റം വരുത്തിയത്, ഇപ്പോളാണെന്നു മാത്രം. കൗമാരത്തില്‍ നിന്നും യൗവനത്തിലേക്കു കടക്കുന്ന കാലത്ത് എഴുതിയത് എന്നതിലേറെ ഇതിന് എടുത്തുപറയാവുന്ന ഗുണങ്ങളൊന്നുമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ പുരാവസ്തുകൗതുകം ഒന്നുകൊണ്ടുമാത്രം ഇതിവിടെ ചേര്‍ക്കുന്നു.

Thursday, October 30, 2014

അവിചാരിതം

ഒരു സാധാരണ പ്രവൃത്തിദിവസത്തിന്റെ ചായപ്പാച്ചിലിനിടയില്‍ അടുത്തൊരു സെക്‍ഷന്റെ ഉള്ളില്‍ നില്ക്കുന്ന ഒരു മുഖം ഏതോ പഴയ മുഖത്തിന്റെ ച്ഛായ പേറുന്നില്ലേ എന്നു തോന്നി. പണ്ടു കണ്ടു മറന്നതിനോട് വളരെയധികം സാമ്യം തോന്നുന്ന മുഖമാകയാല്‍ അതവളല്ല എന്ന് അതേ നിമിഷം തന്നെ മനസ്സില്‍ കുറിക്കുകയും ചെയ്തു. ഇരുപത്തിയാറു വര്‍ഷം കടന്നു പോയതിന്റെ മാറ്റങ്ങള്‍ അതിലേതായാലും വായിച്ചെടുക്കാനായില്ല. എങ്കിലും ശക്തമായ ആ സാമ്യം കാരണം ചായകഴിഞ്ഞു തിരിച്ചുവരുമ്പോള്‍ ആ സെക്‍ഷനിലെ സുഹൃത്ത് ആന്റണിയോട് ആ വന്നുപോയ സ്ത്രീയുടെ പേരെന്താണെന്നു തിരക്കി. ബീന എന്നു പറഞ്ഞതോടെ, ആള്‍ അതുതന്നെയാണെന്ന് ഏതാണ്ട് ഉറപ്പിച്ചു. അക്കാലത്തിന്റെ പ്രതിനിധികളില്‍ ഏറ്റവും ഏറെ കാണലും വിളിക്കലുമുള്ള ഇന്ദുവിനോട് അന്നേരം തന്നെ വിളിച്ചുപറഞ്ഞു, നമ്മുടെ കൂടെ പഠിച്ച ഒരു സ്ത്രീ ഈ പരിസരത്തൊക്കെ കറങ്ങി നടക്കുന്നതായി തോന്നി. ബീനയ്ക്കു മാറ്റമൊന്നും കാര്യമായില്ല എന്നത് ഇന്ദുവിനെ അത്ഭുതപ്പെടുത്തിയില്ല. ഇടയ്ക്കെപ്പോഴോ, അവര്‍തമ്മില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടുപോലും. ആള്‍ ബീനതന്നെ എന്ന് ഏതാണ്ട് ഉറപ്പായതിനാല്‍ ഇനി വരുമ്പോള്‍ ( തൊട്ടടുത്ത ദിവസം തന്നെ അവള്‍ക്ക് വന്നേ കഴിയൂ  എന്ന് ആന്റണി പറഞ്ഞിരുന്നു) ചെന്ന് പരിചയപ്പെടാം എന്ന് ഇന്ദുവിനോട് പറഞ്ഞു.

അവിടം കൊണ്ടവസാനിച്ചില്ല അന്നത്തെ പുകില്‍. ഉണ്ണാനായി പുറത്തിറങ്ങിയപ്പോളാണ് സതീശ് എന്ന സുഹൃത്തിനെ കണ്ടത്. ജോലിയില്‍ പ്രവേശിച്ച സമയത്ത് പരിചയപ്പെടാന്‍ വന്ന സീനിയേഴ്സില്‍ ഒരാളാണദ്ദേഹം. ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളേജ്, എം. എ. മലയാളം എന്നൊക്കെ കേട്ടപ്പോള്‍ അന്ന് അദ്ദേഹം ചോദിച്ചു, എന്റെയൊരു ബന്ധു കഴിഞ്ഞകൊല്ലം എന്‍ എസ് എസില്‍ മലയാളം എമ്മേയ്ക്കു പഠിക്കുന്നുണ്ടായിരുന്നല്ലോ, ബീന, നിനക്കറിയാമോ, എന്ന്. അതുകൊണ്ടുതന്നെ കണ്ടതും അദ്ദേഹത്തോടുപറഞ്ഞു,അണ്ണാ, നിങ്ങളുടെയൊരു ബന്ധു ബീനയില്ലേ, അവരാണെന്ന് ഏതാണ്ടുറപ്പാണ്, ഇവിടെ വന്നിരുന്നു, എന്നെ ഏതായാലും കണ്ടിട്ടു തിരിച്ചറിഞ്ഞില്ല. ഒന്നോ രണ്ടോ വാക്കുകള്‍ കൈമാറി ഞങ്ങള്‍ പിരിഞ്ഞു, ഞാനുണ്ണാന്‍ പോയി, തിരിയെ വന്ന് ഒരു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് ഒരു ഫോണ്‍. ' നിനക്കെന്നെ മനസ്സിലായിട്ടും എന്താടാ മിണ്ടാതിരുന്നത്, ഞാന്‍ ബീനയാ, സതീശണ്ണന്‍ എന്നെ വിളിച്ചു പറഞ്ഞപ്പോഴാ നീ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു എന്നൊക്കെ ഞാനറിഞ്ഞത് ' എന്നു പറഞ്ഞ് തോരാതെ ശകാരം. അതടങ്ങിയപ്പോള്‍ പിറ്റേന്ന് വരുമെന്നും കാണാമെന്നും പറഞ്ഞു.

പിറ്റേന്നു ബീന വന്നു. കണ്ടു. ബീന വന്ന കാര്യത്തിനൊരു നീക്കുപോക്കായി.  പഴയക്ലാസ്സിലെ ആള്‍ക്കാരെ ആരെയെങ്കിലുമൊക്കെ കാണുകയോ ബന്ധപ്പെടുകയോ ചെയ്യുന്നുണ്ടോ എന്നു ചോദിച്ചു. പല വഴികളിലായി പലപ്പോഴായി വീണ്ടും മുന്‍പിലെത്തിയ ആറുപേരെക്കുറിച്ച് ഞാന്‍ പറഞ്ഞു. കൈവശമുണ്ടായിരുന്ന നാലുനമ്പരുകള്‍ കൈമാറി. ഞാനതേ ചോദ്യം അങ്ങോട്ടു ചോദിച്ചു. അവിടെ അത്രമാത്രം പേരുകള്‍ ഉണ്ടായിരുന്നില്ല. ബീനയുടെ നാട്ടിനടുത്തുനിന്ന് അന്നു വന്നിരുന്ന നമ്പൂതിരിയെക്കുറിച്ച് ചോദിച്ചു. ഒത്തിരിക്കാലത്തിനു ശേഷം നമ്പൂതിരിയെ ഇതിലും യാദൃച്ഛികമായി കണ്ട കഥ പറഞ്ഞു. നമ്പൂതിരി വലിയ ജ്യോത്സ്യനും മാന്ത്രികനുമൊക്കെയാണെന്നു പറഞ്ഞു. പറഞ്ഞു തീരും മുന്പ് നമ്പൂതിരിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. ഒരാളിന്റെ കൈയ്യില്‍ ഫോണ്‍ കൊടുക്കാം എന്ന് അദ്ദേഹത്തോടു പറഞ്ഞ് ഫോണ്‍ എന്റെ കൈയ്യില്‍ തന്നു. എന്നെ തിരിച്ചറിഞ്ഞപ്പോള്‍ ഏതോ സ്ഥലത്ത് പൂജയ്ക്കു തയ്യാറെടുക്കുകയായിരുന്ന നമ്പൂതിരിക്കും വലിയ സന്തോഷം..... ഞങ്ങളും നമ്പര്‍ കൈമാറി. കവിയൂരമ്പലത്തില്‍ ഇനി വരുമ്പോള്‍ വീട്ടില്‍ വരാമെന്നു പറഞ്ഞു.....

പഴയക്ലാസ്സിലെ എല്ലാവരും ഒന്നു കൂടിച്ചേരണ്ടതാണെന്നു പറഞ്ഞാണ് ബീന പിരിഞ്ഞത്.

പഴയക്ലാസ്സ്. കാലം എത്ര മാറിപ്പോയി എന്ന് ഞാനോര്‍ത്തു പിന്നീട്. ഒരുപാടായി കാലം. എല്ലാം ഇന്നലെ കഴിഞ്ഞതേയുള്ളു എന്നു തോന്നും. ഇരുപത്തിയഞ്ചു കൊല്ലം എന്നെണ്ണുമ്പോള്‍ അതെത്ര നിസ്സാരമായ സംഖ്യയാണെന്നു തോന്നും. പക്ഷേ, ഓര്‍മകളെയും മുഖങ്ങളെയും പോലും പരതിയെടുക്കുവാനാവാത്തത്ര എത്രയോ അകലത്തിലാണാക്കാലം എന്നറിയുന്നത്, അതിനു ശ്രമിക്കുമ്പോഴാണ്. എന്നാല്‍ അകലും തോറുമാണ് നാമതിലേക്കു തിരിച്ചുചെല്ലുവാന്‍ കൂടുതല്‍ ശ്രമിക്കുക എന്നതാണു സത്യം. അകലും തോറും പഴയകാലത്തിന്റെ പ്രതിനിധിയായി എന്തെങ്കിലുമൊന്ന് അവിചാരിതമായി മുന്പില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ ഇടവേളകള്‍ ചുരുങ്ങും എന്നതാണ് വിചിത്രമായ സംഗതി. അല്ലെങ്കില്‍ അപ്പോള്‍ മാത്രമാവും നാമതു ശ്രദ്ധിക്കുക. വൈകിട്ട് ഓഫീസില്‍ നിന്നു മടങ്ങി വരുന്നതിനിടെ അല്ലെങ്കില്‍ കവലയില്‍ വെറുതെ നടക്കുന്നതിനിടയില്‍ പള്ളിപ്പുറം എല്‍പി സ്കൂളിലോ കമ്മാളത്തകിടി ഹൈസ്കൂളിലോ ഒന്നിച്ചു പഠിച്ച ഒരു മുഖം പെട്ടെന്നു പ്രത്യക്ഷപ്പെടുക, ട്രെയിനിലോ ബസ്സിലോ ഓഫീസിലോ പൂരപ്പറമ്പിലോ വച്ച് കോളേജില്‍ കൂടെ പഠിച്ച ഒരാളെ കാണുക,  എന്തുണ്ടെടാ വിശേഷം എന്ന് ചോദിച്ച് വളരെ സ്വാഭാവികമായി സംഭാഷണത്തിലേക്കു കൊട്ടിക്കയറുക, അവരുടെയും ഇവരുടെയും വിവരം എന്തുണ്ടെന്നു പരതിത്തളരുക എന്നിങ്ങനെ.

എല്ലാം അവിചാരിതമായി.... അവിചാരിതമായിത്തന്നെ വേണം . അതാണ് ജീവിതത്തിന്റെ ഒരു ത്രില്ല്. കടന്നുപോയ വര്‍ഷങ്ങള്‍ ഓര്‍മ്മിപ്പിക്കുക. അകലേക്കുപോയതിനെ വിചിത്രമായ വര്‍ണ്ണങ്ങളില്‍ പുനര്‍ജ്ജനിപ്പിക്കുക. അങ്ങനെ കൊതിപ്പിക്കുക.

നൊസ്റ്റാള്‍ജിയ എന്നത് അത്ര പോസിറ്റീവായ ഒന്നാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പഴയ കാലത്തിന്റെ മണങ്ങള്‍ക്കും നിറങ്ങള്‍ക്കും ഒക്കെ ഒരു സുഖമുണ്ട്. നിറം മങ്ങി പൂതലിച്ച ചിത്രങ്ങളായി അതു മനസ്സില്‍ നിന്നു പരതിയെടുക്കുമ്പോള്‍ ഉള്ള സുഖം. പക്ഷേ അതില്‍ അഭിരമിച്ച് മയങ്ങിപ്പോവുന്നത് ഒരു നല്ല പ്രവണതയല്ലെന്നു മാത്രം. 

കോളേജിലെ പഴയക്ലാസ്സ് ചങ്ങാത്തങ്ങള്‍ക്കെല്ലാം കൂടി വീണ്ടും ഒന്നിച്ചു കൂടാന്‍ കഴിഞ്ഞേക്കാം. വീണ്ടും വേറെ ചില മുഖങ്ങള്‍ പഴയ ഏതെങ്കിലുമൊരു കാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഏതെങ്കിലുമൊരു വളവുതിരിയുമ്പോള്‍ കടന്നു വന്നേക്കാം....

സംരക്ഷിക്കപ്പെട്ട പാത- ക്ലോദ് മോനെ (1873)
വഴിയൊത്തിരി താണ്ടിയിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലുമായി..

Saturday, October 18, 2014

ഇല്ലാവചനം

നിന്നെനിനച്ചും, നിനക്കെഴുന്നള്ളുവാ-
നുള്ളിന്‍പഥങ്ങളൊക്കെത്തെളിച്ചും
സിരാതന്ത്രികള്‍തോറും തുടിക്കുന്നൊ-
രാനന്ദതാളത്തില്‍ നിന്‍പദന്യാസമോര്‍ത്തും
കാലയാപനംചെയുന്നു;നിന്‍രൂപസാദൃശ്യ-
മോരോ ഞൊടിക്കും നിനച്ചു തോറ്റെങ്കിലും.

പെണ്ണാണുനീയെന്നുറച്ചു പിശാചമാം
തന്മയെക്കാട്ടി,ഫണംനീര്‍ത്തി,യുന്മത്ത-
പൗരുഷത്തിന്റെതെരുക്കൂത്തുകള്‍കാട്ടി.
കള്ളിലും കാമത്തിലുംകിനാക്കാഴ്ചകള്‍
ചാലിച്ചുതേമ്പി, സ്വയംകൃതങ്ങള്‍ കാല-
സായൂജ്യമെന്നു സ്വയംവാഴ്ത്തി, യേറെനാള്‍.
പെണ്ണേ, കനിഞ്ഞില്ല നീ-
യൊരുസൗമ്യമാം കണ്ണേറുപോലും
കനിഞ്ഞില്ലൊരിക്കലും.
പെണ്ണല്ല നീ കൊടും യക്ഷിയെന്നുന്നിദ്ര-
മുന്നയിച്ചാര്‍ത്തു പരാജയം ഘോഷിക്കെ
പെണ്മയ്ക്കതീതമാം വൈഭവത്തോടെന്റെ
പൗരുഷത്തിന്റെ കഴുത്തുഞെരിച്ചു നീ.

ആണാണു നീയെന്നു നമ്പി നിനക്കൊത്ത-
പെണ്ണാകുവാന്‍ വേണ്ടിയെത്രയോ ചായങ്ങള്‍
ചാലിച്ചു മേലാകെയുഗ്രവര്‍ണ്ണാഞ്ചിതമാക്കി-
ത്തളിര്‍ശയ്യ തീര്‍ത്തുകാത്തേറെനാള്‍.
ആണ്മയ്ക്കതീതമാം മായാപദന്യാസ
സാരള്യമോടെന്റെ ചുറ്റും നടക്കയും
കാത്തിരുന്നിട്ടും വെളിപ്പെടാതെന്‍പെണ്മ
പേക്കോലമാക്കുന്ന ജാലം പടുക്കയാല്‍
പൂര്‍ത്തിയിലെത്താത്ത തേടലിന്‍ തോപ്പിലെ
ശോഷിച്ച വിഗ്രഹമാക്കിമാറ്റീയെന്നെ.

വീണ്ടുവിചാരങ്ങള്‍ തീണ്ടാത്ത തിര്യക്കു-
നീയെന്നുനണ്ണി മൃഗീയസദ്യയ്ക്കുള്ള
കോപ്പുകള്‍ കൂട്ടി നിതാന്തവനത്തിന്റെ-
യാഴത്തിലാഴ്ന്നു നിശാഘോരസാധന.
ധ്യാനത്തിലൊന്നും തെളിഞ്ഞില്ല നിന്‍പദം;
ചോരച്ചൊരിച്ചിലില്‍ നീതൃപ്തികൊള്ളുമെന്നൂഹിച്ചു,
അംഗങ്ങളോരോന്നു ഹോമിച്ചു.
ആരായല്‍മാത്രം വിഘാതങ്ങളില്ലാതെ-
നീണ്ടു, നിന്‍കാലൊച്ച പോലുമേ കേട്ടില്ല.
തിര്യക്കുമല്ല നീ,മാംസഗന്ധത്തിലും
ശൗര്യം വളര്‍ക്കാത്തതേതൊരു ജീവിതാന്‍!

കല്ലിനെപ്പോലെകഠിനം, പ്രകോപന-
മൊന്നിലും ചായാത്ത നിശ്ചലസ്ഥൂണമെ-
ന്നുന്നി ശിലാമയവസ്തുവോരോന്നിലും
നിന്നെത്തിരഞ്ഞു നടന്നു തുടങ്ങിഞാന്‍.
കല്ലിലും കണ്ടില്ല, മണ്ണിലും കണ്ടില്ല-
യുണ്ടെന്നു നണ്ണിയതൊന്നിലും കണ്ടില്ല.
എല്ലാംതകര്‍ത്തുള്ളു തോണ്ടി നോക്കീ
നിന്റെയുണ്മമാത്രം കണ്ടുകിട്ടിയില്ലപ്പൊഴും.

നീയില്ലയെന്നു നിനച്ചുപിന്നെ: ഘോര-
വാചികള്‍കൊണ്ടു നിന്നുണ്മയില്ലായ്മയെ
കോണുകള്‍ തോറും വിളിച്ചറിയിക്കുന്ന
കോമരമായി ഞാനേറെനാള,പ്പൊഴോ
ശൂന്യതയില്‍ നിന്നു ബിംബിച്ചുകേള്‍ക്കുന്ന
മൂകസ്വരത്തിലെന്‍ വേരുകള്‍ തുള്ളുന്നു.

നീയില്ലയെന്നോരറിവിന്‍ തെളിമയില്‍
നിന്നുഗ്രസാന്നിദ്ധ്യമിന്നല്‍പ്പെരുക്കങ്ങള്‍
ഇല്ലായ്മയില്‍നിന്നുദിച്ചോരുശക്തി-
തന്നില്ലായ്മയിലെന്റെ തേടല്‍ വിറയ്ക്കുന്നു.

ഇല്ലാത്തൊരച്ഛന്റിടംഭാഗമാര്‍ജ്ജിച്ചൊ-
രില്ലാത്തതായ്‌തന്നഗാധത്തില്‍ വേരാഴ്തി-
യില്ലായ്മയിലേക്കു ചില്ലകള്‍ വീശുന്നൊ-
രില്ലാമരം ഞാനതെന്നറിവാകുന്നു.
ഇല്ലാത്തറിവിന്‍പുലരിയിലില്ലായ്മ-
സ്വര്‍ണ്ണാംശുരാജിയുതിര്‍ക്കവേ കേള്‍ക്കുന്ന
ഇല്ലാസ്വരങ്ങള്‍ സംഗീതങ്ങളിങ്ങനെ-
യില്ലായ്മതന്‍ മഹാഘോഷം പ്രപഞ്ചമേ!

കല്ലേ ചിരിക്ക, കൃമികീടം തിമിര്‍ക്ക, ഞാ-
നുണ്മയായുള്ളോരു ഗാത്രം പൊലിക്ക.
എല്ലാത്തിനും മഹാതായേ, തായ്‌മേനി-
യിലൊന്നായിരിക്കുന്നൊരച്ഛാ നമോസ്തുതേ!!



Friday, October 17, 2014

അടുക്കിപ്പെറുക്കുമ്പോള്‍ കിട്ടിയ കവിതകളിലൊന്ന്

പ്രസക്തിപബ്ളിക്കേഷന്റെ എല്ലാമായ സജു എന്റെ ആഴ്ചപ്പതിപ്പു ശേഖരത്തില്‍ കണ്ണുവച്ചിട്ട് കുറെനാളായി.
ഒത്തിരിയുണ്ട്. കുടുംബവീടിന്റെ തെക്കെ ഷോവോളിന്റെ താഴത്തെ തട്ട് പൂര്‍ണ്ണമായും മാതൃഭൂമിയും കലാകൗമുദിയും കൈയ്യടക്കിയിരിക്കുകയാണ്. മുകളിലത്തെ രണ്ടു തട്ടുകളിലായി ലിറ്റില്‍ മാഗസിനുകള്‍, മറ്റനേകം പ്രസിദ്ധീകരണങ്ങള്‍, പണ്ടെന്തെങ്കിലും കുറിച്ച കടലാസുകള്‍, എന്തെങ്കിലും വാര്‍ത്താപ്രാധാന്യമുള്ള പത്രങ്ങള്‍ എന്നിങ്ങനെ എല്ലാം വച്ചിട്ടുണ്ട്. കുറെ വര്‍ഷങ്ങളായി അടുക്കിപ്പെറുക്കാത്തതുകാരണം ആകെയും പൊടിമൂടിയിരിക്കുകയാണ്. മഴക്കാലത്ത് പാരപ്പറ്റീല്‍ കെട്ടിനില്ക്കുന്ന വെള്ളം കുറെ അകത്തേക്ക് ഒഴികിയിറങ്ങുന്നത് ഈ കടലാസുലോകത്തെ നനച്ചുകുതിര്‍ക്കാന്‍ തുടങ്ങിയിട്ടും കുറെ വര്‍ഷങ്ങളായി. അതാര്‍ക്കേലുമെടുത്തുകൊടുക്ക് എന്ന് അച്ഛന്‍ പിറുപിറുക്കാന്‍ തുടങ്ങിയിട്ടും ഏറെക്കാലമായി. 
തോന്നിയില്ല. അടുക്കിക്കെട്ടി പൊടിപോലും പുരളാതെ ഏറെക്കാലം സൂക്ഷിച്ചുവച്ചനിധിയാണ്. വാങ്ങിയതുപോരാഞ്ഞ് പലയിടത്തുനിന്നായി സംഘടിപ്പിച്ച വളരെപ്പഴയ പ്രസിദ്ധീകരണങ്ങളും ആ കൂട്ടത്തിലുണ്ട്. വീണപൂവ് പ്രസിദ്ധീകരിച്ചതടക്കം കുറെ ഭാഷാപോഷിണികള്‍ കുത്തിക്കെട്ടിയത് ഉണ്ട്. അറുപതുകളുടെ ആദ്യകാലത്തെ മാതൃഭൂമി ഓണപ്പതിപ്പുകളുണ്ട്. പി മരിച്ചപ്പോള്‍ സ്മരണികയായി ഇറക്കിയ മാതൃഭൂമി ആഴ്ചപ്പതിപുണ്ട്. സംക്രമണം, സമീക്ഷ എന്നിവയുടെയൊക്കെ കോപ്പികളുണ്ട്. നിയോഗം മാസിക ഏതാണ്ടെല്ലാ ലക്കവുമുണ്ട്. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള പത്രങ്ങളുണ്ട്. 1981 മുതല്‍ 1998 വരെയുള്ള കാലത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ മുഴുവന്‍ ലക്കങ്ങളും ഉണ്ടായിരുന്നു. പകുതിയോളം അടുക്കി കുത്തിക്കെട്ടുകയും ചെയ്തിരുന്നു. 1985 മുതലുള്ള കലാകൗമുദിയും ഉണ്ട്. 2000 അടുപ്പിച്ചെപ്പോഴോ ഇതിലെ ചില ലക്കങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ് ആ ശേഖരത്തോടുള്ള ആസക്തി കുറഞ്ഞത്. അത് അടുക്കിപ്പെറുക്കുന്നതും പൊടിതട്ടിവയ്ക്കുന്നതും കുറഞ്ഞു. പൊടിയടിഞ്ഞു കൂടിയതോടെ തൊടാന്‍ മടി കൂടി. അങ്ങനെയതൊരു തൊടാത്ത മേഖലയായി മാറുകയായിരുന്നു. 
ഒന്നൊന്നരക്കൊല്ലം മുന്പ് സജു വന്നപ്പോള്‍ ഈ കൂനയുടെ കാര്യം പറഞ്ഞു. നേരിട്ടുകണ്ട സജു അതെടുത്തുകൊള്ളാമെന്നു പറഞ്ഞു. അത് മ്നറ്റുചില സുഹൃത്തുക്കളോടു പറഞ്ഞപ്പോള്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ലൈബ്രറിയിലേക്കു കൊടുക്കരുതോ എന്നു ചോദിച്ചു. ജീവന്‍ കുമാര്‍ കെ. ഇത് ഹാരിസ് സാറിനോട്( ഡോ. വി. സി. ഹാരിസ്) പറഞ്ഞു. സാറിനും താത്പര്യമായിരുന്നു. ലെറ്റേഴ്സിന്റെ ഡയറക്ടര്‍ ഡോ. പി. എസ് രാധാകൃഷ്ണന്‍ അതെടുക്കാമെന്നു പറഞ്ഞിരുന്നതുമാണ്. പക്ഷേ പലകാരണങ്ങളാല്‍ അതന്നു നടന്നില്ല. സജു പലതവണ വിളിച്ചു, എന്നു വരണം എന്ന്. അവസാനം കഴിഞ്ഞ ഞായറാഴ്ച വിളിച്ചപ്പോള്‍ വന്നുകൊള്ളാന്‍ പറഞ്ഞു. വാരികകള്‍ അയാളെടുത്ത് ചാക്കുകളിലാക്കി അടുക്കി വച്ചിരിക്കുകയാണ്. അടുക്കലിനിടയില്‍ കിട്ടിയ പഴയ കടലാസുകളില്‍ കുത്തിക്കുറിച്ചതിന്റെ കൂനയിലെ ചിലതെങ്കിലും വലിയ കുഴപ്പമില്ലെന്നു തോന്നി. ഒരു കൗതുകത്തിനു മാത്രമായി അതിലൊരെണ്ണം ചേര്‍ക്കുന്നു. എന്നെഴുതിയതാണെന്നോര്‍ക്കുന്നില്ല. പത്തുപതിനെട്ടുകൊല്ലം മുന്പ് എഴുതിയതാണെന്നുറപ്പ്. (യാത്രകള്‍ നിരന്തരമായി ചെയ്തിരുന്ന ഒരു കാലത്തിന്റെ ശേഷിപ്പാണെന്നു തോന്നുന്നു. ചില വരികളിലെങ്കിലും തിരുവില്വാമല, ഭാരതപ്പുഴ ഒക്കെ ഒളിഞ്ഞുകിടപ്പുണ്ട്. 1991 മുതല്‍ 1995 വരെയുള്ള ഒരു കാലത്ത് എല്ലാ ആഴ്ചയിലും എങ്ങോട്ടേയ്ക്കെങ്കിലും അങ്ങുപോവുമായിരുന്നു. ഒരിടത്തും പോവാനൊത്തില്ലെങ്കില്‍ ഉണ്ണീകൃഷ്ണവാര്യരുമൊത്ത് നേരെ തിരുവില്വാമലയ്ക്കു തിരിക്കുമായിരുന്നു. അമ്പലക്കുളത്തിലൊരു കുളി, പടിഞ്ഞാറേ നടയിലെ ഓലമേഞ്ഞ ഹോട്ടലിലെ അമ്മാവന്‍ തരുന്ന ഊണും കാപ്പിയും, അമ്പലത്തിന്റെ കിഴക്കേ ഗോപുരത്തറയിലോ കിഴക്കേ ആല്‍ത്തറയിലോ ഇരുന്ന് നേരം തീരുവോളം വര്‍ത്തമാനം, രാത്രി കാണല്‍, പിന്നെയൊടുക്കം പടിഞ്ഞാറെ നടയിലുള്ള ശ്രീരാമവിലാസം ലോഡ്ജില്‍ വിശ്രമം, ഇങ്ങനെയൊരു അപ്രഖ്യാപിത ടൈം ടേബിളായിരുന്നു ആ യാത്രയുടെ മുതല്‍). അത് അതേപടി ഇവിടെ പകര്‍ത്തുന്നു.....



സംഭവമില്ലാത്ത ജാതകങ്ങള്‍

ഈ മൗനമിരമ്പിമുറിച്ചൊരു
തീവണ്ടിപായണം
കൂരിരുട്ടില്‍ കണ്ണു തീക്കനലാക്കി-
യൊരാള്‍ വന്നു നോക്കണം.
കാറ്റുതൊടാത്ത തൊലിപ്പുറത്തമ്പേറ്റു
ചോരതെറിക്കണം


ചില നേരങ്ങളിങ്ങനെയാണ്.


ചത്തമരത്തിന്റെ ചോട്ടില്‍
കരിയില ചീറ്റീത്തെറിപ്പിച്ച സര്‍പ്പവും
ഉച്ചിയില്‍ കൊത്തിച്ചിരിക്കുന്നൊരുച്ചയും
രാത്രിയിലൊറ്റയ്ക്കുമീളുന്ന
സങ്കീര്‍ത്തനത്തിന്റെ
ഈണത്തിലാണ്ടുപോവുന്നു.
എകിലുമെപ്പൊഴുമൊരു
ശബ്ദത്തിന്നിടവേളയില്‍നിന്ന്
നിശ്ശബ്ദത കുലച്ചു നീളുന്നു.


നീലനദിവാറ്റിയാരെയോ
സ്വപ്നതലത്തില്‍ വരയ്ക്കുവാന്‍
കാറ്റുകലമ്പുന്ന കുന്നീന്‍പുറത്തൊരു
കോലക്കുഴല്‍പ്പാട്ടിനോരത്തു
തുള്ളുവാന്‍;
താഴ്വര മേയും പശുക്കള്‍
ആര്‍ക്കും പുഴ
പാറപ്പുറത്തൊരു പുരാതന ജീവിതന്‍
തീപിടിയ്ക്കുന്ന തലയോട്ടി
പരുന്തൊന്നു പാറുവാന്‍
നീളന്‍ ചിറകുവിരിയ്ക്കുന്നു.........


എങ്കിലും ചില നേരങ്ങളിങ്ങനെയാണ്.

പറയേണ്ടതൊന്നും പറയാതെയും
അരുതാത്തതെന്തൊക്കെയോ ചെയ്യാനാവാതെയും....


ആരും കടം ചോദിയ്ക്കാത്ത ജീവിതത്തിന്
എന്താണര്‍ഥം?
വറ്റാത്ത ചെമ്പുകിടാരം
തിളച്ചയെണ്ണ
പാപം കണ്ട വെറ്റില.
എങ്ങോട്ടുപോവാനാണ്?
വീടുനഷ്ടപ്പെട്ടവന്റെ പെരുവഴികള്‍
വരണ്ട സന്ധ്യകള്‍
നിറംകെട്ട സത്യങ്ങള്‍.....

അര്‍ഥമില്ലാത്തതിന്റെപ്പറ്റിച്ചിന്തിച്ചും
സമയത്തിന്റെ ചക്രഗതി വെളിവായും
മിഴിച്ചുപോവുന്ന
ചിലനേരങ്ങളിങ്ങനെയാണ്.

വരാത്ത രാത്രിമഴയുടെ കയ്യില്‍
ഒരു സന്ദേശമുണ്ട്
പ്രവാചകനുദിക്കാത്ത പകലുകളിലൂടെ
മണല്‍പ്പറമ്പായിക്കിടക്കുന്നത്
എന്റെ പുഴയാണ്....


ഒരു വാവല്‍ചിറകടിപോലുമില്ലാത്ത
രാത്രി എത്രഭീകരമാണ്.
നിദ്രയെഴാത്ത മരവിച്ച തൃഷ്ണയില്‍
സ്വപ്നം പോലും പീഡനമാണ്


ഈ കാലസ്തംഭം നെടുകെപ്പിളര്‍ന്നൊരു
വാള്‍മുന ചീറണം
കാലാരി ചിമ്മിയ കണ്ണിലെത്തീയില്‍
പ്രപഞ്ചം കുരുക്കണം.

..........

Wednesday, October 15, 2014

സ്കൂട്ടര്‍

റബ്ബര്‍മരങ്ങളുടെ കാനനത്തിലൂടെ
സ്കൂട്ടര്‍ നീങ്ങുമ്പോള്‍
സ്ഥലമേതെന്നറിയില്ലായിരുന്നു.
അറിയില്ലായിരുന്നു എന്ന അറിവ്
ആശങ്കപ്പെടുത്തിയതുമില്ല.




റബ്ബര്‍മരങ്ങളുടെ തണലിലൂടെ സ്കൂട്ടര്‍
കുടുങ്ങിക്കുലുങ്ങി സഞ്ചരിച്ചുകൊണ്ടിരുന്നു.

 


ഇടയ്ക്ക് തണല്‍ മുറിയുന്നമട്ടില്‍
മരങ്ങള്‍ ഇലപൊഴിച്ചു നില്ക്കുന്നുണ്ടായിരുന്നു.
ഇടയ്ക്കു ചിലടത്ത്
റബ്ബര്‍തോട്ടത്തിന്റെ തിട്ടലുകളില്‍ നിന്ന്
പുതുമഴയുടെ വെള്ളം ഇരമ്പിച്ചാടുന്നുണ്ടായിരുന്നു.
ചിലയിടത്ത് അടിക്കാട്ടില്‍
ഓണംവിളമ്പി
മുക്കുറ്റികള്‍ കൂട്ടമായി പൂത്തുനിന്നിരുന്നു.
ഇടയിലൊരു കൊന്നയില്‍
നിറച്ചും കണി പൂത്തിരുന്നു.
റബ്ബര്‍തോട്ടം
അറ്റമില്ലാതെ പരന്നുകിടന്നിരുന്നൂ
വലത്തുമിടത്തും മുന്പിലും പിറകിലും




അതിനിടയിലൂടെ സ്കൂട്ടര്‍
കുലുങ്ങിക്കുടുങ്ങിക്കുടുകുടുമുഴക്കത്തോടെ
സഞ്ചരിച്ചുകൊണ്ടിരുന്നു.




വഴിതെറ്റിയോ എന്ന് ഞങ്ങള്‍ ചിലപ്പോഴമ്പരന്നെന്നു തോന്നുന്നു
വഴിചോദിക്കാനാരെയും കാണാനില്ലായിരുന്നു.
എങ്ങോട്ടാണുപോകേണ്ടതെന്നും
അറിയില്ലായിരുന്നു എന്നു തോന്നുന്നു.
റബ്ബര്‍മരങ്ങളിലെ കാറ്റ് ചിലപ്പോള്‍
ഞങ്ങളുടെ ആശങ്കപെരുക്കി.
തളിര്‍ക്കുന്ന മരങ്ങളുടെ
ശീതളിമ ചിലപ്പോള്‍ ലഹരിയായി.
ഇടയ്ക്കൊരു തണല്‍പറ്റിനില്ക്കുന്ന
രണ്ടു കുഞ്ഞന്‍ പാറകളിലിരുന്ന്
അല്പം വിശ്രമിച്ചാലോ എന്നു തോന്നി.
വിശപ്പും ദാഹവും മുറ്റി
വീണുപോവുമെന്നും തോന്നി.




വഴിനീണ്ടു കിടന്നതിലൂടെ
സ്കൂട്ടര്‍
കുലുങ്ങിക്കുടുങ്ങിക്കുടുകുടുത്ത്
സഞ്ചരിച്ചുകൊണ്ടിരുന്നു.




പിന്നിലത്തെ സീറ്റിലിരുന്ന്
ഞാനിതെല്ലാം കണ്ടു.
എന്റെ വര്‍ത്തമാനം കേട്ട്
അവന്‍ വണ്ടിയോടിച്ചു.
എന്നത്തെ യാത്രയാണെന്നോര്‍മ്മയില്ല
എത്രയാത്രകള്‍ കൂടിക്കുഴഞ്ഞെന്നുമറിയില്ല
ഓര്‍മയോ സ്വപ്നമോ എന്നും അറിയില്ല
ഓര്‍മയും സ്വപ്നവും കൂടിക്കുഴഞ്ഞോ എന്നും
പിന്നിലത്തെ സീറ്റിലായിരുന്നു ഞാന്‍
മുന്നിലവന്‍.
വഴിനീണ്ടു കിടന്നു
വണ്ടിയോടിക്കൊണ്ടിരുന്നു
മുന്പിലും പിന്പിലും വലത്തുമിടത്തും
റബ്ബര്‍മരങ്ങളുടെ കാനനം നിരന്നു നിവര്‍ന്നു കിടന്നു
ഇരുളും വെളിച്ചവുംഇടകലര്‍ന്നു നിന്നു. 
സ്ഥലമേതെന്നറിയില്ല
സമയമേതെന്നുഴറിയില്ല.
യാത്രയെന്തിനെന്നറിഞ്ഞില്ല




കുടുങ്ങിക്കുലുങ്ങിക്കുടുകുടുത്ത്
സ്കൂട്ടര്‍ നീങ്ങിക്കൊണ്ടിരുന്നു
മുന്പിലവന്‍
പിന്നില്‍ ഞാനും.
റബ്ബര്‍മരങ്ങളുടെ കാനനം

Sunday, October 05, 2014

കുറിപ്പെടുത്തുമ്പോള്‍ - തിരുനങ്ക കല്ക്കി സുബ്രഹ്മണ്യത്തിന്റെ ഒരു കവിത



തോഴീ.....

പറഞ്ഞാലും  തോഴാ......


തെറ്റിദ്ധരിക്കില്ലെങ്കില്‍
ഒന്നെനിക്കറിഞ്ഞാല്‍ക്കൊള്ളാമെന്നുണ്ട്.


ചോദിച്ചോളൂ
തെറ്റിദ്ധരിക്കില്ല.


നിന്റെ മാറിടം ഉണ്മയാണോ?


[മൗനം]
ഉണ്മതന്നെ.


തെറ്റിദ്ധരിക്കില്ലെങ്കില്‍
ഒന്നുകൂടി അറിഞ്ഞാല്‍‌ക്കൊള്ളാം


ഉം.


താങ്കള്‍ക്ക് പെണ്‍കുറി ഉണ്ടോ?
പെണ്ണിന്റേതുപോലെയാണോ?



അതേ [മൗനം]
തോഴാ.... താങ്കളോടുമൊന്നു ചോദിച്ചോട്ടേ?


ചോദിച്ചോളൂ, ധൈര്യമായി ചോദിച്ചോളൂ , തോഴീ....


താങ്കള്‍ക്ക് ആണ്‍കുറി ഉണ്ടോ?

 

----------------------------------------------------------------------------------
തിരുനങ്ക കല്ക്കിസുബ്രഹ്മണ്യത്തിന് ഒരു മുഖവുര ആവശ്യമില്ല. ഇന്ത്യയിലെ മൂന്നാംലിംഗത്തില്‍പ്പെട്ടവര്‍ക്ക്  വ്യക്തി എന്ന പദവി സമൂഹത്തില്‍ ഉറപ്പുവരുത്തുന്നവാന്‍ വേണ്ടിയുള്ള പോരാട്ടങ്ങളുടെ നെടുംതൂണാണ് കല്ക്കി.  പ്രകാശമാനമായ മുഖവും ബഹുതലങ്ങളിലേക്കു വേരോടിയ വ്യക്തിത്വഗരിമയും കല്ക്കിയെ ഏതാള്‍ക്കൂട്ടത്തിലും എടുത്തു കാട്ടുന്ന പ്രത്യേകതകളാണ്.തന്റെ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കാന്‍ പോകുന്നു എന്ന കുറിപ്പോടെ ഏതാനും കവിതകള്‍ മൂന്നു നാലുമാസം മുന്പ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആദ്യം പ്രസിദ്ധീകരിച്ചത് കുറിപ്പെടുത്തേന്‍ എന്ന് തമിഴ് പേരുള്ള കവിതയാണ്. തമിഴ് ലിപിയില്‍ പ്രസിദ്ധീകരിച്ച കവിത ഗൂഗിള്‍ വിവര്‍ത്തനസഹായം ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് മാറ്റിയെടുത്തു വായിച്ചു. ഒപ്പം അതിന്റെ തമിഴ് മൊഴിയുടെ ലിപിഭേദവും കിട്ടി.മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്താലോ എന്നു തോന്നി.
നോവല്‍ എഴുതുന്ന കാലത്ത്  ഞാന്‍ കല്ക്കിയുമായി ഇമെയില്‍ മുഖേന പരിചയപ്പെടുകയും പിന്നീടൊരിക്കല്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ വച്ച് നേരിട്ട് പരിചയം പുതുക്കുകയും ചെയ്തിരുന്നു. ആ ബന്ധത്തിന്റെ ബലത്തില്‍ ഓണ്‍ലൈനായിരുന്ന സമയത്ത് കല്ക്കിയോട് ആ കവിത വിവര്‍ത്തനം ചെയ്ത് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുന്നതിന് അനുമതി ചോദിച്ചു. അനുമതി നല്കിയെന്നു മാത്രമല്ല, മലയാളത്തിലേക്ക് തന്റെയൊരു കവിത ഇതുവരെയും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ലെന്നോര്‍മ്മിപ്പിച്ച്, ഒരു ചിത്രം കൂടി അതോടൊപ്പം കൊടുത്തോളൂ എന്നു പറയുകയും ചെയ്തു.
വിവര്‍ത്തനം തുടങ്ങിയപ്പോഴാണ് വിഷയം. മസിലുപിടിച്ച, അലക്കിത്തേച്ചുകുട്ടപ്പനായ മലയാളഭാഷയില്‍ അതൊന്നു ചെയ്തുനോക്കി. മൂലകവിതയുടെ മുനയും ലാളിത്യവും പൂര്‍ണമായും നഷ്ടപ്പെട്ടു എന്ന് മനസ്സിലായി. ഏറ്റവും പ്രശ്നമായത് കുറി എന്നവാക്കാണ്. കല്ക്കിയുടെ കവിതയില്‍ കുറി എന്ന വാക്കിന്റെ കരുത്താണ് മുനയായിരിക്കുന്നത്. അത് വെറും അടയാളപ്പെടുത്തലായി മാറ്റുമ്പോള്‍ കവിതയുടെ കാമ്പുതന്നെ നഷ്ടമാകും. കുറി എന്ന വാക്കിന് തമിഴിലുള്ള അതേ അര്‍ഥം തന്നെ മലയാളത്തിലും ഉണ്ടായേ മതിയാവൂ എന്ന തോന്നല്‍ ഉറപ്പുവരുത്താനായി ശബ്ദതാരാവലിയെ ആശ്രയിച്ചു. ഏതാണ്ടെല്ലാ തമിഴ് വാക്കുകളും അതേ അര്‍ഥത്തില്‍ത്തന്നെ മലയാളത്തിലുണ്ട്. കുറിയ്ക്ക് ലിംഗം എന്ന അര്‍ഥം രേഖപ്പെടുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ വിവര്‍ത്തനത്തെ പൂര്‍ണ്ണമായും ആശ്രയിക്കുന്നതിനുപകരം സുഹൃത്ത് മുത്തുവിനെ കവിതയുടെ തമിഴ് ലിപിയിലുള്ള പതിപ്പുതന്നെ കാണിച്ച് അര്‍ഥം ഉറപ്പുവരുത്തി.
കൂടപ്പിറപ്പു ഭാഷയില്‍ നിന്നുള്ള ഒരു കവിതയെ ഉള്‍ക്കൊള്ളുമ്പോള്‍പ്പോലും പൊള്ളാവുന്ന ഒരു ദൗര്‍ബല്യം നമ്മുടെ ഭാഷയ്ക്കുണ്ടെന്ന അറിവില്‍ വിവര്‍ത്തനത്തിനു മുതിരാന്‍ നന്നേ മടിച്ചു. അങ്ങനെ മാസങ്ങള്‍ കടന്നു പോയി. ഇന്നിവിടെ പ്രസിദ്ധീകരിക്കുന്ന വിവര്‍ത്തനം കവിത എന്ന നിലയിലും വിവര്‍ത്തനം എന്ന നിലയിലും ഈ വിധത്തില്‍ അനേകം പരാധീനതകള്‍ പേറുന്ന ഒന്നാണ്. തമിഴിന്റെ ഈണക്കവും മൂര്‍ച്ചയും  ആവാഹിക്കുവാന്‍ ശ്രമിക്കുമ്പോള്‍, അതിലെ വാക്കുകള്‍ കഴിയുന്നത്ര തനതായി നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, നമ്മുടെ വ്യവഹാരഭാഷയില്‍ നിന്ന് കുറെയൊക്കെ അതു മാറിപ്പോവുകയും മലയാണ്മയില്‍ അതിന്റെ ചൂര് രേഖപ്പെടുത്താന്‍ പരാജയെപ്പെടുകയും ചെയ്തേക്കാം എന്നതാണ് എന്റെ ഒന്നാം പേടി. ആ കവിതയില്‍ തുടിച്ചുനില്ക്കുന്ന അനുഭവത്തിന്റെ ചോര......... 
ഏതായാലും കവിത ഇവിടെ ചേര്‍ക്കുന്നു. വിവര്‍ത്തനം ചെയ്യാന്‍ അനുമതിനു കല്ക്കിയോടെ നന്ദി പറയുമ്പോഴും,  ഉറവിട കവിതയോട് എത്രമാത്രം നീതിപുലര്‍ത്താനായി എന്നതില്‍ മനസ്സു നന്നേ ചഞ്ചലപ്പെടുന്നുണ്ട്.




 





Wednesday, October 01, 2014

കവിതയുടെ ജാതകം.....

കവിത എന്താണ്, അതെങ്ങനെയാണുണ്ടാവുന്നത് എന്നതൊക്കെ സാഹിത്യപഠനത്തിലെ വിഷയങ്ങളാണ്. കവിതയുടെ നിര്‍വചനങ്ങള്‍ പഠിക്കേണ്ട കാര്യം ഇപ്പോളില്ലെങ്കിലും വാക്കുകള്‍ കവിതപേറുന്ന സന്ദര്‍ഭങ്ങള്‍ നാമോരുത്തരുയടെയും ജീവിതത്തില്‍ അനവധി ഉണ്ടാവാറുണ്ട്. ചിലവാചകങ്ങള്‍ നമ്മില്‍ നിന്നുതന്നെ ജനിക്കുന്നത്, അത് കേള്‍വിക്കാരില്‍ ഉദ്ദേശിച്ചതിലുമധികമായി അനുരണനം ചെയ്യുന്നത് ഒക്കെ കൗതുകകരമായ വസ്തുതകളാണ്. പറച്ചിലിന്റെയും ചൊല്ലലിന്റെയും എഴുതലിന്റെയും ചരിത്രത്തില്‍ നമ്മുടെയൊക്കെയും വകയായി ഇത്തരമൊത്തിരി സംഭാവനകള്‍ കാണും. നമ്മില്‍ നിന്നു തന്നെ അതൊക്കെ എങ്ങനെ ജനിച്ചു എന്നത് ആലോചിക്കാന്‍ കൗതുകമില്ലേ? എനിക്കേതായാലും ചിലപ്പോള്‍ തോന്നാറുണ്ട്.

1985ല്‍ ആദ്യത്തെ കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ വാക്കെങ്ങനെ കവിതയാകുന്നു എന്നതിന്റെ രസതന്ത്രം ഒട്ടും തന്നെ പിടികിട്ടുമായിരുന്നില്ല. എങ്കിലും 'കറുത്തപക്ഷിയോട്' എന്നുപേരുള്ള ഒരു കവിത പ്രസിദ്ധീകരണത്തിനു യോഗം നേടി. അതാവട്ടെ ആത്മാര്‍ഥതയുടെ അംശം ഒരുപക്ഷേ വളരെ കുറഞ്ഞ ഒരു സൃഷ്ടിയായിരുന്നു. വായിച്ചപലതിന്റെയും സ്വാധീനത്തില്‍, ബാലപംക്തിയില്‍ സ്ഥിരമായി വരുന്ന പലതിനെയും കിണഞ്ഞു നോക്കിയതിന്റെ അനുഭവപാഠം വച്ച് എഴുതിപ്പിടിപ്പിച്ച ഒന്ന്. അതങ്ങു പ്രസിദ്ധീകരിക്കപ്പെട്ടു. അതോടെ 'കവിത' എഴുതാമെന്ന് ഒരു തോന്നലൊക്കെയുണ്ടായി. പലതും കുറിച്ചുവച്ചു. ഒന്നോരണ്ടോ വട്ടം  വായിച്ച് തിരുത്തലും വരുത്തി, കുട്ടേട്ടന്‍, ബാലപംക്തി, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്ന വിലാസത്തില്‍ അയച്ചുകൊടുക്കുക പതിവാക്കി. പോയകവിതകളൊക്കെ കൃത്യമായിത്തന്നെ മടങ്ങി വന്നു. എല്ലാത്തിലും കുട്ടേട്ടന്റെ കുറിപ്പുണ്ടാവും. ആ കവിതയ്ക്കെന്തൊക്കെയാണ് പോരായ്മകളെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ടാവും. ചിലതൊക്കെ തിരുത്തി അയക്കാന്‍ പറയും. അങ്ങനെ പലകുറി കുട്ടേട്ടന്‍ പറഞ്ഞതനുസരിച്ച് തിരുത്തല്‍ വരുത്തിയയച്ചിട്ടും പ്രസിദ്ധീകരിക്കാതെ പോയ കുറെക്കവിതകളുമുണ്ട്. എഴുത്തേതായാലും നിന്നില്ല. തുടരെത്തുടരെ എഴുതി. എഴുതുന്നതിന്റെ മിനുക്കം കൂടിക്കൂടിവന്നു. ചിലതിലൊക്കെ കവിതയുടെ മിന്നായം ഉണ്ടാവുകയും ചെയ്തു. കവിതയെക്കുറിച്ചുള്ള സങ്കല്പത്തിനും കുറെക്കൂടി വ്യക്തത വരികയും ചെയ്തു.

