Tuesday, November 11, 2014

നദിയിലെ ഇളക്കങ്ങള്‍

വീട്ടിലേക്കുള്ള വാട്ടര്‍കണക്‍ഷനെടുക്കാന്‍ വഴി തുരക്കാനുള്ള അനുമതിയ്ക്കു വേണ്ടി, പിഡബ്ള്യു ഡി ഓഫീസില്‍ച്ചെന്ന് മുദ്രപ്പത്രമൊപ്പിടാന്‍ വേണ്ടിയാണ് അര ദിവസത്തെ കാഷ്വല്‍ ലീവെടുത്ത് ഉച്ചയ്ക്കുതന്നെ യാത്രതിരിച്ചത്. ഊണ് കോട്ടയത്തെവിടെയെങ്കിലും ചെന്നിട്ടാവാമെന്നു കരുതി. നീലിമംഗലം പാലം കടക്കുമ്പോള്‍ വെറുതെ ആറ്റിലേക്കൊന്നു കണ്ണയച്ചു. രണ്ടോ മൂന്നോ ദിവസം മഴ മാറി നിന്നപ്പോഴത്തേയ്ക്കും പുഴ ചൊട്ടി, ഒഴുക്കു നിലച്ച്, വെള്ളത്തിനു പച്ചനിറം വച്ചു തുടങ്ങിയിരിക്കുന്നു. ഓളമില്ലാതെ കിടക്കുന്ന വെള്ളത്തില്‍ പെട്ടെന്നൊരിളക്കം ഉണ്ടായത് വണ്ടിയിലിരുന്നു കാണാനായി. ഓളങ്ങളുടെ ഒരു ചെറുവൃത്തം. ഏതോ മീന്‍ ഇരപിടിച്ചു മുങ്ങിയതാവാം.

എത്ര ലളിതമാവാം അതിന്റെ ജീവിതം എന്നാണാദ്യം തോന്നിയത്. കാഷ്വല്‍ ലീവിനപേക്ഷിക്കാതെ, അനുമതിയ്ക്കു കാക്കാതെ, മുദ്രപ്പത്രങ്ങളിലൊന്നുമൊപ്പിടാന്‍ പോവാതെ അതിനു യഥേഷ്ടം നീന്തിത്തുടിച്ചു നടന്നാല്‍ മതി. വെള്ളത്തിന്റെ മുകള്‍പ്പാടയില്‍ എന്തെങ്കിലുമനങ്ങിയാല്‍ ഉന്നം നോക്കിക്കുതിച്ചാല്‍ മതി. പുകയുന്ന കരയില്‍, വെയിലില്‍ പുളച്ചോടുന്ന വണ്ടിയിലിരുന്ന് ആ മീനിന്റെ ജലകുടീരത്തിലെക്കുളിര്‍മ്മയും അതിന്റെ ജീവിതത്തിന്റെ ലാളിത്യവുമോര്‍ത്ത് ഞാന്‍ അസൂയക്കൊണ്ടു ഒരു നിമിഷത്തേക്ക്.

ഒരുപക്ഷേ, നമ്മുടെ ജീവിതത്തിലുണ്ടെന്നു പറയുന്ന സങ്കീര്‍ണതകളും ഇതേ പടി ലളിതമാവാം. അതൊക്കെ ഗഹനമായുള്ളതാണെന്നു നാം കരുതിപ്പോവുന്നതിന്റെ ഫലങ്ങളാവാം നമ്മുടെ ആശങ്കകള്‍. മനുഷ്യന്റെ കണ്ണിലെ ഏറ്റവും വലിയ നേട്ടത്തിനൊപ്പമാവാം, ഇന്നെന്റെ കാഴ്ച്ചവട്ടത്തില്‍ ജലപാളികള്‍ക്കിടയില്‍ എനിക്കു വെളിപ്പെടാതെ, ഓളങ്ങളിലൂടെ മാത്രം സാന്നിധ്യം അറിയിച്ച് പുളച്ചു താണു പോയ ആ മീനിനെ സംബന്ധിച്ചിടത്തോളം ആ കുതിപ്പിലൂടെ അതിനു ലഭിച്ച ഇര/ സംതൃപ്തി.

കോട്ടയത്തെത്തുമ്പോഴേക്കും വിശപ്പ് ഒരു മൃഗമായി അകം കാര്‍ന്നു തുടങ്ങിയിരുന്നു. നാഗമ്പടത്തെ അര്‍ക്കാദിയയില്‍ നിന്ന് മീന്‍കറികൂട്ടി ഒരൂണും കഴിഞ്ഞ്, സ്റ്റാന്‍ഡില്‍ നിന്നേതെങ്കിലും പ്രൈവറ്റ് ബസ്സില്‍ക്കയറി മല്ലപ്പള്ളിയാത്രയാവാമെന്നുമായിരുന്നു ആദ്യത്തെ ഉദ്ദേശം. അര്‍ക്കാദിയയിലെ ഊണിനു വേണ്ടി വയറിനെ പാകപ്പെടുത്തിക്കഴിഞ്ഞിരുന്നു. എന്നാല്‍ നാഗമ്പടത്തെത്തിയപ്പോഴാണ് ഇന്നു ചൊവ്വാഴ്ചയാണല്ലോ എന്നോര്‍ത്തത്. ചൊവ്വഴ്ചകള്‍ നാഗമ്പടത്തെ സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള പള്ളിയിലെ വിശേഷദിവസമാണ്. കുറെ നാളേ ആയിട്ടുള്ളുവെങ്കിലും അവിടുത്തെ ചൊവ്വാഴ്ചത്തിരക്ക് നഗരത്തെയാകെ നിറച്ചുതുടങ്ങിയിട്ടുണ്ട്. ഊഹം തെറ്റിയില്ല, അര്‍ക്കാദിയയ്ക്കു മുന്പിലും തീര്‍ഥാടകരുടെ തിരക്കാണ്. അവിടെയിറങ്ങേഠെന്നു തീരുമാനിച്ചു. ട്രാന്‍സ്പോര്‍ട്ടു സ്റ്റാന്‍ഡിന്റെ അടുത്ത് ബസ്സിറങ്ങി. എവിടെയുണ്ണണമെന്നു നിശ്ചയമില്ലാതെ കഷ്ടപ്പെട്ടു റോഡ് മുറിച്ചുകടന്നു. കോഫീ ഹൗസ് വേണോ ആര്യാസ് വേണോ എന്നു നിശ്ചയമില്ലാതെ ആര്യാസിന്റെ മുന്പിലെത്തിയപ്പോള്‍ അങ്ങോട്ടുതന്നെ കയറിയേക്കാമെന്നു തോന്നി. അവിടെ കൂപ്പണെടുക്കാന്‍ ചെന്നപ്പോഴേ മുന്നറിയിപ്പുകിട്ടി, കുത്തരിച്ചോറു തീര്‍ന്നിരിക്കുന്നു. വെള്ളയരിച്ചോറിനു കൂപ്പണെടുത്തു. കഴിച്ചു തുടങ്ങിയപ്പോഴേക്കും അതെത്ര പെട്ടെന്നു വയറു നിറയ്ക്കുന്നുണ്ടെന്നു മനസ്സിലായി. നിറവയറോടെ ബസ് സ്റ്റാന്‍ഡിലേക്കു നടക്കുമ്പോള്‍ മലയാളിയുടെയും തമിഴന്റെയും ഊണിന്റെ ശൈലികള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചോര്‍ത്തു. അപ്പോള്‍ തമിഴന്‍ വിഷം നിറഞ്ഞ പച്ചക്കറികളാണ് മലയാളിക്കു കഴിക്കാനായി ദിവസേന ലോറികള്‍ നിറച്ചുവിടുന്നതെന്ന ആരോപണത്തെക്കുറിച്ചായി വിചാരം.

അതെ, വിഷമാണ് പച്ചക്കറികളിലെല്ലാം എന്ന പുതിയപുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് ഒരു മറുവശമില്ലേ?

തമിഴ്‌നാട്ടിലെ കൃഷിക്കാര്‍ മലയാളിയുടെ ഭ്രമങ്ങള്‍ പൂര്‍ണ്ണമായി സംതൃപ്തിപ്പെടുത്താനായി സ്വന്തം പാടങ്ങളില്‍ വിളവു പതിന്മടങ്ങിരട്ടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടാവാം. ആ ഉദ്ദേശത്തോടെ മണ്ണിനു താങ്ങാനാവാത്തത്ര രാസവളങ്ങള്‍ ചൊരിയുന്നുണ്ടാവാം. വിളകള്‍ പുഴുവരിക്കാതിരിക്കാന്‍ വിഷം തളിക്കുകയോ കുത്തിവയ്ക്കുകയോ ചെയ്യുന്നുണ്ടാവാം. മലയാളിയുടെ സൗന്ദര്യബോധത്തിനിണങ്ങുന്നത്ര പൊലിപ്പും തിളക്കവും നല്കാന്‍ പലജാതി രാസവസ്തുക്കള്‍ പ്രയോഗിക്കുന്നുണ്ടാവാം. എല്ലാം നമ്മള്‍ക്കു വേണ്ടിയാണ്. അങ്ങിനെ തരുന്നവന്റെ മനസ്സിലെ വിഷത്തെ വര്‍ണ്ണിച്ച് വാര്‍ത്തയോടുവാര്‍ത്തകള്‍ വരുമ്പോള്‍ നാം അതിന്റെ ഗുണപരമായ അര്‍ഥത്തില്‍ത്തന്നെയെടുക്കുമോ? തരിശായിക്കിടക്കുനിടത്തെല്ലാം വിത്തെറിഞ്ഞ്, ഒരുതുള്ളി രാസവസ്തുവും പ്രയോഗിക്കാതെ നമുക്കും നമ്മുടെ മക്കള്‍ക്കും അയല്ക്കാര്‍ക്കും സമൂഹത്തിനുമായി ഓരോ മലയാളിയും മണ്ണില്‍ വിയര്‍പ്പൊഴുക്കുമോ? അങ്ങനെ പ്രതീക്ഷിക്കാനാവുമോ? എങ്കില്‍ ഈ വാര്‍ത്തകള്‍ ലക്ഷ്യത്തെത്തി എന്നു വിശ്വസിക്കാം.

എന്നാല്‍ ഒരു മറുവശം കൂടി ആലോചിക്കേണ്ടതുണ്ട്

ഭക്ഷ്യവസ്തുക്കളില്‍ വിഷം ചേര്‍ക്കുന്നതുള്‍പ്പെടെ എല്ലാ മായം ചേര്‍ക്കലുകളെയും നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ ചില പുതിയ മാനദണ്ഡങ്ങള്‍ നിര്‍ബന്ധിതമാക്കുവാന്‍ തയ്യാറാവുന്നു എന്നു സങ്കല്‍പ്പിക്കുക.( സങ്കല്പമേ ആകാവു. ഇതൊരു തലതിരിഞ്ഞ ചിന്തയാണെന്ന അറിവോടെ അങ്ങനെ ഒന്നു സങ്കല്പിച്ചു നോക്കി ഞാന്‍. ഒരു തരം ഉച്ചക്കിറുക്കാവാം) എല്ലാവര്‍ക്കും കഴിയുന്നത്ര ശുദ്ധമായ ഭക്ഷണം ലഭ്യമാക്കാന്‍ നിലവാര പരിശോധന കര്‍ശനമാക്കുന്നു. വിഷം പാടില്ല. കേടുപാടില്ല. ചീയരുത്. കാഴ്ചയിലും, മണത്തിലും, രുചിയിലുമൊക്കെ ഉന്നത നിലവാരം വേണം. അങ്ങനെ വിശദപരിശോധനയും ഗുണനിലവാര സര്‍ട്ടിഫിക്കറ്റു നല്കലും വന്നാല്‍ ആരാവും ആ പരിഷ്കാരത്തിന്റെ ഗുണഭോക്താക്കള്‍?

