Monday, February 03, 2014

ഈ തുടിപ്പുകള്‍ കേള്‍ക്കുന്നില്ലേ?

വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്ത ചിലതുണ്ട്. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത ചിലതും, കേട്ടിട്ടും കേട്ടിട്ടും മടുക്കാത്ത ഈണങ്ങളും........... അങ്ങനെചിലതൊക്കെ മമത്വത്തിന്റെ ഭാഗം കൂടിയാവുമ്പോഴോ! നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍, അതിന്റെ മണ്ണിന്റെ നിറവും പശിമയും ചൂരും..... ഇതൊക്കെ ഏവര്‍ക്കും പ്രിയങ്കരമാണ്. ഒരാളുടെ തന്മയുടെ ഒന്നാമത്തെ ഇഷ്ടിക ഈ നാടിനെക്കുറിച്ചുള്ള പലവിധ സ്മൃതികളുടേതാണ്. ആ നാട് അതിന്റേതായ സവിശേഷതകള്‍ കൊണ്ട് അന്യ നാട്ടുകാരെക്കൂടി ആകര്‍ഷിക്കുന്നുണ്ടെങ്കില്‍ നമ്മുടെയീ തന്മയെക്കുറിച്ചുള്ള ബോധം ഒട്ടൊരു അഹങ്കാരമായിത്തന്നെ മാറുകയും ചെയ്യും. അങ്ങനെയൊരു അഹങ്കാരമാണ് എന്നെ സംബന്ധിച്ചിടത്തോളം കവിയൂരെന്ന ശബ്ദം. കോളേജ് പഠനത്തിനായി ചങ്ങനാശ്ശേരിയിലെത്തിപ്പെട്ട കാലം മുതല്‍ കവിയൂര്‍ എന്ന പേരിന്റെ മാന്ത്രികത ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. കവിയൂര്‍ അമ്പലം, കവിയൂര്‍ പൊന്നമ്മ, തൃക്കക്കുടിപ്പാറ എന്നിങ്ങനെ എന്റെ നാടിന്റെ പല അംശങ്ങളും അവിടെ ദിവ്യമായ ഒരു പരിവേഷമുള്ളതായിരുന്നു. പിന്നെ യാത്രകളുടെ കാലം വന്നപ്പോഴും അന്യനാടുകളില്‍ കവിയൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു തിരിച്ചറിവ് മേല്‍പറഞ്ഞ എന്തിനെയെങ്കിലും ബന്ധപ്പെടുത്തിയായിരുന്നു. അതുകൊണ്ടു തന്നെ കവിയൂരിനെ അറിയാന്‍ അതിന്റെ ആഴങ്ങളോളം മുങ്ങിനിവരാന്‍ ഒരു അത്യാഗ്രഹവും ഉടലെടുത്തു, മനസ്സില്‍. വായനകള്‍ കവിയൂരിന്റെ ചരിത്രപരവും ശില്പപരവുമായ വൈവിധ്യത്തെക്കുറിച്ച് ഒട്ടേറെ പകര്‍ന്നുതന്നതിനാല്‍ കവിയൂര്‍ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ചരിതവും അവിടുത്തെ ദാരുശില്പങ്ങളെപ്പറ്റിയുള്ള വിവരങ്ങളും തൃക്കക്കുടിയുടെ പ്രത്യേകതകളും ഒക്കെ ആഴത്തിലറിയാന്‍ താത്പര്യമുണ്ടായി. അനവധി പഴമക്കാരെ സമീപിച്ചു. അതുകൊണ്ടു തന്നെ പുസ്തകങ്ങളില്‍ കാണാത്ത ചില നാട്ടറിവുകളൊക്കെ പരിചയപ്പെട്ടു. മുത്തശ്ശിമാര്‍ പകര്‍ന്നുകൊടുത്തിരുന്ന ചില നാട്ടു കഥകള്‍ മനസ്സില്‍ തറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ പറയുന്നതിന് ചരിത്രത്തിന്റെയും നാട്ടറിവുകളുടെയും മിശ്രഗുണങ്ങളുന്റെന്ന ആന്തബോധവും ഉടലെടുത്തു. ലോകം രാജ്യം എന്നീ വിശാലാര്‍ഥങ്ങളുള്ള സംജ്ഞകളെക്കാള്‍ എളുപ്പം സംവദിക്കുന്നത്, നാട് എന്ന് നമുക്കുകാണാവുന്ന അതിരുകള്‍ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഒന്നാണെന്നു തോന്നിത്തുടങ്ങി; സ്വന്തം നാടിനെ മനസ്സിലാക്കാതെ സ്വന്തം രാജ്യത്തെയും ലോകത്തെയും മനസ്സിലാക്കുന്നത് പൂര്‍ണ്ണമാവില്ലെന്നു തോന്നിത്തുടങ്ങി. എന്റെ നാടിനെക്കുറിച്ച്, കവിയൂരിനെക്കുറിച്ച് പറയുമ്പോള്‍ എന്റെ നാവിനു നീളമേറും, വാക്കിനു നെഞ്ചിടിപ്പുമുറുകും.... ഇന്നലെ കവിയൂരമ്പലത്തിലൂടെ ഞായറാഴ്ചത്തിരക്കിനിടയില്‍ വലം വയ്ക്കുമ്പോള്‍, ശ്രീകോവില്‍ച്ചുവരിലെ ഗണപതിപ്രാതല്‍, ശാന്തനരസിംഹം എന്നീ ശില്പങ്ങള്‍ക്കുമുന്പില്‍ നിന്നപ്പോള്‍ മനസ്സില്‍ അഭിമാനം മാത്രമായിരുന്നില്ല. മിക്ക ശില്പങ്ങള്‍ക്കും പരുക്കുകളുണ്ടെന്നത് വീണ്ടും മനസ്സില്‍ ഒരാശങ്ക പടര്‍ത്തി. ഓരോ തവണ കാണുമ്പോഴും എന്തെങ്കിലുമൊക്കെ ഒടിവോ ചതവോ പോറലോ ഒക്കെ മൂടുന്നുണ്ടോ എന്ന് മനസ്സ് കലുഷമായി. അത്രപെട്ടെന്ന് അവയ്ക്കു കേടുവരാതെയും എന്നാല്‍ സ്വാഭാവികത നശിക്കാതെയും ഈ ദാരുശില്പങ്ങള്‍ സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ നടപടിയാവുമോ എന്ന് കൗതുകം തോന്നി. ശ്രീകോവിലിന്റെ അധിഷ്ഠാനത്തിലെ രണ്ടു ശാസനങ്ങളുടെ ലിപികളിലൊന്നിനെയെങ്കിലും ഇരുപത്തിയൊന്നുപാളി പെയിന്റിന്റെ പുതപ്പില്‍ നിന്നു മോചിപ്പിക്കാനാവുമോ എന്നു വ്യര്‍ഥമായി നഖം കൊണ്ടു ചുരണ്ടി നോക്കി. ഇന്ന് മെയിലില്‍ നിന്നും മറവിയില്‍ നിന്നുയിര്‍ത്തെഴുന്നേറ്റമട്ടില്‍ ഈ ചിത്രങ്ങള്‍ അവതരിച്ചു..... കവിയൂരിലെ തച്ചന്മാരുടെ പ്രാണന്‍ ആവാഹിച്ച മൂര്‍ത്തികള്‍. നാലഞ്ചുനൂറ്റാണ്ടുമുന്പ് അവരൊഴുക്കിയ വിയര്‍പ്പും അവരെതപിപ്പിച്ച ഭാവനയും ഇവപേറുന്നുണ്ട്. അവരുടെ പ്രതിഭയുടെ പ്രകാശം. അവരുടെ വിശപ്പിന്റെയും വ്യക്തിദു:ഖങ്ങളുടെയും തീക്ഷ്ണത. കവിയൂരിന്റെ പെരുമയെ പ്രകാശിപ്പിച്ചത് ഈ ശില്പങ്ങളാണ്. അവര്‍പടുത്തുയര്‍ത്തിയ ഈ മഹാക്ഷേത്രമാണ്. ചിത്രങ്ങളിലൂടെ അവയുടെ ഭംഗിയും മിഴിവും പുനര്‍ജ്ജനിക്കുമ്പോള്‍ അവ കുടികൊള്ളുന്ന അതേ മണ്ണിന്റെ അന്തരീക്ഷത്തെ ശ്വസികുവാനുള്ള ഭാഗ്യം എനിക്കുണ്ടല്ലോ എന്നതാണ് ആശ്വസം.

1 comment:

Harinath said...

വളരെ ഇഷ്ടപ്പെട്ടു.