Wednesday, May 08, 2013

32/64

സിദ്ധാര്‍ഥശിവയുടെ പുതിയ നാടകപരീക്ഷണം 32/64 ഇന്ന് പകല്‍വെളിച്ചത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഷ്ടദളത്തില്‍ അരങ്ങേറി.
നാടകപരീക്ഷണം, പകല്‍വെളിച്ചം എന്നീ വാക്കുകള്‍ക്ക് അടിവരയിടാവുന്നതാണ്. മലയാളക്കരയെ സംബന്ധിച്ചിടത്തോളം പരീക്ഷണ നാടകങ്ങള്‍ അന്യമല്ല. ഒരു കാലഘട്ടത്തെയാകമാനം സ്വാധീനിക്കുന്ന തരത്തില്‍ അരങ്ങിലും വീക്ഷണത്തിലും അവതരണത്തിലും എത്രയോ പുതുമകള്‍ ഇവിടെ നടന്നിരിക്കുന്നു. അവയില്‍നിന്നും ഈ നാടകത്തെ വേറിട്ടുനിര്‍ത്തുന്നത് അതിന്റെ സംഘബലവും അയഞ്ഞ ആഖ്യാനശൈലിയും കൊണ്ടാണെന്നു തോന്നുന്നു. നിയന്ത്രണാതീതമായ പകല്‍വെളിച്ചത്തില്‍ അഷ്ടദളത്തിന്റെ തുറന്ന അന്തരീക്ഷത്തില്‍ അവതരിക്കപ്പെട്ടതാവട്ടെ ഇതിനു വിചിത്രമായ ഒരു തെരുവുനാടകത്തിന്റെ ഭാവം കൊടുക്കുകയും ചെയ്തു.
അതേ, അത്രപെട്ടെന്നു സാധ്യമല്ലാത്ത ഒന്നിനെ സാക്ഷാത്കരിച്ചതിലൂടെയാണ് സിദ്ധാര്‍ഥ് ഇവിടെ ശ്രദ്ധേയനാകുന്നത്.
അദൃശ്യമായ നാലുകണ്ണുകളുടെ വരുതിയില്‍ അറുപത്തിനാലുകളങ്ങളില്‍ സഞ്ചാരം നിയന്ത്രിക്കപ്പെട്ട ചതുരംഗക്കരുക്കളാണ് സിദ്ധാര്‍ഥിന്റെ നാടകത്തിലെ കഥാപാത്രങ്ങള്‍. ചലനങ്ങള്‍ക്കിടയിലെ നീണ്ടമൗനങ്ങളെ വാചാലമാക്കിക്കൊണ്ട് മുഷിപ്പുമാറ്റാനായി പറയപ്പെടുന്ന കഥകളാണ് നാടകത്തിന്റെ ജീവന്‍. തങ്ങളുടെ വരുതിയിലല്ലാത്ത ജിവിതത്തെ കഥകള്‍ കൊണ്ടു ചെറുത്തുനില്ക്കാന്‍ ശ്രമിക്കുന്നവര്‍. കഥകളാവട്ടെ, ഒരു പ്രദേശത്തിന്റെ പരിധിക്കുള്ളിലെ അത്ര പ്രത്യേകതകളൊന്നുമില്ലാത്ത ചില സംഭവങ്ങളോ നാടോടി വഴക്കത്തിലൂടെ ഏവര്‍ക്കും സുപരിചിതമായതോ കാലഘട്ടങ്ങളെ പുളകം കൊള്ളിച്ച ചലച്ചിത്രങ്ങളുടേതോ ഒക്കെയും. കരുനീക്കങ്ങള്‍ക്കിടയിലെ നീണ്ട ഇടവേളകളില്‍ ഈ കഥകളുടെ സഹായത്തോടെ പരിനിഷ്ഠിതമായ കളങ്ങളില്‍ തളയ്ക്കപ്പെട്ട കരുക്കള്‍ ചതുരംഗപ്പലകയില്‍ സ്വതന്ത്രമായി വിഹരിക്കുന്നു. കളി നീളുന്നു. കഥകള്‍ കൂടിക്കുഴയുകയും ഭിന്നപാഠങ്ങള്‍ തേടുകയും ചെയ്യുന്നു. കരുക്കളൊന്നൊന്നായി ഒഴിഞ്ഞ് രണ്ടു രാജാക്കന്മാര്‍ മാത്രം എതിരിട്ടു നിന്ന് സ്വന്തം കര്‍മ്മഭാരങ്ങളുടെ വിഴുപ്പില്‍ കിതച്ച് പൊരുതാനൊരുങ്ങുമ്പോള്‍ അദൃശ്യനായ വിധാതാവ് കളി നിര്‍ത്തുകയും ചെയ്യുന്നു.
കളങ്ങളില്‍ തളയ്ക്കപ്പെട്ട കരുക്കളുടെ നിശ്ചിതചലനങ്ങളുടെ താളാത്മകമായ ക്രമവും കഥകളില് വിഹരിക്കുമ്പോളത്തെ ക്രമരാഹിത്യത്തിന്റെ പരമകോടും ചേര്‍ന്ന് ഈ നാടകത്തെ വിചിത്രമായ ഒരു അനുഭവമാക്കുന്നു. കുറോസോവയുടെ ഡ്രീംസിലെ ചെറിമരങ്ങളുടെ കഥയുടെ ദൃശ്യഭംഗി ചിലപ്പോഴൊക്കെ ഈ നാടകത്തിനു തരമാവുന്നു. ഇതൊന്നും അത്ര എളുപ്പമാര്‍ജ്ജിക്കാവുന്നതല്ല എന്ന സത്യം മനസ്സിലാക്കുമ്പോഴാണ് എത്രമാത്രം കൃതഹസ്തത സംവിധാനകലയില്‍ സിദ്ധാര്‍ഥിനു നേടാന്‍ കഴിഞ്ഞു എന്നു ബോധ്യമാവുക.
നാടകരംഗത്തു മുന്‍പരിചയം ഒട്ടുമില്ലാത്തവരായിരുന്നു അറുപത്തിനാല് അഭിനേതാക്കളില്‍ ഏറെപ്പേരും. സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെയും ബസേലിയസ് കോളേജിലെയും വിദ്യാര്‍ഥികള്‍. അവരെക്കൊണ്ട് വളരെ അയഞ്ഞ ഘടനയുള്ള ഈ നാടകം സമര്‍ഥമായി നിര്‍വഹിക്കാനായി എന്നത് സംവിധായകന്റെ വിജയം തന്നെയാണ്.
മഹാത്മാഗാന്ധി സര്‍വകലാശാലാ ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ സംസ്കാരയുടെയും സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെയും സഹകരണത്തോടെയാണ് ഈ നാടക അരങ്ങേറ്റം.


No comments: