Thursday, October 18, 2012

തൃക്കക്കുടിയിലെ സുവിശേഷം

കഴിഞ്ഞയാഴ്ചയിലാണ്, തൃക്കക്കുടിയില്‍ സുവിശേഷത്തിന് ഉപദേശിമാരെത്തിയത്. അതിനുമുന്പ് കുറെ ദിവസങ്ങളായി കക്കുടിഭാഗത്ത് സുവിശേഷയോഗം നടക്കുന്നതിന്റെ ശബ്ദം ജന്നലിലൂടെകേള്‍ക്കാമായിരുന്നു. അങ്ങനെ നടന്ന യോഗം തൃക്കക്കുടിയുടെ മുകളിലേക്ക് പറിച്ചുനട്ടതിന്റെ പിന്നിലെ മനോഭാവം അത്ഭുതകരം തന്നെ.
എന്തുകൊണ്ടെന്നു ചോദിച്ചേക്കാം. കാരണം തൃക്കക്കുടി വെറുമൊരു പാറയല്ല. മൂന്നുവലിയ പാറകളുടെ സമുച്ചയത്തില്‍ കേരളത്തിലെ ഏറ്റവും പുരാതനവും ചരിത്രപരമായി വളരെ പ്രത്യേകതകളുള്ളതുമായ ശിവാലയം കുടികൊള്ളുന്നു. കേരളത്തിന്റെ ചരിത്രവും സംസ്കാരവും ചര്‍ച്ചചെയ്യുന്ന ഏതാണ്ടെല്ലാ പുസ്തകങ്ങളിലും കവിയൂര്‍ ഗുഹാക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. വിനോദസഞ്ചാരവകുപ്പിന്റെ വിവരണം മാത്രം ശ്രദ്ധിക്കുക- 'Located on the banks of the river Manimala, Kaviyoor is famous for its temples. The Kaviyoor Trikkukkudi Cave Temple, also known as the Rock Cut Cave Temple, is of historical importance and is preserved as a monument by the Archaeological Department. It bears close resemblance to the Pallava style of architecture and has prompted historians to date it to a period as early as the eighth century AD'- അതായത് തൃക്കക്കുടി കവിയൂര്‍ എന്ന ചെറുഗ്രാമത്തിന് മേല്‍വിലാസം കൊടുക്കുന്ന നാമമാണ്. ലോകഭൂപടത്തില്‍ ഈ ഗ്രാമത്തിന് അടയാളം നല്കുന്ന മഹദ്സ്മാരകം. ഇതൊരു ശിവാലയമാണെന്നതിന് ആരുമിതുവരെ സംശയം പ്രകടിപ്പിച്ചിട്ടില്ല. കാരണം പടിഞ്ഞാറേ പാറ തുളച്ചുണ്ടാക്കിയ ഗുഹയില്‍ സാമാന്യം വലിയ ശിവലിംഗം കുടികൊള്ളുന്നു. അനവധി ഗ്രന്ഥങ്ങളിലും  ഗവേഷണപ്രബന്ധങ്ങളിലും സഥാനം പിടിച്ച നൂറുകണക്കിനു ചിത്രങ്ങളുണ്ട്. ഫോട്ടോഗ്രഫി കേരളത്തില്‍ പ്രചരിച്ച കാലം മുതല്‍ എടുക്കപ്പെട്ടവ. ഗവണ്മെന്റ് വകയായി പുറത്തിറക്കിയിട്ടുള്ള ഗസറ്റിയറുകളിലും വന്നിട്ടുണ്ട്. വിദേശികളും സ്വദേശികളുമായ നിരവധി ചരിത്രഗവേഷകര്‍- ഡോ. സ്ടെല്ലാ ക്രാംരിഷ്, കൃഷ്ണചൈതന്യ എന്നീപ്പേരുകള്‍ എടുത്തുപറയാം- തൃക്കക്കുടിയെയും അതിന്റെ പഴക്കത്തെയും ശില്പങ്ങളെയും കുറിച്ചു പറഞിട്ടുണ്ട്. ഇതൊക്കെയാണ് തൃക്കക്കുടിയുടെ യാഥാര്‍ഥ്യം.
ഇന്നുകാണുന്ന കവിയൂര്‍ മഹാദേവക്ഷേത്രം നിര്‍മിക്കുന്നതിനു മുന്പ്, കേരളത്തില്‍ ഇന്നു തലയുയര്‍ത്തി നില്ക്കുന്ന ഏതെങ്കിലും ദേവാലയത്തിന്റെ നിര്‍മിതിക്കുമുന്പ്( തൃക്കക്കുടി, കോട്ടുക്കല്‍, മടവൂര്‍പ്പാറ ഈ മൂന്നു ഗുഹാക്ഷേത്രങ്ങള്‍ക്കും ബാധകമാണ് അടുത്ത ഭാഗം) തൃക്കക്കുടി ഇന്നുകാണുന്ന നിലയില്‍ നിര്‍മിക്കപ്പെട്ടു. ഇത് താന്ത്രികവിധിപ്രകാരം നിത്യാചാരമുള്ള ഒരു ശിവാലയമല്ല. തൃക്കവിയൂര്‍ മഹാക്ഷേത്രത്തിലെ കീഴ്ശാന്തി ദിവസേന ഉച്ചപ്പൂജ കഴിഞ്ഞ് നട അടച്ച ശേഷം തൃക്കക്കുടിയില്‍ വിളക്കുവയ്ക്കണമെന്ന് പതിവുപുസ്തകത്തില്‍ ( 1932-ല്‍ പുതുക്കിയത്) നിബന്ധനയുണ്ടെങ്കിലും അത് മുടങ്ങിപ്പോയി. എങ്കിലും ഇവിടെ വിശ്വാസികള്‍ വരുന്നുണ്ട്. ചിലകൊല്ലങ്ങളില്‍ ശിവരാത്രി ആഘോഷിക്കാറുണ്ട്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഐതിഹ്യങ്ങളുടെനിരതന്നെയുണ്ട്. 
തൃക്കക്കുടിയിലെ സന്ദര്‍ശകരാവട്ടെ, വിശ്വാസികള്‍ മാത്രമല്ല. ചരിത്ര താത്പര്യമുള്ളവര്‍, ശില്പതാത്പര്യമുള്ലവര്, പലനാട്ടുകാര്, പലഭാഷക്കാര്‍ ഈ ഗുഹാശിവന്റെ സന്നിധിയിലെത്തുന്നു. ലോകപ്രസിദ്ധമായ- footsteps പോലെയുള്ള സഞ്ചാരികളുടെ വഴികാട്ടിപ്പുസ്തകങ്ങളില്‍ തൃക്കക്കുടിയും അതിന്റെ പരിസരപ്രദേശങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. സഞ്ചാരികളുടെ അറിവിലേക്കായി വിനോദസഞ്ചാരവകുപ്പ് കവിയൂര്ല് മാത്രം മൂന്നിലേറെ പരസ്യബോര്ഡുകള്‍ നാട്ടിയിട്ടുണ്ട്; ലളിതമായ ഇംഗ്ലീഷില്‍ Kaviyoor Rock- cut Siva Temple എന്ന്.
പോരാഞ്ഞ് ക്ഷേത്രകവാടത്തില്‍ത്തന്നെ പുരാവസ്തുവകുപ്പിന്റെ മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്( തീര്‍ച്ചയായും, ഈ ബോര്ഡ് ക്ഷേത്ര കവാടത്തില്‍ത്തന്നെയായിരുന്നു. ഇപ്പോളത് അകത്തേക്കു സ്ഥാനം മാറിയതിനുപിന്നില്‍ എന്താണു കാരണം? അതും ഈ അവസരത്തില്‍ അന്വേഷിക്കേണ്ടതാണ്. ആ ബോര്‍ഡ് യഥാസ്ഥാനത്ത്, അതായതു കവാടത്തില്‍ത്തന്നെ പുനഃസ്ഥാപിക്കുകയുമ് ചെയ്യണം)
ഇത്രയൊക്കെയുണ്ടായിട്ടും തൃക്കക്കുടിയെ അറിയാത്ത ആളുകള്‍ ഏതു ഗണത്തില്‍പ്പെടും? 
ഇതാണ് പ്രശ്നം.
തൃക്കക്കുടിയില്‍ നടന്നത് ഒരു കൈയേറ്റമാണ്. അതിനുപിന്നില്‍ ഗൂഢോദ്ദേശങ്ങളുണ്ട്. അത് വെളിച്ചത്തുകൊണ്ടുവരാനും അത്തരം പ്രവൃത്തികള്‍ ഇനി ആവര്‍ത്തിക്കില്ല എന്നുറപ്പുവരുത്താനും അധികൃതര്‍ക്കു ബാധ്യതയുണ്ട്. ഒന്നൊന്നര വര്‍ഷം മുന്പ് ചുങ്കപ്പാറയില്‍ സുവിശേഷകര്‍ എന്ന പേരില്‍ കുറെപ്പേര്‍ നടത്തിയ പ്രവൃത്തിയും ഇത്തരുണത്തിലോര്‍ക്കണം. ഇതരമതസ്ഥരുടെ വിശ്വാസങ്ങളെയും ദേവാലയങ്ങളെയും ഉന്നം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടഞ്ഞില്ലെങ്കില്‍ മതേതരത്വമെന്ന സങ്കല്പത്തിന് നിലനില്പില്ലാതാവും. 
ഇക്കാര്യത്തില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വിവേചനം പാടില്ല.( അഭിപ്രായം പറയുന്നതിലും- തൃക്കക്കുടിയിലെ നടന്ന വിശേഷം അറിഞ്ഞിട്ടും കവിയൂരിലെ സാംസ്കാരിക പ്രസ്ഥാനങ്ങളൊന്നും തന്നെ പ്രതികരിച്ചതായി അറിയില്ല. ഒരു സംഘര്‍ഷാവസ്ഥയുണ്ടായി എല്ലാം കുഴ മറിഞ്ഞാലേ പ്രതികരിക്കൂ എന്ന് പ്രതിജ്ഞയെടുത്തിട്ടുള്ളതിനാലാണോ ആവോ?)
തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡ് എന്ന സ്ഥാപനം പിറന്നപ്പോള്‍ മുതല്‍ തൃക്കക്കുടിയുടെ ഉടമസ്ഥാവകാശം പേറുന്നു. തൃക്കക്കുടിയില്‍ നടന്ന കൈയേറ്റ ശ്രമത്തിനെതിരെ പരാതി നല്കിയതുകൊണ്ടുമാത്രമാവുന്നില്ല ആ ഉടമസ്ഥന്റെ കൃത്യനിര്‍വഹണം. തൃക്കക്കുടി ക്ഷേത്രത്തിന്റെ സ്ഥലം( ഏകദേശം മൂന്നേക്കര്‍ അളന്നു തിട്ടപ്പെടുത്തി വേണ്ടരീതിയില്‍ സംരക്ഷിക്കാന്‍ ഇനിയെന്നാണാവോ ഈ ഉടമസ്ഥന്‍ തയാറാവുക? 
 1200 കൊല്ലത്തിനുള്ളില്‍ തൃക്കക്കുടി മഹാദേവന്‍ എന്തിനെല്ലാം സാക്ഷിയായിക്കാണും? തൊട്ടുകിഴക്കുഭാഗത്തെ തിരുനെല്ലിക്കോട്ടയുടെ വിനാശമടക്കം ആയിരക്കണക്കിനു സംഭവങ്ങള്‍. തിരുനെല്ലിക്കോട്ട എന്ന പുരാതനവ്യവസ്ഥയുടെ അവശിഷ്ടങ്ങള്‍ പോലും കാണാനില്ലാത്തവിധത്തില്‍ നശിപ്പിക്കപ്പെട്ടു. ഇരുപതുകൊല്ലം മുന്പുവരെ നിലവിലുണ്ടായിരുന്ന ക്ഷേത്രത്തറയടക്കം നശിപ്പിക്കപ്പെട്ടു. തൃക്കക്കുടിയുടെ കിഴക്കുവശത്തുള്ള ചെറിയ പാറകളില്‍ പലതിലും വിചിത്രമായ ഭാഷയിലുള്ള ലിഖിതങ്ങള്‍ കണ്ടിടുണ്ടെന്ന് ഒരു പുരാതനന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ( തീര്‍ച്ചയായും നല്ല ചരിത്രബോധമുള്ള ആളായിരുന്നു അദ്ദേഹം. കവിയൂരിന്റെ ചരിത്രത്തില്‍ പലതുകൊണ്ടും സ്വന്തം പേരെഴുതിച്ചേര്‍ക്കാന്‍ യോഗ്യതയുണ്ടായിരുന്ന ആള്‍. ) ആ പാറകള്‍ തന്നെ അപ്രത്യക്ഷമായി. ചരിത്രത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരെ എന്താണു ചെയ്യേണ്ടത്???
എല്ലാത്തിനും മൂകസാക്ഷിയായി തൃക്കക്കുടിമഹാദേവന്‍......
ഭൂതത്തിലേക്കും ഭാവിയിലേക്കും കണ്ണയക്കുന്ന മഹാമൂകത. വര്‍ത്തമാനത്തെ കണ്ണുഴിഞ്ഞ് ജീവത്താക്കുന്ന സ്ഥാണു. 
സര്‍വത്തിനും സാക്ഷി.
മൂകത ഒരു കുറവായി തെറ്റിദ്ധരിച്ച് പലരും പലതിനും തുനിയുന്നു.
പ്രപഞ്ചത്തിലാകമാനം, ചലനങ്ങള്‍ക്കും ചരിതങ്ങള്‍ക്കും അണ്ഡരാശികള്ക്കും ആകാശങ്ങള്‍ക്കും ആധാരമായിടുള്ളതും മഹാമൂകതതന്നെ. മൂകതയില്‍ നിന്നേ ശബ്ദമുണരൂ. മൂകതയെ അറിയാതിരിക്കുന്നതും അറിഞ്ഞിട്ടും അറിയുന്നില്ലെന്നു ഭാവിക്കുന്നതും എവിടേക്കു നയിക്കും എന്നു ചിന്തിക്കുന്നതു നല്ലതാണ്. 

മതം മനുഷ്യനു വേണ്ടി മാത്രമാണ്. അത് നന്മയിലേക്കുള്ള വഴിയാകണം.  
Sunday, September 02, 2012

ഭൂതജാലകം

മക്കളുമൊത്ത് തൃക്കക്കുടിയില്‍ ചെന്നത് ഇന്നലെ. തെളിഞ്ഞു നില്ക്കുന്ന അന്തരീക്ഷമായിരുന്നു രാവിലെ. എങ്കിലും പുത്തന്‍കൂറ്റു മഴയുടെ ചടുലഗതികള്‍ നിര്‍വചിക്കാന്‍ കെല്പില്ലാത്തതിനാല്‍ എത്രയും വേഗം കുറെ ചിത്രങ്ങളുമെടുത്ത് സ്ഥലം വിടാനായിരുന്നു ഉദ്ദേശം. ചെന്നയുടനെ തന്നെ കുറെ ചിത്രങ്ങളെടുത്തു.ഭൂതങ്ങള്‍ ആയുധമുപേക്ഷിച്ചതെന്നു പറയപ്പെടുന്ന ചെറുകുളത്തിന്റെ പടമെടുത്തുകൊണ്ടിരിക്കുമ്പോളാണ് മകന്‍ അത്ഭുതത്തോടെ പറഞ്ഞത്, ഒരിളക്കവുമില്ലല്ലോ ഈ വെള്ളത്തിന്. ശരിയാണ്, ഞാനിത്രയും കാലം അതു ശ്രദ്ധിച്ചിട്ടില്ലെന്നു മാത്രം. ചേരുമരത്തിന്റെയും അരയാലിലകളുടെയും കനത്ത പച്ചമറകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെയിലും നീലാകാശത്തിന്റെ നേര്‍ത്ത തുണ്ടും പ്രതിഫലിക്കുന്ന തെളിജലത്തിനെ അടിത്തട്ടിലെ ചവറ്റിലകളും കൂടിച്ചേര്‍ന്ന് വിചിത്രമായ ഒരു ദൃശ്യമാക്കുന്നു. ഈ കുളത്തില്‍ നല്ല മഴക്കാലത്തു മാത്രമേ വെള്ളം കാണൂ; അതും മുട്ടറ്റം. കുട്ടിക്കാലത്ത് തൃക്കക്കുടിയിലേക്കു പോകുന്നതിന് അനുവാദം ചോദിച്ചാല്‍ കുളത്തിലെങ്ങും ഇറങ്ങിയേക്കരുത് എന്നൊരു ശാസനയോടെയേവിടുമായിരുന്നുള്ളു. കാരണം കുളത്തിലിറങ്ങുന്നവരെ ഭൂതങ്ങള്‍ പിടിച്ചു താഴ്ത്തിക്കളയും. എങ്കിലും ആറാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോള്‍ സേവനവാരത്തില്‍ കിട്ടിയസ്വാതന്ത്ര്യമുപയോഗിച്ച് കൂട്ടുകാരുമൊത്ത് ഗുഹകാണാന്‍ പോയപ്പോള്‍ അതിലിറങ്ങിനോക്കി. അന്ന് കുളത്തില്‍ മരുന്നിനുപോലും വെള്ളമുണ്ടായിരുന്നില്ല. കരിയിലകള്‍ നിറഞ കുളത്തിലൂടെ നടന്ന് അങ്ങേപ്പാറയിലേക്കു കയറിക്കൂടും വരെയും ഭയമായിരുന്നു. പക്ഷേ ഭൂതങ്ങള്‍ അന്നാരെയും പിടിച്ചു താഴ്ത്തിയതുമില്ല.
പിന്നെത്രയോ തവണ അതിലെയിറങ്ങിക്കയറി. അന്നൊക്കെ പാറയുടെ മുകളിലെത്താന്‍ രണ്ടുമാര്‍ഗങ്ങളേ ഉണ്ടായിരുന്നുള്ളു. ഒന്ന് നേരെ പടിഞ്ഞാരുവശത്തുകൂടി നടന്ന് തോട് ചാടിക്കടന്ന് കണ്ടത്തിന്റെയിറമ്പിലൂടെ വടക്കേപ്പാറയുടെ മുകളിലേക്കു കയാറാം. രണ്ടാമത്തേത് ഒന്നുകില്‍ കുളത്തിന്റെ ഇറമ്പിലൂടെ നടുക്കത്തെ പരച്ചരിവില്‍ അള്ളിപ്പിടിച്ച് കയറിയോ കുളത്തിലിറങ്ങിക്കയറിയോ കിഴക്കുവശത്തേക്ക് എത്താം. അവിടെനിന്ന് മൂന്നു പാറകളുടെയും മുകളിലെത്താം. എളുപ്പ വഴി അതായിരുന്നു എങ്കിലും അതിത്തിരി സാഹസികമായിരുന്നു എന്നു മാത്രം. ഇപ്പോളേതായാലും പടിഞാറുവശത്തുകൂടിയുള്ള വഴി അടഞ്ഞ മട്ടാണ്. പാറയുടെ പടിഞ്ഞാറു വശത്ത് അനവധി വീടുകളും വേല്കളും പൊട്ടിമുളച്ചിരിക്കുന്നു. എന്നാല്‍ തെക്കു വശത്തായി പുതുതായി ഒരു വഴി രൂപപ്പെട്ടിട്ടുണ്ട്. അതിലെ പോയാല്‍ തെക്കുവശത്തെ പാറപ്പുറത്തേക്ക് കയറാനാവും.
എത്രമാത്രം മാറ്റങ്ങളാണ് തൃക്കക്കുടിക്കുണ്ടായിരിക്കുന്നത്? ഗുഹ കൂടുതല്‍ ജീര്‍ണ്ണമായിരിക്കുന്നു. ശിവലിംഗത്തിനു മുന്പില്‍ വിളക്കുകള്‍ പെരുകിയിരിക്കുന്നു. എപ്പോള്‍ ചെന്നാലും അവിടെയുമിവിടെയുമായി ആരെങ്കിലും പണം കാണീക്ക വച്ചിരിക്കുന്നതു കാണാം. പുരാവസ്തു വകുപ്പ് പണ്ടെങ്ങോ വച്ച ബോര്‍ഡു തന്നെ ഗുഹയെക്കാളേറെ പഴക്കം തോന്നിക്കുന്നതായിരിക്കുന്നു. പാറകള്‍ക്കു ചുറ്റുമുള്ള പ്രദേശത്തിന്റെ പരണാമം പക്ഷേ നേരെ എതിര്‍ദിശയിലാണ്. എഴുമ്പുല്ലുകള്‍ നിറഞ്ഞ കാടുകള്‍ ഇപ്പോളില്ല. മുണ്ടകപ്പാടം തരിശുകിടക്കുന്നു. ചുറ്റുപാടും വീടുകള്‍ പെരുകി. പാറയും അതിന്റെ പരിസരവും ചുരുങ്ങി. ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു.

ഗുഹാക്ഷേത്രത്തിന്റെയും അതിലെ ശില്പങ്ങളുടെയും അവസ്ഥയാണ് കഷ്ടം. ആയിരത്തി ഇരുനൂറുവര്‍ഷത്തിലേറെ പഴക്കമുള്ള, കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മനുഷ്യനിര്‍മിതശിലാഗുഹയാണ് തൃക്കക്കുടി.  പല്ലവശില്പശൈലി എന്ന് ഏതാണ്ടെല്ലാ ചരിത്രകാരന്മാരും സമ്മതിക്കുന്ന രീതിയില്‍ പണിതിട്ടുള്ള ഗര്‍ഭഗൃഹവും അര്‍ദ്ധമണ്ഡപവും ഉള്ള ഗുഹാക്ഷേത്രം. ഗര്‍ഭഗൃഹത്തില്‍ ഒരു കാലത്തും നിരന്തരമായി പൂജിക്കപ്പെടാത്ത വലിയ ശിവലിംഗം. അര്‍ദ്ധമണ്ഡപത്തില്‍ നാലു ശില്പങ്ങള്‍. ഗര്‍ഭഗൃഹ വാതിലിനിരുവശത്തുമായി രണ്ടു ദ്വാരപാലകരും കിഴക്കേ ചുവരില്‍ ഗണപതിയും പടിഞ്ഞാറേ ചുവരില്‍ കമണ്ഡലം ഏന്തിയ ഒരു മഹര്‍ഷിയും. ഗര്‍ഭഗൃഹവാതിലിന്റെ പടിഞാരുവശത്തുള്ള നിരായുധനായി കൈകെട്ടി നില്ക്കുന്ന ഗംഭീരനായ ദ്വാരപാലകന്‍ ദക്ഷിണേന്ത്യന്‍ ശില്പകലയുടെ പ്രതീകമാണെന്ന് കൃഷ്ണചൈതന്യ വാഴ്തിയിട്ടുണ്ട്. പന്ത്രണ്ടിലേരെ നൂറ്റാണ്ടുകള്‍ വെയിലും മഴയും തരണം ചെയ്ത തൃക്കക്കുടിയിലെ ശില്പങ്ങള്‍ കഴിഞ്ഞ പത്തു മുപ്പതു വര്‍ഷം കൊണ്ട് പെട്ടെന്നു കൂടുതല്‍ വികൃതമായി. ഗുഹാപാര്‍ശ്വത്തിലെവിടെയോ ഉള്ള വിള്ളലിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളം ഗണപതി ശില്പത്തിനെ വികലമാക്കിക്കഴിഞ്ഞു. മറ്റുമൂന്നു ശില്പങ്ങള്‍ ഞാന്‍ കാണുമ്പോഴൊക്കെ പറയത്തക്ക കേടുപാടില്ലാത്തവയായിരുന്നു. എന്നാല്‍ ഇത്തവണ കണ്ടപ്പോള്‍ അവയിലാകമാനം ചന്ദനവും കുങ്കുമവും ചാര്‍ത്തി വികൃതമാക്കിയിരിക്കുന്നു. ആരോ ദിവസവും വിളക്കുമ് സാമ്പ്രാണിയുമൊക്കെ കൊളുത്തുന്നുണ്ടെന്നു തോന്നുന്നു. ചന്ദനം ചാര്‍ത്തലും അവരുടെ വകതന്നെയാണോ ആവോ?
ക്ഷേത്രങ്ങളെ ശില്പാലങ്കൃതമാക്കിയ പൂര്‍വികര്‍ക്ക് എന്തു ധാരണയുണ്ടായിരുന്നോ അതാണ് നാം ആദ്യം ഉപേക്ഷിച്ചതെന്നു തോന്നുന്നു. അതോ അന്നത്തെയാള്‍ക്കാര്‍ക്ക് ഭക്തിയില്ലായിരുന്നോ???
 എന്താണു ഭക്തി?  ഈശ്വരന്‍ സൗന്ദര്യസ്വരൂപനാണെങ്കില്‍ ഭക്തി സൗന്ദ്ര്യാരാധനയല്ലേ. അതൊകൊണ്ടല്ലേ, ക്ഷേത്രങ്ങള്‍ ശില്പപൂര്ണ്ണങ്ങളായത്. ഇന്ന് മാധ്യമങ്ങളും ആധ്യാത്മികവ്യാപാരികളും ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത നവീന ഭക്തിയുടെ നിര്‍വചനത്തില്‍ സൗന്ദര്യാത്മകത ബോധപൂര്‍വം തമസ്കരിക്കപ്പെട്ടിരിക്കുന്നു എന്നു സാരം. ഏതെങ്കിലും ഒരു രൂപം കണ്ടാല്‍ അതിലെല്ലാം ചന്ദനവും കുങ്കുമവും ദിവ്യമെന്നു കരുതുന്ന മറ്റുപലതും വാരിപ്പൂശിയാല്‍ അതൊരു പുണ്യകര്‍മമാവും.


പക്ഷേ തൃക്കക്കുടി! ഇത് പ്രാഥമികമായും ഒരു പുരാവസ്തുസ്മാരകമാണ്. അത് ഒരു കാലഘട്ടത്തിന്റെ ശില്പ സംസ്കൃതിയുടെ പ്രതീകമാണ്.  തൃക്കക്കുടിയുടെ ഉടമ്സ്ഥാവകാശത്തെച്ചൊല്ലി റെവന്യൂ, ദേവസ്വം പുരാവസ്തു വകുപ്പുകള്‍ ചിലപ്പോള്‍ തര്‍ക്കിക്കാറുണ്ടത്രേ. പക്ഷേ ആരെങ്കിലും അതു സംരക്ഷിക്കാന്‍ തുനിഞ്ഞങ്ങിറങ്ങിയിരുന്നെങ്കില്‍. അല്ലെങ്കില്‍ ഒരു വശത്തുനിന്ന് വസ്തുക്കയ്യേറ്റവും മടൊരു വശത്തുനിന്ന് സാമൂഹ്യവിരുദ്ധരും വേറെയെവിടെയെങ്കിലും നിന്ന് പുത്തന്‍ ആരാധകരും കൂടി ഈ ചരിത്രഭൂമിയെ തുണ്ടുതുണ്ടായി പകുത്തെടുക്കും. പിന്നെയിവിടെ ഈ ഭീമന്‍ പാറ് പോലും അവശേഷിച്ചെന്നുമിരിക്കില്ല.


Sunday, July 15, 2012

ഇതൊരു പുരാവസ്തു മാത്രം

അക്ഷരത്തിന്റെ വില അത് സംവേദിക്കുമ്പോഴാണ്. 2007-ല്‍ ബ്ളോഗ്  ചെയ്യാന്‍ തുടങ്ങിയ എന്റെ അനുഭവം എന്റെ വാക്കുകള്‍ സംവേദനം ചെയ്യുന്നില്ല എന്നു മാത്രമാണ്. അത് എന്റെ മാത്രം കുറ്റമാണെന്ന് മനസ്സിലാകുന്നു. മനസ്സിലാക്കുന്നു.
തിരിച്ചറിവുകള്‍ തിരുത്തലുകള്‍ക്ക് കാരണമായില്ലെങ്കില്‍ സമൂഹം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്.  ഉത്തമ സമൂഹ ജീവിയല്ലെങ്കിലും സമൂഹജീവിതത്തിന്റെ ഗുണവശങ്ങള്‍ അനുഭവിച്ച ഒരാളെന്ന നിലയ്ക്ക്, ഈ ബ്ളോഗിനെ ഞാനിവിഠെ അവസാനിപ്പിക്കുകയാണ്. വാക്കിന് പ്രസക്തിയുണ്ടോ എന്ന് പറയേണ്ടത് പറഞ്ഞവനല്ല,
കേള്‍ക്കുന്നവനാണ്. ഈ ഉദ്യമത്തില്‍ ഞാന് പരാജിതനായ ഒരു പറച്ചില്‍കാരനാണ്.........................................
അജിത്കവി ................................................


