ചിലരുടെ ചോര്യുടെ പ്രത്യേകതയാണ്. പൊരുതുവാനുള്ള ത്വര . അതവരെത്തന്നെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോഴും അവർ പൊരുതിക്കൊണ്ടിരിക്കും.
പരാജയങ്ങളെ എഴുതിത്തള്ളി വീണ്ടും വീണ്ടും....
ശ്രീനന്ദു എന്ന ട്രാൻസ്ജെൻഡറിന്റെ കഥ ജെ. രാജശേഖരൻ എന്ന പത്രപ്രവർത്തകൻ പകർത്തിയെഴുതിയത്( ഇടം തേടി- ഒരു ട്രാൻസ്ജെൻഡർ അവളു/അവന്റെ കഥപറയുന്നു- ഡിസി ബുക്സ് കോട്ടയം) വായിചപ്പോൾ ഞാനീ ചോരച്ചൂടിനെക്കുറിച്ചോർത്ത് അത്ഭുതപ്പെട്ടുപോയി.
ചിലരങ്ങനെയാണ്. ഒരു വലിയ സമൂഹത്തിന്റെ വിചാരങ്ങളെ തകർത്തെറിഞ്ഞ് സഞ്ചരിക്കാൻ ഒരു ഭയവുമില്ല.
ഭയം എന്ന വികാരമാണ് മനുഷ്യനെ അടിമുടി ഭരിക്കുന്നത്. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും മറ്റുള്ളവർ എങ്ങനെ നോക്കിക്കാണും എന്ന ഭയം. അതിന്റെ മതിൽക്കെട്ടിൽ ഉഴറി സമൂഹത്തിന്റെ നിയമങ്ങൾക്കും അനുശാസനങ്ങൾക്കും വഴിപ്പെട്ട് ജീവിക്കുന്നവരെnormal എന്ന വിഭാഗത്തിൽ സമൂഹം സ്വീകരിക്കുന്നു. പരസ്പരഭയം, സമൂഹഭയം, മനുഷ്യനെ അവന്റെ/ അവളുടെ സ്വാഭവിക ചോദനകളിൽ നിന്ന് ഒളിച്ചോടാനും അവയെ പലപ്പോഴും തള്ളിപ്പറയാനും പ്രേരിപ്പിക്കുന്നു. അവന്റെ/അവളുടെ തന്നെ ഉള്ളിലുള്ള സ്വകാര്യ ലോകത്തെ ബോധപൂർവ്വം മറക്കാനും അത് സത്യമല്ല എന്ന് സ്വയം വിശ്വസിക്കാനും പ്രേരിപ്പിക്കുന്നു. അത്തരം ഭയങ്ങളുടെ വിലക്കിൽ നിൽക്കുന്ന നാമൊക്കെയും ആ കടമ്പകൾ ചവിട്ടിത്തള്ളുന്നവരുടെ കഥകൾ വായിച്ച് അനുതപിക്കുകയും രഹസ്യമായി സന്തോഷിക്കുകയും ചെയ്യുന്നു.
എന്തിനാണ് മനുഷ്യൻ അവനെത്തന്നെ ഇത്തരമ്മൊരു ഭയത്തിന്റെ മുള്ളുവേലികകത്തേക്ക് സ്വയം അടിച്ചു കയറ്റുന്നത്?
ഉത്തരം വളരെ ലളിതമായി നാം തന്നെ നൽകും- സമൂഹം; അതിന്റെ നിലനിൽപ്പ്.
എന്തിനാണ് സമൂഹത്തിന്റെ അത്രശ്വാസം പിടിച്ച നിലനിൽപ്പിനായി പരിതപിക്കുന്നതെന്നതിന് നമുക്കാർക്കും ഉത്തരമില്ലെന്നു മാത്രം. ആ ചോദ്യം നാം മറന്നെന്നു നടിക്കുന്നു.
എബ്രഹാം മാത്യു ഭാഷാ പോഷിണിയിലെഴുതിയ പുതിയ ലേഖനവും കൂട്ടി വായിക്കാവുന്നതാണ്. അത് മലയാളിയെക്കുറിച്ചാണ്. ഏതോ ധാരണകളുടെയും മുൻവിധികളുടെയും വേലിക്കെട്ടിനുള്ളിൽ ജീവിക്കാൻ പഠിച്ചുപോയ മലയാള മനസ്സിന്റെ പ്രത്യേകതകളെക്കുറിച്ചാണ് എബ്രഹാം മാത്യു പറയുന്നത്.
ഇത് മലയളിയുടെ മാത്രം പ്രശ്നമാണൊ എന്നെനിക്കറിയില്ല. പക്ഷേ മലയാളിക്ക് അത്തരമൊരു മനോഭാവമുണ്ടെന്നതു സത്യം. സ്വന്തം വിദ്യാഭ്യാസത്തെയു സാംസ്കാരിക ഭോധത്തെയും കുറിച്ച് അഭിമാനിക്കുന്ന മലയാളി, സ്വയം തീർത്ത കപടലോകത്തിന്റെയും സദാചാരബോധത്തിന്റെയും വിലക്കുകൾക്കുള്ളിൽ നീറുകയാണ്. ഒരു സമൂഹമെന്ന നിലയിൽ മലയാളിയെ ഈ മനോഭാവം ജീർണ്ണതയുടെ കുഴിയിലേക്കു തള്ളുകയാണ്. പുതിയതേതിനെയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുക എന്നത് നമ്മുടെ ഫാഷനാണ്. ആധുനികത്, ആഗോളവത്കരണം, വിവരസാങ്കേതികത് എന്നിങ്ങനെ ഒത്തിരി ഇച്ചീച്ചികളെ നാം തരം തിരിച്ചിട്ടുണ്ട്. മുഖ്യധാരാമസികയിൽ അച്ചടിച്ചൂന്നൗവരുന്ന പൊട്ടക്കവിതയെ/കഥയെ/ലേഖനത്തെ നിറഞ്ഞ മനസ്സോടെ അംഗീകരിക്കുമ്പോളും ബ്ലോഗിൽ വരുന്ന ഒരു സൃഷ്ടിയെ( ചെറുപ്രായക്കാരുടേതാണെങ്കിൽ പ്രത്യേകിച്ചും) അവഗണിക്കാൻ വിഫല ശ്രമം നടത്തുന്നു, ഏറ്റവും കുറഞ്ഞത് മുപ്പതുകൊല്ലമെങ്കിലും പിന്നിൽ നിന്നു ചിന്തിച്ചില്ലെങ്കിൽ അത് മാനക്കേടാണ്( എന്റെ സുഹൃത്തായ ഒരു നിരൂപകൻ അടുത്തിടെ നടന്ന ഒരു സാഹിത്യ കൂട്ടായ്മയിൽ തൊണ്ണൂറുകൾക്കു ശേഷം മലയാള സാഹിത്യത്തിൽ ജീർണ്ണത വന്നു എന്ന് പരഞ്ഞതായി മറ്റൊരു സുഹൃത്തു പറഞ്ഞു. തൊണ്ണൂറിനു തൊട്ടു മുൻപു വരെ മലയാള സാഹിത്യത്തിൽ നെരൂദമാരുടെ ഉത്സവമായിരുന്നു!)
മലയാളി പ്രകൃതി വാദിയായേ തീരൂ. നഷ്ടപ്പെട്ടു പോകുന്ന ശദ്വലതയെക്കുറിച്ചും ഓലക്കുടിലിനെക്കുറിച്ചും കരഞ്ഞാലേ കവിത കവിതയാകൂ. മുത്തശ്ശിക്കഥകളിലില്ലാത്ത ലോകത്തെക്കുറിച്ച് സങ്കടപ്പെട്ടാലേ കഥ കഥയവൂ.കെട്ടാൻ പോകുന്ന അണക്കെട്ടുയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ആശങ്കപ്പെട്ടാലേ ലേഖനം ലേഖനമാവൂ( പണ്ട് മുഖ്യമന്ത്രിയായ ഈ കെ നായനാർ അണുശക്തി നിലയമല്ല ഏതു ചെകുത്തനാണാണെങ്കിലും കരന്റു കൊണ്ടുവരാൻ പറ്റുന്ന എന്താണെങ്കിലും കെട്ടിവലിച്ചു കൊണ്ടുവരും എന്നു പറഞ്ഞപ്പോൾ എന്തായിരുന്നു പുകില്?)
ഇതൊക്കെയെഴുതാൻ ഏസി ബാറിൽ നിന്നു മോന്തിയ മദ്യത്തിന്റെ ലഹരിയും സിഡിപ്ലേയർ ചുരത്തുന്ന ഗസലിന്റെ അകമ്പടിയും ലാപ്ടോപ്പും വേണമെന്നത് പിന്നമ്പുറ വിശേഷം.
ഇതാണു നമ്മളുടെ കാപട്യം. പ്രക്കൃതിവാദം പ്രകൃതിവിരുദ്ധമാകുന്നതിനും ഉത്പതിഷ്ണുത്വം വരട്ടുവാദമാകുന്നതിനും മലയാളത്തിൽ ഉദാഹരണങ്ങളേയുള്ളു. നമ്മുടെ ഭാഷയിൽ അഴ്ചതോറുമിറങ്ങുന്ന പ്രസിധീകരണങ്ങൾ, ആയിരക്കണക്കിനു മരങ്ങളുടെ ജീവസത്ത ഞെരിച്ചെടുത്തു ചമച്ച മേനിക്കടലാസ് ചിലവഴിക്കുന്നത് ഇത്തരം സാംസ്കാരിക ചർച്ചകൾക്ക് വഴിയൊരുക്കാനാണ്.
എന്താണു പ്രകൃതി? എന്താണു പ്രകൃതിവിരുദ്ധം?
അനന്തവിശാലമായ പ്രപഞ്ചത്തിന്റെ ഏതോ ഒരിരുണ്ടമൂലയിൽ ഒരിടത്തരം നക്ഷത്രത്തെ വലംവയ്ക്കുന്ന ഭൂമിയെന്ന ഇടത്ത്രം ഗ്രഹത്തിലിരിക്കുന്ന മനുഷ്യൻ, തന്റെ അൽപത്തരത്തിന്റെ ഉന്നതിയിൽ പ്രപഞ്ചത്തിലെ ഏറ്റവും മുന്തിയ ജീവിയാണ് സ്വയം ഉദ്ഘോഷിക്കുന്നു. സ്വയം സൃഷ്ടിച്ച നിയമങ്ങളെയുദ്ധരിച്ച് ഇതാണ് പ്രകൃതിനിയമമെന്ന് തറപ്പിച്ചു പറയുന്നു.( തുലാവർഷം എതിലെയോ പോയി. മഞ്ഞുകാലവും. ഹാ! എന്നിട്ടും മനുഷ്യൻ എത്ര ഗംഭീരൻ. പ്രപഞ്ചത്തെ സ്വന്തം വിരൽത്തുമ്പിൽ തിരിക്കുന്നവൻ!)
ഇതെല്ലാം ചേർന്നതല്ലേ പ്രകൃതി? കാടുവെട്ടലും കെട്ടിടം പണിയലും ഹൈവേ ചമയ്ക്കലും അണുബോംബുണ്ടാക്കലും പത്രമാസികകൾ പടച്ചു വിടലുമൊക്കെ മനുഷ്യനെന്ന ജീവിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കും സൗകര്യങ്ങൾക്കുമനുസരിച്ചല്ലേ? ഇതെങ്ങനെ പ്രകൃതി വിരുദ്ധമാവും?
തേനീച്ചകൾ അവരുടെ കോളനിക്കവശ്യമായ വലിപ്പത്തിലും സൗകര്യത്തിലും കൂടുണ്ടാക്കുന്നത് പ്രകൃതി വിരുദ്ധമാവുമോ? ചിതലുകൾ? കിളികൾ????
പത്തു നൂറ്റാണ്ടു മുൻപുള്ള മനുഷ്യന്റെ ആവശ്യങ്ങൾ ആണോ ഇന്നുള്ളത്?
മെഴുകുതിരു വെളിച്ചത്തിൽ, പ്രാകൃതമായ പാർപ്പിടത്തിന്റെ ഇടുങ്ങിയ അകത്തളത്തിലിരുന്ന് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ഉത്ബോധനാത്മക ലേഖനമെഴുതിത്തള്ളുന്നത് ഇന്നത്തെ അരുന്ധതി റോയിമാർക്ക് സങ്കൽപ്പിക്കാനാവുമോ?
ഡിനോസറുകൾ ഹൈവേകളോ വേൾഡ് ട്രേഡ് സെന്ററുകളോ ആറ്റം ബോംബുകളോ ഉണ്ടാക്കിയതിനു സൂചനയില്ല. എങ്കിലും അവ കുലത്തോടെ നശിച്ചു. എന്നോ ഒരിക്കൽ./ അതുപോലെയെത്ര ജീവജാലങ്ങൾ. ചെറുതും വലുതും. ഏകകോശവും ബഹുകോശവും.
അണുയുദ്ധത്തിലൂടെയോ, അമിതതാപം മൂത്ത് മഞ്ഞുരുകിയും വൻനദികൾ വരണ്ടും നിലവിലുള്ള ജീവജാലങ്ങൾ നശിക്കാനിടയായാൽ അതിനെല്ലാം ഉത്തരവാദി മനുഷ്യന്റെ വികസനത്വരയാണോ? അപ്പോൾ മനുഷ്യനെ ഇത്രയും വളർച്ചയിലേക്കും ഗ്രഹാന്തരയാത്രകളടക്കമുള്ള സംഭവങ്ങളിലേക്കും നയിച്ച, അതിനാവശ്യമായരീതിയിൽ അവന്റെ തലച്ചോറിനെ പാകപ്പെടുത്തിയ പ്രകൃതിയ്ക്ക് പങ്കൊന്നുമില്ലേ?
മനുഷ്യന്റെ ഇന്നുവരെയുള്ള വിയാസത്തിന് അവനെ സജ്ജമാക്കിയ പ്രകൃതിയെ വിസ്മരിക്കുന്നതല്ലേ ഏറ്റവും പ്രകൃതി വിരുദ്ധം.
ശ്രീനന്ദു ഒരൊറ്റപ്പെട്ട സംഭവമല്ല. ഈ ലോകത്തിന്റെ വിവിധകോണുകളിൽ അതുപോലെ സാധാരണക്കാരെന്നു സമധാനിച്ച് സ്വന്തം സ്വപ്നങ്ങളെ അടിച്ചമർത്തി ജീവിക്കുന്നവരുടെ വഴികളിൽ നിന്നു വേറിട്ടു സഞ്ചരിക്കുന്നവർ അനവധിയുണ്ട്. ഇവരെ പ്രകൃതി വിരുദ്ധർ എന്നു മുദ്രകുത്തി മാറ്റി നിർത്താൻ എളുപ്പമാണ്. ഇത് മലയാളിക്കേറെ കൗതുകമുള്ള തൊഴിലുമാണ്.
ആരാണ് യഥാർത്ഥത്തിൽ പ്രകൃതി വിരുദ്ധർ?
ഫെറ്റിഷ് ബിഹേവിയറുകൾ, ഡീവിയന്റ്സ് എന്നൊക്കെയധിക്ഷേപിച് ചിലരെ മാറ്റി നിർത്തിക്കോളൂ. അപ്പോൾ നാം സ്വയം ഡീവിയന്റ്സാവുകയാണ്. മനുഷ്യപ്രകൃതിയിൽ നിന്നും വഴിമാറി നടക്കുന്നവർ. പ്രകൃതി തന്ന കഴിവുകളെയും സ്വപ്നങ്ങളെയും കുഴിച്ചുമൂടുന്നവർ.
അത്തരം ഭൂരിപക്ഷത്തിനിടയിൽ സ്വന്തം സ്വത്വത്തിന്റെ നഗ്നരൂപം വിളിച്ചറിയിച്ച് കല്ലേറും മുൾക്കിരീടവും അവഗണിച്ചും സഹിച്ചും നടക്കുന്നവർത്തന്നെയാണ് ചിലപ്പൊഴെങ്കിലും മനുഷ്യകുലത്തിന് മാതൃകയായിട്ടുള്ളത്ന്നതും ഓർക്കുന്നത് നന്ന്.
ശ്രീനന്ദുവിന്റെ വഴി ആദർശാത്മകമായിരിക്കില്ല്. അതിലേ ഏവർക്കും നടക്കാനുമാവില്ല.
പക്ഷേ, അങ്ങനെയുള്ളവർ നമ്മുക്കിടയിലുണ്ടെന്നും അയാൾ സ്വന്തം ചോദനകളെ വിളിച്ചറിയിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞേതീരൂ
അതാണ് ചിലരുടെ ചോരയുടെ കരുത്ത്!
2 comments:
i can feel the pangs of a tormented mind that wants to soar.but your wings are clipped .that is the predicament of the modern man who at once wants to fly like a bird and fly in an airplane.the ubiquitous wand of authority often reduces us to submission. remember the Obama slogan; vote for change.sorry ,he too can't change anything.
തുടക്കം ഗംഭീരമായി. പിന്നെ മുറുക്കം നഷ്ടപ്പെട്ടു.
നല്ല ചിന്തകള്‍.
Post a Comment