Sunday, February 23, 2014

കടിക്കുന്നുണ്ട് രാത്രി

ഓര്‍മ്മകള്‍ ചിലപ്പോള്‍ ആശ്വാസമാകാം. അതിന്റെ മഞ്ഞളിപ്പ് ചിലപ്പോള്‍ ജീവിതത്തെത്തന്നെ പരിണമിപ്പിച്ചേക്കാം. ഓര്‍മ്മകളിലുഴറിപ്പോയാലോ, ജീവിതത്തിന്റെ താളം തന്നെ കൈമോശം വന്നേക്കാം.
2008 മുതല്‍ ബ്ലോഗെഴുതുന്ന എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രീതിയാര്‍ജ്ജിച്ച പോസ്റ്റുകളെല്ലാം ഓര്‍മ്മക്കുറിപ്പുകളാണ്. ഓര്‍മ്മകള്‍ നാമുമായോ നമ്മുടെ ഓര്‍മ്മകളുമായോ നേരിട്ടൊരു ബന്ധവുമില്ലാത്തവരെപ്പോലുമാകര്‍ഷിക്കുന്നുണ്ട്. നൊസ്റ്റാള്‍ജിയയിലേക്ക് ഒളിച്ചോടാനുള്ള ചോദന നാമേവര്‍ക്കുമുണ്ടെന്നുള്ള എന്റെ തോന്നലിനെ ബലപ്പെടുത്തുന്ന ഒന്നാണീ 'കണ്ടുപിടുത്തം'
അതേ, ഓര്‍മകള്‍ ഒന്നാം തരം വില്പനച്ചരക്കാണ്.
ഒരു നിമിഷം, വില്പന........
ഹമ്മോ എന്നു വിളിച്ചുപോവാതെ വയ്യ. ആധുനിക ജീവിതത്തിന്റെ ഏറ്റവും വലിയ പങ്കപ്പാട് പ്രലോഭനങ്ങളില്‍ നിന്ന് കുതറിമാറാനാവുക എന്നാണ്. മുന്‍തലമുറയിലെ ആള്‍ക്കാര്‍ ഏറെഭാഗ്യമുള്ളവരാണെന്നു തോന്നിയിട്ടുള്ള രൌ മേഖലയാണിത്.
ഏതാനും വര്‍ഷം മുന്‍പുവരെ ഞാലീക്കണ്ടത്തിന്റെ( അതേ, ഞാലീക്കണ്ടം, എന്റെ കവല....) പൊരുളായിരുന്ന ഞങ്ങളുടെ മുന്‍ തലമുറയ്ക്കു നേരിടേണ്ടിവന്ന പ്രലോഭനങ്ങളെത്രമാത്രം ലളിതമായിരുന്നു. ഓര്‍ത്തുപോവുന്നു പഴയൊരാ ഞാലീക്കണ്ടത്തെ.........
ഒരു കിലോമീറ്ററിലേറെ വടക്കുമാറി സംസ്കാരത്തില്‍ നിന്നും നാഗരികതയില്‍ നിന്നും കുറെക്കൂടി അകലത്തുള്ള കോട്ടൂരിനോടുചേര്‍ന്നുള്ള നാഴിപ്പാറ( കവിയൂരിലെ മറ്റൊരു കവല- പുറം നാട്ടുകാരുടെ അറിവിലേക്കായി) ഭാഗത്തു നിന്നുള്ള എന്നെ സംബന്ധിച്ചിടത്തോളം ഞാലീക്കണ്ടം സംസ്കാരത്തിന്റെയും ആള്‍പ്പെരുമാറ്റത്തിന്റെയും ചിഹ്നമായിരുന്നു. ഒരു കിലോമീറ്റര്‍ പടിഞ്ഞാരുമാറിയുള്ള അതിനാഗരികമായ കിഴക്കേനട ഭാഗം അപ്രാപ്യമായിരുന്നതിനാല്‍ ചെറുപ്പം മീശയായി കുരുക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഞാലീക്കണ്ടമായിരുന്നു ലോകത്തിന്റെ അതിര്‍; പൊരുള്‍. ആ ഞാലീക്കണ്ടം പക്ഷേ അത്ര സുഗമമായിരുന്നില്ല. എവിടെയും ഉറ്റവരെടെയും മുതിര്‍ന്നവരുടെയും പരിചയക്കാരുടെയും നോട്ടമെത്തുന്ന ആ ലോകത്തെ വളരെ സൂക്ഷിക്കണമായിരുന്നു സ്വന്തം ചലനങ്ങള്‍ സാധിക്കുവാന്‍. അവിടെ വര്‍ഷങ്ങളായി സാഹചര്യങ്ങള്‍ക്കടിപ്പെട്ടും വഴങ്ങിയും പതുങ്ങിപ്പാത്ത് ജീവിച്ച്, രാത്രിസഞ്ചാരത്തിന്റെ പരിധി നിമിഷം നിമിഷമായി കുട്ടിക്കൂട്ടി ഞാനടങ്ങിയ സംഘം വേരുപിടിച്ചു തുടങ്ങിയ കാലത്ത് മുതിര്‍ന്നവരുടെ വിമര്‍ശനങ്ങള്‍ക്ക് കൊലക്കയറിന്റെ മുറുക്കമുണ്ടായിരുന്നു. അവഗണിക്കാനാവാത്ത ഒരു വിഭാഗമായി ഞങ്ങള്‍ വളര്‍ന്നപ്പോഴാകട്ടെ വഴികള്‍ കൂടിമുട്ടാതിരിക്കാന്‍ ഇരുകൂട്ടരും മുന്‍കരുതലെടുക്കുമായിരുന്നു.
ഇന്ന് ആളനക്കമൊഴിഞ്ഞ( ഞാലീക്കണ്ടത്തിന്റെ മാത്രമവസ്ഥയല്ലല്ലോ ഇത്. ടെലിവിഷനും ഇന്റര്‍നെറ്റും പുത്തന്‍ സദാചാര സംഹിതകളും ചിട്ടപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇതൊക്കെ കാണുക, അനുഭവിക്കുക, പിന്നെയുള്ള കുട്ടായ്മകളൊക്കെ സ്വന്തം പെട്ടിയില്‍ സൂക്ഷിച്ചിട്ടുള്ള രണ്ടുപെഗ്ഗിലൊതുക്കി കിടന്നുറങ്ങുക എന്നിങ്ങനെയുള്ള സാംസ്കാരിക ഔദ്ധത്യത്തിലേക്കൊതുങ്ങാന്‍ നമുക്കൊക്കെ വേഗം സാധിക്കുന്നു) ഞാലീക്കണ്ടത്തില്‍ ആഴ്ചയറുതി പങ്കിട്ടു തിരിച്ചുവരുമ്പോള്‍ തോന്നുന്നത് ഈ ഒരു അവസ്ഥയുടെ നഷ്ടമാണ്. പത്തു പതിനഞ്ചു വര്‍ഷം മുന്‍പുവരെ ഞങ്ങള്‍ കാത്തിരിക്കണമായിരുന്നു, മുതിര്‍ന്നവര്‍ സ്ഥലം ഒഴിഞ്ഞുതരാന്‍.
അതേ, അവര്‍ക്ക് നാം നാമാവാന്‍ വേണ്ടി പൊരുതുന്നതിന്റെ നൂറിലൊന്നു കഷ്ടപ്പാടില്ലായിരുന്നു എന്നു തോന്നിപ്പോവുന്നു. അവര്‍ ലളിതമായി സുഹൃത്ത്സദസ്സില്‍ ഓര്‍മ പങ്കിട്ടും അതിന്റെ നുരയലില്‍ മതിമറന്നും സമയം ചിലവിട്ടു.
ഇന്ന് സമയം കളയാന്‍ എത്രയോ ഇരട്ടി സൗകര്യങ്ങളും വിനോദങ്ങളും കൈമുതലായിരിക്കുന്ന നാമൊക്കെ ഒന്നിനുമാത്രം കഷ്ടപ്പെടുന്നു, മനസ്സൊന്നു തുറക്കാന്‍.
ഓര്‍മകള്‍ ആശ്വാസമായിരിക്കാം. ചില ഓര്‍മകള്‍ ഭാരവുമാവാം. എന്തുതരത്തില്‍പ്പെട്ടതായാലും യഥാസമയം അതൊന്നു പങ്കുവയ്ക്കാനായില്ലെങ്കില്‍ ...?
കഴിഞ്ഞ ദിവസം ഓര്‍മ്മകള്‍ കണ്ണുതുറന്ന ഒരു നിമിഷത്തില്‍ ' മുഖം' എന്ന പേരിലൊരു കുറിപ്പെഴുതിയപ്പോള്‍ ഒത്തിരിയാശങ്കയുണ്ടായിരുന്നു. ആ ബ്ലോഗ് ഫേസ്ബുക്കില്‍ പകര്‍ത്തിയപ്പോള്‍ ആ ഓര്‍മ്മയുമായി ബന്ധപ്പെടുന്ന ലഭ്യരായ നാലുസുഹൃത്തുക്കളെ ടാഗുചെയ്യുകയും ചെയ്തു. എനിക്ക് അവരുടെ പ്രതികരണത്തിലേ ആശങ്കയുണ്ടായിരുന്നുള്ളു. നാലില്‍ മൂന്നു പേരും പ്രതികരിച്ചു. രണ്ടുപേര്‍ ഫേസ് ബുക്ക് മുഖേനയും ഒരാള്‍ നിശിതമായ വാക്കുകൊണ്ടും. കലാലയ ജീവിതകാലത്ത് എനിക്കു ലഭിച്ച ഒരു പെങ്ങളെ അരികത്തുകണ്ടിട്ടും മിണ്ടാതിരുന്നതിനും അവളുടെ കുടുംബത്തെ പരിചയപ്പെടാതിരുന്നതിനും ആയിരുന്നു വാക്കാലുള്ള ആ കടുത്ത ശകാരം. മറ്റു സുഹൃത്തുക്കള്‍ ഫേസ്ബുക്കിലൂടെ നിര്‍മ്മമായി പ്രതികരിച്ചു. കാലം കടന്നുപോയി എന്നതിന്റെ വെളിപാട് ഈ മൂന്നു പ്രതികരണങ്ങളില്‍ മാത്രമല്ല പ്രതികരിക്കാതിരുന്ന ഗോപന്റെ മൗനത്തിലുമുണ്ടെന്നു വ്യക്തം.
അതേതായാലും ആത്മാര്‍ഥമായിത്തന്നെ നടത്തിയ ഒരു കുറിപ്പായിരുന്നു. അതിന് എന്റെ സഹപാഠികള്‍ നല്കിയ പ്രതികരണത്തിലും അതേ ആത്മാര്‍ഥതയുടെ തുടിപ്പുണ്ടുതാനും.
ഞാന്‍ പക്ഷേ ശ്രദ്ധിച്ച മറ്റൊരു പ്രധാന കാര്യം, കഴിഞ്ഞ കുറെ ദിവസങ്ങളായി അടുപ്പിച്ച് ബ്ലോഗുകളെഴുതിയെങ്കിലും വായനക്കരുടെ എണ്ണം വച്ചുനോക്കുമ്പോള്‍ ' മുഖം ' എന്ന പോസ്റ്റ് വേറിടുനില്ക്കുന്നു. അതൊരാത്മാര്‍ഥതകൊണ്ട് നിറവാര്‍ന്ന കുറിപ്പായതുകൊണ്ടോ, അതോ ഓര്‍മ്മകള്‍ നല്ല വില്പനച്ചരക്കായതുകൊണ്ടോ?
ഈശ്വരനടക്കം വില്പനച്ചരക്കാവുന്ന ഒരു നാട്ടിലെ സാധാരണ പൗരന് ഇങ്ങനെ ചിന്തിക്കാതിരിക്കാനാവില്ലല്ലോ!

Saturday, February 22, 2014

നിക്കാനോര്‍ പാറ കവിത ചൊല്ലുമ്പോള്‍

സെര്‍വാന്റിസ് പുരസ്കാരം നേടിയ ചിലിയന്‍ മഹാകവി നിക്കാനോര്‍ പാറ കവിതചൊല്ലുന്നതിന്റെ യൂട്യൂബ് ലിങ്ക് ചേര്‍ക്കുന്നു. http://www.youtube.com/watch?v=10NobVKg7foഅന്യമായ ഭാഷയാണെങ്കിലും വിചിത്രമായ ഒരീണവ്യവസ്ഥയില്‍ കവിത സംവദിക്കുന്നില്ലേ എന്നു തോന്നും. കവിതയുടെ പേര് സാങ്കല്പിക മനുഷ്യന്‍ എന്നാണ്. ബാല്‍ക്കണിയില്‍ കവി പ്രത്യക്ഷപ്പെടുന്നതും കാത്തുനില്ക്കുന്ന ജനക്കൂട്ടം വിചിത്രമായ ഒരു കാഴ്ചതന്നെയല്ലേ. 'സാങ്കല്പിക മനുഷ്യ'ന്റെ ഇംഗ്ലീഷ് പരിഭാഷ തപ്പിയിട്ടുകിട്ടിയില്ല. പാറയുടെ മറ്റു രണ്ടു കവിതകളുടെ ക്ഷിപ്ര വിവര്‍ത്തനം ചേര്‍ക്കുന്നു.



യുവകവികളേ,

ആവുന്നതുപോലെയെഴുതുക
നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍
ഒരു രീതിയേ ശരിയുള്ളു എന്ന വിശ്വാസം
തുടരാന്‍ ഇടമില്ലാത്തവണ്ണം
ഒഴുകിയിട്ടുണ്ടുചോര പാലത്തിനടിയിലൂടെ

കവിതയില്‍ എന്തും അനുവദിക്കപ്പെട്ടിരിക്കുന്നു.

ഈ ഒരൊറ്റ നിയമമനുസരിച്ചേ
ശൂന്യമായൊരു താളിനെ ജീവന്‍വയ്പ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയൂ...




മുന്നറിയിപ്പ്

തീപിടുത്തമുണ്ടായാല്‍
എലിവേറ്ററിനു പകരം
കോവേണി ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക, എല്ലായ്പ്പോഴും
മറിച്ചൊരു അറിയിപ്പു വരുന്നതുവരെ


പുകവലിക്കരുത്
മൂത്രമൊഴിക്കരുത്
അപ്പിയിടരുത്
റേഡീയോ കേള്‍ക്കരുത്
മറിച്ചൊരു നിര്‍ദ്ദേശമുണ്ടായില്ലെങ്കില്‍
ഓരോ തവണ ഉപയോഗം കഴിഞ്ഞും
ദയവായി
ടോയ്ളെറ്റ് ഫ്ലഷുചെയ്യുക
സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന
തീവണ്ടിയിലൊഴികെ
സഹയാത്രികനെക്കുറിച്ചൊരു
ചിന്തവേണം
മുന്നേറുക ക്രിസ്ത്യന്‍ പോരാളികളേ
സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍
നഷ്ടപ്പെടുവാന്‍ നമുക്കില്ലയൊന്നും
എങ്കിലും പരമപിതാവിനു ജീവപ്രണാമം
പുത്രനും പരിശുദ്ധാത്മാവിനും
മറിച്ചൊരു അറിയിപ്പും വന്നിട്ടില്ലെങ്കില്‍
സാന്ദര്‍ഭികമായി പറയട്ടെ
ഈ സത്യങ്ങള്‍ സ്വയം സമര്‍ഥിക്കപ്പെടുന്നവയായി
നാം കാത്തുസൂക്ഷിക്കുകയാണല്ലോ
അതായത് മനുഷ്യരെല്ലാം സൃഷ്ടിക്കപ്പെട്ടവരാണെന്നും
സ്രഷ്ടാവിനാല്‍
പരസ്പരം യോജിക്കാത്ത ചില
അവകാശങ്ങളാല്‍
പുഷ്ടിപ്പെടുത്തപ്പെട്ടവരാണെന്നും
ഉദാഹരണത്തിന് : പ്രാണന്‍,
സ്വാതന്ത്ര്യം & ആനന്ദാസക്തി&
ഒടുക്കത്തേതെങ്കിലും ഒട്ടും അപ്രധാനമല്ലാത്തതായി
2 + 2 നുത്തരം 4 ആണെന്നും
മറിച്ചൊരു നിര്‍ദ്ദേശം ഉണ്ടാവും വരെ


പിന്‍കുറിപ്പ്: നിക്കാനോര്‍പാറയുടെ 'സാങ്കല്പിക മനുഷ്യന്‍' എന്ന കവിതയുടെ പ്രചോദനമുള്‍ക്കൊണ്ടു വരഞ്ഞ ചിത്രമാണ് കൊടുത്തിട്ടുള്ളത്. ഡീവിയന്റ് ആര്‍ട്ട് എന്ന സൈറ്റിനോടു കടപ്പാട്.