Monday, March 19, 2012

ഈസ്താംബൂളിലേക്കു ശ്രദ്ധിക്കുമ്പോള്‍ - ഓര്‍ഹാന്‍ വെലി കനിക്

കണ്ണടച്ച്, ധ്യാനചിത്തനായി, ഞാന്‍ ഈസ്താംബൂളിലേക്കുശ്രദ്ധിക്കുന്നു.
ആദ്യമൊരിളം കാറ്റും
മരച്ചില്ലകളില്‍ മെല്ലെയിളകുമിലകളും.
അകലെയകലെ,
വെള്ളം പേറുന്ന വണ്ടികളുടെ നിര്‍ത്താത്ത മണിയൊച്ച
കണ്ണടച്ച് ധ്യാനചിത്തനായി ഞാന്‍ ഈസ്താംബൂളിലേക്കു ശ്രദ്ധിക്കുകയാണ്.


കണ്ണടച്ച് ഗാഢമായി ഞാന്‍ ഈസ്താംബൂളിലേക്ക് ശ്രദ്ധിക്കുകയാണ്
പൊടുന്നനെ കിളികള്‍ പാറുന്നു
ചിലച്ച് ഉയരത്തിലാകാശത്തില്‍ കിളിക്കൂട്ടങ്ങള്‍,
വലകള്‍ കരയടുപ്പിച്ചു തുറക്കുന്നനേരത്ത്,
വെള്ളത്തില്‍ ഒരു പെണ്ണിന്റെപാദം ഇളകിത്തുടങ്ങുമ്പോള്‍.
ധ്യാനബദ്ധനായ്, കണ്ണടച്ച് ഞാന്‍ ഈസ്താംബൂളിലേക്ക് ശ്രദ്ധവയ്ക്കുകയാണ്

കണ്ണടച്ച്ഞാന്‍ ഈസ്താംബൂളിലേക്കുശ്രദ്ധിക്കുന്നു
നിഴല്‍മായാത്ത ഗ്രാന്‍ഡ് ബസാര്‍
പ്രവുകള്‍ നിറഞ്ഞ മുസ്തഫാപാഷായും
തുറമുഖത്തെ കൂടമടിയൊച്ചകളും
അകലെനിന്നും വിയര്‍പ്പുമണം പേറിവരുന്ന വേനല്‍ക്കാറ്റും.
ഞാന്‍ ശ്രദ്ധിക്കുകയാണ്.

ധ്യാനചിത്തനായി കണ്ണടച്ച്ഞാന്‍ ശ്രദ്ധിക്കുകയാണ്
കടന്നുപോയ കാലത്തിന്റെ മദോന്മത്തകേളികളിലേക്ക്.
അലറുന്നതെക്കുപടിഞ്ഞാറന്‍ കാറ്റ് 
പൊളിഞ്ഞ വള്ളപ്പുരയുള്ള ഒരുകടല്ക്കരമാളികയില്‍

പെട്ടുപോയിരിക്കുന്നു
കണ്ണടച്ച് ഈസ്താംബൂളിലേക്കു ശ്രദ്ധിച്ചിരിക്കെ
എന്റെ ചിന്തകളും കെണിയിലായിരിക്കുന്നു.

കണ്ണടച്ച്സൂക്ഷ്മമായി ഞാന്‍ ഈസ്താംബൂളിലേക്കു ശ്രദ്ധിക്കുകയാണ്
നടപ്പാതയിലൂടെ ഒരു സുന്ദരിനടന്നു പോകുന്നു
അശ്ലീലവചസ്സുകളുംചൂളം വിളികളും പൂച്ചക്കരച്ചിലുകളും
തട്ടിയുണര്‍ത്തിക്കൊണ്ട് .
അവളുടെ കൈയില്‍ നിന്നെന്തോ വീണുപോകുന്നു
അതൊരു റോസപ്പൂവാണെന്നു തോന്നുന്നു!
കണ്ണടച്ച് സൂക്ഷ്മചിത്തനായി ഞാന്‍ ഈസ്താംബൂളിലേക്കു ശ്രദ്ധിക്കുകയാണ്

കണ്ണടച്ച് ധ്യാനചിത്തനായി ഞാന്‍ ഈസ്താംബൂളിലേക്ക് ശ്രദ്ധകൂര്‍പ്പിക്കുകയാണ്
നിന്റെ പാവാടയ്ക്കു ചുറ്റുമൊരു കിളി ചിറകടിച്ചു പറക്കുന്നുണ്ട്.
നിന്റെ നെറ്റിത്തടം തണുത്തതാണോ ചൂടുള്ളതാണോ എന്ന്
നിന്റെ ചുണ്ടുകള്‍ വരണ്ടാണോ നനഞ്ഞാണോ എന്ന്
എനിക്കറിയാം
പൈന്മച്ചില്ലകള്‍ക്കുമീതെ ഒരു രജതചന്ദ്രന്‍ ഉദിച്ചുയരുന്നുണ്ടോഎന്നും .
മിടിക്കുന്നോരെന്റെഹൃദയം ഇതെല്ലാം എന്നോട് പറയുന്നുണ്ട്.
എല്ലാം ഞാന്‍കരുതിയതു പോലെ തന്നെ
ഓര്‍ഹാന്‍ വെലി കനിക്
കണ്ണടച്ച്ധ്യാനചിത്തനായി ഞാന്‍ ഈസ്താംബൂളിലേക്കു ശ്രദ്ധിക്കുമ്പോള്‍ .
കെട്ടുകഥ- നസീം ഹികു്മത്

തടാകതീരത്തുവിശ്രമിക്കുന്ന
തണല്‍മരവും ഞാനും.
ജലോപരി
ഞങ്ങളുടെപ്രതിച്ഛായ-
തണല്‍മരത്തിന്റെയും എന്റെയും.
ജലത്തിന്റെസ്ഫുലിംഗങ്ങള്‍ ഞങ്ങ ളെ സ്പര്‍ശിക്കുന്നു
തണല്‍മരത്തെയും എന്നെയും .

തടാകതീരത്തുവിശ്രമിക്കുന്ന
തണല്‍മരവും ഞാനും പൂച്ചയും
ജലോപ രിവീഴുന്ന ഞങ്ങളുടെ പ്രതിച്ഛായ
തണല്‍മരത്തിന്റെയും എന്റെയും പൂച്ചയുടെയും
ജലത്തിന്റെസ്ഫുലിംഗങ്ങള്‍ ഞങ്ങളെസ്പര്‍ശിക്കുന്നു
തണല്‍ മരത്തിനെ, എന്നെ, പൂച്ചയെയും.
തടാകതീരത്തുവിശ്രമിക്കുന്ന
തണല്‍ മരവും ഞാനും പൂച്ചയും സൂര്യനും.
ജലോപരിവീഴുന്ന ഞങ്ങളുടെപ്രതിച്ഛായ
തണല്‍മരത്തിന്റെയും എന്റെയും പൂച്ചയുടെയും സൂര്യന്റേതും
ജലത്തിന്റെ സ്ഫുലിംഗങ്ങള്‍ ഞങ്ങളെസ്പര്ശ്ശിക്കുന്നു
തണല്‍മരത്തെ, എന്നെ, പൂച്ചയെ, സൂര്യനെയും

തടാകതീരത്തു വിശ്രമിക്കുന്ന
തണല്‍ മരവും ഞാനും പൂച്ചയും സൂര്യനും ഞങ്ങളുടെ ജീവിതവും
ജലോപരി വീഴുന്നഞങ്ങളുടെ പ്രതിച്ഛായ
തണല്‍മരത്തിന്റെയും എന്റെയും പൂച്ചയുടെയും സൂര്യന്റെയും ഞങ്ങളുടെജിവിതത്തിന്റേതും.
ജലത്തിന്റെ സ്ഫുലിംഗങ്ങള്‍ ഞങ്ങളെസ്പര്ശിക്കുന്നു
തണല്‍ മരത്തെ, എന്നെ, പൂച്ചയെ, സൂര്യനെ, ഞങ്ങളുടെജീവിതത്തെയും.


തടാക-
ക്കരയില്‍ 
വിശ്രമിക്കുന്നു

ആദ്യം പുച്ചപോകും
 അതിന്റെ പ്രതിച്ഛായ ജലത്തില്‍ നിന്നുമായും
പിന്നെഞാന്‍ പോകും
എന്റെ പ്രതിച്ഛായ ജലത്തില്‍ നിന്നുമായും
പിന്നെതണല്‍ മരം
 അതിന്റെ പ്രതിച്ഛായ ജലത്തില്‍ നിന്നും മായും
പിന്നെതടാകം ...

സൂര്യന്‍ ശേഷിക്കും

പിന്നതും മായും .

തടാകക്കരയില്‍
വിശ്രമിക്കുന്ന
തണല്‍മരവും ഞാനും പുച്ചയും സൂര്യനും ഞങ്ങളുടെജീവിതവും.
ശീതജലം
പരക്കുന്നമരത്തണല്‍
കവിതകോറുന്നഞാന്‍
ഊഷ്മളസൂര്യന്‍

ജീവിതമെത്രയുദാത്തം
ജലത്തി ന്റെസ്ഫുലിംഗങ്ങള്‍ ഞങ്ങളെസ്പര്ശിക്കുന്നു
തണല്‍മരത്തെ
എന്നെ
പൂച്ചയെ
സൂര്യനെ
നസീം ഹിക്‍മത്
ഞങ്ങളു ടെജിവിതത്തെ


ടര്‍ക്കിഷ് കവിത - 1991-ല്‍ വിവര്‍ത്തനം ചെയ്തത്

Thursday, March 15, 2012

ഗ്രെദാ വെഗെനെര്‍ ചാലിച്ച വര്‍ണ്ണങ്ങള്‍ഗ്രെദാവെഗെനെര്‍
ഐനാര്‍ വെഗെനെര്‍
ലിലിഎല്‍ബെ
ഡാനിഷ് ചിത്രകാരിയായിരുന്ന ഗ്രെദാ വെഗെനെറെക്കുറിച്ച് ഇപ്പോള്‍ എഴുതുന്നതിന് കാരണമൊന്നേയുള്ളു: ഡേവി ഡ് എബര്‍ഷോഫിന്റെ ' ഡാനിഷ് ഗേള്‍ ' എന്ന നോവല്‍ . 2001-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത നോവല്‍ കഴിഞ്ഞ ദിവസമാണ് ഫ്ലിപ്കാര്‍ട്ട് വഴി കിട്ടിയത്. ഈ നോവല്‍ കുറെനാളായി ഞാന്‍ തിരയുകയായിരുന്നു. എ ന്റെ പുസ്തകത്തിലെപ്പോലെ ഒരു പെണ്‍മാറാട്ടം തന്നെയാണ് ഈ നോവലിന്റെയും വിഷയം എന്നതുതന്നെ കൗതുകമുണര്‍ത്തിയത്. എബര്‍ഷോഫിന്റെ കഥ പക്ഷേ, ഒരു യഥാര്‍ഥ സംഭവത്തെക്കുറിച്ചുള്ളതാണ്. ലോകത്താദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ ലിലിഎല്‍ബെ ആണ് കഥയിലെ ഡാനിഷ് പെണ്‍കൊടി. ലിലിഎല്‍ബെ 'പൂര്‍വജന്'മത്തില്‍ ഐനാര്‍ വെഗെനെര്‍ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഡാനിഷ് ചിത്രകാരന്മാരുടെ ഇടയില്‍ പ്രമുഖസ്ഥാനം വഹിച്ചിരുന്ന ഐനാര്‍ വെഗെനെര്‍ കാലിഫോര്‍ണിയസ്വദേശിയായ ഗ്രെദാ ഗോട്ടിലെബിനെ വിവാഹം കഴിച്ചതോടെ ചുരുളഴിഞ്ഞത് അപൂര്‍വമായ ഒരു ജീവിതകഥയ്ക്കാണ്. കോപെന്‍ഹാഗനിലെ റോയല്‍ ഡാനിഷ് അക്കാദമി ഒഫ് ഫൈന്‍ ആര്‍ട്സില്‍ ചിത്രകലപഠിച്ചഗ്രെദയും  ചിത്രകാരിയായിരുന്നു. ഐനാര്‍ ലാന്‍ഡ്സ്കേപ്പുകള്‍ വരയ്ക്കുന്നതില്‍ ശ്രദ്ധയൂന്നിയപ്പോള്‍ ഗ്രെദാ പോര്‍ട്രെയിറ്റുകളാണ് അധികവും വരഞ്ഞത്. ഗ്രെദയുടെ ചിത്രങ്ങള്‍ക്ക് സ്ത്രീവേഷത്തില്‍ പോസുചെയ്താണ് ഐനാര്‍ പെണ്മാറാട്ടം ആരംഭിച്ചത്. സ്വതവേ സ്ത്രൈണത മുന്നിട്ടുനിന്ന ഒരുശരീരത്തിനുടമായിരുന്ന ഐനാര്‍ 1930-ല്‍ ശസ്ത്രക്രിയയിലൂ ടെസ്ത്രീത്വം വരിച്ചു. തുടര്‍ന്ന് മാതൃത്വം കൈവരിക്കാനായി നടന്ന അഞ്ചാമത്തെ തുടര്‍ ശസ്ത്രക്രിയയില്‍ ഒരുഗര്‍ഭപാത്രം ലിലിയുടെശരീരത്തില്‍ ശസ്ത്രക്രിയവഴി ഘടിപ്പിച്ചുവെങ്കിലും ശരിരം അതിനെ പരിത്യജിച്ചു. തുടര്‍ന്നുണ്ടായ സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്നങ്ങള്‍ 1936ല്‍ ലിലിയുടെജീവന്‍ അപഹരിച്ചു.

