Friday, October 17, 2014

അടുക്കിപ്പെറുക്കുമ്പോള്‍ കിട്ടിയ കവിതകളിലൊന്ന്

പ്രസക്തിപബ്ളിക്കേഷന്റെ എല്ലാമായ സജു എന്റെ ആഴ്ചപ്പതിപ്പു ശേഖരത്തില്‍ കണ്ണുവച്ചിട്ട് കുറെനാളായി.
ഒത്തിരിയുണ്ട്. കുടുംബവീടിന്റെ തെക്കെ ഷോവോളിന്റെ താഴത്തെ തട്ട് പൂര്‍ണ്ണമായും മാതൃഭൂമിയും കലാകൗമുദിയും കൈയ്യടക്കിയിരിക്കുകയാണ്. മുകളിലത്തെ രണ്ടു തട്ടുകളിലായി ലിറ്റില്‍ മാഗസിനുകള്‍, മറ്റനേകം പ്രസിദ്ധീകരണങ്ങള്‍, പണ്ടെന്തെങ്കിലും കുറിച്ച കടലാസുകള്‍, എന്തെങ്കിലും വാര്‍ത്താപ്രാധാന്യമുള്ള പത്രങ്ങള്‍ എന്നിങ്ങനെ എല്ലാം വച്ചിട്ടുണ്ട്. കുറെ വര്‍ഷങ്ങളായി അടുക്കിപ്പെറുക്കാത്തതുകാരണം ആകെയും പൊടിമൂടിയിരിക്കുകയാണ്. മഴക്കാലത്ത് പാരപ്പറ്റീല്‍ കെട്ടിനില്ക്കുന്ന വെള്ളം കുറെ അകത്തേക്ക് ഒഴികിയിറങ്ങുന്നത് ഈ കടലാസുലോകത്തെ നനച്ചുകുതിര്‍ക്കാന്‍ തുടങ്ങിയിട്ടും കുറെ വര്‍ഷങ്ങളായി. അതാര്‍ക്കേലുമെടുത്തുകൊടുക്ക് എന്ന് അച്ഛന്‍ പിറുപിറുക്കാന്‍ തുടങ്ങിയിട്ടും ഏറെക്കാലമായി. 
തോന്നിയില്ല. അടുക്കിക്കെട്ടി പൊടിപോലും പുരളാതെ ഏറെക്കാലം സൂക്ഷിച്ചുവച്ചനിധിയാണ്. വാങ്ങിയതുപോരാഞ്ഞ് പലയിടത്തുനിന്നായി സംഘടിപ്പിച്ച വളരെപ്പഴയ പ്രസിദ്ധീകരണങ്ങളും ആ കൂട്ടത്തിലുണ്ട്. വീണപൂവ് പ്രസിദ്ധീകരിച്ചതടക്കം കുറെ ഭാഷാപോഷിണികള്‍ കുത്തിക്കെട്ടിയത് ഉണ്ട്. അറുപതുകളുടെ ആദ്യകാലത്തെ മാതൃഭൂമി ഓണപ്പതിപ്പുകളുണ്ട്. പി മരിച്ചപ്പോള്‍ സ്മരണികയായി ഇറക്കിയ മാതൃഭൂമി ആഴ്ചപ്പതിപുണ്ട്. സംക്രമണം, സമീക്ഷ എന്നിവയുടെയൊക്കെ കോപ്പികളുണ്ട്. നിയോഗം മാസിക ഏതാണ്ടെല്ലാ ലക്കവുമുണ്ട്. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള പത്രങ്ങളുണ്ട്. 1981 മുതല്‍ 1998 വരെയുള്ള കാലത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ മുഴുവന്‍ ലക്കങ്ങളും ഉണ്ടായിരുന്നു. പകുതിയോളം അടുക്കി കുത്തിക്കെട്ടുകയും ചെയ്തിരുന്നു. 1985 മുതലുള്ള കലാകൗമുദിയും ഉണ്ട്. 2000 അടുപ്പിച്ചെപ്പോഴോ ഇതിലെ ചില ലക്കങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ് ആ ശേഖരത്തോടുള്ള ആസക്തി കുറഞ്ഞത്. അത് അടുക്കിപ്പെറുക്കുന്നതും പൊടിതട്ടിവയ്ക്കുന്നതും കുറഞ്ഞു. പൊടിയടിഞ്ഞു കൂടിയതോടെ തൊടാന്‍ മടി കൂടി. അങ്ങനെയതൊരു തൊടാത്ത മേഖലയായി മാറുകയായിരുന്നു. 
ഒന്നൊന്നരക്കൊല്ലം മുന്പ് സജു വന്നപ്പോള്‍ ഈ കൂനയുടെ കാര്യം പറഞ്ഞു. നേരിട്ടുകണ്ട സജു അതെടുത്തുകൊള്ളാമെന്നു പറഞ്ഞു. അത് മ്നറ്റുചില സുഹൃത്തുക്കളോടു പറഞ്ഞപ്പോള്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ലൈബ്രറിയിലേക്കു കൊടുക്കരുതോ എന്നു ചോദിച്ചു. ജീവന്‍ കുമാര്‍ കെ. ഇത് ഹാരിസ് സാറിനോട്( ഡോ. വി. സി. ഹാരിസ്) പറഞ്ഞു. സാറിനും താത്പര്യമായിരുന്നു. ലെറ്റേഴ്സിന്റെ ഡയറക്ടര്‍ ഡോ. പി. എസ് രാധാകൃഷ്ണന്‍ അതെടുക്കാമെന്നു പറഞ്ഞിരുന്നതുമാണ്. പക്ഷേ പലകാരണങ്ങളാല്‍ അതന്നു നടന്നില്ല. സജു പലതവണ വിളിച്ചു, എന്നു വരണം എന്ന്. അവസാനം കഴിഞ്ഞ ഞായറാഴ്ച വിളിച്ചപ്പോള്‍ വന്നുകൊള്ളാന്‍ പറഞ്ഞു. വാരികകള്‍ അയാളെടുത്ത് ചാക്കുകളിലാക്കി അടുക്കി വച്ചിരിക്കുകയാണ്. അടുക്കലിനിടയില്‍ കിട്ടിയ പഴയ കടലാസുകളില്‍ കുത്തിക്കുറിച്ചതിന്റെ കൂനയിലെ ചിലതെങ്കിലും വലിയ കുഴപ്പമില്ലെന്നു തോന്നി. ഒരു കൗതുകത്തിനു മാത്രമായി അതിലൊരെണ്ണം ചേര്‍ക്കുന്നു. എന്നെഴുതിയതാണെന്നോര്‍ക്കുന്നില്ല. പത്തുപതിനെട്ടുകൊല്ലം മുന്പ് എഴുതിയതാണെന്നുറപ്പ്. (യാത്രകള്‍ നിരന്തരമായി ചെയ്തിരുന്ന ഒരു കാലത്തിന്റെ ശേഷിപ്പാണെന്നു തോന്നുന്നു. ചില വരികളിലെങ്കിലും തിരുവില്വാമല, ഭാരതപ്പുഴ ഒക്കെ ഒളിഞ്ഞുകിടപ്പുണ്ട്. 1991 മുതല്‍ 1995 വരെയുള്ള ഒരു കാലത്ത് എല്ലാ ആഴ്ചയിലും എങ്ങോട്ടേയ്ക്കെങ്കിലും അങ്ങുപോവുമായിരുന്നു. ഒരിടത്തും പോവാനൊത്തില്ലെങ്കില്‍ ഉണ്ണീകൃഷ്ണവാര്യരുമൊത്ത് നേരെ തിരുവില്വാമലയ്ക്കു തിരിക്കുമായിരുന്നു. അമ്പലക്കുളത്തിലൊരു കുളി, പടിഞ്ഞാറേ നടയിലെ ഓലമേഞ്ഞ ഹോട്ടലിലെ അമ്മാവന്‍ തരുന്ന ഊണും കാപ്പിയും, അമ്പലത്തിന്റെ കിഴക്കേ ഗോപുരത്തറയിലോ കിഴക്കേ ആല്‍ത്തറയിലോ ഇരുന്ന് നേരം തീരുവോളം വര്‍ത്തമാനം, രാത്രി കാണല്‍, പിന്നെയൊടുക്കം പടിഞ്ഞാറെ നടയിലുള്ള ശ്രീരാമവിലാസം ലോഡ്ജില്‍ വിശ്രമം, ഇങ്ങനെയൊരു അപ്രഖ്യാപിത ടൈം ടേബിളായിരുന്നു ആ യാത്രയുടെ മുതല്‍). അത് അതേപടി ഇവിടെ പകര്‍ത്തുന്നു.....



