ശരിക്കും നല്ല വിനയം
നിലാവിന്
നീണ്ടൊരിടവേളയ്ക്കുശേഷം പെയ്ത മഴയോടുള്ള ബഹുമാനം,
അതാവാം കാര്യം...................
നല്ല മഴയായിരുന്നു,
ഇന്നുമിന്നലെയും
നാളെയും നല്ല
മഴ
തന്നെ
യായി
രുന്നെ
ങ്കി
ല്‍
ന
ന്നായി
രുന്നു..ന്നു...ന്നു.
ശ്ശേ,
ഹയ്യോ പോരാ,
ച്ഛേ ..................
വ്യാക്ഷേപകങ്ങള്‍ക്കും
അതിശയച്ചിഹ്നങ്ങള്‍ക്കുമൊന്നും
പഴയ പകിട്ടില്ല.....
മഴയ്ക്കും..
എങ്കിലുമിന്നു നല്ല മഴയായിരുന്നു.
എന്റെ മുറ്റത്തും
അതിരമ്പുഴയിലാഫീസിലും
വരുംവഴിയിലും
കുളിമുറിയിലും
പറഞ്ഞ വാക്കിലും
രുചിച്ചകള്ളിലും
ഇപ്പോള്‍പ്പെയ്യുന്നിലെങ്കിലും
ചുരുക്കത്തില്‍ ഈ
നിലാവിലും രാത്രിയിലുമെല്ലാം
ഇനിക്കാണാനിരിക്കും കിനാവിലും
താണ്ടാന്‍ കൊതിക്കും
നിദ്രയിലുമെല്ലാം
മഴ മാത്രമേയുള്ളു.
ഇടവപ്പാതി,
അഥവാ
തെക്കുകിഴക്കന്‍ മണ്‍സൂണുമായി
ഈ മഴയ്ക്ക് പുലബന്ധം പോലുമില്ലെന്ന്
കാലാവസ്ഥാ തമ്പുരാക്കന്മാരും
ഉപഗ്രഹ ചിത്രങ്ങളുംആണയിട്ടാലും
ഈ മഴയെ ഒട്ടും
നമ്പരുതെന്ന്
മൂന്നാം പെഗ്ഗിന്റെ ചൂടില്‍ അവന്‍
വിദഗ്ധമൊഴിയാല്‍
പറയുമ്പോഴും
പൂക്കാത്ത ചെമ്പകത്തിന്റെ മണം പോലെ
പകരാത്ത യക്ഷിയുടെ നഖമുറിവുപോലെ
എഴുതാത്ത കവിതയുടെ
മികവുപോലെ
മഴയുണ്ടെല്ലാത്തിലും.
നാലാം തവണയുംതിണര്‍ത്ത
ഗ്ലാസ്സ്
നിലാവിലേക്ക് നീട്ടി
സോഡപകരാനൊരുങ്ങുമ്പോള്‍
ഞാനോര്‍ത്തത്
മറ്റൊരുഷ്ണരാവിനെ,
തൃക്കക്കുടിയുടെ നിറുകയില്‍
ഇലകള്‍ കൊഴിയുന്നൂ തെരുതെരെത്തുരുതുരെ എന്ന്
അലറിപ്പാടിയ കവിയുടെ
വരികളെക്കവിഞ്ഞ-
വന്റെനെറ്റിമേല്‍,
കവിതകേട്ടിരുന്നവര്‍ക്കുമേല്‍
മേടവറുതിയില്‍ച്ചോന്നു തുടുത്ത സന്ധ്യമേല്‍
കവിയൂരിന്റെ
ലഹരിയായി
പെയ്ത്
ഇടിമിന്നല്‍പൊട്ടിച്ചിരികളാല്‍ത്തുള്ളി
ഒരു നിമിഷംകൊണ്ട്
ഒരു വര്‍ഷത്തിന്റെ
വറവിനെ
പെയ്തുനിറച്ച രാവിനെ.....
അവന്‍
വിനീതനായ്
മറഞ്ഞു
ഓര്‍മ്മതന്‍
വിദൂരമൂരിലേക്ക്.
മഴകളും തോര്‍ന്നു.
മറവികള്‍ തോര്‍ന്നു.
സഹസ്രവത്സരചരിതമൊക്കെയും
പറഞ്ഞു തീരുന്നു
ശില, തൃക്കക്കുടി.
നരപിടിച്ചൊരീ
രാത്രി,
ചിലപ്പോള്‍ താളത്തിലും
മറ്റുചിലപ്പോള്‍ താളഭഞ്ജനത്തിലും
നിലാവൂര്‍ന്നു മഴയായും
നുണഞ്ഞ മദ്യമായും
ലഹരിയില്‍ നിലാവായും
നിലാച്ചേലില്‍
രാക്കിളിയുടെ പാട്ടായും.......
തൃക്കക്കുടിയ്ക്കു മാത്രം മാറ്റമില്ല.
കവിതയ്ക്കും
കരിങ്കല്ലിനെ
ഇളക്കാനാവില്ല
മുറിക്കാനാവില്ല
ഉളിക്കല്ലാതെ.