Tuesday, March 26, 2013

മേഘങ്ങള്‍

വൈകിട്ട് ആന്ദ്രൂ ബസ്സില്‍ തിരുവല്ലയിലേക്ക് വരുംവഴി ഞാന്‍ ശ്രദ്ധിച്ചത് മേഘങ്ങളെയാണ്. മഴമേഘങ്ങള്‍. വരണ്ടുണങ്ങിയ വഴിക്കും ഇടങ്ങള്‍ക്കും മീതേ പരന്നു പാറി അണയുന്ന മഴമേഘങ്ങള്‍. ഒരു സ്വപ്നം പോലെ..... വേനലിന്റെ കഴുത്തറുക്കാന്‍ സര്‍വായുധങ്ങളും കരുതി എല്ലാത്തിനെയും മൂടി മഴമേഘങ്ങളെത്തി.
എനിക്ക് കൂട്ടുകാരന്‍ ജോയിയെ ഓര്‍മ്മ വന്നത് വെറുതെയല്ല. ഒരു സാധാരണക്കാരന്റെ വാദമുഖങ്ങളുമായി മനോരമയും മേമ്പൊടിക്ക് ഹിന്ദുവുമ് വായിച്ച് വിജ്ഞാനിയായി ജോയി എന്നും വരും ആഫീസില്‍. ഇടവേളകളിലൊക്കെ തന്റെ ( പത്രവാര്‍ത്തയില്‍ സ്വരൂപിച്ച ) ന്നൊമ്പരങ്ങളും ആശങ്കകളും വിളമ്പും.
ജോയിയുടെ സങ്കടങ്ങള്‍ വലുതാണ്. ഭൂമിയെക്കുറിച്ച്, മനുഷ്യനെക്കുറിച്ച് ഒക്കെ ജോയി സകലമാന ആശ്ങ്കകളും പങ്കുവയ്ക്കും.
ജോയിയെ പ്രകോപിപ്പിക്കാന്‍ മറ്റൊന്നും വേണ്ട; ഇതൊന്നും സംഭവങ്ങളല്ല, സ്വാഭാവികതകള്‍ മാത്രമാണെന്ന വേദാന്തഛായയുള്ള മറുപടി മാത്രം മതി.
( ശരിക്കും ചിലപ്പോളൊക്കെ അങ്ങനെ ശരിക്കും തോന്നാറുമുണ്ട്)
മേഘങ്ങളുടെ വരവു കണ്ടപ്പോള്‍ അതാണു തോന്നിയതും.
ഭൂമിയും പ്രപഞ്ചമാകെയും നാം ചിട്ടപ്പെടുത്തിയ ക്ലോക്കിനനുസരിച്ച് പ്രവര്ത്തിക്കണമെന്നു ശാഠ്യം പിടിക്കുന്നതിലെത്രമാത്രമ് സംഗതിയുണ്ട്? പരിസ്ഥിതി വാദം തീവ്രവാദമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ നിന്നുകൊണ്ടാണ് ഈ ചോദ്യമെന്നു കൂടിയോര്‍ക്കണം. ഭൂമുഖത്തെ ഒരു മനുഷ്യ ജീവി എന്ന നിലയില്‍ പരിസ്ഥിതിനാശത്തിന്റെ ഫലങ്ങളും അണുശക്തിയുടെ ദുര്‍ഫലങ്ങളും ഓസോണ്‍ പാളി ശോഷണവും അന്റാര്ട്ടിക്കയിലെ മഞ്ഞുരുകലും ഒക്കെ ആശങ്കയായി തോന്നുന്ന ഒരാളുടെ തന്നെ സംശയമാണ്. ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും ക്ലോക്കുകളെ നാം, ഭൂലോകവാസിയായ മനുഷ്യന്‍ എത്രമാത്രം സ്വാധീനിക്കുന്നുണ്ട്.
ഒട്ടും തന്നെയില്ല എന്നാണെനിക്കു തോന്നുന്നത്. തടിയുറച്ച ഈശ്വരവിശ്വാസമുള്ള ജോയിയും ഈശ്വരന്‍ എന്നുകേട്ടാല്‍ അയ്യേ എന്നു നിലവിളിച്ച് സ്ഥലം കാലിയാക്കുന്ന പരിഷ്കൃത- വ്യവസ്ഥാപിത - പരിസ്ഥിതി തീവ്രവാദിയും സമന്വയിക്കുന്ന ഒരു തലത്തിന്റെ പ്രസക്തിയെക്കുറിച്ചുകൂടി ഇനിയെങ്കിലും ആലോചിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു.
ഭൂമി ഉണ്ടായ ശേഷം എത്രയോ വന്‍ വരള്ച്ചകളും വെള്ളപ്പൊക്കങ്ങളും മഞ്ഞുരുക്കങ്ങളും ഭൂകമ്പങ്ങളും പകര്ച്ചവ്യാധികളും ഒക്കെയുണ്ടായിട്ടുണ്ടാവും. എത്രയോ പ്രാണികുലങ്ങള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമായിരിക്കും. ഇതിലൊക്കെ മനുഷ്യന്റെ പങ്കെന്തായിരുന്നു? ഇതൊക്കെ മനസ്സിലാക്കാതെ, മനസ്സിലുണ്ടെങ്കില്‍പ്പോലും ബോധപൂര്‍വം മറച്ചുകൊണ്ടുള്ള  പരിസ്ഥിതി തീവ്രവാദത്തിന്റെ അര്‍ഥമെന്താണ്??
ഇതും യാഥാര്‍ഥ്യത്തിന്റെ ഒരു വശമാണ്. ഇന്ന് നാം കാണുന്ന പരിസ്ഥിതി വാദവും ഏതുപരിസ്ഥിതിവാദിയും അപ്പാടെയാക്ഷേപിക്കുന്ന യൂറോ കേന്ദ്രീകൃതമായ ചിന്താഗതിയുടെ സന്തതിയാണ്. അവിടെ മനുഷ്യന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന ധാരണ ഒന്നാം പടിയില്‍ത്തന്നെയുണ്ട്. ആ മനുഷ്യന്‍ പ്രപഞ്ചത്തിന്റെ നാഥനും ഗുണഭോക്താവും ആണെന്നും മറ്റെലാ ജീവജാലങ്ങളും ഭൂമിയും താരഗണങ്ങളൂമൊക്കെത്തന്നെയും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണെന്നും ഉള്ള ചിന്താഗതിയുണ്ട്. അതുകൊണ്ടാണ് മനുഷ്യന് രക്ഷകന്റെ റോള് ചമയുന്നത്. തനിക്കുവേണ്ടി വന്‍ വ്യവസായങ്ങളും അണുനിലയങ്ങളും ജെനിറ്റിക് ന്ബിയന്ത്രിത വിത്തുകളും ബഹിരാകാശയാനപാത്രങ്ങളും സുഖഭോഗസാമഗ്രികളും ഒരുക്കുന്ന അതേ ചിന്താഗതിയുടെ മൂലത്തില്‍ നിന്നു തന്നെയാണ് മനുഷ്യനേ ഭൂമിയെ രക്ഷിക്കാനാവൂ, അവന്‍ ഇതെല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നൊക്കെയുള്ള വാദങ്ങളുമുയരുന്നത്.
ജോയിയിലേക്കു തിരിയെ വരാം. ജോയി വിശ്വസിക്കുന്നതും അതാണ്. കേവലം മതാത്മകമായ ഒരു തലത്തില്‍ നിന്നാണെങ്കിലും മനുഷ്യന്‍ ഭൂമിയെ നശിപ്പിക്കുകയാണെന്നും അത് ആധുനിക മനുഷ്യന്റെ വകതിരിവില്ലായ്മയാണെന്നും വരള്‍ച്ചയുമ് വെള്ളപ്പൊക്കവും ഒക്കെ അതിന്റെ സന്തതിയാണെന്നും ഇതൊക്കെ ലോകാന്ത്യത്തിന്റെ സൂചനകളാണെന്നും ജോയി കരുതുന്നു.
അങ്ങനെ ജോയി വായിക്കുന്നു.
പ്രപഞ്ചം മുഴുവന്‍ നശിപിക്കാനൊരുങ്ങുന്ന ഈ മനുഷ്യന്‍ പ്രകൃതിക്കപ്പുറത്തല്ലാതെ ഏതു ലോകത്തില്‍ നിന്നും വന്നവനാണ്. പ്രകൃതിയുടെ ഭാഗമല്ലേ മനുഷ്യന്‍?
മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെങ്കില്‍ അവന് പ്രകൃതിയെ എത്രമാത്രം ധിക്കരിക്കുവാന്‍ കരുത്തുണ്ട്?
ഭൂമിയുടെ അവകാശികളെക്കുറിച്ച് ഒരു ബഷീറിയന്‍ ചിന്തയുടെ ഭ്രാന്തമായ പാഗന്‍ ഉദ്ഘോഷത്തെ എത്രമാത്രം കുടിലതയോടെയാണ് പാശ്ചാത്യ സംസ്കൃതി നിഷ്പ്രഭമാക്കുന്നതെന്നു നോക്കൂ...........