Wednesday, February 02, 2011

വീണ്ടും പടയണി രാവുകള്‍

പച്ചത്തപ്പില്‍ താളം മുറുകിത്തുടങ്ങിയിട്ടില്ല. ഇന്നു മൂന്നാം ദിവസം. മകരരാവിന്റെ കുളിരില്‍ അരങ്ങേറുന്ന ഞാലിയില്‍പടയണി ഇത്തവണ പഴയചടങ്ങുകളില്‍ ഏറെയും തിരിയെക്കൊണ്ടുവരികയാണ്. ഇന്നു വെളിച്ചപ്പാടിന്റെ ഇറക്കമായിരുന്നു. വെളിച്ചപ്പാടിന്റെ ദൃഷ്ടാന്തം ചൊല്ലല്‍ ഇങ്ങനെ-

കല്ലില്‍പ്പെടുത്താല്‍ കാലില്‍ത്തെറിക്കും

പുല്ലില്‍പ്പെടുത്താല്‍ പതഞ്ഞുപതഞ്ഞ് വരും

മണലില്‍പ്പെടുത്താല്‍ പൊടിഞ്ഞുനില്ക്കും..............

സ്വയമൊരനുഷ്ഠാനമായിരിക്കെത്തന്നെ അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും സംഘടിതക്ഷേത്രങ്ങളെയുമൊക്കെ കളിയാക്കുന്ന അനേകം അംശങ്ങള്‍ പടയണിയില് കാണുന്നു.

പടയണിയുടെ ഉത്ഭവം/വളര്‍ച്ച കവിയൂരിലും കവിയൂര്‍ മഹാക്ഷേത്രത്തിന്റെ ദേശവഴികളിലും ആയിരുന്നു എന്നാണെന്റെ തോന്നല്‍. ഇതു വെറുമൊരു തോന്നലല്ല. പടയണിപ്പാട്ടുകളില്‍ പലയിടത്തും കവിയൂര് ക്ഷേത്രത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ പറയുന്നു. കാലന്‍കോലത്തിന്റെ പാട്ടില്‍ തൃക്കവിയൂരപ്പനെ സ്തുതിക്കുന്നു( ഈ പാട്ട് ഓതറയില്‍ ചെങ്ങന്നൂരപ്പനെന്നു മാടിപ്പാടുന്നു.) ഒരു പക്ഷേ ഈ പാട്ടുകള്‍ രചിക്കപ്പെട്ടത് കവിയൂര്‍ക്ഷേത്രവുമായി ബന്ധപ്പെട്ട കരകളിലെവിടെയെങ്കിലുമായതുകൊണ്ടാവാം എന്ന കാര്യം മറച്ചുവയ്ക്കുന്നില്ല. പക്ഷേ പഴയ പടയനിക്കരകളിലധികവും കവിയൂര്‍ ക്ഷേത്രത്തിന്റെ ദേശവഴിയില്‍ പെട്ടവയായിരുന്നു എന്നതൊരു യാഥാര്‍ഥ്യം.

അതെന്തെങ്കിലുമാവട്ടെ.........

No comments: