Monday, March 19, 2012

ഈസ്താംബൂളിലേക്കു ശ്രദ്ധിക്കുമ്പോള്‍ - ഓര്‍ഹാന്‍ വെലി കനിക്

കണ്ണടച്ച്, ധ്യാനചിത്തനായി, ഞാന്‍ ഈസ്താംബൂളിലേക്കുശ്രദ്ധിക്കുന്നു.
ആദ്യമൊരിളം കാറ്റും
മരച്ചില്ലകളില്‍ മെല്ലെയിളകുമിലകളും.
അകലെയകലെ,
വെള്ളം പേറുന്ന വണ്ടികളുടെ നിര്‍ത്താത്ത മണിയൊച്ച
കണ്ണടച്ച് ധ്യാനചിത്തനായി ഞാന്‍ ഈസ്താംബൂളിലേക്കു ശ്രദ്ധിക്കുകയാണ്.


കണ്ണടച്ച് ഗാഢമായി ഞാന്‍ ഈസ്താംബൂളിലേക്ക് ശ്രദ്ധിക്കുകയാണ്
പൊടുന്നനെ കിളികള്‍ പാറുന്നു
ചിലച്ച് ഉയരത്തിലാകാശത്തില്‍ കിളിക്കൂട്ടങ്ങള്‍,
വലകള്‍ കരയടുപ്പിച്ചു തുറക്കുന്നനേരത്ത്,
വെള്ളത്തില്‍ ഒരു പെണ്ണിന്റെപാദം ഇളകിത്തുടങ്ങുമ്പോള്‍.
ധ്യാനബദ്ധനായ്, കണ്ണടച്ച് ഞാന്‍ ഈസ്താംബൂളിലേക്ക് ശ്രദ്ധവയ്ക്കുകയാണ്

കണ്ണടച്ച്ഞാന്‍ ഈസ്താംബൂളിലേക്കുശ്രദ്ധിക്കുന്നു
നിഴല്‍മായാത്ത ഗ്രാന്‍ഡ് ബസാര്‍
പ്രവുകള്‍ നിറഞ്ഞ മുസ്തഫാപാഷായും
തുറമുഖത്തെ കൂടമടിയൊച്ചകളും
അകലെനിന്നും വിയര്‍പ്പുമണം പേറിവരുന്ന വേനല്‍ക്കാറ്റും.
ഞാന്‍ ശ്രദ്ധിക്കുകയാണ്.

ധ്യാനചിത്തനായി കണ്ണടച്ച്ഞാന്‍ ശ്രദ്ധിക്കുകയാണ്
കടന്നുപോയ കാലത്തിന്റെ മദോന്മത്തകേളികളിലേക്ക്.
അലറുന്നതെക്കുപടിഞ്ഞാറന്‍ കാറ്റ് 
പൊളിഞ്ഞ വള്ളപ്പുരയുള്ള ഒരുകടല്ക്കരമാളികയില്‍

പെട്ടുപോയിരിക്കുന്നു
കണ്ണടച്ച് ഈസ്താംബൂളിലേക്കു ശ്രദ്ധിച്ചിരിക്കെ
എന്റെ ചിന്തകളും കെണിയിലായിരിക്കുന്നു.

കണ്ണടച്ച്സൂക്ഷ്മമായി ഞാന്‍ ഈസ്താംബൂളിലേക്കു ശ്രദ്ധിക്കുകയാണ്
നടപ്പാതയിലൂടെ ഒരു സുന്ദരിനടന്നു പോകുന്നു
അശ്ലീലവചസ്സുകളുംചൂളം വിളികളും പൂച്ചക്കരച്ചിലുകളും
തട്ടിയുണര്‍ത്തിക്കൊണ്ട് .
അവളുടെ കൈയില്‍ നിന്നെന്തോ വീണുപോകുന്നു
അതൊരു റോസപ്പൂവാണെന്നു തോന്നുന്നു!
കണ്ണടച്ച് സൂക്ഷ്മചിത്തനായി ഞാന്‍ ഈസ്താംബൂളിലേക്കു ശ്രദ്ധിക്കുകയാണ്

കണ്ണടച്ച് ധ്യാനചിത്തനായി ഞാന്‍ ഈസ്താംബൂളിലേക്ക് ശ്രദ്ധകൂര്‍പ്പിക്കുകയാണ്
നിന്റെ പാവാടയ്ക്കു ചുറ്റുമൊരു കിളി ചിറകടിച്ചു പറക്കുന്നുണ്ട്.
നിന്റെ നെറ്റിത്തടം തണുത്തതാണോ ചൂടുള്ളതാണോ എന്ന്
നിന്റെ ചുണ്ടുകള്‍ വരണ്ടാണോ നനഞ്ഞാണോ എന്ന്
എനിക്കറിയാം
പൈന്മച്ചില്ലകള്‍ക്കുമീതെ ഒരു രജതചന്ദ്രന്‍ ഉദിച്ചുയരുന്നുണ്ടോഎന്നും .
മിടിക്കുന്നോരെന്റെഹൃദയം ഇതെല്ലാം എന്നോട് പറയുന്നുണ്ട്.
എല്ലാം ഞാന്‍കരുതിയതു പോലെ തന്നെ
ഓര്‍ഹാന്‍ വെലി കനിക്
കണ്ണടച്ച്ധ്യാനചിത്തനായി ഞാന്‍ ഈസ്താംബൂളിലേക്കു ശ്രദ്ധിക്കുമ്പോള്‍ .




കെട്ടുകഥ- നസീം ഹികു്മത്

തടാകതീരത്തുവിശ്രമിക്കുന്ന
തണല്‍മരവും ഞാനും.
ജലോപരി
ഞങ്ങളുടെപ്രതിച്ഛായ-
തണല്‍മരത്തിന്റെയും എന്റെയും.
ജലത്തിന്റെസ്ഫുലിംഗങ്ങള്‍ ഞങ്ങ ളെ സ്പര്‍ശിക്കുന്നു
തണല്‍മരത്തെയും എന്നെയും .

തടാകതീരത്തുവിശ്രമിക്കുന്ന
തണല്‍മരവും ഞാനും പൂച്ചയും
ജലോപ രിവീഴുന്ന ഞങ്ങളുടെ പ്രതിച്ഛായ
തണല്‍മരത്തിന്റെയും എന്റെയും പൂച്ചയുടെയും
ജലത്തിന്റെസ്ഫുലിംഗങ്ങള്‍ ഞങ്ങളെസ്പര്‍ശിക്കുന്നു
തണല്‍ മരത്തിനെ, എന്നെ, പൂച്ചയെയും.
തടാകതീരത്തുവിശ്രമിക്കുന്ന
തണല്‍ മരവും ഞാനും പൂച്ചയും സൂര്യനും.
ജലോപരിവീഴുന്ന ഞങ്ങളുടെപ്രതിച്ഛായ
തണല്‍മരത്തിന്റെയും എന്റെയും പൂച്ചയുടെയും സൂര്യന്റേതും
ജലത്തിന്റെ സ്ഫുലിംഗങ്ങള്‍ ഞങ്ങളെസ്പര്ശ്ശിക്കുന്നു
തണല്‍മരത്തെ, എന്നെ, പൂച്ചയെ, സൂര്യനെയും

തടാകതീരത്തു വിശ്രമിക്കുന്ന
തണല്‍ മരവും ഞാനും പൂച്ചയും സൂര്യനും ഞങ്ങളുടെ ജീവിതവും
ജലോപരി വീഴുന്നഞങ്ങളുടെ പ്രതിച്ഛായ
തണല്‍മരത്തിന്റെയും എന്റെയും പൂച്ചയുടെയും സൂര്യന്റെയും ഞങ്ങളുടെജിവിതത്തിന്റേതും.
ജലത്തിന്റെ സ്ഫുലിംഗങ്ങള്‍ ഞങ്ങളെസ്പര്ശിക്കുന്നു
തണല്‍ മരത്തെ, എന്നെ, പൂച്ചയെ, സൂര്യനെ, ഞങ്ങളുടെജീവിതത്തെയും.


തടാക-
ക്കരയില്‍ 
വിശ്രമിക്കുന്നു

ആദ്യം പുച്ചപോകും
 അതിന്റെ പ്രതിച്ഛായ ജലത്തില്‍ നിന്നുമായും
പിന്നെഞാന്‍ പോകും
എന്റെ പ്രതിച്ഛായ ജലത്തില്‍ നിന്നുമായും
പിന്നെതണല്‍ മരം
 അതിന്റെ പ്രതിച്ഛായ ജലത്തില്‍ നിന്നും മായും
പിന്നെതടാകം ...

സൂര്യന്‍ ശേഷിക്കും

പിന്നതും മായും .

തടാകക്കരയില്‍
വിശ്രമിക്കുന്ന
തണല്‍മരവും ഞാനും പുച്ചയും സൂര്യനും ഞങ്ങളുടെജീവിതവും.
ശീതജലം
പരക്കുന്നമരത്തണല്‍
കവിതകോറുന്നഞാന്‍
ഊഷ്മളസൂര്യന്‍

ജീവിതമെത്രയുദാത്തം
ജലത്തി ന്റെസ്ഫുലിംഗങ്ങള്‍ ഞങ്ങളെസ്പര്ശിക്കുന്നു
തണല്‍മരത്തെ
എന്നെ
പൂച്ചയെ
സൂര്യനെ
നസീം ഹിക്‍മത്
ഞങ്ങളു ടെജിവിതത്തെ






















ടര്‍ക്കിഷ് കവിത - 1991-ല്‍ വിവര്‍ത്തനം ചെയ്തത്

Thursday, March 15, 2012

ഗ്രെദാ വെഗെനെര്‍ ചാലിച്ച വര്‍ണ്ണങ്ങള്‍



ഗ്രെദാവെഗെനെര്‍
ഐനാര്‍ വെഗെനെര്‍
ലിലിഎല്‍ബെ
ഡാനിഷ് ചിത്രകാരിയായിരുന്ന ഗ്രെദാ വെഗെനെറെക്കുറിച്ച് ഇപ്പോള്‍ എഴുതുന്നതിന് കാരണമൊന്നേയുള്ളു: ഡേവി ഡ് എബര്‍ഷോഫിന്റെ ' ഡാനിഷ് ഗേള്‍ ' എന്ന നോവല്‍ . 2001-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത നോവല്‍ കഴിഞ്ഞ ദിവസമാണ് ഫ്ലിപ്കാര്‍ട്ട് വഴി കിട്ടിയത്. ഈ നോവല്‍ കുറെനാളായി ഞാന്‍ തിരയുകയായിരുന്നു. എ ന്റെ പുസ്തകത്തിലെപ്പോലെ ഒരു പെണ്‍മാറാട്ടം തന്നെയാണ് ഈ നോവലിന്റെയും വിഷയം എന്നതുതന്നെ കൗതുകമുണര്‍ത്തിയത്. എബര്‍ഷോഫിന്റെ കഥ പക്ഷേ, ഒരു യഥാര്‍ഥ സംഭവത്തെക്കുറിച്ചുള്ളതാണ്. ലോകത്താദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ ലിലിഎല്‍ബെ ആണ് കഥയിലെ ഡാനിഷ് പെണ്‍കൊടി. ലിലിഎല്‍ബെ 'പൂര്‍വജന്'മത്തില്‍ ഐനാര്‍ വെഗെനെര്‍ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഡാനിഷ് ചിത്രകാരന്മാരുടെ ഇടയില്‍ പ്രമുഖസ്ഥാനം വഹിച്ചിരുന്ന ഐനാര്‍ വെഗെനെര്‍ കാലിഫോര്‍ണിയസ്വദേശിയായ ഗ്രെദാ ഗോട്ടിലെബിനെ വിവാഹം കഴിച്ചതോടെ ചുരുളഴിഞ്ഞത് അപൂര്‍വമായ ഒരു ജീവിതകഥയ്ക്കാണ്. കോപെന്‍ഹാഗനിലെ റോയല്‍ ഡാനിഷ് അക്കാദമി ഒഫ് ഫൈന്‍ ആര്‍ട്സില്‍ ചിത്രകലപഠിച്ചഗ്രെദയും  ചിത്രകാരിയായിരുന്നു. ഐനാര്‍ ലാന്‍ഡ്സ്കേപ്പുകള്‍ വരയ്ക്കുന്നതില്‍ ശ്രദ്ധയൂന്നിയപ്പോള്‍ ഗ്രെദാ പോര്‍ട്രെയിറ്റുകളാണ് അധികവും വരഞ്ഞത്. ഗ്രെദയുടെ ചിത്രങ്ങള്‍ക്ക് സ്ത്രീവേഷത്തില്‍ പോസുചെയ്താണ് ഐനാര്‍ പെണ്മാറാട്ടം ആരംഭിച്ചത്. സ്വതവേ സ്ത്രൈണത മുന്നിട്ടുനിന്ന ഒരുശരീരത്തിനുടമായിരുന്ന ഐനാര്‍ 1930-ല്‍ ശസ്ത്രക്രിയയിലൂ ടെസ്ത്രീത്വം വരിച്ചു. തുടര്‍ന്ന് മാതൃത്വം കൈവരിക്കാനായി നടന്ന അഞ്ചാമത്തെ തുടര്‍ ശസ്ത്രക്രിയയില്‍ ഒരുഗര്‍ഭപാത്രം ലിലിയുടെശരീരത്തില്‍ ശസ്ത്രക്രിയവഴി ഘടിപ്പിച്ചുവെങ്കിലും ശരിരം അതിനെ പരിത്യജിച്ചു. തുടര്‍ന്നുണ്ടായ സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്നങ്ങള്‍ 1936ല്‍ ലിലിയുടെജീവന്‍ അപഹരിച്ചു.

ഡേവിഡ് എബര്‍ഷോഫിന്റെ നോവല്‍ വിഷയത്തിന്റെ കൗതുകം ഒഴിച്ചുനിര്‍ത്തിയാല്‍ തികച്ചും സാധാരണമായ ഒ രുആഖ്യാനമായാണ് എനിക്കിതുവരെയും അനുഭവപ്പെട്ടത്( വായനപൂര്‍ത്തിയായിട്ടില്ല). ലിലിയുടെയും ഗ്രെദയുടെയും ഐനാറിന്റെയും ജിവിതത്തിന്റെ സങ്കീര്‍ണ്ണമായ വര്‍ണ്ണവിന്യാസങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ആദ്ദേഹം പരാജയപ്പെട്ടിട്ടുമില്ല.വായനയുടെഇടവേളകളില്‍ ഇന്റെര്‍നെറ്റില്‍ ഗ്രെദയുടെയും ഐനാറിന്റെയും ചിത്രങ്ങള്‍ പരതിയപ്പോള്‍ ലഭിച്ചചി ലചിത്രങ്ങളാ ണ് ഇവിടെ. ഗ്രെദയുടെ ലിലിചിത്രങ്ങള്‍ എന്തുകൊണ്ടോ എനിക്കിഷ്ടപ്പെട്ടു. നോവലിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഗ്രദയു ടെ ചിത്രരചനയ്ക്കുള്ള അഭിനിവേശം ഐനാറിന്റെ ലിംഗ ഭ്രംശത്തിനു വഴിവച് ചു എന് ന തോന്നലാവാം ഒ രുകാരണം . ഒരുപക്ഷേഗ്രെദാ ചാലിച്ച വര്‍ണ്ണക്കൂട്ടുകള്‍ അവരു ടെജിവിതത്തെത്തന്നെ വിചിത്രമായ ഒരുമായാലോകത്തേക്ക് നയിക്കുകയായിരുന്നിരിക്കാം .അതുകൊണ്ട് ഇങ്ങനെയൊക്കെക്കുറിക്കുന്നു.
 ദിലീ പ് അഭിനയിക്കുന്ന ' മായാമോഹിനി' , ജയസൂര്യ അഭിനയിക്കുന്ന ' അര്‍ധനാരീശ്വരന്‍ ' എന് നീസിനിമകളും പ്രമോദ് രാമ ന്റെ ചിലകഥകളുമൊക്കെ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മലയാളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തില്‍ പെണ്‍മാറാട്ടങ്ങളു ടെ ലോകം ശ്രദ്ധനേടുകയാണെന്നതും ഒരുകാര്യമാണ്.

Tuesday, March 13, 2012

അന്ധകാരം

1981- 84 കാലങ്ങളില്‍ മാതൃഭൂമിആഴ്ച്കപ്പതിപ്പിന്റെ നവതരംഗം പേജുകളില്‍ നിറഞ്ഞുനിന്നിരുന്ന ചിലപേരുകള്‍ ഉണ്ട്- .ബി കൃഷ്ണകുമാര്‍, വി. ആര്‍ . മാധവന്‍, സെബാസ്ട്യന്‍, ജോസഫ് എന്നിങ്ങനെ തുടങ്ങി പോളി കെ. അയ്യംപള്ളി , ആശാ എന്‍. നായര്‍ എന്നൊക്കെ വരെ. ഇതൊക്കെ ഓര്‍മ്മയാണ്.  വീടിന്റെ തെക്കെയറ്റത്തെ ഷോവോളിനകത്ത് കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ആരും തൊടാതെ പൊടിപിടിച്ചും പൂതലിച്ചുമിരിക്കുന്ന രണ്ടായിരത്തോളം ആഴ്ചപ്പതിപ്പികളുടെ ഇടയില്‍ അവയെല്ലാം ഉണ്ടുതാനും ( ഇനിയവതിരഞെടുക്കാനുള്ളധൈര്യമോ ശരീരബലമോഇല്ല. 1982 മുതലാണ് - സെക്കന്‍ഡ്പ്രീഡിഗ്രി പഠിക്കുന്നകാലം - ഞാന്‍ ആഴ്ചപ്പതിപ്പ് സ്ഥിരമായി സ്വന്തമായി വാങ്ങാന്‍ തുടങ്ങിയത്. ഓരോ ലക്കവും ദിവ്യമായി ചുളുങ്ങാതെ മടങ്ങാതെ നമ്പറിട്ടു സൂക്ഷിക്കുകയും ചെയ്തു. താമസിയാതെ കലാകൗമുദിയും  - അതിനു നമ്പറിടേണ്ട കാര്യമില്ലല്ലോ‌- അയിരത്തി ഒരുനൂറോളം മാതൃഭൂമി ഇങ്ങനെകൃത്യമായി നമ്പരിട്ടുസൂക്ഷിച്ചു . പിന്നെപ്പോഴോ വാരികയുടെ ശൈലിമാറ്റം സഹിക്കാനാവാതായപ്പോള്‍ വരുത്തുന്നതു നിര്‍ത്തി. പക്ഷേ പഴയ ലക്കങ്ങളുടെ ശേഖരം കാര്യമായിത്തന്നെ സൂക്ഷിച്ചു വന്നതാണ് . 2001 കാലത്തെപ്പോഴോ പെങ്ങള്‍ ബി. എഡ്. പഠിച്ചസമയത്ത് നാത്തൂന്മാര്‍ രണ്ടുപേരും കൂടി അടുക്കില്‍ നിന്നും ചിലതെടുത്തു. അതുകഴിഞ്ഞ് രണ്ടുകൊല്ലം തിരുവല്ലയില്‍ വാടകത്താമസം കൂടി വേണ്ടി വന്നതോടു കൂടി വീക്കിലികള്‍ സ്പര്ശമേല്ക്കാതെ നശിക്കാന്‍ തുടങ്ങി. ഇപ്പോള്‍ തൊടാന്‍പോലും പേടിക്കുന്നവസ്ഥയിലുമായി.) എഴുതാനുള്ളൊരു താത്പര്യം വേരെടുത്തു തുടങ്ങി യ കാലമായിരുന്നതുകൊണ്ട് നിരന്തരം കാണുന്ന പേരുകളെയും അവരെഴുതുന്നതിനെയും അസൂയയോടെയും വരും കാലത്തിന്റെ സാഹിത്യം നയിക്കാന്‍ പോകുന്നവരെന്ന ആരാധനയോടെയും ശ്രദ്ധിക്കാറുണ്ടായിരുന്നു . ഇക്കാലത്തു നടന്ന, മാതൃഭൂമി വിദ്യാര്ഥികള്‍ക്കു വേണ്ടി നടത്തിയ, സാഹിത്യമത്സരത്തില്‍ വിജയിച്ചവരുടെപേരും അതേപോലെതന്നെ മനസ്സില്‍ തറച്ചു.കഥയ്ക്കും ലേഖനത്തിനും സമ്മാനം നേടിയ വത്സലന്‍ വാതുശ്ശേരി, കഥയില്‍ സമ്മാനം ലഭിച്ച ജി. അശോക് കുമാര്‍ കര്‍തതാ, ലേഖനത്തിനുസമ്മാനം ലഭിച്ച ജോണി പുല്ലുവഴി, കവിതയ്ക്ക് ഒന്നാം സമ്മാനം കിട്ടി യ ബി. കൃഷ്ണകുമാര്‍ , രണ്ടാം സമ്മാനം കിട്ടി യ വി. ആര്‍ . മാധവന്‍ എന്നീ പേരുകള്‍ .  കൃഷ്ണകുമാറിന്റെ ' അന്ധകാരം ' എന് നകവിത മിക്കവാരും വരികള്‍ ഇപ്പോഴും ഞാനോര്ക്കുന്നുണ്ട് . '  പുകയുന്നചുണ്ടിന്നുചഷകം ചെരിക്കുവാന്‍ നിറകുംഭമേന്തുന്ന മാറിടങ്ങള്‍
താഴുന്നകൈകള്‍ക്കു താവളം തീര്‍ക്കുവാന്‍ താരുണ്യമേന്തും നിതംബബിംബം
തരികയില്ലെന്നുള്ളൊരാവാശി പ്രേമാര്‍ഥിതന്‍ പുരുഷത്വശോധനാ മാര്‍ഗമാണോ?
ഒടുവിലെന്‍ കൈകള്‍ നിന്നുടയാടയില്‍ രണ്ടുപിടയുന്നസര്‍പങ്ങളായിവീണു
വ്രതശുഷ്കതാ യെമൂടിത്തിമിര്‍ത്തൊരു കരിമുകില്‍ പൊട്ടിച്ചിരിച്ചുതാണു
ഇരുളിന്റെകമ്പളം പൊക്കീനിലാവിന്റെനരകപ്രകാശം നിഴല്‍ ചുരത്തീ......

മുറിവില്‍ മുളകരയ്ക്കുന്നനിലാവിന്റെ കനിവില്‍ നിന്‍ തേങ്ങല്‍ കലര്‍ന്നനേരം
ഒരുകടല്‍ വറ്റിച്ചചുണ്ടില്‍ ഞാന്‍ സാന്ത്വനവചനം തിരയുകയായിരുന്നു
ചിരിപൂത്തചുണ്ടി ന്റെവിടവിലൊരുബീഡിയില്‍ ചിതഞാന്‍ കൊളുത്തുകയായിരുനന്നു. ................

മൃതിയിലും നിഞ്ചുണ്ടിലൊരുമന്ദഹാസത്തിന്‍ പ്രതികാരജ്വാലനിറഞ്ഞുനിന്നൂ
അതുകാണുവാന്‍ മാത്രമെത്തിഞാന്‍ ചുണ്ടിലെകറതീര്‍ന്നയാത്രാമൊഴിയുമായി...

  ഇവരൊക്കെ മലയാളസാഹിത്യത്തില്‍ സമീപഭാവിയില്‍ത്തന്നെജ്വലിച്ചുനില്‍ക്കാന്‍ പോകുന്ന നക്ഷത്രങ്ങളാണെന്നുഞാന്‍ സങ്കല്പിച്ചുപോയി. അവരുടെ പുതിയ പുതിയ സൃഷ്ടികള്‍ വന്നിട്ടുണ്ടോഎന്ന ആകാംക്ഷയോടെയായിരുന്നുഓരോപുതിയ ആഴ്ചപ്പതിപ്പും തുറന്നു താളുകള്‍ മറിക്കുന്നത്.
പക്ഷേ, ഇതൊന്നുമുണ്ടായില്ല.
ബി. കൃഷ്ണകുമാറിന്റെ' കലണ്ടര്‍ എന്നൊരു കവിതകൂടികണ്ടതായിഓര്‍മയുണ്ട്. മലയാളത്തിലെമികച്ചകവികളിലൊരാളായിവളരുമെന്നുഞാന്‍ കരുതിയ ആപേര് പിന്നൊരിക്കലും കേള്ക്കപോലുമുണ്ടായില്ല. വി. ആര്‍ . മാധവനും അതുപോലെ. വത്സലന്‍ വാതുശ്ശേരിയെ പലവട്ടം പല ഇന്റര്‍വ്യൂകളില്‍ കണ്ടു: വലിയൊരുഗവേഷണപ്രബന്ധക്കെട്ടും വഹിച്ച് പ്രത്യക്ഷപ്പെടുന്നരൂപത്തില്‍. കഥാകൃത്തായ വത്സലന്‍ വാതുശ്ശേരിയെ എല്ലാവരും മറന്നുപോയി. അശോക് കുമാര്‍ കര്‍ത്തയുടെ കാര്യവും അങ്ങനെതന്നെ. പക്ഷേ ഫേസ്ബുക്കിലൂടെ കുറെനാള്‍ മുന്പു കണ്ടെത്തുമ്പോള്‍ അദ്ദേഹവും കഥാകൃത്തിന്റെ അങ്കി അഴിച്ചുകളഞ്ഞിരുന്നു. അന്നത്തെ ജോസഫ്  തന്നെയാണെന്നു കരുതുന്നു കവി എസ്. ജോസഫ്. ആശാ എന്‍ . നായര്‍ ആശാലതയെന്ന വേഷം ധരിച്ചെത്തി . ആശയും ആ പഴയകാലത്തെക്കുറിച്ചും അന്നത്തെ കവിതകളെക്കുറിച്ചും വലിയ ഓര്‍മകളൊന്നും സൂക്ഷിക്കുന്നില്ല. ' പരല്‍ മീനുകളുടെസൗഹൃദം' എന്നൊരുകവിതഞാന്‍ വ്യക്തമായും ഓര്‍ക്കുന്നുണ്ട്. ആശ പറയുന്നത് ആ ഒറ്റകവിതയേ ആ പംക്തിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളൂ എന്നാണ് .
അതെന്തുമാവട്ടെ, എവിടെപ്പോയീ മറ്റുള്ളവര്‍ ? പ്രത്യേകിച്ചും മുകളില്‍ ഞാനോര്‍ത്തു കുറിച്ചിട്ടവരികള്‍ ഒരു മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥി എഴുതിയവയാണെന്നിരിക്കെ!
സാഹിത്യത്തിന്റെവഴികള്‍ ഇങ്ങനെയാ ണ് ( ലോകത്തിന്റെയും )തിളങ്ങുന്നതാരകങ്ങള്‍ നിമിഷം കൊണ്ടൂര്‍ന് ന് അന്ധകാരത്തിലേക്കു മറയുന്നു. ശൂന്യതകളില്‍ നിന്നും പുതിയ താരങ്ങള്‍ പൊടുന്നനെ പൊട്ടിയുണരുന്നു.....
പക്ഷേ, പ്രകാശവര്‍ഷങ്ങക്കിപ്പുറമുള്ളചിലയിടങ്ങളില്‍ പഴയതിളക്കങ്ങള്‍ ഓര്‍ക്കുന്നവരുണ്ടായേക്കാമെന്നുമാത്രം!!