സംഭവമില്ലാത്ത ജാതകങ്ങള്‍

ഈ മൗനമിരമ്പിമുറിച്ചൊരു
തീവണ്ടിപായണം
കൂരിരുട്ടില്‍ കണ്ണു തീക്കനലാക്കി-
യൊരാള്‍ വന്നു നോക്കണം.
കാറ്റുതൊടാത്ത തൊലിപ്പുറത്തമ്പേറ്റു
ചോരതെറിക്കണം


ചില നേരങ്ങളിങ്ങനെയാണ്.


ചത്തമരത്തിന്റെ ചോട്ടില്‍
കരിയില ചീറ്റീത്തെറിപ്പിച്ച സര്‍പ്പവും
ഉച്ചിയില്‍ കൊത്തിച്ചിരിക്കുന്നൊരുച്ചയും
രാത്രിയിലൊറ്റയ്ക്കുമീളുന്ന
സങ്കീര്‍ത്തനത്തിന്റെ
ഈണത്തിലാണ്ടുപോവുന്നു.
എകിലുമെപ്പൊഴുമൊരു
ശബ്ദത്തിന്നിടവേളയില്‍നിന്ന്
നിശ്ശബ്ദത കുലച്ചു നീളുന്നു.


നീലനദിവാറ്റിയാരെയോ
സ്വപ്നതലത്തില്‍ വരയ്ക്കുവാന്‍
കാറ്റുകലമ്പുന്ന കുന്നീന്‍പുറത്തൊരു
കോലക്കുഴല്‍പ്പാട്ടിനോരത്തു
തുള്ളുവാന്‍;
താഴ്വര മേയും പശുക്കള്‍
ആര്‍ക്കും പുഴ
പാറപ്പുറത്തൊരു പുരാതന ജീവിതന്‍
തീപിടിയ്ക്കുന്ന തലയോട്ടി
പരുന്തൊന്നു പാറുവാന്‍
നീളന്‍ ചിറകുവിരിയ്ക്കുന്നു.........


എങ്കിലും ചില നേരങ്ങളിങ്ങനെയാണ്.

പറയേണ്ടതൊന്നും പറയാതെയും
അരുതാത്തതെന്തൊക്കെയോ ചെയ്യാനാവാതെയും....


ആരും കടം ചോദിയ്ക്കാത്ത ജീവിതത്തിന്
എന്താണര്‍ഥം?
വറ്റാത്ത ചെമ്പുകിടാരം
തിളച്ചയെണ്ണ
പാപം കണ്ട വെറ്റില.
എങ്ങോട്ടുപോവാനാണ്?
വീടുനഷ്ടപ്പെട്ടവന്റെ പെരുവഴികള്‍
വരണ്ട സന്ധ്യകള്‍
നിറംകെട്ട സത്യങ്ങള്‍.....

അര്‍ഥമില്ലാത്തതിന്റെപ്പറ്റിച്ചിന്തിച്ചും
സമയത്തിന്റെ ചക്രഗതി വെളിവായും
മിഴിച്ചുപോവുന്ന
ചിലനേരങ്ങളിങ്ങനെയാണ്.

വരാത്ത രാത്രിമഴയുടെ കയ്യില്‍
ഒരു സന്ദേശമുണ്ട്
പ്രവാചകനുദിക്കാത്ത പകലുകളിലൂടെ
മണല്‍പ്പറമ്പായിക്കിടക്കുന്നത്
എന്റെ പുഴയാണ്....


ഒരു വാവല്‍ചിറകടിപോലുമില്ലാത്ത
രാത്രി എത്രഭീകരമാണ്.
നിദ്രയെഴാത്ത മരവിച്ച തൃഷ്ണയില്‍
സ്വപ്നം പോലും പീഡനമാണ്


ഈ കാലസ്തംഭം നെടുകെപ്പിളര്‍ന്നൊരു
വാള്‍മുന ചീറണം
കാലാരി ചിമ്മിയ കണ്ണിലെത്തീയില്‍
പ്രപഞ്ചം കുരുക്കണം.

..........

No comments: