ഇതൊരു ഊട്ടുപുരയില്‍ നിന്നുള്ള കാഴ്ചയാണ്. ഒരു വിവാഹകോലാഹലം കഴിഞ്ഞ് വധൂവരന്മാരും ബന്ധിമിത്രാദികളും സദ്യനടത്തിപ്പുകാരും എല്ലാം ഒഴിഞ്ഞതിനു ശേഷം ഉള്ളത്. നമ്മുടെ വര്‍ത്തമാനകാല അവസ്ഥയുടെ പ്രതീകമാണിത്. ആകാവുന്നതിലേറെ ആഡംബരം പേറുന്ന സദ്യവട്ടങ്ങളും അലങ്കാരങ്ങളും, അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍, മലിനമാകുന്ന പൊതുസ്ഥലങ്ങള്‍ ഇതൊക്കെ. ഞാനടക്കം നമ്മുടെ സമൂഹത്തിലെല്ലാവരും ഏതെങ്കിലുമൊക്കെ തരത്തില്‍ ഈ അതിധൂര്‍ത്തിനും മിച്ചം വരുത്തലിനും പെരുവഴിയില്‍ അവശിഷ്ടം വീഴ്തലിനുമൊക്കെ കാരണവും കാരകവുമൊക്കെയാവുന്നു. എല്ലാവരും ഇങ്ങനെയൊക്കെയാകാന് വിധിക്കപ്പെടുന്നു. സമൂഹത്തിന്റെ രോഗാതുരത നമ്മെയെല്ലാം ബാധിച്ചിരിക്കുന്നു. അഥവാ നാമൊക്കെ സമൂഹശരീരത്തിലെ രോഗബാധിതമായ കോശങ്ങളാണ്.
വിചിത്രമായ സംഗതി, ഇതൊരു ക്ഷേത്രത്തിലെ ഊട്ടുപുരയാണെന്നുള്ളതാണ്. വിവാഹമടക്കം എല്ലാചടങ്ങുകളുടെയും ഭാഗമായ എല്ലാ വിധ കോപ്രായങ്ങള്‍ക്കും നാം കൂട്ടുപിടിക്കാറുള്ളത് വിശ്വാസങ്ങളെയാണ്. കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടിനുള്ളില്‍ വിവാഹമടക്കമുള്ള ചടങ്ങുകളുടെ നടത്തിപ്പില്‍ വന്നിട്ടുള്ള വ്യതിയാനങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പഠിക്കേണ്ടുന്ന വിഷയം തന്നെയാണ്. വീടുകളില്‍ നടന്നുകൊണ്ടിരുന്ന വിവാഹം സൗകര്യം പ്രമാണിച്ച് ക്ഷേത്രങ്ങളിലേക്കും അവിടുന്ന് കല്യാണമണ്ഡപങ്ങളിലേയ്ക്കും ഇപ്പോള്‍ വന്‍കിട റിസോര്‍ട്ടുകളിലേക്കുമൊക്കെ പറിച്ചുനടപ്പെട്ടിരിക്കുന്നു. അതിനനുസരിച്ച് ചടങ്ങുകള്‍ മാറിമറിയുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അനാചാരം എന്നമട്ടില്‍ കുടിയിറക്കപ്പെട്ട ദിവസങ്ങള്‍ നീളുന്ന വിവാഹ ചടങ്ങുകളും കലാപ്രകടനങ്ങളും ആഘോഷച്ചമയങ്ങളുമൊക്കെ തിരിച്ചുവരികയാണ്. ഈ പുതുപുത്തന്‍ ചടങ്ങുകളെല്ലാം വിശ്വാസമെന്ന പേരില്‍ത്തന്നെയാണ് വേരിറക്കുന്നത്. എന്നാല്‍ പഴയ പല നല്ലവിശ്വാസങ്ങളെയും കടപുഴക്കിക്കൊണ്ടാണ് ഈ പുത്തന്‍ വിശ്വാസങ്ങള്‍ തഴയ്ക്കുന്നതെന്നതിനു തെളിവാണ് മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രം. അന്നം ദൈവമാണെന്നും അത് നിന്ദിക്കപ്പെടരുതാത്തതാണെന്നുമുള്ള സങ്കല്പം നമ്മെ നയിക്കുന്നുണ്ടെങ്കില്‍ എങ്ങനെ അത്തരമൊരു രംഗം സംജാതമാകും. അങ്ങനെ ഒരു ദൈവികതയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ എങ്ങനെ ഒരു ക്ഷേത്രമതില്ക്കകത്ത് ഇങ്ങനെ മാലിന്യം തള്ളപ്പെടും? വിവാഹപ്രളയം കാരണം പല മഹാക്ഷേത്രങ്ങളുടെയും പരിസരങ്ങള്‍ എച്ചില്‍ക്കൂമ്പാരം കൊണ്ട് അത്യന്തം മലീമസമായിരിക്കുകയാണ്. അതും പോരാഞ്ഞ് അമ്പലങ്ങളിലും പള്ളികളിലും നടന്ന കല്യാണസദ്യകളുടെ അവശിഷ്ടങ്ങള്‍ പാതിരാത്രിയില്‍ വഴിയരികില്‍ത്തള്ളുന്നതുമൂലമുള്ള സാമൂഹിക വിപത്ത് നമ്മെ വിഴുങ്ങാന്‍ പാകത്തില്‍ വലുതാണ്( ഹോട്ടലുകളില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും അറവുശാലകളില്‍ നിന്നും ഒക്കെയുള്ള മാലിന്യ നിക്ഷേപങ്ങള്‍ ഇതിലും വലുതാണെന്നതു മറക്കുകയല്ല). സത്യത്തില്‍ നമ്മുടെ ജീവിതത്തിന്റെ നന്മകളുടെയും ചടുലതയുടെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളും നമ്മുടെ സമൂഹത്തിന്റെ വിനാശത്തിലേക്കുള്ള വഴിവിളക്കു തെളിക്കുന്നവയായി തീര്‍ന്നിരിക്കുന്നു. ഇതു തിരിച്ചറിയാഞ്ഞിട്ടാണോ എന്നറിയില്ല, കച്ചവടം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ് ചിലര്‍.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള' ലാഭകരമല്ലാത്ത ഊട്ടുപുരകള്‍' സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്തുകൊടുക്കുന്ന നടപടി ആരംഭിച്ചുകഴിഞ്ഞു. വടക്കുള്ള ഗ്രൂപ്പുകളിലെ ലാഭകരമല്ലാത്ത ഊട്ടുപുരകളുടെ കൂട്ടത്തില്‍ ഏറ്റുമാനൂര്‍ അടക്കമുള്ളവ ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന രേഖ പറയുന്നത്. തിരുവാര്‍പ്പ് , മൂഴിക്കുളം അടക്കം മറ്റനവധി പ്രധാനക്ഷേത്രങ്ങളുടെ ഊട്ടുപുരകളും ലേലത്തിനു വയ്ക്കുന്നതായി പ്രസ്തുതരേഖയില്‍ നിന്നറിയാം.
അനേക കോടി രൂപ വാര്‍ഷികവരുമാനമുള്ള ഏറ്റുമാനൂര്‍ പോലൊരു ക്ഷേത്രത്തിന്റെ ഊട്ടുപുര ലാഭകരമല്ല എന്നു കണക്കാക്കി 324000 രൂപയ്ക്കു രണ്ടുവര്‍ഷത്തേയ്ക്കു പാട്ടത്തിനു കൊടുക്കുന്നതിന്റെ പിന്നിലെ കച്ചവട മനഃസ്ഥിതിയോര്‍ക്കുക! ഈ പരസ്യം ചെയ്യുമ്പോള്‍ അത് ലഭിക്കുന്നവര്‍ അതേതൊക്കെ രീതിയില്‍ ദുരുപയോഗപ്പെടുത്തുവാന്‍ സാധ്യതയുണ്ടെന്നും അതിന്റെ പേരില്‍ ഏതൊക്കെ പുതിയ ചൂഷണസംവിധാനങ്ങള്‍ നിലവില്‍ വരുമെന്നുമൊക്കെയുള്ളത് അല്പമെങ്കിലും പരിഗണിച്ചിട്ടുണ്ടോ എന്ന ചോദ്യം ഒരു വശത്ത്. ഊട്ടുപുരകളുടെ പരസ്യങ്ങള്‍ വരുന്ന കാലം അകലെയല്ല എന്നു വ്യക്തം.ഇന്നത്തെ സാഹചര്യത്തില്‍ മക്കളുടെ വിവാഹനടത്തിപ്പിനായിക്ഷേത്രങ്ങളെ ആശ്രയിക്കുന്നത് സാമ്പത്തികമായി അല്പം പിന്നില്‍ നില്ക്കുന്ന മാതാപിതാക്കളാണ് ഏറെയും. അല്ലാത്തവരില്‍ ഭൂരിഭാഗവും വന്‍കിട ആഡിറ്റോറിയങ്ങളോ റിസോര്‍ടുകളോ ഒക്കെ സംഘടിപ്പിക്കും. അങ്ങനെയിരിക്കെ, സാധാരണക്കാരനു പ്രയോജനപ്പെടുന്ന ക്ഷേത്രഊട്ടുപുരകള്‍ സ്വകാര്യവ്യക്തികള്‍ നടത്താന്‍ തുടങ്ങിയാല്‍ആ ചുമതല ഏറ്റെടുക്കുന്നതിനുപിന്നിലെ ലാഭക്കൊതി ആരെയാണു ബാധിക്കുന്നത്?
ആഡംബരങ്ങള്‍ അവസാനിപ്പിക്കാനും ചടങ്ങുകള്‍ ലളിതമാക്കാനും മുന്‍കൈ എടുക്കേണ്ടുന്ന പൊതുസ്ഥാപനങ്ങള്‍ തന്നെ അതിനു പിന്നിലെ കച്ചവടക്കെണിയില്‍ പൂര്‍ണ്ണമായും വവീണാല്‍............
1 comment:
ഹൈന്ദവ സമൂഹത്തിന്റെ ഇന്ന് അവശേഷിക്കുന്ന ഏക സ്വത്തായ ക്ഷേത്രങ്ങളെ കച്ചവട കേന്ദ്രങ്ങൾ ആകുവാൻ നാം അനുവദിച്ചുകൂടാ . ക്ഷേത്ര ആചാര മര്യാദകൾ അറിയുന്നവരും പാലികുന്നവരും മാത്രം ദയവായി ഭരണ സമിതികളിലും ചടങ്ങുകളിലും പങ്കാളികൾ ആകാവൂ - Nair Youth Serivce Society
Post a Comment