Friday, February 21, 2014

രാത്രിയിൽ പെയ്ത മഴ



 നിനച്ചിരിക്കാതെ രാത്രിയിൽ പെയ്ത മഴ
ഒരു മഴതന്നെയായിരുന്നു.
നനുത്തനഖങ്ങൾ കുംഭത്തിന്റെ കുരലിലേക്ക് മെല്ലെയാഴ്ത്തി
അത് വളരുകയായിരുന്നു.
തളർത്തുന്ന ചുംബനം കൊണ്ട് സർവതിനെയും കീഴ്പ്പെടുത്തിയവൻ
പകച്ചുപോയതു സ്വാഭാവികം
ചെറുത്തുനില്പ് മുരൾച്ചയും ഞരക്കവുമൊക്കെയായി തളർന്നൊതുങ്ങി
തപിക്കുന്ന ഉച്ഛ്വാസങ്ങളും മെല്ലെയടങ്ങി.
 ഉറക്കത്തിനു തണുപ്പു കൂട്ടുവന്നു

 വൈകിയുണർന്നപ്പോൾ
മുറ്റത്തും തൊടിയിലുമൊക്കെ
രാത്രിശിഷ്ടം തളം കെട്ടിക്കിടന്നു.

 രാത്രിയിൽ പെയ്ത മഴ ഒരു മഴതന്നെയായിരുന്നു....

നേരമേറെപ്പുലർന്നിട്ടും ഉണരാനാവാതെ
മൂടിക്കെട്ടിയ ആകാശത്ത് വിളറിത്തളർന്നു നിന്നൂ
 കുംഭത്തിന്റെ ഉഗ്രപൗരുഷം

ചാനലിലെ പെൺകുട്ടി വിതുമ്പുന്നതെന്താണ​‍്?
ഏതു വഴിയിൽ പടിഞ്ഞുവീണ പെണ്ണിന്റെ ചിത്രമാണ​‍്
ദിനപത്രം ബഹുവർണ്ണത്തിൽ മുഖപടമാക്കി
 ദംഷ്ട്രയൊളിപ്പിച്ചു മുതലക്കണ്ണീരൊഴുക്കുന്നത്?

രാത്രിയിൽ പെയ്തതൊരു മഴതന്നെയായിരുന്നു
കുംഭത്തിന്റെ നെഞ്ചിൽ മെല്ലെമെല്ലെ നഖങ്ങളമർത്തി
തളർത്തുകയായിരുന്നു അത്.

ഭിത്തിചിത്രത്തിൽ
മഹാപൗരുഷത്തിന്റെ നെഞ്ചത്ത് തുള്ളി
നില്ക്കുന്നുണ്ടു കാളി
കൈയ്യിലെ അസുരശിരസിൽ നിന്ന്
ഒഴുകിയടങ്ങീ ചോര

മുറ്റത്തു തളം കെട്ടിക്കിടപ്പുണ്ട്
പോയ രാത്രിയുടെ ശിഷ്ടം...

Thursday, February 20, 2014

നിറങ്ങള്‍ പൂതലിക്കുമ്പോള്‍


നരയ്ക്കുക, ചവിളുക ഇതൊന്നും അത്ര മോശപ്പെട്ട കാര്യങ്ങളല്ല. സ്വാഭാവികമായ പ്രക്രിയ മാത്രം. എങ്കിലും മെല്ലെ മെല്ലെ കാലത്തിന്റെ വിരലൊപ്പുകള്‍ വ്യക്തിത്വത്തില്‍ പതിയാന്‍ തുടങ്ങുന്നതോടെ നമ്മുടെ വീക്ഷണകോണിനു വന്നുകൊണ്ടിരിക്കുന്ന മാറ്റവും പഠിക്കാനുള്ളതാണ്.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അന്‍വര്‍ അലിയുടെ 'പച്ച 'എന്ന കവിത ആഘോഷത്തോടെ പ്രസിദ്ധീകരിച്ചിട്ടുള്ള ആഴ്ചപ്പതിപ്പ് വാങ്ങി, യൂണിവേഴ്സിറ്റിക്കെതിര്‍വശത്തുള്ള ഹില്‍വ്യൂ ഹോടലിലിരുന്ന് ചായമോന്തിക്കൊണ്ട് അതുവായിച്ചപ്പോള്‍ തോന്നിയ ഒരു മറുപടി ' സെപ്പിയാ ടോണ്‍ ചിത്രങ്ങള്‍ ആല്ബത്തില്‍ത്തന്നെയിരിക്കട്ടെ' എന്നു പേരിട്ട ഒരു കവിതയായി മാറിയത് പെട്ടെന്നായിരുന്നു. കടലാസ്സില്‍ കുറിച്ചതെല്ലാം കൂടി വൈകിട്ട് വീട്ടിലെത്തി ടൈപ്പുചെയ്ത് ഒരു കവിതയാക്കി ഒന്നുരണ്ടുപേരെക്കാണിച്ച് അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ചെറിയതിരുത്തലുകളും വരുത്തി വാരികയ്ക്ക് അയച്ചുകൊടുത്തുവെങ്കിലും ' ആഴ്ചപ്പതിപ്പിന്റെ പാരമ്പര്യത്തിനു ചേര്‍ന്നതല്ല' എന്ന കുറിപ്പോടെ അതുതാമസിയാതെതന്നെ മടക്കിക്കിട്ടി. എന്റെതന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പലകവിതകളെക്കാളും നല്ലതെന്നു തോന്നിയ ആ കവിത അത്തരമൊരു കമന്റോടെ മടങ്ങിയതെന്താണെന്ന് ഒത്തിരി ഞാനാലോചിച്ചു. കടുത്ത ഒരു ഗവേഷണത്തിന്റെ അവസാനം അന്‍വറിനോടുള്ള സൗഹൃദത്തിന്റെ സ്വാതന്ത്ര്യം വച്ച് പ്രയോഗിച്ച ഒന്നു രണ്ടു വാക്കുകളാവാം അത്തരമൊരു കമന്റിനിടകൊടുത്തതെന്നു തോന്നി. കവിത വായിച്ചിട്ടുള്ള ഒന്നു രണ്ടുപേരും ആ സാധ്യതയെ ശരിവച്ചു. കുഴപ്പമില്ലാത്തൊരു കവിത എന്നു ബോധ്യമുള്ള ഒന്ന് അങ്ങനെ ആരും കാണാതെ എന്റെ മേശയില്‍ വെറുതെ കിടന്നു, കുറെക്കാലം. അങ്ങനെയിരിക്കെ അന്‍വറും അമ്പിളിയും കൂടി യൂണിവേഴ്സിറ്റിയില്‍ വന്ന സമയത്ത് അതിന്റെ ചരിത്രം ലഘുവായി വിശദ്ദീകരിച്ച് ഞാനതവനെ കാണിച്ചു. വലിയ കുഴപ്പമൊന്നുമില്ലാത്തത് എന്നയര്‍ഥത്തില്‍ എന്തോ ഒരഭിപ്രായം പറഞ്ഞ് അവനാ കോപ്പി എടുക്കുകയും ചെയ്തു.

