Wednesday, February 04, 2015

പാട്ടയില്‍ തലകുടുങ്ങിയ പട്ടി


തലയില്‍ അതിവേഗത്തില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രം തലയില്‍പ്പേറി നില്ക്കേണ്ടി വന്ന ജാതകകഥയിലെ കഥാപാത്രത്തെപ്പോലെ, തലയില്‍ക്കുടുങ്ങിയ പാട്ടയുമായി വഴിയിലൂടെ വരുന്ന പട്ടിയെക്കണ്ടത് വൈകുന്നേരത്ത് വരുമ്പോഴാണ്. ഉഷ്ണം പെരുകിയ ഒരു പകല്‍ ജോലിസ്ഥലത്ത് ചിലവഴിച്ച്, പത്തമ്പതുകിലോമീറ്റര്‍ യാത്രയും കഴിഞ്ഞ് എങ്ങനെയെങ്കിലും കുറെ വെള്ളം തലയില്‍ വീഴ്ത്താമെന്നു പകച്ച് സ്കൂട്ടറില്‍ പായുമ്പോഴത്തെ കാഴ്ചയായതുകൊണ്ട്, അത് യാത്രയ്ക്കിടയില്‍ പിന്നിലേക്കു മാഞ്ഞുപോകുന്ന ഒരു കാഴ്ചമാത്രമായിപ്പോയി. കിഴക്കേനടയിലൂടെ കിഴക്കോട്ട് വരുമ്പോള്‍, എന്റെ നേരെവരുന്ന ഒരാള്‍ പിന്നില്‍ വന്നുകൊണ്ടിരിക്കുന്ന പട്ടിയെച്ചൂണ്ടി ചിരിക്കുന്നതുകൊണ്ടാണ് അത്രയുമെങ്കിലും ശ്രദ്ധിക്കാനായത്. വഴിയരികില്‍ മറ്റുചിലരും ഈ കാഴ്ച കൗതുകത്തോടെ കാണുന്നുണ്ടായിരുന്നു. 

കാഴ്ചയെമറച്ചുകൊണ്ട്, സ്വാതന്ത്ര്യത്തെയാകെ കവര്‍ന്നുകൊണ്ട് തലമൂടി ഒരു പാട്ടയുണ്ടെന്നുള്ള പകപ്പൊന്നും ഉണ്ടെന്നു തോന്നാത്തവിധത്തില്‍ സാവകാശത്തില്‍ ഓട്ടം തുടരുകയായിരുന്നു അത്. ഒരു പക്ഷേ, ജാതകകഥയിലെ മരുഷ്യനെപ്പോലെ സ്വന്തം സാഹചര്യത്തോടു നിര്‍മ്മമമായി പൊരുത്തപ്പെടുവാന്‍ അതു വിധിക്കപ്പെട്ടുപോയതായിരിക്കാം. അല്ലെങ്കില്‍ തല കുടുക്കില്‍ നിന്നു വിമുക്തമാക്കുവാനുള്ള പ്രജ്ഞപോലും ഇല്ലാതായിപ്പോയതാവാം. പട്ടിയേതായാലും റോഡരികിലൂടെ സാവകാശം പടിഞ്ഞാറേക്ക് നേര്‍രേഖയിലൂടെ ഓടിക്കൊണ്ടിരുന്നു. രേഖയൊന്നു വളഞ്ഞ് വഴിനടുക്കുപെട്ട് ഏതെങ്കിലും വാഹനത്തില്‍ അടിയില്‍പ്പെടുയോ അല്പം അകലെ അലങ്കാരഗോപുരത്തിനു സമീപത്തെ കവലയില്‍ എത്തി ആരുടെയെങ്കിലും കരുണാപൂര്‍വമുള്ള ഇടപെടലില്‍ പാട്ടക്കുരുക്കില്‍ നിന്നു വിമുക്തമാവുകയോ, ഒന്നും സംഭവിക്കാതെ തളര്‍ച്ചയോടെ ഇരുന്ന് പാട്ടയില്‍ നിന്നും രക്ഷപ്പെടുന്നതിനെ കിനാവുകാണുകയോ ചെയ്യുന്നുണ്ടാവണം അത്.

ഏതായാലും അതിന്നത്തെ സായാഹ്നക്കാഴ്ചയായിരുന്നു.

