Tuesday, February 18, 2014

മുഖം

ലാനാഡെല്‍ റെ സത്യത്തില്‍ ഉണര്‍ത്തുന്നത് നൊസ്റ്റാള്‍ജിയയാണ്. ആദ്യമായി'വേനല്‍ക്കാലശോകം'( summertime sadness ) കേട്ടപ്പോള്‍ മനസ്സിലുണര്‍ന്ന ഒരു ചിത്രമുണ്ട്. ഓരോ തവണ ആ ഗാനം കേള്‍ക്കുമ്പോഴും ആ ചിത്രം കൂടുതല്‍ കൂടുതല്‍ വ്യക്തമായി. കഴിഞ്ഞ ദിവസം അതുകേട്ടപ്പോള്‍ മനസ്സില്‍ തോന്നിയ ചിന്ത ഇതായിരുന്നു: 1985ലെ ഒരു ഡിസംബര്‍ രാത്രിയില്‍ ചങ്ങനാശ്ശേരി എന്‍ എസ്സ് എസ്സ് കോളേജില്‍ നിന്നും പഠന( വിനോദ) യാത്ര( study tour) യ്ക്കു പോയ പത്തുപതിന്നാലു വിദ്യാര്‍ഥികളില്‍ നാല് ആണ്‍കുട്ടികളേ ഉണ്ടായിരുന്നുള്ളു. അതിലേക്കും ചെറിയ, അപ്രസക്തനായ ആണിന്റെ കാഴ്ചപ്പാടില്‍ ആ ഡിസംബര്‍ രാത്രി അവിസ്മരണീയമായത് പളനിക്കും ഊട്ടിക്കുമിടയിലെ വഴിയിലെപ്പോഴോ ആയിരുന്നു. വിണാട്രാവല്‍സ് വക മിനി ബസ്സിന്റെ ഇടുങ്ങിയ ഉള്‍ത്തടത്തിലപ്പോള്‍ രാത്രിയാത്രയ്ക്കുതകുന്ന നീലവെളിച്ചം മാത്രം. ഇടയ്ക്കിടെ പാട്ടും ചിലമ്പിച്ച സംസാരങ്ങളും . ഇതെല്ലാം തെല്ലടങ്ങിയ ഏതോ ഇടവേളയില്‍ കൂട്ടത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി കൂട്ടത്തിലേറ്റവും അപ്രസക്തനായ ആണ്‍കുട്ടിയുടെ സീറ്റില്‍ വന്നിരുന്നു. അവന്റെ കരം ഗ്രഹിച്ചു. അവനോട് അസ്വാഭാവികമായി യാതൊന്നുമില്ലാത്ത രീതിയില്‍ സംസാരിക്കാന്‍ തുടങ്ങി. മുന്‍ സീറ്റിലിരുന്ന രണ്ടുപെണ്‍കുട്ടികളിലൊരാള്‍ ഇതിനിടയില്‍ മെല്ലെയെഴുന്നേറ്റ് വിടര്‍ന്ന ചിരിയോടെ മൊഴിഞ്ഞു,' ആങ്ങളയും പെങ്ങളും അങ്ങനെ ഒരുമിച്ചിരുന്നു'. അരികിലുരുന്നവള്‍ ആണ്‍കുട്ടിയോട് വിശദ്ദീകരിച്ചു, ഏകദേശം മൂന്നുവര്‍ഷം മുന്‍പ് ബിരുദക്ലാസ്സ് ആരംഭിച്ചതുമുതല്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ നമ്മള്‍ രണ്ടുപേര്‍ക്കും ഉള്ള ഛായാ സാദൃശ്യം ഒരു കഥയായിരുന്നു. പലരും അവളോട് അവന്‍ നിന്റെ ആങ്ങളയാണോ എന്നു ചോദിച്ചിട്ടുണ്ടത്രേ.
ആണ്‍കുട്ടിക്കു വാക്കുകളില്ലായിരുന്നു. അവളവന്റെയും അപ്രാപ്യസൗഹൃദമായിരുന്നു, കോളേജിലെ പല ആണ്‍കുട്ടികള്‍ക്കുമെന്നപോലെ. കവിതക്കമ്പം തലയ്ക്കുപിടിച്ചിട്ടുള്ള അവന്‍ അവളുടെ സാമീപ്യത്തില്‍ അസ്തപ്രജ്ഞനായി ഇരുന്നു. പക്ഷേ അവളുടെ ഭാഗത്തുനിന്നുള്ള ഈ പരസ്യ പ്രഖ്യാപനം അവന്റെ മനസ്സില്‍ ആ രാത്രിയെ എന്നെന്നേയ്ക്കുമായി മുദ്രണം ചെയ്തു കഴിഞ്ഞിരുന്നു. രാത്രി വളരുന്നതനുസരിച്ച് ബസ്സ് നീലഗിരിക്കുന്നുകള്‍ തരണം ചെയ്തു മുന്നേറി. അഞ്ചോ ആറോ ദിവസം നീണ്ട യാത്രയില്‍ പിന്നീട് മിക്കപ്പോഴും ആ ബസ്സിനകത്ത് ആണ്‍ പെണ്‍ ബന്ധം അതിരുകള്‍ ഇല്ലാത്തരീതിയില്‍ ദിവ്യമായ ഒരു തലത്തിലേക്കു വളര്‍ന്നു. കാവേരിയോരത്തെ കര്‍ണ്ണാടകത്തിലൂടെ യാത്ര പുരോഗമിക്കുമ്പോള്‍, സൂര്യകാന്തിപ്പാടങ്ങള്‍ക്കപ്പുറത്തു സന്ധ്യ ചുവക്കുമ്പോള്‍, മടക്കയാത്രയുടെ എല്ലാം മറന്ന ഹരം വയനാടന്‍ ചുരമിറങ്ങിപ്പച്ചയ്ക്കുമ്പോള്‍ ഒക്കെ അവനരികില്‍ മിക്കാപ്പോഴും അവള്‍ ഉണ്ടായിരുന്നു. അതവനെ മാറ്റി മറിക്കുകയായിരുന്നു.
ആ അധ്യയനവര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ നടന്ന കോളേജ് വാര്‍ഷികദിനത്തോടനുബന്ധിച്ചുനടന്ന കലാ മത്സരങ്ങളില്‍ അവനു സമ്മാനം നേടിക്കൊടുത്ത കവിതയിലെ( അവന്റെ മനസ്സില്‍) ഏറ്റവും പതഞ്ഞവരികള്‍ സ്മരണയില്‍ ജ്വലിച്ചമരുന്ന ചന്ദനനിരമാര്‍ന്ന ഒരു രൂപത്തെക്കുറിച്ചായിരുന്നു.
കഥയ്ക്കൊത്തിരി ഇടവഴിപ്പെരുക്കങ്ങളുണ്ട്.
അന്നത്തെയാ ലജ്ജാലുവായ പയ്യന്‍ താമസിയാതെ അത്തരം ലജ്ജകളൊക്കെ വെടിഞ്ഞു എന്നത് ലളിതമായ ഒരു ജീവിത പാഠം മാത്രം.
അന്നു പക്ഷേ ലാനാ ഡെല്‍ റെ എന്ന പേരില്‍ ലോകമറിയുന്ന എലിസബെത്ത് ഗ്രാന്റ് ഭൂസ്പര്‍ശമേറ്റിരുന്നില്ല. അന്ന് അമ്മയുടെ ഉദരത്തിനുള്ളില്‍ സ്വസ്ഥമായി വസിക്കുന്ന ഒരു ഭ്രൂണം മാത്രമായിരുന്നു. പക്ഷേ പ്രതിഭയ്ക്ക് കാലദേശാന്തരങ്ങള്‍ വിലങ്ങല്ലാത്തതിനാല്‍ ആ ഡിസംബര്‍ മാസവും കഴിഞ്ഞ് ഏഴുമാസത്തിനുശേഷം മാത്രം ഭൂമിയില്‍ പിറന്നുവീണ ഒരു പെണ്‍കുട്ടിക്ക് ഇപ്പോള്‍ മധ്യവയസ്സു പിന്നിടുന്ന അന്നത്തെ ആണ്‍കുട്ടിയുടെ മനസ്സില്‍ ഓര്‍മ്മകളുടെ അനേകം തിരകളെ ഉണര്‍ത്താനായി എന്നത് അവളുടെ മഹത്വം. ( അന്നത്തെ ആ ആണ്‍കുട്ടി, ലാനാ ഡെല്‍ റെ രചിച്ചാലപിച്ച രണ്ടു ഗാനങ്ങള്‍ മലയാളഭാഷയിലേക്കു വിവര്‍ത്തനം ചെയ്ത് ഈ ബ്ലോഗിലിട്ടതിന്റെ ചരിത്രം ഇത്രമാത്രം)
ലാനയ്ക്കു പ്രണാമം. ഭൂമുഖത്തുള്ള എല്ലാ പ്രതിഭകള്‍ക്കും പ്രണാമം. കഥ അവസാനിക്കുന്നില്ല, ഇവിടെയും..
ഇന്ന് കൊല്ലം ഷട്ടില്‍ പ്ലാറ്റ്ഫോം പിടിക്കുന്നതും കാത്ത് ഇരിക്കുന്ന എന്റെ ശ്രദ്ധ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വന്നു നിന്ന ഗരീബ് രഥത്തില്‍ നിന്നും ഇറങ്ങിയ ഒരു പട കുട്ടികള്‍ക്കിടയില്‍ ഈ ഒരൊറ്റപ്പെണ്‍കൊടിയിലേക്ക് ഒരു നൊടി നേരത്തേക്കെങ്കിലും കേന്ദ്രീകരിച്ചത് ആകസ്മികം മാത്രം. കറുപ്പില്‍ നേര്‍ത്തവെള്ളിവരകളുള്ള ഉടുപ്പും ഇളം കറുപ്പു പാന്റും ധരിച്ച അവള്‍ക്കരികിലേക്ക് മെലിഞ്ഞു വെളുത്തു കണ്ണടധരിച്ചു സുമുഖനായ മധ്യവയസ്കന്‍ അടുത്തപ്പോഴെ അത് അവളുടെ അച്ഛനാണെന്നു മനസ്സിലായി. തുടര്‍ന്ന് അമ്മ വന്നതോടെ ആ പെണ്‍കുട്ടിയുടെ മുഖത്തിന് അത്ര പരിചിതത്വം അനുഭവപ്പെട്ടതെന്താണെന്ന് തീര്‍ത്തും വ്യക്തമായി. തൊട്ടപ്പുറത്തായി ആ അച്ഛനും അമ്മയും മകള്‍ ആദ്യയാത്രകഴിഞ്ഞെത്തിയതിന്റെ കൗതുകത്തില്‍ വിടര്‍ന്ന കണ്ണുകളോടെ അവളെ നോക്കി നിന്നു. പിന്നവര്‍ കുശലം കൈമാറി നിന്നു. തിരിച്ചറിവ് ഉണ്ടാവുമോ എന്ന കൗതുകത്തോടെ മൂവരെയും അലസമായി നോക്കിക്കൊണ്ട് തൊട്ടരികിലെ ബഞ്ചിലായി ഞാനുമിരുന്നു.
ഒന്നുമുണ്ടായില്ല. തിരിച്ചറിയാനാവാത്ത മട്ടിലുള്ള പരിണാമം ഞങ്ങളിരുവര്‍ക്കും സംഭവിച്ചിട്ടില്ലെങ്കിലും നേര്‍ത്ത ഒരിടവേളയ്ക്കുശേഷം മകളെകണ്ടതിന്റെ കൗതുകത്തില്‍ നിന്ന അമ്മ പരിസരം ശ്രദ്ധിച്ചതേയില്ല.
മാതാപിതാക്കളും യാത്രകഴിഞ്ഞെത്തിയ മക്കളും ലഘുവായ പിരിയലിനുശേഷം കണ്ടതിന്റെ കുതുകങ്ങള്‍ പങ്കിട്ടു നടന്നകന്നു.ഒപ്പം അവര്‍ മൂവരും. അതിനിടയിലേക്കു കടന്നുചെന്ന് ഒരു പരിചയം പുതുക്കാനും മകളെയും അവളുടെ അച്ഛനെയും പരിചയപ്പെടാനും പറ്റിയ അവസരമായി ഒട്ടും തോന്നിയതുമില്ല.
പ്ലാറ്റ് ഫോം പഴയപടി പരിചിതരും അപരിചിതരുമായ അനേകരുടെ ഗമനാഗമനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് അതിന്റെ ഇടമായി തുടര്‍ന്നു.
കാലം എന്തൊക്കെയാണു കരുപ്പിടിപ്പിക്കുന്നതെന്നോര്‍ത്തു ഞാനുമിരുന്നു.

No comments: