Monday, May 30, 2011

കുലപതിയുടെ കാലം

ചിലര്‍ക്കുമുന്‍പില്‍ കാലം തരിച്ചു നില്കുന്നു.

ചിലര്‍ക്കായി കാലം ചിരിച്ചു നില്ക്കുന്നു.

കുട്ടനമ്മാവനെ കാലം ഇതില്‍ രണ്ടാമത്തെ ഗണത്തില്‍ പെടുത്തി എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

കാരണം എണ്‍പത്തിയേഴു വര്‍ഷത്തെ ജീവിതം കഴിഞ്ഞ് ചിതയിലേക്കു യാത്രയാകുന്ന കുട്ടനമ്മാവനെ അവസാനമായി ഒരുനോക്കുകാണാന്‍ എത്തിയവരുടെ എണ്ണം മാത്രം കണക്കിലാക്കിയാല്‍ മതി ഇതു ശരിയാണെന്നു ബോധ്യമാകാന്‍. ജീവിച്ചിരുന്ന കാലത്ത് നിഷേധിച്ചവരും പിന്നില്‍ നിന്നു ചിരിച്ചവരും ഭള്ളുപറഞ്ഞവരും ഒക്കെ മറ്റെന്തു തിരക്കും മാറ്റിവച്ച് ആ ശവസംസ്കാരച്ചടങ്ങിലെത്തി. ഞാനും എന്റെ അമ്മയുടെ അമ്മാവനായ അദ്ദേഹത്തെ പലപ്പോഴും എതിര്‍ത്താണ് വളര്‍ന്നത്. പൊതുവേദികളില്‍ ആ നിലപാടുകളെ ഉറച്ച ശബ്ദത്തില്‍ തള്ളിപ്പറയുകയും കൈചൂണ്ടി പരുഷം പറയുകയും ചെയ്ത എന്നെ അമ്മാവന്‍ തോല്പിച്ചത് തൊട്ടടുത്ത ദിവസം അങ്ങനെയൊരു സംഭവം നടന്നതിന്റെ ഭാവമേ പ്രകടിപ്പിക്കാതെ പതിവുപടി സംസാരിച്ചും പെരുമാറിയുമായിരുന്നു. സംസ്കാര സമയത്ത് മക്കളും ചെറുമക്കളും അനന്തരവന്‍മാരും കുഞ്ഞനന്തരവന്മാരും ചെറുമക്കളുടെ മക്കളും അടങ്ങുന്ന വലിയൊരു ബന്ധു വ്യൂഹത്തില്‍ നിന്നും അന്ത്യകര്‍മ്മം ചെയ്യാന്‍ നിരന്ന ഇരുപത്തിയൊന്നു പേരില്‍ ഒരാളായത് പൂര്‍ണ്ണമനസ്സോടെയായിരുന്നു. ഇരുപത്തിയൊന്നു പേരില്‍ ഒരുതുക്കുകയായിരുന്നു. എന്നിട്ടുതന്നെ ചടങ്ങുപൂര്‍ത്തിയാകാന്‍ രണ്ടുമണിക്കൂറിലേറെനേരമെടുത്തു. കുടുംബക്കൂടിച്ചേരലുകളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെട്ട ആ വലിയകാരണവരുടെ അന്ത്യയാത്രയും വലിയൊരു ആഘോഷമായി മാറുകയായിരുന്നു.

കുട്ടക്കുറുപ്പില്ലാത്ത ആദ്യദിവസത്തിന്റെ മൗഢ്യത്തില്‍ മുഴുകിക്കിടക്കുകയാണ് ഞാലീക്കണ്ടം എന്നു പറഞ്ഞാലും അതിശയോക്തിയില്ല.

അതൊരു സാന്നിധ്യമായിരുന്നു.


No comments: