Tuesday, May 19, 2015

ഫേസ്ബുക്കിൽ കുറിച്ചിട്ടവ 1

 ഫേസ്ബുക്കും തുറന്നുവച്ച് പരതുന്നതിനിടയിൽ വെറുമൊരു കുസൃതിയ്ക്ക് കുറിച്ചിട്ട കുറെ വരികൾ ഇവിടെ പങ്കുവയ്ക്കുന്നു. കവിത എന്ന ഇതിനെ വിളിയ്ക്കുന്നില്ല.
 

1
(4 മെയ് -‍‍‍‍‍‍‍‍ 10:14 PM )
 
ഈമ്പിനുണയാൻ പാകത്തിൽ
വെണ്ണ നനുപ്പാർന്ന ഒരു ചന്ദ്രനെ
ചില്ലലമാരയിൽ പ്രദർശിപ്പിച്ച്
കൊതിപ്പിക്കുകയാണ്
രാത്രി

 2





 
പാത്രം കഴുകുന്ന ശബ്ദം
മൂലയ്ക്കത്തെ മുറയിൽ നിന്നും
മകൻ വായിക്കുന്ന ശബ്ദം
ചീവീട്
അകലെയായി ഇടവിട്ടിടവിട്ട്
കുരകൾ
തളർന്ന ഒച്ചയിലൊരു പാട്ട്
പടിഞ്ഞാട്ടെങ്ങാണ്ടോ നിന്ന്
മുഴങ്ങിപ്പടരുന്ന
കതിനയുടെ ഒച്ച

ഉറക്കത്തിനുള്ള ഒരുക്കങ്ങളാണ്
രാത്രിയുടെ കരുതലുകൾ
ഓരോ ഒച്ചയിലും
ഓരോ ചലനത്തിലും
അറിയാം
ഉറക്കത്തിനുള്ള മുന്നൊരുക്കങ്ങൾ
ഒരു
കൊതുകിന്റെ മുരൾച്ച
എല്ലാ ഒച്ചകളെയും
കവിഞ്ഞ്
വളരുന്നുണ്ട്

 3

 
കൂട്ടായ്മ
..........
ഒന്നാമത്തെ ചോദ്യം നുരഞ്ഞു പൊന്തിവരുമ്പോൾ
നേരമിരുണ്ടു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു.
മരനിഴലുകൾ പടം വിരിച്ചു നിന്ന
പറമ്പിൽ
മുഖാമുഖം നോക്കി
നിരാമയനും നിസ്സംഗനുമിരുന്നു.

നിഴലുകൾ വളരുന്നതവരരിഞ്ഞില്ല.
ചെറുചോദ്യങ്ങൾ
പലത് നുരഞ്ഞുയർന്ന്
പൊയ്ക്കുമിളകളായി പൊലിയുന്നതും

രണ്ടാമത്തെ ചോദ്യം
പതയുമ്പോഴേയ്ക്കും
നിരാമയൻ കരഞ്ഞു തുടങ്ങിയിരുന്നു
നിസ്സംഗന്റെ സ്വരം
ഇടിമുഴക്കം പോലെ കയ്യാലകളിൽ
തറഞ്ഞുകയറാൻ തുടങ്ങിയിരുന്നു.
നിഴലുകളപ്പോൾ
നൃത്തം വച്ചു തുടങ്ങി.

നിസ്വാർഥൻ പ്രത്യക്ഷപ്പെട്ടത്
അപ്പോളാണ്
ചോദ്യം മൂന്നും നാലും അഞ്ചും
എപ്പോഴൊക്കെയോ
നുരഞ്ഞുപതഞ്ഞ്
തുള്ളിപ്പൊലിഞ്ഞു
നിഴലുകളുടെ നൃത്തം
പടയണിയായി.
നുരകളും തിരകളും
പതഞ്ഞ്
പറമ്പിനെ പൊതിഞ്ഞു.
എണ്ണങ്ങൾ കെട്ടുപിണഞ്ഞു.

ഒരു ചോദ്യം
പൊടുന്നനെ
തന്നിൽനിന്ന് പുളഞ്ഞുണർന്ന്
ഫണം നിവർത്തി ചീറിയത്
നിസ്സംഗനറിഞ്ഞില്ല
തുളഞ്ഞു തന്നിലേക്കിറങ്ങിയത്
നിരാമയൻ ഗണിച്ചതുമില്ല.

നിഴലുകൾ ചുവക്കുന്നതുകണ്ട്
നിസ്സംഗന്റെ തൊണ്ടയിൽ
മുളച്ച
അലർച്ചയോ
ചുവന്നൊരു നിഴലായി
നിരാമയൻ പതഞ്ഞു പരക്കുന്നതോ
ശ്രദ്ധിയ്ക്കാതെ
നിസ്വാർഥൻ
അവസാനത്തെ ചോദ്യം
നെയ്യുന്ന തിരക്കിലായിരുന്നു.

No comments: