Wednesday, December 31, 2008

തിരുവല്ലയിലെ ഓട്ടോറിക്ഷകൾ റെയിൽവേസ്റ്റേഷനെ ഭയക്കുന്നു.......

വൈകുന്നേരത്ത്‌ അഞ്ചുമിനിട്ടെങ്കിലും നേരത്തെ വരാം എന്ന മോഹത്തോടെയാണ്‌ ബസ്സിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത്‌. ഒരു തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ തൂങ്ങിനിന്നു യാത്രചെയ്ത്‌ തിരുവല്ലയിലിറങ്ങി വാമഭാഗം ആവശ്യപ്പെട്ട രണ്ടു ഗൈഡുകളും വാങ്ങി സ്കൂട്ടറെടുക്കാൻ റെയിൽവേസ്റ്റേഷനിലേക്കു പോകാൻ ഓട്ടോ പിടിക്കാൻ ശ്രമിച്ചപ്പോഴാണ്‌ പ്രശ്നം. വഴിയേപോയ ഒരു ഓട്ടോയെ ഊതി വിളിച്ചു-ശ്‌.ശ്‌..ശ്‌..ശ്‌..ശ്‌............
ഒരു പയ്യൻഓട്ടോ ഡ്രൈവർ വണ്ടി നിർത്തി.
റെയിൽവേസ്റ്റേഷൻ...
പറഞ്ഞതും അവന്റെ മുഖം മടുത്തു(തളർന്നു എന്നു പറയുന്നതാവും ശരി).
എന്നെക്കൊണ്ടു വയ്യ. അവൻ ഒറ്റയടിക്കുപറഞ്ഞത്‌ ഒരു ഇൻസൾട്ടായിത്തന്നെ മനസ്സിൽ പതിഞ്ഞു.
അവൻ പോയപ്പോൾ വീണ്ടും നാലുചുവടുവച്ച്‌ ഓട്ടോ സ്റ്റാൻഡിലെത്തി. നിരനിരയായി പാർക്കുചെയ്തിരിക്കുന്ന ഓട്ടോകളിലോരോന്നിന്റെയും അരികിൽച്ചെന്ന് റെയിൽവേസ്റ്റേഷൻ പോകുമോ എന്നു ചോദിച്ചു. ആരും തയ്യാറല്ല. തിരുവല്ലയിൽ രാത്രി വൈകി വണ്ടിയിറങ്ങുന്നവർക്ക്‌ ഇതൊരു പുതുമയല്ല. റെയിൽവേസ്റ്റേഷൻ, കാവുംഭാഗം, മുത്തൂർ എന്നൊക്കെ ആവശ്യപ്പെട്ടാൽ ആരും നിങ്ങളെ ശ്രദ്ധിക്കില്ല. നാറാണം മൂഴിയെന്നോ പത്തനംതിട്ടയെന്നോ റാന്നിയെന്നോ ഒക്കെപ്പറഞ്ഞാലേ അവർക്ക്‌ തൃപതിയാകൂ. കവിയൂർ എന്നു പറഞ്ഞാലോ ഒന്നു നോക്കാം എന്നാണു മനസ്ഥിതി. ചുരുങ്ങിയതു പത്തുകിലോമീറ്റർ യാത്രയെങ്കിലും ഓഫർച്ചെയ്തില്ലെങ്കിൽ നിങ്ങൾ പെട്ടുപോയെന്നു സാരം.
പക്ഷേ ഒരു അന്തിക്കൂരാപ്പിന്‌ ഇതാദ്യമായാണ്‌ ഇത്തരം അനുഭവം. ഓട്ടോക്കാരുടെ അഹങ്കാരം പോയപോക്കേ എന്നു മനസ്സിൽ തോന്നി. ഇവന്മാർക്കിട്ട്‌ ഒരു ചെറിയ പണിയെങ്കിലും ചെയ്യണം എന്നും ഉള്ളാലെ കുറിച്ചിട്ടു. പത്തുമുപ്പത്‌ ഓട്ടോകളുടെ മുൻപിൽ തെണ്ടിക്കഴിഞ്ഞപ്പോൾ ഒരാൾ തയ്യാറായി. അൽപം പാകത പ്രകടമായ മുഖം. ഈ ചേട്ടനെങ്കിലും ആർത്തി കുറവാണല്ലോ എന്ന് സന്തോഷിച്ച്‌ അതിൽ കയറിപ്പറ്റി. യാത്ര തുടങ്ങി ദീപാജങ്ങ്ഷനിൽ നിന്നു തിരിഞ്ഞപ്പോൾ അദ്ദേഹത്തോടു തന്നെ ചോദിച്ചു, എന്താ എല്ലാവർക്കും റെയിൽവേസ്റ്റേഷൻ എന്നു കേൾക്കുമ്പോൾ ഒരു അവജ്ഞ?
'അതോ, ആ റോഡു തന്നെ. അതിലെ ഒരു ദിവസം എത്രതവണയാ യാത്ര. എല്ലാം കഴിയിമ്പോൾ ദേഹത്തു വേദന മാത്രമാവും മിച്ചം.'
അതാണു കാര്യം. അതുമാത്രം.
തിരുവല്ല റെയിൽവേസ്റ്റേഷനിലേക്കുള്ള റോഡിനോടു മത്സരിക്കാൻ പാകത്തിൽ കുളമായ വേറെ റോഡുകൾ കേരളക്കരയിൽപ്പോലും അപൂർവ്വമാണ്‌. പ്രപഞ്ചത്തിലെ ഏറ്റവും അഗാധമായ ഗർത്തങ്ങളിൽപലതും കാത്തു സൂക്ഷിക്കുന്ന കൊല്ലം ചെങ്കോട്ട ഹൈവേയിലെ പുനലൂർ മുതൽ ആര്യങ്കാവുവരെയുള്ള വഴി വിശ്വപ്രസിദ്ധമാണല്ലോ. അക്ഷേ തിരുവല്ല റെയിൽവേസ്റ്റേഷനിലേക്കുള്ള വഴി മത്സരത്തിൽ അധികം പുറകില്ലല്ല. ഒരു സ്കൂട്ടറിനെയൊക്കെ വിഴുങ്ങാനുള്ള കരുത്ത്‌ അതിനുണ്ട്‌.
സ്കൂട്ടറിൽ മിക്കദിവസവും അതിലെ യാത്രചെയ്ത്‌ ആ യാത്രയുടെ സുഖാനുഭൂതി ആവോളം അനുഭവിച്ച പശ്ചാത്തലത്തിൽ മനസ്സിൽ ഓട്ടോക്കാരോട്‌ തോന്നിയ കാലുഷ്യം മനസ്സിൽ നിന്നു നിശ്ശേഷം മാഞ്ഞു.
യാത്ര കഴിഞ്ഞ്‌ പതിനഞ്ചുരൂപ യാത്രക്കൂലിയും മനസ്സുനിറയെ നൽകി സ്കൂട്ടറിനരികിലേക്കു നടക്കുമ്പോൾ ആത്മാവിൽ വല്ലാത്ത ഒരു കുളിർമ്മ നിറഞ്ഞു.
ഏതു ദുരിതവും സഹിച്ച്‌ സേവനം നൽകാൻ മനസ്സുള്ള ചിലരെങ്കിലും ഇപ്പോഴും ഓട്ടോറിക്ഷാതൊഴിലാളികൾക്കിടയിൽ അവശേഷിക്കുന്നുണ്ടല്ലോ!

No comments: