Monday, November 29, 2010

മേഘസ്ഫോടനം

ഇക്കൊല്ലത്തെ മഴ ജനത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ​‍്. വൃശ്ചികം പാതിയാവാറായിട്ടും കർക്കിടകപ്രതീതിയിൽ കേരളം വിങ്ങി നില്ക്കുന്നു. ഉത്സവകാലത്തിന്റെ തെളിഞ്ഞപകലുകളും മഞ്ഞുപുതച്ച രാത്രികളും പ്രതീക്ഷിച്ചിരിക്കുന്നവർ കാലവർഷത്തിന്റെ ഉത്സവക്കൊഴുപ്പിൽ നനഞ്ഞു നില്ക്കുന്നു. കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളായ പാമ്പാടി, കറുകച്ചാൽ ഭാഗങ്ങളിൽ കഴിഞ്ഞയാഴ്ചയുണ്ടായ മിന്നൽവെള്ളപ്പൊക്കം പരിഭ്രാന്തി പരത്തി. രാത്രിയിൽ ഉയർന്നപ്രദേശങ്ങളിലെ വീറ്റുകളില്പ്പോലും വെള്ളം ഇരമ്പിക്കയറിയപ്പോൾ ഉരുൾപൊട്ടലാണെന്നായിരുന്നു പലരും കരുതിയത്. അതൊരു മേഘസ്ഫോടനമായിരുന്നു എന്നും പുതിയ തിയറി ഉണ്ടായിട്ടുണ്ട്. കലികാലവിശേഷം എന്ന് പഴമക്കാർ മാത്രമല്ല, ചെറുപ്രായക്കാർ പോലും പറഞ്ഞുതുടങ്ങിയിരിക്കുന്നു.
കാലാവസ്ഥാ മാറ്റത്തിനുകാരണം പരിസ്ഥിതിനാശമാനെന്ന നിലപാടിന​‍് ആക്കം കൂടുകയാണ​‍് ഈ വേളയിൽ. മാതൃഭൂമി പത്രത്തിൽ വിശദമായ ഒരു ലേഖന പരമ്പരയും വന്നു. പരിസ്ഥിതി സംരക്ഷണത്തിന​‍് ചടുലനടപടിയെടുത്തില്ലെങ്കിൽ ഭൂമിയുടെ ഭാവി അവതാളത്തിലാണെന്ന വാദം ശക്തിയാർജ്ജിച്ചുവരുന്നു.
ഇതൊക്കെ നല്ലകാര്യം!
ഒറ്റച്ചോദ്യം അവശേഷിക്കുന്നു. ഡിനോസറുകളടക്കമുള്ള ജീവിവംശങ്ങളുടെ നാശത്തിനു കാരണമായ സംഭവം അതെന്തായാലും പരിസ്ഥിതി നശിച്ചതിന്റെ ഫലമായുണ്ടായതായിരുന്നോ. ഡിനോസറുകളോ, (മനുഷ്യ)ചരിത്രപൂർവ്വകാലത്തെ ഏതെങ്കിലും ജീവിയോ സംസ്കാരങ്ങൾ കെട്ടിപ്പൊക്കി ഭൂമിയുടെ സ്വാഭാവികാവസ്ഥയെ ചോദ്യംചെയ്തതായി ആരും പറഞ്ഞുകേട്ടിട്ടില്ല. ഡിനോസറുകളുടെ ശാരീരികവലിപ്പമുയർത്തിയ പരിസ്ഥിതിപ്രശ്നങ്ങൾക്കപ്പുറത്തൊന്നും അക്കാലത്തുണ്ടായിരുന്നിരിക്കാൻ വഴിയില്ല. എന്നിട്ടും ആ കാലഘട്ടത്തിലെ ജീവികുലങ്ങളാകെ ഒടുങ്ങി. അല്ലെങ്കിൽ പ്രകൃതി അവയെ ഇല്ലാതാക്കി.
ഇത്രയൊക്കെയല്ലേ ഇപ്പോഴും സംഭവിക്കാൻ പോകുന്നുള്ളു? സ്വന്തം ഭോഗസുഖങ്ങളുയർത്താന്വേണ്ടി മനുഷ്യൻ ചെയ്യുന്നത് പ്രകൃതിയെ നശിപ്പികുകയാണോ, അതോ പ്രകൃതി മനുഷ്യനെക്കൊണ്ട് സ്വന്തം ശവക്കുഴിതോണ്ടാൻ പ്രേരിപ്പിക്കുകയാണോ?
പ്രകൃതിയ്ക്ക് സ്വയമ്നിർണ്ണയശേഷിയുള്ളതുകൊണ്ടും മനുഷ്യന​‍് അതില്ലാത്തതുകൊണ്ടും മനുഷ്യൻ പ്രകൃതിയ്ക്കുവഴങ്ങി സ്വന്തം നാശത്തിലേക്ക് ചുവടുവയ്ക്കുയാണെന്നു വിശ്വസിക്കനാണെനിക്കു താത്പര്യം.
ആ അവസ്ഥയിൽ എത്ര കടുത്ത പരിസ്ഥിതിവാദവും വെറും ഒരു വിശ്വാസമോ ചടങ്ങോ ഒളിച്ചോടലോ ഒക്കെയാവുന്നു!