അയ്യരുസാര്‍ കടന്നുപോയിട്ട് ഒരാഴ്ചയിലേറെയായി.
ഈ നാട്ടിന്‍പുറത്തിന്റെ ചരിതത്തില്‍ കവിയൂര്‍ശിവരാമയ്യര്‍ എന്ന പേര് എഴുതിച്ചേര്‍ക്കപ്പെട്ടത് പതിറ്റാണ്ടുകള്‍ക്കപ്പുറത്തെപ്പോഴോ. കുഞ്ഞിലേ മുതലേ ഈ നാമം കേട്ടിരുന്നു എന്നത് എന്റെയോര്‍മ്മ. ഉത്സവകാലത്തെ ആധ്യാത്മികപ്രഭാഷണങ്ങള്‍ക്കും സ്കൂളിലെ ചടങ്ങുകള്‍ക്കുമൊക്കെ ഒരു സ്ഥിരം ക്ഷണിതാവ് എന്നതിലുപരി, ഞാനൊക്കെ പത്താംക്ലാസ്സിലെത്തിയപ്പോഴേക്കും റിട്ടയര്‍ ചെയ്ത അദ്ദേഹം അയ്യേഴ്സ് കോളേജ് എന്ന ട്യൂഷന്‍ഹോം തുടങ്ങുകയും ചെയ്തിരുന്നു. ഞാന്‍ അയ്യേഴ്സ് കോളേജില്‍ ഒരു വിദ്യാര്‍ഥിയായിരുന്നില്ല എന്നതിനാല്‍ത്തന്നെ എന്റെ തലമുറയിലെ ബഹുഭൂരിപക്ഷത്തിനുമൊപ്പം അയ്യരുസാരിന്റെ ശിഷ്യന്‍ എന്ന പദവി എനിക്കുണ്ടായില്ല, നേരിട്ട്.
പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹവുമായി അടുത്ത ബന്ധം ഉണ്ടാവുന്നത്, പഠനമൊക്കെ പൂര്‍ത്തിയാക്കി ഞാനൊരു ജോലിക്കാരനായ ശേഷം. കവിയൂര്‍മഹാക്ഷേത്രവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് എന്നെ അദ്ദേഹത്തിന്റെ അരികിലെത്തിച്ചത്. ആ ബന്ധം ആ നിലയില്‍ വളര്‍ന്നു. പില്കാലത്ത് ക്ഷേത്രചരിത്രസംബന്ധമായ ഒരു കൈപ്പുസ്തകം ഇറക്കുന്നതിന് അദ്ദേഹം എനിക്കു പ്രേരണയും വഴികാട്ടിയുമായി. എന്റേതായ എഴുത്തുകളെക്കുറിച്ച് ഞാന്‍ നേരിട്ട് ഒന്നും പറയാതിരുന്നിട്ടും അദേഹം തേടിപ്പിടിച്ചു.
ആ യൗവനമായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും മഹത്വം എന്നെനിക്കു തോന്നുന്നു. പുതിയതായി ഒരു പുസ്തകത്തെക്കുറിച്ചു കേട്ടാല്‍ അത് വായിക്കാനുള്ള ആഗ്രഹം തൊണ്ണൂറാം വയസ്സിലും അദ്ദേഹം കാത്തു. പഴയ ആചാരങ്ങളെ നിസ്സംഗതയോടെ ചവിട്ടിമാറ്റാന്‍ ഉത്സാഹവുമുണ്ടായിരുന്നു. അയ്യരുസാര്‍ കവിയൂര്‍ക്ഷേത്രോപദേശകസമിതി പ്രസിഡന്റായിരിക്കുന്ന സമയത്താണ് പ്രസിദ്ധ വാസ്തുശില്പിയായ രാമുകടകവും പ്രസിദ്ധ ഫോട്ടോഗ്രാഫറായ ജോഗീന്ദര്‍സിംഗും ഫോട്ടോയെടുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ അനുമതിയുമായി കവിയൂര്‍ക്ഷേത്രത്തിലെത്തുന്നത്. കേരളീയക്സഹെത്രങ്ങളുടെയും കൊട്ടരങ്ങളുടെയും ശില്പചാതുരിയിലേക്കെത്തിനോക്കുന്ന ഒരു ഗ്രന്ഥരചനയുടെ ഭാഗമായുള്ള വരവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള വര്‍ക്കല, തിരുവല്ലം, ഹരിപ്പാട്, തിരുവല്ല, കവിയൂര്‍, വാഴപ്പള്ളി, ഏറ്റുമാനൂര്‍, വൈക്കം എന്നീക്ഷേത്രങ്ങളില്‍ ചിത്രമെടുക്കുന്നതിനായിരുന്നു ദേവസ്വം ബോര്‍ഡ് അനുമതി നല്കിയത്. ആദ്യത്തെ സ്ഥലങ്ങളിലൊക്കെ വലിയ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിലും തിരുവല്ലയില്‍ നാലമ്പലത്തിനകത്ത് ചിത്രമെടുക്കുന്നതിന് എന്തൊക്കെയോ എതിര്‍പ്പുകളുണ്ടായി. കവിയുരില്‍ ആദ്യമൊന്നും കാര്യമായ എതിര്‍പ്പ് ഉണ്ടായില്ലെങ്കിലും ചിത്രങ്ങളെടുത്ത് രാമുകടകവും സംഘവും അടുത്തകേന്ദ്രത്തിലേക്കു പോകാന്‍ തയ്യാറെടുക്കുന്ന സമയത്ത്, നമസ്കാരമണ്ഡപത്തില്‍ കയറി ചിത്രങ്ങളെടുത്തു എന്നതിന്റെ പേരില്‍ വന്‍ പ്രതിഷേധം തന്നെയുയര്‍ന്നു. ( കവിയൂര്‍ക്ഷേത്രത്തിലെ ദാരുശില്പങ്ങളുടെ മാഹാത്മ്യം വിശദമായി പകര്‍ത്തിയിട്ടുള്ള ഡോ. റോണാള്‍ഡ് ബെര്‍ണ്ണിയറുടെ Temple arts of Kerala എന്ന ഗ്രന്ഥത്തില്‍ നമസ്കാരമണ്ഡപത്തിലേതടക്കം അനേകം ശില്പങ്ങളുണ്ട്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ ഡോ. ബെര്‍ണ്ണിയര്‍ക്ക് നമസ്കാരമണ്ഡപത്തില്‍ കയറി നിര്‍ബാധം ചിത്രങ്ങളെടുക്കനായെങ്കില്‍ രണ്ടായിരത്തി അഞ്ചായപ്പോഴേക്കും കവിയൂരിലെ/ കേരളത്തിലെ സാംസ്കാരികാന്തരീക്ഷം അതിനെ ആചാരധ്വംസനവും തീണ്ടലുമായി മാറ്റി എന്നോര്‍ക്കുക)ഏതായാലും പ്രതിഷേധം തിരിഞ്ഞത് അയ്യരുസാറിന്റെ നേര്‍ക്കാണ്. ക്ഷേത്രത്തിന്റെ ചരിത്രവും പ്രത്യേകതകളും വിവരിച്ച് രാമുകടകത്തെയും സംഘത്തെയും വഴികാണിച്ചു നയിച്ചത് സാറായിരുന്നല്ലോ. ഒന്നുകില്‍ ശുദ്ധികലശം അല്ലെങ്കില്‍ ക്ഷേത്രോപദേശകസമിതിയുടെ രാജി എന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന നിലപാടില്‍ അന്ന് അയ്യരുസാര്‍ ഉരച്ചു നിന്നു. ക്ഷേത്രം മാനേജര്‍ അന്ന് ശുദ്ധികലശം നടത്തി ഈ പ്രതിഷേധം തണുപ്പിച്ചെന്നു തോന്നുന്നു, പക്ഷേ സാറിന്റെ അചഞ്ചലമായ നിലപാട് ശ്രദ്ധേയമായി. ഏതാനും മാസങ്ങള്‍ക്കുശേഷം, കവിയൂര്‍മഹാക്ഷേത്രത്തിന്റെ നമസ്കാരമണ്ഡപത്തിന്റെയും വാതില്മാടത്തിന്റെയും മനോഹരമായ ചിത്രം മുഖപടമാക്കി ഇറങ്ങിയ Glimpses of Architecture in Kerala എന്ന പുസ്തകം സാറിനു കോംപ്ളിമെന്ററി കോപ്പികിട്ടിയത് ഈ സമരനായകരെക്കാണിച്ചപ്പോള്‍ അവര്‍ മിണ്ടാട്ടമില്ലാതെ ചിരിച്ചു നിന്നത് ഞാനോര്‍ക്കുന്നു.
ആ നിത്യയൗവനത്തിന്റെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചാണ് സാര്‍ കടന്നു പോയിരിക്കുന്നത്. ഒരിക്കലും തളരാത്ത യൌവനതീക്ഷ്ണതയോടെ ലോകത്തെ തെളിമയോടെ കാണുകയും ചിരിയോടെ നേരിടുകയും ചെയ്ത ഒരു മനുഷ്യന്‍. വായനയും എഴുത്തും വ്രതമാക്കിയ ഒരാള്‍. ഹിന്ദിയിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും മലയാളത്തിലും ഒരേപോലെ പാണ്ഡിത്യം. പുതുമകളെ സുമനസ്സോടെ സ്വീകരിക്കുവാനും പഴമകളുടെ ജീര്‍ണ്ണമുഖത്തെ കുപ്പയിലെറിയാനുമുള്ള ഔദ്ധത്യം അയ്യരുസാറിന് എന്നുമുണ്ടായിരുന്നു.
ജലരേഖകളാല്‍ ഭ്രംശിക്കപ്പെട്ട് എന്ന എന്റെ നോവലിന്റെ കോപ്പി ഗുരുദക്ഷിണയായി സാറിനു സമര്‍പ്പിക്കുമ്പോള്‍ അതിന്റെ ഒരു പേജിനപ്പുറം അദ്ദേഹം വായിക്കുമെന്ന് എനിക്കൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. കാഴ്ചക്കുറവുകാരണം ഒരു ലെന്‍സ് ചേര്‍ത്തുപിടിച്ച് പത്രം വായിക്കാന്‍ അദ്ദേഹം കഷ്ടപ്പെടുന്നതു കണ്ടിട്ടുമുണ്ടായിരുന്നു.
എന്നാല്‍, ഒന്നുരണ്ടാഴ്ചയ്ക്കുശേഷം അമ്പലത്തില്‍ വച്ചുകണ്ടപ്പോള്‍ അദ്ദേഹം ഉറക്കെപ്പറഞ്ഞ വാക്കുകള്‍ ആ പുസ്തകത്തിനുകിട്ടിയ ഏറ്റവും വലിയ നിരൂപണവുമായി- 'ഞാനതു മുഴുവന്‍ വായിച്ചു. അയ്യോ, അതിസുന്ദരിയായ ഒരു യുവതിയെ കഷണം കഷണമായി മുറിച്ചിട്ടിരിക്കുന്ന ഒരു പ്രതീതിയാണ് ഉണ്ടായത്. എനിക്കൊട്ടുമിഷ്ടപ്പെട്ടില്ല.'
No comments:
Post a Comment