Tuesday, June 11, 2013

ദൈവത്തിന്റെ ഫോട്ടോ അച്ചടിച്ച ആഴ്ചപ്പതിപ്പ്‌

എൺപതുകളുടെ പകുതിയിലെ ഒരു രാത്രി അക്കാലത്തെ അനേകം രാത്രികളെപ്പോലെ മറക്കാനാവാത്ത ഒന്നായി മനസ്സിൽ പതിഞ്ഞുനിൽക്കുന്നുണ്ട്‌. ഷാജിയോടൊപ്പം 'അമ്മ അറിയാൻ' പ്രദർശ്ശിപ്പിക്കുന്നതിന്റെ പോസ്റ്റർ ഒട്ടിക്കാനായി ഇറങ്ങിയ രാത്രി. പോസ്റ്റർ തയ്യാറാക്കി, പശ ഉണ്ടാക്കി അതൊട്ടിക്കാനായി ഉള്ള രാത്രി നടപ്പ്‌. ഇടയ്ക്കിടെ ഷാജി ഒരു ബീഡി പുകയ്ക്കും. ഞാനും ചിലപ്പോൾ ഒന്നുരണ്ടു പുകയെടുക്കും. വർത്തമാനം പറഞ്ഞുകൊണ്ട്‌, ആദ്യം തോട്ടഭാഗം വരെ നടന്ന്‌ അവിടെ ഒന്നോ രണ്ടോ പോസ്റ്റർ ഒട്ടിച്ച ശേഷം തിരിയെ വന്ന തുടർന്ന്‌ കമ്മാളത്തകിടി വരെ പോയി അവിടെയും പോസ്റ്റർ ഒട്ടിച്ചു. ഒരു രാഷ്ട്രീയപ്പാർട്ടിയുടെയോ കലാസാംസ്കാരികസംഘടനയുടെയോ മേല്വിലാസമില്ലാതെ, വിരലിലെണ്ണാവുന്ന കൂട്ടായ്മമാത്രം അവകാശപ്പെടാനാവുന്ന ഒരു കൈയ്യെഴുത്തുമാസികയുടെ പ്രവർത്തകരാണ്‌ ഇത്ര ഔദ്ധത്യത്തോടെ പാതിരാത്രിയിൽ ഒരുഗ്രാമത്തിന്റെ അങ്ങേത്തലമുതൽ ഇങ്ങേത്തലവരെ നടന്ന്‌ പരസ്യം പതിക്കുന്നത്‌. എട്ടോ പത്തോ പോസ്റ്ററുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും മഹത്തായ ഒരു ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ നടപ്പ്‌. കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക്‌ കുതിക്കുകയാണെന്നു വിളിച്ചറിയിക്കുന്ന ഒരു അദമ്യമായ പ്രക്ഷേപണം ആ പ്രവൃത്തിയിലുണ്ടായിരുന്നു. കവിയൂർ ഞാലിയിൽ ഭഗവതിക്ഷേത്രത്തിന്റെ മൈതാനത്ത്‌ 'അമ്മ അറിയാൻ' പ്രദർശ്ശിപ്പിക്കപ്പെട്ടതും ഈ അവേശപ്പെരുക്കത്തിന്‌ ലഹരിപകർന്നു. ആ ചെറുമൈതാനം നിറയെ പലപ്രായവും മാനസികനിലയും വിശ്വാസവുമുള്ള ആൾക്കാർ, ക്ഷമയോടെ ചിത്രം കണ്ടു. ഞങ്ങളുടെ പാട്ടയിൽ കൈക്കരുത്തനുസരിച്ച്‌ സംഭാവന ഇടുകയും ചെയ്തു. പിറ്റേന്ന്‌ അതേ സ്ഥലത്ത്‌ 'അഗ്രഹാരത്തിൽ കഴുതൈ' പ്രദർശ്ശിപ്പിച്ചപ്പോളാവട്ടെ, കാഴ്ച്ചക്കാരുടെ പ്രതികരണം ഞങ്ങളെ അഭിമാനിപ്പിക്കുന്നതായി. അതായിരുന്നു അക്കാലത്തിന്റെ ലഹരി. ജോൺ എന്റെ തലമുറയുടെ സ്വപ്നങ്ങൾക്ക്‌ ചിറകു തുന്നിയകാലം. 'അമ്മ അറിയാൻ' ഒരു സംഭവമായത്‌ അതിന്റെ അനുകരിക്കാനാവാത്ത അരാജകത്വംകൊണ്ടാണ്‌. ഇന്ന്‌ ജോണിന്റെ മരണത്തിന്റെ കാൽനൂറ്റാണ്ടുപ്രമാണിച്ച്‌ പ്രത്യേക പതിപ്പിന്റെ പകിട്ടുമായിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ കണ്ടപ്പോൾ ആ പഴയ സ്വപ്നങ്ങളുടെ മുഴക്കം വീണ്ടും കേൾക്കായി. മഴനനഞ്ഞുതൂങ്ങിനിൽക്കുന്ന നഗരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന ബസ്സിലിരുന്ന്‌ അത്‌ എല്ലാപ്പേജും മറിച്ചുനോക്കുമ്പോൾ ആ കാലത്തിന്റെ നിറങ്ങൾ വിരലിൽ വീണ്ടും മിന്നി. അത്രമാത്രം അനുഭവിപ്പിക്കാൻ മാത്രം മാന്ത്രികപ്രഭാവമുണ്ട്‌ അരാജകതയുടെ ദൈവത്തിന്റെ തൂവൽ മുനയ്ക്ക്‌..

No comments: