പേമാരി പെയ്യുന്ന രാത്രിയിൽ ഞാൻ ലിൻഡയെ സ്വപ്നം കണ്ടു.
തീർത്തും അകാരണമായ സ്വപ്നം. ലിൻഡയെ അവസാനമായി കണ്ടത് ആറു വർഷം മുൻപായിരുന്നു. ഓർമയിൽ ആ പേരോ മുഖമോ ഇടയ്ക്കൊരിക്കൽപ്പോലും ഉയിർത്തു വന്നതുമില്ല. എന്നിട്ടും മഴയുടെ ഗഹനമായ ഇരമ്പത്തിൽ മുഴുകി ഉറക്കത്തിലാണ്ട എന്റെ സ്വപ്നത്തിൽ അവൾ പ്രത്യക്ഷപ്പെട്ടു. തീർത്തും സ്വാഭാവികമായ പശ്ചാത്തലത്തിൽ!
സ്വപ്നത്തിലും ആകാശം മഴമൂടി നിന്നു. ലൈബ്രറിയിൽ നിന്നും കുന്നിറങ്ങിവരുന്ന എന്റെ മുൻപിൽ പൊടുന്നനെ അവൾ പ്രത്യക്ഷപ്പെടുകയായിരുന്നു. ആറുവർഷം മുൻപ് കണ്ടു പിരിഞ്ഞപ്പോഴത്തേതിൽനിന്ന് പറയത്തക്ക മാറ്റമൊന്നും അവൾക്ക് വന്നിട്ടില്ല. മുഖക്കുരു കൂമ്പി നില്ക്കുന്ന മുഖവും മണികിലുക്കം പോലുള്ള ചിരിയും അതേപോലെ തന്നെ. എങ്കിലും, സംസാരിച്ചുകൊണ്ട് ഞങ്ങളൊരുമിച്ച് കുന്നിറങ്ങുമ്പോൾ അല്പം സ്ഥാനം മാറിയ സാരിക്കിടയിലൂടെ അവൾ ആറേഴുമാസം ഗർഭിണിയാണെന്നു ഞാൻ മനസ്സിലാക്കി. കൂടുതലെന്തെങ്കിലും വിവരങ്ങൾ അറിയുന്നതിനുമുൻപ് സ്വപ്നം മുറിഞ്ഞ് ഉറക്കത്തിന്റെ മറ്റേതോ കയത്തിലേയ്ക്ക് ഞാനാണ്ടുപോയി.
രാത്രി മുഴുവൻ മഴയായിരുന്നു. മൂന്നുദിവസമായി തോരാതെ പെയ്യുന്ന മഴ. ചെറിയ ചാറ്റലും പൊടുന്നനെ ഇരമ്പുന്ന പെരുമഴയുമൊക്കെയായി അതങ്ങനെ പകർന്നാടിക്കൊണ്ടേയിരുന്നു. മഴയിലൂടെ സ്കൂട്ടറോടിച്ച് തണുത്തു മരവിച്ച ശരീരവുമായി വീട്ടിലെത്തിയ ഉടനെ കഞ്ഞികുടി കഴിഞ്ഞ് ഞാൻ മുറിയിലേയ്ക്ക് വലിഞ്ഞു. വൈദ്യുതി എപ്പോളോ നിലച്ചിരുന്നു. മെഴുകുതിരി വെളിച്ചത്തിൽ കുറെ നേരം വായിച്ചു. ടിവി കാഴ്ച അപ്രാപ്യമായതിനാൽ വളരെക്കാലത്തിനു ശേഷം അങ്ങനെ ഗാഢമായി വായനയിൽ മുഴുകുവാൻ കഴിഞ്ഞു. പുസ്തകം മടക്കിവച്ച് എപ്പോഴോ ഞാനെഴുതാൻ തുടങ്ങി. ഏറെക്കാലമായി കൊണ്ടുനടക്കുന്ന ഒരു കഥാബീജം പെട്ടന്നങ്ങ് വളർന്നു വികസൈക്കുകയായിരുന്നു. അസാധാരണ ജീവികളും നിറപ്പകിട്ടാർന്ന അന്തരീക്ഷവുമുള്ള ഒരു പ്രണയകഥ. മഴയുടെ താളാവേശമുൾക്കൊണ്ട് ഞാനത് എഴുതി മുഴുമിപ്പിച്ചു. പെയ്തൊഴിഞ്ഞ മനസ്സോടെ ഉറങ്ങാൻ തയ്യാറവുമ്പോൾ നേരം വളരെയായിരുന്നു. മഴ അങ്ങേയറ്റം ശക്തിപ്പെട്ടിരുന്നു. തുറന്നിട്ട ജന്നലിലൂടെ മഴത്തുള്ളികൾ എറിച്ചുവീണ് മേത്ത ഇര്പ്പം കൊണ്ടിരുന്നു. ജന്നലടച്ച്, പതിവുജപങ്ങളും നടത്തി കിടക്കയിൽ വീണ് കൈലി പറിച്ച് പുതച്ചതേയോർമ്മയുള്ളു.
രാവിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തിലേയ്ക്ക് ഉണരുമ്പോഴും രാത്രി കണ്ട സ്വപ്നത്തിലെ ലിൻഡയുടെ ഗർഭാലസ്യം നിറഞ്ഞ രൂപം മനസ്സിൽ നിന്ന് മാഞ്ഞില്ല. അത് വെറുമൊരു സ്വപ്നമായിരുന്നു എന്ന് തീർപ്പുകല്പിക്കുവാൻതന്നെ കുറെ നേരമെടുത്തു. അപ്പോഴാണ് അത്തരമൊരു സ്വപ്നക്കാഴ്ചയുണ്ടാവാനുള്ള കാരണങ്ങള സ്വയം ആരായാൻ തുടങ്ങിയത്. അടുത്തിടെയെന്നോ ലിൻഡയ്ക്ക് രണ്ടാമതും ഒരു കുട്ടി പിറന്ന വിവരം ഹേമ പറഞ്ഞതോർത്തു. ഒരുപക്ഷേ ആ അറിവാകാം സ്വപ്നത്തിനു പ്രേരണയായത്. ആറു വർഷം മുൻപ് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മഴചാറി നില്ക്കുന്ന ഒരുച്ചയ്ക്ക് ലിൻഡ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കൗതുകത്തോടെ ഓർത്തുപോയി . എന്നോടൊത്ത് ജീവിതം പങ്കിടാൻ ഒരുക്കമാണോ എന്ന ഒരെഴുത്തിൽ ആരാഞ്ഞത് വെറുമൊരു നിമിഷത്തിന്റെ പ്രചോദനംകൊണ്ടായിരുന്നു. അതുമൊരു മഴക്കാലത്തിന്റെ തുടക്കത്തിലായിരുന്നു എന്നത് യാദൃച്ഛികം മാത്രം. ഒരിടത്തുമെത്താത്ത ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ അന്നത്തെ അൻപത്തിയൊന്നു കത്തുകളും പിന്നെപ്പോഴോ ഞാൻ കീറിക്കളഞ്ഞു. പക്ഷേ അക്കാലത്തെ മൂന്നു കൂടിക്കാഴ്ചകളുടെ കൌതുകം മറക്കാനാവില്ല.
മഴയുടെ വന്യതയ്ക്കിടയിൽ വീനുകിട്ടിയ ഒരു ദിവസമായിരുന്നു റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ ഞങ്ങൾ കണ്ടുമുട്ടിയത്. അവൾ എന്നെ വിളിച്ചു വരുത്തുകയായിരുന്നു.ഏറെ നേരത്തെ അർഥമില്ലാത്ത പറച്ചിലിനിടയിൽ കുട്ടികളുണ്ടാവരുത് എന്ന ഉറപ്പിന്മേൽ എന്നോടൊപ്പം ജീവിക്കാൻ തയ്യാറാണ് എന്ന അവൾ പറഞ്ഞത് പെട്ടെന്നായിരുന്നു. വ്യക്തമായ ഒരു മറുപടി നല്കാൻ പെട്ടെന്നെനിക്ക് കഴിഞ്ഞില്ല. ഒരിടത്തുമെത്താതെ അന്നത്തെ കൂടിക്കാഴ്ച അവസാനിച്ചു.
ആ കൂടിക്കാഴ്ചകൾ മൂന്നും അങ്ങനെ തന്നെയായിരുന്നു. വെറും സൗഹൃദത്തിന്റെയും അവസാനമില്ലാത്ത സംവാദത്തിന്റെയും വിഫല ദൗത്യങ്ങൾ. ഒരു ആണും പെണ്ണും പ്രണയത്തിനുമാത്രം സഹിക്കാൻ കഴിയുന്ന വിചിത്ര സാഹചര്യങ്ങളിൽ- പൊലീസ് സ്റ്റേഷന്റെ മതില ചാരി നിന്ന് ഒരുച്ച, ശൂന്യമായ റെയിൽവേ പ്ലാറ്റ്ഫോമിലെ അപരാഹ്നം, അവസാനം ശൈശവാവസ്ഥ പിന്നിട്ടില്ലാത്ത ഒരാലിൻ ചുവട്ടിൽ ഒരു കുടക്കീഴിൽ ഒന്നിച്ചു ചേരാനോ പിരിയാാനോ തീരുമാനിക്കാൻ കഴിയുമായിരുന്ന ഒരു സന്ധ്യ- പ്രണയത്തിന്റെ സ്പർശമേയില്ലാതെ ഞങ്ങൾ സംസാരിച്ചു പിരിഞ്ഞു. ആ മഴക്കാലമവസാനിച്ചതോടെ ഒരുമിച്ച് ജീവിതം പങ്കിടേണ്ടെന്ന്, അതസാധ്യമാണെന്ന്, എല്ലാമുറിപ്പെടുത്തലുകൾക്കും പരസ്പരം മാപ്പ് ചോദിച്ചുകൊണ്ട് ഞങ്ങൾ സ്ഥാപിച്ചെടുത്തു.
ട്രെയിൻ ലേറ്റാണ്. മഴകാരണം പതിവ് സുഹൃത്തുക്കളാരുംതന്നെയില്ല.പ്ലാറ്റ്ഫോം പൊതുവെ വിജനം. മഴ നനുനനെ ചാറാൻ തുടങ്ങി. ഓഫീസിലേയ്ക്കു പോകാനുള്ള തീവണ്ടിക്കാത്തിരിപ്പിനിടയിൽ തലേരാത്രിയിലെ സ്വപ്നമുണർത്തിയ ചിന്തകള് വീണ്ടും സജീവമായി. സമീപഭാവിയിൽ നടക്കാൻ പോകുന്ന എതുസംഭാവത്ത്തിന്റെ സൂചനയാണതെന്നായിരുന്നു അപ്പോഴെന്റെ ചിന്ത. ഏകാന്തതയിൽ ലഭിയ്ക്കുന്ന ചില അറിവുകളും ചില സ്വപ്നങ്ങളും ഭാവിയില നടക്കാൻ പോകുന്നതിന്റെ സൂചന വഹിച്ചേക്കാം. അവ വായിച്ചെടുക്കുവാൻ പലപ്പോഴും കഴിയാറില്ലെന്നു മാത്രം. വായിക്കപ്പെടാത്ത അറിവുകൾ യാഥാർഥ്യമാവുമ്പോഴേ മനസ്സിലാവുകയുള്ളു. ലിൻഡയെക്കുറിച്ചും ഞഗളുടെ മുറിഞ്ഞിട്ടും മുറിയാത്ത സൗഹൃദത്തെക്കുറിച്ചും അങ്ങനെയാലോചിച്ച്, ഇന്നലെക്കണ്ട സ്വപ്നത്തിന്റെ അർഥതലങ്ങൾ വായിച്ചെടുക്കാൻ പണിപ്പെട്ട് ഞാനാ സിമന്റു ബെഞ്ചിലിരുന്നു. അപ്പുറത്തെ പ്ലാറ്റ്ഫോമും അതിലൂടെ നീങ്ങുന്ന മനുഷ്യരും ഒരു തിരശ്ശീലയ്ക്കുഅപ്പുറത്തേതെന്നപോലെ മായക്കാഴ്ചയായി വെളിപ്പെട്ടുകൊണ്ടിരുന്നു. അങ്ങെനെയിരുന്ന് ധ്യാനതുല്യമായ ഒരു അവസ്ഥയിലായിപ്പോയി ഞാൻ. എപ്പോഴോ ഈർപ്പമുള്ള ഒരു ഉൾവിളി പ്രജ്ഞയെ ആവേശിക്കുകയും ചെയ്തു. കണ്ണുതുറക്കുമ്പോൾ നേർത്ത ഇരമ്പത്തോടെ തീവണ്ടി വന്നെത്തി. സ്വപ്നത്തെക്കുറിച്ചുള്ള ചിന്ത വിടാതെ തന്നെ ഞാൻ തീവണ്ടിയിൽ കയറി.
മഴയിലും മായികമായ പ്രകാശത്തിലും മുഴുകി നിന്ന ഒരു കൂടിപ്പിരിയലിന്റെ ലാളിത്യം ജീവിതത്തെ എത്രമാത്രം മാറ്റിമറിച്ചു എന്ന് തീവണ്ടിയിലിരുന്ന് ഞാനാലോചിച്ചു.തീർത്തും സാധാരണമായ ഒരു ഗ്രാമത്തിലെ മാവിൻ ചില്ലകൾക്കിടയിലൂടെ ഭാഗികമായി മാത്രം മേൽക്കൂര വെളിപ്പെടുന്ന സ്കൂളിൽ നിന്നും ലിൻഡയെ വിളിച്ചിറക്കുമ്പോൾ മഴയില്ലായിരുന്നു.സ്കൂളിനു മുന്പിലെ ബസ് സ്റ്റോപ്പിൽ ഞങ്ങളങ്ങനെ മൗനികളായി നിന്നു. അപ്പുറത്ത് അല്പം താഴെയായി ചെറിയൊരു ക്ഷേത്രം. റോഡരികിൽ ചെറിയ ആൽമരം. എനിക്കുവരാനുള്ള ബസ്സൂകാത്തുള്ള നില്പ്. ഒന്നും മിണ്ടാനില്ലാത്ത അവസ്ഥ. സ്കൂൾ വിട്ട് കുട്ടികൾ ഇറങ്ങിവരുമ്പോൾ അവൾക്കൊരു ചാഞ്ചല്യമുണ്ടായോ? അതോ എനിക്കോ? അപ്പോൾ മഴ ചാറാൻ തുടങ്ങി.
ലിൻഡ കുടനിവർത്തി. പരസ്പരം സ്പർശിക്കാതിരിക്കാൻ ബലം പിടിച്ച്, മഴയില, ഒരു കുടക്കീഴിൽ ആൽച്ചുവട്ടിൽ, പുറംലോകത്തുനിന്നും ഒരു മായായവനികയാൽ വേർതിരിക്കപ്പെട്ട തുരുത്തിൽ ഒന്നും പറയാതെ ഞങ്ങൾ നിന്ന്. എത്രനേരമെന്നറിയാതെ. ഒരുപക്ഷേ അവളെന്തൊകെയോ പറഞ്ഞിരിക്കണം. ഞാനും എന്തെങ്കിലുമൊക്കെ പറഞ്ഞിരിക്കണം. പക്ഷേ ചോദ്യങ്ങള്ക്കൊന്നും ഉത്തരം കണ്ടെത്തുവാനോ പുതിയ ഏതെങ്കിലുമൊരു ചോദ്യം ഉയർത്താനോ ആവാത്തത്ര അടുത്തായിരുന്നു, ഒരുമിച്ചായിരുന്നു, ഒറ്റപ്പെട്ട തുരുത്തിലായിരുന്നു ഞങ്ങളിരുവരുവരും. ബസ്സുവരുമ്പോൾ.
കുടകൊണ്ടുപോവാൻ ലിൻഡ പറഞ്ഞു. കലമ്പുന്ന കുട്ടികൾക്കിടയിലൂടെ നനഞ്ഞുതന്നെ ഞാൻ ബസ്സിൽ കയറി. ബസ്സ് നീങ്ങാൻ തുടങ്ങിയതോടെ മഴ മാറി. ലിൻഡയും സ്കൂളും അകന്നകന്നു പോയി. അന്ന് രാത്രിയിൽ , ബസ്സിറങ്ങി, മഴതെളിഞ്ഞ് പ്രത്യക്ഷപ്പെട്ട നേർത്ത നിലാവെട്ടത്തിൽ വീട്ടിലേയ്ക്കു നടക്കുമ്പോൾ അത്രമാത്രം അടുത്ത സുഹൃത്തും അത്രതന്നെ സ്വതന്ത്രയുമായ ഒരുവളെ എങ്ങനെ പ്രണയിക്കുമെന്നും ഏറ്റവും പ്രണയഭരിതമായ ഒരു വാക്കെങ്കിലും കുറിച്ച് അവൾക്കെങ്ങനെ ഒരെഴുത്തെഴുതാനാവുമെന്നുമായിരുന്നു എന്റെ ചിന്ത. കുളിയും അത്താഴവും കഴിഞ്ഞ് ഞാൻ ഒരു കത്തെഴുതാൻ ശ്രമിച്ചു. ഒന്നുകിൽ ആദ്യത്തെ പ്രണയലേഖനം. അലെങ്കിൽ....
പക്ഷേ ഒരുവാക്കുപോലും ഉതിർക്കാതെ വിരലുകൾ തരിച്ചുനിന്നു.
പെരുമഴയുടെ ഇടവേളകളിൽക്കൂടി യാത്രചെയ്ത് തീവണ്ടിയിറങ്ങി ഓഫീസിലേയ്ക്കുള്ള ബസ്സുപിടിയ്ക്കാൻ തിടുക്കപ്പെട്ടു നടക്കുമ്പോഴാണ് പ്ലാറ്റ്ഫോമിന്റെ മൂലയിരിലിക്കുന്ന ഒരു രൂപം ശ്രദ്ധിച്ചത്. കീറച്ചാക്ക് പുതച്ച ചെറുപ്പക്കാരനായ ഭ്രാന്തൻ. ഭ്രാന്തമായ ഒരു വെളുപ്പിന് അല്ലെങ്കിൽ രാത്രിയിൽ അല്ലെങ്കിൽ സമയാതീതമായ ഏതെങ്കിലുമൊരു വേളയിൽ ഏതെങ്കിലുമൊരു റെയിൽവേ പ്ലാറ്റ്ഫോമിലോ കടത്തിണ്ണയിലോ, ചാക്കുകഷണം മാത്രം പുതച്ചോ വസ്ത്രമേയില്ലാതെയോ ഇരിക്കുന്നതിന്റെ സർവതന്ത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിച്ചുപോയി. എന്തുചെയ്യാം, ചുറ്റുപാടുകളുടെ സമ്മർദ്ദത്തിനു വഴങ്ങി ജീവിക്കാൻ വിധിക്കപ്പെട്ടുപോയി നാമൊക്കെ. മറ്റുള്ളവർ കുറ്റം പറയാത്ത വേഷം ധരിച്ച്, നിശ്ചിതമായ വഴികളിലൂടെ, നിഷ്ഠിതസമയത്തിനു വിധേയമായി സഞ്ചരിക്കാൻ വിധിയ്ക്കപ്പെട്ടവർ. ഞാനും ലിൻഡയും, സ്വാഭാവികരിലൊരാളായി അറിയപ്പെടാനാഗ്രഹിക്കുന്ന ഏതൊരാളും. സമയകാലവിധികളുടെ ഇടുങ്ങിയ ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുവാൻ കഷ്ടപ്പെടുന്നവർ.
പക്ഷേ സ്വപ്നം മറ്റൊരു കാലവും നിഷ്ഠയും അനാവൃതമാക്കുന്നു. അവിടെ ലിൻഡ പഴയ ചിരിയോടെ, ആറുവർഷം മുന്പ് എന്നെയന്വേഷിച്ച് വെയിൽ വകവയ്ക്കാതെ ലൈബ്രറിയിയിലേയ്ക്ക് കയറിവന്ന അതേ ഉത്സാഹത്തോടെ ഗർഭക്ലേശംപോലും കണക്കാക്കാതെ കുന്നുകയറി വരും. സുഹൃദപരമായി ഒന്നുമിലായ്മകൾ സംസാരിച്ചു പിരിയും. അവിടെ ഉദ്യോഗഗര്വ്വമോ സാമൂഹ്യ ബാധ്യതകളോ കണക്കാക്കാതെ നടുറോഡിൽ നഗ്നനൃത്തം ചെയ്യാൻ ഏത് ഉദ്യോഗസ്ഥദുഷ്പ്രഭുവും ധൈര്യംകാട്ടും . സ്വപ്നത്തിൽ ജൂലിയാ റോബെർട്ട്സിനെപ്പോലെ ലോകത്തിന്റെ മുഴുവൻ പ്രേമഭാജനമായ ഒരു പെണ്ണുമൊത്ത് വിശാലമായ ഹോട്ടൽ ബാൽക്കണിയിൽ മദ്യം നുകർന്നിരിക്കുവാൻ ഏതൊരുവനും യോഗം വരും.
യാദൃച്ഛികമെങ്കിലും ജൂലിയ റോബർട്ട്സിന്റെ ഓര്മ്മ ഇവിടെ പ്രസക്തമാവുന്നു. ലിൻഡയെ പ്രണയിക്കാനോ അവളോടൊത്തു ജിവിതം പങ്കുവയ്ക്കാനോ എനിക്ക് സാധിച്ചില്ലെന്നത് നേരുതന്നെ; എനിക്കു പിടിതരാത്ത ഏതോ കാലങ്ങളിലേയ്ക്കും ഇടങ്ങളിലേയ്ക്കും അവാൾ കുടിയേറിയെന്നതും വാസ്തവം. പക്ഷേ സിനിമയിൽ ജൂലിയ റോബർട്ട്സിന്റെ ചുണ്ടുകൾ കാണുമ്പോൾ ഞാൻ ലിൻഡയെ ഓർത്തുപോവും. ജൂലിയാ റോബർട്ട്സിന്റെ ചിത്രങ്ങൾ കാണുന്നതിനും എത്രയോ മുന്പുതന്നെ ഞാൻ ലിൻഡയെ പരിചയപ്പെടുകയും , നാടകീയമായി അവളെ പിരിയുകയും ചെയ്തിരുന്നു എങ്കിലും.
ലിയോണീദ് അഫ്രമോവിന്റെ പെയിന്റിംഗ് |
2000 കാലത്തെന്നോ എഴുതിയതാണ് ഈ കഥ. ഒറ്റയിരുപ്പിന് പുർത്തിയായ ഈ കഥ ആയിടയ്ക്കൊക്കെ ഏതൊക്കെയോ സുഹൃത്തുക്കളെ കാണിച്ചിരുന്നു. തിരുത്തി നന്നാക്കണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. എന്നാൽ പിന്നെപ്പോഴോ എവിടെന്ന് കണ്ടെത്താനാവാതെ പഴങ്കടലാസുകളുടെ കൂട്ടത്തിൽ പ്രത്യക്ഷപ്പെട്ടുപോയി. ഇന്ന് വൈകിട്ട് കുടുംബത്ത് കയറിച്ചെല്ലുമ്പോൾ അടുക്കളയിൽ, അമ്മ കത്തിയ്ക്കാനെടുത്ത കടലാസുകൾക്കിടയിൽ നിന്നും മാറ്റിവച്ചിരുന്നതാവണം, കണ്ടെത്തി. ഈ കഥയോടുള്ള ഒരു പ്രണയം കാരണം ഓർമ്മയിൽ നിന്നെന്തൊക്കെയോ പകർത്തിയെഴുതി 2010 ൽ ബ്ലോഗിലിട്ടിരുന്നു. യഥാർഥ കഥയുടെ സുഖത്തിനടുത്തൊന്നും വരാൻ അതിനായില്ലെന്ന് തോന്നുകയും ചെയ്തു. ഇന്നിതാ പഴയത് കിട്ടിയപ്പോൾ 'സ്വപ്നപ്രബന്ധം' അതേപടി ഇടുന്നു. കഥയിലെ പലസൂചനകളും കാലപ്പഴക്കം കൊണ്ട് അപ്രസക്തമായിരിക്കാമെന്ന അറിവോടെ.
..............
സൂചന: ജൂലിയാ റോബെർട്ട്സ് - ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറുകളിൽ പ്രശസ്തിയുടെ ഉന്നതിയിലായിരുന്ന ഹോളിവുഡ് നടി. എറിൻ ബ്രോക്കോവിച്ച് എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ ലഭിച്ചിട്ടുണ്ട്.