Sunday, April 26, 2009

കാഴ്ചകളെ ഭ്രംശിക്കുന്ന ജലരേഖകൾ

സമകാലിക ലാറ്റിനമേരിക്കൻ ചെറുകഥകളുടെ സമാഹാരത്തിന്‌ അവതാരികയെഴുതിയ കാർലോസ്‌ ഫ്യുന്റസ്‌ ചെറുകഥയ്ക്കും നോവലിനും അതിഗംഭീരമായ ഒരുനിർവ്വചനം ഒറ്റവാചകത്തിൽ പറഞ്ഞിട്ടുണ്ട്‌-novel is an ocean liner, short story is a small canoe ...
നോവൽ എന്ന സാഹിത്യരൂപം എന്നെന്നും എന്നെ ആകർസ്ഷിച്ചിട്ടുള്ള ഒന്നാണ്‌. അഞ്ചാം ക്ലാസ്സിലോ ആറം ക്ലാസ്സിലോ പഠിക്കുന്ന സമയത്താണ്‌ നോവൽ രചനയ്ക്ക്‌ ആദ്യ പരിശ്രമം നടത്തിയത്‌. അന്ന് കോട്ടയം പുഷ്പനാഥിന്റെ ഒരു കടുത്ത ആരാധകനായിക്കഴിഞ്ഞിരുന്നു. സ്കൂൾ ലൈബ്രറിയിൽ ഉള്ളിടത്തോളം പുഷ്പനാഥ്‌ പുസ്തകങ്ങൾ കൊണ്ടുവന്ന് ശ്വാസം വിടാതെ വായിച്ചിരിക്കുന്ന കാലം. സ്വാഭാവികമായും അന്ന് എഴുതിയ നോവൽ ഒരു പുഷ്പനാഥ്‌ ശൈലിയിലുള്ള ഡിക്റ്ററ്റീവ്‌ നോവൽതന്നെയായിരുന്നു. ഡിക്റ്ററ്റീവ്‌ റിച്ചാർഡ്‌ എന്ന നായകൻ. നോട്ടുബുക്കിൽ നിന്നു കീറിയെടുത്ത കടലാസുകൾ നാലായി മടക്കി പുസ്തകം പോലെയാക്കി നൂലുകൊണ്ട്‌ തുന്നിപ്പിടിപ്പിച്ച്‌ അതിലെഴുതിയ പുസ്തകം. ഈ സംഭവത്തിനെല്ലാം ഒരു പ്രചോദനമുണ്ടായിരുന്നു. മുരുകൻ. തൊട്ടുവടക്കേതിലെ ഓമനച്ചേയിയുടെ മകൻ. എന്റെ കളിക്കൂട്ടുകാരൻ. എന്നെക്കാൾ രണ്ടു ക്ലാസ്സ്‌ മുൻപിലായിരുന്നു മുരുകൻ. അവധിദിവസങ്ങളിൽ അവരുടെ പറമ്പിന്റെ പടിഞ്ഞാറേയരികിലുള്ള ഏറെ മരങ്ങളും ഒരു പാറയും ഒക്കെയുള്ള ഒരു സ്ഥലമായിരുന്നു ഞങ്ങളുടെ വിഹാരസ്ഥലം.
മുരുകൻ ദുർഗ്ഗാപ്രസാദ്‌ ഖത്രിയുടെ ആരാധകനായിരുന്നു. എനിക്കാകട്ടെ ആ ശൈലി അത്ര ദഹിച്ചിരുന്നില്ല. വിദേശ അന്തരീക്ഷവും കൂടുതൽ പുത്തൻ സാങ്കേതികതയുടെ അന്തരീക്ഷവുമുള്ള പുഷ്പനാഥ്‌ ആയിരുന്നു കൂടുതൽ കാമ്യനായിത്തോന്നിയത്‌.
മുരുകൻ ദുർഗ്ഗാപ്രസാദ്‌ ഖത്രിയുടെ രീതിയിൽ ഒരു നോവൽ എഴുതി എന്നെക്കാണിച്ചതോടെയാണ്‌ ഞാനും ആ നോവലെഴുത്തിലേക്ക്‌ തിരിഞ്ഞത്‌. അത്‌ അങ്ങനെ എതിലെയോ പോയി.ഞങ്ങൾ രണ്ടു പേരും പരസ്പരം സൃഷ്ടികൾ കൈമാറിവായിച്ചു. അത്രമാത്രം.
പിന്നെ കൂടുതൽ വായനകൾ ഒക്കെ കഴിഞ്ഞ്‌ ഡിഗ്രിയ്ക്ക്‌ പഠിക്കുമ്പോൾ ആണ്‌ ഖസാക്കിന്റെ മാസ്മരികത എന്നെ പ്രലോഭിപ്പിച്ചു തുടങ്ങിയത്‌. കവിയൂരിന്റെ അന്തരീക്ഷത്തിൽ ഒരു നോവൽ എഴുതാൻ അന്ന് കിണഞ്ഞു പരിശ്രമിച്ചതാണ്‌. ചിലകവിതകളൊക്കെ അന്ന് പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. എങ്കിലും നോവൽ എഴുത്ത്‌ ഒട്ടും വഴങ്ങിയില്ല. എഴുതിയെഴുതി നോക്കിയെങ്കിലും അത്‌ ഒരു വിധത്തിലും ഞാനുദ്ദേശിക്കുന്നതിനടുത്തെങ്ങും എത്തിക്കുവാൻ കഴിഞ്ഞില്ല എന്നതുതന്നെ കാരണം.
പിന്നെയും വായനകൾ. വിദേശക്ലാസിക്കുകൾ. അതിനിടെ ചിലപ്പോഴൊക്കെ പ്രസിദ്ധീകരിച്ച കവിതകൾ. നോവലിനുപറ്റിയേക്കാവുന്ന ഒന്നുരണ്ടു വിഷയങ്ങൾ അപ്പോഴോക്കെയും മനസ്സിൽ കൊണ്ടു നടക്കുന്നുണ്ടായിരുന്നു. പക്ഷേ എഴുതാൻ ശ്രമിച്ചപ്പോളൊക്കെയും അത്‌ എനിക്കു പറ്റിയ പണിയല്ലെന്ന തിരിച്ചറിവോടെ പിൻവാങ്ങി.
പിന്നെ എപ്പോഴോ എഴുതാൻ തുടങ്ങി. എന്തൊക്കെയോ അലക്ഷ്യമായി: കൃത്യമായ ഒരു കഥാതന്തുവിനെ ചുറ്റി ഒരു കഥ അപ്പോഴും ഉരുത്തിരിഞ്ഞില്ല.
മനസ്സിൽ എന്നും കിടന്നിരുന്ന ആശയങ്ങളിലൊന്ന് ലിംഗമാറ്റം നടത്തി സ്ത്രീയായ ഒരാളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. രാധ രാധാകൃഷ്ണനായ വാർത്ത വായിച്ചപ്പോൾ മുതൽ ആ വിഷയം എന്നെ വല്ലാതെ ആകർഷിച്ചു. അത്തരം വാർത്തകൾ എവിടെ കണ്ടാലും ഞാനതു സൂക്ഷിച്ചുവയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ ഇന്റർ നെറ്റ്‌ സൗകര്യം ഉപയോഗപ്പെടുത്തിയതോടെ അത്തരം വ്യക്തികളിൽ ചിലരെ നേരിട്ടു പരിചയപ്പെടാനും അവരുമായി മെയിൽ ബന്ധം പുലർത്താനും സാധിച്ചു. എനിക്കൊരു നോവൽ എഴുതാനുള്ള വിഷയം പരുവപ്പെട്ടു വരികയായിരുന്നു. മനസ്സിൽ തോന്നുന്നതൊക്കെ കുറിച്ചു വയ്ക്കാനും കമ്പ്യൂട്ടറിൽ സൂക്ഷിക്കുവാനും തുടങ്ങി. സ്വന്തമായി കമ്പ്യൂട്ടർ വാങ്ങിയതോടെ അത്‌ സ്ഥിരമായി ചെയ്തു തുടങ്ങി. അതിനിടയിലാണ്‌ മൂന്നു വർഷത്തോളം തിരുവല്ലയിൽ കാവുംഭാഗത്ത്‌ വാടകയ്ക്ക്‌ താമസിക്കേണ്ടി വന്നത്‌. അക്കാലത്ത്‌ കുറെ സമയം വീണുകിട്ടി. നോവലിന്‌ രൂപം കിട്ടിത്തുടങ്ങി.
നോവലിൽ പണിത്‌ ഏറെക്കാലം ചിലവഴിച്ചു. ആയിടയ്ക്ക്‌ മാതൃഭൂമി നോവൽ മത്സരം നടത്തുന്ന വിവരം കണ്ടു. അതിനയക്കണമെന്ന ആഗ്രഹത്തോടെ നോവൽ കൂടുതൽ കറയറ്റതാക്കാൻ ശ്രമം തുടങ്ങി. പക്ഷേ ഒരിക്കലും തൃപതി വന്നില്ല. അവസാനം മത്സരത്തിന്റെ അവസാന തീയതിയുടെ തലേ ദിവസം ഉറക്കമിളച്ചിരുന്ന് അത്‌ ഒരു രൂപത്തിലാക്കി. പകൽ അത്‌ അയച്ചു.
മാസങ്ങളോളം ഒരു വിവരവുമുണ്ടായില്ല. ഒരുവർഷം കഴിഞ്ഞപ്പോൾ ഒരു കുറിപ്പു കിട്ടി- താങ്കളുടെ നോവൽ അവാർഡിനർഹമായില്ലെങ്കിലും പ്രസിദ്ധീകരണയോഗ്യമായതിനാൽ പ്രസിദ്ധീകരിക്കുവാൻ ഞങ്ങൾ സന്നദ്ധരാണ്‌. താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.
എനിക്കതു മതിയായിരുന്നു. സമ്മതമാണെന്നറിയിച്ചു. അൽപം മിനുക്കുപണി നടത്താൻ സമയം ചോദിച്ചു.
അഞ്ചാറുമാസം കഴിഞ്ഞപ്പോൽ വിളി വന്നു. എത്രയും വേഗം അയച്ചു കൊടുക്കണമെന്നു പറഞ്ഞു. അങ്ങനെ അയച്ചുകൊടുത്തു.
പിന്നെയും രണ്ടു വർഷം വേണ്ടി വന്നു അത്‌ പുസ്തക രൂപത്തിലിറങ്ങാൻ.
കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവല്ലയിലെ ഒരു കൊറിയർ ഏജൻസിയിൽ നിന്നുമൊരു വിളി. നിങ്ങൾക്ക്‌ മാതൃഭൂമിയിൽ നിന്ന് ഒരു പാഴ്സൽ വന്നിട്ടുണ്ട്‌.
പാഴ്സൽ കൈയ്പറ്റി. പത്തുകോപ്പികൾ-ജലരേഖകളാൽഭ്രംശിക്കപ്പെട്ട്‌-എന്റെ നോവൽ