Tuesday, November 04, 2008

പൊടിയമ്മ

പൊടിയമ്മ പോയി.
മരിച്ചു.
ഒരാളുടെ അഭാവം നാം മനസ്സിലാക്കുന്നത്‌ ആ ആളിനെക്കുറിച്ചുള്ള ഓർമ്മകളുണരുമ്പോഴാണ്‌. അവരുമായുള്ള ബന്ധത്തിന്റെ ആഴം മനസ്സിൽ ശൂന്യതയുണർത്തുമ്പോഴാണ്‌. അവരോട്‌ ചെയ്യാൻ വിട്ടുപോയ കാര്യങ്ങളുടെ ഓർമ്മ അലോസരപ്പെടുത്തുമ്പോഴാണ്‌.
പൊടിയമ്മ പോയി. ഇന്നു സന്ധ്യയ്ക്കെപ്പോഴോ ആ ശരീരത്തിൽ നിന്നും പ്രാണന്റെ തരിമ്പും വിടപറഞ്ഞു. ഓർക്കുമ്പോൾ ഏറെയുണ്ട്‌. ഓർക്കാതിരുന്നാൽ ഒന്നുമില്ല. എനിക്ക്‌ ഓർക്കാതിരിക്കാൻ കഴിയില്ല.
പൊടിയമ്മ ആരായിരുന്നു? വീട്ടിലെ പുറം ജോലികൾക്ക്‌ അമ്മയെ സഹായിച്ച ഒരാൾ. അതിലപ്പുറം?
അതിലപ്പുറമാണ്‌ ഏറെയെന്ന് എനിക്കു തോന്നുന്നു. അയൽപക്കത്ത്‌ തന്നെ താമസിക്കുന്ന അവർ ചെറുപ്പം മുതലെ പരിചിതയായിരുന്നു. ഒരു വേലക്കാരിയെന്നതിലുപരിയായി അവർ വീട്ടിൽ സ്വാധീനം ചെലുത്തിയിരുന്നു. എൺപതു വയസ്സിലും ഊർജ്ജസ്വലത കൈവിടാത്ത ആ വ്യക്തി അത്ഭുതം ഉണർത്തുമായിരുന്നു. ( പത്തു വർഷം മുൻപായിരുന്നു അതെല്ലാം). സ്വകാര്യമായ പല ആവശ്യങ്ങളും കാരണം പൊടിയമ്മ വീട്ടിലെ പുറം ജോലികളിൽ നിന്നകന്നിട്ട്‌ ഏകദേശം അത്രയും കൊല്ലമായി.
എങ്കിലും വല്ലപ്പൊഴുമൊരിക്കലെങ്കിലും അവർ എത്തുമായിരുന്നു. എല്ലാവരുടെയും കുശലം തിരക്കുമായിരുന്നു. ഒരിക്കലും അപരിചിതത്വത്തിന്റെ അംശം ഇരു പക്ഷത്തും ഉണ്ടായതേയില്ല.
ഏതോ ഒരു വാഹനം ഏറിയ പ്രയത്തിനും തളർത്താനാവാതിരുന്ന പൊടിയമ്മയെ ഇടിച്ചു വീഴ്ത്തി. മൂന്നാഴ്ചയോളം പൊടിയമ്മ തന്റെ ശരീരത്ത്‌ വൈദ്യശാസ്ത്രകുതുകികൾ ചെയ്തതൊന്നുമറിയാതെ നിശ്ചലയായി കിടന്നു. അതിനിടയിൽ ഒന്നു കാണാൻ പോകാൻ കഴിയാതിരുന്നതിന്റെ ഖേദമേ ബാക്കിയുള്ളു.
ഇരുപതുകൊല്ലം മുൻപെന്നോ അകാരണമായ ഏതോ ഭയത്തിന്റെ പിടിയിൽ, അജ്ഞാതമായ രോഗഭീതിയിൽ തളർന്ന ദിനങ്ങളിൽ ഡൊക്റ്ററന്മാരെ കണ്ടും രോഗമെന്തെന്നറിയാതെ തളർന്നും കഴിഞ്ഞപ്പോൾ അതിനെ ആരെങ്കിലും കണ്ണു വച്ചതാവും(!) എന്ന് വിധിയെഴുതി ഞാൻ കുളിയ്ക്കാനൊരുങ്ങുമ്പോൾ വെള്ളത്തിൽ പാണലിലയിട്ട്‌ അതിൽത്തന്നെ കുളിക്കണമെന്ന് നിർബ്ബന്ധിച്ച ആ ശുഷ്കാന്തി മനസ്സിൽ നിന്നും മറയുന്നില്ല.

2 comments:

Jayasree Lakshmy Kumar said...

ഓർമ്മകൾ. നന്നായിരിക്കുന്നു

shajkumar said...

daa ninte vikruthikal ellaam nannu.saahithyam athrakkangu vendaa...