എന്റെ കൈയ്യിലിരുന്ന കോപ്പികളിപ്പോള്‍ ഏതായാലും കണ്ടെത്താനാവുന്നില്ല. ആ കവിതയിലെ വരികള്‍ കാര്യമായിട്ടൊന്നും ഓര്‍ക്കുന്നുമില്ല. ഓര്‍മ്മയില്‍ നിന്നും രൂപം തന്നെ മാഞ്ഞുപോയ ആ കവിതയെക്കുറിച്ച് ഇപ്പോള്‍ സൂചിപ്പിച്ചത് പ്രായം നിറം എന്നിവയുമായി ബന്ധപ്പെട്ട നിരവധി നൊസ്റ്റാള്‍ജിയകളെ സൂചിപ്പിക്കാനാണ്.ആ കവിതയ്ക്കു പ്രചോദനമായതോ, 'പച്ച'യെന്ന കവിതയിലെ ചിലവരികള്‍ക്ക് നൊസ്റ്റാള്‍ജിയയുടെ സ്പര്‍ശമുണ്ടോയെന്ന ഒരു കൗതുകത്തില്‍ നിന്നും. യഥാര്‍ഥത്തില്‍ അതൊരു പച്ചക്കവിതയായിരുന്നു.പച്ച നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്ക അതില്‍ കാതലായിട്ടുണ്ടായിരുന്നു. അതില്‍ നിന്നാണ് ഞാന്‍ നൊസ്റ്റാള്‍ജിയ വായിച്ചെടുക്കാന്‍ ശ്രമിച്ചത്. വരികളോ അതിന്റെ ടോണോ ഓര്‍ക്കുന്നില്ലെങ്കിലും നിരത്തുകളെ വള്ളിപ്പടര്‍പ്പുകള്‍ അവേശിക്കുമെന്നും യന്ത്രങ്ങള്‍ക്കുമേല്‍ കുരുവിക്കൂട്ടങ്ങള്‍ ചേക്കേറുമെന്നുമൊക്കെയുള്ള ചില പ്രത്യാശകള്‍ എയ്തുകൊണ്ട് അന്‍വറിന്റെ കവിതയില്‍ പുരണ്ടിട്ടുണ്ടെന്നു ഞാന്‍ കല്പിച്ചെടുത്ത നൊസ്റ്റാള്‍ജിയയെ ആല്ബത്തിലേക്കു മാറ്റിവയ്കേണ്ടതാണെന്നു സമര്‍ഥിക്കാനായിരുന്നു ആ കവിത ത്വരിച്ചുനീങ്ങിയത്. 'പച്ച' എന്ന കവിതയുടെ നന്മയെയോ പച്ചകുറയുന്നുഎന്നുള്ള ആശങ്കകളെയോ അവഗണിക്കുവാനായിരുന്നില്ല ആ ആഹ്വാനം. വേനലിന്റെ തുടക്കമാണെങ്കില്‍പ്പോലും ഉരുകിത്തിളയ്ക്കുന്ന ഒരു രാത്രിയിലിരുന്ന് അങ്ങനെ പറയാനുള്ള ചങ്കൂറ്റം എനിക്കില്ല. പക്ഷേ, പച്ചപ്പും നന്മയും നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നുള്ള നിരന്തരവിലാപങ്ങള്‍ പലപ്പോഴും സ്വന്തം വ്യക്തിത്വത്തിലേക്കു നരപടര്‍ന്നുകൊണിരിക്കുന്നതിന്റെ പ്രതിഫലനങ്ങള്‍ മാത്രമേയാവുന്നുള്ളു എന്നൊരു തോന്നലില്‍ നിന്നാണതിന്റെ ഉദയം.

പ്രായം നമ്മുടെ കാഴ്ചകളെയും സംവേദന ശീലത്തെയും അങ്ങനെ ബാധിക്കാറുണ്ട്. ചെറുപ്പത്തില്‍ നാം കണ്ട പച്ചപ്പിന്റെ പ്രസരിപ്പിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍, ചെറുപ്പത്തില്‍ നുണഞ്ഞ രുചികളുടെ തീക്ഷ്ണതയെക്കുറിച്ചുള്ള അയവിറക്കലുകള്‍ ഒക്കെ നമ്മുടെ കാഴ്ചപ്പാടുകള്‍ മാറിവരുന്നതിന്റെ തെളിവാണ്. ആ ഓര്‍മ്മകള്‍ നമ്മെ സന്തോഷിപ്പിക്കുന്നുവെങ്കിലും അതിനു യാഥാര്‍ഥ്യത്തിന്റെ ചൂടില്ല എന്നൊരു പ്രശ്നമുണ്ട്. ആല്‍ബത്തിലെ പഴയ ചിത്രങ്ങളെപ്പോലെയാണവ. ആല്‍ബം മറിക്കുമ്പോള്‍ നമ്മിലേക്ക് ഓര്‍മ്മകള്‍ ഇരമ്പിക്കയറും. അന്നത്തെ അനുഭവങ്ങളുടെ മാധുര്യം എത്രയായിരുന്നു എന്നു നാം അമ്പരക്കും. ഓര്‍മ്മകള്‍ കെട്ടുപിണയുന്ന ആ മുഹൂര്‍ത്തത്തില്‍  ആല്‍ബത്തിലെ ചിത്രങ്ങള്‍ക്കു വന്നിരിക്കുന്ന മങ്ങലും ഇരുളിമയും നാം കാണാന്‍ വിട്ടുപോകുന്നു. മറ്റൊരു തരത്തില്‍ നോക്കിയാല്‍ ആ മങ്ങലും പൂതലിപ്പുമാണ് നമ്മുടെ കണ്ണില്‍ അവയെ അത്ര പ്രിയകരമാക്കുന്നത്. കാരണം ആ മങ്ങല്‍ യഥാര്‍ഥ അനുഭവത്തില്‍ നിന്നും നാം താണ്ടിയ ദൂരത്തിന്റെ അടയാളമാണ്. അങ്ങനെ വിദൂരമായ ഒരു കാലത്തിന്റെ തണലിലേക്ക് ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്നു എന്നതിനാലാണ് നാമവയെ ദിവ്യമായി കാണുന്നത്.
ഇത് മനുഷ്യ സഹജമായ ഒരു പ്രേരണയാണ്. ആ ഒളിച്ചോട്ടത്തിന് വല്ലാത്തൊരു ദിവ്യതയുണ്ടു താനും. അവ നമ്മുടെ വാര്‍ഷികവലയങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും കൂടിച്ചെയ്തിട്ടുണ്ട്. തൊട്ടുമുന്പിലത്തെ പോസ്റ്റില്‍ ഞാനത്തരമൊരു പിന്നാക്കയാത്ര നടത്തിയതിന്റെ അനുഭവത്തിലാണ് ഇത്രയും എഴുതിയത്.
എങ്കിലും ചിലപ്പോള്‍ പൂതലിച്ച ഒരു കാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടങ്ങള്‍ തീര്‍ത്തും പ്രതിലോമപരമവാനും സാധ്യതയില്ലേ. നമ്മുടെ കാലത്തു തന്നെ അതിന്റെ ഒത്തിരി നിദര്‍ശനങ്ങളുണ്ട്. പച്ചവാദത്തെക്കുറിച്ചുപറയുമ്പോഴും ഇതു പ്രസക്തമാവുന്നു എന്നു തോന്നുന്നു. നൊസ്റ്റാള്‍ജിയ ഒരു ആദര്‍ശത്തിനും മുന്നേറ്റത്തിനും പ്രചോദനമാവുകയാണെങ്കില്‍ വളരെ സൂക്ഷിക്കണം എന്നാണെനിക്കു തോന്നുന്നത്. വളരെ പ്രസക്തമാവേണ്ടുന്ന പലതും ആ ഒറ്റക്കാരണം കൊണ്ട് അപകടകരമായിത്തീരും. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരുപറഞ്ഞ് നടക്കുന്ന ചില സമരങ്ങളെങ്കിലും വര്‍ത്തമാനകാലത്തിന്റെ വേരുമുറിച്ചുകൊണ്ട് നൊസ്റ്റാള്‍ജിയയുടെ ചിറകിലേറിയുള്ള പറക്കലാവുന്നില്ലേ എന്ന ഒരു തോന്നലിലാണ് ഇങ്ങനെയൊരു ഒരു പിന്‍കുറിപ്പെഴുതിപ്പോയത്.


Tuesday, February 18, 2014

മുഖം

ലാനാഡെല്‍ റെ സത്യത്തില്‍ ഉണര്‍ത്തുന്നത് നൊസ്റ്റാള്‍ജിയയാണ്. ആദ്യമായി'വേനല്‍ക്കാലശോകം'( summertime sadness ) കേട്ടപ്പോള്‍ മനസ്സിലുണര്‍ന്ന ഒരു ചിത്രമുണ്ട്. ഓരോ തവണ ആ ഗാനം കേള്‍ക്കുമ്പോഴും ആ ചിത്രം കൂടുതല്‍ കൂടുതല്‍ വ്യക്തമായി. കഴിഞ്ഞ ദിവസം അതുകേട്ടപ്പോള്‍ മനസ്സില്‍ തോന്നിയ ചിന്ത ഇതായിരുന്നു: 1985ലെ ഒരു ഡിസംബര്‍ രാത്രിയില്‍ ചങ്ങനാശ്ശേരി എന്‍ എസ്സ് എസ്സ് കോളേജില്‍ നിന്നും പഠന( വിനോദ) യാത്ര( study tour) യ്ക്കു പോയ പത്തുപതിന്നാലു വിദ്യാര്‍ഥികളില്‍ നാല് ആണ്‍കുട്ടികളേ ഉണ്ടായിരുന്നുള്ളു. അതിലേക്കും ചെറിയ, അപ്രസക്തനായ ആണിന്റെ കാഴ്ചപ്പാടില്‍ ആ ഡിസംബര്‍ രാത്രി അവിസ്മരണീയമായത് പളനിക്കും ഊട്ടിക്കുമിടയിലെ വഴിയിലെപ്പോഴോ ആയിരുന്നു. വിണാട്രാവല്‍സ് വക മിനി ബസ്സിന്റെ ഇടുങ്ങിയ ഉള്‍ത്തടത്തിലപ്പോള്‍ രാത്രിയാത്രയ്ക്കുതകുന്ന നീലവെളിച്ചം മാത്രം. ഇടയ്ക്കിടെ പാട്ടും ചിലമ്പിച്ച സംസാരങ്ങളും . ഇതെല്ലാം തെല്ലടങ്ങിയ ഏതോ ഇടവേളയില്‍ കൂട്ടത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി കൂട്ടത്തിലേറ്റവും അപ്രസക്തനായ ആണ്‍കുട്ടിയുടെ സീറ്റില്‍ വന്നിരുന്നു. അവന്റെ കരം ഗ്രഹിച്ചു. അവനോട് അസ്വാഭാവികമായി യാതൊന്നുമില്ലാത്ത രീതിയില്‍ സംസാരിക്കാന്‍ തുടങ്ങി. മുന്‍ സീറ്റിലിരുന്ന രണ്ടുപെണ്‍കുട്ടികളിലൊരാള്‍ ഇതിനിടയില്‍ മെല്ലെയെഴുന്നേറ്റ് വിടര്‍ന്ന ചിരിയോടെ മൊഴിഞ്ഞു,' ആങ്ങളയും പെങ്ങളും അങ്ങനെ ഒരുമിച്ചിരുന്നു'. അരികിലുരുന്നവള്‍ ആണ്‍കുട്ടിയോട് വിശദ്ദീകരിച്ചു, ഏകദേശം മൂന്നുവര്‍ഷം മുന്‍പ് ബിരുദക്ലാസ്സ് ആരംഭിച്ചതുമുതല്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ നമ്മള്‍ രണ്ടുപേര്‍ക്കും ഉള്ള ഛായാ സാദൃശ്യം ഒരു കഥയായിരുന്നു. പലരും അവളോട് അവന്‍ നിന്റെ ആങ്ങളയാണോ എന്നു ചോദിച്ചിട്ടുണ്ടത്രേ.
ആണ്‍കുട്ടിക്കു വാക്കുകളില്ലായിരുന്നു. അവളവന്റെയും അപ്രാപ്യസൗഹൃദമായിരുന്നു, കോളേജിലെ പല ആണ്‍കുട്ടികള്‍ക്കുമെന്നപോലെ. കവിതക്കമ്പം തലയ്ക്കുപിടിച്ചിട്ടുള്ള അവന്‍ അവളുടെ സാമീപ്യത്തില്‍ അസ്തപ്രജ്ഞനായി ഇരുന്നു. പക്ഷേ അവളുടെ ഭാഗത്തുനിന്നുള്ള ഈ പരസ്യ പ്രഖ്യാപനം അവന്റെ മനസ്സില്‍ ആ രാത്രിയെ എന്നെന്നേയ്ക്കുമായി മുദ്രണം ചെയ്തു കഴിഞ്ഞിരുന്നു. രാത്രി വളരുന്നതനുസരിച്ച് ബസ്സ് നീലഗിരിക്കുന്നുകള്‍ തരണം ചെയ്തു മുന്നേറി. അഞ്ചോ ആറോ ദിവസം നീണ്ട യാത്രയില്‍ പിന്നീട് മിക്കപ്പോഴും ആ ബസ്സിനകത്ത് ആണ്‍ പെണ്‍ ബന്ധം അതിരുകള്‍ ഇല്ലാത്തരീതിയില്‍ ദിവ്യമായ ഒരു തലത്തിലേക്കു വളര്‍ന്നു. കാവേരിയോരത്തെ കര്‍ണ്ണാടകത്തിലൂടെ യാത്ര പുരോഗമിക്കുമ്പോള്‍, സൂര്യകാന്തിപ്പാടങ്ങള്‍ക്കപ്പുറത്തു സന്ധ്യ ചുവക്കുമ്പോള്‍, മടക്കയാത്രയുടെ എല്ലാം മറന്ന ഹരം വയനാടന്‍ ചുരമിറങ്ങിപ്പച്ചയ്ക്കുമ്പോള്‍ ഒക്കെ അവനരികില്‍ മിക്കാപ്പോഴും അവള്‍ ഉണ്ടായിരുന്നു. അതവനെ മാറ്റി മറിക്കുകയായിരുന്നു.
ആ അധ്യയനവര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ നടന്ന കോളേജ് വാര്‍ഷികദിനത്തോടനുബന്ധിച്ചുനടന്ന കലാ മത്സരങ്ങളില്‍ അവനു സമ്മാനം നേടിക്കൊടുത്ത കവിതയിലെ( അവന്റെ മനസ്സില്‍) ഏറ്റവും പതഞ്ഞവരികള്‍ സ്മരണയില്‍ ജ്വലിച്ചമരുന്ന ചന്ദനനിരമാര്‍ന്ന ഒരു രൂപത്തെക്കുറിച്ചായിരുന്നു.
കഥയ്ക്കൊത്തിരി ഇടവഴിപ്പെരുക്കങ്ങളുണ്ട്.
അന്നത്തെയാ ലജ്ജാലുവായ പയ്യന്‍ താമസിയാതെ അത്തരം ലജ്ജകളൊക്കെ വെടിഞ്ഞു എന്നത് ലളിതമായ ഒരു ജീവിത പാഠം മാത്രം.
അന്നു പക്ഷേ ലാനാ ഡെല്‍ റെ എന്ന പേരില്‍ ലോകമറിയുന്ന എലിസബെത്ത് ഗ്രാന്റ് ഭൂസ്പര്‍ശമേറ്റിരുന്നില്ല. അന്ന് അമ്മയുടെ ഉദരത്തിനുള്ളില്‍ സ്വസ്ഥമായി വസിക്കുന്ന ഒരു ഭ്രൂണം മാത്രമായിരുന്നു. പക്ഷേ പ്രതിഭയ്ക്ക് കാലദേശാന്തരങ്ങള്‍ വിലങ്ങല്ലാത്തതിനാല്‍ ആ ഡിസംബര്‍ മാസവും കഴിഞ്ഞ് ഏഴുമാസത്തിനുശേഷം മാത്രം ഭൂമിയില്‍ പിറന്നുവീണ ഒരു പെണ്‍കുട്ടിക്ക് ഇപ്പോള്‍ മധ്യവയസ്സു പിന്നിടുന്ന അന്നത്തെ ആണ്‍കുട്ടിയുടെ മനസ്സില്‍ ഓര്‍മ്മകളുടെ അനേകം തിരകളെ ഉണര്‍ത്താനായി എന്നത് അവളുടെ മഹത്വം. ( അന്നത്തെ ആ ആണ്‍കുട്ടി, ലാനാ ഡെല്‍ റെ രചിച്ചാലപിച്ച രണ്ടു ഗാനങ്ങള്‍ മലയാളഭാഷയിലേക്കു വിവര്‍ത്തനം ചെയ്ത് ഈ ബ്ലോഗിലിട്ടതിന്റെ ചരിത്രം ഇത്രമാത്രം)
ലാനയ്ക്കു പ്രണാമം. ഭൂമുഖത്തുള്ള എല്ലാ പ്രതിഭകള്‍ക്കും പ്രണാമം. കഥ അവസാനിക്കുന്നില്ല, ഇവിടെയും..
ഇന്ന് കൊല്ലം ഷട്ടില്‍ പ്ലാറ്റ്ഫോം പിടിക്കുന്നതും കാത്ത് ഇരിക്കുന്ന എന്റെ ശ്രദ്ധ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വന്നു നിന്ന ഗരീബ് രഥത്തില്‍ നിന്നും ഇറങ്ങിയ ഒരു പട കുട്ടികള്‍ക്കിടയില്‍ ഈ ഒരൊറ്റപ്പെണ്‍കൊടിയിലേക്ക് ഒരു നൊടി നേരത്തേക്കെങ്കിലും കേന്ദ്രീകരിച്ചത് ആകസ്മികം മാത്രം. കറുപ്പില്‍ നേര്‍ത്തവെള്ളിവരകളുള്ള ഉടുപ്പും ഇളം കറുപ്പു പാന്റും ധരിച്ച അവള്‍ക്കരികിലേക്ക് മെലിഞ്ഞു വെളുത്തു കണ്ണടധരിച്ചു സുമുഖനായ മധ്യവയസ്കന്‍ അടുത്തപ്പോഴെ അത് അവളുടെ അച്ഛനാണെന്നു മനസ്സിലായി. തുടര്‍ന്ന് അമ്മ വന്നതോടെ ആ പെണ്‍കുട്ടിയുടെ മുഖത്തിന് അത്ര പരിചിതത്വം അനുഭവപ്പെട്ടതെന്താണെന്ന് തീര്‍ത്തും വ്യക്തമായി. തൊട്ടപ്പുറത്തായി ആ അച്ഛനും അമ്മയും മകള്‍ ആദ്യയാത്രകഴിഞ്ഞെത്തിയതിന്റെ കൗതുകത്തില്‍ വിടര്‍ന്ന കണ്ണുകളോടെ അവളെ നോക്കി നിന്നു. പിന്നവര്‍ കുശലം കൈമാറി നിന്നു. തിരിച്ചറിവ് ഉണ്ടാവുമോ എന്ന കൗതുകത്തോടെ മൂവരെയും അലസമായി നോക്കിക്കൊണ്ട് തൊട്ടരികിലെ ബഞ്ചിലായി ഞാനുമിരുന്നു.
ഒന്നുമുണ്ടായില്ല. തിരിച്ചറിയാനാവാത്ത മട്ടിലുള്ള പരിണാമം ഞങ്ങളിരുവര്‍ക്കും സംഭവിച്ചിട്ടില്ലെങ്കിലും നേര്‍ത്ത ഒരിടവേളയ്ക്കുശേഷം മകളെകണ്ടതിന്റെ കൗതുകത്തില്‍ നിന്ന അമ്മ പരിസരം ശ്രദ്ധിച്ചതേയില്ല.
മാതാപിതാക്കളും യാത്രകഴിഞ്ഞെത്തിയ മക്കളും ലഘുവായ പിരിയലിനുശേഷം കണ്ടതിന്റെ കുതുകങ്ങള്‍ പങ്കിട്ടു നടന്നകന്നു.ഒപ്പം അവര്‍ മൂവരും. അതിനിടയിലേക്കു കടന്നുചെന്ന് ഒരു പരിചയം പുതുക്കാനും മകളെയും അവളുടെ അച്ഛനെയും പരിചയപ്പെടാനും പറ്റിയ അവസരമായി ഒട്ടും തോന്നിയതുമില്ല.
പ്ലാറ്റ് ഫോം പഴയപടി പരിചിതരും അപരിചിതരുമായ അനേകരുടെ ഗമനാഗമനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് അതിന്റെ ഇടമായി തുടര്‍ന്നു.
കാലം എന്തൊക്കെയാണു കരുപ്പിടിപ്പിക്കുന്നതെന്നോര്‍ത്തു ഞാനുമിരുന്നു.

