Tuesday, February 17, 2015

കുടഞ്ഞെറിഞ്ഞത് ഒരു കാലത്തെ....

1982ലാണ്എനിക്കായി മാതൃഭൂമി ആഴ്ചപ്പതിപ്പുവരുത്തുന്നത്. രണ്ടാം വര്‍ഷപ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോള്‍.കുഞ്ഞമ്മാവന്‍ അതു സ്ഥിരം വരുത്തുന്നതിനാല്‍ കൊച്ചിലേമുതലേ പരിചിതമായ പ്രസിദ്ധീകരണം. 1976ല്‍ കുഞ്ഞമ്മാവന്‍ പുതിയവീടുവച്ചുമാറിയശേഷം അവിടെച്ചെന്നിരുന്നായിരുന്നു ഓരോ ലക്കവും നോക്കുക. എനിക്കു സ്വന്തമായി സൂക്ഷിക്കുവാന്‍ വാരിക വരുത്തണമെന്നു പറഞ്ഞതനുസരിച്ച് അമ്മ അതിനുള്ള പണം തരികയായിരുന്നു. അന്ന് ഒരു ലക്കത്തിന്റെ വില ഒരു രൂപ ഇരുപതുപൈസ.
ആദ്യലക്കം മുതല്‍ നമ്പറിട്ടു സൂക്ഷിക്കുവാന്‍ തുടങ്ങി. പത്തോളമെണ്ണമെത്തിയപ്പോഴാണ്, ബി എഡിനു പഠിക്കുന്ന അയല്‍പക്കത്തെ ലൈലച്ചേച്ചി റെക്കോര്‍ഡ് ഉണ്ടാക്കുവാനായി അവ ചോദിച്ചത്. അന്നു കൊടുത്തതിനു ശേഷം വന്നവ വീണ്ടും എണ്ണം ഒന്നേ എന്നു തുടങ്ങി. ഒരു ലക്കവും വിട്ടുപോകാതെ ആയിരത്തി ഒരുനൂറെണ്ണമെങ്കിലും ഞാന്‍ സൂക്ഷിച്ചു. 1985 ആയപ്പോഴേക്കും കലാകൗമുദിയും ക്രമമായി വരുത്തി സൂക്ഷിച്ചുതുടങ്ങി. പിന്നെ എത്രയോ പ്രസിദ്ധീകരണങ്ങള്‍. പത്രങ്ങള്‍, ലിറ്റില്‍ മാഗസിനുകള്‍, പലയിടത്തുനിന്നും കിട്ടുന്ന പഴയ ലക്കങ്ങള്‍ ഒക്കെ. വീട്ടിലെ തെക്കേ ഷോവാളിനകം നിറയെ മാഗസിനുകള്‍. ഇടയ്ക്കിടയ്ക്ക് അതെല്ലാം കൃത്യമായി അടുക്കിവയ്ക്കും. തൊണ്ണൂറുകളുടെ അവസാനം വാരികകള്‍ നിറം കെട്ടതായി തോന്നിയ ഒരു ഘട്ടത്തില്‍ വരുത്തുന്നതു നിര്‍ത്തി, എന്തെങ്കിലും കൗതുകം തോന്നുന്ന ലക്കങ്ങള്‍ മാത്രം വാങ്ങലായി. എങ്കിലും പഴയവയെല്ലാം കൃത്യമായി പരിപാലിച്ചു. ഇടയ്ക്ക് പഴയ മാതൃഭൂമികള്‍ പത്തെണ്ണം വീതം അനുജന്റെ സഹായത്തോടെ പത്തെണ്ണം വീതം അടുക്കി തയ്ച്ചുകെട്ടി.
പക്ഷേ, രണ്ടായിരത്തിനുശേഷമൊരിക്കല്‍ പെങ്ങള്‍ ബി എഡിനു പഠിക്കുന്ന സമയത്ത് ആ കുത്തിക്കെട്ടിയ പുസ്തകങ്ങളിലും കൈവയ്ക്കേണ്ടിവന്നു. ചില ലക്കങ്ങളില്‍ നിന്ന് പേജുകള്‍ കീറപ്പെട്ടു. പരിപാലനത്തിലുള്ള എന്റെ കൃത്യത അതെത്തുടര്‍ന്നു കുറഞ്ഞു. വര്‍ഷത്തിലൊരിക്കല്‍ അതൊക്കെയൊന്നടുക്കിപ്പെറുക്കിയാലായി. ഏതാനും വര്‍ഷമായി അതുതന്നെ ഇല്ലാതായി. മഴക്കാലത്ത് ഷോവാളിന്റെ നനവ് അവയിലേക്കും പടര്‍ന്നു. പൊടിമൂടി പഴകിയിരിക്കുന്ന കടലാസു മലയില്‍ തൊടാന്‍ പേടിയായിത്തുടങ്ങി.
അച്ഛന്‍ പലതവണ നിര്‍ബന്ധിച്ചു ആര്‍ക്കെങ്കിലും വില്ക്കാന്‍. തോന്നിയില്ല.
പുതിയ വീടുവച്ചു മാറിയതോടെ ഈ കടലാസുകുന്ന് എന്തുചെയ്യണമെന്നറിയാതായി. പഴവീട്ടില്‍ പ്രായമായ അച്ഛനമ്മമാര്‍ക്ക് ഈ പഴയകടലാസിന്റെ പൊടിക്കൂമ്പാരം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു തോന്നി. എന്നാല്‍ പുതിയ വാസസ്ഥാനത്ത് അത്രയും വലിയൊരു കടലാസ് സമ്പാദ്യം ഒതുക്കാനുള്ള നിര്‍വാഹവുമില്ല. പ്രിയപ്പെട്ട ഒരു നിധി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. വില്ക്കാന്‍ മനസ്സുവന്നില്ല. ഒരിക്കല്‍ വീട്ടില്‍ വന്ന പ്രസക്തി ബുക്സിന്റെ സജുവിനോട് സൂചിപ്പിച്ചതും അയാള്‍ എടുത്തോളാമെന്നു പറഞ്ഞു. കൊടുക്കാം എന്നു ഞാന്‍ വാക്കുകൊടുത്തില്ല, അപ്പോള്‍. പിന്നൊരിക്കല്‍ സംഭാഷണമദ്ധ്യേ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ സുഹൃത്ത് ജീവന്‍( കെ. ജീവന്‍കുമാര്‍) ആണ് അത് സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ കൊടുക്കരുതോ എന്നുപദേശിച്ചത്. അതനുസരിച്ച് ഹാരിസ് സാറിനോടും കൃഷ്ണന്‍ സാറിനോടും ഡോ. പി. എസ്. രാധാകൃഷ്ണനോടും വിവരം സൂചിപ്പിച്ചു. ലെറ്റേഴ്സിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ ഡോ. പി. എസ്. രാധാകൃഷ്ണന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്തുകൊണ്ടോ അതു നടപ്പായില്ല. സജു അതിനിടയില്‍ പലവട്ടം സംഭവം തന്നുകൂടേ എന്നു ചോദിക്കുകയും ചെയ്തു. സജുവിനോട് സമ്മതം മൂളി. ഏതാനും മാസം മുന്പ് അയാള്‍ കുറെച്ചക്കുമായി വന്ന് എല്ലാം അടുക്കി ചാക്കിലാക്കി. എനിക്കുവേണ്ട, ഒന്നു രണ്ടെണ്ണം മാത്രം മാറ്റിവച്ചു. മാസങ്ങള്‍ പലതങ്ങനെ കടന്നുപോയി. വണ്ടിയുമായി വരാമെന്നു പറഞ്ഞ സജു വന്നില്ല. വീടിന്റെ ഹാളിന്റെ തെക്കേയരികില്‍ ആ ചാക്കുകള്‍ അങ്ങനെയിരുന്നു. സുഹൃത്തായ ഷിബു വിവരം അറിഞ്ഞ് കുറെയെണ്ണമെങ്കിലും നോക്കിയെടുത്തുവയ്ക്കാമോ എന്നു ചോദിച്ചെങ്കിലും സജു അടുക്കിക്കെട്ടി വച്ചതില്‍ നിന്ന് പിന്നെത്തിരയാന്‍ തോന്നിയില്ല. പുസ്തകം  എടുക്കാത്തത് എന്താണെന്ന് പലതവണ അച്ഛന്‍ ആരാഞ്ഞു.....
ഇന്ന് രാവിലെ തന്നെ സജുവന്നു. ചാക്കുകള്‍ തുന്നിക്കെട്ടി. ഓട്ടോയില്‍ എല്ലാം കൊണ്ടുപോയി. ബൈന്ഡുചെയ്ത് സൂക്ഷിക്കുമെന്നാണ് അയാള്‍ പറഞ്ഞത്.
വൈലോപ്പിള്ളിയുടെ കൃഷ്ണമൃഗങ്ങള്‍ പ്രസിദ്ധീകരിച്ച ഓണപ്പതിപ്പുണ്ട് അതില്‍. ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി എന്നീ നോവലുകളുടെ മുഴുവന്‍ ലക്കങ്ങളും കടല്‍ത്തീരത്തടക്കമുള്ള അനവധിക്കഥകളും നൂറുകണക്കിനു ലേഖനങ്ങളും ഒ.വി. വിജയന്റേതായിട്ടുണ്ട്. നിക്കോലാസ് ഗിയെന്റെ കവിതകളുടെ വിവര്‍ത്തനങ്ങളടക്കം അയപ്പപ്പണിക്കരുടെ അനവധികൃതികള്‍. വി.കെ.എന്നിന്റെ അധികാരം, കോവിലന്റെ തട്ടകം, കുഞ്ഞബ്ദുള്ളയുടെ മരുന്ന് , കന്യാവനങ്ങള്‍, മാധവിക്കുട്ടിയുടെ ചന്ദനമരങ്ങള്‍ എന്നിങ്ങനെ എത്രയോ തുടര്‍ക്കഥ/നോവലുകള്‍. ടി പദ്മനാഭന്റെ കാലഭൈരവന്‍, സേതുവിന്റെ ദൂത്, സക്കറിയായുടെ കുഴിയാനകളുടെ ഉദ്യാനം എന്നിങ്ങനെ എത്രയോ മികച്ചകഥകള്‍ പ്രസിദ്ധീകരിച്ച ലക്കങ്ങള്‍. സച്ചിദാനന്ദന്റെ ഇവനെക്കൂടി, വിനയചന്ദ്രന്റെ വിനയചന്ദിക, കെ.ജി.എസ്സിന്റെ കൊച്ചിയിലെ വൃക്ഷങ്ങള്‍, ചുള്ളിക്കാടിന്റെ ഗസല്‍ എന്നിങ്ങനെ ശ്രദ്ധേയമായ എത്രയോ കവിതകള്‍. എ. പി. ഉദയഭാനു, സുകുമാര്‍ അഴീക്കോട്, കെ.പി അപ്പന്‍, പ്രസന്നരാജന്‍ എന്നിവരെഴുതിയ ലേഖനങ്ങളും അതിന്റെ ചര്‍ച്ചകളുമൊക്കെ സമ്പന്നമാക്കിയ ലക്കങ്ങള്‍. നരേന്ദ്രപ്രസാദിന്റെ സൗപര്‍ണ്ണികപോലുള്ള നാടകങ്ങള്‍.... ഇ. എം. എസ്, പി. ഗോവിന്ദപ്പിള്ള, കെ. എന്‍. രാജ്, പവനന്‍, പി. പരമേശ്വരന്‍ എന്നിങ്ങനെ അനവധി പ്രമുഖര്‍ ലേഖനങ്ങളിലൂടെ ഓരോ വിഷയത്തെ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവച്ച സമൃദ്ധമാക്കിയ വാരികത്താളുകള്‍. ബാലപംക്തിയില്‍ ഇന്നെഴുതുന്ന പലരുടെയും തുടക്കങ്ങള്‍......
സജു അവയെല്ലാം ഭദ്രമായി സൂക്ഷിക്കട്ടെ!



No comments: