നരയ്ക്കുക, ചവിളുക ഇതൊന്നും അത്ര മോശപ്പെട്ട കാര്യങ്ങളല്ല. സ്വാഭാവികമായ പ്രക്രിയ മാത്രം. എങ്കിലും മെല്ലെ മെല്ലെ കാലത്തിന്റെ വിരലൊപ്പുകള്‍ വ്യക്തിത്വത്തില്‍ പതിയാന്‍ തുടങ്ങുന്നതോടെ നമ്മുടെ വീക്ഷണകോണിനു വന്നുകൊണ്ടിരിക്കുന്ന മാറ്റവും പഠിക്കാനുള്ളതാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അന്‍വര്‍ അലിയുടെ 'പച്ച 'എന്ന കവിത ആഘോഷത്തോടെ പ്രസിദ്ധീകരിച്ചിട്ടുള്ള ആഴ്ചപ്പതിപ്പ് വാങ്ങി, യൂണിവേഴ്സിറ്റിക്കെതിര്‍വശത്തുള്ള ഹില്‍വ്യൂ ഹോടലിലിരുന്ന് ചായമോന്തിക്കൊണ്ട് അതുവായിച്ചപ്പോള്‍ തോന്നിയ ഒരു മറുപടി ' സെപ്പിയാ ടോണ്‍ ചിത്രങ്ങള്‍ ആല്ബത്തില്‍ത്തന്നെയിരിക്കട്ടെ' എന്നു പേരിട്ട ഒരു കവിതയായി മാറിയത് പെട്ടെന്നായിരുന്നു. കടലാസ്സില്‍ കുറിച്ചതെല്ലാം കൂടി വൈകിട്ട് വീട്ടിലെത്തി ടൈപ്പുചെയ്ത് ഒരു കവിതയാക്കി ഒന്നുരണ്ടുപേരെക്കാണിച്ച് അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ചെറിയതിരുത്തലുകളും വരുത്തി വാരികയ്ക്ക് അയച്ചുകൊടുത്തുവെങ്കിലും ' ആഴ്ചപ്പതിപ്പിന്റെ പാരമ്പര്യത്തിനു ചേര്‍ന്നതല്ല' എന്ന കുറിപ്പോടെ അതുതാമസിയാതെതന്നെ മടക്കിക്കിട്ടി. എന്റെതന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പലകവിതകളെക്കാളും നല്ലതെന്നു തോന്നിയ ആ കവിത അത്തരമൊരു കമന്റോടെ മടങ്ങിയതെന്താണെന്ന് ഒത്തിരി ഞാനാലോചിച്ചു. കടുത്ത ഒരു ഗവേഷണത്തിന്റെ അവസാനം അന്‍വറിനോടുള്ള സൗഹൃദത്തിന്റെ സ്വാതന്ത്ര്യം വച്ച് പ്രയോഗിച്ച ഒന്നു രണ്ടു വാക്കുകളാവാം അത്തരമൊരു കമന്റിനിടകൊടുത്തതെന്നു തോന്നി. കവിത വായിച്ചിട്ടുള്ള ഒന്നു രണ്ടുപേരും ആ സാധ്യതയെ ശരിവച്ചു. കുഴപ്പമില്ലാത്തൊരു കവിത എന്നു ബോധ്യമുള്ള ഒന്ന് അങ്ങനെ ആരും കാണാതെ എന്റെ മേശയില്‍ വെറുതെ കിടന്നു, കുറെക്കാലം. അങ്ങനെയിരിക്കെ അന്‍വറും അമ്പിളിയും കൂടി യൂണിവേഴ്സിറ്റിയില്‍ വന്ന സമയത്ത് അതിന്റെ ചരിത്രം ലഘുവായി വിശദ്ദീകരിച്ച് ഞാനതവനെ കാണിച്ചു. വലിയ കുഴപ്പമൊന്നുമില്ലാത്തത് എന്നയര്‍ഥത്തില്‍ എന്തോ ഒരഭിപ്രായം പറഞ്ഞ് അവനാ കോപ്പി എടുക്കുകയും ചെയ്തു.
എന്റെ കൈയ്യിലിരുന്ന കോപ്പികളിപ്പോള്‍ ഏതായാലും കണ്ടെത്താനാവുന്നില്ല. ആ കവിതയിലെ വരികള്‍ കാര്യമായിട്ടൊന്നും ഓര്‍ക്കുന്നുമില്ല. ഓര്‍മ്മയില്‍ നിന്നും രൂപം തന്നെ മാഞ്ഞുപോയ ആ കവിതയെക്കുറിച്ച് ഇപ്പോള്‍ സൂചിപ്പിച്ചത് പ്രായം നിറം എന്നിവയുമായി ബന്ധപ്പെട്ട നിരവധി നൊസ്റ്റാള്‍ജിയകളെ സൂചിപ്പിക്കാനാണ്.ആ കവിതയ്ക്കു പ്രചോദനമായതോ, 'പച്ച'യെന്ന കവിതയിലെ ചിലവരികള്‍ക്ക് നൊസ്റ്റാള്‍ജിയയുടെ സ്പര്‍ശമുണ്ടോയെന്ന ഒരു കൗതുകത്തില്‍ നിന്നും. യഥാര്‍ഥത്തില്‍ അതൊരു പച്ചക്കവിതയായിരുന്നു.പച്ച നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്ക അതില്‍ കാതലായിട്ടുണ്ടായിരുന്നു. അതില്‍ നിന്നാണ് ഞാന്‍ നൊസ്റ്റാള്‍ജിയ വായിച്ചെടുക്കാന്‍ ശ്രമിച്ചത്. വരികളോ അതിന്റെ ടോണോ ഓര്‍ക്കുന്നില്ലെങ്കിലും നിരത്തുകളെ വള്ളിപ്പടര്‍പ്പുകള്‍ അവേശിക്കുമെന്നും യന്ത്രങ്ങള്‍ക്കുമേല്‍ കുരുവിക്കൂട്ടങ്ങള്‍ ചേക്കേറുമെന്നുമൊക്കെയുള്ള ചില പ്രത്യാശകള്‍ എയ്തുകൊണ്ട് അന്‍വറിന്റെ കവിതയില്‍ പുരണ്ടിട്ടുണ്ടെന്നു ഞാന്‍ കല്പിച്ചെടുത്ത നൊസ്റ്റാള്‍ജിയയെ ആല്ബത്തിലേക്കു മാറ്റിവയ്കേണ്ടതാണെന്നു സമര്‍ഥിക്കാനായിരുന്നു ആ കവിത ത്വരിച്ചുനീങ്ങിയത്. 'പച്ച' എന്ന കവിതയുടെ നന്മയെയോ പച്ചകുറയുന്നുഎന്നുള്ള ആശങ്കകളെയോ അവഗണിക്കുവാനായിരുന്നില്ല ആ ആഹ്വാനം. വേനലിന്റെ തുടക്കമാണെങ്കില്‍പ്പോലും ഉരുകിത്തിളയ്ക്കുന്ന ഒരു രാത്രിയിലിരുന്ന് അങ്ങനെ പറയാനുള്ള ചങ്കൂറ്റം എനിക്കില്ല. പക്ഷേ, പച്ചപ്പും നന്മയും നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നുള്ള നിരന്തരവിലാപങ്ങള്‍ പലപ്പോഴും സ്വന്തം വ്യക്തിത്വത്തിലേക്കു നരപടര്‍ന്നുകൊണിരിക്കുന്നതിന്റെ പ്രതിഫലനങ്ങള്‍ മാത്രമേയാവുന്നുള്ളു എന്നൊരു തോന്നലില്‍ നിന്നാണതിന്റെ ഉദയം.
പ്രായം നമ്മുടെ കാഴ്ചകളെയും സംവേദന ശീലത്തെയും അങ്ങനെ ബാധിക്കാറുണ്ട്. ചെറുപ്പത്തില്‍ നാം കണ്ട പച്ചപ്പിന്റെ പ്രസരിപ്പിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍, ചെറുപ്പത്തില്‍ നുണഞ്ഞ രുചികളുടെ തീക്ഷ്ണതയെക്കുറിച്ചുള്ള അയവിറക്കലുകള്‍ ഒക്കെ നമ്മുടെ കാഴ്ചപ്പാടുകള്‍ മാറിവരുന്നതിന്റെ തെളിവാണ്. ആ ഓര്‍മ്മകള്‍ നമ്മെ സന്തോഷിപ്പിക്കുന്നുവെങ്കിലും അതിനു യാഥാര്‍ഥ്യത്തിന്റെ ചൂടില്ല എന്നൊരു പ്രശ്നമുണ്ട്. ആല്‍ബത്തിലെ പഴയ ചിത്രങ്ങളെപ്പോലെയാണവ. ആല്‍ബം മറിക്കുമ്പോള്‍ നമ്മിലേക്ക് ഓര്‍മ്മകള്‍ ഇരമ്പിക്കയറും. അന്നത്തെ അനുഭവങ്ങളുടെ മാധുര്യം എത്രയായിരുന്നു എന്നു നാം അമ്പരക്കും. ഓര്‍മ്മകള്‍ കെട്ടുപിണയുന്ന ആ മുഹൂര്‍ത്തത്തില്‍ ആല്‍ബത്തിലെ ചിത്രങ്ങള്‍ക്കു വന്നിരിക്കുന്ന മങ്ങലും ഇരുളിമയും നാം കാണാന്‍ വിട്ടുപോകുന്നു. മറ്റൊരു തരത്തില്‍ നോക്കിയാല്‍ ആ മങ്ങലും പൂതലിപ്പുമാണ് നമ്മുടെ കണ്ണില്‍ അവയെ അത്ര പ്രിയകരമാക്കുന്നത്. കാരണം ആ മങ്ങല്‍ യഥാര്‍ഥ അനുഭവത്തില്‍ നിന്നും നാം താണ്ടിയ ദൂരത്തിന്റെ അടയാളമാണ്. അങ്ങനെ വിദൂരമായ ഒരു കാലത്തിന്റെ തണലിലേക്ക് ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്നു എന്നതിനാലാണ് നാമവയെ ദിവ്യമായി കാണുന്നത്.
ഇത് മനുഷ്യ സഹജമായ ഒരു പ്രേരണയാണ്. ആ ഒളിച്ചോട്ടത്തിന് വല്ലാത്തൊരു ദിവ്യതയുണ്ടു താനും. അവ നമ്മുടെ വാര്‍ഷികവലയങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും കൂടിച്ചെയ്തിട്ടുണ്ട്. തൊട്ടുമുന്പിലത്തെ പോസ്റ്റില്‍ ഞാനത്തരമൊരു പിന്നാക്കയാത്ര നടത്തിയതിന്റെ അനുഭവത്തിലാണ് ഇത്രയും എഴുതിയത്.
എങ്കിലും ചിലപ്പോള്‍ പൂതലിച്ച ഒരു കാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടങ്ങള്‍ തീര്‍ത്തും പ്രതിലോമപരമവാനും സാധ്യതയില്ലേ. നമ്മുടെ കാലത്തു തന്നെ അതിന്റെ ഒത്തിരി നിദര്‍ശനങ്ങളുണ്ട്. പച്ചവാദത്തെക്കുറിച്ചുപറയുമ്പോഴും ഇതു പ്രസക്തമാവുന്നു എന്നു തോന്നുന്നു. നൊസ്റ്റാള്‍ജിയ ഒരു ആദര്‍ശത്തിനും മുന്നേറ്റത്തിനും പ്രചോദനമാവുകയാണെങ്കില്‍ വളരെ സൂക്ഷിക്കണം എന്നാണെനിക്കു തോന്നുന്നത്. വളരെ പ്രസക്തമാവേണ്ടുന്ന പലതും ആ ഒറ്റക്കാരണം കൊണ്ട് അപകടകരമായിത്തീരും. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരുപറഞ്ഞ് നടക്കുന്ന ചില സമരങ്ങളെങ്കിലും വര്‍ത്തമാനകാലത്തിന്റെ വേരുമുറിച്ചുകൊണ്ട് നൊസ്റ്റാള്‍ജിയയുടെ ചിറകിലേറിയുള്ള പറക്കലാവുന്നില്ലേ എന്ന ഒരു തോന്നലിലാണ് ഇങ്ങനെയൊരു ഒരു പിന്‍കുറിപ്പെഴുതിപ്പോയത്.

No comments:
Post a Comment