Thursday, August 14, 2008

തൂവൽ

നിറങ്ങെളല്ലാമുണ്ടായിരുന്നു.

കൊത്തിച്ചിക്കിനടക്കുമ്പോൾ
വെയിലേറ്റുതിളങ്ങുമായിരുന്നു.
പോരുകൂടുമ്പോൾ
വീര്യംകൊണ്ടുനിവർന്നു ത്രസിച്ചു
നിൽക്കുമായിരുന്നു.

അഴകെന്നും കിരീടമെന്നും
ധരിച്ചുവശായിരുന്നു.

എന്നിട്ടും
ഒരു പ്രകോപനവുമില്ലാതെ
എല്ലാം സ്വയം പിഴുതെറിഞ്ഞുകളഞ്ഞു.

കൊത്തിപ്പെറുക്കാൻ മറന്നും
പോരാട്ടത്തിനോ
കൂട്ടിനോ
ആരും വിളിക്കാതെയും
നിൽക്കുമ്പോൾ
തളം കെട്ടിയ മഴവെള്ളത്തിൽ
ആ പ്രതിബിംബം കണ്ടു.
തണുത്തുചുളുങ്ങിയും
വിളറിവിറച്ചും.....

ആത്മസ്വരൂപം


ഓരോ ചുവടുവയ്ക്കുമ്പോഴും
ഭാരമില്ലായ്മ അനുഭവമായി
വെറുതെയൊന്നുമുരടനക്കുമ്പോൾ
തളർന്നശബ്ദമൊരാശ്ചര്യമായി

കിരീടം കൈയ്യൊഴിഞ്ഞതിന്റെ
ലാഘവം
ഒരു തൂവലോളംപോലും
കനമില്ലായ്മ

മഴവീണ്ടും തൂളി
പ്രതിബിംബം
കുഴഞ്ഞുമറിഞ്ഞുപോയി

ചെളിയിൽ
കാലൂന്നിയുമൂന്നാതെയും
നിവർന്നാണോകുനിഞ്ഞാണോ
നിൽകലാണോപറക്കലാണോ
എന്നൊന്നും തിരിച്ചറിയാതെയും....

നനഞ്ഞപക്ഷി.

Saturday, August 09, 2008

വെറും മീശ.-ഇപ്പോൾ എനിക്കതില്ല.

ഞാനിതാ മീശയില്ലാത്തവനായി;
ഒരു നിമിഷം മാത്രം മതി പൗരുഷ ചിഹ്നത്തെയുപേക്ഷിക്കാൻ.
ഞാനതു ചെയ്തു.
എന്തുകൊണ്ടോ ഇതൊരു പാപമാകുന്നു എന്നെനിക്കറിയാം. പക്ഷേ ഞാൻ അതിലേക്കു നയിക്കപ്പെടു എന്നുമാത്രമേ എനിക്കറിയൂ.
രണ്ടുകൊല്ലത്തിനു ശേഷം ഞാന്റെന്റെ സ്വത്വത്തിലേക്കു തിരിയെ വരുന്നു.
മീശയില്ലാത്ത മുഖവുമായി.
ഇൻഡ്യാക്കാരന്‌ , പ്രത്യേകിച്ചും മലയാളിക്ക്‌ ഇതൊരു വൈകൃതമാവാം. ഒരു പക്ഷേ എന്റെ മുഖ ഇതോടെ കൂടുതൽ വികൃതമവുന്നുണ്ടാവാം.
പക്ഷേ സൗകര്യം! .
ആരും അതെക്കുറിച്ച്‌ എന്തുകൊണ്ട്‌ ആലോചിക്കുന്നില്ല? മീശ ഇല്ലഖത്തവന്‌ പൗരുഷം ഇല്ലേ?
എന്തൊരു മോന്തയാ ഇതെന്ന്നുതോീന്നില്ലേ?
ഇതാണു ഞാൻ.
എന്റെ യ്ഥാർത്ഥ സ്വത്വം.
കൊല്ലം 1987-ൽ എന്റെ ഡിഗ്രീക്ലാസ്സിലെ പ്രിയ പെൺസുഹൃത്തുക്കളിലൊരാളുമൊരുമിച്ച്‌ പിരിയുന്ന ദിനം സിനിമ കണ്ട്‌ പിരിയുമ്പോൾ അവൾ പറഞ്ഞതും മീശ വയ്ക്കണമെന്നു മാത്രമാണ്‌!
ഇപ്പോൾ എനിക്കതില്ല

Friday, August 01, 2008

രാജഗൗരവം

നെ്പ്പോളിയൻ വന്നത്‌ വിചിത്രമായ വഴിയിലൂടെയാണ്‌. മധുവെന്ന വീരസാഹസികന്‌ പ്രണാമം. കാരണം അദ്ദേഹമാണ്‌ ചക്രവർത്തിയ്ക്ക്‌ വഴിയൊരുക്കിയത്‌.
ഏതായാലും രാജാവു വന്നു.
തൊട്ടു.
കീഴടക്കി.
ചക്രവർത്തിമാർക്കതേ കഴിയൂ.
എനിക്കു പറയാനുള്ളത്‌ വഴിയൊരുക്കുന്നവരെക്കുറിച്ചാണ്‌.
അതു മധുവാകട്ടെ, കൊച്ചനിയാവട്ടെ.
പക്ഷേ ഈ വഴിതെളിയ്ക്കുന്നവർ എവിടെയൊക്കെയോ വിസ്മരിക്കപ്പെടുന്നു. അതും തീർത്തും നിർണ്ണായകമായ മുഹൂർത്തങ്ങളിൽ!
ഒരിക്കൽ ഞാലീക്കണ്ടത്തിലെ കന്യാരാത്രികളിലൊന്നിന്റെ വിസ്മയാനുഭവത്തിനു സാക്ഷ്യം വഹിച്ച്‌ രാത്രി യൗവനം മുറ്റിയപ്പോൾ തിരിയെപ്പോയ എന്റെ ഗുരുകവി
അടുത്ത ദിവസം എന്നെക്കണ്ടതും പറഞ്ഞു" ആ ഓട്ടോക്കാരൻ അസാമാന്യനാകുന്നു."
എല്ലാ ഓട്ടോക്കാരു അസാമാന്യരാകില്ല. പക്ഷേ കൊച്ചനിയ്ക്ക്‌ അങ്ങനെയാവാതിരിക്കാൻ തരമില്ലായിരുന്നു. കൃത്യസമയത്ത്‌ അർഹനായ വ്യക്തിയുടെ മുൻപിൽ അവന്റെ യഥാർത്ഥ മുഖം വെളിപ്പെട്ടല്ലേ മതിയാകൂ!
മേൽപ്പറഞ്ഞ രണ്ടുപേരുടെയും കാര്യത്തിൽ ഞാൻ എപ്പോഴും ഓർക്കുന്നത്‌ വീക്കെയെന്നിന്റെ പയ്യനെയാണ്‌.
ഏകാന്തതയുടെ പുരുഷഗോപുരം എന്ന പ്രയോഗത്തിന്റെ ഭംഗിയിൽ ഞാനെന്നേ വീണു പോയതാണ്‌(കെ. പി. അപ്പന്റേത്‌)
ചില മനുഷ്യർക്കേ അതു സാധിയ്ക്കൂ.
അത്തരമാൾക്കാരെ പരിചയപ്പെടുന്നതും അവരുടെ സാന്നിധ്യത്തിന്റെയും വ്യക്തിപ്രകാശത്തിന്റെയും പ്രഭയിൽ(എപ്പോഴുമല്ല) മുഴുകുന്നതും ഒരനുഭവമാണ്‌. അപ്പോൾ അവരിൽച്ചിലരുടെയെങ്കിലും ഗുരു( കർമ്മണാ)വാകുന്നതോ?
ഗുരുവിന്റെ പുണ്യം
(ഈ പ്രസ്താവനയിൽ ഞാൻ തൊട്ടടുത്ത നിമിഷം ശങ്കിക്കുന്നു. കാരണം ഇവരാരും തന്നെ യഥാർത്ഥത്തിൽ ജീവിതവിജയം നേടുന്നില്ലെന്നതാണ്‌ സാക്ഷിയെന്ന നിലയിൽ അനുഭവം. എന്തെങ്കിലുമൊക്കെ ദൗർബ്ബല്യത്തിന്റെ ചരടിൽ ഇവരുടെയൊക്കെ അപാര പൗരുഷം( ആ വാക്കിന്‌ പുരുഷനുമായി യാതൊരു ബന്ധവുമില്ല)കുരുങ്ങി ശാസം മുട്ടുന്നു.
ഇതൊക്കെ എന്റെ നിരീക്ഷണമാണ്‌. ഞാലീക്കണ്ടത്തിലും അതിനുപുറത്തുമുള്ള ബന്ധങ്ങളുടെ വെളിച്ചത്തിൽ ഞാൻ സ്വരൂപിച്ചെടുത്ത വിശ്വാസങ്ങൾ. ഏതായാലും ശിഷ്യന്റെയോ അനുജന്റെയോ സ്ഥാനത്തുള്ളവരാണെങ്കിലും ഇവരുടെ മിടുക്കിന്റെ ആരാധകാനയിപ്പോകാറുണ്ട്‌ എന്നു പറയാൻ എനിക്കു മടിയില്ല.
എത്രയോ ഉന്നതമായ ജീവിതാവസ്ഥകളിൽ രമിയ്ക്കുന്നവരെയും ചിലനിമിഷങ്ങളിലെങ്കിലും വരുതിയിലാക്കുവാൻ കഴിയുന്ന മിടുക്ക്‌.
ഇത്‌ സ്വാഭാവികമായ ഒന്നാണെന്നതാണ്‌ സത്യം. അതിനെയാണ്‌ ഞാനിവിടെ കീർത്തിയ്ക്കുന്നതും
എനിക്കുമെത്രയോ മുൻപേ അത്തരം മിടുക്കിനെ അതേമിടുക്കോടെ സാഹിത്യവിഷയമാക്കിയ വീക്കെയെന്നിനെ അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ട ഓർമ്മയൊടെ-
തിരുവില്വാമലയുടെ അടിവാരത്തൂടെയൊഴുകുന്ന ഭാരതപ്പുഴ( എന്തൊരു പേര്‌? കുറേക്കാലം വെറും മണൽപ്പുഴയായും പിന്നെവന്ന ഇക്കാലം വെറും ചെളിപ്പുഴയായും നമ്മുക്കു കണിയാവുന്ന ഒരു അത്ഭുതത്തിന്‌ ഭാരതപ്പുഴയെന്ന പേരുകൊടുത്തതാരാണാവോ? സഹാറാപ്പുഴയെന്നോ ഓടപ്പുഴയെന്നോ ഒകെ കാലാനുസൃതമായി പേരുമാറ്റേണ്ടതായിരുന്നു.)യിൽ പുതുതായിപ്പണിത തടയണയുടെ നിറവിൽത്തുടിച്ചുകുളിച്ചു കയറിച്ചെന്ന ഞാനും വാര്യരുമടങ്ങുന്ന ഒരു യൂണിവേഴ്സിറ്റി സംഘത്തെ പയ്യൻസ്‌ നേരിട്ട ഓർമ്മ ഒരിക്കലും ഭാരതപ്പുഴ പോലെയാവാതിരിക്കട്ടെ.
ഒരനുബന്ധകഥ:-
ആയിരത്തിത്തൊള്ളായിരത്തിത്തോണ്ണൂറുകളുടെ മധ്യം.
ഞാലീക്കണ്ടത്തിന്റെ പയ്യൻസിലെണ്ണപ്പെട്ടവനായ ഈക്കെയണ്ണന്റെ കല്യാണ ദിവസം. തകഴിയിലമ്പലത്തിൽ വിവാഹചടങ്ങുകളെല്ലാം കഴിഞ്ഞ്‌ ഊണിനുള്ള യുദ്ധം തുടങ്ങും മുൻപ്‌ ഞങ്ങളിൽച്ചിലർക്കൊരു ദുർബ്ബുദ്ധി തോന്നി, സാക്ഷാൽ തകഴിയെക്കണ്ടേക്കാമെന്ന്. പുത്തന്മാറാത്ത റെയിൽപ്പാളം കടന്ന് ശങ്കരമംഗലത്തെത്തി. ഭാഗ്യത്തിനദ്ദേഹം വരാന്തയിൽത്തന്നെയുണ്ടായിരുന്നു. കവിയൂരൂന്നാണെന്നും വിവാഹത്തിൽപ്പങ്കുകൊള്ളാനെത്തിയതാണെന്നും വന്നപ്പോൾ ഒന്നു ദർശനം കൊള്ളാനെത്തിയതാണെന്നുമൊക്കെപ്പറഞ്ഞ്‌ അദ്ദേഹത്തിന്റെ മുൻപിലിരിക്കുമ്പൊൾ പൊടുന്നനെ അതുവരെ മിണ്ടാതിരുന്ന ജോയിച്ചായൻ ഒരു സാധാരണ കുശലപ്രശ്നത്തിലേക്ക്‌ വഴിതെളിച്ചു.
" എത്ര ഏക്കർ വസ്തുവുണ്ട്‌?"
തകഴിച്ചേട്ടൻ മറുപടി പറഞ്ഞു.
"കൃഷിയിയൊക്കെ നന്നായി നടക്കുന്നില്ലേ?" അതിനും മറുപടി വന്നു.
" വസ്തുവൊക്കെ മക്കൾക്കായി ഭാഗം വച്ചില്ലേ?" ജോയിച്ചായന്റെ ഗൗരവം വർദ്ധിച്ചു. ഞങ്ങൾ ബാക്കിയുള്ളവർ ഭീതിയോടെ തകഴിച്ചേട്ടന്റെ ചാരുകസേരയ്ക്കരികിലിരിക്കുന്ന വടിയിലേക്ക്‌ കണ്ണു പായിച്ചു.