അലഞ്ഞുതിരിഞ്ഞുനടക്കുന്ന പട്ടികളും വഴിയിലേക്കു ചിതറിവീഴുന്ന ചപ്പുചവറുകളും നിത്യക്കാഴ്ചയായ ഒരു ഗ്രാമപ്രദേശത്ത് വെറുമൊരു കൗതുകക്കാഴ്ച! തീവണ്ടിയിറങ്ങി നടക്കുന്നതിനിടയില്‍, തിരുവല്ലാ (താത്കാലിക)ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡുപരിസരത്തെ മനം മടുപ്പിക്കുന്ന വാടയെക്കുറിച്ച് പറഞ്ഞ് മടുത്ത് അരമണിക്കൂര്‍ കഴിയും മുന്പായിരുന്നു ഈ കാഴ്ചയെന്നതും സത്യം. പട്ടണത്തിലെ അത്ര ദുര്‍ഗന്ധക്കൂനകള്‍ ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഈ ഗ്രാമത്തിലെയും വഴിയോരങ്ങളുടെയും ജലാശയങ്ങളുടെയും പുറമ്പോക്കുപ്രദേശങ്ങളുടെയും അവസ്ഥ ഒട്ടും നല്ലതല്ല. വെറും പ്ലാസ്റ്റിക്കു കൂടുകള്‍ മുതല്‍ ഹോട്ടല്‍/ സദ്യ അവശിഷ്ടങ്ങള്‍ വരെ. ( ഹോട്ടല്‍ അവശിഷ്ടങ്ങളും തെരുവുപട്ടികളും വാഹനങ്ങളില്‍ കൊണ്ടുവന്നു നിക്ഷേപിക്കപ്പെടുകയാണെന്നു പറയപ്പെടുന്നു). പ്ലാസ്റ്റിക്ക്, വേസ്റ്റ് എന്നൊക്കെ അലറിവിളിക്കുന്നതല്ലാതെ നാമാരും അതെങ്ങനെയുണ്ടാവുന്നു, എങ്ങനെ വഴിയോരങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു, എങ്ങനെ നമ്മുക്കാവുന്ന രീതിയില്‍ അവയെ പെരുകാതെ ശ്രദ്ധിക്കാം എന്നൊന്നും ചിന്തിക്കാറില്ല. ചിന്തിക്കുന്നുണ്ടെങ്കില്‍ത്തന്നെ അതൊന്നും നടപ്പാവുന്നില്ല. അങ്ങനെ നമ്മുടെ ആവാസകേന്ദ്രങ്ങള്‍ മാലിന്യങ്ങള്‍ നിറഞ്ഞതാവുന്നു. പത്തോ മുപ്പതോ കൊല്ലം മുന്പുവരെ തമിഴ്‌നാട്ടിലെയും ഉത്തരേന്ത്യയിലെയും വഴിയോരമാലിന്യങ്ങളെയും ദുര്‍ഗന്ധങ്ങളെയും ഒക്കെ പരിഹസിച്ചിരുന്നവരാണ് മലയാളികള്‍ എന്നോര്‍ക്കണം.( അന്യനെയും, നമുക്കു മനസ്സിലാവാത്ത എന്തിനെയും അടിമുടി പരിഹസിക്കുകയെന്നതാണല്ലോ മലയാളി എന്ന വ്യക്തിത്വത്തിന്റെ കൈയൊപ്പ്) ഏതായാലും ഇന്നത്തെ അവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തിനു നടുക്കു പുളയ്ക്കുന്ന ഒരു ജീവിയാണ് മലയാളി. ആ ചവറ്റുകൂനകളും മലിനഗന്ധവും നമ്മുടെ ജീവിതാവസ്ഥയും! പാട്ടയില്‍ തലകുടുങ്ങിപ്പോയ പട്ടിയെപ്പോലെ നിസ്സഹായതയില്‍പ്പെട്ടുപോയ ഒരു സമൂഹം.

തല പാട്ടയ്ക്കുള്ളില്‍ കുടുങ്ങിപ്പോയെങ്കിലും ആ സാഹചര്യം മനസ്സിലാക്കി കഴിയുന്നടത്തോളം ദൂരം പ്രയാണം തുടരാനായിരുന്നു പട്ടിയുടെ ത്വരയെങ്കില്‍, പെട്ടുപോയ ചവറ്റുകുന്നില്‍ പുളഞ്ഞു പുളഞ്ഞു വെപ്രാളം കൊള്ളുന്നതിലാണ് നമ്മുടെ ശ്രദ്ധയെന്ന ഒരു വ്യത്യാസമുണ്ടെന്നു മാത്രം.




2 comments:

മുബാറക്ക് വാഴക്കാട് said...

hahha...
പാവം...
നല്ല എഴുത്ത്.....

മുബാറക്ക് വാഴക്കാട് said...

കമ൯റ് പ്രൂവ് ചെയ്യുന്നത് ഒഴിവാക്കൂ...
തുട൪ന്നും എഴുതൂ..