തോഴീ.....
പറഞ്ഞാലും തോഴാ......
തെറ്റിദ്ധരിക്കില്ലെങ്കില്‍
ഒന്നെനിക്കറിഞ്ഞാല്‍ക്കൊള്ളാമെന്നുണ്ട്.
ചോദിച്ചോളൂ
തെറ്റിദ്ധരിക്കില്ല.
നിന്റെ മാറിടം ഉണ്മയാണോ?
[മൗനം]
ഉണ്മതന്നെ.
തെറ്റിദ്ധരിക്കില്ലെങ്കില്‍
ഒന്നുകൂടി അറിഞ്ഞാല്‍ക്കൊള്ളാം
ഉം.
താങ്കള്‍ക്ക് പെണ്‍കുറി ഉണ്ടോ?
പെണ്ണിന്റേതുപോലെയാണോ?
അതേ [മൗനം]
തോഴാ.... താങ്കളോടുമൊന്നു ചോദിച്ചോട്ടേ?
ചോദിച്ചോളൂ, ധൈര്യമായി ചോദിച്ചോളൂ , തോഴീ....
താങ്കള്‍ക്ക് ആണ്‍കുറി ഉണ്ടോ?
----------------------------------------------------------------------------------
തിരുനങ്ക കല്ക്കിസുബ്രഹ്മണ്യത്തിന് ഒരു മുഖവുര ആവശ്യമില്ല. ഇന്ത്യയിലെ മൂന്നാംലിംഗത്തില്‍പ്പെട്ടവര്‍ക്ക് വ്യക്തി എന്ന പദവി സമൂഹത്തില്‍ ഉറപ്പുവരുത്തുന്നവാന്‍ വേണ്ടിയുള്ള പോരാട്ടങ്ങളുടെ നെടുംതൂണാണ് കല്ക്കി. പ്രകാശമാനമായ മുഖവും ബഹുതലങ്ങളിലേക്കു വേരോടിയ വ്യക്തിത്വഗരിമയും കല്ക്കിയെ ഏതാള്‍ക്കൂട്ടത്തിലും എടുത്തു കാട്ടുന്ന പ്രത്യേകതകളാണ്.തന്റെ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കാന്‍ പോകുന്നു എന്ന കുറിപ്പോടെ ഏതാനും കവിതകള്‍ മൂന്നു നാലുമാസം മുന്പ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആദ്യം പ്രസിദ്ധീകരിച്ചത് കുറിപ്പെടുത്തേന്‍ എന്ന് തമിഴ് പേരുള്ള കവിതയാണ്. തമിഴ് ലിപിയില്‍ പ്രസിദ്ധീകരിച്ച കവിത ഗൂഗിള്‍ വിവര്‍ത്തനസഹായം ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് മാറ്റിയെടുത്തു വായിച്ചു. ഒപ്പം അതിന്റെ തമിഴ് മൊഴിയുടെ ലിപിഭേദവും കിട്ടി.മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്താലോ എന്നു തോന്നി.
നോവല്‍ എഴുതുന്ന കാലത്ത് ഞാന്‍ കല്ക്കിയുമായി ഇമെയില്‍ മുഖേന പരിചയപ്പെടുകയും പിന്നീടൊരിക്കല്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ വച്ച് നേരിട്ട് പരിചയം പുതുക്കുകയും ചെയ്തിരുന്നു. ആ ബന്ധത്തിന്റെ ബലത്തില്‍ ഓണ്‍ലൈനായിരുന്ന സമയത്ത് കല്ക്കിയോട് ആ കവിത വിവര്‍ത്തനം ചെയ്ത് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുന്നതിന് അനുമതി ചോദിച്ചു. അനുമതി നല്കിയെന്നു മാത്രമല്ല, മലയാളത്തിലേക്ക് തന്റെയൊരു കവിത ഇതുവരെയും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ലെന്നോര്‍മ്മിപ്പിച്ച്, ഒരു ചിത്രം കൂടി അതോടൊപ്പം കൊടുത്തോളൂ എന്നു പറയുകയും ചെയ്തു.
വിവര്‍ത്തനം തുടങ്ങിയപ്പോഴാണ് വിഷയം. മസിലുപിടിച്ച, അലക്കിത്തേച്ചുകുട്ടപ്പനായ മലയാളഭാഷയില്‍ അതൊന്നു ചെയ്തുനോക്കി. മൂലകവിതയുടെ മുനയും ലാളിത്യവും പൂര്‍ണമായും നഷ്ടപ്പെട്ടു എന്ന് മനസ്സിലായി. ഏറ്റവും പ്രശ്നമായത് കുറി എന്നവാക്കാണ്. കല്ക്കിയുടെ കവിതയില്‍ കുറി എന്ന വാക്കിന്റെ കരുത്താണ് മുനയായിരിക്കുന്നത്. അത് വെറും അടയാളപ്പെടുത്തലായി മാറ്റുമ്പോള്‍ കവിതയുടെ കാമ്പുതന്നെ നഷ്ടമാകും. കുറി എന്ന വാക്കിന് തമിഴിലുള്ള അതേ അര്‍ഥം തന്നെ മലയാളത്തിലും ഉണ്ടായേ മതിയാവൂ എന്ന തോന്നല്‍ ഉറപ്പുവരുത്താനായി ശബ്ദതാരാവലിയെ ആശ്രയിച്ചു. ഏതാണ്ടെല്ലാ തമിഴ് വാക്കുകളും അതേ അര്‍ഥത്തില്‍ത്തന്നെ മലയാളത്തിലുണ്ട്. കുറിയ്ക്ക് ലിംഗം എന്ന അര്‍ഥം രേഖപ്പെടുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ വിവര്‍ത്തനത്തെ പൂര്‍ണ്ണമായും ആശ്രയിക്കുന്നതിനുപകരം സുഹൃത്ത് മുത്തുവിനെ കവിതയുടെ തമിഴ് ലിപിയിലുള്ള പതിപ്പുതന്നെ കാണിച്ച് അര്‍ഥം ഉറപ്പുവരുത്തി.
കൂടപ്പിറപ്പു ഭാഷയില്‍ നിന്നുള്ള ഒരു കവിതയെ ഉള്‍ക്കൊള്ളുമ്പോള്‍പ്പോലും പൊള്ളാവുന്ന ഒരു ദൗര്‍ബല്യം നമ്മുടെ ഭാഷയ്ക്കുണ്ടെന്ന അറിവില്‍ വിവര്‍ത്തനത്തിനു മുതിരാന്‍ നന്നേ മടിച്ചു. അങ്ങനെ മാസങ്ങള്‍ കടന്നു പോയി. ഇന്നിവിടെ പ്രസിദ്ധീകരിക്കുന്ന വിവര്‍ത്തനം കവിത എന്ന നിലയിലും വിവര്‍ത്തനം എന്ന നിലയിലും ഈ വിധത്തില്‍ അനേകം പരാധീനതകള്‍ പേറുന്ന ഒന്നാണ്. തമിഴിന്റെ ഈണക്കവും മൂര്‍ച്ചയും ആവാഹിക്കുവാന്‍ ശ്രമിക്കുമ്പോള്‍, അതിലെ വാക്കുകള്‍ കഴിയുന്നത്ര തനതായി നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, നമ്മുടെ വ്യവഹാരഭാഷയില്‍ നിന്ന് കുറെയൊക്കെ അതു മാറിപ്പോവുകയും മലയാണ്മയില്‍ അതിന്റെ ചൂര് രേഖപ്പെടുത്താന്‍ പരാജയെപ്പെടുകയും ചെയ്തേക്കാം എന്നതാണ് എന്റെ ഒന്നാം പേടി. ആ കവിതയില്‍ തുടിച്ചുനില്ക്കുന്ന അനുഭവത്തിന്റെ ചോര.........
ഏതായാലും കവിത ഇവിടെ ചേര്‍ക്കുന്നു. വിവര്‍ത്തനം ചെയ്യാന്‍ അനുമതിനു കല്ക്കിയോടെ നന്ദി പറയുമ്പോഴും, ഉറവിട കവിതയോട് എത്രമാത്രം നീതിപുലര്‍ത്താനായി എന്നതില്‍ മനസ്സു നന്നേ ചഞ്ചലപ്പെടുന്നുണ്ട്.
No comments:
Post a Comment