തേനിയിലോ, മധുരയിലോ, തഞ്ചാവൂരോ ഉല്പാദിപ്പിച്ച്, കേരളത്തിലങ്ങോളമുള്ള ചന്തകളില്‍ ചീയലോ, ദുര്‍ഗന്ധമോ, രുചിക്കുറവോ, വാട്ടമോ ബാധിക്കാത്ത 'ഫ്രെഷ്' 'നാച്ചുറല്‍' പച്ചക്കറികള്‍ നല്കാന്‍ തമിഴകത്തെ എത്ര ചെറുകിട/ ഇടത്തരം കര്‍ഷകര്‍ക്കു കഴിയും. അനുദിനം, പുതുപുത്തന്‍, വാട്ടമില്ലാത്ത ഒന്നാന്തരം പച്ചക്കറി?

അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കോ, ഇന്ത്യയിലെതന്നെ ഭീമന്‍മാര്‍ക്കോ അത് നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. നാം കേട്ടിട്ടുള്ളതോ, ഭയപ്പെടുന്നതോ ആയ വിഷങ്ങളൊന്നും പുരട്ടാത്ത, നാമറിഞ്ഞ രാസവളങ്ങളൊന്നും ഉപയോഗിക്കാത്ത, ചീയാത്ത, വാടാത്ത, കൃമികീടങ്ങളൊന്നും തുരക്കാത്ത ഒന്നാംതരം പച്ചക്കറി. വേണമെങ്കില്‍ ഓരോ പച്ചമുളകിലും ലോകം മതിക്കുന്ന ആ ബ്രാന്‍ഡ് മുദ്ര പതിച്ചുതന്നെ! ആകര്‍ഷകമായ പായ്ക്കറ്റില്‍!

നമ്മുടെ പത്രലേഖകരും പത്രങ്ങളും തികച്ചും ഉത്തരവാദിത്തബോധത്തോടെ തന്നെയാണ് ഈ വാര്‍ത്തകള്‍ പൊതുശ്രദ്ധയിലെത്തിക്കുന്നതെന്നു സംശയമല്ല. പക്ഷേ, ആ ഉത്തരവാദിത്തമാര്‍ന്ന സേവനത്തിനും എന്തിനെയും ഏതിനെയും കണക്കുകൂട്ടി ശ്രദ്ധയോടെയും നൂറുതലമുറകളുടെ കാര്യം ആലോചിച്ചും മാത്രം സമീപിക്കുന്ന മലയാളിയുടെ ഉത്കൃഷ്ടബോധത്തെയും മറയാക്കി, ഏതുനിമിഷവും ചാടിവീഴാന്‍ കഴുകന്‍ കണ്ണൂകള്‍ ആര്‍ത്തിയോടെ നില്ക്കുന്നുണ്ടാവില്ലേ? ഫോബിയാകളുടെ സ്വന്തം നാട്ടിലേക്ക് പറന്നിറങ്ങാന്‍ മറ്റൊരു മാര്‍ഗം!

മീനച്ചിലാറ്റിന്റെ പച്ചനിറം കലര്‍ന്ന വെള്ളത്തിനകത്ത് എന്താണു ജലോപരിതലത്തില്‍ വന്നതെന്ന് ആലോചിക്കാതെ, കൊത്തിവിഴുങ്ങാന്‍ കുതിച്ചുയര്‍ന്ന മീനില്‍ നിന്ന് നമുക്കുള്ള വ്യത്യാസം ഇവിടെയാണ്. ചൂണ്ടയാണോ നഞ്ഞാണോ തോട്ടയാണോ അരിമണിയാണോ എന്നാലോചിച്ചറിയാനുള്ള സാവകാശം അവന്‍ കാക്കുന്നില്ല. കഴിച്ചതെന്താണെന്നോര്‍ത്ത് വേവലാതിപ്പെടുന്നില്ല. 
അവന്‍ നദിയിലെ ഇളക്കങ്ങളെ മാത്രം അറിയുന്നു. അതിലൊരിളക്കമായി ജീവിച്ചുകൊണ്ടിരിക്കുന്നു..........
ജോസെഫ് റഫേലിന്റെ മൂന്ന് ദുരൂഹതകള്‍ എന്ന പെയിന്റിംഗ്

No comments: