Sunday, March 27, 2011

വെയില്‍ ചായുമ്പോള്‍

അല്പനേരത്തെ മയക്കത്തിനു ശേഷം ഒരു മുറുക്കാനും വായിലിട്ട് നജാക്കത്ത് അലി സലാമത് അലിമാരുടെ സംഗീതത്തില്‍ മുഴുകി ഇങ്ങനെ ഇരിക്കുന്നതിനുമുണ്ട് ഒരു സുഖം!

അതും മീനച്ചൂടിന്റെ പാരമ്യത്തില്‍.

ജന്നലിനപ്പുറം തളര്‍ന്ന വാഴകള്‍ക്കും പുല്ലിനും മീതേ ചാഞ്ഞുവീഴുന്ന വെയിലിനിപ്പോഴും രൗദ്രം കുറഞ്ഞിട്ടില്ല.

ഈ വര്ഷം എല്ലാം കഠിനമായിരുന്നു. മഴയും വേനലും....

നാമാകട്ടെ, കാലാവസ്ഥയില്‍ വന്നു കൊണ്ടിരിക്കുന്ന തീവ്രമാറ്റത്തിനെ യാഥാര്‍ഥ്യത്തിന്റെ കണ്ണുകൊണ്ടു നോക്കിക്കാണാന്‍ ഇനിയും പഠിച്ചിട്ടില്ല.

ഇന്നലെ ഞാന്‍ കണ്ട ഒരു കാഴ്ച് അങ്ങനെയൊരു തോന്നലാണുണ്ടാക്കിയത്. ഗ്രാമീണ തൊഴില്‍ ദാന പദ്ധതിയുടെ ഭാഗമായി കിഴക്കന്‍ പ്രദേശത്ത് ഒരു തോട് വൃത്തിയാക്കുന്നത് ഇന്നലെ കണ്ടു. മഴക്കാലം തീര്‍ന്നുകഴിഞ്ഞാലും ഒന്നു രണ്ടു മാസത്തേക്കു കൂടി സജീവമായിരിക്കുന്ന ഈ തോട്ടില്‍ വേനല്‍ മുറുകിക്കഴിഞ്ഞാല്‍ പലയിടങ്ങളിലും ചെറിയ കുഴികള്‍ കുത്തി കുളിക്കാനും മറ്റും വെള്ളം സംഭരിക്കുന്നത് എല്ലാക്കൊല്ലവും കാണാറുള്ളതാണ്. ഇത്തവണ ഗ്രാമീണ തൊഴില്‍ ദാന പദ്ധതിയുടെ ഭാഗമായി ചെയ്തത് തോട് ആകമാനം അരയടിയോളം ആഴത്തില്‍ കുഴിക്കുകയാണ്. അങ്ങനെ കുഴിച്ചതോടെ പലയിടത്തും മണ്ണിനടിയിലെ ജലം പരന്നൊഴുകുകയും കടുത്ത വെയിലേറ്റ് മിക്കവാറും വൈകുന്നേരമായതോടെ അതപ്പടി വറ്റകയും ചെയ്തു. പഴയകാലം മുതലേ വറ്റി വരണ്ട ആറ്റ്മണല്‍പ്പരപ്പിലും തോടുകളിലുമൊക്കെ ചെറിയകുഴികള്‍ കുത്തി വേനല്‍ക്കാലങ്ങളെ അതിജീവിക്കാന്‍ ജലം സമ്ഭരിക്കുകയായിരുന്നു പതിവ്. ആ പഴയ നാട്ടറിവുകളെ ഗ്രാമീണതൊഴിലുറപ്പിന്റെ ഭാഗമായി മാറ്റിവയ്ക്കുമ്പോള്‍ ജലസ്രോതസ്സുകളുടെ മരണവും കൂടി ഉറപ്പാവുകയാണ്. ആറുകളും തോടുകളുമൊക്കെ സമ്രക്ഷിക്കാന്‍ ദീര്ഘവീക്ഷണത്തോടെ പദ്ധതികളാവിഷ്കരിക്കാതെ അവയുടെ സ്വാഭവികസ്ഥിതി നശിപ്പിച്ച് അവയെ ചൈതന്യരഹിതമാക്കുന്ന കാഴ്ച്ചയാണെങ്ങും. മണലൊഴിഞ്ഞ് നഗ്നരായ നദികള്‍ തുടര്‍ന്നു നേരിടേണ്ടിവന്ന വിധി മുട്ടിനു മുട്ടിനു തടയണകളാല്‍ ബന്ധിക്കപെട്ട് ആണ്ടിന്റെ ഏറിയപങ്കും ഒരായിരം വൃത്തികെട്ട കുളങ്ങളുടെ ശൃംഖലയായി ഒഴുക്കറ്റ് ഹതാശമായുള്ള കിടപ്പാണ്. അതേ, ഭൂമുഖത്തെ ഏറ്റവുമ് വലിയ പുഴകളുടെയും അരുവികളുടെയും ശവപ്പറംപായി മാറിക്കൊണ്ടിരിക്കുകയാണ് കേരളം.

ഒരു കാലത്ത് നമ്മുടെ സമൃദ്ധിയുടെ അടയാളമായിരുന്നു മഴക്കാലത്ത് നിറഞ്ഞൊഴുകുകയും വേനലായാല്‍ വെണ്മണല്പ്പരപ്പുകളെ തഴുകി നേര്‍ത്ത് മെലിഞ്ഞൊഴുകുകയും ചെയ്തുകൊണ്ടിരുന്ന നമ്മുടെ ഭുവനസുന്ദരികളായ പുഴകള്‍.

കാലം മാറി. കാലാവസ്ഥയും മാറി.

മലയാളിയോ, കാലാവസ്ഥാമാറ്റത്തെ പ്രാകിക്കൊണ്ട് കാലാവസ്ഥയെക്കാള്‍ ക്രൂരമായി പ്രകൃതിയുടെ സ്വാഭവികചൈതന്യം നശിപ്പിക്കുന്നതില്‍ വ്യാപൃതനാവുന്നു. ആ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാകത്തില് നാം കരുതിവച്ചിരിക്കുന്ന 'ശാസ്ത്രീയ' അറിവുകളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പരപ്പുകണ്ടാലോ, ആരും ഞടുങ്ങിപ്പോകും!

അല്ലെങ്കിലും വീടൊന്നിന് ഒരു ഗവേഷണ ഡോക്ടര്‍ വച്ചു നിലവിലുള്ള ഐഡിയല്‍ സമൂഹമാണല്ലോ നമ്മുടേത്!

2 comments:

ഷിബു ഫിലിപ്പ് said...

പുഴകളുടെയും അരുവികളുടെയും ശവപ്പറമ്പായി കേരളം മാറുകയില്ല എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. നമ്മുക്ക് എന്തു ചെയ്യുവാന്‍ സാധിക്കും?.

ഷിബു ഫിലിപ്പ് said...

പുഴകളുടെയും അരുവികളുടെയും ശവപ്പറമ്പായി കേരളം മാറുകയില്ല എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. നമ്മുക്ക് എന്തു ചെയ്യുവാന്‍ സാധിക്കും?.