Monday, May 30, 2011

കുലപതിയുടെ കാലം

ചിലര്‍ക്കുമുന്‍പില്‍ കാലം തരിച്ചു നില്കുന്നു.

ചിലര്‍ക്കായി കാലം ചിരിച്ചു നില്ക്കുന്നു.

കുട്ടനമ്മാവനെ കാലം ഇതില്‍ രണ്ടാമത്തെ ഗണത്തില്‍ പെടുത്തി എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

കാരണം എണ്‍പത്തിയേഴു വര്‍ഷത്തെ ജീവിതം കഴിഞ്ഞ് ചിതയിലേക്കു യാത്രയാകുന്ന കുട്ടനമ്മാവനെ അവസാനമായി ഒരുനോക്കുകാണാന്‍ എത്തിയവരുടെ എണ്ണം മാത്രം കണക്കിലാക്കിയാല്‍ മതി ഇതു ശരിയാണെന്നു ബോധ്യമാകാന്‍. ജീവിച്ചിരുന്ന കാലത്ത് നിഷേധിച്ചവരും പിന്നില്‍ നിന്നു ചിരിച്ചവരും ഭള്ളുപറഞ്ഞവരും ഒക്കെ മറ്റെന്തു തിരക്കും മാറ്റിവച്ച് ആ ശവസംസ്കാരച്ചടങ്ങിലെത്തി. ഞാനും എന്റെ അമ്മയുടെ അമ്മാവനായ അദ്ദേഹത്തെ പലപ്പോഴും എതിര്‍ത്താണ് വളര്‍ന്നത്. പൊതുവേദികളില്‍ ആ നിലപാടുകളെ ഉറച്ച ശബ്ദത്തില്‍ തള്ളിപ്പറയുകയും കൈചൂണ്ടി പരുഷം പറയുകയും ചെയ്ത എന്നെ അമ്മാവന്‍ തോല്പിച്ചത് തൊട്ടടുത്ത ദിവസം അങ്ങനെയൊരു സംഭവം നടന്നതിന്റെ ഭാവമേ പ്രകടിപ്പിക്കാതെ പതിവുപടി സംസാരിച്ചും പെരുമാറിയുമായിരുന്നു. സംസ്കാര സമയത്ത് മക്കളും ചെറുമക്കളും അനന്തരവന്‍മാരും കുഞ്ഞനന്തരവന്മാരും ചെറുമക്കളുടെ മക്കളും അടങ്ങുന്ന വലിയൊരു ബന്ധു വ്യൂഹത്തില്‍ നിന്നും അന്ത്യകര്‍മ്മം ചെയ്യാന്‍ നിരന്ന ഇരുപത്തിയൊന്നു പേരില്‍ ഒരാളായത് പൂര്‍ണ്ണമനസ്സോടെയായിരുന്നു. ഇരുപത്തിയൊന്നു പേരില്‍ ഒരുതുക്കുകയായിരുന്നു. എന്നിട്ടുതന്നെ ചടങ്ങുപൂര്‍ത്തിയാകാന്‍ രണ്ടുമണിക്കൂറിലേറെനേരമെടുത്തു. കുടുംബക്കൂടിച്ചേരലുകളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെട്ട ആ വലിയകാരണവരുടെ അന്ത്യയാത്രയും വലിയൊരു ആഘോഷമായി മാറുകയായിരുന്നു.

കുട്ടക്കുറുപ്പില്ലാത്ത ആദ്യദിവസത്തിന്റെ മൗഢ്യത്തില്‍ മുഴുകിക്കിടക്കുകയാണ് ഞാലീക്കണ്ടം എന്നു പറഞ്ഞാലും അതിശയോക്തിയില്ല.

അതൊരു സാന്നിധ്യമായിരുന്നു.


Wednesday, May 25, 2011

കിണര്‍

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്ന് കിണറാകുന്നു.

ജീവിതം എന്നത് അനുഭവങ്ങളുടെ ആകെത്തുകയായതുകൊണ്ട് ഒന്നും വ്യ്വവച്ഛേദിച്ചു പറയാന്‍ ധൈര്യമില്ലെങ്കിലും,

എളുതെങ്കിലും ചില ജീവിതാനുഭവങ്ങള്‍ പങ്കിടുന്നതില്‍ തെട്റ്റില്ലെന്ന വിശ്വാസത്തോടെ പറയട്ടെ,

കിണര്‍ സത്യമാകുന്നു.

കിണര്‍ ദൈവമാകുന്നു.

കിണറാകുന്നു ജീവന്റെ പരമാധാരം!

ഏറെ കത്തിരുന്ന്,

അവസരങ്ങള്‍ അനുകൂലമാവുന്ന ഒരു കാലം മുഴുവന്‍ തള്ളി നീക്കി,

അവസാനം ഇനി കാത്തിരുന്നാല്‍ ഭ്രാന്തിനുമപ്പുറത്തുള്ള ഏതെങ്കിലും അവസ്ഥ വരുമെന്നു ഭയന്ന്

അവസാനം നല്പത്തിയഞ്ചാം വയസ്സില്‍ വീടുപണിയാനിറങ്ങിത്തിരിച്ച ഒരുവനേ മനസ്സിലാകൂ ചിലപ്പോള്‍ ഇതൊക്കെ.

നാല്പത്തിയഞ്ചാം വയസ്സില്‍ വീടുപണിക്ക് തീരുമാനമെടുത്തത്,

ഒത്തിരിയാലോചിച്ച ശേഷമാണ്.

തുടങ്ങുമ്പോഴല്ലേ, പ്രശ്നങ്ങളുടെ വിളയാട്ടം!

കിണറിലായിരുന്നു തുടക്കം.

മീനം രാശി നോക്കി ആദ്യത്തെ

കുഴിക്കല്‍

തുടങ്ങിയത് പെരുന്തച്ചന്‍ രാമചന്ദ്രന്റെ അനുമതിയോടെ!

പക്ഷേ ആദ്യത്തെ മണ്ണടരു നീങ്ങിയപ്പോള്‍ത്തന്നെ തെളിഞ്ഞു ഉഗ്രനുഗ്രന്‍ പാറ.

രണ്ടാമത്തെ ചുവട് അല്പം കൂടി കരുതിയായിരുന്നു.

ബന്ധങ്ങളുടെ ബലം തുണയാക്കി,

നാട്ടകം കോളേജിലെ ജിയോളജി അധ്യാപകരായ കൃഷ്ണകുമാറിനെയുമ് ദിലീപിനെയുമ് വിളിച്ച് ഉപദേശം തേടി.

ആകെയുള്ള പത്തു സെന്റില്‍ പാറയുടെ ഉപദ്രവമില്ലാതെ വെള്ളം ലഭിക്കാനുള്ള സാധ്യത അറിഞ്ഞു.

കിണര്‍ വിദഗ്ധന്‍ ഓമനക്കുട്ടന്‍ അതിന്റെ ഏറ്റവും അപകടകരമായ സ്ഥലം തന്നെ തിരഞ്ഞെടുത്തെങ്കിലും പ്രതീക്ഷ വെടിഞ്ഞില്ല.

അഞ്ചാറുദിവസത്തെ കുഴിക്കലിനും നിരന്തരമായി മണ്ണിനടിയില്‍ നിന്നുരുത്തിരിയുന്ന ശുഭസൂചനകള്‍ക്കുമവസാനം വെള്ളത്തോടൊപ്പം കഠിനമായ പാറച്ചെരിവും തെളിഞ്ഞു വന്നപ്പോള്‍ ഏതായാലുമ് മടുപ്പുതോന്നിയില്ല.

പാറപോട്ടിച്ചാലും വിശ്വസനീയമായ അളവില്‍ വെള്ളം ലഭിക്കുമെന്നുറപ്പുപറയാനാവില്ലെന്ന ഓമനക്കുഠന്റെയും ജോസഫിന്റെയും ഹതാശമായ അഭിപ്രായം ശാസ്ത്രമരിയുന്ന കൃഷ്ണന്റെയും ദിലീപിന്റെയും മുന്നറിയിപ്പുകളെ ബലപ്പെടുത്തിയതോടെ മൂന്നാമതൊന്നിനെത്തിരയുക എന്ന സാഹസം അനിവാര്യമാണെന്ന് ഉറപ്പുനല്കി.

മൂന്നമത്തെ പര്യവേക്ഷണം ഒരു ചടങ്ങുമില്ലാതെയായിരുന്നു.

