Sunday, August 10, 2014

ഒരു ഫൈനലിന്റെ ഓര്‍മ

1976- 77 കാലഘട്ടം. കവിയൂര്‍ എന്‍. എസ്.എസ്. ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ കെ. പി. പിള്ള മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ ഫൈനല്‍ ഓര്‍മ്മയില്‍ പതിഞ്ഞുകിടപ്പുണ്ട്.

ചലചിത്രതാരം പാര്‍വതിയുടെ മുത്തച്ഛനായിരുന്നു കെ. പി. പിള്ള. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ആരാണ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചതെന്നൊന്നും ഓര്‍ക്കുന്നില്ല. തിരുവല്ലാ ചുറ്റുവട്ടത്തുള്ള അനവധി ടീമുകള്‍ ആദ്യ പ്രാവശ്യം മത്സരത്തില്‍ പങ്കെടുത്തു. ഏതാണ്ടെല്ലാ ദിവസവും കളികാണാന്‍ വീട്ടില്‍ നിന്ന് അനുവാദവും കിട്ടി. അന്ന് ആറാംക്ലാസ്സിലോ മറ്റോ പഠിക്കുകയായിരുന്നു ഞാന്‍.

അന്ന് കവിയൂരിലെ മിനര്‍വാക്ലബ്ബ് നല്ല നിലയില്‍ നടക്കുന്ന സമയമാണ്. ഞാലീക്കണ്ടം കെ. എന്‍. എം. സ്കൂള്‍ ഗൗണ്ടിലാണ് മിനര്‍വായുടെ കളി നടക്കുക. അന്തിച്ചന്തയില്‍ പോവുമ്പോഴും മറ്റും മിക്ക ദിവസവും അവര്‍ കളിക്കുന്നത് കണ്ടു നില്കാറുണ്ട്. ചിലദിവസങ്ങളില്‍ കളികണ്ട് താമസിച്ചതിന്റെ പേരില്‍ ആവശ്യത്തിനു ശകാരം വീട്ടില്‍ നിന്നു കിട്ടാറുമുണ്ട്. അന്ന് നല്ല ഒത്തിരികളിക്കാരുണ്ടായിരുന്നു മിനര്‍വയ്ക്ക്. ഫോര്‍വേഡായ റോയി, ഗോളി രവീന്ദ്രന്‍ എന്നിവരുടെയൊക്കെ പ്രകടനം കണ്ടുനില്ക്കുന്നതുതന്നെ ഒരു ഹരമായിരുന്നു. ചിലദിവസങ്ങളില്‍ സമീപ ദേശത്തെവിടെയെങ്കിലും ഏതെങ്കിലും ടൂര്‍ണ്ണമെന്റ് വിജയിച്ച് മിനര്‍വാ താരങ്ങള്‍ ഘോഷത്തോടെ വരുന്നത് ഞാലീക്കണ്ടം ആരവത്തോടെ സ്വീകരിക്കുന്നതും കണ്ടിട്ടുണ്ട്. സത്യത്തില്‍ മിനര്‍വയുടെ ബോര്‍ഡിനുതന്നെ ഒരു ചന്തമുണ്ടായിരുന്നു. അത് ഞാലീക്കണ്ടത്തിന്റെ ഒരു സാംസ്കാരിക ചിഹ്നം തന്നെയായിരുന്നു.

കെ. പി. പിള്ള മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യവര്‍ഷം തങ്ങളുടെ കളിമികവു മുഴുവന്‍ പുറത്തെടുത്ത് ഫൈനലിലെത്താന്‍ മിനര്‍വായ്ക്കു കഴിഞ്ഞു. ഫൈനലില്‍ അവരെ നേരിടാന്‍ കാത്തിരുന്നത് കവിയൂരിലെത്തന്നെ മറ്റൊരു ക്ലബ്ബായിരുന്നു. മിനര്‍വയുടെ അത്ര പാരമ്പര്യമില്ലെങ്കിലും മിനര്‍വയുമായി ബന്ധപ്പെട്ട് നേരത്തെ കളിച്ചിരുന്ന പലരുടെയും നേതൃത്വത്തില്‍ രൂപം കൊണ്ട സാന്‍ഡോസ്.

ആരും മികവില്‍ പിന്നിലല്ലെങ്കിലും സാന്‍ഡോസിന്റെ മുഖ്യ ആകര്‍ഷണം ഗോളി രാധ എന്ന കാദംപുറത്ത് രാധാകൃഷ്ണനായിരുന്നു. ആ ടൂര്‍ണ്ണമെന്റിലുടനീളം ഉള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഗോളി രാധ കാവല്‍ നില്‍ക്കുന്ന ടീം അജയ്യരാണെന്ന ഒരു മനോഭാവവും പൊതുവെ രൂപപ്പെട്ടു തുടങ്ങിയിരുന്നു. അതവര്‍ക്ക് കുറെ ആരാധകരെ ഉണ്ടാക്കുകയും ചെയ്തു. മിനര്‍വയാവട്ടെ പരമ്പരാഗതമായി ഒട്ടേറെ ആരാധകരുള്ള ഒരു ടീമും. ഫൈനല്‍ ആവേശം വിതയ്ക്കുന്ന ഒന്നാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.

അതങ്ങനെതന്നെയായിരുന്നു. മിനര്‍വാതാരങ്ങള്‍ തങ്ങളുടെ ചടുലതകൊണ്ട് പലപ്പോഴും സാന്‍ദോസിന്റെ ഗോള്‍ മുഖം വിറപ്പിച്ചുവെങ്കിലും അവരുടെ അജയ്യനായ ഗോളിയെ പരാജയപ്പെടുത്താന്‍ മിനര്‍വയ്ക്കായില്ല. അത്രയ്ക്കും മെയ്‌വഴക്കമായിരുന്നു അദ്ദേഹത്തിന്. ഗോളി രാധ മയിലെണ്ണ തേച്ചാണ് കളത്തിലെത്തുന്നതെന്ന ഒരുഭ്യൂഹവും നാട്ടില്‍ പരന്നിരുന്നു. അവസാനം ആരുമാരും ഗോളടിക്കാതെ കളീ അവസാനിച്ചു; പെനാല്‍ട്ടി ഷൂട്ടൗട്ട് അനിവാര്യമാക്കികൊണ്ട്.

ഞാനടക്കം മിനര്‍വ ആരാധകരെ മുഴുവനും ആശങ്കപ്പെടുത്തുന്ന ഒന്നായിരുന്നു ആ സാഹചര്യം. രവീന്ദ്രന്‍ നല്ല ഗോളിയാണെങ്കിലും അദ്ദേഹത്തെക്കാള്‍ ഏറെ ഉയരവും മെയ്‌വഴക്കവുമുള്ള ഗോളി രാധയ്ക്കൊപ്പം പ്രകടനം നടത്താന്‍ അദ്ദേഹത്തിനു കഴിയുമോ എന്ന സംശയിക്കാതെ തരമുണ്ടായിരുന്നില്ല. ഈ ടൂര്‍ണ്ണമെന്റ് മിനര്‍വയ്ക്ക് കൈവിട്ടുപോകും എന്ന് തോന്നി ചങ്കിടിച്ച നിമിഷങ്ങള്‍. ഷൂട്ടൗട്ട് തുടങ്ങി.

ഏതൊരു പെനാല്‍ടി ഷൂട്ടൗട്ടിന്റെയും അനിശ്ചിതത്വം പോലെ ആശങ്കയും ആവേശവുംഒപ്പത്തിനൊപ്പം വിതച്ച ആ ഏതാനുംമിനിട്ടുകള്‍ തീര്‍ന്നപ്പോള്‍ അനിശ്ചിതത്വം വഴിമാറിയിരുന്നു.  മിനര്‍വാ ചാമ്പ്യന്മാരായി. അതുവരെയും തന്റെ ഗോള്‍കീപ്പിംഗ് മികവുകൊണ്ട് കവിയൂരിലെ കളിക്കമ്പക്കാരെ വിമയിപ്പിച്ച ഗോളി രാധയുടെ കൈകള്‍ ചോര്‍ത്തിയ കിക്കിന്റെ ജനയിതാവ് റോയി ആയിരുന്നു എന്ന് തോന്നുന്നു.
 ലോകക്കപ്പ് എന്നൊക്കെ കേട്ടിട്ടുണ്ടായിരുന്നു. പെലെയെക്കുറിച്ച് ഒരു പാഠം പഠിക്കാനുമുണ്ടായിരുന്നു. 1970ലെ ഫൈനലില്‍ പെലെയും ടീമും പുറത്തെടുത്ത അത്ഭുതകരമായ പ്രകടനത്തിന്റെ ഒരു നേര്‍ത്തവിവരണം ആ പാഠഭാഗം മനസ്സില്‍ കോറിയിട്ടിരുന്നു. പെലെയുടെ ക്ലബ്ബാണ് സാന്‍ഡോസ് എന്നും അറിയാമായിരുന്നു.

കെ. പി. പിള്ള മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യഫൈനല്‍ കണ്ട ഓര്‍മ്മ ഒരു ലോകക്കപ്പു ഫൈനലിനു സാക്ഷിയായ മട്ടില്‍ നിറഞ്ഞ ചിത്രമായി മനസ്സില്‍ ഞാന്‍ സൂക്ഷിക്കുന്നു. 1994 മുതല്‍ എല്ലാ ലോകക്കപ്പിന്റെയും ഫൈനല്‍ കൂടാതെ അതിനു ശേഷം വന്ന മിക്ക യൂറോ, കോപ്പാ അമേരിക്കാ, കോണ്‍ഫെഡറേഷന്‍ കപ്പുകളുടെയും ഫൈനല്‍ ടിവിയില്‍ കാണുന്ന വേളയില്‍ ഞാനീ ഫൈനല്‍ ഓര്‍ക്കാറുമുണ്ട്.

നാലഞ്ചുകൊല്ലം നന്നായി നടന്ന ശേഷം നിറം മങ്ങിപ്പോയ കെ. പി. പിള്ള മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മുടങ്ങിയിട്ട് കാലങ്ങളായി. സാന്‍ഡോസിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഗോളി രാധാകൃഷ്ണനും ഏതാനും വര്‍ഷം മുന്‍പ് കാലയവനികയ്ക്കപ്പുറത്തേക്ക് വിടകൊണ്ടു. മിനര്‍വാ അന്നത്തെ ആള്‍ക്കാര്‍ ജീവിതം തേടി പലവഴിപിരിഞ്ഞതോടെ ഒട്ടു നിര്‍ജ്ജീവമായെങ്കിലും കുറെ നാളൂകള്‍ക്കു ശേഷം ലിറ്റില്‍ മിനര്‍വ എന്ന പേരില്‍ പുനര്‍ജ്ജനിച്ചു. അതു മറ്റൊരു സുവര്‍ണ്ണ കാലമായിരുന്നു. ഇപ്പോളും ആ ക്ലബ്ബ് പേരിനെങ്കിലും നിലനില്കുന്നുമുണ്ട്. ചെറീയ തോതിലൊരു സെവന്‍സ് ടൂര്‍ണ്ണമെന്റും അവര്‍ സംഘടിപ്പിക്കുന്നുമുണ്ട്. പഴയ കളീക്കാരില്‍ പലരും ജീവിതത്തിന്റെ പലതുറകളില്‍ ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് ചിതറി. റോയിയും കുടുംബവും പൂര്‍ണ്ണമായും ലണ്ടനിലേക്കു ചേക്കേറി. രവിന്ദ്രന്‍ കോളേജ് അധ്യാപകനായി. പാലക്കാട് വിക്റ്റോറിയ കോളേജിലായിരുന്നു ദീര്‍ഘകാലം. ഇപ്പോഴും അവിടെയാവണം. അന്നത്തെ താരങ്ങളില്‍ ചിലരൊക്കെയെങ്കിലും മധ്യവയസ്സിന്റെ അന്ത്യഘട്ടമടുത്തതോടെ നാട്ടിലേക്ക് തിരിച്ചെത്തിത്തുടങ്ങിയിട്ടുമുണ്ട്.

അന്ന് കാഴ്ചക്കാരുടെ നിരയില്‍ ഒതുങ്ങിയിരുന്ന മെലിഞ്ഞു ശുഷ്കിച്ച ഒരു നിക്കര്‍ധാരിയെ അവരിലാരും തന്നെ ഓര്‍ക്കുകില്ല.

No comments: