Tuesday, August 06, 2013

കര്‍ക്കിടകവാവിനു ഞാലിക്കണ്ടം...

മഴയുടെ ഉത്സവം പൊടിപൊടിപ്പനായിരുന്നെങ്കിലും വാവിന്‍ നാളില്‍ മഴ മലയാളിയോട് കരുണ കാട്ടി. അല്ലെങ്കില്‍ ഭൂമിമലയാളം, ഒരു പക്ഷേ പ്രളയമലയാളമായിപ്പോയേനെ. വാവിന് പരമ്പരാഗതമായി മലയാളഗോത്രങ്ങളില്‍ പലതും കള്ളുനേദിച്ച് തനി ദ്രാവിഡരീതിയിലായിരുന്നു അടുത്തകാലം വരെ പിതൃതര്‍പ്പണം നടത്തിയിരുന്നത്. അതൊക്കെ ഇപ്പോള്‍ ക്ഷേത്രക്കടവുകളിലേക്ക് കുടിയേറിയിരിക്കുന്നു. ഞാലീക്കണ്ടത്തിലും, വര്‍ഷങ്ങളായി ഭക്തസാമീപ്യമില്ലാതിരുന്ന പാറപ്പുഴ ശ്രീകൃഷ്ണക്ഷേത്രം കഴിഞ്ഞ ഒനു രണ്ടു വര്‍ഷമായി പിതൃപൂജയുടെ വേദിയായി മാറിയിരിക്കുന്നു. ഞാലീക്കണ്ടം കവലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ കിഴക്ക് മണിമലയാറിന്റെ കരയില്‍ സ്ഥിതി ചെയ്യുന്ന പാറപ്പുഴ ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ പ്രസക്തി കവിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ ആറാട്ടുകടവിലെ ക്ഷേത്രം എന്നതു മാത്രമാണ്. അത്രയ്ക്കും തകര്‍ന്ന അവസ്ഥയിലാണത്. പഴമയുടെ അനേകം മുദ്രകള്‍ ഉണ്ടെങ്കിലും അത് അവഗണിക്കപ്പെട്ട നിലയിലാണ്. പിതൃപൂജകളിലൂടെയും സമീപവാസികളുടെ അടുത്തകാലത്തുണ്ടായ ഇടപെടലിലൂടെയും അതിനും നല്ല ഒരവസ്ഥ വന്നു കൂടായ്കയില്ല. ഏതായാലും ഞാലീക്കണ്ടത്തിലെ ഇന്നത്തെ കൂട്ടായ്മയില്‍ ഈ ക്ഷേത്രത്തെക്കുറിച്ചും ഞങ്ങള്‍ പറഞ്ഞു എന്നത് നേര്- പറഞ്ഞു പറഞ്ഞ്, പാടേ മാറിപ്പോയ പലതിനെയും കുറിച്ചു പറഞ്ഞ കൂട്ടത്തില്‍. കാരണം ഞങ്ങളുടെ ഓര്‍മ്മയില്‍ അത്രയ്ക്കൊന്നും മാറ്റം വരാതെ കവിയൂരില്‍ നിലനില്ക്കുന്ന ഒന്ന് ഈ ക്ഷേത്രം മാത്രമാണ്. മാറി എന്ന് നാം എന്തിനെയെങ്കിലും കുറിച്ചു പറയുകയാണെങ്കില്‍ അത് നമുക്ക്സ്വയം ഉണ്ടായ മാറ്റത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയാണല്ലോ. നൊസ്റ്റാള്‍ജിയ എന്ന രോഗം( ചിലപ്പോള്‍ അതൊരു അനുഗ്രഹമാണെന്നതു സത്യം) ബാധിക്കുമ്പോഴാണ് നാമങ്ങനെയൊക്കെ പറയുക. തിരിച്ചു പിടിക്കാനാവാതെ പോയ നാളുകളെക്കുറിച്ചോര്‍ത്ത് ഒരു പക്ഷേ സങ്കടമുറവെടുക്കുമ്പോള്‍. ഏതായാലും , ഞാന്‍ ഞാലീക്കണ്ടത്തെ മനസ്സുതൊട്ടുകാണാന്‍ തുടങ്ങിയിട്ട് മൂന്നരപതിറ്റാണ്ടെങ്കിലും ആയി എന്ന ഊറ്റത്തിന്റെ ബലത്തിലാവാം ഞാലീക്കണ്ടത്തിന്റെ മാറ്റത്തിനെക്കുറിച്ച് ഞാനീപ്പറഞ്ഞതെല്ലാം. പത്തു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ മുതല്‍ ഉള്ള അനേകം ഓര്‍മ്മകള്‍ എനിക്കാ സ്ഥലത്തെക്കുറിച്ചുണ്ട്. അതെല്ലാം ഇന്നത്തെ സാഹചര്യത്തില്‍ സ്വപ്നാത്മകമായ ഓര്‍മ്മച്ചിത്രങ്ങള്‍ മാത്രം. അതിന്റെ നുറുങ്ങുകളെങ്കിലും ആവിഷ്കരിക്കാനായെങ്കില്‍ എന്നത് ഒരു സ്വപ്നവും. ഞാനെഴുതിയ നോവലില്‍ ഞാലീക്കണ്ടം ഉണ്ട്. പ്ഷേ അത് പഴയതിന്റെയുമ് 2പുതിയതിന്റെയും ഒരു മിശ്രിതമാണ്. പഴയ ഞാലീക്കണ്ടത്തെ അവതരിപ്പിക്കുന്ന ഒന്നെഴുതണമെന്ന ആഗ്രഹം ഉള്ളില്‍ കടയുന്നതുകൊണ്ടുതന്നെയാണ്, ഈ അടുക്കും ചിട്ടയുമില്ലാത്ത പ്രലാപം. ഒരു പക്ഷേ ഞാനത് എഴുതിയേക്കാം. അങ്ങനെയെങ്കില്‍ ഇതൊരാമുഖക്കുറിപ്പായി കരുതുക( ഞാലീക്കണ്ടം മുഖ്യകഥാപാത്രമാകുന്ന ഒരു ബ്ലോഗ് നോവല്‍ എന്ന സങ്കല്പത്തോടെ പുതിയൊരു ബ്ലോഗ് പേജ് ആരംഭിച്ചിരുന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ആവോ. 1. ഞാലീക്കണ്ടം ഒരു ചെറിയ കവലയാകുന്നു. കവിയൂരിലെ പുരാതനമായ മഹാക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഞാലീക്കണ്ടം ആരംഭിക്കുന്നു. 2. കിഴക്കേ നട ഒഴിവാക്കിയാല്‍ രണ്ടു കവലകളാണ് ഞാലീക്കണ്ടത്തില്‍, അന്തിച്ചന്തയും അഞ്ചല്‍ക്കുറ്റിക്കലും. 3. ഏതൊരു സ്ഥലത്തെയും പോലെ ഞാലീക്കണ്ടവും മുഖമ് മിനുക്കിയിരിക്കുന്നു. ഈ ഒരു ഭൂമികയില്‍ നിന്നാരംഭിച്ചാല്‍ , ഒത്തിരിപറയാനുണ്ട്. ഇതാ ഈ ഉപഗ്രഹചിത്രം എനിക്കു വാക്കിലാവിഷ്കരിക്കാനാവാത്ത ഭൂമിശാസ്ത്രപരമായ സവിശേഷതകളുടെ തനതവസ്ഥയാണ്... കര്‍ക്കിടകത്തില്‍, ഈ അമാവാസിയിരുളില്‍ ഓര്‍മകള്‍ക്ക് തര്‍പ്പണം നടത്തി ഞങ്ങള്‍ പിരിയുമ്പോള്‍ ഇത്രയൊക്കെയേ മനസ്സില്‍ ശേഷിച്ചുള്ളു.

No comments: