Wednesday, December 18, 2013
മണ്ണിന്റെതാളം, ആതിരക്കുളിര്‍, തളര്‍ന്ന പാട്ട്................
ധനുമാസത്തിരുവാതിര ഒരു സങ്കല്പമാണ്. മഞ്ഞിന്റെയും നിലാവിന്റെയും മയാജാലങ്ങളും കുറെയേറെ നാട്ടാചാരങ്ങളുടെയും രുചികളുടെയും പൊടിപ്പും തൊങ്ങലും ചേര്‍ന്ന് മനസ്സില്‍ തറച്ചിട്ട ഒരു ചിത്രം. അതങ്ങനെതന്നെ നില്ക്കുന്നത് ഒരു കുഴപ്പമായി തോന്നിയിട്ടില്ല. തിരുവാതിരക്കാലത്ത് നിലാവുദിച്ചുകഴിയുമ്പോള്‍ കുഞ്ഞിരാമന്‍ നായരുടെ തിരുവാതിരക്കവിതകള്‍ ചൊല്ലി എല്ലാംമറന്നിരിക്കുന്ന അനുഷ്ഠാനം ഞാന്‍ തുടങ്ങിവച്ചത്, ഈ സങ്കല്പങ്ങളെല്ലാം പരമാവധിനിറം പിടിച്ചു ജീവിതത്തെ അടിമുടി കുതിച്ചുതുള്ളിച്ച യൗവനോദയകാലത്തെപ്പോഴോ ആയിരുന്നു..... അതു മുടക്കാന്‍ മധ്യവയസ്സിന്റെ തെളിഞ്ഞയുച്ചിയില്‍ നില്കുമ്പോഴും തോന്നുന്നില്ല. പക്ഷേ, മഞ്ഞും തണുപ്പുമില്ലാതെ ഒരു വൃശ്ചികം കടന്നുപോയ ഇക്കൊല്ലത്തെ ആദ്യ മഞ്ഞേറ്റപ്പോള്‍ത്തന്നെ തൊണ്ട പണിമുടക്കി. ഇന്നലെയുച്ചയ്ക്ക് ഊണുകഴിഞ്ഞുള്ള നടത്തത്തിനിടയിലെ രസത്തര്‍ക്കം ഉള്ള ശബ്ദം കൂടിയപഹരിച്ചു. രാത്രി നന്നേ വൈകി, നിലാവു തിരുവാതിരകുളിച്ചു മുന്നില്‍നിന്നപ്പോള്‍ ഇല്ലാത്ത ഒച്ച കൊണ്ട് 'അന്നത്തെ തിരുവാതിര' ചൊല്ലാന്‍ ശ്രമിച്ചു........
ഏതു നാടിനും കാണും ഇതേ പോലെ സവിശേഷമായ അനുഷ്ഠാനങ്ങളും മാധുര്യങ്ങളുമായി കുറെ ഉത്സവങ്ങള്‍. ഋതുവാഘോഷങ്ങള്‍...... ആതിര മലയാളിക്കെന്നപോലെ......
കവിയൂരുകാര്‍ക്ക് ധനുമാസത്തിരുവാതിര നാടിന്റെ ഉത്സവത്തിന്റെ തുടക്കം കൂടിയാണ്. ഇനിയത്തെ പത്തു രാപ്പകലുകള്‍ സജീവമാക്കുന്ന ഒരു പിടി സംഭവങ്ങള്‍ ഓരോ കവിയൂരുകാരന്റെയും മനസ്സില്‍ സങ്കല്പമായി പതിഞ്ഞു കിടക്കുന്നുണ്ട്.
അതുകൊണ്ടാണ് മിണ്ടാനും പാടാനും തൊണ്ടഇല്ലെങ്കില്‍ എന്തെങ്കിലും കുത്തിക്കുറിക്കുകയെങ്കിലും ചെയ്യമെന്നു തോന്നിയത്. അതിനുപറ്റിയൊരു പടം തപ്പിയത്. അതിനിടയിലൊരു( തൊണ്ടതെളിയാ)ചര്‍ച്ച പൊട്ടിമുളച്ചത്........
പച്ചമാമ അവതരിച്ചത്..........
ഞാന്‍ തിരഞ്ഞത് ആദ്യം പറഞ്ഞ തിരുവാതിര 'ഫീല്‍' ഉള്ള ഒരു പടമായിരുന്നു. തെളിഞ്ഞതപ്പടി തിരുവാതിരകളിയുടെയും കലണ്ടര്‍ ശിവന്റെയും ചിത്രങ്ങള്‍ മാത്രം.
അങ്ങനെയാണ് പ്രകൃതിയുടെ ഉത്സവം നിറഞ്ഞ ചിത്രങ്ങളോ പ്രകൃതിതന്നെ തെളിഞ്ഞ രൂപങ്ങളോ പ്രകൃതിയെത്തന്നെ പേരിട്ടു കല്പിച്ച ആചാരങ്ങളോ തിരയാന്‍ തോന്നിയത്. പച്ചമാമ അങ്ങനെയൊരു പരിചിത നാമമായിരുന്നു. ക്വെച്ചാ ഭാഷയില്‍ പച്ചമാമ ചന്ദ്രനെയാണോ ഭൂമിയെയാണോ കുറിക്കുന്നതെന്ന് ഒരു സന്ദേഹമുണ്ടായിരുന്നെങ്കിലും അതങ്ങു ചന്ദ്രനാണെന്നു തത്കാലത്തേക്കു തീരുമാനിക്കുകയും ചെയ്തു( അമ്പിളിമാമനെന്ന പേരിനോടുള്ള ഒരു വിദൂര സാഹോദര്യം തോന്നിയതില്‍ നിന്നുമായിരുന്നു ഇതൊക്കെ. തിരുവാതിര ദിനത്തിലെ സൂപ്പര്‍സ്റ്റാറുകളിലൊന്ന് ചന്ദ്രന്‍ തന്നെയാണല്ലോ.)
പച്ചമാമയെ ഗൂഗിള്‍ ഇമേജുകളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയത് ഒരു പെണ്‍രൂപമായിരുന്നു. ചന്ദ്രന്‍ ആണാണെന്നാണു നാം വിശ്വസിക്കുന്നതെങ്കിലും ഇങ്കാകള്‍( incas) ചന്ദ്രനെ പെണ്ണായിട്ടാവാം ആരാധിച്ചിരുന്നതെന്നു കരുതി നല്ലൊരു പച്ചമാമാ ചിത്രവും കൊണ്ട് തിരച്ചില്‍ നിര്‍ത്തിയാലോ എന്നും ആദ്യം തുനിഞ്ഞു.( ചന്ദ്രന്റെ പെണ്മ കവിമൊഴികളിലൂടെ പരിചയിച്ചിട്ടുമുണ്ടല്ലോ)എങ്കിലും ഒരു സംശയം ഉദിച്ചതു നിവാരണം ചെയ്യാതെ തുടരാന്‍ തോന്നിയില്ല. ചെയ്തൂ വീണ്ടുമൊരു ഗൂഗിള്‍ത്തിരയല്‍.
അതേ പച്ചമാമ പ്രകൃതിദേവതയാണ്. വിറക്കൊച്ച സൂര്യദേവനും... പ്രകൃതിമാതാവും പിതാവും..... ചന്ദ്രദേവത മാമാ കില്ലായാണ്. അവരും സ്ത്രീ തന്നെ.( The Story Teller വായിക്കുമ്പോഴാണ് വിറക്കൊച്ചയും പച്ചമാമയും മാമാ കില്ലയുമൊക്കെ പരിചിതരായത്.) അന്നു ചെറിയൊരു തിരച്ചിലിലൂടെ( ഗൂഗിള്‍ തിരച്ചിലിന്റെ അവസാനവാക്കാവുന്ന കാലത്തിനും ഒത്തിരി മുന്പായിരുന്നു അത്) ഇതൊക്കെ ഇങ്കാ ദേവതകളാണെന്നും അവരെന്തിനെയൊക്കെയാണു പ്രതിനിധാനം ചെയ്യുന്നതെന്നും ഒന്നറിഞ്ഞിരുന്നതാണ്. കലചക്രമുരുളുന്തോറും ഓര്‍മ്മയുടെ അടരുകള്‍ നിറയുകയും അറിവുകളെ വേര്‍തിരിച്ചു വച്ചിരിക്കുന്ന മുറികളുടെ അടപ്പുകളില്‍ വിടവുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ, അറിവുകളും ദൈവങ്ങളും രൂപങ്ങളും നിറങ്ങളുമെല്ലാം കൂടിക്കുഴയുകയും ചെയ്തുപോയി എന്നതാണു വാസ്തവം.
ഏതായാലും തിരുവാതിരനിലാവിന്റെകുളിര്‍ ആവും വിധം കാട്ടുന്ന ഒരു ചിത്രം തേടിച്ചെന്നത് ഭുഗോളത്തിന്റെ അങ്ങേച്ചെരുവില്‍ നിന്നും എനിക്കു പ്രിയങ്കരമായ ചിലവാക്കുകളെ നാമമാക്കിയ ദേവതകളെക്കുറിച്ചും യോസയുടെയും മാര്‍ക്കേസിന്റെയും നെരൂദയുടെയും ബൊളാനോയുടെയും വാക്കുകളിലൂടെ പ്രിയതരമാ ഒരു ഭൂഭാഗത്തിന്റെ ആത്മാവു തുളിക്കുന്നന്ന ചില ചിത്രങ്ങളിലുമായിരുന്നു.
എന്തുംമാത്രം മനോഹരമായ ആചാരങ്ങളും ദൈവങ്ങളുമൊക്കെയാ മനുഷ്യന്‍ ഇക്കാലത്തിനിടയില്‍ സൃഷ്ടിച്ചിട്ടുള്ളത്. എത്രയോ എണ്ണം ഓര്‍മ്മയില്‍/ ചരിത്രത്തില്‍ ഒരു നേര്‍ത്തപാടുപോലുമവശേഷിപ്പിക്കാതെ മാഞ്ഞുപോയിരിക്കുന്നു.
അന്യം നിന്നുപോയ ആചാരങ്ങളുടെയും ആരുമോര്‍ക്കാത്ത ദൈവങ്ങളുടെയും ആരും വെളിപ്പെടുത്താന്‍ ശ്രമിക്കാത്ത/ ധൈര്യപ്പെടാത്ത ആശയങ്ങളുടെയും സ്വപ്നങ്ങളുഎടും സങ്കല്പങ്ങളുടെയുമൊക്കെ മ്യൂസിയമായി മാറാന്‍ ഇന്റര്‍നെറ്റ് എന്ന നവയുഗ പരമശിവനു കഴിയുന്നുണ്ടെന്നതും ഓര്‍ക്കണം.
ഏതായാലും ഗൂഗിളിന്റെ പലാഴി കടഞ്ഞുകിട്ടിയ ദൈവങ്ങളെയെല്ലാം ഞാനിവിടങ്ങു പ്രതിഷ്ഠിക്കുകയാണ്......
ഇത്രയൊക്കെ ചെയ്തെങ്കിലും ' മെല്ലെയടിവയ്ക്കുന്നൂ മഞ്ഞുംതണുപ്പുമായി ചെല്ലമാം ധനുമാസ മൂകരാത്രി' എന്നും 'അമ്പിളിച്ചെറുകൂമ്പു മെല്ലെച്ചിരിച്ചുണര്‍ന്നു പൂമ്പൊടി വിതറിയെന്നോര്‍മ്മകളില്‍...' എന്നുമൊക്കെ മഞ്ഞും നിലാവം ചേര്‍ന്നുപരന്ന നീലിമയിലേക്ക് തൊണ്ടകൊണ്ട് ആവോളം എയ്തു നിറയാന്‍ ആവില്ലെന്നതിന്റെ സങ്കടം മാറുന്നില്ല.....
ചിത്രസൂചിക: ഒന്നാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍ തെക്കനമേരിക്കന്‍ ഇങ്കാസങ്കല്പത്തിലുള്ള ചാന്ദ്രദേവതയാണ്- മാമാ കില്ലാ. മൂന്നാമത്തേതു ഇന്ത്യന്‍പാരമ്പര്യത്തിലുള്ള ചന്ദ്ര സങ്കല്പം, ഒരു ടിബെറ്റന്‍ തങ്കാ പെയിന്റിംഗ്. നാലാമത്തെ ചിത്രം ഈജിപ്ഷ്യന്‍ ചാന്ദ്ര ദേവതയായ തോത്ത്. അഞ്ചാമത്തേത് ഇങ്കാകളുടെ പച്ചമാമ.....
Subscribe to:
Post Comments (Atom)
No comments:
Post a Comment