Friday, October 31, 2014

പ്രണയസന്ധ്യ( ഒരു പഴയകവിത, കുട്ടേട്ടന്‍ തിരിച്ചയച്ച കവിത.)

-->
കണ്ണുകൂര്‍പ്പിച്ചുറ്റുനോക്കുന്നു നീയെന്റെ-
കണ്ണിലേക്കീമരച്ചോട്ടിലിരിക്കവേ
മിണ്ടുന്നതില്ലൊന്നുമീനോട്ടമലാതെ
പുല്കുന്നതില്ലൊന്നുമീമൗനമല്ലാതെ.
ഏറുന്നു നേരം, പടിഞ്ഞാട്ടുസൂര്യനും
നീരവയാമൊരീ സന്ധ്യയും പോവുന്നു.
എന്നിട്ടുമെന്റെ കരളിലേക്കുറ്റുറ്റു
നോക്കിയിരിക്കുകയാണു നീയിപ്പൊഴും


ചൊല്ലുവനുണ്ടേറെത്തങ്ങളില്‍തങ്ങളില്‍
പങ്കിട്ടിടാനുണ്ടു വര്‍ണ്ണക്കിനാവുകള്‍
നീലത്തിരകളിളക്കിക്കഥകളൊ-
രായിരം ചൊല്ലുന്നു നിന്നുടെ കണ്ണുകള്‍
കൃഷ്ണമണിത്തിരശീലനീക്കിക്കിനാ-
വെട്ടമെന്‍കണ്ണിലേക്കിറ്റിറങ്ങീടുന്നു.

നീതിരക്കൊള്ളുന്ന ശബ്ദമേകേള്‍പ്പുഞാന്‍
നിന്റെകിരണങ്ങള്‍ മാത്രമായ് കാണുന്നു.

നേരമിരുളുന്നു രാവിന്‍ നഖം നീണ്ടു
ചോരയൂറ്റുംമുമ്പുനമ്മള്‍ക്കുപോയിടാം.
ചൊല്ലിയതില്ല നാമൊന്നുമിന്നെങ്കിലും
ചൊല്ലിക്കഴിഞ്ഞു നാമേറെ മിഴികളാല്‍
പങ്കിട്ടതില്ല നാമൊന്നുമിന്നെങ്കിലും
പങ്കിട്ടു നമ്മുടെ വിങ്ങും കരളുകള്‍.


ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയഞ്ചിലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ ആദ്യമായി ഒരു കവിത അച്ചടിച്ചു വന്നത്. ' കറുത്തപക്ഷിയെത്തേടി' എന്നായിരുന്നു പേര്. അതുകഴിഞ്ഞതോടെ നിരന്തരം കവിതകള്‍ ബാലപ്ംക്തിയിലേക്കയക്കാന്‍ തുടങ്ങി. കുട്ടേട്ടന്റെ നിര്‍ദ്ദേശങ്ങളോടെ കവിത താമസിയാതെ മടങ്ങി വരും. കവിതയിലെ ചെറിയ കുറവുകളെയും കുറ്റങ്ങളെയും പോലും ചൂണ്ടിക്കാട്ടി തിരുത്തുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടായിരിക്കും ആ കുനുകുനുത്ത അക്ഷരത്തിലുള്ള കുറിപ്പ്. അങ്ങനെ കുട്ടേട്ടന്‍ തിരിച്ചയച്ച ഒരു കവിതയാണിത്. 17-10-86 ആണു തീയതി കുറിച്ചിരിക്കുന്നതെന്നു തോന്നുന്നു.
കുട്ടേട്ടന്റെ കുറിപ്പുകള്‍ എഴുത്തിന്റെ രീതിയെയും ഭാഷാ ശൈലിയെയും എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നായിരുന്നു, ഈയിടെ പഴയകടലാസുകളും പ്രസിദ്ധീകരണങ്ങളും അടുക്കിപ്പെറുക്കുന്നതിനിടയില്‍ ഈ കവിത ലഭിച്ചപ്പോള്‍ ആദ്യം തോന്നിയ അത്ഭുതം. ചില കവിതകളാവട്ടെ ഇന്നയിന്ന ഭാഗങ്ങള്‍ തിരുത്തി തിരിച്ചയക്കുക എന്നായിരിക്കും കുറിപ്പ്. അങ്ങനെ തിരിച്ചയച്ചാലും അതില്‍ വേറെയെന്തെങ്കിലും ഒരു തിരുത്തല്‍ നിര്‍ദ്ദേശിച്ച് വീണ്ടും തിരിച്ചയക്കും. അങ്ങനെ നാലോ അഞ്ചോതവണ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച്, രൂപവും ഭാവം തന്നെയും പാടേ മാറിപ്പോയ കവിതകളും ഒന്നുരണ്ടെണ്ണമുണ്ട്.
പഴയകടലാസുകൂട്ടത്തില്‍ നിന്നു കിട്ടിയ ഈ കവിതയില്‍ കുട്ടേട്ടന്‍ നിര്‍ദ്ദേശിച്ച ഭാഗങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ഠ്. മാറ്റം വരുത്തിയത്, ഇപ്പോളാണെന്നു മാത്രം. കൗമാരത്തില്‍ നിന്നും യൗവനത്തിലേക്കു കടക്കുന്ന കാലത്ത് എഴുതിയത് എന്നതിലേറെ ഇതിന് എടുത്തുപറയാവുന്ന ഗുണങ്ങളൊന്നുമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ പുരാവസ്തുകൗതുകം ഒന്നുകൊണ്ടുമാത്രം ഇതിവിടെ ചേര്‍ക്കുന്നു.

Thursday, October 30, 2014

അവിചാരിതം

ഒരു സാധാരണ പ്രവൃത്തിദിവസത്തിന്റെ ചായപ്പാച്ചിലിനിടയില്‍ അടുത്തൊരു സെക്‍ഷന്റെ ഉള്ളില്‍ നില്ക്കുന്ന ഒരു മുഖം ഏതോ പഴയ മുഖത്തിന്റെ ച്ഛായ പേറുന്നില്ലേ എന്നു തോന്നി. പണ്ടു കണ്ടു മറന്നതിനോട് വളരെയധികം സാമ്യം തോന്നുന്ന മുഖമാകയാല്‍ അതവളല്ല എന്ന് അതേ നിമിഷം തന്നെ മനസ്സില്‍ കുറിക്കുകയും ചെയ്തു. ഇരുപത്തിയാറു വര്‍ഷം കടന്നു പോയതിന്റെ മാറ്റങ്ങള്‍ അതിലേതായാലും വായിച്ചെടുക്കാനായില്ല. എങ്കിലും ശക്തമായ ആ സാമ്യം കാരണം ചായകഴിഞ്ഞു തിരിച്ചുവരുമ്പോള്‍ ആ സെക്‍ഷനിലെ സുഹൃത്ത് ആന്റണിയോട് ആ വന്നുപോയ സ്ത്രീയുടെ പേരെന്താണെന്നു തിരക്കി. ബീന എന്നു പറഞ്ഞതോടെ, ആള്‍ അതുതന്നെയാണെന്ന് ഏതാണ്ട് ഉറപ്പിച്ചു. അക്കാലത്തിന്റെ പ്രതിനിധികളില്‍ ഏറ്റവും ഏറെ കാണലും വിളിക്കലുമുള്ള ഇന്ദുവിനോട് അന്നേരം തന്നെ വിളിച്ചുപറഞ്ഞു, നമ്മുടെ കൂടെ പഠിച്ച ഒരു സ്ത്രീ ഈ പരിസരത്തൊക്കെ കറങ്ങി നടക്കുന്നതായി തോന്നി. ബീനയ്ക്കു മാറ്റമൊന്നും കാര്യമായില്ല എന്നത് ഇന്ദുവിനെ അത്ഭുതപ്പെടുത്തിയില്ല. ഇടയ്ക്കെപ്പോഴോ, അവര്‍തമ്മില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടുപോലും. ആള്‍ ബീനതന്നെ എന്ന് ഏതാണ്ട് ഉറപ്പായതിനാല്‍ ഇനി വരുമ്പോള്‍ ( തൊട്ടടുത്ത ദിവസം തന്നെ അവള്‍ക്ക് വന്നേ കഴിയൂ  എന്ന് ആന്റണി പറഞ്ഞിരുന്നു) ചെന്ന് പരിചയപ്പെടാം എന്ന് ഇന്ദുവിനോട് പറഞ്ഞു.

അവിടം കൊണ്ടവസാനിച്ചില്ല അന്നത്തെ പുകില്‍. ഉണ്ണാനായി പുറത്തിറങ്ങിയപ്പോളാണ് സതീശ് എന്ന സുഹൃത്തിനെ കണ്ടത്. ജോലിയില്‍ പ്രവേശിച്ച സമയത്ത് പരിചയപ്പെടാന്‍ വന്ന സീനിയേഴ്സില്‍ ഒരാളാണദ്ദേഹം. ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളേജ്, എം. എ. മലയാളം എന്നൊക്കെ കേട്ടപ്പോള്‍ അന്ന് അദ്ദേഹം ചോദിച്ചു, എന്റെയൊരു ബന്ധു കഴിഞ്ഞകൊല്ലം എന്‍ എസ് എസില്‍ മലയാളം എമ്മേയ്ക്കു പഠിക്കുന്നുണ്ടായിരുന്നല്ലോ, ബീന, നിനക്കറിയാമോ, എന്ന്. അതുകൊണ്ടുതന്നെ കണ്ടതും അദ്ദേഹത്തോടുപറഞ്ഞു,അണ്ണാ, നിങ്ങളുടെയൊരു ബന്ധു ബീനയില്ലേ, അവരാണെന്ന് ഏതാണ്ടുറപ്പാണ്, ഇവിടെ വന്നിരുന്നു, എന്നെ ഏതായാലും കണ്ടിട്ടു തിരിച്ചറിഞ്ഞില്ല. ഒന്നോ രണ്ടോ വാക്കുകള്‍ കൈമാറി ഞങ്ങള്‍ പിരിഞ്ഞു, ഞാനുണ്ണാന്‍ പോയി, തിരിയെ വന്ന് ഒരു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് ഒരു ഫോണ്‍. ' നിനക്കെന്നെ മനസ്സിലായിട്ടും എന്താടാ മിണ്ടാതിരുന്നത്, ഞാന്‍ ബീനയാ, സതീശണ്ണന്‍ എന്നെ വിളിച്ചു പറഞ്ഞപ്പോഴാ നീ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു എന്നൊക്കെ ഞാനറിഞ്ഞത് ' എന്നു പറഞ്ഞ് തോരാതെ ശകാരം. അതടങ്ങിയപ്പോള്‍ പിറ്റേന്ന് വരുമെന്നും കാണാമെന്നും പറഞ്ഞു.

പിറ്റേന്നു ബീന വന്നു. കണ്ടു. ബീന വന്ന കാര്യത്തിനൊരു നീക്കുപോക്കായി.  പഴയക്ലാസ്സിലെ ആള്‍ക്കാരെ ആരെയെങ്കിലുമൊക്കെ കാണുകയോ ബന്ധപ്പെടുകയോ ചെയ്യുന്നുണ്ടോ എന്നു ചോദിച്ചു. പല വഴികളിലായി പലപ്പോഴായി വീണ്ടും മുന്‍പിലെത്തിയ ആറുപേരെക്കുറിച്ച് ഞാന്‍ പറഞ്ഞു. കൈവശമുണ്ടായിരുന്ന നാലുനമ്പരുകള്‍ കൈമാറി. ഞാനതേ ചോദ്യം അങ്ങോട്ടു ചോദിച്ചു. അവിടെ അത്രമാത്രം പേരുകള്‍ ഉണ്ടായിരുന്നില്ല. ബീനയുടെ നാട്ടിനടുത്തുനിന്ന് അന്നു വന്നിരുന്ന നമ്പൂതിരിയെക്കുറിച്ച് ചോദിച്ചു. ഒത്തിരിക്കാലത്തിനു ശേഷം നമ്പൂതിരിയെ ഇതിലും യാദൃച്ഛികമായി കണ്ട കഥ പറഞ്ഞു. നമ്പൂതിരി വലിയ ജ്യോത്സ്യനും മാന്ത്രികനുമൊക്കെയാണെന്നു പറഞ്ഞു. പറഞ്ഞു തീരും മുന്പ് നമ്പൂതിരിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. ഒരാളിന്റെ കൈയ്യില്‍ ഫോണ്‍ കൊടുക്കാം എന്ന് അദ്ദേഹത്തോടു പറഞ്ഞ് ഫോണ്‍ എന്റെ കൈയ്യില്‍ തന്നു. എന്നെ തിരിച്ചറിഞ്ഞപ്പോള്‍ ഏതോ സ്ഥലത്ത് പൂജയ്ക്കു തയ്യാറെടുക്കുകയായിരുന്ന നമ്പൂതിരിക്കും വലിയ സന്തോഷം..... ഞങ്ങളും നമ്പര്‍ കൈമാറി. കവിയൂരമ്പലത്തില്‍ ഇനി വരുമ്പോള്‍ വീട്ടില്‍ വരാമെന്നു പറഞ്ഞു.....

പഴയക്ലാസ്സിലെ എല്ലാവരും ഒന്നു കൂടിച്ചേരണ്ടതാണെന്നു പറഞ്ഞാണ് ബീന പിരിഞ്ഞത്.

പഴയക്ലാസ്സ്. കാലം എത്ര മാറിപ്പോയി എന്ന് ഞാനോര്‍ത്തു പിന്നീട്. ഒരുപാടായി കാലം. എല്ലാം ഇന്നലെ കഴിഞ്ഞതേയുള്ളു എന്നു തോന്നും. ഇരുപത്തിയഞ്ചു കൊല്ലം എന്നെണ്ണുമ്പോള്‍ അതെത്ര നിസ്സാരമായ സംഖ്യയാണെന്നു തോന്നും. പക്ഷേ, ഓര്‍മകളെയും മുഖങ്ങളെയും പോലും പരതിയെടുക്കുവാനാവാത്തത്ര എത്രയോ അകലത്തിലാണാക്കാലം എന്നറിയുന്നത്, അതിനു ശ്രമിക്കുമ്പോഴാണ്. എന്നാല്‍ അകലും തോറുമാണ് നാമതിലേക്കു തിരിച്ചുചെല്ലുവാന്‍ കൂടുതല്‍ ശ്രമിക്കുക എന്നതാണു സത്യം. അകലും തോറും പഴയകാലത്തിന്റെ പ്രതിനിധിയായി എന്തെങ്കിലുമൊന്ന് അവിചാരിതമായി മുന്പില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ ഇടവേളകള്‍ ചുരുങ്ങും എന്നതാണ് വിചിത്രമായ സംഗതി. അല്ലെങ്കില്‍ അപ്പോള്‍ മാത്രമാവും നാമതു ശ്രദ്ധിക്കുക. വൈകിട്ട് ഓഫീസില്‍ നിന്നു മടങ്ങി വരുന്നതിനിടെ അല്ലെങ്കില്‍ കവലയില്‍ വെറുതെ നടക്കുന്നതിനിടയില്‍ പള്ളിപ്പുറം എല്‍പി സ്കൂളിലോ കമ്മാളത്തകിടി ഹൈസ്കൂളിലോ ഒന്നിച്ചു പഠിച്ച ഒരു മുഖം പെട്ടെന്നു പ്രത്യക്ഷപ്പെടുക, ട്രെയിനിലോ ബസ്സിലോ ഓഫീസിലോ പൂരപ്പറമ്പിലോ വച്ച് കോളേജില്‍ കൂടെ പഠിച്ച ഒരാളെ കാണുക,  എന്തുണ്ടെടാ വിശേഷം എന്ന് ചോദിച്ച് വളരെ സ്വാഭാവികമായി സംഭാഷണത്തിലേക്കു കൊട്ടിക്കയറുക, അവരുടെയും ഇവരുടെയും വിവരം എന്തുണ്ടെന്നു പരതിത്തളരുക എന്നിങ്ങനെ.

എല്ലാം അവിചാരിതമായി.... അവിചാരിതമായിത്തന്നെ വേണം . അതാണ് ജീവിതത്തിന്റെ ഒരു ത്രില്ല്. കടന്നുപോയ വര്‍ഷങ്ങള്‍ ഓര്‍മ്മിപ്പിക്കുക. അകലേക്കുപോയതിനെ വിചിത്രമായ വര്‍ണ്ണങ്ങളില്‍ പുനര്‍ജ്ജനിപ്പിക്കുക. അങ്ങനെ കൊതിപ്പിക്കുക.

നൊസ്റ്റാള്‍ജിയ എന്നത് അത്ര പോസിറ്റീവായ ഒന്നാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പഴയ കാലത്തിന്റെ മണങ്ങള്‍ക്കും നിറങ്ങള്‍ക്കും ഒക്കെ ഒരു സുഖമുണ്ട്. നിറം മങ്ങി പൂതലിച്ച ചിത്രങ്ങളായി അതു മനസ്സില്‍ നിന്നു പരതിയെടുക്കുമ്പോള്‍ ഉള്ള സുഖം. പക്ഷേ അതില്‍ അഭിരമിച്ച് മയങ്ങിപ്പോവുന്നത് ഒരു നല്ല പ്രവണതയല്ലെന്നു മാത്രം. 

കോളേജിലെ പഴയക്ലാസ്സ് ചങ്ങാത്തങ്ങള്‍ക്കെല്ലാം കൂടി വീണ്ടും ഒന്നിച്ചു കൂടാന്‍ കഴിഞ്ഞേക്കാം. വീണ്ടും വേറെ ചില മുഖങ്ങള്‍ പഴയ ഏതെങ്കിലുമൊരു കാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഏതെങ്കിലുമൊരു വളവുതിരിയുമ്പോള്‍ കടന്നു വന്നേക്കാം....

സംരക്ഷിക്കപ്പെട്ട പാത- ക്ലോദ് മോനെ (1873)
വഴിയൊത്തിരി താണ്ടിയിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലുമായി..

Saturday, October 18, 2014

ഇല്ലാവചനം

നിന്നെനിനച്ചും, നിനക്കെഴുന്നള്ളുവാ-
നുള്ളിന്‍പഥങ്ങളൊക്കെത്തെളിച്ചും
സിരാതന്ത്രികള്‍തോറും തുടിക്കുന്നൊ-
രാനന്ദതാളത്തില്‍ നിന്‍പദന്യാസമോര്‍ത്തും
കാലയാപനംചെയുന്നു;നിന്‍രൂപസാദൃശ്യ-
മോരോ ഞൊടിക്കും നിനച്ചു തോറ്റെങ്കിലും.

പെണ്ണാണുനീയെന്നുറച്ചു പിശാചമാം
തന്മയെക്കാട്ടി,ഫണംനീര്‍ത്തി,യുന്മത്ത-
പൗരുഷത്തിന്റെതെരുക്കൂത്തുകള്‍കാട്ടി.
കള്ളിലും കാമത്തിലുംകിനാക്കാഴ്ചകള്‍
ചാലിച്ചുതേമ്പി, സ്വയംകൃതങ്ങള്‍ കാല-
സായൂജ്യമെന്നു സ്വയംവാഴ്ത്തി, യേറെനാള്‍.
പെണ്ണേ, കനിഞ്ഞില്ല നീ-
യൊരുസൗമ്യമാം കണ്ണേറുപോലും
കനിഞ്ഞില്ലൊരിക്കലും.
പെണ്ണല്ല നീ കൊടും യക്ഷിയെന്നുന്നിദ്ര-
മുന്നയിച്ചാര്‍ത്തു പരാജയം ഘോഷിക്കെ
പെണ്മയ്ക്കതീതമാം വൈഭവത്തോടെന്റെ
പൗരുഷത്തിന്റെ കഴുത്തുഞെരിച്ചു നീ.

ആണാണു നീയെന്നു നമ്പി നിനക്കൊത്ത-
പെണ്ണാകുവാന്‍ വേണ്ടിയെത്രയോ ചായങ്ങള്‍
ചാലിച്ചു മേലാകെയുഗ്രവര്‍ണ്ണാഞ്ചിതമാക്കി-
ത്തളിര്‍ശയ്യ തീര്‍ത്തുകാത്തേറെനാള്‍.
ആണ്മയ്ക്കതീതമാം മായാപദന്യാസ
സാരള്യമോടെന്റെ ചുറ്റും നടക്കയും
കാത്തിരുന്നിട്ടും വെളിപ്പെടാതെന്‍പെണ്മ
പേക്കോലമാക്കുന്ന ജാലം പടുക്കയാല്‍
പൂര്‍ത്തിയിലെത്താത്ത തേടലിന്‍ തോപ്പിലെ
ശോഷിച്ച വിഗ്രഹമാക്കിമാറ്റീയെന്നെ.

വീണ്ടുവിചാരങ്ങള്‍ തീണ്ടാത്ത തിര്യക്കു-
നീയെന്നുനണ്ണി മൃഗീയസദ്യയ്ക്കുള്ള
കോപ്പുകള്‍ കൂട്ടി നിതാന്തവനത്തിന്റെ-
യാഴത്തിലാഴ്ന്നു നിശാഘോരസാധന.
ധ്യാനത്തിലൊന്നും തെളിഞ്ഞില്ല നിന്‍പദം;
ചോരച്ചൊരിച്ചിലില്‍ നീതൃപ്തികൊള്ളുമെന്നൂഹിച്ചു,
അംഗങ്ങളോരോന്നു ഹോമിച്ചു.
ആരായല്‍മാത്രം വിഘാതങ്ങളില്ലാതെ-
നീണ്ടു, നിന്‍കാലൊച്ച പോലുമേ കേട്ടില്ല.
തിര്യക്കുമല്ല നീ,മാംസഗന്ധത്തിലും
ശൗര്യം വളര്‍ക്കാത്തതേതൊരു ജീവിതാന്‍!

കല്ലിനെപ്പോലെകഠിനം, പ്രകോപന-
മൊന്നിലും ചായാത്ത നിശ്ചലസ്ഥൂണമെ-
ന്നുന്നി ശിലാമയവസ്തുവോരോന്നിലും
നിന്നെത്തിരഞ്ഞു നടന്നു തുടങ്ങിഞാന്‍.
കല്ലിലും കണ്ടില്ല, മണ്ണിലും കണ്ടില്ല-
യുണ്ടെന്നു നണ്ണിയതൊന്നിലും കണ്ടില്ല.
എല്ലാംതകര്‍ത്തുള്ളു തോണ്ടി നോക്കീ
നിന്റെയുണ്മമാത്രം കണ്ടുകിട്ടിയില്ലപ്പൊഴും.

നീയില്ലയെന്നു നിനച്ചുപിന്നെ: ഘോര-
വാചികള്‍കൊണ്ടു നിന്നുണ്മയില്ലായ്മയെ
കോണുകള്‍ തോറും വിളിച്ചറിയിക്കുന്ന
കോമരമായി ഞാനേറെനാള,പ്പൊഴോ
ശൂന്യതയില്‍ നിന്നു ബിംബിച്ചുകേള്‍ക്കുന്ന
മൂകസ്വരത്തിലെന്‍ വേരുകള്‍ തുള്ളുന്നു.

നീയില്ലയെന്നോരറിവിന്‍ തെളിമയില്‍
നിന്നുഗ്രസാന്നിദ്ധ്യമിന്നല്‍പ്പെരുക്കങ്ങള്‍
ഇല്ലായ്മയില്‍നിന്നുദിച്ചോരുശക്തി-
തന്നില്ലായ്മയിലെന്റെ തേടല്‍ വിറയ്ക്കുന്നു.

ഇല്ലാത്തൊരച്ഛന്റിടംഭാഗമാര്‍ജ്ജിച്ചൊ-
രില്ലാത്തതായ്‌തന്നഗാധത്തില്‍ വേരാഴ്തി-
യില്ലായ്മയിലേക്കു ചില്ലകള്‍ വീശുന്നൊ-
രില്ലാമരം ഞാനതെന്നറിവാകുന്നു.
ഇല്ലാത്തറിവിന്‍പുലരിയിലില്ലായ്മ-
സ്വര്‍ണ്ണാംശുരാജിയുതിര്‍ക്കവേ കേള്‍ക്കുന്ന
ഇല്ലാസ്വരങ്ങള്‍ സംഗീതങ്ങളിങ്ങനെ-
യില്ലായ്മതന്‍ മഹാഘോഷം പ്രപഞ്ചമേ!

കല്ലേ ചിരിക്ക, കൃമികീടം തിമിര്‍ക്ക, ഞാ-
നുണ്മയായുള്ളോരു ഗാത്രം പൊലിക്ക.
എല്ലാത്തിനും മഹാതായേ, തായ്‌മേനി-
യിലൊന്നായിരിക്കുന്നൊരച്ഛാ നമോസ്തുതേ!!Friday, October 17, 2014

അടുക്കിപ്പെറുക്കുമ്പോള്‍ കിട്ടിയ കവിതകളിലൊന്ന്

പ്രസക്തിപബ്ളിക്കേഷന്റെ എല്ലാമായ സജു എന്റെ ആഴ്ചപ്പതിപ്പു ശേഖരത്തില്‍ കണ്ണുവച്ചിട്ട് കുറെനാളായി.
ഒത്തിരിയുണ്ട്. കുടുംബവീടിന്റെ തെക്കെ ഷോവോളിന്റെ താഴത്തെ തട്ട് പൂര്‍ണ്ണമായും മാതൃഭൂമിയും കലാകൗമുദിയും കൈയ്യടക്കിയിരിക്കുകയാണ്. മുകളിലത്തെ രണ്ടു തട്ടുകളിലായി ലിറ്റില്‍ മാഗസിനുകള്‍, മറ്റനേകം പ്രസിദ്ധീകരണങ്ങള്‍, പണ്ടെന്തെങ്കിലും കുറിച്ച കടലാസുകള്‍, എന്തെങ്കിലും വാര്‍ത്താപ്രാധാന്യമുള്ള പത്രങ്ങള്‍ എന്നിങ്ങനെ എല്ലാം വച്ചിട്ടുണ്ട്. കുറെ വര്‍ഷങ്ങളായി അടുക്കിപ്പെറുക്കാത്തതുകാരണം ആകെയും പൊടിമൂടിയിരിക്കുകയാണ്. മഴക്കാലത്ത് പാരപ്പറ്റീല്‍ കെട്ടിനില്ക്കുന്ന വെള്ളം കുറെ അകത്തേക്ക് ഒഴികിയിറങ്ങുന്നത് ഈ കടലാസുലോകത്തെ നനച്ചുകുതിര്‍ക്കാന്‍ തുടങ്ങിയിട്ടും കുറെ വര്‍ഷങ്ങളായി. അതാര്‍ക്കേലുമെടുത്തുകൊടുക്ക് എന്ന് അച്ഛന്‍ പിറുപിറുക്കാന്‍ തുടങ്ങിയിട്ടും ഏറെക്കാലമായി. 
തോന്നിയില്ല. അടുക്കിക്കെട്ടി പൊടിപോലും പുരളാതെ ഏറെക്കാലം സൂക്ഷിച്ചുവച്ചനിധിയാണ്. വാങ്ങിയതുപോരാഞ്ഞ് പലയിടത്തുനിന്നായി സംഘടിപ്പിച്ച വളരെപ്പഴയ പ്രസിദ്ധീകരണങ്ങളും ആ കൂട്ടത്തിലുണ്ട്. വീണപൂവ് പ്രസിദ്ധീകരിച്ചതടക്കം കുറെ ഭാഷാപോഷിണികള്‍ കുത്തിക്കെട്ടിയത് ഉണ്ട്. അറുപതുകളുടെ ആദ്യകാലത്തെ മാതൃഭൂമി ഓണപ്പതിപ്പുകളുണ്ട്. പി മരിച്ചപ്പോള്‍ സ്മരണികയായി ഇറക്കിയ മാതൃഭൂമി ആഴ്ചപ്പതിപുണ്ട്. സംക്രമണം, സമീക്ഷ എന്നിവയുടെയൊക്കെ കോപ്പികളുണ്ട്. നിയോഗം മാസിക ഏതാണ്ടെല്ലാ ലക്കവുമുണ്ട്. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള പത്രങ്ങളുണ്ട്. 1981 മുതല്‍ 1998 വരെയുള്ള കാലത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ മുഴുവന്‍ ലക്കങ്ങളും ഉണ്ടായിരുന്നു. പകുതിയോളം അടുക്കി കുത്തിക്കെട്ടുകയും ചെയ്തിരുന്നു. 1985 മുതലുള്ള കലാകൗമുദിയും ഉണ്ട്. 2000 അടുപ്പിച്ചെപ്പോഴോ ഇതിലെ ചില ലക്കങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ് ആ ശേഖരത്തോടുള്ള ആസക്തി കുറഞ്ഞത്. അത് അടുക്കിപ്പെറുക്കുന്നതും പൊടിതട്ടിവയ്ക്കുന്നതും കുറഞ്ഞു. പൊടിയടിഞ്ഞു കൂടിയതോടെ തൊടാന്‍ മടി കൂടി. അങ്ങനെയതൊരു തൊടാത്ത മേഖലയായി മാറുകയായിരുന്നു. 
ഒന്നൊന്നരക്കൊല്ലം മുന്പ് സജു വന്നപ്പോള്‍ ഈ കൂനയുടെ കാര്യം പറഞ്ഞു. നേരിട്ടുകണ്ട സജു അതെടുത്തുകൊള്ളാമെന്നു പറഞ്ഞു. അത് മ്നറ്റുചില സുഹൃത്തുക്കളോടു പറഞ്ഞപ്പോള്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ലൈബ്രറിയിലേക്കു കൊടുക്കരുതോ എന്നു ചോദിച്ചു. ജീവന്‍ കുമാര്‍ കെ. ഇത് ഹാരിസ് സാറിനോട്( ഡോ. വി. സി. ഹാരിസ്) പറഞ്ഞു. സാറിനും താത്പര്യമായിരുന്നു. ലെറ്റേഴ്സിന്റെ ഡയറക്ടര്‍ ഡോ. പി. എസ് രാധാകൃഷ്ണന്‍ അതെടുക്കാമെന്നു പറഞ്ഞിരുന്നതുമാണ്. പക്ഷേ പലകാരണങ്ങളാല്‍ അതന്നു നടന്നില്ല. സജു പലതവണ വിളിച്ചു, എന്നു വരണം എന്ന്. അവസാനം കഴിഞ്ഞ ഞായറാഴ്ച വിളിച്ചപ്പോള്‍ വന്നുകൊള്ളാന്‍ പറഞ്ഞു. വാരികകള്‍ അയാളെടുത്ത് ചാക്കുകളിലാക്കി അടുക്കി വച്ചിരിക്കുകയാണ്. അടുക്കലിനിടയില്‍ കിട്ടിയ പഴയ കടലാസുകളില്‍ കുത്തിക്കുറിച്ചതിന്റെ കൂനയിലെ ചിലതെങ്കിലും വലിയ കുഴപ്പമില്ലെന്നു തോന്നി. ഒരു കൗതുകത്തിനു മാത്രമായി അതിലൊരെണ്ണം ചേര്‍ക്കുന്നു. എന്നെഴുതിയതാണെന്നോര്‍ക്കുന്നില്ല. പത്തുപതിനെട്ടുകൊല്ലം മുന്പ് എഴുതിയതാണെന്നുറപ്പ്. (യാത്രകള്‍ നിരന്തരമായി ചെയ്തിരുന്ന ഒരു കാലത്തിന്റെ ശേഷിപ്പാണെന്നു തോന്നുന്നു. ചില വരികളിലെങ്കിലും തിരുവില്വാമല, ഭാരതപ്പുഴ ഒക്കെ ഒളിഞ്ഞുകിടപ്പുണ്ട്. 1991 മുതല്‍ 1995 വരെയുള്ള ഒരു കാലത്ത് എല്ലാ ആഴ്ചയിലും എങ്ങോട്ടേയ്ക്കെങ്കിലും അങ്ങുപോവുമായിരുന്നു. ഒരിടത്തും പോവാനൊത്തില്ലെങ്കില്‍ ഉണ്ണീകൃഷ്ണവാര്യരുമൊത്ത് നേരെ തിരുവില്വാമലയ്ക്കു തിരിക്കുമായിരുന്നു. അമ്പലക്കുളത്തിലൊരു കുളി, പടിഞ്ഞാറേ നടയിലെ ഓലമേഞ്ഞ ഹോട്ടലിലെ അമ്മാവന്‍ തരുന്ന ഊണും കാപ്പിയും, അമ്പലത്തിന്റെ കിഴക്കേ ഗോപുരത്തറയിലോ കിഴക്കേ ആല്‍ത്തറയിലോ ഇരുന്ന് നേരം തീരുവോളം വര്‍ത്തമാനം, രാത്രി കാണല്‍, പിന്നെയൊടുക്കം പടിഞ്ഞാറെ നടയിലുള്ള ശ്രീരാമവിലാസം ലോഡ്ജില്‍ വിശ്രമം, ഇങ്ങനെയൊരു അപ്രഖ്യാപിത ടൈം ടേബിളായിരുന്നു ആ യാത്രയുടെ മുതല്‍). അത് അതേപടി ഇവിടെ പകര്‍ത്തുന്നു.....സംഭവമില്ലാത്ത ജാതകങ്ങള്‍

ഈ മൗനമിരമ്പിമുറിച്ചൊരു
തീവണ്ടിപായണം
കൂരിരുട്ടില്‍ കണ്ണു തീക്കനലാക്കി-
യൊരാള്‍ വന്നു നോക്കണം.
കാറ്റുതൊടാത്ത തൊലിപ്പുറത്തമ്പേറ്റു
ചോരതെറിക്കണം


ചില നേരങ്ങളിങ്ങനെയാണ്.


ചത്തമരത്തിന്റെ ചോട്ടില്‍
കരിയില ചീറ്റീത്തെറിപ്പിച്ച സര്‍പ്പവും
ഉച്ചിയില്‍ കൊത്തിച്ചിരിക്കുന്നൊരുച്ചയും
രാത്രിയിലൊറ്റയ്ക്കുമീളുന്ന
സങ്കീര്‍ത്തനത്തിന്റെ
ഈണത്തിലാണ്ടുപോവുന്നു.
എകിലുമെപ്പൊഴുമൊരു
ശബ്ദത്തിന്നിടവേളയില്‍നിന്ന്
നിശ്ശബ്ദത കുലച്ചു നീളുന്നു.


നീലനദിവാറ്റിയാരെയോ
സ്വപ്നതലത്തില്‍ വരയ്ക്കുവാന്‍
കാറ്റുകലമ്പുന്ന കുന്നീന്‍പുറത്തൊരു
കോലക്കുഴല്‍പ്പാട്ടിനോരത്തു
തുള്ളുവാന്‍;
താഴ്വര മേയും പശുക്കള്‍
ആര്‍ക്കും പുഴ
പാറപ്പുറത്തൊരു പുരാതന ജീവിതന്‍
തീപിടിയ്ക്കുന്ന തലയോട്ടി
പരുന്തൊന്നു പാറുവാന്‍
നീളന്‍ ചിറകുവിരിയ്ക്കുന്നു.........


എങ്കിലും ചില നേരങ്ങളിങ്ങനെയാണ്.

പറയേണ്ടതൊന്നും പറയാതെയും
അരുതാത്തതെന്തൊക്കെയോ ചെയ്യാനാവാതെയും....


ആരും കടം ചോദിയ്ക്കാത്ത ജീവിതത്തിന്
എന്താണര്‍ഥം?
വറ്റാത്ത ചെമ്പുകിടാരം
തിളച്ചയെണ്ണ
പാപം കണ്ട വെറ്റില.
എങ്ങോട്ടുപോവാനാണ്?
വീടുനഷ്ടപ്പെട്ടവന്റെ പെരുവഴികള്‍
വരണ്ട സന്ധ്യകള്‍
നിറംകെട്ട സത്യങ്ങള്‍.....

അര്‍ഥമില്ലാത്തതിന്റെപ്പറ്റിച്ചിന്തിച്ചും
സമയത്തിന്റെ ചക്രഗതി വെളിവായും
മിഴിച്ചുപോവുന്ന
ചിലനേരങ്ങളിങ്ങനെയാണ്.

വരാത്ത രാത്രിമഴയുടെ കയ്യില്‍
ഒരു സന്ദേശമുണ്ട്
പ്രവാചകനുദിക്കാത്ത പകലുകളിലൂടെ
മണല്‍പ്പറമ്പായിക്കിടക്കുന്നത്
എന്റെ പുഴയാണ്....


ഒരു വാവല്‍ചിറകടിപോലുമില്ലാത്ത
രാത്രി എത്രഭീകരമാണ്.
നിദ്രയെഴാത്ത മരവിച്ച തൃഷ്ണയില്‍
സ്വപ്നം പോലും പീഡനമാണ്


ഈ കാലസ്തംഭം നെടുകെപ്പിളര്‍ന്നൊരു
വാള്‍മുന ചീറണം
കാലാരി ചിമ്മിയ കണ്ണിലെത്തീയില്‍
പ്രപഞ്ചം കുരുക്കണം.

..........

Wednesday, October 15, 2014

സ്കൂട്ടര്‍

റബ്ബര്‍മരങ്ങളുടെ കാനനത്തിലൂടെ
സ്കൂട്ടര്‍ നീങ്ങുമ്പോള്‍
സ്ഥലമേതെന്നറിയില്ലായിരുന്നു.
അറിയില്ലായിരുന്നു എന്ന അറിവ്
ആശങ്കപ്പെടുത്തിയതുമില്ല.
റബ്ബര്‍മരങ്ങളുടെ തണലിലൂടെ സ്കൂട്ടര്‍
കുടുങ്ങിക്കുലുങ്ങി സഞ്ചരിച്ചുകൊണ്ടിരുന്നു.

 


ഇടയ്ക്ക് തണല്‍ മുറിയുന്നമട്ടില്‍
മരങ്ങള്‍ ഇലപൊഴിച്ചു നില്ക്കുന്നുണ്ടായിരുന്നു.
ഇടയ്ക്കു ചിലടത്ത്
റബ്ബര്‍തോട്ടത്തിന്റെ തിട്ടലുകളില്‍ നിന്ന്
പുതുമഴയുടെ വെള്ളം ഇരമ്പിച്ചാടുന്നുണ്ടായിരുന്നു.
ചിലയിടത്ത് അടിക്കാട്ടില്‍
ഓണംവിളമ്പി
മുക്കുറ്റികള്‍ കൂട്ടമായി പൂത്തുനിന്നിരുന്നു.
ഇടയിലൊരു കൊന്നയില്‍
നിറച്ചും കണി പൂത്തിരുന്നു.
റബ്ബര്‍തോട്ടം
അറ്റമില്ലാതെ പരന്നുകിടന്നിരുന്നൂ
വലത്തുമിടത്തും മുന്പിലും പിറകിലും
അതിനിടയിലൂടെ സ്കൂട്ടര്‍
കുലുങ്ങിക്കുടുങ്ങിക്കുടുകുടുമുഴക്കത്തോടെ
സഞ്ചരിച്ചുകൊണ്ടിരുന്നു.
വഴിതെറ്റിയോ എന്ന് ഞങ്ങള്‍ ചിലപ്പോഴമ്പരന്നെന്നു തോന്നുന്നു
വഴിചോദിക്കാനാരെയും കാണാനില്ലായിരുന്നു.
എങ്ങോട്ടാണുപോകേണ്ടതെന്നും
അറിയില്ലായിരുന്നു എന്നു തോന്നുന്നു.
റബ്ബര്‍മരങ്ങളിലെ കാറ്റ് ചിലപ്പോള്‍
ഞങ്ങളുടെ ആശങ്കപെരുക്കി.
തളിര്‍ക്കുന്ന മരങ്ങളുടെ
ശീതളിമ ചിലപ്പോള്‍ ലഹരിയായി.
ഇടയ്ക്കൊരു തണല്‍പറ്റിനില്ക്കുന്ന
രണ്ടു കുഞ്ഞന്‍ പാറകളിലിരുന്ന്
അല്പം വിശ്രമിച്ചാലോ എന്നു തോന്നി.
വിശപ്പും ദാഹവും മുറ്റി
വീണുപോവുമെന്നും തോന്നി.
വഴിനീണ്ടു കിടന്നതിലൂടെ
സ്കൂട്ടര്‍
കുലുങ്ങിക്കുടുങ്ങിക്കുടുകുടുത്ത്
സഞ്ചരിച്ചുകൊണ്ടിരുന്നു.
പിന്നിലത്തെ സീറ്റിലിരുന്ന്
ഞാനിതെല്ലാം കണ്ടു.
എന്റെ വര്‍ത്തമാനം കേട്ട്
അവന്‍ വണ്ടിയോടിച്ചു.
എന്നത്തെ യാത്രയാണെന്നോര്‍മ്മയില്ല
എത്രയാത്രകള്‍ കൂടിക്കുഴഞ്ഞെന്നുമറിയില്ല
ഓര്‍മയോ സ്വപ്നമോ എന്നും അറിയില്ല
ഓര്‍മയും സ്വപ്നവും കൂടിക്കുഴഞ്ഞോ എന്നും
പിന്നിലത്തെ സീറ്റിലായിരുന്നു ഞാന്‍
മുന്നിലവന്‍.
വഴിനീണ്ടു കിടന്നു
വണ്ടിയോടിക്കൊണ്ടിരുന്നു
മുന്പിലും പിന്പിലും വലത്തുമിടത്തും
റബ്ബര്‍മരങ്ങളുടെ കാനനം നിരന്നു നിവര്‍ന്നു കിടന്നു
ഇരുളും വെളിച്ചവുംഇടകലര്‍ന്നു നിന്നു. 
സ്ഥലമേതെന്നറിയില്ല
സമയമേതെന്നുഴറിയില്ല.
യാത്രയെന്തിനെന്നറിഞ്ഞില്ല
കുടുങ്ങിക്കുലുങ്ങിക്കുടുകുടുത്ത്
സ്കൂട്ടര്‍ നീങ്ങിക്കൊണ്ടിരുന്നു
മുന്പിലവന്‍
പിന്നില്‍ ഞാനും.
റബ്ബര്‍മരങ്ങളുടെ കാനനം

Sunday, October 05, 2014

കുറിപ്പെടുത്തുമ്പോള്‍ - തിരുനങ്ക കല്ക്കി സുബ്രഹ്മണ്യത്തിന്റെ ഒരു കവിതതോഴീ.....

പറഞ്ഞാലും  തോഴാ......


തെറ്റിദ്ധരിക്കില്ലെങ്കില്‍
ഒന്നെനിക്കറിഞ്ഞാല്‍ക്കൊള്ളാമെന്നുണ്ട്.


ചോദിച്ചോളൂ
തെറ്റിദ്ധരിക്കില്ല.


നിന്റെ മാറിടം ഉണ്മയാണോ?


[മൗനം]
ഉണ്മതന്നെ.


തെറ്റിദ്ധരിക്കില്ലെങ്കില്‍
ഒന്നുകൂടി അറിഞ്ഞാല്‍‌ക്കൊള്ളാം


ഉം.


താങ്കള്‍ക്ക് പെണ്‍കുറി ഉണ്ടോ?
പെണ്ണിന്റേതുപോലെയാണോ?അതേ [മൗനം]
തോഴാ.... താങ്കളോടുമൊന്നു ചോദിച്ചോട്ടേ?


ചോദിച്ചോളൂ, ധൈര്യമായി ചോദിച്ചോളൂ , തോഴീ....


താങ്കള്‍ക്ക് ആണ്‍കുറി ഉണ്ടോ?

 

----------------------------------------------------------------------------------
തിരുനങ്ക കല്ക്കിസുബ്രഹ്മണ്യത്തിന് ഒരു മുഖവുര ആവശ്യമില്ല. ഇന്ത്യയിലെ മൂന്നാംലിംഗത്തില്‍പ്പെട്ടവര്‍ക്ക്  വ്യക്തി എന്ന പദവി സമൂഹത്തില്‍ ഉറപ്പുവരുത്തുന്നവാന്‍ വേണ്ടിയുള്ള പോരാട്ടങ്ങളുടെ നെടുംതൂണാണ് കല്ക്കി.  പ്രകാശമാനമായ മുഖവും ബഹുതലങ്ങളിലേക്കു വേരോടിയ വ്യക്തിത്വഗരിമയും കല്ക്കിയെ ഏതാള്‍ക്കൂട്ടത്തിലും എടുത്തു കാട്ടുന്ന പ്രത്യേകതകളാണ്.തന്റെ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കാന്‍ പോകുന്നു എന്ന കുറിപ്പോടെ ഏതാനും കവിതകള്‍ മൂന്നു നാലുമാസം മുന്പ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആദ്യം പ്രസിദ്ധീകരിച്ചത് കുറിപ്പെടുത്തേന്‍ എന്ന് തമിഴ് പേരുള്ള കവിതയാണ്. തമിഴ് ലിപിയില്‍ പ്രസിദ്ധീകരിച്ച കവിത ഗൂഗിള്‍ വിവര്‍ത്തനസഹായം ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് മാറ്റിയെടുത്തു വായിച്ചു. ഒപ്പം അതിന്റെ തമിഴ് മൊഴിയുടെ ലിപിഭേദവും കിട്ടി.മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്താലോ എന്നു തോന്നി.
നോവല്‍ എഴുതുന്ന കാലത്ത്  ഞാന്‍ കല്ക്കിയുമായി ഇമെയില്‍ മുഖേന പരിചയപ്പെടുകയും പിന്നീടൊരിക്കല്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ വച്ച് നേരിട്ട് പരിചയം പുതുക്കുകയും ചെയ്തിരുന്നു. ആ ബന്ധത്തിന്റെ ബലത്തില്‍ ഓണ്‍ലൈനായിരുന്ന സമയത്ത് കല്ക്കിയോട് ആ കവിത വിവര്‍ത്തനം ചെയ്ത് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുന്നതിന് അനുമതി ചോദിച്ചു. അനുമതി നല്കിയെന്നു മാത്രമല്ല, മലയാളത്തിലേക്ക് തന്റെയൊരു കവിത ഇതുവരെയും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ലെന്നോര്‍മ്മിപ്പിച്ച്, ഒരു ചിത്രം കൂടി അതോടൊപ്പം കൊടുത്തോളൂ എന്നു പറയുകയും ചെയ്തു.
വിവര്‍ത്തനം തുടങ്ങിയപ്പോഴാണ് വിഷയം. മസിലുപിടിച്ച, അലക്കിത്തേച്ചുകുട്ടപ്പനായ മലയാളഭാഷയില്‍ അതൊന്നു ചെയ്തുനോക്കി. മൂലകവിതയുടെ മുനയും ലാളിത്യവും പൂര്‍ണമായും നഷ്ടപ്പെട്ടു എന്ന് മനസ്സിലായി. ഏറ്റവും പ്രശ്നമായത് കുറി എന്നവാക്കാണ്. കല്ക്കിയുടെ കവിതയില്‍ കുറി എന്ന വാക്കിന്റെ കരുത്താണ് മുനയായിരിക്കുന്നത്. അത് വെറും അടയാളപ്പെടുത്തലായി മാറ്റുമ്പോള്‍ കവിതയുടെ കാമ്പുതന്നെ നഷ്ടമാകും. കുറി എന്ന വാക്കിന് തമിഴിലുള്ള അതേ അര്‍ഥം തന്നെ മലയാളത്തിലും ഉണ്ടായേ മതിയാവൂ എന്ന തോന്നല്‍ ഉറപ്പുവരുത്താനായി ശബ്ദതാരാവലിയെ ആശ്രയിച്ചു. ഏതാണ്ടെല്ലാ തമിഴ് വാക്കുകളും അതേ അര്‍ഥത്തില്‍ത്തന്നെ മലയാളത്തിലുണ്ട്. കുറിയ്ക്ക് ലിംഗം എന്ന അര്‍ഥം രേഖപ്പെടുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ വിവര്‍ത്തനത്തെ പൂര്‍ണ്ണമായും ആശ്രയിക്കുന്നതിനുപകരം സുഹൃത്ത് മുത്തുവിനെ കവിതയുടെ തമിഴ് ലിപിയിലുള്ള പതിപ്പുതന്നെ കാണിച്ച് അര്‍ഥം ഉറപ്പുവരുത്തി.
കൂടപ്പിറപ്പു ഭാഷയില്‍ നിന്നുള്ള ഒരു കവിതയെ ഉള്‍ക്കൊള്ളുമ്പോള്‍പ്പോലും പൊള്ളാവുന്ന ഒരു ദൗര്‍ബല്യം നമ്മുടെ ഭാഷയ്ക്കുണ്ടെന്ന അറിവില്‍ വിവര്‍ത്തനത്തിനു മുതിരാന്‍ നന്നേ മടിച്ചു. അങ്ങനെ മാസങ്ങള്‍ കടന്നു പോയി. ഇന്നിവിടെ പ്രസിദ്ധീകരിക്കുന്ന വിവര്‍ത്തനം കവിത എന്ന നിലയിലും വിവര്‍ത്തനം എന്ന നിലയിലും ഈ വിധത്തില്‍ അനേകം പരാധീനതകള്‍ പേറുന്ന ഒന്നാണ്. തമിഴിന്റെ ഈണക്കവും മൂര്‍ച്ചയും  ആവാഹിക്കുവാന്‍ ശ്രമിക്കുമ്പോള്‍, അതിലെ വാക്കുകള്‍ കഴിയുന്നത്ര തനതായി നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, നമ്മുടെ വ്യവഹാരഭാഷയില്‍ നിന്ന് കുറെയൊക്കെ അതു മാറിപ്പോവുകയും മലയാണ്മയില്‍ അതിന്റെ ചൂര് രേഖപ്പെടുത്താന്‍ പരാജയെപ്പെടുകയും ചെയ്തേക്കാം എന്നതാണ് എന്റെ ഒന്നാം പേടി. ആ കവിതയില്‍ തുടിച്ചുനില്ക്കുന്ന അനുഭവത്തിന്റെ ചോര......... 
ഏതായാലും കവിത ഇവിടെ ചേര്‍ക്കുന്നു. വിവര്‍ത്തനം ചെയ്യാന്‍ അനുമതിനു കല്ക്കിയോടെ നന്ദി പറയുമ്പോഴും,  ഉറവിട കവിതയോട് എത്രമാത്രം നീതിപുലര്‍ത്താനായി എന്നതില്‍ മനസ്സു നന്നേ ചഞ്ചലപ്പെടുന്നുണ്ട്.
 

Wednesday, October 01, 2014

കവിതയുടെ ജാതകം.....

കവിത എന്താണ്, അതെങ്ങനെയാണുണ്ടാവുന്നത് എന്നതൊക്കെ സാഹിത്യപഠനത്തിലെ വിഷയങ്ങളാണ്. കവിതയുടെ നിര്‍വചനങ്ങള്‍ പഠിക്കേണ്ട കാര്യം ഇപ്പോളില്ലെങ്കിലും വാക്കുകള്‍ കവിതപേറുന്ന സന്ദര്‍ഭങ്ങള്‍ നാമോരുത്തരുയടെയും ജീവിതത്തില്‍ അനവധി ഉണ്ടാവാറുണ്ട്. ചിലവാചകങ്ങള്‍ നമ്മില്‍ നിന്നുതന്നെ ജനിക്കുന്നത്, അത് കേള്‍വിക്കാരില്‍ ഉദ്ദേശിച്ചതിലുമധികമായി അനുരണനം ചെയ്യുന്നത് ഒക്കെ കൗതുകകരമായ വസ്തുതകളാണ്. പറച്ചിലിന്റെയും ചൊല്ലലിന്റെയും എഴുതലിന്റെയും ചരിത്രത്തില്‍ നമ്മുടെയൊക്കെയും വകയായി ഇത്തരമൊത്തിരി സംഭാവനകള്‍ കാണും. നമ്മില്‍ നിന്നു തന്നെ അതൊക്കെ എങ്ങനെ ജനിച്ചു എന്നത് ആലോചിക്കാന്‍ കൗതുകമില്ലേ? എനിക്കേതായാലും ചിലപ്പോള്‍ തോന്നാറുണ്ട്.

1985ല്‍ ആദ്യത്തെ കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ വാക്കെങ്ങനെ കവിതയാകുന്നു എന്നതിന്റെ രസതന്ത്രം ഒട്ടും തന്നെ പിടികിട്ടുമായിരുന്നില്ല. എങ്കിലും 'കറുത്തപക്ഷിയോട്' എന്നുപേരുള്ള ഒരു കവിത പ്രസിദ്ധീകരണത്തിനു യോഗം നേടി. അതാവട്ടെ ആത്മാര്‍ഥതയുടെ അംശം ഒരുപക്ഷേ വളരെ കുറഞ്ഞ ഒരു സൃഷ്ടിയായിരുന്നു. വായിച്ചപലതിന്റെയും സ്വാധീനത്തില്‍, ബാലപംക്തിയില്‍ സ്ഥിരമായി വരുന്ന പലതിനെയും കിണഞ്ഞു നോക്കിയതിന്റെ അനുഭവപാഠം വച്ച് എഴുതിപ്പിടിപ്പിച്ച ഒന്ന്. അതങ്ങു പ്രസിദ്ധീകരിക്കപ്പെട്ടു. അതോടെ 'കവിത' എഴുതാമെന്ന് ഒരു തോന്നലൊക്കെയുണ്ടായി. പലതും കുറിച്ചുവച്ചു. ഒന്നോരണ്ടോ വട്ടം  വായിച്ച് തിരുത്തലും വരുത്തി, കുട്ടേട്ടന്‍, ബാലപംക്തി, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്ന വിലാസത്തില്‍ അയച്ചുകൊടുക്കുക പതിവാക്കി. പോയകവിതകളൊക്കെ കൃത്യമായിത്തന്നെ മടങ്ങി വന്നു. എല്ലാത്തിലും കുട്ടേട്ടന്റെ കുറിപ്പുണ്ടാവും. ആ കവിതയ്ക്കെന്തൊക്കെയാണ് പോരായ്മകളെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ടാവും. ചിലതൊക്കെ തിരുത്തി അയക്കാന്‍ പറയും. അങ്ങനെ പലകുറി കുട്ടേട്ടന്‍ പറഞ്ഞതനുസരിച്ച് തിരുത്തല്‍ വരുത്തിയയച്ചിട്ടും പ്രസിദ്ധീകരിക്കാതെ പോയ കുറെക്കവിതകളുമുണ്ട്. എഴുത്തേതായാലും നിന്നില്ല. തുടരെത്തുടരെ എഴുതി. എഴുതുന്നതിന്റെ മിനുക്കം കൂടിക്കൂടിവന്നു. ചിലതിലൊക്കെ കവിതയുടെ മിന്നായം ഉണ്ടാവുകയും ചെയ്തു. കവിതയെക്കുറിച്ചുള്ള സങ്കല്പത്തിനും കുറെക്കൂടി വ്യക്തത വരികയും ചെയ്തു.

യക്ഷിസങ്കല്പം എക്കാലത്തും ഒരു ഹരമാണെനിക്ക്. ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് കുഞ്ഞമ്മാവന്‍ പുതിയ വീടുവച്ച് അങ്ങോട്ടു താമസം മാറിയതോടെ കുഞ്ഞമ്മാവന്റേതായിരുന്ന തെക്കേപ്പുര( വീടിന്റെ തെക്കുവശത്തെ മുറി) എന്റെയും അനിയന്റെയും കിടപ്പുമുറിയായി. പത്താം ക്ലാസ്സിലെത്തിയതോടെ ആ മുറി എന്റേതു മാത്രമായി. ആ മുറിയില്‍ നിന്ന് ഏറിവന്നാല്‍ അറുപതടി ദൂരമേയുള്ളു കന്യാക്കോണിയില്‍ നില്ക്കുന്ന പാലയിലേക്ക്. ഇന്ന് വാര്‍ദ്ധക്യം അധികരിച്ച് മുരടിച്ചു നില്ക്കുന്ന ആ പാലമരം അക്കാലത്തൊക്കെ അതീവ സുന്ദരിയായിരുന്നു. അയല്പക്കത്തെ ചില പഴയ ആള്‍ക്കാരെങ്കിലും ആ പാലമരത്തില്‍ വസിക്കുന്നവളെ കണ്ടിട്ടുണ്ടത്രേ. അവരെക്കാണാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അല്പം പ്രായമൊക്കെയായ ശേഷം നിലാവുള്ള ചില രാത്രികളില്‍ മുറുക്കാനും ചവച്ചുകൊണ്ട് തെക്കേ മുറ്റത്ത് പാതിരാവുകഴിയുവോളം ഇരുന്നിട്ടുമുണ്ട്. യക്ഷി അനുഭവത്തിന്റേതായ ഒരു കവിത വലിയൊരു സ്വപ്നമായിരുന്നു. പലവുരു ശ്രമിച്ചെങ്കിലും തൃപ്തികരമായി ഒരു വരിപോലും ഉറന്നില്ല, ഉള്ളില്‍.

അങ്ങനെയിരിക്കെ എംഫില്‍ പഠനകാലത്തെ ഒരു അവധിദിവസം   പകല്‍വായനയും എഴുതാനുള്ളആഗ്രഹവുംഒക്കെയായി പടിഞ്ഞാറുവശത്തെ ഇളം പ്ലാവിന്റെ ചുവട്ടിലിരിക്കുമ്പോഴാണ് വെള്ളിയാഴ്ചയുടെ ആദ്യവരികള്‍ ഉടല്‍പൂണ്ടത്. എഴുതാന്‍ തുടങ്ങിയതുംവരികളൊന്നൊന്നായി വന്നു. എഴുത്തുകഴിഞ്ഞു വായിച്ചപ്പോള്‍ കൊള്ളാമെന്നു തോന്നി. അന്നത്തെ ഇരിപ്പു നിര്‍ത്തി എഴുന്നേല്ക്കാന്‍ തുടങ്ങുമ്പോഴാണ് വേറെയും ചിലത് ഉള്ളീല്‍ ശേഷിക്കുന്നുണ്ടെന്നു തോന്നിയത്. പേനയെടുത്ത് നിര്‍ത്താതെഴുതി- പ്രണയജലധി. തുടര്‍ന്നുള്ള വായനകളില്‍ഈ കവിതയ്ക്കാണ് കൂടുതല്‍ തിരുത്തുകള്‍ ആദ്യം ചെയ്തത്. അത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍പ്രസിദ്ധീകരിക്കപ്പെട്ടു.

ഇങ്ങനെയൊക്കെയാണ് കവിതയിലെന്റെ ജാതകങ്ങള്‍. അപ്രതീക്ഷിതമായി പിറക്കുന്ന ചിലതിനൊക്കെ അപ്രതീക്ഷിതമായ സ്വീകരണം ലഭിക്കുന്നത് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും ഇതാ അങ്ങനെയൊരനുഭവം. കഴിഞ്ഞ ശനിയാഴ്ച പത്തുമണിവരെ കൂട്ടുകാരോടൊപ്പം ചിലവഴിച്ച് വീട്ടിലെത്തി കഞ്ഞികുടിയും കഴിഞ്ഞ് ഫേസ്ബുക്കും തുറന്ന് പലതും നോക്കി പാതിരാവു കടന്നുപോകുന്നതറിയാതെ ഇരുന്നു. ഒടുവിലെപ്പോഴോ എന്തെങ്കിലും എഴുതിയാലോ എന്നു തോന്നി. ഒന്നും എഴുതാനുണ്ടായിരുന്നില്ല. എന്നിട്ടും എന്തെങ്കിലും എഴുതേണ്ടതാണെന്ന ശാഠ്യം കാരണം വെറുതെ ഓരോന്നു കുറിച്ചു തുടങ്ങി. ഓരോ വരി കഴിയും തോറും പുതിയ വെറും വരികള്‍ തോന്നിത്തോന്നി വന്നു.....അങ്ങനെ രാത്രി 1. 35ന് അത് പോസ്റ്റുചെയ്തു.... പത്തുമിനിട്ടുകഴിഞ്ഞ്  ഉറങ്ങാനായി ഫേസ്ബുക്ക് പൂട്ടുമ്പോള്‍ത്തന്നെ ഇഷ്ടം സൂചന ഒന്നുരണ്ടെണ്ണം വന്നു കഴിഞ്ഞിരുന്നു. പത്തിലേറെ ഇഷ്ടങ്ങള്‍ വന്നു കഴിഞ്ഞപ്പോള്‍ ആണ് കവിതാസ്പെഷല്‍ കൂട്ടങ്ങളിലേക്ക് അത് കൊടുത്തത്. ഓരോന്നില്‍ നിന്നും കുറെയധികം ഇഷ്ടങ്ങളും കമന്റുകളും വന്നുകഴിഞ്ഞു ഇതുവരെ.  ചിലകവിതകളുടെ ജാതകം ഇങ്ങനെ വിചിത്രമാണ്. ഇതാണ് പാതിരാവില്‍ കുറിച്ചിട്ടആ വരികള്‍(പേര് ഇന്നലെ കൊടുത്തതാണ്)


ഉറക്കം വരാഞ്ഞല്ല
!!!!!!!!!!!!!!!!!!!!!!!!

ഉറക്കം വരാഞ്ഞിട്ടല്ല
പതിവതായിപ്പോയതിനാല്‍
പാതിരാവായിട്ടും
ഉറങ്ങിയിട്ടില്ല ഞാന്‍

താഴത്തെ വീട്ടിലെപ്പട്ടികള്‍
കലിപ്പോടെ കുരയ്ക്കുന്നുണ്ട്
ഉള്‍മുറികളിലെ കൂര്‍ക്കം
ചങ്കിലേക്കുറ്റുവീഴുന്നുണ്ട്

പെയ്തമഴയുടെ കന്നിവീര്യം
ചെന്നിയില്‍
തുടിയ്കുന്നുണ്ട്

ഉറക്കം വരാഞ്ഞിട്ടല്ലേയല്ല,
പാതിരാവായിട്ടും
ഉറങ്ങാനാവുന്നില്ല.

മുമ്പിലീ സ്ക്രീനിന്‍ വെട്ടം
തുള്ളിനില്കുമ്പോള്‍
ഭൂവിന്‍
അന്യമൂലകളില്‍ നിന്നും
സന്ദേശരക്താക്ഷരം
നെറ്റിയില്‍ കത്തിച്ചുംകൊണ്ടീപ്പേജു
തിളങ്ങുമ്പോള്‍
കണ്ണുകള്‍ അടഞ്ഞാലും
അടയ്ക്കാനാവുന്നില്ല.

താഴത്തെവീട്ടിലെപ്പട്ടികള്‍
ചങ്ങലപറിച്ചേക്കാം...............
++++++++++++++++++++++++++++++

 പിന്‍കുറി:

അല്ല, ഇപ്പോഴും മനസ്സിലാവുന്നില്ല.
എന്താ ഈ കവിത?