Saturday, July 23, 2011

ട്രാഫിക് ബ്ളോക്ക്

യൂണിവേഴ്സിറ്റിയില്‍ നിന്നും കവിയൂര്‍വരെയുള്ള നാല്പതുകിലോമീറ്റര്‍ തരണം ചെയ്യാന്‍ മൂന്നുമണിക്കൂറെടുത്തെങ്കില്‍ അതിന്റെ കാരണം ഇടയ്ക്കുള്ള മൂന്നു പട്ടണങ്ങളില്‍ അവിചാരിതമായ തിരക്കുകാരണം നഷ്ടമായ ഒരുമണിക്കൂറിലധികം സമയമാണ്. ട്രാഫിക് ബ്ലോക്ക് തന്നെ വില്ലന്‍. ട്രാഫിക് ബ്ലോക്കുണ്ടാക്കുന്നതോ, സിംഹഭാഗവും അതിന്റെ കാരണക്കാര്‍ സ്വകാര്യ വാഹനങ്ങളും! കേരളത്തിലെ നഗരയാത്രയെ ദുരിതമാക്കുന്നത് സ്വകാര്യവാഹനങ്ങളുടെ ആധിക്യമല്ലാതെ ഒന്നുമല്ല. ഞാനടക്കം ഏവരും ചെറിയ യാത്രകള്ക്കുപോലും കൂടുതലും സ്വന്തം നാല്ചക്രവാഹനങ്ങളെ ആശ്രയിക്കുന്നതിനു പലകാരണങ്ങളും ഉണ്ട്. പക്ഷേ അത് പൊതുജനത്തിന്റെ യാത്രയെ ബാധിക്കുന്നത് അടിയന്തര ശ്രദ്ധ വേണ്ട കാര്യം തന്നെ.
ചില യൂറോപ്യന്‍ രാജ്യങ്ങളെങ്കിലും നടപ്പിലാക്കിയ മട്ടില്‍ നഗരപരിസരത്ത് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്പ്പെടുത്തേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്നു സാരം!
പൊതുയാത്രാസംവിധാനത്തെ അല്പംകൂടി ഊര്ജ്ജസ്വലമാക്കി, ആവശ്യത്തിന് ബൈപ്പാസുകളും സൃഷ്ടിച്ച്, നഗരത്തിനുള്ളിലെ യാത്രയ്ക്ക് പൊതുയാത്രാ വാഹനങ്ങള്‍ക്കു മാത്രം ഉപയോഗിക്കാവുന്ന രീതിയില്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അത്യാവശ്യയാത്രകഴിയുംപോഴേക്കും വര്ഷങ്ങള്‍ ചിലവഴിക്കനുള്ള ഊര്ജ്ജം മണിക്കുറുകള്‍കൊണ്ട് ചിലവഴിച്ച് അകാലവൃദ്ധന്മാരാവുന്നവരുടെ ഒരു സമൂഹമായി കേരളം മാറും എന്നതുറപ്പ്.
ആര്‍ അതു നടപ്പാക്കും??
ജനമോ ജനനായകരോ???
പിന്‍കുറിപ്പ്:
മൂന്നുമണിക്കൂറിലേറെ നേരമെടുത്ത് നാല്പതു കിലോമീറ്റര്‍ താണ്ടി തോട്ടഭാഗത്ത് ബസ്സിറങ്ങി റോഡ് ക്രോസ്സ് ചെയ്യാനൊരുങ്ങുംപോള്‍, അമിതവേഗത്തില്‍ വന്ന വാഹനങ്ങള്ക്കടിപ്പെട്ട് അഞ്ചു വര്ഷത്തിനിടയില്‍ മൂനുപേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ട ഗതികെട്ട ആ കവലയെ പെട്ടെന്നു സ്തംഭിപ്പിച്ചുകൊണ്ട് ഒരു പൊലീസ് വാഹനവും അതിന്റെ മറവില്‍ ഒരു മന്ത്രിവാഹനവും !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Monday, June 13, 2011

ത്രയോദശി!

എന്റെ കൂട്ടുകാരന്‍, സഹപാഠി,
രവി- ഒരു മന്ത്രവാദി, രാവിലെ, അനിയന്റെ വീട്ടുപ്രവേശം കഴിഞ്ഞ മുറയ്ക്ക് ചോദിച്ചു.- എടോ, ഞാനിന്നലെ രാത്രി മൂന്നു പേരെ കണ്ടു. താനോ?
ഞാനാരെയും കണ്ടിരുന്നില്ല. രാത്രി രണ്ടരയ്ക്കാണ് ഞാന്‍ കിടക്കയിലേക്ക് ചാഞ്ഞത്. അതുവരെയും പാതി പൂര്‍ത്തിയില്‍ ആള്‍പ്രവേശത്തിനു വിധിക്കപ്പെട്ട ആ വീടിനെ അനിയനും രവിയ്ക്കും സഹായത്തിനെത്തിയ ചെല്ലപ്പനുമൊപ്പം ഒരുക്കുന തിരക്കിലായിരുന്നു. ഞാന്‍ പോരുമ്പോഴും രവിയും എന്റെ അനിയന്‍ രഞ്ജിത്തും വീടിനെ മനുഷ്യവാസ യോഗ്യമാക്കുവാന്‍ തൂക്കുകയുംതുടയ്ക്കുകയുമായിരുന്നു. മദ്യത്തിന്റെ ലഹരി മൂവരെയും അതുവരെയും പൂര്ണ്ണമായി വിട്ടൊഴിഞ്ഞിരുന്നില്ല. നല്ല നിലാവായിരുന്നു. ദ്വാദശി നിലാവ്; ഇടവത്തിലെ വെളുത്തപക്ഷദ്വാദശി.
ഗൃഹപ്രവേശമൊക്കെ കഴിഞ്ഞ് സദ്യ സമയത്താണ് ഉറക്കമിളപ്പും പുതുക്കിപ്പുതുക്കി മാറ്റമില്ലാതെ നിലനിര്‍ത്തിയ ലഹരിസൂചികയും സ്നേഹവുമെല്ലാം തിരകുത്തി സുനാമിയായ അവസ്ഥയില്‍ പ്രസ്തുത ചോദ്യം എന്നോട് ചോദിച്ചത്. ഇല്ലാ എന്ന് ഞാനുത്തരം നല്കി. ഞാന്‍ പോയശേഷമല്ലേ സംഭവം എന്ന് ആരാഞ്ഞുറപ്പിച്ചു. ഞാന്‍ പോയശേഷമേ അങ്ങനെയാരെങ്കിലും വരൂ എന്ന് പറഞ്ഞുതറപ്പിക്കുകയും ചെയ്തു.
രവികണ്ടത് എന്റെ പിതൃക്കളെയായിരുന്നു. എന്റെ തലമൂത്ത കാരണവരുടെ- കുട്ടനമ്മാവന്റെ- പതിനാറടിയന്തിരം ഇന്നലെയും സപിണ്ഡി ഇന്നുമായിരുന്നല്ലോ!( എന്തൊരത്ഭുതകരമായ വര്‍ഗ്ഗീകരണമാണെന്നു നോക്കണം- നമ്പൂരിബ്രാഹ്മണനും നായരൊഴിച്ചുള്ള നാനാജാതികള്‍ക്കും പിതൃ തന്തവഴിക്കാണെങ്കില്‍ നായര്‍ക്കത് തള്ളവഴി!) ഉത്തരവാദപ്പെട്ട സ്ഥാനത്ത് നിന്ന് അനിയന്റെ വീട്ടിലെ ഞങ്ങളുടെ ചെയ്തികള്‍ വിക്ഷിച്ച പിതൃ ആരെന്നതിലും രവി സംശയിച്ചില്ല. സുനാമിയുടെ മൂര്‍ദ്ധന്യത്തില്‍ രവി തുള്ളിപ്പറഞ്ഞു- എടോ, എനിക്കെന്റെ തംപ്രാന്റെ പതിനാറുണ്ണണം, ഞാന്‍ സൈക്കിള്‍ ചവിട്ടണോ, താനെന്നെ അവിടെത്തിക്കുമോ?( രവിയുടെ അപ്പൂപ്പന്‍ ചോതന്‍ എന്റെ ഏതോ തലമുറയിലെ കാരണവരുടെ അടിയാനായിരുന്നു. എട്ടാം ക്ലാസ്സില്‍ വച്ച ഞങ്ങള്‍ക്കിടയില്‍ സൗഹൃദം കുരുത്ത നാളുകളില്‍ രവി ഈ കഥ എന്നോട് ആദ്യമായിപ്പറഞ്ഞു.) എടോ, തനികറിയാമോ, മത്തിമലയിലിലിരുന്ന് ചമ്പക്കരവല്യച്ചന്‍ താഴെക്കൂടി എന്റെ വല്യപ്പനെങ്ങാനും പോകുന്നതുകണ്ടാല്‍ വിളിച്ച് കൂവുമായിരുന്നു, എടാ ചോതനേ ന്ന്.
രവിയെ സ്കൂട്ടറില്‍ ഞാന്‍ സപിണ്ഡി സ്ഥലത്തെത്തിച്ചു. അയാളെ ഊട്ടിത്തിരിച്ചെത്തി.
പിതൃകഥ തീര്ന്നില്ല. എന്റെ അമ്മയും രാത്രിയില്‍ മുറ്റത്തും പ്രറംപിലും ഉലാത്തുന്ന മൂന്നു രൂപങ്ങളെ കണ്ടിരുന്നു, നിലാവത്ത്. അവരെല്ലാം മനുഷ്യരാണെന്നായിരുന്നു രവി പറയുംവരെ അമ്മയുടെ വിശ്വാസം. പാതിരാവില്‍ മുറ്റത്ത് ഉലാത്തുന്നത് ആരാണെന്ന് അത്ഭുതപ്പെട്ടു എന്നു മാത്രം.
ഗൃഹപ്രവേശം കഴിഞ്ഞു. രണ്ടുപകലും ഒരു രാത്രിയും ചിലവിട്ട് ചടങ്ങുകളെയെല്ലാം ഭംഗിയാക്കിയ ശേഷം രവിയും വീട്ടിലേക്ക്മടങ്ങി.
പുതിയവീടിന്റെ മണങ്ങള്‍ പിടിക്കാതെ അനിയന്റെ ഇളയമകള്‍ പൊന്നു കരഞ്ഞപ്പോള്‍ അനിയനൊഴിച്ചെല്ലാരും വന്ന് പഴയമുറിയെ അഭയം പ്രാപികുകയും ചെയ്തു.
അരൂപികളുടെ തോഴനായ ഞാന്‍ പാതിരാതികഞ്ഞതും താഴെയുള്ള പുതിയ വീടിനെ ഒന്നു കണ്ടുഴിഞ്ഞ് വെറുതെ നിലാവുവീണ പറംപിലാകമാനമൊന്നു കണ്ണോടിച്ചു. കന്യാക്കോണിയില്‍ യക്ഷീസാന്നിധ്യത്തോടെ തികഞ്ഞു നില്ക്കുന്ന വൃദ്ധയായ പാലമരത്തിനുനേരെ നടന്നു. നിലാവെട്ടത്തില്‍ തറ തെളിഞ്ഞുകാണാവുന്നിടത്തോളം നടന്ന് പാലയുടെ വടക്കുകിഴക്കേ മൂലയില്‍ ചെന്നുനിന്ന് അടിതൊട്ടുമുടിയോളം അതൊന്നുഴിഞ്ഞു. യൗവനത്തിന്റെ ആദ്യനാളുകളില്‍മുതല്‍ വിഫലമായി തിരഞ്ഞുകൊണ്ടിരുന്ന അതിന്റെ ഉടയോളെ സംബോധനചെയ്ത് എന്തൊക്ക്എയോ പറഞ്ഞു.
നിലാവു ചിരിച്ചു.
എത്രയോകാലമായി, യക്ഷിമാര്‍ സാധാരണ വിഹരിക്കാറുള്ള ലക്ഷണയുക്തമായ രാത്രികളില്‍ ഞാനീ പാലയുടെ പരിസരങ്ങളില്‍ ചുറ്റിനടന്ന് അവരെ തിരഞ്ഞിരിക്കുന്നു എന്ന് നിലാവിനറിയാം. ആ കാത്തിരിപ്പിന്റെ അനിശ്ചിതത്വകാലത്ത് എന്റെ മനസ്സിനെ വലയം ചെയ്ത ഭയങ്ങളും ലഹരികളും അറിയാം.
നിലാവിന് ചിരിക്കാനല്ലേ കഴിയൂ. അരൂപികളെ വെളിവാക്കാനും, ഒരുപക്ഷേ!

Thursday, June 02, 2011

എന്തുകൊണ്ട്??ന്തുകൊണ്ടെന്??തുകൊണ്ട്???????????????????( ഒരു കുടുംബ ചരിത്രം)


