Saturday, October 18, 2014

ഇല്ലാവചനം

നിന്നെനിനച്ചും, നിനക്കെഴുന്നള്ളുവാ-
നുള്ളിന്‍പഥങ്ങളൊക്കെത്തെളിച്ചും
സിരാതന്ത്രികള്‍തോറും തുടിക്കുന്നൊ-
രാനന്ദതാളത്തില്‍ നിന്‍പദന്യാസമോര്‍ത്തും
കാലയാപനംചെയുന്നു;നിന്‍രൂപസാദൃശ്യ-
മോരോ ഞൊടിക്കും നിനച്ചു തോറ്റെങ്കിലും.

പെണ്ണാണുനീയെന്നുറച്ചു പിശാചമാം
തന്മയെക്കാട്ടി,ഫണംനീര്‍ത്തി,യുന്മത്ത-
പൗരുഷത്തിന്റെതെരുക്കൂത്തുകള്‍കാട്ടി.
കള്ളിലും കാമത്തിലുംകിനാക്കാഴ്ചകള്‍
ചാലിച്ചുതേമ്പി, സ്വയംകൃതങ്ങള്‍ കാല-
സായൂജ്യമെന്നു സ്വയംവാഴ്ത്തി, യേറെനാള്‍.
പെണ്ണേ, കനിഞ്ഞില്ല നീ-
യൊരുസൗമ്യമാം കണ്ണേറുപോലും
കനിഞ്ഞില്ലൊരിക്കലും.
പെണ്ണല്ല നീ കൊടും യക്ഷിയെന്നുന്നിദ്ര-
മുന്നയിച്ചാര്‍ത്തു പരാജയം ഘോഷിക്കെ
പെണ്മയ്ക്കതീതമാം വൈഭവത്തോടെന്റെ
പൗരുഷത്തിന്റെ കഴുത്തുഞെരിച്ചു നീ.

ആണാണു നീയെന്നു നമ്പി നിനക്കൊത്ത-
പെണ്ണാകുവാന്‍ വേണ്ടിയെത്രയോ ചായങ്ങള്‍
ചാലിച്ചു മേലാകെയുഗ്രവര്‍ണ്ണാഞ്ചിതമാക്കി-
ത്തളിര്‍ശയ്യ തീര്‍ത്തുകാത്തേറെനാള്‍.
ആണ്മയ്ക്കതീതമാം മായാപദന്യാസ
സാരള്യമോടെന്റെ ചുറ്റും നടക്കയും
കാത്തിരുന്നിട്ടും വെളിപ്പെടാതെന്‍പെണ്മ
പേക്കോലമാക്കുന്ന ജാലം പടുക്കയാല്‍
പൂര്‍ത്തിയിലെത്താത്ത തേടലിന്‍ തോപ്പിലെ
ശോഷിച്ച വിഗ്രഹമാക്കിമാറ്റീയെന്നെ.

വീണ്ടുവിചാരങ്ങള്‍ തീണ്ടാത്ത തിര്യക്കു-
നീയെന്നുനണ്ണി മൃഗീയസദ്യയ്ക്കുള്ള
കോപ്പുകള്‍ കൂട്ടി നിതാന്തവനത്തിന്റെ-
യാഴത്തിലാഴ്ന്നു നിശാഘോരസാധന.
ധ്യാനത്തിലൊന്നും തെളിഞ്ഞില്ല നിന്‍പദം;
ചോരച്ചൊരിച്ചിലില്‍ നീതൃപ്തികൊള്ളുമെന്നൂഹിച്ചു,
അംഗങ്ങളോരോന്നു ഹോമിച്ചു.
ആരായല്‍മാത്രം വിഘാതങ്ങളില്ലാതെ-
നീണ്ടു, നിന്‍കാലൊച്ച പോലുമേ കേട്ടില്ല.
തിര്യക്കുമല്ല നീ,മാംസഗന്ധത്തിലും
ശൗര്യം വളര്‍ക്കാത്തതേതൊരു ജീവിതാന്‍!

കല്ലിനെപ്പോലെകഠിനം, പ്രകോപന-
മൊന്നിലും ചായാത്ത നിശ്ചലസ്ഥൂണമെ-
ന്നുന്നി ശിലാമയവസ്തുവോരോന്നിലും
നിന്നെത്തിരഞ്ഞു നടന്നു തുടങ്ങിഞാന്‍.
കല്ലിലും കണ്ടില്ല, മണ്ണിലും കണ്ടില്ല-
യുണ്ടെന്നു നണ്ണിയതൊന്നിലും കണ്ടില്ല.
എല്ലാംതകര്‍ത്തുള്ളു തോണ്ടി നോക്കീ
നിന്റെയുണ്മമാത്രം കണ്ടുകിട്ടിയില്ലപ്പൊഴും.

നീയില്ലയെന്നു നിനച്ചുപിന്നെ: ഘോര-
വാചികള്‍കൊണ്ടു നിന്നുണ്മയില്ലായ്മയെ
കോണുകള്‍ തോറും വിളിച്ചറിയിക്കുന്ന
കോമരമായി ഞാനേറെനാള,പ്പൊഴോ
ശൂന്യതയില്‍ നിന്നു ബിംബിച്ചുകേള്‍ക്കുന്ന
മൂകസ്വരത്തിലെന്‍ വേരുകള്‍ തുള്ളുന്നു.

നീയില്ലയെന്നോരറിവിന്‍ തെളിമയില്‍
നിന്നുഗ്രസാന്നിദ്ധ്യമിന്നല്‍പ്പെരുക്കങ്ങള്‍
ഇല്ലായ്മയില്‍നിന്നുദിച്ചോരുശക്തി-
തന്നില്ലായ്മയിലെന്റെ തേടല്‍ വിറയ്ക്കുന്നു.

ഇല്ലാത്തൊരച്ഛന്റിടംഭാഗമാര്‍ജ്ജിച്ചൊ-
രില്ലാത്തതായ്‌തന്നഗാധത്തില്‍ വേരാഴ്തി-
യില്ലായ്മയിലേക്കു ചില്ലകള്‍ വീശുന്നൊ-
രില്ലാമരം ഞാനതെന്നറിവാകുന്നു.
ഇല്ലാത്തറിവിന്‍പുലരിയിലില്ലായ്മ-
സ്വര്‍ണ്ണാംശുരാജിയുതിര്‍ക്കവേ കേള്‍ക്കുന്ന
ഇല്ലാസ്വരങ്ങള്‍ സംഗീതങ്ങളിങ്ങനെ-
യില്ലായ്മതന്‍ മഹാഘോഷം പ്രപഞ്ചമേ!

കല്ലേ ചിരിക്ക, കൃമികീടം തിമിര്‍ക്ക, ഞാ-
നുണ്മയായുള്ളോരു ഗാത്രം പൊലിക്ക.
എല്ലാത്തിനും മഹാതായേ, തായ്‌മേനി-
യിലൊന്നായിരിക്കുന്നൊരച്ഛാ നമോസ്തുതേ!!



No comments: