Wednesday, August 26, 2015

കിഴക്കൂന്നു വരുന്ന കാറ്റ്

അച്ഛൻ ആശുപത്രിയിലാണ് . അതുകൊണ്ടുതന്നെ രാത്രികൾ ഞാനവിടെ ചിലവഴിയ്ക്കാൻ വിധിയ്ക്കപ്പെട്ടിരിക്കുന്നു. ഈ ഓണക്കാലത്ത്.
ആശുപത്രിയുടെ ജനാലയിലൂടെ ഓണനിലാവ്‌ കാണുന്നതിനു വലിയ സുഖമൊന്നുമില്ല എങ്കിലും ആശുപത്രിയുടെ വരാന്ത വലിയൊരു ലോകമാണ്. അഥവാ വലിയ ഈ ലോകത്തിന്റെ പരിച്ഛേദമാണ്. പലയിടങ്ങളിൽ നിന്ന്, പല സാഹചര്യങ്ങളിൽ നിന്ന്, പലവിധ സങ്കടങ്ങളുമായി വന്ന മനുഷ്യർ. രാവില ഉറക്കമിളച്ച് ഇന്റെൻസീവ് കെയർ യൂണിറ്റിനു മുൻപിൽ കാവൽ നിൽക്കുന്നവർ. മരണവാർത്തകളുമായി പുലരുന്ന ദിനങ്ങൾ. പലയിടങ്ങളിൽ നിന്ന് വന്ന അനിശ്ചിതമായ കാലത്തേയ്ക്ക് ഒരുമിച്ചു താമസിയ്ക്കുവാൻ വിധിയ്ക്കപ്പെടുന്നവർ. അവിടെ പിറക്കുന്ന സൗഹൃദങ്ങൾ, ബന്ധങ്ങൾ.... ജിവിതത്തിന്റെ, അതിന്റെ നൈമിഷികതയുടെയും പ്രത്യാശയുടെയും പകുക്കലിന്റെയും എല്ലാം പതിപ്പുകൾ അനുനിമിഷം ആശുപത്രി വരാന്തയിൽ ജനിച്ചുമരിയ്ക്കുന്നുണ്ട്.
പലയിടത്തു നിന്ന് വന്ന പലസാഹചര്യക്കാരായ മനുഷ്യർക്കിടയിൽ പിറവികൊള്ളുന്ന ബന്ധത്തിന്റെ കഥയാ ണ് സ്പാനിഷ് എഴുത്തുകാരി അല്മുദേന ഗ്രാൻഡിസിന്റെ 'കിഴക്കൂന്നു വരുന്ന കാറ്റ്'( The Wind from the East) എന്ന നോവലിന്റെ ഇതിവൃത്തം. ആശുപത്രിയിലിരുന്ന് ആ പുസ്തകം മുഴുവൻ വായിച്ചു തീർക്കാനായി എന്നതാണീ ഓണക്കാലത്തിന്റെ ഒരേയൊരുത്സാഹം.

അല്മുദേനാ ഗ്രാൻഡിസ്.
ദരിദ്രമായ സാഹചര്യങ്ങളിൽ നിന്ന് സ്വന്തം കഴിവുകൊണ്ട് ഉയർച്ച നേടിയ സാറ ഗോമസ് , ഡോ. ജുവാൻ ഓല്മെഡോ എന്നിവരാണ് ഈ നോവലിന്റെ കേന്ദ്ര കഥപാത്രങ്ങൾ . ഇരുവരും മഹാനഗരമായ മാഡ്രിഡിൽ നിന്ന് കാഡിസ് എന്ന ചെറു കടലോരപട്ടണത്തിലേയ്ക്ക് ചേക്കേറിയവർ. മന്ദബുദ്ധിയായ സഹോദരൻ അല്ഫോണ്‍സോയ്ക്കും സഹോദരപുത്രിയായ ടമാരായ്ക്കുമൊപ്പമാണ് ജുവാൻ ആ നഗരത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. അൽപമകലെയുള്ള ജെരാസ് നഗരത്തിലെ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനാണയാൾ. സാറാ ഏകയാണ്. പുതുതായി ആരംഭിച്ച സമ്പന്നർക്കായുള്ള ഹൗസിംഗ് കോളനിയിൽ മുഖാമുഖം നില്ക്കുന്ന രണ്ടുവീടുകളിലായി അവർ താമസമാരംഭിയ്ക്കുന്നു. വീടു വൃത്തിയാക്കാനായി വരുന്ന മാരിബെലും മകൻ ആന്ദ്രെയും അവരുടെ ജീവിതത്തിലേയ്ക്ക് വളരെ സ്വാഭാവികമായി ഇണക്കിച്ചേർക്കപ്പെടുന്നു. ഈ വിഭിന്നമായ മൂന്നു കുടൂംബങ്ങളുടെ ഒത്തുചേരലിന്റെ, സഹവർത്തിത്വത്തിന്റെ, ഒരുമിച്ചുള്ള അതിജീവിക്കലിന്റെ കഥയാണ്  അല്മുദേന വിചിത്രമായ ആഖ്യാന ശൈലിയിൽ അവതരിപ്പിക്കുന്നത്. വിഷമകരവും ചതിക്കുഴികൾ നിറഞ്ഞതുമായ ഭൂതകാലത്തിൽ നിന്നും ഒരു വസന്താരംഭത്തിൽ കിഴക്കാൻ കാറ്റ് വീശിത്തുടങ്ങിയ ഒരു ദിനത്തിൽ മൂന്നു കുടുംബങ്ങളും കൂട്ടായി പുറത്തു കടക്കുകയാ ണ് .
വസന്തകാലത്ത് ധാരാളം വിനോദയാത്രികർ വന്നുചേരുന്ന കാഡിസ് എന്ന ഇടത്തരം സുഖവാസ കേന്ദ്രത്തിലെ താമസക്കാരുടെ ജീവിതത്തെ വിവിധ കാലങ്ങളിലായി വര്ഷം തോറും മൂന്നു കാറ്റുകൾ വല്ലാതെ സ്വാധീനിയ്ക്കുന്നു. ചൂടു നിറഞ്ഞ തെക്കൻ കാറ്റ്, ഈർപ്പമാർന്ന പടിഞ്ഞാറൻ കാറ്റ്, ഊഷ്മളമായ കിഴക്കൻ കാറ്റ്.
സമകാലിക സ്പാനിഷ് നോവലിലെ ശ്രദ്ധേയമായ നാമങ്ങളിലൊന്നാണ് അല്മുദേന ഗ്രാൻഡിസിന്റേത്. അത്യപൂർവമായ കരുത്താണ് അവരുടെ ആഖ്യാനത്തിന് . അനവധി പടലങ്ങളായി അടുക്കിയടുക്കി മുന്നേറുന്ന കഥ പറച്ചിൽ. 
'ലുലുവിന്റെ കാലം'( The Ages of Lulu) എന്ന രതിനോവലിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ എഴുത്തുകാരിയാണ് അല്മുദേനാ ഗ്രാൻഡിസ്. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയും ജീവിതത്തിന്റെ നാടകീയതയും ആഖ്യാനം ചെയ്യുന്നതിൽ അവർക്കുള്ള പാടവം വെളിപ്പെടുത്തുന്ന ഒന്നാണ് അവരുടെ അഞ്ചാമത്തെ നോവലായ 'കിഴക്കൂന്നു വരുന്ന കാറ്റ്. '
ഓണക്കാറ്റ് നഷ്ടമായെങ്കിലും നല്ലൊരു വായനാനുഭവത്തിന്റെ ഇളം കാറ്റ് ഇപ്പോഴും ഒഴുകിനടക്കുന്നുണ്ട്.
അല്മുദേനാ ഗ്രാൻഡിസ്.