ശനിയാഴ്ച മരിച്ചെകിലും കുട്ടനമ്മാവന്‍ ഞാലീക്കണ്ടത്തിന്റെ മനസ്സില്‍ നിന്നു മായുന്നില്ല എന്ന തോന്നലോടെ കുറിക്കുന്നത്-
ശ്രീധരനമ്മാവന്‍ മരിച്ച രാത്രി..........( പലിപ്ര രാമപ്പണിക്കരുടെയും ചമ്പക്കരമഠത്തില്‍ കുട്ടിയമ്മയുടെയും രണ്ടാമത്തെ മകനായിരുന്നു ശ്രീധരനമ്മാവന്‍. തികഞ്ഞ സഞ്ചാരി. തലതിരിഞ്ഞതിന്റെയെല്ലാം അധിപന്‍. രണ്ടുപേരെ മാത്രം അദ്ദേഹം ഭയന്നു. മത്തിമലേയമ്മയേയും( എന്റെ) കട്ടനേയും. ( പലിപ്ര രാമപ്പണിക്കര്‍[ പലിപ്രപണിക്കര്‍ക്കും തൃക്കവിയൂരപ്പനും ആദിയുമന്തവും ഇല്ലാ എന്ന് കവിയൂരൊരു ചൊല്ലുമുണ്ടായിരുന്നു.] കുട്ടിയമ്മ ദമ്പതിമാര്‍ക്ക് ഏഴു മക്കളായിരുന്നു- കൃഷ്ണക്കുറുപ്പ്, ശ്രീധരകുറുപ്പ്, ലക്ഷ്മിക്കുട്ടിയമ്മ, മീനാക്ഷിയമ്മ, പരമേശ്വരക്കുറുപ്പ്, { രാമചന്ദ്രക്കുറുപ്പ് വാസുദേവക്കുറുപ്പ്- ഇരട്ടകള്‍}. ഇതില്‍ ശ്രീധരനമ്മാവന്‍ മുതലുള്ളവരേ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. 1983 കാലത്തുതന്നെ വലിയകുഞ്ഞമ്മാവന്‍ എന്ന രാമചന്ദ്രക്കുറുപ്പും മരിച്ചു. ശേഷിച്ചവരില്‍ രണ്ടുപേര്‍ മനോബലം കൊണ്ട് ശ്രദ്ധിക്കപ്പെടേണ്ടവരാകുന്നു- മീനാക്ഷിയമ്മ എന്ന മത്തിമലേയമ്മയും കുട്ടനമ്മാവന്‍ എന്ന പരമേശ്വരകുറുപ്പും.)
കുട്ടനമ്മവന്റെ വക ഒരു മുറിയില്‍ക്കിടന്ന് ഏറെക്കുറെ അനാഥനായി മരിച്ച ശ്രീധരനമ്മാവന്റെ ജഡം മിനുട്ടുകള്‍ക്കകം സ്വന്തം വീട്ടിലേക്കു മാറ്റി കുട്ടനമ്മാവന്‍. അന്നു രാത്രി അവിടെ ചിലവഴിച്ച ചിരുക്കം വ്യക്തികളിലൊരാളായ എന്നോട് അക്ഷരവുമായുള്ള ബന്ധം കാരണമാകണം, കുട്ടനമ്മാവന്‍ പറഞ്ഞു, എടാ, നമ്മുക്കും വേണ്ടേ ഒരു കുടുംബ ചരിത്രം. എന്റെ കാലം കഴിയുംമുന്പ് അതൊരു രൂപത്തില്‍ കാണണമെന്നുണ്ട്. ചമ്പക്കര ലീലയോടും( ഡോ. കവിയൂര്‍ സി. പി. ലീല) ഞാനിതു പറഞ്ഞിട്ടുണ്ട്. നീയവളെ ആവശ്യമനുസരിച്ച് സഹായിക്കണം.
കുട്ടനമ്മാവന്‍ പറഞ്ഞ പടി ചരിത്ര രേഖയിങ്ങനെയാകുന്നു- തിരുവിതാംകൂറില്‍ പണ്ട് മാര്‍ത്താണ്ഡ വര്‍മ്മയെന്നു പേരായ ശക്തനായ ഒരു രാജാവുണ്ടായിരുന്നു. അദേഹത്തിന്റെ കാലശേഷം അനന്തിരവനായ രാമവര്‍മ്മ രാജാവായി. ധര്‍മ്മരാജാവെന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ധര്‍മ്മരാജാവിന്റെ ഭരണകാലത്ത് കവിയൂരിലെ പത്തില്ലത്തില്‍ പോറ്റിമാരിലൊരാളായ നെടുങ്ങാല നമ്പൂതിരി മണ്ണടി ക്ഷേത്രത്തില്‍ പൂജാ സംബന്ധമായി ആ സ്ഥലത്തു ചെന്നുപെട്ടു. അവിടെയുള്ള കളയ്ക്കാട്ട് എന്നുപേരുള്ള നായര്‍കുടുംത്തിലെ ഒരു സ്ത്രീയുമായി അദ്ദേഹം ബന്ധത്തിലായി. ആ നെടുങ്ങാല നംപൂതിരി തന്റെ പ്രിയതമയുമൊത്ത് കുറെക്കാലം കഴിഞ്ഞ് കവിയൂരില് തിരിയെയെത്തി. നെടുങ്ങാലെ വക ഭൂമിയില്‍ ഒരു വീടു പണിത് ആ സ്ത്രീയെ അവിടെ താമസിപ്പിച്ചു. ആ ഗൃഹത്തിന് കളയ്ക്കാട്ട് എന്നു പേരുമിട്ടു. ആ പരമ്പരയില്‍ നിന്നാണ് ചമ്പക്കരകുടുംബത്തിന്റെ ഉത്ഭവം. അമ്മാവന്‍ തുടങ്ങിവച്ച മാര്‍ത്താണ്ഡവര്‍മയുടെ കഥയില്‍ എന്റെ കുടുംബത്തിന്റെ സ്ഥാനമെന്തെന്നറിയാതെ അന്തം വിട്ടുനിന്ന എന്നോട് ചരിത്രമാകുമ്പോള്‍ അങ്ങനെ വേണ്ടേ എന്ന അര്‍ഥത്തിലെന്തോ അന്ന് അമ്മാവന്‍ പറഞ്ഞു. മാസങ്ങള്‍ക്കുശേഷം ഇതെപ്പറ്റി സംസാരിക്കാനിടവന്നപ്പോള്‍ ലീലക്കൊച്ചമ്മയു(ചിറ്റമ്മ / ടീച്ചര്‍) എന്റെ കണ്ഫ്യൂഷന്‍ ശരിവച്ചു.
ഇതായിരുന്നു കുട്ടനമ്മാവന്‍. എന്തും ശ്രദ്ധിക്കപെടാവുന്ന ഒരു ബിന്ദുവില്‍ ബന്ധിക്കുവാന്‍ ആ വ്യക്തിത്വം ആഗ്രഹിച്ചു. അദ്ദേഹത്തിനെതിരെ വലിയൊരു കലാപം നടത്തിയ ശേഷം കാണുമ്പോഴും എടാ മോനേ എന്ന് മുന്‍ സംഭവത്തിന്റെ ലാഞ്ച്ഛനയൊനുമില്ലാതെ ഇടപെടാന്‍ ശ്രദ്ധിച്ചു. എന്റെ മക്കളെപ്പോലും ഒരപരിചിതത്വവുമില്ലാതെ എണ്പത്തിയേഴാം വയസ്സിലും തിരിച്ചറിയുവാന്‍ കഴിഞ്ഞു. ആ വിഗ്രഹത്തെ അടിമുടി എതിര്‍ത്ത എന്നെപൊലൊരുവനല്ലാതെ ആര്‍ക്കാണ് അദ്ദേഹത്തെക്കുറിച്ച് ഇത്രയും പറയുവാനാകുക. ഫേസ്ബുക്കില്‍, ശരത്ചന്ദ്രനെന്ന ഞങ്ങളുടെ ശര ഒരു യുഗത്തിന്റെ അവസാനം എന്ന കുറിപ്പോടെ കുട്ടനമ്മാവന്റെ ചിത്രം പ്രസിദ്ധീകരിച്ചതു കണ്ടാണ് ഞാനിത് എഴുതുന്നത്.
തീര്‍ച്ചയായും ഇത് ശതാഭിഷേകം കഴിഞ്ഞെടുത്ത ഒന്നാകുന്നു. കാരണം എണ്‍പതാം വയസ്സിലും എന്റെ നേരമ്മവന്മാരടക്കമുള്ള അനന്തരവന്മാരുടെ മുന്‍പില്‍ അദ്ദേഹം യൗവനത്തികവോടെ തന്നെ തികഞ്ഞുനിന്നു.

ചിലര്‍ക്കു മുന്പിലേ കാലം തലകുനിക്കാറുള്ളല്ലോ!
ശരിക്കും ജെനുവിനായവരുടെ മുന്പില്‍ മാത്രം.
പഴയ ഏഴാം ക്ളാസ്സുകാരനായ മുരിങ്ങൂര്‍ത്തോട്ടത്തില്‍ കുട്ടക്കുറുപ്പെന്ന തടിക്കുറുപ്പായ ചമ്പക്കര സി.ജി. പരമേശ്വരക്കുറുപ്പ് കാലത്തെ തോല്പ്പിച്ചത് അങ്ങനെയാണ്............................

Monday, May 30, 2011

കുലപതിയുടെ കാലം

ചിലര്‍ക്കുമുന്‍പില്‍ കാലം തരിച്ചു നില്കുന്നു.

ചിലര്‍ക്കായി കാലം ചിരിച്ചു നില്ക്കുന്നു.

കുട്ടനമ്മാവനെ കാലം ഇതില്‍ രണ്ടാമത്തെ ഗണത്തില്‍ പെടുത്തി എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

കാരണം എണ്‍പത്തിയേഴു വര്‍ഷത്തെ ജീവിതം കഴിഞ്ഞ് ചിതയിലേക്കു യാത്രയാകുന്ന കുട്ടനമ്മാവനെ അവസാനമായി ഒരുനോക്കുകാണാന്‍ എത്തിയവരുടെ എണ്ണം മാത്രം കണക്കിലാക്കിയാല്‍ മതി ഇതു ശരിയാണെന്നു ബോധ്യമാകാന്‍. ജീവിച്ചിരുന്ന കാലത്ത് നിഷേധിച്ചവരും പിന്നില്‍ നിന്നു ചിരിച്ചവരും ഭള്ളുപറഞ്ഞവരും ഒക്കെ മറ്റെന്തു തിരക്കും മാറ്റിവച്ച് ആ ശവസംസ്കാരച്ചടങ്ങിലെത്തി. ഞാനും എന്റെ അമ്മയുടെ അമ്മാവനായ അദ്ദേഹത്തെ പലപ്പോഴും എതിര്‍ത്താണ് വളര്‍ന്നത്. പൊതുവേദികളില്‍ ആ നിലപാടുകളെ ഉറച്ച ശബ്ദത്തില്‍ തള്ളിപ്പറയുകയും കൈചൂണ്ടി പരുഷം പറയുകയും ചെയ്ത എന്നെ അമ്മാവന്‍ തോല്പിച്ചത് തൊട്ടടുത്ത ദിവസം അങ്ങനെയൊരു സംഭവം നടന്നതിന്റെ ഭാവമേ പ്രകടിപ്പിക്കാതെ പതിവുപടി സംസാരിച്ചും പെരുമാറിയുമായിരുന്നു. സംസ്കാര സമയത്ത് മക്കളും ചെറുമക്കളും അനന്തരവന്‍മാരും കുഞ്ഞനന്തരവന്മാരും ചെറുമക്കളുടെ മക്കളും അടങ്ങുന്ന വലിയൊരു ബന്ധു വ്യൂഹത്തില്‍ നിന്നും അന്ത്യകര്‍മ്മം ചെയ്യാന്‍ നിരന്ന ഇരുപത്തിയൊന്നു പേരില്‍ ഒരാളായത് പൂര്‍ണ്ണമനസ്സോടെയായിരുന്നു. ഇരുപത്തിയൊന്നു പേരില്‍ ഒരുതുക്കുകയായിരുന്നു. എന്നിട്ടുതന്നെ ചടങ്ങുപൂര്‍ത്തിയാകാന്‍ രണ്ടുമണിക്കൂറിലേറെനേരമെടുത്തു. കുടുംബക്കൂടിച്ചേരലുകളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെട്ട ആ വലിയകാരണവരുടെ അന്ത്യയാത്രയും വലിയൊരു ആഘോഷമായി മാറുകയായിരുന്നു.

കുട്ടക്കുറുപ്പില്ലാത്ത ആദ്യദിവസത്തിന്റെ മൗഢ്യത്തില്‍ മുഴുകിക്കിടക്കുകയാണ് ഞാലീക്കണ്ടം എന്നു പറഞ്ഞാലും അതിശയോക്തിയില്ല.

അതൊരു സാന്നിധ്യമായിരുന്നു.


Wednesday, May 25, 2011

കിണര്‍

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്ന് കിണറാകുന്നു.

ജീവിതം എന്നത് അനുഭവങ്ങളുടെ ആകെത്തുകയായതുകൊണ്ട് ഒന്നും വ്യ്വവച്ഛേദിച്ചു പറയാന്‍ ധൈര്യമില്ലെങ്കിലും,

എളുതെങ്കിലും ചില ജീവിതാനുഭവങ്ങള്‍ പങ്കിടുന്നതില്‍ തെട്റ്റില്ലെന്ന വിശ്വാസത്തോടെ പറയട്ടെ,

കിണര്‍ സത്യമാകുന്നു.

കിണര്‍ ദൈവമാകുന്നു.

കിണറാകുന്നു ജീവന്റെ പരമാധാരം!

ഏറെ കത്തിരുന്ന്,

അവസരങ്ങള്‍ അനുകൂലമാവുന്ന ഒരു കാലം മുഴുവന്‍ തള്ളി നീക്കി,

അവസാനം ഇനി കാത്തിരുന്നാല്‍ ഭ്രാന്തിനുമപ്പുറത്തുള്ള ഏതെങ്കിലും അവസ്ഥ വരുമെന്നു ഭയന്ന്

അവസാനം നല്പത്തിയഞ്ചാം വയസ്സില്‍ വീടുപണിയാനിറങ്ങിത്തിരിച്ച ഒരുവനേ മനസ്സിലാകൂ ചിലപ്പോള്‍ ഇതൊക്കെ.

നാല്പത്തിയഞ്ചാം വയസ്സില്‍ വീടുപണിക്ക് തീരുമാനമെടുത്തത്,

ഒത്തിരിയാലോചിച്ച ശേഷമാണ്.

തുടങ്ങുമ്പോഴല്ലേ, പ്രശ്നങ്ങളുടെ വിളയാട്ടം!

കിണറിലായിരുന്നു തുടക്കം.

മീനം രാശി നോക്കി ആദ്യത്തെ

കുഴിക്കല്‍

തുടങ്ങിയത് പെരുന്തച്ചന്‍ രാമചന്ദ്രന്റെ അനുമതിയോടെ!

പക്ഷേ ആദ്യത്തെ മണ്ണടരു നീങ്ങിയപ്പോള്‍ത്തന്നെ തെളിഞ്ഞു ഉഗ്രനുഗ്രന്‍ പാറ.

രണ്ടാമത്തെ ചുവട് അല്പം കൂടി കരുതിയായിരുന്നു.

ബന്ധങ്ങളുടെ ബലം തുണയാക്കി,

നാട്ടകം കോളേജിലെ ജിയോളജി അധ്യാപകരായ കൃഷ്ണകുമാറിനെയുമ് ദിലീപിനെയുമ് വിളിച്ച് ഉപദേശം തേടി.

ആകെയുള്ള പത്തു സെന്റില്‍ പാറയുടെ ഉപദ്രവമില്ലാതെ വെള്ളം ലഭിക്കാനുള്ള സാധ്യത അറിഞ്ഞു.

കിണര്‍ വിദഗ്ധന്‍ ഓമനക്കുട്ടന്‍ അതിന്റെ ഏറ്റവും അപകടകരമായ സ്ഥലം തന്നെ തിരഞ്ഞെടുത്തെങ്കിലും പ്രതീക്ഷ വെടിഞ്ഞില്ല.

അഞ്ചാറുദിവസത്തെ കുഴിക്കലിനും നിരന്തരമായി മണ്ണിനടിയില്‍ നിന്നുരുത്തിരിയുന്ന ശുഭസൂചനകള്‍ക്കുമവസാനം വെള്ളത്തോടൊപ്പം കഠിനമായ പാറച്ചെരിവും തെളിഞ്ഞു വന്നപ്പോള്‍ ഏതായാലുമ് മടുപ്പുതോന്നിയില്ല.

പാറപോട്ടിച്ചാലും വിശ്വസനീയമായ അളവില്‍ വെള്ളം ലഭിക്കുമെന്നുറപ്പുപറയാനാവില്ലെന്ന ഓമനക്കുഠന്റെയും ജോസഫിന്റെയും ഹതാശമായ അഭിപ്രായം ശാസ്ത്രമരിയുന്ന കൃഷ്ണന്റെയും ദിലീപിന്റെയും മുന്നറിയിപ്പുകളെ ബലപ്പെടുത്തിയതോടെ മൂന്നാമതൊന്നിനെത്തിരയുക എന്ന സാഹസം അനിവാര്യമാണെന്ന് ഉറപ്പുനല്കി.

മൂന്നമത്തെ പര്യവേക്ഷണം ഒരു ചടങ്ങുമില്ലാതെയായിരുന്നു.

സ്ഥലം കൃഷ്ണനും ദിലീപും പറഞ പരിധിയില്‍ എവിടെയും തിരഞ്ഞെടുക്കാന്‍ ഓമനക്കുട്ടന്നു സ്വാതന്ത്ര്യം നല്കി.

അവരുടെ പ്രവൃത്തി മുന്നേറുന്നത് നിര്‍മ്മമതയോടെകണ്ടു.

ബുധനാഴ്ച ഫലം കാണും എന്നവര്‍ പറഞ്ഞത് സൗഹൃദത്തോഠെ അവഗണിച്ചു.

ഇന്നലെ അവര്‍ കണിശം പറഞ്ഞു എന്ന് അച്ഛനില്‍ നിന്നറിഞ്ഞപ്പോഴും എന്തിനും തയ്യാറായ മനസ്ഥിതി നിലനിര്‍ത്തി.

ഇന്നുച്ചയ്ക്ക് അച്ഛന്‍ കിണറ്റില്‍ ശക്തമായ രണ്ടുറവകള്തെളിഞ്ഞു എന്നറിയിച്ചപ്പോളും ഒന്നും സമ്ഭവിച്ച മട്ടില്ലായിരുന്നു.

വന്നു കണ്ടു ബോധ്യപ്പെട്ടപ്പോഴും മനസ്സ് ചഞ്ചലമാകാതെ ശ്രദ്ധിച്ചു.

കിണര്‍ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന പാഠം മനസ്സില്‍ ഉറച്ചു എന്നത് മാത്രം!

ശരിക്കും കിണര്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരവയവമാകുന്നു.

വീട്??????????????

Monday, May 23, 2011

ഇന്നു കണ്ട നക്ഷത്രം

ഇന്നു കണ്ട നക്ഷത്രം

ഒറിജിനലായിരുന്നു,സംശയമില്ല

മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.

(കഴിച്ച മങ്കീസ് ബേ റമ്മിന്റെ മായാജാലമല്ല തന്നെ)

നക്ഷത്രത്തിളക്കത്തിന്റെ വേഗത്തില്‍ അവളുടെഉപദേശങ്ങളും

ചിമ്മിക്കൊണ്ടിരുന്നു-

മനസ്സിലാക്കാമല്ലോ,

ഇതിപ്പം സ്ഥിരം ശീലമാക്കിയിരിക്കുകാ അല്ലേ....

ഭാവിയെക്കുറിച്ചു യാതൊരു വിചാരവുമില്ലല്ലേ....

എന്നിങ്ങനെ............

ആണായോരെല്ലാര്‍ക്കും മനസ്സിലാകാവുന്നതും

എന്നാല്‍ മനസ്സിലായില്ലെന്ന് ബോധത്തികവോടെ

നടിച്ചുതള്ളുന്നതുമായ അതേ ചോദ്യങ്ങള്‍

നക്ഷത്രമിപ്പോഴും ചിമ്മിച്ചിരിച്ചുകൊണ്ടിരുന്നു.

എന്റെ നടനത്തികവിന്റെ ഓളങ്ങളില്‍

ലയിച്ച്അവളും ചിമ്മിച്ചിരിച്ചുപോയത് സ്വാഭാവികം.

രാത്രികളായാല്‍ ഇങ്ങനെതന്നെയാവണം

റമ്മിന്റെ രൂക്ഷലഹരിയെഉദാത്തീകരിക്കുവാന്‍ പാകത്തില്‍

തെക്കേയാകാശച്ചരുവില്‍

അസാമാന്യവലിപ്പത്തില്‍ ഒരു

നക്ഷത്രം

ചിമ്മിച്ചിരിക്കണം

ഉഷ്ണമടക്കുവാന്‍ നീര്‍ തേടി

ഇടതുംവലതും ഒന്നിച്ചു രാവില്‍

മുറ്റത്തിറങ്ങണം

കുട്ടികള്‍

നക്ഷത്രങ്ങള്‍ക്കുമതീതമായ ലോകത്ത്

കളിച്ച്കമ്പ്യൂട്ടറിന്റെമുമ്പില്‍

കണ്ണുരുട്ടിയിരിക്കണം

ഹാ സന്തുഷ്ട

കുടുംബത്തെക്കുറിച്ച്

ഇതിലേറെയെന്തുപന്യസിക്കുവാന്‍!!!!!!!!!

Sunday, March 27, 2011

വെയില്‍ ചായുമ്പോള്‍

അല്പനേരത്തെ മയക്കത്തിനു ശേഷം ഒരു മുറുക്കാനും വായിലിട്ട് നജാക്കത്ത് അലി സലാമത് അലിമാരുടെ സംഗീതത്തില്‍ മുഴുകി ഇങ്ങനെ ഇരിക്കുന്നതിനുമുണ്ട് ഒരു സുഖം!

അതും മീനച്ചൂടിന്റെ പാരമ്യത്തില്‍.

ജന്നലിനപ്പുറം തളര്‍ന്ന വാഴകള്‍ക്കും പുല്ലിനും മീതേ ചാഞ്ഞുവീഴുന്ന വെയിലിനിപ്പോഴും രൗദ്രം കുറഞ്ഞിട്ടില്ല.

ഈ വര്ഷം എല്ലാം കഠിനമായിരുന്നു. മഴയും വേനലും....

നാമാകട്ടെ, കാലാവസ്ഥയില്‍ വന്നു കൊണ്ടിരിക്കുന്ന തീവ്രമാറ്റത്തിനെ യാഥാര്‍ഥ്യത്തിന്റെ കണ്ണുകൊണ്ടു നോക്കിക്കാണാന്‍ ഇനിയും പഠിച്ചിട്ടില്ല.

ഇന്നലെ ഞാന്‍ കണ്ട ഒരു കാഴ്ച് അങ്ങനെയൊരു തോന്നലാണുണ്ടാക്കിയത്. ഗ്രാമീണ തൊഴില്‍ ദാന പദ്ധതിയുടെ ഭാഗമായി കിഴക്കന്‍ പ്രദേശത്ത് ഒരു തോട് വൃത്തിയാക്കുന്നത് ഇന്നലെ കണ്ടു. മഴക്കാലം തീര്‍ന്നുകഴിഞ്ഞാലും ഒന്നു രണ്ടു മാസത്തേക്കു കൂടി സജീവമായിരിക്കുന്ന ഈ തോട്ടില്‍ വേനല്‍ മുറുകിക്കഴിഞ്ഞാല്‍ പലയിടങ്ങളിലും ചെറിയ കുഴികള്‍ കുത്തി കുളിക്കാനും മറ്റും വെള്ളം സംഭരിക്കുന്നത് എല്ലാക്കൊല്ലവും കാണാറുള്ളതാണ്. ഇത്തവണ ഗ്രാമീണ തൊഴില്‍ ദാന പദ്ധതിയുടെ ഭാഗമായി ചെയ്തത് തോട് ആകമാനം അരയടിയോളം ആഴത്തില്‍ കുഴിക്കുകയാണ്. അങ്ങനെ കുഴിച്ചതോടെ പലയിടത്തും മണ്ണിനടിയിലെ ജലം പരന്നൊഴുകുകയും കടുത്ത വെയിലേറ്റ് മിക്കവാറും വൈകുന്നേരമായതോടെ അതപ്പടി വറ്റകയും ചെയ്തു. പഴയകാലം മുതലേ വറ്റി വരണ്ട ആറ്റ്മണല്‍പ്പരപ്പിലും തോടുകളിലുമൊക്കെ ചെറിയകുഴികള്‍ കുത്തി വേനല്‍ക്കാലങ്ങളെ അതിജീവിക്കാന്‍ ജലം സമ്ഭരിക്കുകയായിരുന്നു പതിവ്. ആ പഴയ നാട്ടറിവുകളെ ഗ്രാമീണതൊഴിലുറപ്പിന്റെ ഭാഗമായി മാറ്റിവയ്ക്കുമ്പോള്‍ ജലസ്രോതസ്സുകളുടെ മരണവും കൂടി ഉറപ്പാവുകയാണ്. ആറുകളും തോടുകളുമൊക്കെ സമ്രക്ഷിക്കാന്‍ ദീര്ഘവീക്ഷണത്തോടെ പദ്ധതികളാവിഷ്കരിക്കാതെ അവയുടെ സ്വാഭവികസ്ഥിതി നശിപ്പിച്ച് അവയെ ചൈതന്യരഹിതമാക്കുന്ന കാഴ്ച്ചയാണെങ്ങും. മണലൊഴിഞ്ഞ് നഗ്നരായ നദികള്‍ തുടര്‍ന്നു നേരിടേണ്ടിവന്ന വിധി മുട്ടിനു മുട്ടിനു തടയണകളാല്‍ ബന്ധിക്കപെട്ട് ആണ്ടിന്റെ ഏറിയപങ്കും ഒരായിരം വൃത്തികെട്ട കുളങ്ങളുടെ ശൃംഖലയായി ഒഴുക്കറ്റ് ഹതാശമായുള്ള കിടപ്പാണ്. അതേ, ഭൂമുഖത്തെ ഏറ്റവുമ് വലിയ പുഴകളുടെയും അരുവികളുടെയും ശവപ്പറംപായി മാറിക്കൊണ്ടിരിക്കുകയാണ് കേരളം.

ഒരു കാലത്ത് നമ്മുടെ സമൃദ്ധിയുടെ അടയാളമായിരുന്നു മഴക്കാലത്ത് നിറഞ്ഞൊഴുകുകയും വേനലായാല്‍ വെണ്മണല്പ്പരപ്പുകളെ തഴുകി നേര്‍ത്ത് മെലിഞ്ഞൊഴുകുകയും ചെയ്തുകൊണ്ടിരുന്ന നമ്മുടെ ഭുവനസുന്ദരികളായ പുഴകള്‍.

കാലം മാറി. കാലാവസ്ഥയും മാറി.

മലയാളിയോ, കാലാവസ്ഥാമാറ്റത്തെ പ്രാകിക്കൊണ്ട് കാലാവസ്ഥയെക്കാള്‍ ക്രൂരമായി പ്രകൃതിയുടെ സ്വാഭവികചൈതന്യം നശിപ്പിക്കുന്നതില്‍ വ്യാപൃതനാവുന്നു. ആ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാകത്തില് നാം കരുതിവച്ചിരിക്കുന്ന 'ശാസ്ത്രീയ' അറിവുകളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പരപ്പുകണ്ടാലോ, ആരും ഞടുങ്ങിപ്പോകും!

അല്ലെങ്കിലും വീടൊന്നിന് ഒരു ഗവേഷണ ഡോക്ടര്‍ വച്ചു നിലവിലുള്ള ഐഡിയല്‍ സമൂഹമാണല്ലോ നമ്മുടേത്!

അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ചില ബിംബങ്ങള്‍




കുട്ടിക്കാലത്തെ ഏറ്റവും ഗംഭീരമായ ഒരു ഓര്‍മ്മചിത്രമുണ്ട്. ധനുമാസത്തില്‍ ഉത്സവക്കാലത്ത് അമ്പലത്തിലേക്ക് അഛന്റെയും അമ്മയുടെയും കൈയില്‍ത്തൂങ്ങിയുള്ള യാത്ര. കിഴക്കേ നടയടുക്കുംപോഴേക്കും വേലകളിയുടെ തപ്പുതാളവും കിഴക്കേ നടായലാകെ നിറഞ്ഞു നില്ക്കുന്ന പലവിധ വാണിഭങ്ങളും അതിനെല്ലാമപ്പുറത്തായി വെള്ളവരകള്‍ നിറഞ്ഞ പതിനെട്ടാംപടിയും. പടിയിലെ ആ വരകളായി തോന്നിയത് മനുഷ്യരാഅയിരുന്നോ അതോ ഉത്സവം പ്രമാണിച്ച് കുമ്മയത്താല്‍ വരച്ച വരകളായിരുന്നോ എന്ന് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല. കാരണം പലരെ കണ്ടും ബന്ധുവീടുകളില്‍ ഒന്നു കയറിയിറങ്ങി അവിടെത്തുമ്പോഴേക്കും ജനസമുദ്രമാവും കാണുക.
ഉത്സവത്തിന്റെ ആ സജീവത കവിയൂരിനെ സമ്ബന്ധിച്ചിടത്തോളം ഇന്നന്യമായിക്കഴിഞ്ഞു.
കവിയൂരമ്പലം അന്നത്തെയവസ്ഥയില്‍ അപ്രാപ്യമായ പല നിഗൂഢതകളും പേറി ഉയരത്തില്‍ നിന്നിരുന്നു. ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം അമ്പലമാണെന്നതായിരുന്നു അതിനു മുഖ്യകാരണം. ദേവസ്വത്തിന്റെഅമ്പലം, അവിടുത്തെ ചടങ്ങുകളുടെ സങ്കീര്ണ്ണത ഒക്കെ അങ്ങനെ ഒരു മനഃസ്ഥിതിയുണ്ടാക്കാന് കാരണമായി. ഇന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എന്ന സ്ഥാപനം എത്രമാത്രം ജീര്ണ്ണിച്ചു എന്നറിയാന്‍ ഇതേ കവിയൂരമ്പലത്തില്‍ ചെന്നാല്‍മതി.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഭാഷാടിസ്ഥാനത്തില് കേരള സംസ്ഥാനം രൂപം കൊള്ളുന്ന വേളയില്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഗവെണ്മെന്റ് അധീനതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളെ( കേരളത്തിന്റെ പരിധിയില്‍ വരുന്നവയെ) യഥാരീതിയില്‍ നിലനിര്‍ത്താനുദ്ദേശിച്ച് ദീര്ഘവുമ് ഗഹനവുമായ പഠനങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്ഡ് എന്ന സംവിധാനം രാജാവ് നിര്‍ദ്ദേശിച്ചത്. ശബരിമലയില് ഇക്കൊല്ലം നടന്ന ദുരന്തമടക്കം ചെറുതും വലുതുമായ തിരുവിതാംകൂര് ഭാഗത്തെ മറ്റുക്ഷേത്രങ്ങള്‍ ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍ എല്ലാം വിരല് ചൂണ്ടുന്നത് ഒരു വലിയ പ്രദേശത്തെയാകെ തിരുവനന്തപുരത്തിരുന്നു നിയന്ത്രിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എന്ന സ്ഥാപനത്തിന്റെ കെഠുകാര്യസ്ഥതയിലേക്കാണ്.കൊല്ലവര്‍ഷം 987ല്‍(എ.ഡ് 1811ല്‍) കേണല്‍ മണ്രോക്ഷേത്രങ്ങളെ സര്‍ക്കാര്‍ വരുതിയിലാക്കിയപ്പോള്‍ മുതല്‍ അവയുടെ സാംസ്കാരികവും മതപരവും ശില്പപരവുമായ പ്രാധാന്യത്തിന് ച്യുതിവരാതെയിരിക്കാന്‍ സര്‍ക്കാര്‍ ദത്തശ്രദ്ധ പുലര്‍ത്തിയിരുന്നു. അതേ ശ്രദ്ധ്അയോടെ തന്നെ സമാഹരിച്ച നിര്ദ്ദേശങ്ങള്‍ ബോര്ഡിന്റെ രൂപീകരണസമയത്ത് വിദഗ്ധരായ അഭിഭാഷകരെക്കൊണ്ട് തയാറാക്കി ബോര്ഡിന് (സര്‍ക്കാരിനുമ്) കൈമാറുകയും ചെയ്തിരുന്നു. പക്ഷേ ഇതെല്ലാം കാറ്റില്‍പ്പറത്തുന്ന ടീതിയിലായിപ്പോയി കുറെക്കാലമായി തിരുവിതാംകൂര്‍ ദേവസ്വമ്ബോര്‍ഡ് എന്ന ഗവണ്മെന്റ് നിയന്ത്രിത സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. മണ്രോയുടെ കാലത്ത് ക്ഷേത്രങ്ങളില്‍ നിക്ഷിപ്തമായിരുന്ന വിലമതിക്കാനാവാത്ത സ്വത്തുകള്‍ പൊതുജനക്ഷേമാര്‍ഥം ( കുറെയൊക്കെ ബലമായി) പിടിച്ചെടുത്തെങ്കിലും ക്ഷേത്രങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാനും അവയെ യഥാവിഥി സംരക്ഷിക്കാനും നടപടികൈക്കൊണ്ടിഒരുന്നു. പൗരാണികതയും ചടങ്ങുകളുടെ വലിപ്പവും ആണ്ടോടാണ്ടു ചിലവും കണക്കിലെടുത്ത് ക്ഷേത്രങ്ങളെ ക്ലാസ്സിഫൈ ചെയ്തത് ഉദാഹരണം. കാലാകാലങ്ങളില്‍ വിനിമയമൂല്യം മാറുന്നതനുസരിച്ച് പതിവുകള്‍ പുതുക്കുന്ന രീതിയും കൈക്കൊണ്ടുവന്നു. ദേവസ്വമ്ബോര്‍ഡ് നിലവില്‍ വന്ന് ആദ്യ രണ്ടു പതിറ്റാണ്ടുകളില്‍ ഈ രീതികള്‍ തുടര്ന്നു എങ്കിലുമ് എണ്പകളുടെ അവസാനത്തോടെ ക്ഷേത്രങ്ങളില്‍ ഏറിയേറി വന്ന ഭക്തരുടെ തിരക്കും വരുമാനവര്ദ്ധനയുമ് പല മഹാക്ഷേത്രങ്ങളെയും തീര്‍ത്തും പ്രതികൂലമായിട്ടാണ് ബാധിച്ചത്. ശബരിമലയെ മാറ്റി നിര്‍ത്തിയാല്‍ത്തന്നെ വന്‍ ഭക്തജനത്തിരക്കുള്ള്‍ നൂറോളം ക്ഷേത്രങ്ങള്‍ ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുണ്ട്. ഈ ക്ഷേത്രങ്ങളിലെ വരുമാനച്ചോര്ച്ച തടയാനോ ഭരണനിര്‍വഹണം കാര്യക്ഷമമാക്കുവാനോ, ചരിത്ര, ശില്പ പ്രാധാന്യമുള്ളവയെ കൂടുതല്‍ ശ്രദ്ധയോടെ സംരക്ഷിക്കുവാനോ യാതൊരു നടപടിയും എടുക്കാത്ത ഈ സ്ഥാപനം ക്ഷേത്രങ്ങളിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ഇനി മുതല്‍ വേണമെങ്കില്‍ ഭക്തജനങ്ങള്‍ വേണമെങ്കില്‍ നടത്തിക്കൊള്ളാന്‍ ഉത്തരവിട്ടത് ഈ കെടുകാര്യസ്ഥതയുടെ ഏറ്റവും പുതിയ തെളിവാണ്. വന്‍ വരുമാനവും അഖിലലോക പ്രസിദ്ധിയുമുള്ള ആറന്മുള ക്ഷേത്രത്തില് രണ്ടു വര്ഷം മുന്പ് തീപിടുത്തമുണ്ടായിട്ട് കേടുപാടുകള്‍ പരിഹരിക്കാതെ ആറുമാസം അത് അതേപടി നിന്നു എന്ന ലജ്ജാകരമായ വസ്തുത മാത്രമ് മതി ഈ കെടു കാര്യസ്ഥതയ്ക്കുദാഹരണത്തിന്.
തിരുവിതാംകൂര്‍ രാജാവ് ബോര്‍ഡിന്റെ നിയന്ത്രണത്തിലേക്ക് ഫസ്റ്റ്ക്ലാസ്സ് പദവിയോടെ കൈമാറിയ ഏഴു ദേവസ്വങ്ങളിലൊന്നായ കവിയൂരിന്റെ അവസ്ഥയാകട്ടെ, പരമദയനീയമാണ്. അയിരത്തിലധികമ് വര്ഷം പഴക്കവും ശില്പപരമായി മാതൃകാപരമായ പലസവിശേഷതകളും പുലര്‍ത്തുന്നതുമായ ഈ ക്ഷേത്രത്തെ ജീര്ണ്ണതയുടെ വഴിയിലേക്ക് തള്ളിവിട്ട് വിശ്വാസികളുടെയും ചരിത്രത്തിന്റെയും മുഖത്തടിച്ച് ചിരിക്കുകയാണ് ദേവസ്വം എന്ന നിര്ജ്ജീവസത്വം.
വരിക, കവിയൂരിലേക്ക്- ക്ഷേത്രാരാധനയിലും ചരിത്രത്തിലും വിശ്വസിക്കുന്നവരേ, നേരിട്ടുകാണാം ഈ ക്രൂരവിനോദം.
ചിലതു ഞാന്‍ അക്കമിട്ടുപറയാം-
൧. കലിവവര്‍ഷം 4052ലും 4053ലും തൃക്കവിയൂര്ത്തേവര്‍ക്ക് മകിഴഞ്ചേരി തേവന് ചേന്നന്‍, മങ്ങലത്തു നാരായണന്‍ കേയവന്‍, നാരക്യുഅയണന്‍ കിട്ടിരന്‍ എന്നിവര്‍ ഭൂദാനം നടത്തിയതു സൂചിപ്പിക്കുന്നതും, ചരിത്രകാരന്മാര്‍ എഎടുത്തുപറയുന്ന പ്രാചീന നിയമാവലിയായ മൂഴിക്കളം കച്ചത്തെ സൂചിപ്പിക്കുന്ന ഏറ്റവുമ് പഴമ്അയുള്ളതുമായ രണ്ടു ശിലാശാസനങ്ങള്‍ കഴിഞ്ഞ ഏതാനും വര്ഷങ്ങള്‍ക്കു മുന്പുനടന്ന പരിഷ്കാരത്തിന്റെ ഭാഗമായി ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.
൨. ക്ഷേത്രത്തിലെ മറ്റനേകം പുരവസ്തുക്കളുടെയുമ് ഗതി ഇതു തന്നെ. നമസ്കാരമണ്ഡപത്തിന്റെ കഴുക്കോല്‍പുച്ഛങളെ പൊതിഞിരുന്ന ഓട്ടു കവചങ്ങള്‍ പത്തുവര്‍ഷം മുന്പു നടന്ന വേറൊരു മോടിപിടിപ്പിക്കലില്ന്റെ ഭാഗമായി മാറ്റിയിട്ട് ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല.
൩.ഏറെ പ്രസിദ്ധമായ ദാരുശില്പങ്ങളുടെ അവസ്ഥയുമ് പരിതാപകരമാണ്. ചോര്ച്ചയുമ് ചിതലും പരിഹരിക്കാനുള്ള ഒരു നടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ല. വിലപിടിപ്പുള്ള, ചരിത്രമുല്യമുള്ള പലതിരുവാഭരണങ്ങളും വര്ഷങ്ങളായി ഉത്സവകാലത്തുപോലും ഭക്തജനങ്ങള് കാണാറേയില്ല.
൪. വലിയ അറപ്പുര, നെല്ലുകുത്തുപുര എന്നിവ പതിറ്റാണ്ടുകള്‍ക്ക് മുന്പേ ചിതല്രിച്ചു വീണുപോയി. അവശേഷിക്കുന്ന അനുബന്ധ കെട്ടിടങ്ങളില്‍ പഴയ കച്ചേരി അപശ്ശകുനംപോലെ തക്ര്ന്നു പൊളിഞ്ഞു നില്ക്കുന്നത് ഇന്ന് ക്ഷേത്രത്തിലെത്തുന്ന ആര്‍ക്കും കാണാവുന്നതാണ്. തന്ത്രിമഠം, മേല്ശാന്തിമഠം എന്നിവയും ഇതേയവസ്ഥയിലേക്ക് കുതിക്കുന്നു. ഗോപുരങ്ങള്‍ തൊട്ടുപിന്നലെയുണ്ട്. ആനക്കൊട്ടിലിന്റെ മരണവാറണ്ടുമായി ഒരു പടുകൂറ്റന് ആല്‍മരം അതിപുരാതനമായ സര്പ്പത്തറയെ വിഴുങ്ങിക്കൊണ്ട് നിവര്ന്നുനിന്നുകഴിഞ്ഞു.
രണ്ടുപതിറ്റാണ്ടു മുന്പ് നാട്ടുകാര്‍ പണംപിരിച്ച് ചങ്ങനാശ്ശേരി റോഡിന്റെ അരികില്‍ നിര്മ്മിച്ച കോണ്ക്രീറ്റ് ഗോപുരം കടന്ന് ശരിക്കും നരകത്തിലെ വഴികളെ അമ്പേ പരാജയപ്പെടുത്തുന്ന ദേവസ്വംവഴിയിലൂടെ ഇരുനൂറുവാര സഞ്ചരിച്ചാല് തിരുവിതാംകൂര്‍ ദേവ്സ്വംബോര്ഡ് എന്ന സ്ഥാപനം ഭരിച്ചു മുടിച്ചുകൊണ്ടിരിക്കുന്ന ഈ പുരാതന ദേവാലയം നിങ്ങള്‍ക്കു കാണാം. ആയിരത്താണ്ടുമുന്പു ജീവിച്ചിരുന്നവരുടെ വിശ്വാസവുമ് കലാബോധവും അധ്വാനവും തിടംപിടിപ്പിച്ച ഒരു മഹാക്ഷേത്രം ദിവസേന നൂറുകണക്കിനു ഭക്തജനങ്ങള്‍ക്ക് ആശ്രയമാവുംപോഴുമ് എങ്ങനെ സ്വയമ് നിരാശ്രയമായി തകരുന്നു എന്നതിനു സാക്ഷിയാവാം. ചരിത്രം ജീര്ണ്ണമായ ഒരു പ്രസ്ഥാനത്തിന്റെ കൈകളില്‍ അന്ത്യശ്വാസമ് വലിക്കുന്നത് തിരിച്ചറിയാം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡിന്റെ മിക്ക പുരാതന ക്ഷേത്രങ്ങളില്‍ ചെന്നാലും ഇതേയവസ്ഥ നിങ്ങള്‍ക്കു മനസ്സിലാവും.
കാണിക്കപ്പെട്ടികളുടെ കനം മാത്രം നോക്കുന്ന ഒരു വിസ്മയജീവിക്ക് ഇതിനപ്പുറം ഒന്നും ചെയ്യാനാവില്ല.
എന്തിനെന്നറിയാതെ വരുമാനാം വാരിപ്പോകുക എന്നു മാത്രമാണല്ലോ ആ ജീവിയുടെ ലക്ഷ്യം.
തുടക്കത്തില്‍ വിഭാവനം ചെയ്യപ്പെട്ട, ക്ഷേത്രങ്ങളുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട ഒരു സര്ക്കാര്‍ നിയന്ത്രിത സ്ഥാപനമ് വെറും ഒരു സ്വപ്നം മാത്രമായിരുന്നു.

Saturday, February 05, 2011

കാട് കാട്

പ്രാക്തനകാലത്തിന്റെ സ്മൃതികളുണര്‍ത്തി ഞാലീലമ്മയുടെ മുന്പില്‍ ഒരു കാടുളവാകാന്‍ അരനിമിഷമേ വേണ്ടി വന്നുള്ളു. അടുത്ത ഒരു നിമിഷത്തിനുള്ളില്ത്തന്നെ അത് അപ്രത്യക്ഷമാവുകയുംചെയ്തു.

അടവി..........

പരംപരാഗത ചടങ്ങുകളോടെ നടന്നതില്പ്പങ്കാളിയായിട്ട് അന്ന പ്രഭാതം.

പ്രഭാതം!

Wednesday, February 02, 2011

വീണ്ടും പടയണി രാവുകള്‍

പച്ചത്തപ്പില്‍ താളം മുറുകിത്തുടങ്ങിയിട്ടില്ല. ഇന്നു മൂന്നാം ദിവസം. മകരരാവിന്റെ കുളിരില്‍ അരങ്ങേറുന്ന ഞാലിയില്‍പടയണി ഇത്തവണ പഴയചടങ്ങുകളില്‍ ഏറെയും തിരിയെക്കൊണ്ടുവരികയാണ്. ഇന്നു വെളിച്ചപ്പാടിന്റെ ഇറക്കമായിരുന്നു. വെളിച്ചപ്പാടിന്റെ ദൃഷ്ടാന്തം ചൊല്ലല്‍ ഇങ്ങനെ-

കല്ലില്‍പ്പെടുത്താല്‍ കാലില്‍ത്തെറിക്കും

പുല്ലില്‍പ്പെടുത്താല്‍ പതഞ്ഞുപതഞ്ഞ് വരും

മണലില്‍പ്പെടുത്താല്‍ പൊടിഞ്ഞുനില്ക്കും..............

സ്വയമൊരനുഷ്ഠാനമായിരിക്കെത്തന്നെ അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും സംഘടിതക്ഷേത്രങ്ങളെയുമൊക്കെ കളിയാക്കുന്ന അനേകം അംശങ്ങള്‍ പടയണിയില് കാണുന്നു.

പടയണിയുടെ ഉത്ഭവം/വളര്‍ച്ച കവിയൂരിലും കവിയൂര്‍ മഹാക്ഷേത്രത്തിന്റെ ദേശവഴികളിലും ആയിരുന്നു എന്നാണെന്റെ തോന്നല്‍. ഇതു വെറുമൊരു തോന്നലല്ല. പടയണിപ്പാട്ടുകളില്‍ പലയിടത്തും കവിയൂര് ക്ഷേത്രത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ പറയുന്നു. കാലന്‍കോലത്തിന്റെ പാട്ടില്‍ തൃക്കവിയൂരപ്പനെ സ്തുതിക്കുന്നു( ഈ പാട്ട് ഓതറയില്‍ ചെങ്ങന്നൂരപ്പനെന്നു മാടിപ്പാടുന്നു.) ഒരു പക്ഷേ ഈ പാട്ടുകള്‍ രചിക്കപ്പെട്ടത് കവിയൂര്‍ക്ഷേത്രവുമായി ബന്ധപ്പെട്ട കരകളിലെവിടെയെങ്കിലുമായതുകൊണ്ടാവാം എന്ന കാര്യം മറച്ചുവയ്ക്കുന്നില്ല. പക്ഷേ പഴയ പടയനിക്കരകളിലധികവും കവിയൂര്‍ ക്ഷേത്രത്തിന്റെ ദേശവഴിയില്‍ പെട്ടവയായിരുന്നു എന്നതൊരു യാഥാര്‍ഥ്യം.

അതെന്തെങ്കിലുമാവട്ടെ.........