യക്ഷിസങ്കല്പം എക്കാലത്തും ഒരു ഹരമാണെനിക്ക്. ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് കുഞ്ഞമ്മാവന്‍ പുതിയ വീടുവച്ച് അങ്ങോട്ടു താമസം മാറിയതോടെ കുഞ്ഞമ്മാവന്റേതായിരുന്ന തെക്കേപ്പുര( വീടിന്റെ തെക്കുവശത്തെ മുറി) എന്റെയും അനിയന്റെയും കിടപ്പുമുറിയായി. പത്താം ക്ലാസ്സിലെത്തിയതോടെ ആ മുറി എന്റേതു മാത്രമായി. ആ മുറിയില്‍ നിന്ന് ഏറിവന്നാല്‍ അറുപതടി ദൂരമേയുള്ളു കന്യാക്കോണിയില്‍ നില്ക്കുന്ന പാലയിലേക്ക്. ഇന്ന് വാര്‍ദ്ധക്യം അധികരിച്ച് മുരടിച്ചു നില്ക്കുന്ന ആ പാലമരം അക്കാലത്തൊക്കെ അതീവ സുന്ദരിയായിരുന്നു. അയല്പക്കത്തെ ചില പഴയ ആള്‍ക്കാരെങ്കിലും ആ പാലമരത്തില്‍ വസിക്കുന്നവളെ കണ്ടിട്ടുണ്ടത്രേ. അവരെക്കാണാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അല്പം പ്രായമൊക്കെയായ ശേഷം നിലാവുള്ള ചില രാത്രികളില്‍ മുറുക്കാനും ചവച്ചുകൊണ്ട് തെക്കേ മുറ്റത്ത് പാതിരാവുകഴിയുവോളം ഇരുന്നിട്ടുമുണ്ട്. യക്ഷി അനുഭവത്തിന്റേതായ ഒരു കവിത വലിയൊരു സ്വപ്നമായിരുന്നു. പലവുരു ശ്രമിച്ചെങ്കിലും തൃപ്തികരമായി ഒരു വരിപോലും ഉറന്നില്ല, ഉള്ളില്‍.

അങ്ങനെയിരിക്കെ എംഫില്‍ പഠനകാലത്തെ ഒരു അവധിദിവസം   പകല്‍വായനയും എഴുതാനുള്ളആഗ്രഹവുംഒക്കെയായി പടിഞ്ഞാറുവശത്തെ ഇളം പ്ലാവിന്റെ ചുവട്ടിലിരിക്കുമ്പോഴാണ് വെള്ളിയാഴ്ചയുടെ ആദ്യവരികള്‍ ഉടല്‍പൂണ്ടത്. എഴുതാന്‍ തുടങ്ങിയതുംവരികളൊന്നൊന്നായി വന്നു. എഴുത്തുകഴിഞ്ഞു വായിച്ചപ്പോള്‍ കൊള്ളാമെന്നു തോന്നി. അന്നത്തെ ഇരിപ്പു നിര്‍ത്തി എഴുന്നേല്ക്കാന്‍ തുടങ്ങുമ്പോഴാണ് വേറെയും ചിലത് ഉള്ളീല്‍ ശേഷിക്കുന്നുണ്ടെന്നു തോന്നിയത്. പേനയെടുത്ത് നിര്‍ത്താതെഴുതി- പ്രണയജലധി. തുടര്‍ന്നുള്ള വായനകളില്‍ഈ കവിതയ്ക്കാണ് കൂടുതല്‍ തിരുത്തുകള്‍ ആദ്യം ചെയ്തത്. അത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍പ്രസിദ്ധീകരിക്കപ്പെട്ടു.

ഇങ്ങനെയൊക്കെയാണ് കവിതയിലെന്റെ ജാതകങ്ങള്‍. അപ്രതീക്ഷിതമായി പിറക്കുന്ന ചിലതിനൊക്കെ അപ്രതീക്ഷിതമായ സ്വീകരണം ലഭിക്കുന്നത് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും ഇതാ അങ്ങനെയൊരനുഭവം. കഴിഞ്ഞ ശനിയാഴ്ച പത്തുമണിവരെ കൂട്ടുകാരോടൊപ്പം ചിലവഴിച്ച് വീട്ടിലെത്തി കഞ്ഞികുടിയും കഴിഞ്ഞ് ഫേസ്ബുക്കും തുറന്ന് പലതും നോക്കി പാതിരാവു കടന്നുപോകുന്നതറിയാതെ ഇരുന്നു. ഒടുവിലെപ്പോഴോ എന്തെങ്കിലും എഴുതിയാലോ എന്നു തോന്നി. ഒന്നും എഴുതാനുണ്ടായിരുന്നില്ല. എന്നിട്ടും എന്തെങ്കിലും എഴുതേണ്ടതാണെന്ന ശാഠ്യം കാരണം വെറുതെ ഓരോന്നു കുറിച്ചു തുടങ്ങി. ഓരോ വരി കഴിയും തോറും പുതിയ വെറും വരികള്‍ തോന്നിത്തോന്നി വന്നു.....അങ്ങനെ രാത്രി 1. 35ന് അത് പോസ്റ്റുചെയ്തു.... പത്തുമിനിട്ടുകഴിഞ്ഞ്  ഉറങ്ങാനായി ഫേസ്ബുക്ക് പൂട്ടുമ്പോള്‍ത്തന്നെ ഇഷ്ടം സൂചന ഒന്നുരണ്ടെണ്ണം വന്നു കഴിഞ്ഞിരുന്നു. പത്തിലേറെ ഇഷ്ടങ്ങള്‍ വന്നു കഴിഞ്ഞപ്പോള്‍ ആണ് കവിതാസ്പെഷല്‍ കൂട്ടങ്ങളിലേക്ക് അത് കൊടുത്തത്. ഓരോന്നില്‍ നിന്നും കുറെയധികം ഇഷ്ടങ്ങളും കമന്റുകളും വന്നുകഴിഞ്ഞു ഇതുവരെ.  ചിലകവിതകളുടെ ജാതകം ഇങ്ങനെ വിചിത്രമാണ്. ഇതാണ് പാതിരാവില്‍ കുറിച്ചിട്ടആ വരികള്‍(പേര് ഇന്നലെ കൊടുത്തതാണ്)


ഉറക്കം വരാഞ്ഞല്ല
!!!!!!!!!!!!!!!!!!!!!!!!

ഉറക്കം വരാഞ്ഞിട്ടല്ല
പതിവതായിപ്പോയതിനാല്‍
പാതിരാവായിട്ടും
ഉറങ്ങിയിട്ടില്ല ഞാന്‍

താഴത്തെ വീട്ടിലെപ്പട്ടികള്‍
കലിപ്പോടെ കുരയ്ക്കുന്നുണ്ട്
ഉള്‍മുറികളിലെ കൂര്‍ക്കം
ചങ്കിലേക്കുറ്റുവീഴുന്നുണ്ട്

പെയ്തമഴയുടെ കന്നിവീര്യം
ചെന്നിയില്‍
തുടിയ്കുന്നുണ്ട്

ഉറക്കം വരാഞ്ഞിട്ടല്ലേയല്ല,
പാതിരാവായിട്ടും
ഉറങ്ങാനാവുന്നില്ല.

മുമ്പിലീ സ്ക്രീനിന്‍ വെട്ടം
തുള്ളിനില്കുമ്പോള്‍
ഭൂവിന്‍
അന്യമൂലകളില്‍ നിന്നും
സന്ദേശരക്താക്ഷരം
നെറ്റിയില്‍ കത്തിച്ചുംകൊണ്ടീപ്പേജു
തിളങ്ങുമ്പോള്‍
കണ്ണുകള്‍ അടഞ്ഞാലും
അടയ്ക്കാനാവുന്നില്ല.

താഴത്തെവീട്ടിലെപ്പട്ടികള്‍
ചങ്ങലപറിച്ചേക്കാം...............




++++++++++++++++++++++++++++++

 പിന്‍കുറി:

അല്ല, ഇപ്പോഴും മനസ്സിലാവുന്നില്ല.
എന്താ ഈ കവിത?



Sunday, September 21, 2014

എന്തിനാക്കുയില്‍

പറച്ചിലുകള്‍
പലതുണ്ടാവാം
പഴങ്കഥകളും.
അതിന്റെയൊക്കെ അര്‍ഥം, വ്യാപ്തി, പ്രസക്തി-
ചര്‍ച്ച തൊഴിലാക്കിയവര്‍ക്ക്
അതിനു വിഷയമൊത്തിരി.

ഉറക്കമിളയ്ക്കാനും രാത്രിയെ നുണയുവാനും
പഠിച്ച നാള്‍ മുതല്‍ ഒരനുഭവമുണ്ട്-
കുയില്‍ രാത്രിയില്‍ കൂവുന്നതിന് നിലാവിന്റെ അകമ്പടിയുണ്ടാവും
മാമ്പൂമണം മഞ്ഞ് എന്നിങ്ങനെ ചില ഘടകങ്ങള്‍ കൂടി
പഴയകവികള്‍ പറഞ്ഞുവച്ചിട്ടുണ്ട്
അത് കവിതയില്‍ ......

ഇന്നു രാത്രി നിലാവില്ല.
ഉണ്ടെങ്കില്‍ത്തന്നെ അതൊരനുഭവമല്ല.
കന്നിമാസത്തില്‍ പതിവില്ലാത്തതിനാലായിരിക്കണം,
മഞ്ഞ് അല്പം പോലും ഇല്ല.
എന്നിട്ടും കൂവീ ഒരു കുയില്‍.
ഒരേയൊരുകൂവല്‍

കുയിലുകള്‍ കൂവുന്നത് എന്തിനൊക്കെയായിരിക്കാം?
വ്യത്യസ്തമാണെങ്കിലും
കവികള്‍ക്കും ജീവശാസ്ത്രക്കാര്‍ക്കും
അവരവരുടേതായ ഒത്തിരി
കണ്ടെത്തലുകളുണ്ട്.
ഇണയോ,വിരഹമോ അതിനു പ്രചോദനമാവാം.
നിലാവിലോ മഞ്ഞിലോ മദിച്ചതാവാം.
ഇന്നത്തെ കുയില്‍?


സമയംതെറ്റിക്കൂവിയവനും
വഴിമറന്നുനടന്നവനും
വരാവുന്നതൊക്കെ അവനും നേരിട്ടേക്കാം
കുയിലുകള്‍ക്കും
ഭ്രാന്ത് ഒരസുഖമായി വന്നേക്കാം

ഏതായാലും ഇന്ന് ഒരു കുയില്‍
കൂവുക തന്നെ ചെയ്തു.
രാത്രിയില്‍, ഇത്രമാത്രം വളര്‍ന്നുമുതിര്‍ന്ന ഇതേ രാത്രിയില്‍
നിലാവും മഞ്ഞും പ്രണയവും മാമ്പൂമണവും പെയാത്ത
ശൂന്യതയില്‍

ഇതൊക്കെ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമല്ലോ!
രാത്രിയല്ലേ
ഒറ്റയ്ക്കുറക്കമിളച്ചിരിപ്പല്ലേ
നിശ്ശബ്ദതയില്‍ എന്തൊക്കെ വേണമെങ്കിലും അരങ്ങേറാം
ഇരുള്‍മറവില്‍
പതുങ്ങിനിന്നേക്കാം കള്ളന്‍
മുരണ്ടുനില്പുണ്ടാം മൃതി
ഒളിഞ്ഞുനോക്കാന്‍ പ്രണയിയുണ്ടാവാം
മറവിനൂഴുമ്പോള്‍
ഒരു പുരാതന സ്മൃതി നിവര്‍ന്നുനിന്ന് കുശലം ചോദിച്ചേക്കാം

എന്തും സംഭവിക്കാം


എങ്കിലും
എന്തിനാക്കുയില്‍???

Tuesday, September 09, 2014

കായല്‍, കറുക, കന്നിനിലാവ് മുതലായവ


കായല്‍
കറുക
കന്നിനിലാവ് - ഒന്നും കവിതയല്ല.


വിചിത്രമായ അംഗവിക്ഷേപങ്ങളോടെ
നിരന്തരം തുള്ളിയാടുമെന്നേയുള്ളു കായല്‍
കടുംപച്ചയുടെ
കനത്തചാറു ചുരത്തുമെന്നേയുള്ളു കറുക
തെളിഞ്ഞെല്ലാത്തിലും പരന്നു
വെളിവാകുമെന്നേയുള്ളൂ കന്നിനിലാവ്

എന്നിട്ടുമെന്തേ ഈ കവി
കായലോളം പരന്ന അംഗവിക്ഷേപങ്ങളോടെ താളക്കുത്തുയര്‍ത്തുന്നു,
കറുകനാമ്പിന്റെ മുനപോലെ
തുളിച്ചുനില്ക്കുന്നു,
കന്നിനിലാവുപോലെയെല്ലാടത്തും
ഒഴുകിപ്പരക്കുന്നു,
ഹിമക്കരടിയെപ്പോലെ
കാടാറുമാസംനാടാറുമാസമാചരിക്കുന്നു,
വരയാടിനെപ്പോലെ
കരിമ്പാറമുനമ്പുകള്‍താണ്ടുന്നു,
മുതലയെപ്പോലെ
നിളയിലുംഗംഗയിലുമാണ്ടുനീന്തുന്നു,
മലയുടുമ്പിനെപ്പോലെ
അഗമ്യതയുടെമതിലുകള്‍ തരണംചെയ്യുന്നു?

തൃഷ്ണ
രതി
തപസ്സ് - ഒന്നും തന്നെ കവിതയല്ല

എന്നിട്ടും അയാള്‍
കുംഭവെയിലും മകരക്കുളിരും കര്‍ക്കടമാരിയും
ഉഗ്രമായി കാമിക്കുന്നു.
കാട്ടുപെണ്ണിനെയും
നാട്ടുപൂവിനെയും നുകര്‍ന്നുഞെരിക്കുന്നു.
ഇടയ്ക്കിടെ സ്വന്തം മുറിയുടെ
വിയര്‍പ്പൊട്ടിയമൗനത്തിലേക്ക്
വാല്മീകിയെപ്പോലെ പിന്‍വലിയുന്നു.
ഭൂമി സ്വര്‍ഗം പാതാളം
ഒന്നും കവിതയല്ല

അവനെന്നിടും
ഭൂവിന്‍നിറുകയില്‍ ആനന്ദതാണ്ഡവമാടുന്നു.
സ്വര്‍ഗ്ഗത്തിലേക്ക് നനുത്തവരികളുടെ
മുന്തിരിവള്ളികള്‍നെയ്ത്
ഇഴഞ്ഞുകയറുന്നു.
ഉഗ്രമായമുഴക്കത്തോടെ
പാതാളത്തിലേക്ക്
തുളഞ്ഞുതാഴുന്നു.
കവിതയേ ഇല്ലാത്ത ഇടങ്ങളിലേക്ക്
മഴയായും മയിലായും
മഞ്ഞമന്ദാരങ്ങളുടെ കാനനമായും
പടര്‍ന്നിറങ്ങുന്നു.

ഹേ, കപടവൈഭവങ്ങളുടെ നായകാ,
എന്താണപ്പോള്‍ കവിത??

-------------------------------
(എന്നോ കീറക്കടലാസില്‍ കുറിച്ചിട്ട വെറുംകുറെ വരികള്‍, അത്രമാത്രം. യാദൃച്ഛികമായി കണ്ടുകിട്ടിയപ്പോള്‍ വെറുതെ കളയേണ്ടെന്നു കരുതി..........)

Sunday, August 10, 2014

ഒരു ഫൈനലിന്റെ ഓര്‍മ

1976- 77 കാലഘട്ടം. കവിയൂര്‍ എന്‍. എസ്.എസ്. ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ കെ. പി. പിള്ള മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ ഫൈനല്‍ ഓര്‍മ്മയില്‍ പതിഞ്ഞുകിടപ്പുണ്ട്.

ചലചിത്രതാരം പാര്‍വതിയുടെ മുത്തച്ഛനായിരുന്നു കെ. പി. പിള്ള. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ആരാണ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചതെന്നൊന്നും ഓര്‍ക്കുന്നില്ല. തിരുവല്ലാ ചുറ്റുവട്ടത്തുള്ള അനവധി ടീമുകള്‍ ആദ്യ പ്രാവശ്യം മത്സരത്തില്‍ പങ്കെടുത്തു. ഏതാണ്ടെല്ലാ ദിവസവും കളികാണാന്‍ വീട്ടില്‍ നിന്ന് അനുവാദവും കിട്ടി. അന്ന് ആറാംക്ലാസ്സിലോ മറ്റോ പഠിക്കുകയായിരുന്നു ഞാന്‍.

അന്ന് കവിയൂരിലെ മിനര്‍വാക്ലബ്ബ് നല്ല നിലയില്‍ നടക്കുന്ന സമയമാണ്. ഞാലീക്കണ്ടം കെ. എന്‍. എം. സ്കൂള്‍ ഗൗണ്ടിലാണ് മിനര്‍വായുടെ കളി നടക്കുക. അന്തിച്ചന്തയില്‍ പോവുമ്പോഴും മറ്റും മിക്ക ദിവസവും അവര്‍ കളിക്കുന്നത് കണ്ടു നില്കാറുണ്ട്. ചിലദിവസങ്ങളില്‍ കളികണ്ട് താമസിച്ചതിന്റെ പേരില്‍ ആവശ്യത്തിനു ശകാരം വീട്ടില്‍ നിന്നു കിട്ടാറുമുണ്ട്. അന്ന് നല്ല ഒത്തിരികളിക്കാരുണ്ടായിരുന്നു മിനര്‍വയ്ക്ക്. ഫോര്‍വേഡായ റോയി, ഗോളി രവീന്ദ്രന്‍ എന്നിവരുടെയൊക്കെ പ്രകടനം കണ്ടുനില്ക്കുന്നതുതന്നെ ഒരു ഹരമായിരുന്നു. ചിലദിവസങ്ങളില്‍ സമീപ ദേശത്തെവിടെയെങ്കിലും ഏതെങ്കിലും ടൂര്‍ണ്ണമെന്റ് വിജയിച്ച് മിനര്‍വാ താരങ്ങള്‍ ഘോഷത്തോടെ വരുന്നത് ഞാലീക്കണ്ടം ആരവത്തോടെ സ്വീകരിക്കുന്നതും കണ്ടിട്ടുണ്ട്. സത്യത്തില്‍ മിനര്‍വയുടെ ബോര്‍ഡിനുതന്നെ ഒരു ചന്തമുണ്ടായിരുന്നു. അത് ഞാലീക്കണ്ടത്തിന്റെ ഒരു സാംസ്കാരിക ചിഹ്നം തന്നെയായിരുന്നു.

കെ. പി. പിള്ള മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യവര്‍ഷം തങ്ങളുടെ കളിമികവു മുഴുവന്‍ പുറത്തെടുത്ത് ഫൈനലിലെത്താന്‍ മിനര്‍വായ്ക്കു കഴിഞ്ഞു. ഫൈനലില്‍ അവരെ നേരിടാന്‍ കാത്തിരുന്നത് കവിയൂരിലെത്തന്നെ മറ്റൊരു ക്ലബ്ബായിരുന്നു. മിനര്‍വയുടെ അത്ര പാരമ്പര്യമില്ലെങ്കിലും മിനര്‍വയുമായി ബന്ധപ്പെട്ട് നേരത്തെ കളിച്ചിരുന്ന പലരുടെയും നേതൃത്വത്തില്‍ രൂപം കൊണ്ട സാന്‍ഡോസ്.

ആരും മികവില്‍ പിന്നിലല്ലെങ്കിലും സാന്‍ഡോസിന്റെ മുഖ്യ ആകര്‍ഷണം ഗോളി രാധ എന്ന കാദംപുറത്ത് രാധാകൃഷ്ണനായിരുന്നു. ആ ടൂര്‍ണ്ണമെന്റിലുടനീളം ഉള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഗോളി രാധ കാവല്‍ നില്‍ക്കുന്ന ടീം അജയ്യരാണെന്ന ഒരു മനോഭാവവും പൊതുവെ രൂപപ്പെട്ടു തുടങ്ങിയിരുന്നു. അതവര്‍ക്ക് കുറെ ആരാധകരെ ഉണ്ടാക്കുകയും ചെയ്തു. മിനര്‍വയാവട്ടെ പരമ്പരാഗതമായി ഒട്ടേറെ ആരാധകരുള്ള ഒരു ടീമും. ഫൈനല്‍ ആവേശം വിതയ്ക്കുന്ന ഒന്നാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.

അതങ്ങനെതന്നെയായിരുന്നു. മിനര്‍വാതാരങ്ങള്‍ തങ്ങളുടെ ചടുലതകൊണ്ട് പലപ്പോഴും സാന്‍ദോസിന്റെ ഗോള്‍ മുഖം വിറപ്പിച്ചുവെങ്കിലും അവരുടെ അജയ്യനായ ഗോളിയെ പരാജയപ്പെടുത്താന്‍ മിനര്‍വയ്ക്കായില്ല. അത്രയ്ക്കും മെയ്‌വഴക്കമായിരുന്നു അദ്ദേഹത്തിന്. ഗോളി രാധ മയിലെണ്ണ തേച്ചാണ് കളത്തിലെത്തുന്നതെന്ന ഒരുഭ്യൂഹവും നാട്ടില്‍ പരന്നിരുന്നു. അവസാനം ആരുമാരും ഗോളടിക്കാതെ കളീ അവസാനിച്ചു; പെനാല്‍ട്ടി ഷൂട്ടൗട്ട് അനിവാര്യമാക്കികൊണ്ട്.

ഞാനടക്കം മിനര്‍വ ആരാധകരെ മുഴുവനും ആശങ്കപ്പെടുത്തുന്ന ഒന്നായിരുന്നു ആ സാഹചര്യം. രവീന്ദ്രന്‍ നല്ല ഗോളിയാണെങ്കിലും അദ്ദേഹത്തെക്കാള്‍ ഏറെ ഉയരവും മെയ്‌വഴക്കവുമുള്ള ഗോളി രാധയ്ക്കൊപ്പം പ്രകടനം നടത്താന്‍ അദ്ദേഹത്തിനു കഴിയുമോ എന്ന സംശയിക്കാതെ തരമുണ്ടായിരുന്നില്ല. ഈ ടൂര്‍ണ്ണമെന്റ് മിനര്‍വയ്ക്ക് കൈവിട്ടുപോകും എന്ന് തോന്നി ചങ്കിടിച്ച നിമിഷങ്ങള്‍. ഷൂട്ടൗട്ട് തുടങ്ങി.

ഏതൊരു പെനാല്‍ടി ഷൂട്ടൗട്ടിന്റെയും അനിശ്ചിതത്വം പോലെ ആശങ്കയും ആവേശവുംഒപ്പത്തിനൊപ്പം വിതച്ച ആ ഏതാനുംമിനിട്ടുകള്‍ തീര്‍ന്നപ്പോള്‍ അനിശ്ചിതത്വം വഴിമാറിയിരുന്നു.  മിനര്‍വാ ചാമ്പ്യന്മാരായി. അതുവരെയും തന്റെ ഗോള്‍കീപ്പിംഗ് മികവുകൊണ്ട് കവിയൂരിലെ കളിക്കമ്പക്കാരെ വിമയിപ്പിച്ച ഗോളി രാധയുടെ കൈകള്‍ ചോര്‍ത്തിയ കിക്കിന്റെ ജനയിതാവ് റോയി ആയിരുന്നു എന്ന് തോന്നുന്നു.
 ലോകക്കപ്പ് എന്നൊക്കെ കേട്ടിട്ടുണ്ടായിരുന്നു. പെലെയെക്കുറിച്ച് ഒരു പാഠം പഠിക്കാനുമുണ്ടായിരുന്നു. 1970ലെ ഫൈനലില്‍ പെലെയും ടീമും പുറത്തെടുത്ത അത്ഭുതകരമായ പ്രകടനത്തിന്റെ ഒരു നേര്‍ത്തവിവരണം ആ പാഠഭാഗം മനസ്സില്‍ കോറിയിട്ടിരുന്നു. പെലെയുടെ ക്ലബ്ബാണ് സാന്‍ഡോസ് എന്നും അറിയാമായിരുന്നു.

കെ. പി. പിള്ള മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യഫൈനല്‍ കണ്ട ഓര്‍മ്മ ഒരു ലോകക്കപ്പു ഫൈനലിനു സാക്ഷിയായ മട്ടില്‍ നിറഞ്ഞ ചിത്രമായി മനസ്സില്‍ ഞാന്‍ സൂക്ഷിക്കുന്നു. 1994 മുതല്‍ എല്ലാ ലോകക്കപ്പിന്റെയും ഫൈനല്‍ കൂടാതെ അതിനു ശേഷം വന്ന മിക്ക യൂറോ, കോപ്പാ അമേരിക്കാ, കോണ്‍ഫെഡറേഷന്‍ കപ്പുകളുടെയും ഫൈനല്‍ ടിവിയില്‍ കാണുന്ന വേളയില്‍ ഞാനീ ഫൈനല്‍ ഓര്‍ക്കാറുമുണ്ട്.

നാലഞ്ചുകൊല്ലം നന്നായി നടന്ന ശേഷം നിറം മങ്ങിപ്പോയ കെ. പി. പിള്ള മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മുടങ്ങിയിട്ട് കാലങ്ങളായി. സാന്‍ഡോസിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഗോളി രാധാകൃഷ്ണനും ഏതാനും വര്‍ഷം മുന്‍പ് കാലയവനികയ്ക്കപ്പുറത്തേക്ക് വിടകൊണ്ടു. മിനര്‍വാ അന്നത്തെ ആള്‍ക്കാര്‍ ജീവിതം തേടി പലവഴിപിരിഞ്ഞതോടെ ഒട്ടു നിര്‍ജ്ജീവമായെങ്കിലും കുറെ നാളൂകള്‍ക്കു ശേഷം ലിറ്റില്‍ മിനര്‍വ എന്ന പേരില്‍ പുനര്‍ജ്ജനിച്ചു. അതു മറ്റൊരു സുവര്‍ണ്ണ കാലമായിരുന്നു. ഇപ്പോളും ആ ക്ലബ്ബ് പേരിനെങ്കിലും നിലനില്കുന്നുമുണ്ട്. ചെറീയ തോതിലൊരു സെവന്‍സ് ടൂര്‍ണ്ണമെന്റും അവര്‍ സംഘടിപ്പിക്കുന്നുമുണ്ട്. പഴയ കളീക്കാരില്‍ പലരും ജീവിതത്തിന്റെ പലതുറകളില്‍ ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് ചിതറി. റോയിയും കുടുംബവും പൂര്‍ണ്ണമായും ലണ്ടനിലേക്കു ചേക്കേറി. രവിന്ദ്രന്‍ കോളേജ് അധ്യാപകനായി. പാലക്കാട് വിക്റ്റോറിയ കോളേജിലായിരുന്നു ദീര്‍ഘകാലം. ഇപ്പോഴും അവിടെയാവണം. അന്നത്തെ താരങ്ങളില്‍ ചിലരൊക്കെയെങ്കിലും മധ്യവയസ്സിന്റെ അന്ത്യഘട്ടമടുത്തതോടെ നാട്ടിലേക്ക് തിരിച്ചെത്തിത്തുടങ്ങിയിട്ടുമുണ്ട്.

അന്ന് കാഴ്ചക്കാരുടെ നിരയില്‍ ഒതുങ്ങിയിരുന്ന മെലിഞ്ഞു ശുഷ്കിച്ച ഒരു നിക്കര്‍ധാരിയെ അവരിലാരും തന്നെ ഓര്‍ക്കുകില്ല.

Friday, August 01, 2014

നിഴൽക്കാലം





ജാഗരൂകം

Wednesday, February4, 2009

നിഴലുകളുടെ സഞ്ചാരം തുടങ്ങിക്കഴിഞ്ഞു. 
മരങ്ങളുടെ ഓരംപറ്റി, ചുവരുകളോടു ചേര്‍ന്ന്, ജന്നല്‍ച്ചില്ലുകളില്‍ ശബ്ദമുയര്‍ത്താതെ നഖമുരുമ്മി നിഴലുകളായിരം. പതിനായിരം.  
നിഴലുകളുടെ സാമ്രാജ്യം.  
അടരടരായി, തുള്ളിതുള്ളിയായി നിഴലുകള്‍ പടര്‍ന്ന് നിഴലുകളുടേതുമാത്രമായ ഒരു ലോകം പുലരുകയായിരുന്നു. അതിനുമുന്‍പും നിഴലുകള്‍ ഉണ്ടായിരുന്നു. 
അവ ഈ വീടിനെ വലം വയ്ക്കുന്നുണ്ടണ്ടായിരുന്നു. 
വാഴത്തോപ്പിനുള്ളില്‍ പകലാകെ മര്‍മ്മരമുയര്‍ത്തിയത് കാറ്റുമാത്രമായിരുന്നില്ല. 
കരിഞ്ഞൊടിഞ്ഞ വാഴക്കയ്യുകളുടെ മറപറ്റി അവ അപ്പോഴും വിഹരിക്കുന്നുണ്ടായിരുന്നു. ആയിരമായിരമായിത്തന്നെ. 
രാത്രിയായതോടെ അവയ്ക്ക് സഞ്ചാരസ്വാതന്ത്ര്യം അപാരമായെന്നുമാത്രം. 
വെളിപ്പെട്ടുപോകുമോ എന്ന ഭയമില്ലാതെ, ഒരു മറയില്‍ ചുരുങ്ങാന്‍ ജാഗ്രത വേണ്ടാതെ, അവയ്ക്കിപ്പോള്‍ യഥേഷ്ടം സഞ്ചരിക്കാം.  
ഇപ്പോഴും മസ്സിലാകാത്തത്, വെളിപ്പെടുന്നതിന് എന്തിനാണിവയിത്രയും ഭയക്കുന്നതെന്നാണ്.  ഭയക്കുന്നിഴലുകള്‍ക്കിടയില്‍ ജീവിയ്ക്കുന്നതിന്റെ സാഹസം ബലപ്പെടുത്തുമ്പോഴും, ഈ ആയിരക്കണക്കിനു നിഴലുകളില്‍ ഒരെണ്ണമെങ്കിലും വെളിച്ചത്തിലക്കിറങ്ങിവരുമെന്നും മുഖം വെളിവാക്കുമെന്നുമുള്ള പ്രതീക്ഷ ഒരിക്കലും സഫലമാകത്തതിന്റെ സങ്കടം ചെറുതല്ല.  
എക്കാലവും ഇങ്ങനെ മറപറ്റി ഇവ ചുഴലം നില്ക്കുന്നതെന്തിനാണെന്നാണ് മനസ്സിലാവാത്തത്. 
സ്വന്തം നിലനില്പ് വെളിപ്പെടുത്താനാവാത്ത ജീവിതത്തിന്റെ അര്‍ഥം എന്താണ്? 
ഉണ്ടായിരിക്കുമ്പോഴും ഇല്ലാ എന്നു തോന്നിപ്പിക്കുന്ന അവയുടെ ജീവിതമാണ് അത്ഭുതപ്പെടുത്തുന്നത്.  
ഇനി അവ ഇല്ലാ എന്നു വന്നാലോ.  
ഇല്ല. നിഴലുകളേ ഇല്ലാത്ത ഒരു ലോകം സാധ്യമല്ല. 
ഈ മുറിപോലെ എല്ലാത്തിനും അര്‍ഥം നല്കുന്നത് ചുഴന്നു നില്ക്കുന്ന നിഴലുകളാണ്.  
അവയുടെ രതി, ക്രൌര്യം, പകപ്പ്, ജാഗ്രത, വിഷാദം, സന്ദിഗ്ധത ഒക്കെ നിറഞ്ഞുനില്ക്കുകയാണ് എങ്ങും.  
മുറ്റത്തെ ചൊരിമണലില്‍ കാല്‍വിരല്‍കൊണ്ട് അദൃശ്യചിത്രം വരഞ്ഞു നില്‍ക്കുന്ന ലജ്ജാലുവായ നിഴലിനോട് ജന്നല്‍പ്പാളിയോടു ചേന്ന് പതുങ്ങി നില്‍ക്കുന്ന നിഴല്‍ പറയുന്നത് ഇപ്പോള്‍ കേള്‍ക്കാകുന്നുണ്ട്  ഇതൊരു കോളടിക്കുന്ന കേസ്സുതന്നെയാടേയ്  
എന്താ, വല്ലോം കാണമ്പറ്റുന്നുണ്ടാ, രണ്ടാം നിഴല്‍ തുടുത്ത ആകാംക്ഷയോടെ ആരായുന്നു.  മഞ്ഞിനിടേല്‍ക്കൂടി കാണുന്നതുപോലാണെങ്കിലും, വെട്ടമടിച്ച് ആ നിറോം തിളക്കോമൊക്കെ ഫീലു ചെയ്യുന്നുണ്ട്. കുറേയുരുപ്പടി ദേഹത്തുതന്നെയൊണ്ട്. മുറിയുടെ അങ്ങേ ഭിത്തിയിലെ അലമാരയുടെ താക്കോല്‍ ആ കമ്പ്യൂട്ടര്‍ മേശേടെ വലിപ്പിലാ വെക്കുന്നത്, ഒന്നാം നിഴലിന്റെ മറുപടി.
  മടിയില്‍ വച്ചിരിക്കുന്ന കത്തിമുന തുടയിലുരുമ്മിയതിന്റെ അസ്വാരസ്യം കൊണ്ട് മുരണ്ട് മൂന്നാമത്തെ നിഴല്‍ വെന്റിലേറ്ററിലേക്ക് തുടരെത്തുടരെ കണ്ണയച്ചു. 
നാലാമത്തെ നിഴല്‍ അടുക്കളപ്പിറകിലൂടെ ഒരു മീന്‍മണത്തിന്റെ പരലുകള്‍ തേടി ഇടയ്ക്കിടെ കരഞ്ഞും മടുത്ത് ഒരിടത്തിരുന്ന് മുഖം നക്കിത്തുടച്ചും അലക്ഷ്യമായി മ്യാവൂ എന്ന് കരഞ്ഞും സമയം പോക്കുന്നു. 
വേറെയെത്രയോ നിഴലുകള്‍, തിരിച്ചറിയാനാവാത്ത വേറെയെത്രയോ കാമനകള്‍, പൂരിപ്പിക്കാനാവുമെങ്കില്‍ എത്രരേം വേണമെങ്കിലും സമയം കൊല്ലാന്‍ സഹായിക്കുന്ന സമസ്യകള്‍, മറപറ്റി, ഒളിനോക്കി ഈ രാത്രിയില്‍…  
എല്ലാ രാത്രികളും ഇങ്ങതെന്നെയാണെന്ന് തോന്നുന്നു. പകലുകളും. ചിലപ്പോളൊക്കെ ആ തോന്നല്‍ ഉണ്ടാവുമെങ്കിലും ഇന്നത്തെപ്പോലെ അതില്‍ മുഴുകാന്‍ തോന്നിയിട്ടില്ല എന്നു മാത്രം.  നിഴലുകള്‍ക്കിടയിലെ ഈ ജീവിതത്തിനും ഒരു സുഖമുണ്ട്. അതിന്റെ സാഹസികത ജീവിതത്തെ സമ്പന്നമാക്കുന്നുണ്ട്.  ഏകാന്തതയെ തുടച്ചുനീക്കുന്ന കൂട്ടായി കാവല്‍ നില്ക്കുന്നുണ്ട്.  
ഇതിലേതെങ്കിലും ഒരു നിഴല്‍ സങ്കോചം വെടിഞ്ഞ്, ഏതെങ്കിലും വിടവിലൂടെയോ, ജന്നലോ വാതിലോ തല്ലിത്തകര്‍ത്തോ കാമാസക്തിയോ കത്തിയോ ഒളിനീക്കിയാണെങ്കിലും മുന്നില്‍ വന്നു നില്ക്കുന്ന നിമിഷത്തെ പ്രതീക്ഷിക്കുന്നതിനും കൌതുകമുണ്ട്. വിചിത്രമായ ഒരു ക്ളൈമാക്സ് പ്രതീക്ഷിക്കുന്നതിന്റെ രസം.  കാത്തിരുന്നു മടുത്തു. 
Posted by Janakipaul at 11:39 PM

 ഈ ബ്ളോഗ് പോസ്റ്റ് ചെയ്ത് രണ്ടുമണിക്കൂര്‍ തികയും മുന്‍പ് ജാനകി പോള്‍ മൃഗീയമായി കൊലചെയ്യപ്പെട്ടു. അവരുടെ കിടപ്പുമുറിയുടെ ജന്നലിന്റെ അഴികളും ബാത്ത്റൂമിന്റെ വെന്റിലേറ്ററും അറുത്തുമാറ്റ്പ്പെട്ടിരുന്നു. കിടപ്പുമുറിയിലെ വാര്‍ഡ്റോബില്‍ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടി ജഡത്തിനു സമീപം ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. കട്ടിലില്‍ ബന്ധിക്കപ്പെട്ടനിലയിലായിരുന്നു ജാനകിയുടെ ജഡം. മരിക്കും മുന്‍പും അതിനുശേഷവും അവര്‍ ബലാല്‍സംഗത്തിനിരയായി എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. മരിക്കും മുന്‍പ് ക്രൂരമായ രീതിയില്‍ അവര്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടു.  കണ്ണുകള്‍ രണ്ടും ചുഴന്നെടുക്കപ്പെടുകയും നാവ് അറുത്തുമാറ്റപ്പെടുകയും ചെയ്തിരുന്നു. ശരീരമാകെ നഖം കൊണ്ടും കത്തിത്തലപ്പുകൊണ്ടും വരഞ്ഞ മുറിവുകളുണ്ടായിരുന്നു. ഊറ്റമാര്‍ന്ന കവിതകള്‍ കൊണ്ടെന്ന പോലെ അത്യാകര്‍ഷകമായ മുഖകാന്തികൊണ്ടും സാംസ്കാരികരംഗത്ത് നിറസാന്നിദ്ധ്യം തെളിയിച്ച ജാനകി പോളിന്റെ മുഖം ആകെ വികലമാക്കപ്പെട്ട രീതിയിലായിരുന്നു. ശുചിയായി സൂക്ഷിക്കപ്പെട്ട മുറിയുടെ തറയിലും തൂവെള്ള നിറത്തിലുള്ള കിടക്കവിരിയിലും രക്തം ഒഴുകിപ്പരന്നു കിടന്നു. തറയില്‍ ശുക്ളം ഉണങ്ങിപ്പിടിച്ചപാടുകള്‍ ഉണ്ടായിരുന്നു. തറയില്‍ ഒഴുകിപ്പരന്ന ചോരച്ചാലില്‍ ഒരു പൂച്ചയുടെ കാല്പ്പാടുകള്‍ പതിഞ്ഞു കിടന്നിരുന്നു എന്നു മാത്രമല്ല ചോര നക്കിക്കുടിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടണ്ടായിരുന്നു.  
ജാനകി പോളിന്റെ മരണം ആഴ്ച്ചകളോളം പത്രങ്ങളും ചാനലുകളും ആഘോഷിച്ചു. നാടിനെ പിടിച്ചുകുലുക്കിയ ആ മരണം ചൂടുപിടിച്ച മാധ്യമ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയെങ്കിലും സാഹിത്യ സാംസ്കാരിക നായകരുടെ മൌനവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. എന്തിലും ഏതിലും സമയവും സാഹചര്യവും നോക്കാതെ ഇടപെടുന്ന പാരമ്പര്യമുള്ളവരുടെ നാവില്‍ നിന്നു പോലും ഒരു വാക്കെങ്കിലും ജാനകിയുടെ മരണത്തെതുടര്‍ന്ന് ഉളവായില്ല എന്നതും അന്ന് മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ വിഷയമായി. പൊതുവേ, സാംസ്കാരിക രംഗത്തു പടര്‍ന്നു പിടിച്ചിട്ടുള്ള കുറ്റകരമായ മൌനവും സമൂഹത്തെ കാര്‍ന്നു തിന്നു തുടങ്ങിയിരിക്കുന്ന അക്രമാസക്തിയും ചര്‍ച്ചകളില്‍ പങ്കെടുത്ത പലരെയും ഉദ്വേഗപ്പെടുത്തി. നഗരപാര്‍ശ്വത്തിലുള്ള സ്വന്തം വീട്ടില്‍ വച്ച് ഒരു പ്രമുഖ വ്യക്തി ഇത്രയും ദാരുണമായ വിധത്തില്‍ മരണത്തിനു വിധേയയാവുന്ന സാഹചര്യം സാധാരണ പൌരന്റെ ജീവിതത്തെ എത്രമാത്രം ഭീതിദമാക്കാം എന്നതായിരുന്നു കാതലായി ഉയര്‍ന്ന ശബ്ദം. ഭരണാധികാരികളും പൊലീസും പരക്കെ വിമര്‍ശ്ശിക്കപ്പെട്ടു.  
മാധ്യമങ്ങളുടെ അലമുറ ഒട്ടൊന്ന് അടങ്ങിത്തുടങ്ങിയപ്പോളാണ് ജാനകിയുടെ മരണത്തിനു കാരണക്കാരായ മൂന്നു പേരെ പൊലീസ് അടുത്തടുത്ത ദിവസങ്ങളില്‍ പിടികൂടുന്നത്. ഇതോടെ വീണ്ടും വാര്‍ത്തകളുടെയും വിശകലനങ്ങളുടെയും പ്രവാഹമായി. പൊലീസിന്റെ കൃത്യനിര്‍വഹണശേഷി എല്ലാവരും പ്രകീര്‍ത്തിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതികളുടെ മൊഴികള്‍ വാര്‍ത്തയായതോടെ ചര്‍ച്ച വീണ്ടും സമൂഹത്തെ, പ്രത്യേകിച്ചും യുവാക്കളെ ബാധിച്ചിരിക്കുന്ന അക്രമാസക്തി ചൂടുപിടിച്ച ചര്‍ച്ചാവിഷയമായി. ആധുനിക സംവിധാനങ്ങളുടെ പ്രചാരവും പാശ്ചാത്യ രീതിയോടുള്ള അതിരുകടന്ന ആസക്തിയും നമ്മുടെ സമൂഹത്തെ വഴിപിഴപ്പിക്കുന്നു എന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍ക്കും എതിരഭിപ്രായമുണ്ടണ്ടായില്ല. ഇന്റെര്‍നെറ്റും മൊബൈല്‍ ഫോണും പ്രതിപ്പട്ടികയില്‍ ഒന്നാമതെത്തി.   പൊലീസിന്റെ പിടിയിലായ മൂന്നുപേരും കുറ്റം സമ്മതിച്ചു.  ജാനകിയുടെ സമീപവാസിയായ അലന്‍ എന്ന യുവാവാണ് ആദ്യം പൊലീസിന്റെ പിടിയിലകപ്പെട്ടത്. മൊബൈല്‍ ഫോണ്‍ വഴി പ്രചരിച്ച ജാനകിയുടെ നഗ്നചിത്രങ്ങളെ കേന്ദ്രീകരിച്ചു നടന്ന അന്വേഷണമാണ് അലനെ കുരുക്കിയത്. സംഭവദിവസം രാത്രി പന്ത്രണ്ടണ്ടരമണിയോടെ ജാനകിയുടെ കിടപ്പുമുറിയുടെ തുറന്നു കിടന്ന ജന്നലിലൂടെ അകത്തുപ്രവേശിച്ച താന്‍ അവര്‍ കട്ടിലിനോടു ബന്ധിക്കപ്പെട്ട നിലയില്‍ കിടക്കുന്നതാണു കണ്ടണ്ടതെന്ന് അലന്‍ മൊഴി നല്കി. കിടപ്പുമുറിയുടെ പടിഞ്ഞാറെ ഭിത്തിയിലുള്ള രണ്ടുപാളി ജന്നലിന്റെ താഴത്തെ നിരയിലുള്ള എട്ടു കമ്പികള്‍ അറുത്തുമാറ്റപ്പെട്ട നിലയിലായിരുന്നു എന്നും അവന്‍ പറഞ്ഞു. ജാനകിയുടെ വീടിനു ചുറ്റും രാത്രികാലങ്ങളില്‍ നടന്ന് അവരുടെ മുറിയിലും കുളിമുറിയിലും ഒളിഞ്ഞു നോക്കുക തന്റെ പതിവായിരുന്നു എന്ന് പ്രതി സമ്മതിച്ചു. അങ്ങനെയൊരു വേളയില്‍ മൊബൈല്‍ ക്യാമറയില്‍ പിടിച്ച കുളിമുറി ദൃശ്യങ്ങളായിരുന്നു അലന്‍ ചില സുഹൃത്തുക്കള്‍ക്ക് മെസ്സേജ് ചെയ്തത്.  താന്‍ ജാനകിയുടെ ശരീരത്തില്‍ കാര്യമായിട്ടൊന്നു തൊടുകപോലും ചെയ്തിട്ടില്ലെന്ന് അലന്‍ തറപ്പിച്ചു പറഞ്ഞു. പതിവുപടി ജാനകിയുടെ വീടിനു ചുറ്റും പരുമ്മി നടക്കുമ്പോള്‍ അവരുടെ കിടപ്പുമുറിയുടെ ജന്നല്‍ തുറന്ന് ജന്നലഴികള്‍ അറുത്തുമാറ്റപ്പെട്ട രീതിയില്‍ കണ്ടതുകാരണം രണ്ടും കല്പിച്ച് അകത്തു കടക്കുകയായിരുന്നു. മുറിയിലെ അരണ്ട വെളിച്ചത്തില്‍ കട്ടിലില്‍ മയങ്ങിക്കിടക്കുന്ന ജാനകിയുടെ രൂപം കണ്ടു. അവര്‍ ബന്ധനസ്ഥയാണെന്ന് തിരിച്ചറിഞ്ഞത് മൊബൈലിന്റെ പ്രകാശത്തിലാണ്. വളരെക്കാലമായി തന്റെ ഒളിനോട്ടത്തിനു വിധേയമായ ആ ശരീരം അത്രയടുത്ത് കണ്ടപ്പോള്‍ അവര്‍ ബന്ധനസ്ഥയാണെന്നും വീട് കൊള്ളയടിക്കപ്പെട്ടിരിക്കുന്നു എന്നുമൊക്കെയുള്ള വിവരങ്ങള്‍ക്കു വിലകൊടുക്കാതെ, മുന്നില്‍ കിടക്കുന്ന ശരീരത്തിന്റെ ദൃശ്യവിരുന്നിലേക്ക് വഴുതിവീഴാനായിരുന്നു ഉണര്‍ന്ന പ്രേരണ. അവര്‍ നല്ല മയക്കത്തിലാണെന്ന് ഉറപ്പുവരുത്തിയശേഷം ആരുടെയും കാഴ്ചയെ വിളിച്ചു വരുത്തുന്ന ആ തുടകളുടെ സമീപദൃശ്യത്തിനായി നൈറ്റി പതിയെ തെറുത്തുകയറ്റി, മൊബൈലിന്റെ വെളിച്ചത്തില്‍ ആ ദൃശ്യം അസ്വദിച്ച് രണ്ടുതവണ സ്വയംഭോഗം ചെയ്തതായി അലന്‍ വെളിപ്പെടുത്തി. അത്രയുമായപ്പോഴേക്കും സംഭവത്തിന്റെ ഗൌരവം വെളിവായി താന്‍ ജന്നലിലൂടെത്തന്നെ പുറത്തുപോന്നു എന്നും അവന്‍ പറഞ്ഞു.  
ജാനകിയുടെ വീട്ടിലേക്കു പോകുമ്പോള്‍ അവരുടെ വീടിടുത്തുവച്ച് കണ്ടണ്ട അപരിചിതായ ഒരു വ്യക്തിയെക്കുറിച്ച് അലന്‍ നല്കിയ മങ്ങിയ രൂപരേഖയില്‍ നിന്നുമാണ് രണ്ടാമത്തെ അറസ്റ്റ് നടക്കുന്നത്. നഗരപരിസരത്ത് സമീപകാലങ്ങളില്‍ നടന്ന ഏഴോളം മോഷണങ്ങള്‍ക്കും അതോടെ തുമ്പുകിട്ടി. ശിവങ്കുട്ടി എന്നറിയപ്പെടുന്ന ശിവകുമാര്‍. ജീവിത സാഹചര്യങ്ങളാണ് തന്നെ മോഷ്ടാവാക്കിയതെന്ന് അയാള്‍ പൊലീസിനു നല്കിയ മൊഴിയില്‍ ആദ്യമേ പ്രസ്താവിച്ചു. നഗരത്തിലെ മോഷണത്തിനു പറ്റിയ വീടുകള്‍ മാസങ്ങളോളം അയാള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഒറ്റയ്ക്ക് ഒരു സ്ത്രീ താമസിക്കുന്ന ആ വീടും അതിന്റെ ഉടമയുടെ ആടയാഭരണങ്ങളും അവന്റെ ഇരകളുടെ നിരയില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. തക്കം കിട്ടിയപ്പോള്‍ ജന്നലഴികള്‍ മുറിച്ച് അകത്തുകടന്ന താന്‍ ഉറങ്ങിക്കിടക്കുന്ന ജാനകിയെ ക്ളോറോഫോം മണപ്പിച്ച് മയക്കുകയും അപ്രതീക്ഷതമായി അവര്‍ മയക്കം വിട്ടാലോ എന്നു ഭയന്ന് കട്ടിലോടു ചേര്‍ത്ത് ബന്ധിക്കുകയും ചെയ്തശേഷം അവരുടെ ആഭരണങ്ങളും പണവും കൈക്കലാക്കുകയായിരുന്നു. നിരവധി ദിവസങ്ങളായി താന്‍ ആ വീടിനു ചുറ്റും രാത്രികാലത്ത് ശ്രദ്ധയോടെ നടന്നിരുന്നു എന്ന് ശിവങ്കുട്ടി പറഞ്ഞു. ജാനകി താക്കോല്‍ സൂക്ഷിക്കുന്നത് കമ്പ്യൂട്ടര്‍ കീബോര്‍ഡിന്റെ കീഴിലാണെന്ന് നേരത്തെ കണ്ടുപിടിച്ചിരുന്നത് വേഗം തന്നെ തന്റെ കൃത്യം നിര്‍വ്വഹിക്കുവാന്‍ അവനെ സഹായിച്ചു. ആഭരണങ്ങള്‍ എടുത്ത് തന്റെ ബാഗിലാക്കിയ ശേഷം അതു സൂക്ഷിച്ചിരുന്ന പിച്ചളപൊതിഞ്ഞ ചെറിയ തടിപ്പെട്ടി കട്ടിലിരികില്‍ത്തന്നെ ഉപേക്ഷിച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആഭരണങ്ങളും പണവും ലഭിച്ചതിനാല്‍ വെറുതെ ഒരു ഭാരം കൂടിചുമക്കേണ്ടണ്ടന്ന തോന്നലിലാണ് പുരാവസ്തുകുതുകികള്‍ക്ക് പ്രിയമാകുമായിരുന്ന ആ പെട്ടി വേണ്ടെണ്ടന്നു വച്ചതെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു.  ജാനകിയുടെ ശരീരത്തില്‍ കയര്‍വരിയാനൊഴിച്ച് സ്പര്‍ശ്ശിച്ചിട്ടേയില്ലെന്ന് ശിവങ്കുട്ടിയും പറഞ്ഞു. മോഷണമായിരുന്നു തന്റെ ലക്ഷ്യം. അതുകഴിഞ്ഞതും സ്ഥലം വിടുക എന്ന ഒറ്റലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. കട്ടിലില്‍ ബോധശൂന്യയായികിടക്കുന്ന സ്ത്രീയുടെ ശരീരകാന്തി തന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാതിരിക്കാന്‍ അതുകൊണ്ടുതന്നെ ശ്രദ്ധിച്ചു. എങ്കിലും മോഷണം കഴിഞ്ഞ് പുറത്തിറങ്ങി നടക്കുന്നതിനിടയില്‍ പരിസരത്ത് ഒരാള്‍ കൂടി പരുമ്മിനടക്കുന്നത് ശ്രദ്ധയില്പ്പെട്ടു. അയാളുടെ ഉദ്ദേശമെന്തെന്ന് അറിയാനുള്ള കൌതുകം തോന്നി. അയാളെ കണ്ടതായി പോലും നടിക്കാതെ നടന്നു നീങ്ങിയെങ്കിലും അപ്പുറത്തെ വളവുതിരിയുന്നിടത്ത് പതുങ്ങി അല്പനേരം ചിലവഴിച്ചു. അയാളും ആ വീടുതന്നെ ലക്ഷ്യമിടുന്നതെന്നു മനസ്സിലായതോടെ എന്താണു നടക്കാന്‍ പോകുന്നതെന്ന ആകാംക്ഷ ബാധിച്ച് മെല്ലെ തിരിയെവന്നു. ആ രൂപം താന്‍ ചമച്ചവഴിയിലൂടെത്തന്നെ വീടിനകത്തേക്ക് പ്രവേശിച്ചതോടെ ആകാംക്ഷ വര്‍ദ്ധിച്ചു. ജന്നലിടുത്ത് വെളിപ്പെടാതെ ശ്രദ്ധിച്ചു നിന്ന് അയാളുടെ പ്രവൃത്തികള്‍ വീക്ഷിക്കാന്‍ തുടങ്ങി. തന്നെക്കാള്‍ ചെറുപ്പമായ ആ വ്യക്തി ജാനകിയുടെ ശരീരത്തുനിന്നും വസ്ത്രം വലിച്ചുനീക്കുന്നതും പിന്നെ കണ്ടതാസ്വദിച്ച് സ്വയംഭോഗം ചെയ്യുന്നതും കണ്ട് ലജ്ജയാണു തോന്നിയത്. കഴിയുമെങ്കില്‍ ആ ഞരമ്പുരോഗിയുടെ പിടലിക്ക് രണ്ടു പിടവച്ചുകൊടുക്കുമായിരുന്നു എന്നും ശിവങ്കുട്ടിപറഞ്ഞു.  
അലന്റെയും ശിവങ്കുട്ടിയുടെയും മൊഴികളില്‍ നിന്ന് ഉരുത്തിരിഞ്ഞ സംഭവപശ്ചാത്തലത്തിന്  ക്രമവും ചേര്‍ച്ചയും ഉണ്ടെങ്കിലും ജാനകിയെ കൊന്നതാര് എന്ന ചോദ്യം മാധ്യമങ്ങള്‍ കൊത്തിവലിച്ചു തുടങ്ങിയപ്പോഴേക്കും മൂന്നാം പ്രതിയും പിടിക്കപ്പെട്ടു. ജെ എന്നറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകനായിരുന്നു അത്. സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നതു തന്നെയായിരുന്നു അയാളുടെ മേല്‍വിലാസം. മുപ്പതിലേറെ കൊല്ലമായി നഗരത്തിലെ ഏതു സാംസ്കാരിക സംഭവത്തിലും മുന്‍പന്തിയില്‍ത്തന്നെ പ്രത്യക്ഷപ്പെടാറുള്ള ഒരു വ്യക്തി. വെളിച്ചം കാണാത്ത ഒരു സിനിമയുടെ സ്ക്രിപ്റ്റും നഗരത്തില്‍ വര്‍ഷം തോറും നടക്കാറുള്ള പുസ്തകപ്രദര്‍ശ്ശനം, ചലച്ചിത്രോത്സവം എന്നിവയെ കുറിച്ച് ഒരിടത്തരം പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചു വന്നിട്ടുള്ള ഏതാനും സംഭവക്കുറിപ്പുകളുമായിരുന്നു അയാളുടെ എടുത്തുപറയാനുള്ള സംഭാവനകള്‍. ജാനകിയുടെ മൊബൈല്‍ ഫോണിലേക്കു വന്നവിളികളെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് ജെയെ സംശയത്തിന്റെ മുനയിലെത്തിച്ചത്. പൊലീസിന്റെ ആദ്യ ചോദ്യംചെയ്യലില്‍ത്തന്നെ ജാനകിയെ ബലാല്‍സംഗം ചെയ്തതും ശാരീരികവൈകല്യങ്ങള്‍ വരുത്തി കൊലപ്പെടുത്തിയതും താനാണെന്ന് അയാള്‍ വെളിപ്പെടുത്തി.  ജാനകിയോടുള്ള തീരാത്ത അഭിനിവേശം, അവരുടെ ശൈത്യം നിറഞ്ഞ അവഗണന, അവരുടെ വിജയങ്ങളിലുള്ള അസൂയ ഇതൊക്കെ തന്നെ ഇത്തരമൊരു കൃത്യത്തിനു പ്രേരിപ്പിക്കുകയായിരുന്നു എന്ന് ജെ പൊലീസിന്റെ മുന്‍പില്‍ തുറന്നു പറഞ്ഞു. ഈ ഇടത്തരം നഗരത്തിലെ സാംസ്കാരിക ലോകത്തിന്റെ മുടിചൂടാമന്നായിരുന്ന ജെ, ജാനകി പോള്‍ എന്ന കവിയുടെ ഉദയവേളയില്‍ത്തന്നെ താന്‍ നിഷ്പ്രഭാവുകയാണെന്ന് മനസ്സിലാക്കിയിരുന്നു. അസാമാന്യ  സൌന്ദര്യം കൊണ്ടും അതിനെ വെല്ലുന്ന കാവ്യവ്യക്തിത്വം കൊണ്ടും ജാനകി ഗരത്തിന്റെയും നാടിന്റെയൊട്ടാകെയും ശ്രദ്ധാകേന്ദ്രമാവുന്നത് ജെ അസൂയയോടെ ആദ്യമാദ്യം കണ്ടു. പിന്നെ അവര്‍ സാഹിത്യമേഖലയിലാകെ പ്രകാശം പരത്തുന്ന ഒരു വ്യക്തിത്വമായി അനുദിനം വളരുകയാണെന്ന ബോധം അയാളെ നിസ്സഹായാക്കി. അസൂയയും നിസ്സഹായയതയും മറികടക്കാന്‍ ഒരേയൊരു മാര്‍ഗ്ഗം അവരെ അംഗീകരിക്കുകയാണെന്നറിയാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. ജെ സംഘാടകനായ പല സാഹിത്യ സംഭവങ്ങളിലും ജാനകി പോളിനെ അവതരിപ്പിച്ച് അവരുടെ പ്രിയംപിടിച്ചുപറ്റുവാന്‍ ശ്രമിച്ചു. ഏതു വേദിയിലും തിളങ്ങുന്ന ജാനകി ആ മേളകളെ സജീവമാക്കിയെങ്കിലും ജെയെ തീര്‍ത്തും അവഗണിച്ചു. അവരുടെ പ്രഭാവം അയാളില്‍ ആരാധന ജനിപ്പിക്കുവാനും ആരാധന കടുത്ത പ്രേമമായി വളരുവാനും കാലം ഏറെ വേണ്ടി വന്നില്ല. ജാനകി ജെയെ അവഗണിച്ചുകൊണ്ടേയിരുന്നു. അവഗണനയുണര്‍ത്തിയ തീക്ഷ്ണമായ പകയും കാമവും തിരതള്ളി ജെ അവരെ വകവരുത്തുവാന്‍തന്നെ തീരുമാനിച്ചു. പല ചടങ്ങുകള്‍ക്കു ക്ഷണിക്കുവാനായി അവരുടെ വീട്ടില്‍ ചെന്നിട്ടുള്ള ജെ ആദ്യ സന്ദര്‍ശനവേളയില്‍ത്തന്നെ മനോഹരമായി സംവിധാനം  ചെയ്ത ജാനകിയുടെ വീടിന്റെ ജനലുകള്‍ക്കും വെന്റിലേറ്ററുകള്‍ക്കുമുള്ള സുരക്ഷിതത്വക്കുറവ് ശ്രദ്ധിച്ചിരുന്നു. ജാനകിയെ കൊല്ലാന്‍ തീരുമാനിച്ച ജെ തന്റെ നീക്കങ്ങള്‍ക്ക് സുഘടിതമായ ഒരു സ്ക്രിപ്റ്റ് തയ്യാറാക്കിയത് ദിവസങ്ങള്‍ പണിപ്പെട്ടാണ്.
വീട്ടിനുള്ളില്‍ കടക്കാന്‍ ആ വെന്റിലേറ്റര്‍ തന്നെ തിരഞ്ഞെടുത്തത് വെറും ഒരു കൌതുകം കൊണ്ടു മാത്രമാണെന്നു ജെ പറഞ്ഞു. ജാനകിയുടെ മൂറിയിലെ വിളക്കണഞ്ഞ് കൃത്യം പതിനഞ്ചു മിനുട്ടു കഴിഞ്ഞപ്പോള്‍ ജെ വീട്ടില്‍ കടക്കാനുള്ള ശ്രമം തുടങ്ങി. വീടിനുമൂകളിലേക്കു ചാഞ്ഞു നിന്ന ഉയരം കുറഞ്ഞുപടര്‍ന്ന മാവിലൂടെ കയറി അതിന്റെ ചില്ലയില്‍ നിന്നുകൊണ്ടണ്ട് വെന്റിലേറ്ററിന്റെ ജന്നല്‍ തകര്‍ത്തു. ചില്ലുടയുന്ന ശബ്ദം നേര്‍ത്തതായി മുഴങ്ങിയതുകാരണം ആ ശബ്ദം ജാനകിയെ ഉണര്‍ത്തിയോ എന്ന സംശയത്തില്‍ കുറെ നേരം സ്വസ്ഥാത്ത് നിശ്ചലനായിരുന്നു. അനക്കമൊന്നും വീട്ടിനുള്ളില്‍ നിന്നില്ല എന്നുറപ്പാക്കിയശേഷം ശ്രദ്ധാപൂര്‍വ്വം അഴികള്‍ അറുത്തുമാറ്റാന്‍ തുടങ്ങി. ഏറെ പാടുപെട്ട് ബാത്റൂമിലേക്കിറങ്ങി അതിന്റെ ഫ്ളഷ്ഡോര്‍ തുറക്കുമ്പോഴാണ് കിടപ്പുമുറിയുടെ കമ്പിയില്‍ ലോഹമുരയുന്ന ശബ്ദം ശ്രദ്ധിച്ചത്. ഫ്ളഷ് ഡോര്‍ ചാരി വിടവിലൂടെ സംഭവം ശ്രദ്ധിച്ച് ഏറെ നേരം  ഇരുന്നു. താന്‍ ചെയ്തതിലും കൃതഹസ്തതയോടെ ആരോ ജന്നലഴി അറുത്തുമാറ്റുന്നത് ജെ കണ്ടു. ഏതാനും നിമിഷങ്ങള്‍കഴിഞ്ഞപ്പോള്‍ ഒരു രൂപം ജന്നലിലൂടെ പ്രവേശിപ്പിക്കുന്നതും കാലൊച്ച കേള്‍പ്പിക്കാതെ ജാനകിയുടെ കിടക്കയെ സമീപിച്ച് ഒരു തൂവാല അവരുടെ മുഖത്തോടു ചേര്‍ക്കുന്നതും കണ്ടു. തുടര്‍ന്ന് ആ രൂപം ജാനകിയെ പ്ളാസ്റിക് കയറുകൊണ്ട് കട്ടിലോട് ചേര്‍ത്തു ബന്ധിച്ചു. വളരെ പരിചിതനെപ്പോലെ കമ്പ്യൂട്ടര്‍ മേശയില്‍ നിന്നും കീബോര്‍ഡ് ഉയര്‍ത്തി താക്കോലെടുക്കുന്നുതും അലമാരതുറക്കുന്നതും അതില്‍ നിന്നും ഒരു പെട്ടി പുറത്തെടുത്ത് അതു തുറന്ന് ആഭരണങ്ങള്‍ സ്വന്തം ബാഗില്‍ തിരുകുന്നതും കണ്ടു. പെട്ടി കട്ടിലിനരികില്‍ത്തന്നെ വച്ചശേഷം ആ രൂപം അലമാരയെ സമീപിച്ച് കുറെനേരം തിരച്ചില്‍ തുടര്‍ന്നു. എന്തൊക്കെയോ ബാഗില്‍തിരുകി, കട്ടിലില്‍ മയങ്ങിക്കിടക്കുന്ന ജാനകിയെ തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ ജന്നലിലൂടെ അപ്രത്യക്ഷനായി. ഈ രംഗത്തിനു മുഴുവന്‍ എന്തു ചെയ്യണമെന്നറിയാതെ സാക്ഷ്യം വഹിച്ച ജെ താന്‍ ആ മോഷ്ടാവിന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെടണോ അവനെ കീഴ്പ്പെടുത്തണോ എന്നൊക്കെയുള്ള ചിന്തയിലായിരുന്നു. ഏതെങ്കിലും കാരണവശാല്‍ മോഷ്ടാവ് താനിരിക്കുന്നിടത്തേക്കു വരുമോ എന്ന ഭയത്തില്‍ അയാള്‍ കത്തി കയ്യില്‍ പിടിച്ചു. ആ സംഭവത്തിന്റെ ചടുലതയിലും സമര്‍ഥമായ ആവിഷ്കരണത്തിലും ഞടുങ്ങി അങ്ങനെ കുറെരേം ഇരുന്നു പോയി. അയാള്‍ക്ക് സ്ഥലകാലബോധം തിരിയെ വന്നത് മറ്റാരോ മുറിയില്‍ പ്രവേശിക്കുന്ന ശബ്ദം കേട്ടാണ്. ജാനകി ഉണര്‍ന്നതാണോ എന്നായിരുന്നു ആദ്യം അയാളുടെ സംശയം. മുറിയിലേക്കുനോക്കിയപ്പോള്‍ പുതുതായി ഒരു മെലിഞ്ഞു നീണ്ട രൂപം പ്രത്യക്ഷപ്പെട്ടിരിക്കുന്നതു കണ്ടു. കള്ളന്‍ തിരിയെ വന്നതാണോ എന്നയാള്‍ സംശയിച്ചു. ആ രൂപത്തിന്റെ കയ്യിലെ മൊബൈല്‍ ഫോണ്‍ തെളിഞ്ഞത് അപ്പോഴാണ്. നേര്‍ത്ത നീലവെളിച്ചത്തില്‍ അവന്റെ മുഖം അയാള്‍ ശരിക്കും കണ്ടു. മീശ ശരിയ്ക്കുകിളിര്‍ത്തിട്ടില്ലാത്ത ഒരു പയ്യന്‍. പയ്യന്‍ ജാകിയുടെ നൈറ്റി തെറുത്തുകേറ്റുന്നതും തുടയില്‍ മൃദുവായി കൈവയ്ക്കുന്നതും കണ്ട് അയാള്‍ കഠാരയിലെ പിടി മുറുക്കി മുറിയിലേക്കു പ്രവേശിക്കാനൊരുങ്ങി. അപ്പോഴേക്കും പയ്യന്‍ ജാനകിയുടെ കിടക്കയ്ക്കരികില്‍ അല്പം മാറി നിന്ന് മുഷ്ടിമൈഥുനം ചെയ്യാന്‍ തുടങ്ങിയിരുന്നു. പയ്യന്‍ രണ്ടുതവണ ജാനകിയുടെ രൂപം നോക്കി സ്വയംഭോഗത്തില്‍ വ്യാപൃതനാവുന്നത് കണ്ടതോടെ ജെ വീണ്ടും തളര്‍ന്നു. അപ്രതീക്ഷിതമായ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച് അയാള്‍ കലിയും നിരാശയും കൊണ്ട് വിവശനായിപ്പോയി. പയ്യന്‍പോയി ഏറെ നേരം കഴിഞ്ഞിട്ടും അയാള്‍ക്ക് സ്വന്തം സ്ക്രിപ്റ്റ് അനുസരിച്ചുപ്രവര്‍ത്തിക്കാനുള്ള മാനസികനില കൈവന്നില്ല. ഒടുവില്‍ നേരം  വൈകുകയാണെന്ന ബോധത്തോടെ എപ്പോഴോ അയാള്‍ ഫ്ളഷ്ഡോര്‍ തള്ളിത്തുറന്ന് മുറിയിലേക്കുകടന്നു.  മയങ്ങിക്കിടക്കുന്ന ജാനകിയുടെ സമീപത്തെത്തിയതോടെ കുറെ മുന്‍പു സാക്ഷിയായ രണ്ടു സംഭവങ്ങളും ഉണര്‍ത്തിയ കലിയും ഉള്ളില്‍ തളം കെട്ടിക്കിടന്ന അഭിവാഞ്ഛയും എല്ലാം കൂടി അയാളെ മറ്റൊരു മനുഷ്യനാക്കി. പകയോടെ അയാള്‍ ജാനകിയുടെ നൈറ്റി വലിച്ചു ചീന്തി. അപ്പോഴും അവര്‍ മയക്കം വിട്ടില്ല. ബലമായി അയാള്‍ ജാനകിയെ ബന്ധിക്കപ്പെട്ട അവസ്ഥയില്‍ത്തന്നെ പ്രാപിച്ചു. ജാനകി ഞരങ്ങിയും കുടഞ്ഞും മെല്ലെയുണര്‍ന്നു വരുന്നതു മനസ്സിലാക്കിയതോടെ അയാള്‍ക്ക് വീണ്ടും കലികയറി. കള്ളന്‍ തിരുകിവച്ച തുണി ജാനകിയുടെ വായില്‍നിന്നും വലിച്ചെടുത്ത് എറിഞ്ഞ ശേഷം അയാള്‍ കത്തികൊണ്ട് അവളുടെ നാക്ക് ഛേദിച്ചു, വേദനയില്‍ പിടഞ്ഞുണര്‍ന്ന ജാനകി തന്നെ നോക്കിയതും അവളുടെ കണ്ണുകളിലേക്ക് കത്തി കുത്തിയിറക്കി. തുടര്‍ന്ന് ദേഹമാകെ കത്തിത്തലപ്പുകൊണ്ടണ്ടു വരഞ്ഞു മുറിച്ചു. ജാനകിയുടെ പിടച്ചില്‍ വര്‍ദ്ധിക്കുംതോറും അയാള്‍ ഭ്രാന്തനായി. പിന്നെ ചെയ്തതൊക്കെ ഭ്രാന്തോടെയായിരുന്നു.  ജാനകിയുടെ ശരീരം നിശ്ചലമാവുമ്പോള്‍ ജെ തളര്‍ന്ന് അവളുടെ കട്ടില്‍ ചാരിയിരിക്കുകയായിരുന്നു. കൈകാലുകളും കണ്ണും നാവും നഷ്ടപ്പെട്ട് ചോരയില്‍ കുളിച്ച് ചലനമറ്റുകിടക്കുമ്പോഴും അവളുടെ ശരീരത്തിന് ആരെയും ആകര്‍ഷിക്കുന്ന ആ പ്രഭാവലയം നഷ്ടപ്പെട്ടിട്ടില്ല എന്ന തോന്നലുദിച്ചതോടെ ജെ വീണ്ടും ഭ്രാന്തായി. നിശ്ചലമായ ആ ശരീരത്തെ ഒരിക്കല്‍ക്കൂടി പ്രാപിച്ച് തളര്‍ന്ന് അതിനു മീതെ വീണുപോയ അയാള്‍ പിന്നെ ഉണരുന്നത് ശരീരത്ത് നഖം ഉരഞ്ഞാഴ്ന്ന വേദനയില്‍ അലറിക്കൊണ്ടാണ്. അതൊരു പൂച്ചയായിരുന്നു.  പൊലീസിനോട് എല്ലം തുറന്നു പറഞ്ഞതോടെ ജെ വീണ്ടണ്ടും ഭ്രാന്തമായ ആവേശത്തോടെ പറഞ്ഞു. ഞാാണ് അതു ചെയ്തത്. ഞാന്‍ മാത്രം.  She was so irresistible. The bitch!! The most talented and the most frigid.  അത്തരമൊരെണ്ണത്തിനെ ഇല്ലാതാക്കിയതിന്റെ പേരില്‍ ഞാനേതു ശിക്ഷയും ഏറ്റു വാങ്ങാന്‍ തയ്യാറുമാണ്.  
ജാനകിവധത്തിന്റെ അന്വേഷണം വളരെ കൃത്യതയാര്‍ന്ന ഒന്നായിരുന്നു. പ്രതികള്‍ എല്ലം പിടിക്കപ്പെട്ടു. ശിക്ഷിക്കപ്പെട്ടു. ഭവനഭേദനത്തിനും മോഷണത്തിനും മൂന്നാം പ്രതി ശിവകുമാര്‍ അഞ്ചുവര്‍ഷം ശിക്ഷ ഏറ്റു വാങ്ങി. ഭവനഭേദനം, ലൈംഗിക ചൂഷണം എന്നീ കുറ്റങ്ങള്‍ക്ക് രണ്ടാം പ്രതി അലന്‍ തോമസ് ഏഴുവര്‍ഷം കഠിനതടവിനു വിധിക്കപ്പെട്ടു. അത്യന്തം ക്രൂരമായ നിലയില്‍ ഒരു പ്രമുഖ വ്യക്തിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ ജെ എന്ന ജാര്‍ദ്ദന്‍ പിള്ള വധശിക്ഷയ്ക്കര്‍ഹായി. പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും വന്‍പ്രാധാന്യം പിടിച്ചെടുത്ത ഒരു കൊലക്കേസിന് അങ്ങനെ  വിരാമമായി. സംഭവം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനു ശേഷം ഒരു പ്രമുഖ നിരൂപകന്‍ ജാനകിയുടെ അവസാന കുറിപ്പിലെ പ്രവചനാത്മകതലത്തെ നിരൂപണം ചെയ്തുകൊണ്ട് ഉത്കൃഷ്ടമായ ഒരു വാരികയിലെഴുതിയ ലേഖനം  ഏതാനും ആഴ്ചകളായി ചര്‍ച്ചാവിഷയമാണ്.  ജെ പിടിക്കപ്പെട്ട് നാലു ദിവസം കഴിഞ്ഞ് ആ ജാനകിയുടെ വീടിന്റെ പരിസരപ്രദേശങ്ങളില്‍ ആള്‍ക്കാരെ ഓടിച്ചിട്ട് കടിച്ചു മുറിച്ചു ചോരകുടിക്കുന്ന ഒരു പൂച്ചയെ നാട്ടുകാര്‍ ശ്രമപ്പെട്ട് പിടികൂടി തല്ലിക്കൊന്നത് ഒരു ലോക്കല്‍ പേജിലെ വാര്‍ത്തയായി. അതൊരു കരിമ്പൂച്ചയായിരുന്നു.  
ഈ സംഭവങ്ങളെല്ലം നടന്നിട്ട് രണ്ടുകൊല്ലത്തിലേറെക്കഴിഞ്ഞ് റിയാദിലെ സ്വന്തം മുറിയില്‍ രാത്രി വളരെ വൈകുമോളമിരുന്ന് ജാനകിയുടെ ബ്ളോഗും അക്കാലത്തെ പത്രവാര്‍ത്തകളും പലകുറി വായിച്ച് വിറപൂണ്ട വിജയചന്ദ്രന്‍ എന്ന മധ്യവയസ്കന്‍ ആദ്യം ചെയ്തത് മകള്‍ താരയുടെ നമ്പര്‍ ഡയല്‍ ചെയ്യുകയായിരുന്നു. മറുതലയ്ക്കല്‍ റിംഗ് കേള്‍ക്കും മുന്‍പ് അയാള്‍ കോള്‍ പിന്‍വലിച്ചു. നാട്ടിലിപ്പോള്‍ പാതിരാത്രിയായിട്ടുണ്ടാവുമെന്നും  മകള്‍ എപ്പോഴേ ഉറങ്ങിക്കാണുമെന്നുമൊക്കെ വീണ്ടുവിചാരമുണ്ടായത് അപ്പോളാണ്.  ജാനകിയുടെ ചരിതത്തിലേക്ക് വിജയചന്ദ്രന്‍ കടന്നു ചെല്ലുന്നത് പതിവായി താര സന്ദര്‍ശ്ശിക്കാറുള്ള ഒരു സോഷ്യല്‍ വെബ് സൈറ്റിലൂടെ അവള്‍ പകര്‍ന്ന ലിങ്ക് പരതിയാണ്.    സോഷ്യല്‍ വെബ്സൈറ്റിലെ തന്റെ പേജില്‍ താര കുറിച്ചിട്ടിരുന്ന ‘സ്ത്രീയായിരിക്കുന്നതിന്റെയും കവിയായിരിക്കുന്നതിന്റെയും സങ്കീര്‍ണ്ണതകള്‍’ -യഥാര്‍ഥപ്രശ്ങ്ങളില്‍ നിന്നൊളിച്ചോടാന്‍ വെമ്പുന്ന ഒരു സാംസ്കാരിക പ്രവണത നമ്മുടെ പ്രത്യേകതയാണ്. അതിനു വേണ്ടി യാദൃച്ഛികതകളെ വളച്ചൊടിച്ച് പ്രവചനമാക്കാനും വരേണ്യരായ നിരൂപകര്‍ക്കുമടിയില്ല എന്നതിനു തെളിവാണ് ശ്രീ സിദ്ധാര്‍ഥന്‍  ആത്മവേദിക വാരികയില്‍- പുസ്തകം 48, ലക്കം നാല്- എഴുതിയ ലേഖനം. കവി ജാനകിപോളിന്റെ മരണവും മരിക്കുന്ന ദിവസം അവര്‍ പ്രസിദ്ധീകരിച്ച ബ്ളോഗും കൂട്ടിവായിച്ച് കവിതയുടെ പ്രവചാത്മകതലങ്ങള്‍ തേടുന്ന ശ്രമം മോശമാണെന്നു പറയാനാവില്ല. പക്ഷേ ബ്ളോഗിലെ വാക്കുകള്‍ക്ക് പ്രവചനാത്മകത കണ്ടെത്തി ജാനകിയുടെ ഋഷിത്വം വിളംബരം ചെയ്യുന്ന നിരൂപകന്‍ ജാനകി പോള്‍ ഒരു സ്ത്രീയായിരുന്നു എന്നും ഏകാകിയായി ജീവിച്ചവളായിരുന്നും ഊറ്റമുള്ള വ്യക്തിത്വത്തിനുടമയായിട്ടും നിന്ദ്യമായരീതിയില്‍ ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു എന്നുമൊക്കെയുള്ള സത്യങ്ങള്‍ മറച്ചുപിടിക്കുന്നു. സ്ത്രീയായിരിക്കുന്നതും കവിയായിരിക്കുന്നതും ഒരുപോലെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളാണ് നമ്മുടെ സമൂഹത്തില്‍ എന്ന സത്യത്തെ സമര്‍ഥമായി മറച്ചുപിടിക്കാനുള്ള ഒരു ശ്രമം മാത്രമായേ ആ ലേഖനത്തെ കാണാനാകൂ. വളരെ പ്രമുഖയായ ഒരു സ്ത്രീകവി തികച്ചും ദാരുണമായ നിലയില്‍ കൊലചെയ്യപ്പെട്ടപ്പോള്‍ സാംസ്കാരിക രംഗത്തുനിന്നും നേര്‍ത്ത ഒരു പ്രതികരണം പോലുമുയര്‍ന്നില്ല എന്ന സത്യവും ഇത്തരുണത്തില്‍ കൂട്ടിവായിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ ദുര്‍മനസ്സിന്റെ രക്തസാക്ഷിയായ ജാനകിയുടെ സ്മരണകളോടെ ഇത്രയും കുറിക്കാതിരിക്കാന്‍ കഴിയുകയില്ല. പിന്‍കുറിപ്പ്- ഈ മറുപടി വാരികയ്ക്കയച്ചുകൊടുത്ത് ഒരണ്ടാഴ്ചയായിട്ടും പ്രസിദ്ധീകരിക്കപ്പെടാത്തതുകൊണ്ട് ഇവിടെ ഇടം കൊടുക്കുന്നു- ജാനകിയുടെ അവസാന എഴുത്തിലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട്-  http/janakisworld/blogcart.com//- എന്ന കുറിപ്പു വായിച്ചിട്ട് ഒന്നും മസ്സിലാവാതിരുന്നതിനാലാണ് വിജയചന്ദ്രന്‍ ആ ബ്ളോഗിലേക്ക് വഴിതുറന്നത്. ജാനകിയുടെ മരണ വാര്‍ത്തകള്‍ അന്ന് വായിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ അത് ഒന്നുകൂടി ഇരുത്തി വായിക്കാന്‍ തോന്നിയതുകൊണ്ട് പ്രമുഖപത്രങ്ങളുടെയൊക്കെ ആര്‍ക്കൈവുകള്‍ പരതി വിവരം തേടുകയും ചെയ്തു.  ആ വാര്‍ത്തകളും ജാനകിയുടെ അവസാന ബ്ളോഗും വിജയചന്ദ്രനെ എന്തിനെന്നറിയാത്ത ഒരു ആധിയിലേക്ക് തള്ളി വിടുകയും ചെയ്തു. 
കഷ്ടിച്ചു പ്രീഡിഗ്രി വരെ പഠിച്ചശേഷം ഗള്‍ഫിലേക്ക് കടന്ന് അധ്വാനിച്ച് ജീവിക്കാനുള്ള വ്യഗ്രതയില്‍പ്പെട്ടുപോയ വിജയചന്ദ്രന് കവികളുടെയും കഥകളുടെയും ഒക്കെ ലോകം അന്യയമായിരുന്നു. സ്വന്തം മകള്‍ സാഹിത്യവാസനയുള്ളവളാണെന്നറിഞ്ഞപ്പോഴും ഡിഗ്രിക്ക് സാഹിത്യം പഠിക്കാന്‍ തിരഞ്ഞെടുത്തപ്പോഴുമൊക്കെ അയാള്‍ക്ക് വലിയ കൌതുകമോ വിപ്രതിപത്തിയോ ഒന്നും തോന്നിയതുമില്ല. എങ്കിലും ജാനകിയുടെ കുറിപ്പ് അയാളെ വല്ലാതെ പിടിച്ചുലച്ചുകളഞ്ഞു.  വായനകഴിഞ്ഞ് ആധിതീരാതെ കമ്പ്യൂട്ടറിനുമുന്‍പില്‍ എന്തുചെയ്യണമെന്നറിയാതെ അയാള്‍ ഏറെ നേരമിരുന്നു.  
എപ്പോഴോ സമയബോധം വന്നപ്പോള്‍ അയാള്‍ മകളുടെ ബ്ളോഗ് പേജില്‍ തിരിച്ചെത്തി ഒരഭിപ്രായം പടച്ചുവിട്ടു- നിഴലുകളെ വളരെ കരുതിയിരിക്കണം, മകളേ. അവ എല്ലാവരെയും ചുറ്റി നില്ക്കുന്നുണ്ട്. അവര്‍ വളരെ ശക്തരാണ്. ചില നിഴലുകള്‍ക്ക് അടഞ്ഞുകിടക്കുന്ന ജന്നലുകളിലൂടെപ്പോലും കടന്നുകയറാനാകും. മനസ്സിന്റെ ജന്നലുകള്‍ ഭദ്രമായി അടച്ചിട്ടാലേ അവയില്‍ നിന്നും രക്ഷപെടാനാകൂ.  മനസ്സിന്റെ ജന്നലുകള്‍ നന്നായി അടച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്താന്‍ മറക്കരുതേ. ഇതൊരു അച്ഛന്റെ പ്രാര്‍ഥനയാണ്.  എപ്പോഴും കരുതിയിരിക്കണേ, മകളേ.