Monday, February 10, 2014

രണ്ടു പോപ്പ് ഗാനങ്ങള്‍


ലാനാ ഡെല്‍ റെ എന്ന ഗായിക ലോകത്തിന്റെ നിറുകയിലാണ്. 2011ല്‍ യൂട്യൂബിലൂടെ പുറത്തുവന്ന വീഡിയോ ഗേംസ് എന്ന പാട്ട് അതുവരെ ലിസി ഗ്രാന്റ് എന്ന നാമധേയത്തില്‍ ന്യൂയോര്‍ക്കിലെ ചില ക്ലബ്ബുകളില്‍ ഗാനമാലപിച്ചു നടന്ന എലിസബെത്ത് ഗ്രാന്റ് എന്ന യുവതിയുടെ ജീവിതത്തെ മാറ്റിയെഴുതുകയായിരുന്നു. ശബ്ദത്തിലും ആലാപനത്തിലും അറുപതുകളുടെ ചില സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ലാനാ ഡെല്‍ റെയുടെ പല ആല്‍ബങ്ങളും ലോകത്തെ പല രാജ്യങ്ങളിലും വന്‍ വിജയമായി. മിക്ക ഗാനങ്ങളും എലിസബെത്ത് ഗ്രാന്റ് എന്ന പേരില്‍ ഗായികതന്നെ രചിച്ചവയാണ്. ' Born2Die എന്ന ആല്‍ബത്തില്‍ തന്റേതല്ലാത്ത ഒരു വാക്കുപോലുമില്ലെന്ന് ലാന ഒരു അഭിമുഖത്തില്‍ പറയുകയും ഉണ്ടായി. ലാനാ ഡെല്‍ റെ എന്ന എലിസബെത്ത് ഗ്രാന്റിന്റെ രണ്ടു ഗാനങ്ങളുടെ വിവര്‍ത്തനം ചേര്‍ക്കുന്നു.
ചാവാനായി പിറന്നവര്‍
 (എന്ത്,ആര്, ഞാനോ? എന്തുകൊണ്ട്?)
പാദങ്ങളെന്നെ തോല്പിക്കുന്നില്ല
ലക്ഷ്യത്തിലേക്കുതന്നെ നയിക്കുന്നു
ഓ, ഓരോ ചുവടുവയ്ക്കുമ്പോഴും പിളരുന്നതെന്റെ ഹൃദയമാണ്
പക്ഷേ എന്റെ പ്രതീക്ഷ കവാടത്തിങ്കല്‍
നീയെന്റേതാണെന്ന് അവര്‍ പറയുമെന്നാണ്
നഗരത്തെരുവുകള്‍ താണ്ടി നടപ്പത് വിധിയോ വെറുമൊരു പിഴവോ?
വെള്ളിയാഴ്ച രാവുകളില്‍ ഞാന്‍ വല്ലാതെയൊറ്റപ്പെടുന്നു.
നീയെന്റേതാണെന്നു മൊഴിഞ്ഞാല്‍ നിന്നസ്വാസ്ഥ്യം മാറിടുമോ?
 അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ലേ പ്രിയനേ?


 നോവിക്കരുതീയെന്നെ , കരയിപ്പിക്കരുതെന്നെ
മതിയാവില്ല ചിലപ്പോള്‍ പ്രേമം വഴിയും ദുര്ഘടമാവും, കാരണമെന്തെന്നറിയില്ല
ചിരിപ്പിക്കുന്നതു തുടരൂ എന്നെ
നമുക്കുയരങ്ങളിലെത്താം
വഴി ദീര്‍ഘം നാം നടതുടരുന്നൂ അതിനിടെയല്പം കൗതുകമാവാം

വരു വന്യസ്ഥലികളിലൂടെ നടക്കാം
മഴചൊരിയുമ്പോള്‍ നിന്നെ മുറുകെപ്പുണരട്ടേ ഞാന്‍ 
പ്രണയിനികള്‍ ഭ്രാന്താകുവതല്ലേ നിനക്കുപ്രിയം,
അതിനാല്‍ അന്ത്യവചനങ്ങള്‍ ഓര്‍ത്തുവച്ചോളൂ
ഇതവസാനത്തെയവസരമാണ്
കാരണം നാം, നീയും ഞാനും
ചാവാനായി പിറന്നവര്‍

നഷ്ടമായെങ്കിലും ഞാനിപ്പോള്‍ കണ്ടെത്തി
എനിക്കിപ്പോള്‍ കാണാം പക്ഷേ ഞാനൊരന്ധയായിരുന്നൊരിക്കല്‍
കുട്ടിയായിരുന്നപ്പോള്‍ ഞാനൊരു സന്ദേഹിയായിരുന്നു
വേണ്ടതു തിരഞ്ഞെടുക്കാന്‍ കഷ്ടപ്പെടുമായിരുന്നു.
ഉത്തരമെല്ലാം കണ്ടെത്താ-
നെന്നാലാവില്ലെന്നു ഭയന്നൂ ഞാന്‍ പ്രിയനേ.

നോവിക്കരുതീയെന്നെ , കരയിപ്പിക്കരുതെന്നെ
മതിയാവില്ല ചിലപ്പോള്‍ പ്രേമം വഴിയും ദുര്ഘടമാവും, കാരണമെന്തെന്നറിയില്ല
ചിരിപ്പിക്കുന്നതു തുടരൂ എന്നെ
നമുക്കുയരങ്ങളിലെത്താം
വഴി ദീര്‍ഘം നാം നടതുടരുന്നൂ അതിനിടെയല്പം കൗതുകമാവാം

വരു വന്യസ്ഥലികളിലൂടെ നടക്കാം
മഴചൊരിയുമ്പോള്‍ നിന്നെ മുറുകെപ്പുണരട്ടേ ഞാന്‍ 
പ്രണയിനികള്‍ ഭ്രാന്താകുവതല്ലേ നിനക്കുപ്രിയം,
അതിനാല്‍ അന്ത്യവചനങ്ങള്‍ ഓര്‍ത്തുവച്ചോളൂ
ഇതവസാനത്തെയവസരമാണ്
കാരണം നാം, നീയും ഞാനും
ചാവാനായി പിറന്നവര്‍
ചാവാനായി പിറന്നവര്‍
ചാവാനായി പിറന്നവര്‍

വരു വന്യസ്ഥലികളിലൂടെ നടക്കാം
മഴചൊരിയുമ്പോള്‍ നിന്നെ മുറുകെപ്പുണരട്ടേ ഞാന്‍ 
പ്രണയിനികള്‍ ഭ്രാന്താകുവതല്ലേ നിനക്കുപ്രിയം,
അതിനാല്‍
നൊവിക്കരുതീയെന്നെ , കരയിപ്പിക്കരുതെന്നെ
മതിയാവില്ല ചിലപ്പോള്‍ പ്രേമം വഴിയും ദുര്ഘടമാവും കാരണമെന്തെന്നറിയില്ല
ചിരിപ്പിക്കുന്നതു തുടരൂ എന്നെ
നമുക്കുയരങ്ങളിലെത്താം
വഴി ദീര്‍ഘം നാം നടതുടരുന്നൂ
അതിനിടെയല്പം കൗതുകമാവാം

വരു വന്യസ്ഥലികളിലൂടെ നടക്കാം
മഴചൊരിയുമ്പോള്‍ നിന്നെ മുറുകെപ്പുണരട്ടേ ഞാന്‍ 
പ്രണയിനികള്‍ ഭ്രാന്താകുവതല്ലേ നിനക്കുപ്രിയം,
അതിനാല്‍ അന്ത്യവചനങ്ങള്‍ ഓര്‍ത്തുവച്ചോളൂ
ഇതവസാനത്തെയവസരമാണ്
കാരണം നാം, നീയും ഞാനും
ചാവാനായി പിറന്നവര്‍
ചാവാനായി പിറന്നവര്‍
(ചാവാനായി പിറന്നവര്‍)  



ദൈവങ്ങളും പിശാചുക്കളും

 ദൈവങ്ങളുടെയും പിശാചുക്കളുടെയും മണ്ണില്‍ ഞാനൊരു മാലാഖയായിരുന്നു
തിന്മയുടെ പൂന്തോപ്പില്‍ താമസിച്ച്
കളിക്കപ്പെടുകയും ഭയക്കുകയും തോന്നുന്നതൊക്കെ ചെയ്യുകയും ചെയ്തു.
ദീപസ്തംഭം പോലെ പ്രകാശിച്ച്
 ഞാനാവശ്യപ്പെട്ടൊരാ ഔഷധം നീകൊണ്ടുവന്നു,
പ്രശസ്തി, കള്ള്, പ്രണയം മെല്ലെയെനിക്കതു പകരൂ.
എന്റെ അരക്കെട്ടില്‍ കൈവയ്കൂ
മൃദുവായി അതു ചെയ്യൂ
ദൈവവും ഞാനും, ഞങ്ങള്‍ തമ്മില്‍ ചേരില്ല അതിനാല്‍ ഞാനിപ്പോള്‍ പാടുകയാണ്

ആരുമെന്റെയാത്മാവെടുത്തുകൊണ്ടുപോവില്ല,
ഞാന്‍, ജിം മോറിസണെപ്പോലെ ജീവിക്കുന്നവള്‍
തലതിരിഞ്ഞൊരു വിനോദയാത്രയ്ക്കുപുറപ്പെട്ടവള്‍.
വഴിയോര സത്രങ്ങള്‍, കൂത്താട്ടങ്ങളാസക്തികള്‍, ഞാനോ പാടുന്നു,
 മുടിഞ്ഞു പോവാന്‍ എനിക്കതു തരൂ ഇതാണുസ്വര്‍ഗം, ഞാന്‍ശരിക്കാഗ്രഹിക്കുന്നത്
നഷ്ടശാലീനതമാത്രം
നഷ്ടശാലീനത.

ദൈവങ്ങളുടെയും പിശാചുക്കളുടെയും മണ്ണില്‍ ഞാനൊരു മാലാഖയായിരുന്നു
തീവ്രസുരതം കൊതിക്കുന്നവള്‍
സംഗീതഭ്രാന്തുമൂത്ത് കള്ളപ്പേരുധരിച്ച് ഒരു ഗായികയായി ചമയുന്നവള്‍
കല ജീവിതത്തെയനുകരിക്കുന്നു
എനിക്കു വേണ്ടൊരാ ഔഷധം നിന്റെ പക്കലുണ്ട്
 ലഹരി, ഹൃദയത്തിനുള്ളിലേക്ക് നേരിട്ടതു ചാട്ടൂ, ദയവായി.
എന്താണെനിക്കു നല്ലതെന്നറിയാന്‍ ശരിക്കും ഞാനാഗ്രഹിക്കുന്നില്ല
ദൈവം മരിച്ചു, ഞാന്‍ പറഞ്ഞു 'പ്രിയനേ അതെനിക്കൊരു പ്രശ്നമല്ല '.

ആരുമെന്റെയാത്മാവെടുത്തുകൊണ്ടുപോവില്ല,
ഞാന്‍, ജിം മോറിസണെപ്പോലെ ജീവിക്കുന്നവള്‍
തലതിരിഞ്ഞൊരു വിനോദയാത്രയ്ക്കുപുറപ്പെട്ടവള്‍.
വഴിയോര സത്രങ്ങള്‍, കൂത്താട്ടങ്ങളാസക്തികള്‍, ഞാനോ പാടുന്നു,
മുടിഞ്ഞു പോവാന്‍ എനിക്കതു തരൂ
ഇതാണുസ്വര്‍ഗം, ഞാന്‍ശരിക്കാഗ്രഹിക്കുനത്
നഷ്ടശാലീനതമാത്രം
നഷ്ടശാലീനത.

നീ സംസാരിക്കുമ്പോള്‍ എല്ലാമൊരു ചലചിത്രം പോലെ തോന്നുന്നു, അങ്ങനെ നീയെന്നെ കിറുക്കുപിടിപ്പിക്കുന്നു,
കാരണം ജീവിതം കലയെ അനുകരിക്കുകയാണല്ലോ.
അല്പം കൂടി ചന്തം വരുത്തിയാല്‍, എനിക്കുനിന്റെ ഓമനയാവാനാവുമോ?
നീ പറയുന്നൂ 'ജീവിതമത്ര കഠിനമല്ല'

ആരുമെന്റെയാത്മാവെടുത്തുകൊണ്ടുപോവില്ല,
ഞാന്‍, ജിം മോറിസണെപ്പോലെ ജീവിക്കുന്നവള്‍
തലതിരിഞ്ഞൊരു വിനോദയാത്രയ്ക്കുപുറപ്പെട്ടവള്‍.
വഴിയോര സത്രങ്ങള്‍, കൂത്താട്ടങ്ങളാസക്തികള്‍, ഞാനോ പാടുന്നു,
മുടിഞ്ഞു പോവാന്‍ എനിക്കതു തരൂ
ഇതാണുസ്വര്‍ഗം, ഞാന്‍ശരിക്കാഗ്രഹിക്കുനത്
നഷ്ടശാലീനതമാത്രം
നഷ്ടശാലീനത.

Monday, February 03, 2014

ഈ തുടിപ്പുകള്‍ കേള്‍ക്കുന്നില്ലേ?

വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്ത ചിലതുണ്ട്. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത ചിലതും, കേട്ടിട്ടും കേട്ടിട്ടും മടുക്കാത്ത ഈണങ്ങളും........... അങ്ങനെചിലതൊക്കെ മമത്വത്തിന്റെ ഭാഗം കൂടിയാവുമ്പോഴോ! നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍, അതിന്റെ മണ്ണിന്റെ നിറവും പശിമയും ചൂരും..... ഇതൊക്കെ ഏവര്‍ക്കും പ്രിയങ്കരമാണ്. ഒരാളുടെ തന്മയുടെ ഒന്നാമത്തെ ഇഷ്ടിക ഈ നാടിനെക്കുറിച്ചുള്ള പലവിധ സ്മൃതികളുടേതാണ്. ആ നാട് അതിന്റേതായ സവിശേഷതകള്‍ കൊണ്ട് അന്യ നാട്ടുകാരെക്കൂടി ആകര്‍ഷിക്കുന്നുണ്ടെങ്കില്‍ നമ്മുടെയീ തന്മയെക്കുറിച്ചുള്ള ബോധം ഒട്ടൊരു അഹങ്കാരമായിത്തന്നെ മാറുകയും ചെയ്യും. അങ്ങനെയൊരു അഹങ്കാരമാണ് എന്നെ സംബന്ധിച്ചിടത്തോളം കവിയൂരെന്ന ശബ്ദം. കോളേജ് പഠനത്തിനായി ചങ്ങനാശ്ശേരിയിലെത്തിപ്പെട്ട കാലം മുതല്‍ കവിയൂര്‍ എന്ന പേരിന്റെ മാന്ത്രികത ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. കവിയൂര്‍ അമ്പലം, കവിയൂര്‍ പൊന്നമ്മ, തൃക്കക്കുടിപ്പാറ എന്നിങ്ങനെ എന്റെ നാടിന്റെ പല അംശങ്ങളും അവിടെ ദിവ്യമായ ഒരു പരിവേഷമുള്ളതായിരുന്നു. പിന്നെ യാത്രകളുടെ കാലം വന്നപ്പോഴും അന്യനാടുകളില്‍ കവിയൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു തിരിച്ചറിവ് മേല്‍പറഞ്ഞ എന്തിനെയെങ്കിലും ബന്ധപ്പെടുത്തിയായിരുന്നു. അതുകൊണ്ടു തന്നെ കവിയൂരിനെ അറിയാന്‍ അതിന്റെ ആഴങ്ങളോളം മുങ്ങിനിവരാന്‍ ഒരു അത്യാഗ്രഹവും ഉടലെടുത്തു, മനസ്സില്‍. വായനകള്‍ കവിയൂരിന്റെ ചരിത്രപരവും ശില്പപരവുമായ വൈവിധ്യത്തെക്കുറിച്ച് ഒട്ടേറെ പകര്‍ന്നുതന്നതിനാല്‍ കവിയൂര്‍ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ചരിതവും അവിടുത്തെ ദാരുശില്പങ്ങളെപ്പറ്റിയുള്ള വിവരങ്ങളും തൃക്കക്കുടിയുടെ പ്രത്യേകതകളും ഒക്കെ ആഴത്തിലറിയാന്‍ താത്പര്യമുണ്ടായി. അനവധി പഴമക്കാരെ സമീപിച്ചു. അതുകൊണ്ടു തന്നെ പുസ്തകങ്ങളില്‍ കാണാത്ത ചില നാട്ടറിവുകളൊക്കെ പരിചയപ്പെട്ടു. മുത്തശ്ശിമാര്‍ പകര്‍ന്നുകൊടുത്തിരുന്ന ചില നാട്ടു കഥകള്‍ മനസ്സില്‍ തറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ പറയുന്നതിന് ചരിത്രത്തിന്റെയും നാട്ടറിവുകളുടെയും മിശ്രഗുണങ്ങളുന്റെന്ന ആന്തബോധവും ഉടലെടുത്തു. ലോകം രാജ്യം എന്നീ വിശാലാര്‍ഥങ്ങളുള്ള സംജ്ഞകളെക്കാള്‍ എളുപ്പം സംവദിക്കുന്നത്, നാട് എന്ന് നമുക്കുകാണാവുന്ന അതിരുകള്‍ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഒന്നാണെന്നു തോന്നിത്തുടങ്ങി; സ്വന്തം നാടിനെ മനസ്സിലാക്കാതെ സ്വന്തം രാജ്യത്തെയും ലോകത്തെയും മനസ്സിലാക്കുന്നത് പൂര്‍ണ്ണമാവില്ലെന്നു തോന്നിത്തുടങ്ങി. എന്റെ നാടിനെക്കുറിച്ച്, കവിയൂരിനെക്കുറിച്ച് പറയുമ്പോള്‍ എന്റെ നാവിനു നീളമേറും, വാക്കിനു നെഞ്ചിടിപ്പുമുറുകും.... ഇന്നലെ കവിയൂരമ്പലത്തിലൂടെ ഞായറാഴ്ചത്തിരക്കിനിടയില്‍ വലം വയ്ക്കുമ്പോള്‍, ശ്രീകോവില്‍ച്ചുവരിലെ ഗണപതിപ്രാതല്‍, ശാന്തനരസിംഹം എന്നീ ശില്പങ്ങള്‍ക്കുമുന്പില്‍ നിന്നപ്പോള്‍ മനസ്സില്‍ അഭിമാനം മാത്രമായിരുന്നില്ല. മിക്ക ശില്പങ്ങള്‍ക്കും പരുക്കുകളുണ്ടെന്നത് വീണ്ടും മനസ്സില്‍ ഒരാശങ്ക പടര്‍ത്തി. ഓരോ തവണ കാണുമ്പോഴും എന്തെങ്കിലുമൊക്കെ ഒടിവോ ചതവോ പോറലോ ഒക്കെ മൂടുന്നുണ്ടോ എന്ന് മനസ്സ് കലുഷമായി. അത്രപെട്ടെന്ന് അവയ്ക്കു കേടുവരാതെയും എന്നാല്‍ സ്വാഭാവികത നശിക്കാതെയും ഈ ദാരുശില്പങ്ങള്‍ സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ നടപടിയാവുമോ എന്ന് കൗതുകം തോന്നി. ശ്രീകോവിലിന്റെ അധിഷ്ഠാനത്തിലെ രണ്ടു ശാസനങ്ങളുടെ ലിപികളിലൊന്നിനെയെങ്കിലും ഇരുപത്തിയൊന്നുപാളി പെയിന്റിന്റെ പുതപ്പില്‍ നിന്നു മോചിപ്പിക്കാനാവുമോ എന്നു വ്യര്‍ഥമായി നഖം കൊണ്ടു ചുരണ്ടി നോക്കി. ഇന്ന് മെയിലില്‍ നിന്നും മറവിയില്‍ നിന്നുയിര്‍ത്തെഴുന്നേറ്റമട്ടില്‍ ഈ ചിത്രങ്ങള്‍ അവതരിച്ചു..... കവിയൂരിലെ തച്ചന്മാരുടെ പ്രാണന്‍ ആവാഹിച്ച മൂര്‍ത്തികള്‍. നാലഞ്ചുനൂറ്റാണ്ടുമുന്പ് അവരൊഴുക്കിയ വിയര്‍പ്പും അവരെതപിപ്പിച്ച ഭാവനയും ഇവപേറുന്നുണ്ട്. അവരുടെ പ്രതിഭയുടെ പ്രകാശം. അവരുടെ വിശപ്പിന്റെയും വ്യക്തിദു:ഖങ്ങളുടെയും തീക്ഷ്ണത. കവിയൂരിന്റെ പെരുമയെ പ്രകാശിപ്പിച്ചത് ഈ ശില്പങ്ങളാണ്. അവര്‍പടുത്തുയര്‍ത്തിയ ഈ മഹാക്ഷേത്രമാണ്. ചിത്രങ്ങളിലൂടെ അവയുടെ ഭംഗിയും മിഴിവും പുനര്‍ജ്ജനിക്കുമ്പോള്‍ അവ കുടികൊള്ളുന്ന അതേ മണ്ണിന്റെ അന്തരീക്ഷത്തെ ശ്വസികുവാനുള്ള ഭാഗ്യം എനിക്കുണ്ടല്ലോ എന്നതാണ് ആശ്വസം.