Friday, June 21, 2013
മലകള്‍ കോപിച്ചപ്പോള്‍
ഹിമാലയനിരകളില്‍ ചതുര്‍ധാമങ്ങള്‍ ഇനി പഴയപടി തീര്‍ഥാടകര്‍ക്ക് എത്തിപ്പെടാവുന്ന നിലയിലാവണമെങ്കില്‍ മൂന്നുവര്‍ഷമെങ്കിലും കഴിയണമത്രേ. മഴയേതാണ്ട് അടങ്ങിയിട്ടും മഞ്ഞുമലകള്‍ ചൂഴ്ന്നു നില്ക്കുന്ന ദേവഭൂമിയിലകപ്പെട്ടുപോയ പതിനായിരക്കണക്കിനാള്‍ക്കാരെ ഇനിയും പൂര്‍ണ്ണമായി സുരക്ഷിതസ്ഥലങ്ങളിലെത്തിക്കാന്‍ സാധിച്ചിട്ടില്ല.
ഏതൊക്കെ നാട്ടുകാരുണ്ടാവും??
എത്രപേര്‍ മലകളുടെ രുദ്രതാണ്ഡവത്തില്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടാവും?
എത്രപേര്‍ എന്നെന്നേക്കുമായി അപ്രത്യക്ഷരായിക്കാണും???
ഒന്നും പറയാന്‍ കഴിയില്ല.
കേദാരനാഥന്റെയും ബദരിനാരായണന്റെയും തട്ടകങ്ങളില്‍ നടന്ന മനുഷ്യദുരന്തത്തിന്റെ വ്യാപ്തി ഇത്രത്തോളമാവാന്‍ കാരണമെന്താണെന്നതു പക്ഷേ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ?
ഈ ചിത്രങ്ങള്‍ 1882-ലെടുത്തതാണ്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സൈറ്റില്‍ ഇവ ലഭ്യമാണ്. എത്രമാത്രം നിര്‍ജ്ജനവും ശാന്തഗംഭീരവുമാണ് കേദാരശൈലത്തിന്റെ താഴ്വര. ഇതേ സ്ഥലത്തിന് നൂറ്റിമുപ്പതുകൊല്ലങ്ങള്‍ കൊണ്ട് വന്ന മാറ്റം മനസ്സിലാക്കാനായാല്‍ ആ ദുരന്തം വരുത്തിവച്ചതിന്റെ വഴികള്‍ മനസ്സിലാവും.( ഇക്കാലയളവിനുള്ളില്‍ ഭൂമുഖത്തെ ഏതാണ്ടെല്ലാ സ്ഥലങ്ങള്‍ക്കും ഇതേനിലയിലോ, ഇതിന്റെ പതിന്മടങ്ങോ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നതു നേര്. പക്ഷേ അതിലോലപ്രകൃതിയുള്ള, ഒരു ദേവാലയത്തിന്റെ സാന്നിധ്യമൊന്നുകൊണ്ടുമാത്രം മനുഷ്യനു വല്ലപ്പോഴും വഴങ്ങുന്ന കേദാരത്തില്‍ നടന്ന മാറ്റങ്ങള്‍ അങ്ങനെ എഴുതിത്തള്ളാനാവില്ല.)1992 ലെ ഓണക്കാലത്ത് തുടങ്ങിയ ഒരു യാത്രയില്‍ ഹിമവദ്ഭൂമിയുടെ സൗന്ദര്യവും ക്രൗര്യവും മനസ്സിലാക്കേണ്ടി വന്നതാണ് എനിക്ക്. അന്ന് കേദാറിലേക്കുള്ള യാത്രയ്ക്കിടയില്‍ രുദ്രപ്രയാഗയിലും ഏതാനും ദിവസത്തിനുശേഷം ബദരിയാത്രയ്ക്കിടയില്‍ ഹനുമാന്‍ചട്ടിയില്‍ വച്ചും വീണ്ടും രണ്ടുമൂന്നു ദിവസത്തിനു ശേഷം ഗോമുഖിലേക്കു കയറുന്നതിനിടയില്‍ ചീഡ്ബാസയില്‍ വച്ചും ഹിമവാന്റെ വിശ്വരൂപത്തിന്റെ മിന്നലാട്ടം കണ്ടതിന്റെ അങ്കലാപ്പ് ജീവിതത്തിലെ ഏറ്റവും വലിയ അനുഭവങ്ങളുടെ മുന്പന്തിയിലാണ്. മലയിടിച്ചിലും മലവെള്ളപ്പാച്ചിലും. മനുഷ്യന്‍ എത്രമാത്രം നിസ്സാരനാണെന്നു പഠിപ്പിച്ച ഒരു യാത്ര. ആ യാത്രയ്ക്കിടയില്‍ ഇരുണ്ട ഒരു അപരാഹ്നത്തില്‍ ഗോവിന്ദഘട്ടിലൂടെ കടന്നുപോയി. ഒന്നോ രണ്ടോ പീടികകള്‍ മാത്രമുള്ള ചെറിയ ഒരു കവല. ഹേമകുണ്ഡ് സാഹിബിലേക്കും പൂക്കളുടെ താഴ്വരയിലേക്കും വഴിപിരിയുന്നിടം. കഴിഞ്ഞ ദിവസങ്ങളില്‍ ദുരന്തഭൂമിയായി മാറിയ ഗോവിന്ദഘട്ടിന്റെ ചിത്രങ്ങള്‍ ഞെട്ടിച്ചത് ആ ഇരുണ്ട സ്ഥലം നാലും അഞ്ചും നിലക്കെട്ടിടങ്ങളനവധിനിറഞ്ഞ ഒരു ചെറുപട്ടണമായി ഈ ഇരുപതുകൊല്ലം കൊണ്ടു മാറിയിരുന്നു എന്നു മനസ്സിലായപ്പോളാണ്. കേദാരത്തിന്റെ കാര്യവുമ് അതു തന്നെ.
വളരെ ഭയാനകമായ രീതിയിലാണെങ്കിലും കേദാരഭൂമി മനുഷ്യന്റെ ദുര്‍മോഹങ്ങള്‍ കൊണ്ടുകെട്ടിപ്പടുത്തതെല്ലാം തകര്‍ത്തെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. വിശ്വാസത്തിന്റെയും വിനോദത്തിന്റെയുമൊക്കെപ്പേരില്‍ പ്രകൃതിയുടെ മടിത്തട്ടില്‍ അതിന്റെ സ്വാഭാവികത മുറിക്കാതെ പുരാതനര്‍ പണികഴിച്ച വിനീതമായ തീര്‍ഥങ്ങളെപ്പോലും കച്ചവടക്കണ്ണോടെ സപ്തനക്ഷത്രപ്രൗഢിയിലേക്ക് വളര്‍ത്തിയെടുക്കുമ്പോള്‍ ജാഗ്രതൈ.....
ഇതാവും കേദാരനാഥനും ബദരിനാരായണനും പുണ്യകാംക്ഷികളെ ഈ ദിനങ്ങളില്‍ ദൃഷ്ടാന്തപ്പെടുത്തിയത്.
Subscribe to:
Post Comments (Atom)
1 comment:
വാസ്തവം. കേദാരിലേക്കു നമ്മുടെ ഒന്നിച്ചുള്ള യാത്ര ഓർത്തു പോകുന്നു. വീണ്ടും വീണ്ടും എത്തിച്ചേരണം എന്ന് ആഗ്രഹിക്കുന്നയിടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ നേരിയ വേദന.
Post a Comment