ഒരുകാലത്തും
വരകളൊന്നും വ്യക്തമായിരുന്നില്ല.
അമ്മൂമ്മ പറഞ്ഞത് വരകളെക്കുറിച്ചായിരുന്നു-
ഭാഗ്യവന്തം പ്രസൂയേഥാ എന്ന് ഉച്ചരിക്കാന്‍
അവര്‍ക്ക് അറിയില്ലായിരുന്നു.
എന്നിരിക്കിലും എന്തിനും ഒരു വര വേണമെന്ന്
അമ്മൂമ്മ പറയുമായിരുന്നു.
അമ്മൂമ്മയെ
അമ്മച്ചിയമ്മ എന്ന്'
വിളിച്ചതു ഞാനാണത്രേ
(കുടുംബ ചരിത്രത്തിലെ ഒരു ഏടാണത്)
വരകള്‍ ഒരിക്കലും തെറ്റാറില്ല.
(അതും അമ്മച്ചിയമ്മ പറഞ്ഞതാണ്).
അവസാനം
ഒരുച്ചക്കിറുക്ക്
മുഴുക്കിറുകും
കിറുക്കിനുമപ്പുറത്തുള്ള
എന്തോ ഒന്നുമാക്കി
പരിണമിപ്പിച്ചുകൊണ്ട്
പുതുതായി പണിത
ഡൈനിംഗ് ടേബിളിനു മേലേ
കയറിയിരുന്ന്
അവര്‍
അയല്‍പക്കം കിടുങ്ങുമാറ്
പാതിരാത്രിയില്‍
വിളിച്ചു കൂവിയതും
വരകളുടെ ചരിതമായിരുന്നു.
( കുടുംബചരിത്രം എന്ന് ഞാന്‍ പറയും)
എന്റെ അമ്മച്ചിയമ്മയ്ക്ക്
അക്ഷരം കഷ്ടിയെഴുതാനേ
അറിയുമായിരുന്നുള്ളു.
വരച്ച വരകളൊന്നും
വ്യക്തമാവണമെന്ന്
അവരൊരിക്കലും
നിര്‍ബന്ധിച്ചില്ല( വരയൊന്നും തന്നെ വരച്ചുമില്ല)
എന്റെ അമ്മച്ചിയമ്മയ്ക്ക്
കിറുക്കൊട്ടുമില്ലായിരുന്നു.
പൂജയെടുപ്പിന്
അരിപകര്‍ന്ന
കിണ്ണം വച്ച് പകച്ചിരിക്കുമ്പോള്‍
മരിക്കുവോളം
അവര്‍ എന്നെ ശാസിച്ചത്
ഹരിശ്രീഗണപതായേ നമ
അവിക്കുന്ന വസ്തു എന്നെഴുതെടാ എന്നായിരുന്നു.
അവിക്കുന്ന വസ്തു
കണ്ടെടുക്കാന്‍
എനിക്കിതുവരെയുമായതുമില്ല.
എന്റെയമ്മച്ചിയമ്മയ്ക്ക്
ഒരിക്കലും
ഒട്ടും കിറുക്കില്ലായിരുന്നു.
ഒരു വരപോലും
നേരെ വരയ്ക്കുവാന്‍ അറിയുകയുമില്ലായിരുന്നു.
എന്തിനും ഒരു വരവേണം
എന്ന്
പിറുപിറുക്കുന്നപോലെ
അവര്‍ പറയുമായിരുന്നു.
No comments:
Post a Comment