" ഒന്നും ചെയ്തില്ല" അദ്ദേഹം ചിരിച്ചു.
അണ്ണനും സതീശൻചേട്ടനുമൊക്കെ എഴുന്നേൽക്കാൻ തിടുക്കം കൂട്ടി.
" അതെന്താ ചേട്ടാ അങ്ങനെ? മക്കൾ പ്രായമായിക്കഴിഞ്ഞാൻ ഒള്ള വസ്തുവിന്റെ വീതം അവരെയങ്ങേൽപ്പിക്കുന്നതല്ലേ നല്ലത്‌?" ജോയിച്ചായൻ പക്വതയുടെ മൂർദ്ധന്യ ഭാവത്തോടെ പറഞ്ഞു. തകഴിച്ചേട്ടന്റെ മുഖമിരുളുന്നതും വടിയെടുത്തുവീശി ഇറങ്ങെടാ എല്ലാവന്മാരും പുറത്ത്‌ എന്നു പറയുന്നതു പേടിച്ച്‌ ബാക്കിയെല്ലാവരും ശ്വാസം മുട്ടിയിരുന്നു.
തകഴിച്ചേട്ടൻ ചിരിച്ചതേയുള്ളു. ആ ചിരി ജോയിച്ചായന്‌ വീണ്ടും ആവേശം പകരുകയാണെന്നറിഞ്ഞ്‌ മണിച്ചേട്ട്ൻ ഉണീനു സമയമായി നമ്മുക്കു പോവാം എന്നു പറഞ്ഞെഴുന്നേറ്റ്‌ ജോയിച്ചേട്ടനെയും എഴുന്നേൽപ്പിച്ച്‌ തകഴിച്ചേട്ടനോട്‌ യാത്ര പറയുകയും പുറത്തിറങ്ങിയിട്ട്‌ ജോയിച്ചായന്റെ കാഴ്ചവട്ടത്തിൽ നിന്നു മാറി മോശമായിപ്പോയി, കവിയൂരുകാരെക്കുറിച്ച്‌ മൊത്തത്തിൽ അദ്ദേഹം എന്തു വിചാരിക്കും എന്നു പരിതപിച്ച്‌ ഊട്ടുപുരയുടെ നേരെ എല്ലവരുമൊത്തു നടക്കുകയും ചെയ്തു.
ഏറെ നേരം കഴിഞ്ഞുകാണില്ല.ഞാലീക്കണ്ടത്തിലെ ഇനിയുമടുത്ത തലമുറയിലെ( എന്നു പറഞ്ഞാൽ നാലഞ്ചു വയ്സ്സു കുറഞ്ഞ പിള്ളേർ സംഘം) ചില വിരുതന്മാർ ഉറയ്ക്കാത്ത കാൽവയ്പ്പോടെ ശങ്കരമംഗലം വീട്ടിലെത്തി.
ആ സംഘത്തിൽ കാലുറയ്ക്കുമായിരുന്ന ഒരു തമ്പി വൈകിട്ട്‌ വിളമ്പിയ കഥയിങ്ങനെ:-
ഒന്നാമൻ നേരെ തുറന്നു കിടന്ന വാതിലിലൂടെ കയറിച്ചെന്ന് ' തകഴിച്ചേട്ടാ' എന്ന വിളിയോടെ ചാരുകസേരയിലിരിക്കുന്ന കുലപതിയുടെ മുൻപിൽ സാഷ്ടാംഗം തൊഴുത്‌ കാലിൽ തലചേർത്ത്‌ പിൻവാങ്ങുന്നു. രണ്ടാമനും മൂന്നാമനും നാലാമനുമഞ്ചാമനും ഇതേ പടി ചെയ്ത്‌ നേരെ വരാന്ത പിന്നിട്ടിറങ്ങി നിർമ്മമരായി റെയിൽപ്പ്ലാളം താണ്ടി കിഴക്കോട്ടു പോകുന്നു.
ജോയിച്ചായന്റെ പ്രകടനത്തിനു തൊട്ടുപിന്നാലെ വന്ന ഈ മീശപൊടിയ്ക്കാത്തവന്മാരുടെ പ്രകടനം കുടിക്കണ്ടശേഷം കവിയൂരെന്നു കേൾക്കുമ്പോഴേയ്ക്കും തകഴിച്ചേട്ട്ൻ എന്തു വിചാരിച്ചിട്ടുണ്ടാവുമെന്ന് ഞങ്ങൾ പലപ്പോഴും പരിതപിയ്ക്കാറുണ്ടായിരുന്നു.
ആ മീശമുളയ്ക്കാത്തവന്മാരിലൊരാൾ കൊച്ചനിയായിരുന്നു എന്നു തോന്നുന്നു.