ഡേവിഡ് എബര്‍ഷോഫിന്റെ നോവല്‍ വിഷയത്തിന്റെ കൗതുകം ഒഴിച്ചുനിര്‍ത്തിയാല്‍ തികച്ചും സാധാരണമായ ഒ രുആഖ്യാനമായാണ് എനിക്കിതുവരെയും അനുഭവപ്പെട്ടത്( വായനപൂര്‍ത്തിയായിട്ടില്ല). ലിലിയുടെയും ഗ്രെദയുടെയും ഐനാറിന്റെയും ജിവിതത്തിന്റെ സങ്കീര്‍ണ്ണമായ വര്‍ണ്ണവിന്യാസങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ആദ്ദേഹം പരാജയപ്പെട്ടിട്ടുമില്ല.വായനയുടെഇടവേളകളില്‍ ഇന്റെര്‍നെറ്റില്‍ ഗ്രെദയുടെയും ഐനാറിന്റെയും ചിത്രങ്ങള്‍ പരതിയപ്പോള്‍ ലഭിച്ചചി ലചിത്രങ്ങളാ ണ് ഇവിടെ. ഗ്രെദയുടെ ലിലിചിത്രങ്ങള്‍ എന്തുകൊണ്ടോ എനിക്കിഷ്ടപ്പെട്ടു. നോവലിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഗ്രദയു ടെ ചിത്രരചനയ്ക്കുള്ള അഭിനിവേശം ഐനാറിന്റെ ലിംഗ ഭ്രംശത്തിനു വഴിവച് ചു എന് ന തോന്നലാവാം ഒ രുകാരണം . ഒരുപക്ഷേഗ്രെദാ ചാലിച്ച വര്‍ണ്ണക്കൂട്ടുകള്‍ അവരു ടെജിവിതത്തെത്തന്നെ വിചിത്രമായ ഒരുമായാലോകത്തേക്ക് നയിക്കുകയായിരുന്നിരിക്കാം .അതുകൊണ്ട് ഇങ്ങനെയൊക്കെക്കുറിക്കുന്നു.
 ദിലീ പ് അഭിനയിക്കുന്ന ' മായാമോഹിനി' , ജയസൂര്യ അഭിനയിക്കുന്ന ' അര്‍ധനാരീശ്വരന്‍ ' എന് നീസിനിമകളും പ്രമോദ് രാമ ന്റെ ചിലകഥകളുമൊക്കെ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മലയാളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തില്‍ പെണ്‍മാറാട്ടങ്ങളു ടെ ലോകം ശ്രദ്ധനേടുകയാണെന്നതും ഒരുകാര്യമാണ്.

Tuesday, March 13, 2012

അന്ധകാരം

1981- 84 കാലങ്ങളില്‍ മാതൃഭൂമിആഴ്ച്കപ്പതിപ്പിന്റെ നവതരംഗം പേജുകളില്‍ നിറഞ്ഞുനിന്നിരുന്ന ചിലപേരുകള്‍ ഉണ്ട്- .ബി കൃഷ്ണകുമാര്‍, വി. ആര്‍ . മാധവന്‍, സെബാസ്ട്യന്‍, ജോസഫ് എന്നിങ്ങനെ തുടങ്ങി പോളി കെ. അയ്യംപള്ളി , ആശാ എന്‍. നായര്‍ എന്നൊക്കെ വരെ. ഇതൊക്കെ ഓര്‍മ്മയാണ്.  വീടിന്റെ തെക്കെയറ്റത്തെ ഷോവോളിനകത്ത് കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ആരും തൊടാതെ പൊടിപിടിച്ചും പൂതലിച്ചുമിരിക്കുന്ന രണ്ടായിരത്തോളം ആഴ്ചപ്പതിപ്പികളുടെ ഇടയില്‍ അവയെല്ലാം ഉണ്ടുതാനും ( ഇനിയവതിരഞെടുക്കാനുള്ളധൈര്യമോ ശരീരബലമോഇല്ല. 1982 മുതലാണ് - സെക്കന്‍ഡ്പ്രീഡിഗ്രി പഠിക്കുന്നകാലം - ഞാന്‍ ആഴ്ചപ്പതിപ്പ് സ്ഥിരമായി സ്വന്തമായി വാങ്ങാന്‍ തുടങ്ങിയത്. ഓരോ ലക്കവും ദിവ്യമായി ചുളുങ്ങാതെ മടങ്ങാതെ നമ്പറിട്ടു സൂക്ഷിക്കുകയും ചെയ്തു. താമസിയാതെ കലാകൗമുദിയും  - അതിനു നമ്പറിടേണ്ട കാര്യമില്ലല്ലോ‌- അയിരത്തി ഒരുനൂറോളം മാതൃഭൂമി ഇങ്ങനെകൃത്യമായി നമ്പരിട്ടുസൂക്ഷിച്ചു . പിന്നെപ്പോഴോ വാരികയുടെ ശൈലിമാറ്റം സഹിക്കാനാവാതായപ്പോള്‍ വരുത്തുന്നതു നിര്‍ത്തി. പക്ഷേ പഴയ ലക്കങ്ങളുടെ ശേഖരം കാര്യമായിത്തന്നെ സൂക്ഷിച്ചു വന്നതാണ് . 2001 കാലത്തെപ്പോഴോ പെങ്ങള്‍ ബി. എഡ്. പഠിച്ചസമയത്ത് നാത്തൂന്മാര്‍ രണ്ടുപേരും കൂടി അടുക്കില്‍ നിന്നും ചിലതെടുത്തു. അതുകഴിഞ്ഞ് രണ്ടുകൊല്ലം തിരുവല്ലയില്‍ വാടകത്താമസം കൂടി വേണ്ടി വന്നതോടു കൂടി വീക്കിലികള്‍ സ്പര്ശമേല്ക്കാതെ നശിക്കാന്‍ തുടങ്ങി. ഇപ്പോള്‍ തൊടാന്‍പോലും പേടിക്കുന്നവസ്ഥയിലുമായി.) എഴുതാനുള്ളൊരു താത്പര്യം വേരെടുത്തു തുടങ്ങി യ കാലമായിരുന്നതുകൊണ്ട് നിരന്തരം കാണുന്ന പേരുകളെയും അവരെഴുതുന്നതിനെയും അസൂയയോടെയും വരും കാലത്തിന്റെ സാഹിത്യം നയിക്കാന്‍ പോകുന്നവരെന്ന ആരാധനയോടെയും ശ്രദ്ധിക്കാറുണ്ടായിരുന്നു . ഇക്കാലത്തു നടന്ന, മാതൃഭൂമി വിദ്യാര്ഥികള്‍ക്കു വേണ്ടി നടത്തിയ, സാഹിത്യമത്സരത്തില്‍ വിജയിച്ചവരുടെപേരും അതേപോലെതന്നെ മനസ്സില്‍ തറച്ചു.കഥയ്ക്കും ലേഖനത്തിനും സമ്മാനം നേടിയ വത്സലന്‍ വാതുശ്ശേരി, കഥയില്‍ സമ്മാനം ലഭിച്ച ജി. അശോക് കുമാര്‍ കര്‍തതാ, ലേഖനത്തിനുസമ്മാനം ലഭിച്ച ജോണി പുല്ലുവഴി, കവിതയ്ക്ക് ഒന്നാം സമ്മാനം കിട്ടി യ ബി. കൃഷ്ണകുമാര്‍ , രണ്ടാം സമ്മാനം കിട്ടി യ വി. ആര്‍ . മാധവന്‍ എന്നീ പേരുകള്‍ .  കൃഷ്ണകുമാറിന്റെ ' അന്ധകാരം ' എന് നകവിത മിക്കവാരും വരികള്‍ ഇപ്പോഴും ഞാനോര്ക്കുന്നുണ്ട് . '  പുകയുന്നചുണ്ടിന്നുചഷകം ചെരിക്കുവാന്‍ നിറകുംഭമേന്തുന്ന മാറിടങ്ങള്‍
താഴുന്നകൈകള്‍ക്കു താവളം തീര്‍ക്കുവാന്‍ താരുണ്യമേന്തും നിതംബബിംബം
തരികയില്ലെന്നുള്ളൊരാവാശി പ്രേമാര്‍ഥിതന്‍ പുരുഷത്വശോധനാ മാര്‍ഗമാണോ?
ഒടുവിലെന്‍ കൈകള്‍ നിന്നുടയാടയില്‍ രണ്ടുപിടയുന്നസര്‍പങ്ങളായിവീണു
വ്രതശുഷ്കതാ യെമൂടിത്തിമിര്‍ത്തൊരു കരിമുകില്‍ പൊട്ടിച്ചിരിച്ചുതാണു
ഇരുളിന്റെകമ്പളം പൊക്കീനിലാവിന്റെനരകപ്രകാശം നിഴല്‍ ചുരത്തീ......

മുറിവില്‍ മുളകരയ്ക്കുന്നനിലാവിന്റെ കനിവില്‍ നിന്‍ തേങ്ങല്‍ കലര്‍ന്നനേരം
ഒരുകടല്‍ വറ്റിച്ചചുണ്ടില്‍ ഞാന്‍ സാന്ത്വനവചനം തിരയുകയായിരുന്നു
ചിരിപൂത്തചുണ്ടി ന്റെവിടവിലൊരുബീഡിയില്‍ ചിതഞാന്‍ കൊളുത്തുകയായിരുനന്നു. ................

മൃതിയിലും നിഞ്ചുണ്ടിലൊരുമന്ദഹാസത്തിന്‍ പ്രതികാരജ്വാലനിറഞ്ഞുനിന്നൂ
അതുകാണുവാന്‍ മാത്രമെത്തിഞാന്‍ ചുണ്ടിലെകറതീര്‍ന്നയാത്രാമൊഴിയുമായി...

  ഇവരൊക്കെ മലയാളസാഹിത്യത്തില്‍ സമീപഭാവിയില്‍ത്തന്നെജ്വലിച്ചുനില്‍ക്കാന്‍ പോകുന്ന നക്ഷത്രങ്ങളാണെന്നുഞാന്‍ സങ്കല്പിച്ചുപോയി. അവരുടെ പുതിയ പുതിയ സൃഷ്ടികള്‍ വന്നിട്ടുണ്ടോഎന്ന ആകാംക്ഷയോടെയായിരുന്നുഓരോപുതിയ ആഴ്ചപ്പതിപ്പും തുറന്നു താളുകള്‍ മറിക്കുന്നത്.
പക്ഷേ, ഇതൊന്നുമുണ്ടായില്ല.
ബി. കൃഷ്ണകുമാറിന്റെ' കലണ്ടര്‍ എന്നൊരു കവിതകൂടികണ്ടതായിഓര്‍മയുണ്ട്. മലയാളത്തിലെമികച്ചകവികളിലൊരാളായിവളരുമെന്നുഞാന്‍ കരുതിയ ആപേര് പിന്നൊരിക്കലും കേള്ക്കപോലുമുണ്ടായില്ല. വി. ആര്‍ . മാധവനും അതുപോലെ. വത്സലന്‍ വാതുശ്ശേരിയെ പലവട്ടം പല ഇന്റര്‍വ്യൂകളില്‍ കണ്ടു: വലിയൊരുഗവേഷണപ്രബന്ധക്കെട്ടും വഹിച്ച് പ്രത്യക്ഷപ്പെടുന്നരൂപത്തില്‍. കഥാകൃത്തായ വത്സലന്‍ വാതുശ്ശേരിയെ എല്ലാവരും മറന്നുപോയി. അശോക് കുമാര്‍ കര്‍ത്തയുടെ കാര്യവും അങ്ങനെതന്നെ. പക്ഷേ ഫേസ്ബുക്കിലൂടെ കുറെനാള്‍ മുന്പു കണ്ടെത്തുമ്പോള്‍ അദ്ദേഹവും കഥാകൃത്തിന്റെ അങ്കി അഴിച്ചുകളഞ്ഞിരുന്നു. അന്നത്തെ ജോസഫ്  തന്നെയാണെന്നു കരുതുന്നു കവി എസ്. ജോസഫ്. ആശാ എന്‍ . നായര്‍ ആശാലതയെന്ന വേഷം ധരിച്ചെത്തി . ആശയും ആ പഴയകാലത്തെക്കുറിച്ചും അന്നത്തെ കവിതകളെക്കുറിച്ചും വലിയ ഓര്‍മകളൊന്നും സൂക്ഷിക്കുന്നില്ല. ' പരല്‍ മീനുകളുടെസൗഹൃദം' എന്നൊരുകവിതഞാന്‍ വ്യക്തമായും ഓര്‍ക്കുന്നുണ്ട്. ആശ പറയുന്നത് ആ ഒറ്റകവിതയേ ആ പംക്തിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളൂ എന്നാണ് .
അതെന്തുമാവട്ടെ, എവിടെപ്പോയീ മറ്റുള്ളവര്‍ ? പ്രത്യേകിച്ചും മുകളില്‍ ഞാനോര്‍ത്തു കുറിച്ചിട്ടവരികള്‍ ഒരു മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥി എഴുതിയവയാണെന്നിരിക്കെ!
സാഹിത്യത്തിന്റെവഴികള്‍ ഇങ്ങനെയാ ണ് ( ലോകത്തിന്റെയും )തിളങ്ങുന്നതാരകങ്ങള്‍ നിമിഷം കൊണ്ടൂര്‍ന് ന് അന്ധകാരത്തിലേക്കു മറയുന്നു. ശൂന്യതകളില്‍ നിന്നും പുതിയ താരങ്ങള്‍ പൊടുന്നനെ പൊട്ടിയുണരുന്നു.....
പക്ഷേ, പ്രകാശവര്‍ഷങ്ങക്കിപ്പുറമുള്ളചിലയിടങ്ങളില്‍ പഴയതിളക്കങ്ങള്‍ ഓര്‍ക്കുന്നവരുണ്ടായേക്കാമെന്നുമാത്രം!!