സ്വന്തം ഊരിനെ എഴുതുക എന്നത് ശ്രമകരമാണ്. എന്നാല്‍ നിരന്തരം മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു സ്വപ്നവും. ഏഴെട്ടുവര്‍ഷം മുന്‍പ് ഔ നീണ്ടകഥയെഴുതല്‍ അര്‍ഥപൂര്‍ണ്ണമായ ഒരു ജോലിയായി ഏറ്റെടുത്ത കാലത്ത് ഊരും അതിന്റെ മിന്നാട്ടങ്ങളും എഴുത്തിനിടയില്‍ തലപൊക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ പ്രവാസത്തിന്റെ കാലമായിരുന്നതിനാല്‍ വ്യക്തിപരമായ അലട്ടുകളൊന്നുമില്ലാതെ ഊരിനെ മനസ്സിലേക്കാവാഹിക്കാന്‍ കുറെയൊക്കെ സാധിക്കുകയും ചെയ്തു. പക്ഷേ ആ കഥയുടെ ഉദ്ദേശവും ഉന്നവും മറ്റൊന്നായിരുന്നതിനാല്‍ ഊരിന്റെ തള്ളിച്ചകളെ , കവിച്ചിലുകളെ കുറെയൊക്കെ പിടിച്ചുനിര്‍ത്തി കഥപറയാന്‍ ഞാന്‍ ബാധ്യസ്ഥനായിപ്പോയി. ആ നീണ്ടകഥ/ നോവലാകട്ടെ ( ജലരേഖകളാല്‍ ഭ്രംശിക്കപ്പെട്ട്) അത്രയൊന്നും വായിക്കപ്പെടുന്ന ഒന്നായതുമില്ല. ഊരിനെയെഴുതാനുള്ള തോന്നല്‍ വെറുതെ തള്ളിയും കിനിഞ്ഞും മനസ്സിലങ്ങനെ കിടക്കുകയും ചെയ്തു. രണ്ടുമൂന്നു വര്‍ഷമായി ഞാനതൊന്നു പാകപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എഴുതാന്‍ ശ്വാസം പിടിയ്ക്കുകയായിരുന്നു. എന്നാല്‍ മുന്‍പത്തെത്തവണ സംഭവിച്ചതുപോലെ എല്ലാം മറന്നിരുന്നുള്ള ഒരു എഴുത്തെന്ന കാര്യം ഇത്തവണയേതായാലും നടക്കാന്‍ പോകുന്നില്ല എന്നൊരു തിരിച്ചറിവും ഇടയ്ക്കിടെ മുഴങ്ങുന്നത് അവഗണിക്കാന്‍ കഴിയുകയുമില്ലായിരുന്നു. അതുകൊണ്ടുതന്നെ അപ്പപ്പോള്‍ തോന്നുന്ന പുതിയൊരു ബ്ലോഗ് സൈറ്റിലൂടെ കവിയൂരിനെ നുറുങ്ങുനുറുങ്ങായി, തോന്നുന്നതിന്റെ മാത്രം മുന്‍ഗണനാക്രമമനുസരിച്ച് അങ്ങു പോസ്റ്റിക്കളായാം , അതെങ്ങാനും കൊള്ളവുന്നതായി തുടരുന്നുണ്ടെങ്കില്‍ അതിനെ ഗൗരവത്തോടെ തിരുത്തിയെടുക്കാന്‍ എന്നു തോന്നിത്തുടങ്ങി. അതനുസരിച്ച് ഇങ്ങനെ ഞാലീക്കണ്ടത്തിന്റെ കഥകള്‍' എന്നു തലക്കെട്ടുവരുന്ന ഒരു ബ്ളോഗ് സൈറ്റൂം ഉണ്ടാക്കിയിട്ടു. അത്രമാത്രം.
പിന്നെയും പലവഴിക്ക് എഴുതാന്‍ ശ്രമിച്ചു. കഥയെക്കുറിച്ച് കുറെയധികം ഊഹാപോഹങ്ങള്‍ ചമച്ചുനോക്കി. എല്ലാം പത്തോ പതിനഞ്ചോ വരിമാത്രം നീളുന്ന കുറിപ്പുകളായി എവിടെയൊക്കെയോ കിടക്കുന്നു. ഇടയ്ക്കിടെ ശ്വാസം മുട്ടല്‍ വന്നു പണിമുടക്കുന്ന ഈ പഴഞ്ചന്‍ കമ്പ്യൂട്ടര്‍ ഓരോ തവണ ഫോര്‍മാറ്റുമ്പോഴും അതില്‍ കുറെയെണ്ണമൊക്കെ ശരിച്ചാപിള്ളകളുടെ ഗതിയിലേക്കു വീഴുകയും ചെയ്തു.
അതുകൊണ്ടു തന്നെയൊന്നു തീരുമാനിച്ചു. വെറുതെയങ്ങെഴുതുക. കുറിപ്പുകള്‍ കുറിപ്പുകളായി. സംഭവങ്ങള്‍ സംഭവങ്ങളായി.
ഇങ്ങനെ ഞാലീക്കണ്ടത്തിന്റെ കഥകള്‍' ഒരു നോവലാണെന്ന സങ്കല്പത്തിലാണെഴുതുന്നത്. ഇതൊരു നോവലായേക്കാം. വെറും പരസ്പരബന്ധമില്ലാത്ത കുറെക്കുറിപ്പുകള്‍ മാത്രമായിത്തീര്‍ന്നേക്കാം. ഒരുപക്ഷേ, ഒരേയൊരു കുറിപ്പുകൊണ്ട് ഞാനിതുപേക്ഷിച്ചേക്കാം.
കവിയൂരിനെ എഴുതുക എന്നതാണ് ഞാനുദ്ദേശിക്കുന്നത്. ഭൂഗോളത്തിലെ 9°23′0″വടക്ക് അക്ഷാംശവും 76°36′0″കിഴക്ക് രേഖാംശവും സന്ധിക്കുന്ന ബിന്ദുവിലെ ചില സംഭവങ്ങള്‍.
ദൈവാധീനമുണ്ടെങ്കില്‍ അതുവെറും സാധാരണ ദൈനംദിന സംഭങ്ങള്‍ മാത്രമായിത്തീര്‍ന്നേക്കാം.
ഇതിന്റെ സ്ഥലസൂചനകളില്‍ പരമാവധി ഭൂപടവ്യക്തതയുണ്ടാവും. കഥാപാത്രങ്ങള്‍ എന്റെ സങ്കല്പനങ്ങളായിരിക്കും.
കാലം, അതങ്ങനെ ചലിച്ചുകൊണ്ടിരിക്കും. പ്രധാനമായും എന്റെ നാടുചുറ്റലിന്റെ പരിധിയില്‍പ്പെടുന്ന 1970കളുടെ
അവസാനം മുതല്‍ ഇപ്പോള്‍ വരെയുള്ള നാലുപതിറ്റാണ്ടിലൊതുങ്ങുമെങ്കിലും ചരിത്രത്തിന്റെ കറചുരന്ന ഒരു പ്രദേശമായതിനാല്‍
ചിലപ്പോള്‍ പെരുമാക്കന്‍മ്മാരുടെ കാലത്തിലേക്കും കഥ കയറിപ്പോയേക്കാം. ഒന്നും പ്രവചിക്കവയ്യ. എഴുതുക പോസ്റ്റുക, അത്രമാത്രമേ
ഞാനുദ്ദേശിക്കുന്നുള്ളു.
ബ്ളോഗില്‍ ഒരു നോവലുള്‍ക്കൊള്ളുന്നതിന്റെ എല്ലാ അസൗകര്യങ്ങളും ഇതിനുണ്ടാവും. തലകുത്തിയ ക്രമമായിരിക്കും എന്നതുതന്നെ ഒന്നാമത്.
ഏതായാലും പുതിയ ഈ ലിങ്ക് വായിക്കണമെന്നു സുഹൃത്തുക്കളേ താത്പര്യപ്പെടുന്നു. കഴിയുമെങ്കില്‍ ബ്ലോഗ് മുഖേനതന്നെ
അഭിപ്രായപ്രകടനം നടത്തണമെന്നും.
http://inganenjaalikkandam.blogspot.in/ ലേക്കു സ്വാഗതം
No comments:
Post a Comment