സ്ഥലം കൃഷ്ണനും ദിലീപും പറഞ പരിധിയില്‍ എവിടെയും തിരഞ്ഞെടുക്കാന്‍ ഓമനക്കുട്ടന്നു സ്വാതന്ത്ര്യം നല്കി.

അവരുടെ പ്രവൃത്തി മുന്നേറുന്നത് നിര്‍മ്മമതയോടെകണ്ടു.

ബുധനാഴ്ച ഫലം കാണും എന്നവര്‍ പറഞ്ഞത് സൗഹൃദത്തോഠെ അവഗണിച്ചു.

ഇന്നലെ അവര്‍ കണിശം പറഞ്ഞു എന്ന് അച്ഛനില്‍ നിന്നറിഞ്ഞപ്പോഴും എന്തിനും തയ്യാറായ മനസ്ഥിതി നിലനിര്‍ത്തി.

ഇന്നുച്ചയ്ക്ക് അച്ഛന്‍ കിണറ്റില്‍ ശക്തമായ രണ്ടുറവകള്തെളിഞ്ഞു എന്നറിയിച്ചപ്പോളും ഒന്നും സമ്ഭവിച്ച മട്ടില്ലായിരുന്നു.

വന്നു കണ്ടു ബോധ്യപ്പെട്ടപ്പോഴും മനസ്സ് ചഞ്ചലമാകാതെ ശ്രദ്ധിച്ചു.

കിണര്‍ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന പാഠം മനസ്സില്‍ ഉറച്ചു എന്നത് മാത്രം!

ശരിക്കും കിണര്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരവയവമാകുന്നു.

വീട്??????????????

Monday, May 23, 2011

ഇന്നു കണ്ട നക്ഷത്രം

ഇന്നു കണ്ട നക്ഷത്രം

ഒറിജിനലായിരുന്നു,സംശയമില്ല

മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.

(കഴിച്ച മങ്കീസ് ബേ റമ്മിന്റെ മായാജാലമല്ല തന്നെ)

നക്ഷത്രത്തിളക്കത്തിന്റെ വേഗത്തില്‍ അവളുടെഉപദേശങ്ങളും

ചിമ്മിക്കൊണ്ടിരുന്നു-

മനസ്സിലാക്കാമല്ലോ,

ഇതിപ്പം സ്ഥിരം ശീലമാക്കിയിരിക്കുകാ അല്ലേ....

ഭാവിയെക്കുറിച്ചു യാതൊരു വിചാരവുമില്ലല്ലേ....

എന്നിങ്ങനെ............

ആണായോരെല്ലാര്‍ക്കും മനസ്സിലാകാവുന്നതും

എന്നാല്‍ മനസ്സിലായില്ലെന്ന് ബോധത്തികവോടെ

നടിച്ചുതള്ളുന്നതുമായ അതേ ചോദ്യങ്ങള്‍

നക്ഷത്രമിപ്പോഴും ചിമ്മിച്ചിരിച്ചുകൊണ്ടിരുന്നു.

എന്റെ നടനത്തികവിന്റെ ഓളങ്ങളില്‍

ലയിച്ച്അവളും ചിമ്മിച്ചിരിച്ചുപോയത് സ്വാഭാവികം.

രാത്രികളായാല്‍ ഇങ്ങനെതന്നെയാവണം

റമ്മിന്റെ രൂക്ഷലഹരിയെഉദാത്തീകരിക്കുവാന്‍ പാകത്തില്‍

തെക്കേയാകാശച്ചരുവില്‍

അസാമാന്യവലിപ്പത്തില്‍ ഒരു

നക്ഷത്രം

ചിമ്മിച്ചിരിക്കണം

ഉഷ്ണമടക്കുവാന്‍ നീര്‍ തേടി

ഇടതുംവലതും ഒന്നിച്ചു രാവില്‍

മുറ്റത്തിറങ്ങണം

കുട്ടികള്‍

നക്ഷത്രങ്ങള്‍ക്കുമതീതമായ ലോകത്ത്

കളിച്ച്കമ്പ്യൂട്ടറിന്റെമുമ്പില്‍

കണ്ണുരുട്ടിയിരിക്കണം

ഹാ സന്തുഷ്ട

കുടുംബത്തെക്കുറിച്ച്

ഇതിലേറെയെന്തുപന്യസിക്കുവാന്‍!!!!!!!!!