Wednesday, May 25, 2011

കിണര്‍

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്ന് കിണറാകുന്നു.

ജീവിതം എന്നത് അനുഭവങ്ങളുടെ ആകെത്തുകയായതുകൊണ്ട് ഒന്നും വ്യ്വവച്ഛേദിച്ചു പറയാന്‍ ധൈര്യമില്ലെങ്കിലും,

എളുതെങ്കിലും ചില ജീവിതാനുഭവങ്ങള്‍ പങ്കിടുന്നതില്‍ തെട്റ്റില്ലെന്ന വിശ്വാസത്തോടെ പറയട്ടെ,

കിണര്‍ സത്യമാകുന്നു.

കിണര്‍ ദൈവമാകുന്നു.

കിണറാകുന്നു ജീവന്റെ പരമാധാരം!

ഏറെ കത്തിരുന്ന്,

അവസരങ്ങള്‍ അനുകൂലമാവുന്ന ഒരു കാലം മുഴുവന്‍ തള്ളി നീക്കി,

അവസാനം ഇനി കാത്തിരുന്നാല്‍ ഭ്രാന്തിനുമപ്പുറത്തുള്ള ഏതെങ്കിലും അവസ്ഥ വരുമെന്നു ഭയന്ന്

അവസാനം നല്പത്തിയഞ്ചാം വയസ്സില്‍ വീടുപണിയാനിറങ്ങിത്തിരിച്ച ഒരുവനേ മനസ്സിലാകൂ ചിലപ്പോള്‍ ഇതൊക്കെ.

നാല്പത്തിയഞ്ചാം വയസ്സില്‍ വീടുപണിക്ക് തീരുമാനമെടുത്തത്,

ഒത്തിരിയാലോചിച്ച ശേഷമാണ്.

തുടങ്ങുമ്പോഴല്ലേ, പ്രശ്നങ്ങളുടെ വിളയാട്ടം!

കിണറിലായിരുന്നു തുടക്കം.

മീനം രാശി നോക്കി ആദ്യത്തെ

കുഴിക്കല്‍

തുടങ്ങിയത് പെരുന്തച്ചന്‍ രാമചന്ദ്രന്റെ അനുമതിയോടെ!

പക്ഷേ ആദ്യത്തെ മണ്ണടരു നീങ്ങിയപ്പോള്‍ത്തന്നെ തെളിഞ്ഞു ഉഗ്രനുഗ്രന്‍ പാറ.

രണ്ടാമത്തെ ചുവട് അല്പം കൂടി കരുതിയായിരുന്നു.

ബന്ധങ്ങളുടെ ബലം തുണയാക്കി,

നാട്ടകം കോളേജിലെ ജിയോളജി അധ്യാപകരായ കൃഷ്ണകുമാറിനെയുമ് ദിലീപിനെയുമ് വിളിച്ച് ഉപദേശം തേടി.

ആകെയുള്ള പത്തു സെന്റില്‍ പാറയുടെ ഉപദ്രവമില്ലാതെ വെള്ളം ലഭിക്കാനുള്ള സാധ്യത അറിഞ്ഞു.

കിണര്‍ വിദഗ്ധന്‍ ഓമനക്കുട്ടന്‍ അതിന്റെ ഏറ്റവും അപകടകരമായ സ്ഥലം തന്നെ തിരഞ്ഞെടുത്തെങ്കിലും പ്രതീക്ഷ വെടിഞ്ഞില്ല.

അഞ്ചാറുദിവസത്തെ കുഴിക്കലിനും നിരന്തരമായി മണ്ണിനടിയില്‍ നിന്നുരുത്തിരിയുന്ന ശുഭസൂചനകള്‍ക്കുമവസാനം വെള്ളത്തോടൊപ്പം കഠിനമായ പാറച്ചെരിവും തെളിഞ്ഞു വന്നപ്പോള്‍ ഏതായാലുമ് മടുപ്പുതോന്നിയില്ല.

പാറപോട്ടിച്ചാലും വിശ്വസനീയമായ അളവില്‍ വെള്ളം ലഭിക്കുമെന്നുറപ്പുപറയാനാവില്ലെന്ന ഓമനക്കുഠന്റെയും ജോസഫിന്റെയും ഹതാശമായ അഭിപ്രായം ശാസ്ത്രമരിയുന്ന കൃഷ്ണന്റെയും ദിലീപിന്റെയും മുന്നറിയിപ്പുകളെ ബലപ്പെടുത്തിയതോടെ മൂന്നാമതൊന്നിനെത്തിരയുക എന്ന സാഹസം അനിവാര്യമാണെന്ന് ഉറപ്പുനല്കി.

മൂന്നമത്തെ പര്യവേക്ഷണം ഒരു ചടങ്ങുമില്ലാതെയായിരുന്നു.

സ്ഥലം കൃഷ്ണനും ദിലീപും പറഞ പരിധിയില്‍ എവിടെയും തിരഞ്ഞെടുക്കാന്‍ ഓമനക്കുട്ടന്നു സ്വാതന്ത്ര്യം നല്കി.

അവരുടെ പ്രവൃത്തി മുന്നേറുന്നത് നിര്‍മ്മമതയോടെകണ്ടു.

ബുധനാഴ്ച ഫലം കാണും എന്നവര്‍ പറഞ്ഞത് സൗഹൃദത്തോഠെ അവഗണിച്ചു.

ഇന്നലെ അവര്‍ കണിശം പറഞ്ഞു എന്ന് അച്ഛനില്‍ നിന്നറിഞ്ഞപ്പോഴും എന്തിനും തയ്യാറായ മനസ്ഥിതി നിലനിര്‍ത്തി.

ഇന്നുച്ചയ്ക്ക് അച്ഛന്‍ കിണറ്റില്‍ ശക്തമായ രണ്ടുറവകള്തെളിഞ്ഞു എന്നറിയിച്ചപ്പോളും ഒന്നും സമ്ഭവിച്ച മട്ടില്ലായിരുന്നു.

വന്നു കണ്ടു ബോധ്യപ്പെട്ടപ്പോഴും മനസ്സ് ചഞ്ചലമാകാതെ ശ്രദ്ധിച്ചു.

കിണര്‍ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന പാഠം മനസ്സില്‍ ഉറച്ചു എന്നത് മാത്രം!

ശരിക്കും കിണര്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരവയവമാകുന്നു.

വീട്??????????????

No comments: