ഹോ! അതിശയകരം തന്നെ ഈ നാട്.ലോകസംസ്കാരത്തിന്റെ കളിത്തൊട്ടില്‍. ഇവിടെയങ്ങു വഴിഞ്ഞൊഴുകുകല്ലേ സംസ്കൃതിയുടെ മഹാനദി( പണ്ട് പച്ചവെള്ളമൊഴുകിയിരുന്ന നദികളൊക്കെ ഈ സംസ്കാരസമ്പത്തിന്റെ മികവുകണ്ട് ഒഴുക്കൊക്കെ നിര്‍ത്തി ചെളികുത്തിയും കൊതുകരിച്ചും കിടക്കുകയാണ്.). പത്രത്തിലോ ടിവിയിലോ ഫേസ് ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലോ ശ്രദ്ധിച്ചാല്‍ അറിയാം ആ സംസ്കാരത്തിന്റെ ഗാംഭീര്യം. ആരാ മലയാളിയെന്നറിയാമോ? വിദ്യാഭ്യാസം, വിവരം, വൃത്തി , ലോകപരിജ്ഞാനം, വ്ശ്വാസം, അവിശ്വാസം, ഇതിനെല്ലാം ഉപരി സദാചാരം എന്നുവേണ്ട ലോകത്തെന്തെല്ലാം ജ്ഞാനവ്യവസ്ഥകളുണ്ടോ, എന്തൊക്കെ തൊഴില്‍ മേഖലകളുണ്ടോ അതിലൊക്കെ അഗ്രഗണ്യന്‍ ഈ മലയാളി തന്നെ. തമിഴനെയും, തെലുങ്കനെയും സായ്‌വിനെയും ബംഗാളിയെയും ഒക്കെ ഈ സംസ്കാരശിരോമണിസമൂഹം പുച്ഛിക്കുന്നതു വെറുതെയാണോ! ( കയ്മെയ്യനങ്ങി ചെയ്യാനുള്ള പണികളൊക്കെ അതുകൊണ്ടല്ലിയോ ഇത്തരം കഴുതകളെ ഏല്പിച്ച് നാമങ്ങനെ ഉമ്മറത്തു വിരാജിക്കുന്നത്.) അങ്ങനെ വിരാജിക്കുമ്പോള്‍ സ്വാഭാവികമായും സാമൂഹിക വിമര്‍ശനത്വരയുണരുകയും ചെയ്യും. ഒബാമ മുതല്‍ ഇറിയന്‍ ജായയിലെ (മുന്‍) നരഭോജി ഗോത്രത്തിന്റെ തലവന്‍ വരെ, ആകാശഗംഗ മുതല്‍ കടല്‍പ്പുറത്തെ ഏറ്റവും ചെറിയ മണല്‍ത്തരിവരെ, അമൃതുമുതല്‍ അമേധ്യം വരെ എന്തിനെയും ഏതിനെയും ഇരുപത്തിനാലുമണിക്കൂറും വിമര്‍ശിക്കാനുള്ള അവകാശമങ്ങു മലയാളിക്ക് തീറെഴുതിക്കിട്ടിയിട്ടുണ്ടല്ലോ. വിമര്‍ശിച്ച് വിമര്‍ശിച്ച് എന്തിനെയും പൊന്നാക്കുക എന്നതാണല്ലോ നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം.
അത്തരം വിമര്‍ശനങ്ങള്‍ എഴുന്നള്ളിക്കാനിപ്പോള്‍ നല്ല തലയെടുപ്പുള്ള മാധ്യമങ്ങളുടെ കൂട്ടുമുണ്ട്. ആരും എഡിറ്റുചെയ്യുമെന്ന വിഷമം വേണ്ട. ആരെയും എന്തും പറയാം. മനുഷ്യസംസ്കാരത്തിന്റെ പരശതം തലമുറകളെ കോള്‍മയിര്‍ക്കൊള്ളിക്കുന്ന അഭിപ്രായ ഘോഷയാത്രകള്‍ ഓരോ നിമിഷവും അവതരിച്ചുകൊണ്ടിരിക്കുകയല്ലയോ! ആ നിശിതശരങ്ങളേല്കുന്ന ഇരകളുടെ കാര്യമോ, നരകത്തിനുപോലും സാധിക്കാത്തത്ര അവരുടെ വ്യക്തിത്വത്തെ ചുട്ടുനീറ്റിസ്ഫുടം ചെയ്തുകളയും.
കുറെ ദിവസങ്ങളായി ടെലിവിഷന്‍ അവതാരകയായ രഞ്ജിനി ഹരിദാസാണ് ഇര. ഇന്നൊരു വീഡിയോ ഫേസ്ബുക്കില്‍ കൊടുത്തിരിക്കുന്നതുകണ്ടു. രഞ്ജിനിയുടെ തെറി എന്ന പേരില്‍. ഞാനതുകാണുമ്പോള്‍ 18000ത്തില്‍പരം ആള്‍ക്കാര്‍ അതു ഷെയറുചെയ്തുകഴിഞിരുന്നു. 1340 പേര് അഭിപ്രായം രേഖപ്പെടുത്തിയിട്ടുമുണ്ട്. ആ അഭിപ്രായങ്ങളില്‍ ഒന്നോരണ്ടെണ്ണം വായിച്ചാല്‍ അതില്‍ 99ശതമാനത്തിന്റെയും സ്വരം മനസ്സിലാകും. ചുറ്റും അരിച്ചു നില്ക്കുന്ന മനോരോഗം മൂര്‍ച്ഛിച്ച ഒരു വലിയ ആള്‍ക്കൂട്ടത്തിനു നേരെ അവര്‍ പൊട്ടിത്തെറിച്ചത് തീര്‍ത്തും പാപം തന്നെയാണെന്ന് പലരും വിലയിരുത്തുന്നു. ആ വിലയിരുത്തലിന്റെ ഭാഷയാവട്ടെ മലയാളി കൊട്ടിഘോഷിക്കുന്ന സംസ്കാരത്തിന്റെ സര്‍വ ഗാംഭീര്യവും തുണിയുരിച്ചുകാട്ടുന്നുമുണ്ട്.
മാധ്യമങ്ങളില്‍ നിറഞ്ഞു നില്കുന്നവളായിക്കൊള്ളട്ടെ, അവര്‍ക്ക് ഒരു സ്ത്രീ മനുഷ്യ ജീവി എന്നീ പരിഗണനകളില്‍ എന്തെങ്കിലും കൊടുക്കുന്ന രീതിയില്‍ ആ ചെറു വീഡിയോയിലെ ആള്‍ക്കൂട്ടത്തിലാരും പെരുമാറുന്നതായി തോന്നിയില്ല. ഉച്ചവെയിലത്ത്, തെരുവില്‍ ഒറ്റപ്പെട്ട ഒരു സ്ത്രീയെ, അവഹേളിക്കുവാനും സ്വന്തം മൊബൈല്‍ ക്യാമാറാകളില്‍ ആ ക്രൂരവിനോദം ഒരുരംഗവും വിട്ടുപോകാതെ പകര്‍ത്തുവാനും തിക്കും തിരക്കുംകൂട്ടുന്ന ഒരു ജനാവലി. ആ വീഡിയോ കണ്ട്, അവരെ ഭര്‍ത്സിക്കുവാന്‍ അറിയാവുന്ന ശാപവ്വാക്കെല്ലാം അണിനിരത്തുന്ന മറ്റൊരാള്‍ക്കൂട്ടം.
മഴപോലും ഈ നാട്ടിലേക്കെത്തിനോക്കാന്‍ ഭയക്കുന്നതെന്തുകൊണ്ടാണെന്ന് ഇനിയും സംശയമുണ്ടോ?
1 comment:
വെറുമൊരു കവിയൂരുകാരനായ ഈ എഴുത്തുകാരന്റെ സുഹൃത്താണ് എന്നുള്ളതുകൊണ്ട് ഞാന്‍ അഭിമാനിക്കുന്നു ,
ലോകമറിയൂന്ന ഒരു എഴുത്തുകാനായി വളരുവാന്‍ പ്രാര്‍ഥിക്കുന്നു .......ജോസ്
Post a Comment