Sunday, September 21, 2014

എന്തിനാക്കുയില്‍

പറച്ചിലുകള്‍
പലതുണ്ടാവാം
പഴങ്കഥകളും.
അതിന്റെയൊക്കെ അര്‍ഥം, വ്യാപ്തി, പ്രസക്തി-
ചര്‍ച്ച തൊഴിലാക്കിയവര്‍ക്ക്
അതിനു വിഷയമൊത്തിരി.

ഉറക്കമിളയ്ക്കാനും രാത്രിയെ നുണയുവാനും
പഠിച്ച നാള്‍ മുതല്‍ ഒരനുഭവമുണ്ട്-
കുയില്‍ രാത്രിയില്‍ കൂവുന്നതിന് നിലാവിന്റെ അകമ്പടിയുണ്ടാവും
മാമ്പൂമണം മഞ്ഞ് എന്നിങ്ങനെ ചില ഘടകങ്ങള്‍ കൂടി
പഴയകവികള്‍ പറഞ്ഞുവച്ചിട്ടുണ്ട്
അത് കവിതയില്‍ ......

ഇന്നു രാത്രി നിലാവില്ല.
ഉണ്ടെങ്കില്‍ത്തന്നെ അതൊരനുഭവമല്ല.
കന്നിമാസത്തില്‍ പതിവില്ലാത്തതിനാലായിരിക്കണം,
മഞ്ഞ് അല്പം പോലും ഇല്ല.
എന്നിട്ടും കൂവീ ഒരു കുയില്‍.
ഒരേയൊരുകൂവല്‍

കുയിലുകള്‍ കൂവുന്നത് എന്തിനൊക്കെയായിരിക്കാം?
വ്യത്യസ്തമാണെങ്കിലും
കവികള്‍ക്കും ജീവശാസ്ത്രക്കാര്‍ക്കും
അവരവരുടേതായ ഒത്തിരി
കണ്ടെത്തലുകളുണ്ട്.
ഇണയോ,വിരഹമോ അതിനു പ്രചോദനമാവാം.
നിലാവിലോ മഞ്ഞിലോ മദിച്ചതാവാം.
ഇന്നത്തെ കുയില്‍?


സമയംതെറ്റിക്കൂവിയവനും
വഴിമറന്നുനടന്നവനും
വരാവുന്നതൊക്കെ അവനും നേരിട്ടേക്കാം
കുയിലുകള്‍ക്കും
ഭ്രാന്ത് ഒരസുഖമായി വന്നേക്കാം

ഏതായാലും ഇന്ന് ഒരു കുയില്‍
കൂവുക തന്നെ ചെയ്തു.
രാത്രിയില്‍, ഇത്രമാത്രം വളര്‍ന്നുമുതിര്‍ന്ന ഇതേ രാത്രിയില്‍
നിലാവും മഞ്ഞും പ്രണയവും മാമ്പൂമണവും പെയാത്ത
ശൂന്യതയില്‍

ഇതൊക്കെ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമല്ലോ!
രാത്രിയല്ലേ
ഒറ്റയ്ക്കുറക്കമിളച്ചിരിപ്പല്ലേ
നിശ്ശബ്ദതയില്‍ എന്തൊക്കെ വേണമെങ്കിലും അരങ്ങേറാം
ഇരുള്‍മറവില്‍
പതുങ്ങിനിന്നേക്കാം കള്ളന്‍
മുരണ്ടുനില്പുണ്ടാം മൃതി
ഒളിഞ്ഞുനോക്കാന്‍ പ്രണയിയുണ്ടാവാം
മറവിനൂഴുമ്പോള്‍
ഒരു പുരാതന സ്മൃതി നിവര്‍ന്നുനിന്ന് കുശലം ചോദിച്ചേക്കാം

എന്തും സംഭവിക്കാം


എങ്കിലും
എന്തിനാക്കുയില്‍???

Tuesday, September 09, 2014

കായല്‍, കറുക, കന്നിനിലാവ് മുതലായവ


കായല്‍
കറുക
കന്നിനിലാവ് - ഒന്നും കവിതയല്ല.


വിചിത്രമായ അംഗവിക്ഷേപങ്ങളോടെ
നിരന്തരം തുള്ളിയാടുമെന്നേയുള്ളു കായല്‍
കടുംപച്ചയുടെ
കനത്തചാറു ചുരത്തുമെന്നേയുള്ളു കറുക
തെളിഞ്ഞെല്ലാത്തിലും പരന്നു
വെളിവാകുമെന്നേയുള്ളൂ കന്നിനിലാവ്

എന്നിട്ടുമെന്തേ ഈ കവി
കായലോളം പരന്ന അംഗവിക്ഷേപങ്ങളോടെ താളക്കുത്തുയര്‍ത്തുന്നു,
കറുകനാമ്പിന്റെ മുനപോലെ
തുളിച്ചുനില്ക്കുന്നു,
കന്നിനിലാവുപോലെയെല്ലാടത്തും
ഒഴുകിപ്പരക്കുന്നു,
ഹിമക്കരടിയെപ്പോലെ
കാടാറുമാസംനാടാറുമാസമാചരിക്കുന്നു,
വരയാടിനെപ്പോലെ
കരിമ്പാറമുനമ്പുകള്‍താണ്ടുന്നു,
മുതലയെപ്പോലെ
നിളയിലുംഗംഗയിലുമാണ്ടുനീന്തുന്നു,
മലയുടുമ്പിനെപ്പോലെ
അഗമ്യതയുടെമതിലുകള്‍ തരണംചെയ്യുന്നു?

തൃഷ്ണ
രതി
തപസ്സ് - ഒന്നും തന്നെ കവിതയല്ല

എന്നിട്ടും അയാള്‍
കുംഭവെയിലും മകരക്കുളിരും കര്‍ക്കടമാരിയും
ഉഗ്രമായി കാമിക്കുന്നു.
കാട്ടുപെണ്ണിനെയും
നാട്ടുപൂവിനെയും നുകര്‍ന്നുഞെരിക്കുന്നു.
ഇടയ്ക്കിടെ സ്വന്തം മുറിയുടെ
വിയര്‍പ്പൊട്ടിയമൗനത്തിലേക്ക്
വാല്മീകിയെപ്പോലെ പിന്‍വലിയുന്നു.
ഭൂമി സ്വര്‍ഗം പാതാളം
ഒന്നും കവിതയല്ല

അവനെന്നിടും
ഭൂവിന്‍നിറുകയില്‍ ആനന്ദതാണ്ഡവമാടുന്നു.
സ്വര്‍ഗ്ഗത്തിലേക്ക് നനുത്തവരികളുടെ
മുന്തിരിവള്ളികള്‍നെയ്ത്
ഇഴഞ്ഞുകയറുന്നു.
ഉഗ്രമായമുഴക്കത്തോടെ
പാതാളത്തിലേക്ക്
തുളഞ്ഞുതാഴുന്നു.
കവിതയേ ഇല്ലാത്ത ഇടങ്ങളിലേക്ക്
മഴയായും മയിലായും
മഞ്ഞമന്ദാരങ്ങളുടെ കാനനമായും
പടര്‍ന്നിറങ്ങുന്നു.

ഹേ, കപടവൈഭവങ്ങളുടെ നായകാ,
എന്താണപ്പോള്‍ കവിത??

-------------------------------
(എന്നോ കീറക്കടലാസില്‍ കുറിച്ചിട്ട വെറുംകുറെ വരികള്‍, അത്രമാത്രം. യാദൃച്ഛികമായി കണ്ടുകിട്ടിയപ്പോള്‍ വെറുതെ കളയേണ്ടെന്നു കരുതി..........)